ചൈനയിൽ യുവാൻ പ്രവശ്യയിലെ രാജാവായിരുന്നു ഹൂയൻ ചീ. ആഫ്രിക്കയിൽ നിന്ന് കുടിയേറിയവരായിരുന്നു ഹുയൻ ചീ യുടെ പൂർവ്വികർ. രാജ്യത്തിലെ അധിക വിഭാഗവും 'ഡ്രാഗൺ തീ' ദൈവങ്ങളെ ആരാധിക്കുന്ന 'ഹാൻ,' ഷാങ്, മിംഗ്, ഷൗ നാടോടി ഗോത്രങ്ങളായിരുന്നു.
തന്‍റെ രാജ്യത്തിലെ ഗോത്ര ദൈവമായ 'പാൻ കു' വിനെ ക്കുറിച്ച്, 'ഷാങ് തീ' യെ ക്കുറിച്ച്, 'താവോ' യെ ക്കുറിച്ച്, ഒപ്പം മനുഷ്യന്‍റെ ജീവിതചര്യകളെ സംബന്ധിച്ചും ഹുയങ്ങ് ചീ വിശുദ്ധമായ ഒരു യമനിയമ പ്രമാണം ആമത്തോലിൽ തയ്യാറാക്കി. മനുഷ്യജീവിതത്തിന്‍റെ ഉൾകാമ്പ് വിശുദ്ധിയും ധർമ്മവും ത്യാഗവും സമാധാനവും സംതൃപ്തിയും ഒപ്പം ശാന്തിയും ആനന്ദവും ആയിരിക്കണമെന്ന് പ്രമാണത്തില്‍ ഉൽഘോഷിച്ചു. എല്ലാ ഗോത്രജനങ്ങളും 'താവോ' എന്ന പരമ പ്രകൃതിവിശേഷത്തെ മാത്രം ആരാധിക്കണമെന്നും ഹുയങ്ങ് ചീ രാജാവ് കൽപ്പിച്ചു. പ്രവശ്യയിലെ ഇതര ഗോത്ര ദൈവങ്ങളുടെ പ്രതിമകളെ എല്ലാം തച്ചുടച്ചു. 'താവോ' എന്ന പദത്തിന്‍റെ അർത്ഥം 'സത്യത്തിൽ എത്താനുള്ള സ്വഭാവികവും ലളിതവുമായ മാർഗ്ഗം' എന്നാണ്. സത്യം എന്നത് നിത്യതയാണ്. സത്യം എന്നത് സ്വതന്ത്ര്യമാക്കപ്പെടലാണ്. ജീവശക്തി ഏറെക്കുറെ സത്യമാണ്. ബോധം സത്യമാണ്. സത്യത്തിൽ എത്തുമ്പോൾ അനുഭവിക്കാനാകുന്നതാണ് മോക്ഷം.
ഹുയങ്ങ് ചി രാജാവ് അന്തരിച്ചപ്പോള്‍ മകൻ ഹുയങ്ങ് തുങ്ങ് രാജാവായി. അദ്ദേഹം മംഗോളിയ, തായ്വാൻ, വിയറ്റ്നാം, കൊറിയ, മലേഷ്യ, ജപ്പാൻ ദീപുകൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ജൈത്രയാത്ര നടത്തി തന്‍റെ സാമ്രാജ്യം വികസിപ്പിച്ചു. രാജ്യത്ത് ഷണ്ഡത്വ ശിക്ഷയും ബഹുദൈവ ആരാധനയും നിർത്തലാക്കി.
ഹുയങ്ങ് തൂങ്ങ് കാലം ചെയ്തപ്പോൾ ഏക മകൻ തൂങ് ലീ ചക്രവർത്തിയായി. അധികാരം ഏറ്റ ഉടന്‍ അധിനിവേശ പ്രദേശങ്ങളിൽ 10000 ത്തോളം വെങ്കലം കൊണ്ടുള്ള 'ഷാങ് തീ' ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉത്തരവിട്ടു. പിശാചിന്‍റെ സന്തതിയാണ് വിജ്ഞാനമെന്നും വിഷയമോഹങ്ങളും വിജ്ഞാനവുമാണ് മനുഷ്യനിലെ അശാന്തിക്ക് അടിസ്ഥാനമെന്നും ചക്രവര്‍ത്തിയായ തുങ് ലീ വിശ്വസിച്ചു. ജീവിത മോക്ഷത്തിന് അവിദ്യയെ അകറ്റണമെന്നും ജ്ഞാനം നേടണമെന്നും അദ്ദേഹം നിർദേശിച്ചു. വിശുദ്ധി, സാമൂഹ്യമര്യാദ, വിദ്യാഭ്യാസം, ദേഹ അദ്ധാനം, ദേഹ വിശ്രമം, മനോ അദ്ധ്വാനം, ത്യാഗം, മനോ വിശ്രമം എന്നീ പടികളിലൂടെ ഓരോ വ്യക്തിക്കും മോക്ഷം സമ്പാദിക്കാനാകുമെന്ന് തൂങ് ലീ ചക്രവർത്തി പ്രജകളോട് ഉൽബോധിപ്പിച്ചു.
വാര്‍ഷിക ഉത്സവ ചടങ്ങില്‍ വെച്ച് ചക്രവര്‍ത്തി അസാധാരണമായ ഒരു വിളംബരം നടത്തി. വിശുദ്ധ പ്രാമാണമായ 'ഷാങ്ങ്ഹായ്' സംബന്ധിച്ചും ചക്രവർത്തിയുടെ മോക്ഷസൂത്രങ്ങൾ സംബന്ധിച്ചും ആർക്കെങ്കിലും ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ 50 ദിവസത്തിനകം ബോധിപ്പിക്കാം എന്നായിരുന്നു വിളംബരം. 7 ആഴ്ച പിന്നിട്ടിട്ടും ആരും തന്നെ മുന്നോട്ട് വന്നില്ല. 50 താം ദിവസം ഖസാക്കിലെ 'ചിൻ' വംശത്തിൽ നിന്നുള്ള ഒരു വൃദ്ധൻ, 80 വയസ്സ് തോന്നിക്കുന്ന ഒരു പടയാളി കൊട്ടാരത്തിൽ എത്തി. ആശയ വിപുലീകരണം നടത്താനുള്ള സന്നദ്ധത അറിയിച്ചു. രാജകിങ്കരന്മാർ അയാളെ തുറുങ്കിൽ അടച്ചു.
രാജ്യത്തിലെ 'ലീ' ക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടത്തിയ വാർഷിക മഹോത്സവ ആഘോഷങ്ങളിൽ എല്ലാം പങ്കെടുത്ത് തൂങ് ലീ ചക്രവർത്തി കൊട്ടാരത്തിൽ തിരിച്ചെത്തി. വൃദ്ധപടയാളിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അറിയാന്‍ രാജാവ് ഏര്‍പ്പാടാക്കി. വൃദ്ധപടയാളിയെ ഒരാഴ്ച പട്ടിണിക്കിടാനും, തുടർന്ന് രാജസദസ്സ് സമക്ഷം ഹാജരാക്കാനും ചക്രവർത്തി ഉത്തരവിട്ടു. രാജ്യസദസ്സ് കൂടിയ ഘട്ടത്തില്‍ വൃദ്ധ പടയാളിയെ രാജ്യത്തിലെ പ്രധാനമന്ത്രി ആയി നിയമിച്ചതായി ചക്രവർത്തി കല്പന പുറപ്പെടുവിച്ചു. മുറുമുറുത്ത ഗോത്ര തലവന്മാരെ വകവരുത്തി.
ഐശ്വര്യത്തോടെയും സമാധാനത്തോടെയും രാജ്യവും കാലവും കടന്നുപോയി. തൂങ് ലീ ചക്രവർത്തിയുടെ സിംഹാസന ആരോഹണത്തിന്‍റെ 40 താം വാർഷികാഘോഷങ്ങൾ രാജ്യം മുഴുവൻ ആഹ്ലാദപൂര്‍വ്വം കൊണ്ടാടി. ആഘോഷങ്ങളിൽ പങ്കെടുത്ത് കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ ചക്രവർത്തി പറഞ്ഞു.
അല്ലയോ പ്രധാനമന്ത്രീ, അങ്ങയുടെ സേവനങ്ങൾക്ക് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു. ഞാൻ ചക്രവർത്തി പദവി ഒഴിയാൻ ആഗ്രഹിക്കുന്നു. പുതിയ ചക്രവർത്തിയെ അങ്ങ് നിർദ്ദേശിച്ചാലും.
അല്ലയോ പ്രധാനമന്ത്രി, അങ്ങ് ഇനിയുള്ള കാലം വിശ്രമജീവിതം നയിച്ചാലും. 'ലീ' സാമ്രാജ്യത്തിന്റെ മുതിർന്ന ഗുരുവായി അങ്ങയെ അവരോധിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങ് ഇനി 'ലാവോസി' എന്ന പേരിൽ അറിയപ്പെടും. സാമ്രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വഴികാട്ടിയാകുന്ന ഒരു പുതിയ പ്രമാണം (താവോ തേ കിംങ്) അങ്ങ് തയ്യാറാക്കിയാലും.
പ്രധാനമന്തി വിനയാന്വീതനായി. ചക്രവർത്തിയെ വണങ്ങി. മഹാരാജൻ, ഒന്ന് ചോദിച്ചുകൊള്ളട്ടെ. അങ്ങ്, 39 കൊല്ലം മുന്‍പ് ഉപാധികൾ ഒന്നും കൂടാതെയാണ് അടിയനെ പ്രധാനമന്ത്രിയായി നിയമിച്ചത്. അടിയനോട് ഒന്നും തന്നെ ആരാഞ്ഞുമില്ല. രാജ്യധിക്കാരത്തിന് ശിക്ഷിച്ചുമില്ല. അങ്ങ് എന്തുകൊണ്ടാണ് എന്നെ പ്രധാനമന്ത്രിയായി നിയമിച്ചത്? അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്?
തുങ് ലീ ചക്രവർത്തി മന്ദഹസിച്ചുകൊണ്ട് ഓർമ്മ പുതുക്കി. "രാജ്യത്തിലെ വിശുദ്ധ പ്രമാണം മനസ്സിലാക്കിയ വ്യക്തി അക്കാലത്ത് അങ്ങ് മാത്രമായിരുന്നു. കൊട്ടാരത്തിലെ ഞാൻ അടക്കമുള്ള ആളുകള്‍ ആരും തന്നെ ആമത്തോലിലെ പ്രമാണം വായിച്ചിരുന്നില്ല".
ലാവോസി
ക്ഷമാപണത്തോടെ പറഞ്ഞു.
പ്രഭോ, ക്ഷമിക്കണം. അടിയനും അന്ന് പ്രമാണം
വായിച്ചിട്ടില്ലായിരുന്നു.
തൂങ്
ലീ ചക്രവർത്തി ആശ്ചര്യഭരിതനായി.
ആരും തയ്യാറാകാതിരുന്ന ഒരു കാര്യത്തിനുള്ള ആത്മവീര്യം അങ്ങേയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്. ചക്രവർത്തി തിരക്കി.
ലാവോസി.
അടിയൻ ഒരു വൃദ്ധനായാണ് ജനിച്ചത്. ജനനഘട്ടത്തിൽ അടിയന്റെ തലമുടിയെല്ലാം നരച്ചിരുന്നു. ഖസാക്കിൽ വെച്ച് അടിയൻ ഒരു സ്വപ്നം കണ്ടിരുന്നു. ഒപ്പം ഒരു അശരീരിയും കേട്ടു. 'സ്വയം വിളക്കാകുക'. അതിന് ശേഷം എല്ലാം സ്വയം ചെയ്യാൻ ശീലിച്ചു. കൃഷി ചെയ്യാനും ഭക്ഷണം പാചകം ചെയ്യാനും സ്വയം ആഹ്ലാദിക്കാനും ആഹ്ലാദിപ്പിക്കാനും ശീലിച്ചു.
'സ്വയം ബഹുമാനിതനാകുക' എന്നൊരു ശ്രുതി ഞാനും കേട്ടിരുന്നു. തുങ്ങ് ലീ ചക്രവർത്തി ചിരിച്ചു. ലാവോസിയും ചിരിച്ചു. അവർക്കുള്ളിലെ ഗുരുവും ചിരിച്ചു. സുരതുഷ്ട്രനെ പ്പോലെ. ചിരിച്ചുകൊണ്ട് ജനിച്ച ഋഷിയാണ് സുരതുഷ്ട്രൻ.
ലാവോസി.
പ്ലാറ്റിനം ചേർത്ത് ഉയർന്ന താപത്തിൽ നവസാരം ചൂടാക്കിയാൽ അതിൽ നിന്ന് ചില ധൂമങ്ങൾ ചുറ്റും ഉയരും. അത് ശ്വസിക്കാൻ ഇടവന്നാൽ മനുഷ്യനിലെ ഉൾവെളിച്ചം തെളിയുമത്രെ. അടിയൻ പണ്ട് ഗരുഡവാഹനത്തിന് വേണ്ട ഇന്ധനം നിർമ്മിക്കുന്ന ഒരു ശാലയിൽ ജോലി ചെയ്തിരുന്നു. അങ്ങിനെ ഈ ധൂമം ശ്വസിക്കാൻ ഇടയായി. ഉൾവെളിച്ചത്തിന് അടിസ്ഥാനം അതായിരുന്നു.
തൂങ് ലീ ചക്രവർത്തി ഒന്ന് മന്ദഹസിച്ചു. ഗരുഡവാഹനത്തിൽ യാത്ര ചെയ്തപ്പോൾ തനിക്കും ചില അനുഭൂതികൾ അനുഭവപ്പെട്ടിരുന്നു.
ബഹുമാന്യനായ ഗുരു ലവോസി, അങ്ങയ്ക്ക് പ്രണാമം. അന്തപുരത്തിൽ ഈ ധുമം മഹാരാജ്ഞി ഇടക്കിടെ പുകക്കുക
പതിവുണ്ട്.
ലീ ചക്രവർത്തി ചിരിച്ചു. ലാവോസിയും ചിരിച്ചു. ഒപ്പം ഹാളിൽ ധൂമം പടർത്തിയ തോഴിയും ചുമരുകളിലെ പല്ലികളും തറയിലെ കട്ടുറുമ്പുകളും ചിരിച്ചു. സുരതുഷ്ട്രനെ പ്പോലെ. ഹാളിൽ ചിരിവാതക അലകൾ കൂടികൊണ്ടേയിരുന്നു. ഓസോൺ വാതകതോത് കുറഞ്ഞുകൊണ്ടേയിരുന്നു. ഇയ്യാംപാറ്റകൾ കൂട്ടത്തോടെ വീണുകൊണ്ടേയിരുന്നു.