സമാനരീതിയിലുള്ള ശമനചികിത്സയ്ക്ക് മരുന്നുകള്‍ കുറഞ്ഞ അളവില്‍ മതിയാകും. മനോരോഗങ്ങളില്‍, ഇന്ദ്രിയരോഗങ്ങളില്, മൃദുവായ ദേഹരോഗങ്ങളില്‍ എല്ലാം സമാനചികിത്സ ഫലപ്രദമാണ്.
ലക്ഷണങ്ങളുള്ള എല്ലാ രോഗവും മാറും. പൂര്‍ണ്ണതയുള്ള രോഗലക്ഷണകൂട്ടങ്ങളെയാണ് സമാനചികിത്സയ്ക്ക് ആധാരമാക്കേണ്ടത്. എളുപ്പം മാറുന്ന രോഗലക്ഷണങ്ങള്‍, ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് എന്നിവ ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അവയെ ആദ്യം ചികിത്സിക്കണം. എല്ലാ രോഗലക്ഷണങ്ങളും പരിഹരിക്കുവാന്‍ കഴിവുള്ള മരുന്ന് ഉണ്ടെങ്കില്‍ അതിനെ ആദ്യം നല്‍കണം.
ആഗന്തുജരോഗം, ആര്ജിതരോഗം, നിജരോഗം എന്ന ക്രമത്തില്‍ രോഗങ്ങളെ കുറഞ്ഞകാലം കൊണ്ട് ശമിപ്പിക്കണം. പഴക്കംച്ചെന്ന മൃദുരോഗങ്ങളെ ചികിത്സിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഏതാനും പ്ലാസിബോ മരുന്നുകള്‍ നല്‍കാം. അതുമൂലം രോഗിയെ മനസിലാക്കാനുള്ള സാവകാശം ലഭിക്കും.
മരുന്ന് താഴ്ന്ന ആവര്‍ത്തിപ്പിലാണോ ഉയര്‍ന്ന ആവര്‍ത്തിപ്പിലാണോ പ്രയോഗിക്കേണ്ടത് എന്നത് തീര്‍ച്ചപ്പെടുത്തുന്നതിന് ജീവശക്തിയുടെ ബലവും, ഒപ്പം പ്രയോഗിക്കുന്ന മരുന്നിന്റെ സ്വഭാവവും പ്രഭാവവും അറിയണം. ജീവശക്തിയെ കുറിച്ച് അറിയുന്നത്, മനസ്സ്, ശരീരം എന്നിവയുടെ ബലനിര്ണ്ണയത്തിലൂടെയാണ്. ശരീരത്തില്‍ മാലിന്യങ്ങള്‍ അധികമായാലും ദോഷങ്ങള്‍ പ്രബലമായാലും ജീവശക്തി ക്ഷീണിക്കും. മനസ്സ്, ദേഹധാതുക്കള്‍ എന്നിവ തമ്മിലുള്ള ബന്ധം ക്രമമല്ലാതാകും. ബലം കുറയും. ഇതുമൂലമുള്ള മൃദുരോഗങ്ങളുടെ ആദ്യഘട്ടത്തില്‍ പ്രതികരണബലം താല്‍ക്കാലികമായി കൂടും. രോഗലക്ഷണങ്ങളുടെ തീവ്രത വര്‍ദ്ധിക്കും.
ആധുനിക മനുഷ്യര്‍ താരതമ്യേനെ ദുര്‍ബലരാണ്. മരുന്നിനോടും വിഷപദാര്‍ത്ഥങ്ങളോടും കൂടുതലായി വിധേയത്വം പ്രകടിപ്പിക്കുന്നവരാണ്. ചില ദ്രവ്യങ്ങളോടുള്ള വിധേയത്വം (Susceptibility) വര്‍ദ്ധിച്ചതോതില്‍ നിലകൊള്ളുന്നത് മൂലമാണ് അലര്‍ജി പോലുള്ള പ്രയാസങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടിവരുന്നത്. രോഗവിധേയത കൂടിയവരിലാണ് ആധി, പനി, തലവേദന എന്നിവ തുടരെതുടരെ പിടിപെട്ടുപോരുന്നത്. തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദിഭവിച്ചവരില്‍ ഔഷധങ്ങളോടുള്ള വിധേയത്വം കൂടും. അലര്‍ജി സ്വഭാവം പ്രകടമാകും. വിഷം വേഗം ബാധിക്കും. മരുന്നുകളുടെ സ്ഥൂല അളവിലുള്ള പ്രയോഗം ഇവരില്‍ പാര്‍ശ്വഫലങ്ങളെ സൃഷ്ടിക്കും.
കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ തുടങ്ങിയ ദുര്‍ബലരില്‍ രോഗം പിടിപെട്ടാല്‍ ചില ഘട്ടങ്ങളില്‍ പ്രതികരണശക്തി അസാധാരണമായ നിലയിലാകും. അത്തരം അവസ്ഥയിലും, ദേഹത്തിന്റെ ഇരുവശത്തും ഒരുപോലെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട അവസ്ഥയിലും രോഗത്തിന്റെ മൃദുഘട്ടത്തിലും സമാനമരുന്ന് നേര്‍പ്പിച്ച് ലഘുഅളവില്‍ പ്രയോഗിക്കണം.
മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം എന്നീ മൂന്ന് തലങ്ങളില്‍ രോഗങ്ങള്‍ ഉടലെടുക്കാന്‍ ഇടയുള്ളതിനാല്‍ അവയെ ഓരോന്നിനേയും നേരിട്ട് പരിഹരിക്കുവാന്‍ കഴിവുള്ള മരുന്ന് തയ്യാറിപ്പുകള്‍ ചികിത്സയ്ക്കായി വെവ്വേറെ ഒരുക്കിവെക്കണം.
ജീവശക്തി ക്ഷീണിച്ചത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് മനോതലത്തിലൂടെയാണ്. ജീവശക്തിയുടെ പ്രതികരണം സജീവമായാല്‍ ലക്ഷണങ്ങള്‍ക്ക് വ്യക്തത ഉണ്ടാകും. പൂര്‍ണ്ണത കൈവരും. മനോരോഗലക്ഷണങ്ങള്‍, ഇന്ദ്രിയരോഗലക്ഷണങ്ങള്, ഒന്നിലധികം ദേഹധാതുക്കളെ ബാധിച്ചുണ്ടായ രോഗലക്ഷണങ്ങള്‍ എല്ലാം ഒരേസമയം പ്രകടമാകും. ഇത്തരം അവസ്ഥയില്‍ സമാനമരുന്നുപ്രയോഗം മൂലമുള്ള ഫലം വേഗത്തില്‍ ലഭിക്കും.
ഔഷധപ്രയോഗത്തില്‍ വിചാരലക്ഷണങ്ങള്‍ക്ക് 24x, 12C - Q, വികാരലക്ഷണങ്ങള്‍ക്ക് 18x, 9C - Q, ഇന്ദ്രിയലക്ഷണങ്ങള്‍ക്ക് 12x, 6C - Q, ദേഹലക്ഷണങ്ങള്‍ക്ക് 6x,3C - Q എന്ന രീതിയില്‍ ഒരു പൊതുതത്വം അവലംബിക്കാവുന്നതാണ്. മരുന്നിന്റെ സൂക്ഷ്മതോത് ഇതിലും അധികമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എങ്കില്‍ അപ്രകാരവും ചെയ്യണം.
ദോഷങ്ങള്‍, ജീവശക്തി എന്നിവ സൂക്ഷ്മങ്ങളാണ്. അവയുടെ യോഗം മൂലം രൂപപ്പെടുന്ന മാറ്റങ്ങള്‍ ആരംഭത്തില്‍ സൂക്ഷ്മവും മൃദുവും ആയിരിക്കും. ദോഷശക്തി കൂടുമ്പോഴും ജീവശക്തി (Vital force) കുറയുമ്പോഴും രോഗവിധേയത കൂടും. ആദ്യഘട്ടത്തില്‍ ഋതുമാറ്റങ്ങളോട് എളുപ്പം പ്രതികരിക്കും. ദോഷങ്ങളില്‍ മുഖ്യം സോറ ആണ്. ഇത് ഏകദേശം വാതദോഷ സമാനമാണ്. ഭാരതീയ ചികിത്സാരീതി അനുസരിച്ച് വാതബലക്കാരെയാണ് വാതദോഷം ബാധിക്കുന്നത്. ഹാനിമാന് വിഭാവനം ചെയ്ത സോറ എല്ലാ വിഭാഗം ആളുകളെയും ബാധിക്കും. കഫമനസ്സ് ഉള്ള ആളുകളെയാണ് മുഖ്യമായും ബാധിക്കുന്നത് എന്ന നിലയില്‍ സങ്കല്പ്പിക്കുന്നതിലും
അപാകത ഇല്ല.
ദോഷങ്ങള്‍ ജീവശക്തിയെ സമഗ്രമായി ബാധിച്ചതുകൊണ്ടാണ് മനസ്സ്, ദേഹം എന്നിവയിലൂടെ രോഗലക്ഷണങ്ങള്‍ സംയുക്തമായി പ്രകടമാകുന്നത്. ദോഷങ്ങള്‍ മൂലം ക്ഷീണിച്ച് ഭാഗികമായി ഭൌതികസ്വഭാവം കൈവന്ന ജീവശക്തിയില്‍ മരുന്ന് സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ദോഷശക്തിക്കെതിരെ നേരിട്ട് പ്രവര്‍ത്തിക്കുന്നതിനും, മരുന്നിന്റെ ഭൌതികഗുണം കുറയ്ക്കേണ്ടതുണ്ട്. അതിന് ഔഷധത്തെ ലഘുവായി സംസ്ക്കരിക്കണം. സമാനമരുന്നുകള്‍ തീപ്പൊരി പോലെയാണ് ക്ഷീണിച്ച ജീവശക്തിയില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മരുന്ന് കുറഞ്ഞ അളവില്‍ മതിയാകും. ലഘു അളവിലുള്ള ഔഷധത്തെ കഴിക്കാന്‍ ഉതകുംവിധം പരുവപ്പെടുത്തുന്നതിന് അതിന്റെ വ്യാപ്തം വര്‍ദ്ധിപ്പിക്കണം. സോറ ഇതര ദോഷശക്തികള്‍ താരതമ്യേനെ സ്ഥൂലസ്വഭാവം ഉള്ളവയാണ്. ഇവയ്ക്കെതിരെ പ്രയോഗിക്കുമ്പോള്‍ മരുന്നിന്റെ ഡോസ് വര്‍ദ്ധിപ്പിക്കണം. ആവര്‍ത്തിപ്പ് താരതമ്യേനെ കുറയ്ക്കണം.
ദോഷശക്തികള്‍ എല്ലാവരിലും ജന്മനാതന്നെ സുഷുപ്താവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്. ഇവ ബാല്യത്തില്‍ സജീവമായാല്‍ ബാല്യത്തില്‍ തന്നെ രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരം ബാലരോഗങ്ങളില് ദോഷശക്തിയെ നേരിട്ട് നിര്‍വീര്യമാക്കുന്നതിന് ലക്ഷണസമാനമരുന്ന് പ്രത്യേകമായി നല്‍കണം. ജനിതകമായി അറിയപ്പെടുന്ന പല രോഗങ്ങളെയും ഈ രീതിയില്‍ പരിഹരിക്കാന്‍ കഴിയും. ഹീമോഫീലിയ ബാധിച്ച കുട്ടികളെ ലക്ഷണസമാന രീതിയില്‍ ചികിത്സിച്ചാല്‍ അവ മാറുന്നതോടൊപ്പം അവരുടെ സന്താനങ്ങളില്‍ ഹീമോഫീലിയ ഉണ്ടാകാനുള്ള സാദ്ധ്യത കുറയും.
ശൈശവത്തില്‍ തന്നെ ദോഷശക്തി സജീവമാകുകയും അത് മനോധാതുവിനെ മുഖ്യമായി ബാധിക്കുകയും ചെയ്താല്‍ അവര്‍ ബുദ്ധിവികാസം കുറഞ്ഞവരായി തീരും. ഇക്കൂട്ടര്‍ക്ക് ലക്ഷണസമാന മരുന്ന് (കുറാശാണി, പുകയില, ബെല്ലഡോണ, ഉമ്മം) ദോഷവിപരീതമെന്നോണം ലഘുഅളവില്‍ (24x,12C - Q) ആദ്യം നല്‍കണം. ഇത്തരം കുട്ടികളില്‍ ആഗന്തുജരോഗങ്ങള് പിടിപെട്ടാല്‍ ലക്ഷണങ്ങളുടെ എണ്ണം കുറയും. ഇത്തരം ഘട്ടത്തില്‍ സാമാനമരുന്ന് നല്കുമ്പോള് സാധാരണ കുട്ടികള്‍ക്ക് നല്കുന്നതിനേക്കാള് അളവ് കൂട്ടിയും ആവര്‍ത്തിപ്പ് കുറച്ചും നല്‍കണം. ചികിത്സ മുറപോലെ ചെയ്യണം.
മുതിര്‍ന്ന കുട്ടികളില്‍ മാനസികരോഗലക്ഷണങ്ങള്‍ സജീവമായി നില്ക്കുന്ന സന്ദര്‍ഭത്തില്‍ സമാനമരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ (12x, 6C - Q) നല്‍കണം. കരപ്പന് പോലുള്ള ദേഹരോഗങ്ങള്‍ പ്രകടമായാലും താരതമ്യേനെ ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ നല്‍കാം. മരുന്ന് കഴിക്കുന്നത് മൂന്നുമാസം വരെ ഒരേ അളവില്‍ തുടരണം.
ഗര്‍ഭാവസ്ഥയിലും ശൈശവത്തിലും അന്യപദാര്‍ഥങ്ങള്‍ ശരീരത്തില്‍ എത്തി അശുദ്ധിയാകാന്‍ ഇടവന്നാല്‍ ഉറങ്ങിക്കിടന്ന ദോഷശക്തികള്‍ സജീവമാകും. ഇതുമൂലം ബാല്യത്തില്‍ തന്നെ Muscular dystrophy, Fragile X syndrome, Autism എന്നിവ പോലുള്ള രോഗലക്ഷണങ്ങള്‍ ഉത്ഭവിക്കും. ആഗന്തുജരോഗങ്ങള് എളുപ്പം പിടിപ്പെടും. ഇത്തരം അവസ്ഥയിലും ദോഷവിപരീതമെന്നോണം ലക്ഷണസമാന മരുന്ന് സൂക്ഷ്മഅളവില്‍ പ്രത്യേകം നല്‍കണം. ദോഷങ്ങളെ പ്രകോപിപ്പിക്കാന്‍ ഇടയാക്കുന്ന ദ്രവ്യങ്ങളുടെ പട്ടിക തയ്യാറാക്കി അവ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ തുടര്‍ന്നുള്ള കാലത്ത് എത്തപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ രക്ഷകര്‍ത്താക്കളും കൈകൊള്ളണം.
മൃദുരോഗവിഭാഗത്തില് ഉള്‍പ്പെട്ട മനോരോഗങ്ങള്‍ ചികിത്സിക്കുന്നതിന് മുന്‍പേ ദേഹരോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയെ പരിഹരിക്കണം. ദേഹരോഗങ്ങളുടെ ചികിത്സയ്ക്ക് താഴ്ന്ന പൊട്ടന്സിയില് (6x, 3 C - Q) ഉള്ള മരുന്ന് പ്രയോഗിക്കണം. ദേഹരോഗങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കും എതിരെ പ്രയോഗിക്കുന്ന മരുന്ന് ഒരേയിനം ആണെങ്കില്‍ വിത്യസ്ത ആവര്‍ത്തിപ്പിലും വെവ്വേറെ സമയങ്ങളിലും നല്‍കണം.
സോറദോഷം മൂലമുള്ള പ്രയാസങ്ങള്‍, ദേഹത്തിന്റെ മേല്‍ഭാഗത്തെ ബാധിച്ച രോഗങ്ങള്‍, കഫക്ഷയ രോഗങ്ങള്‍ എന്നിവയില്‍ സമാനമരുന്ന് താരതമ്യേനെ ഉയര്‍ന്ന ആവര്‍ത്തിപ്പിലും, സൈക്കോസിസ്ദോഷം മൂലമുണ്ടായ രോഗങ്ങള്‍, ദേഹത്തിന്റെ കീഴുഭാഗത്തെ രോഗങ്ങള്‍, വാതക്ഷയ രോഗങ്ങള്‍ എന്നിവയില്‍ താരതമ്യേനെ താഴ്ന്ന ആവര്‍ത്തിപ്പിലും മരുന്ന് നല്‍കുന്നത് പരിഗണിക്കണം.
ബാല്യത്തിലോ യൌവനത്തിലോ കീഴ്ദ്വാരത്തിലുള്ള രോഗങ്ങള്‍ (സിഫിലിസ്, ഗൊണോറിയ, എച്ച്. ഐ. വി, കൃമിരോഗങ്ങള്‍) പിടിപെട്ടാല്‍ അവയെ ആദ്യം മാറ്റണം. തലാസ്മിയ ഉള്ളവരില്‍ രക്തസ്വീകരണം വഴി എച്ച്. ഐ. വി രോഗം പിടിപെട്ടുപോയാല്‍ എച്ച്. ഐ. വി രോഗത്തെ ആദ്യം പരിഹരിക്കണം. മൂലരോഗങ്ങള്‍, ശിരോരോഗങ്ങള്; ദേഹലക്ഷണങ്ങള്‍, മനോലക്ഷണങ്ങള്‍; ചര്‍മ്മരോഗങ്ങള്‍, മജ്ജരോഗങ്ങള് എന്ന രീതിയിലും ചികിത്സ ക്രമീകരിക്കണം.
പ്രഭാവലയം, ആഭരണങ്ങള്‍, വസ്ത്രം, ദേഹധാതുക്കള്‍, ബാഹ്യമനസ്സ്, ജീവശക്തി; മേധ, ബുദ്ധി, ഓര്‍മ്മ തുടങ്ങിയ ആന്തരിക മനസ്സ്; ബ്രഹ്മബോധം എന്ന ക്രമത്തില്‍ വിഭജിച്ച് ഒരോ വ്യക്തിയെയും പാളികളായി സങ്കല്‍പ്പിക്കാനാകും. സിക്താണ്ഡം പരിണമിച്ച് ഭ്രൂണമാകുന്ന ഘട്ടത്തില്‍ അത് പാളികള്‍ (Ectoderm, Mesoderm, Endoderm) എന്നോണമാണ് രൂപംകൊള്ളുന്നത്. പാളിയില്‍ നിന്ന് രൂപംകൊണ്ട അവയവങ്ങള്‍ എന്നപോലെ, അവയെ ബാധിക്കുന്ന രോഗങ്ങളെയും പാളികളായി സങ്കല്‍പ്പിച്ച് തരംതിരിക്കാം. ബാഹ്യപാളിയുമായി ബന്ധപ്പെട്ട അവയവങ്ങളിലെ തകരാറുകള്‍, ബാഹ്യലക്ഷണങ്ങള്‍ എന്നിവയെ ആദ്യം പരിഹരിക്കണം. ആന്തരികപാളിയിലെ രോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ നേര്‍പ്പിച്ച മരുന്ന് (Q - 24x, 12C ) ആരോഹണ ക്രമത്തില്‍ പ്രയോഗിക്കണം.
ശരീരത്തിന്റെ ബാഹ്യഅവയവങ്ങള്, ആന്തരിക അവയവങ്ങള്‍ എന്നിവയില്‍ പിടിപെടുന്ന രോഗങ്ങള്‍ക്ക് യഥാക്രമം സസ്യങ്ങളിലെ ബാഹ്യപാളി (പട്ട), ആന്തരികപാളി എന്നിവയിലെ ഔഷധഘടകങ്ങളും; മൂലഭാഗം, കൈകാലുകള്‍, തല എന്നീ ഭാഗങ്ങളിലെ രോഗങ്ങള്‍ക്ക് യഥാക്രമം പൂവ്, കായ്കള്‍; ഇല, വേര് എന്നീ രീതിയില്‍ പരിഗണിക്കുന്നതും (Homeopathicity) ചിലപ്പോള്‍ ജോലി എളുപ്പമാക്കും.
ചിലയിനം വിഷമരുന്നുകളുടെ പ്രവര്‍ത്തനം ശരീരത്തില്‍ ഉത്തരോത്തരം വര്‍ദ്ധിക്കുന്ന (Cumulative) രീതിയിലാണ്. അത്തരം മരുന്നുകള്‍ ആദ്യം കുറഞ്ഞ അളവില്‍ പ്രയോഗിക്കണം. തുടര്‍ന്ന് അളവ് കൂട്ടണം. മരുന്നിന്റെ ഫലം കിട്ടി തുടങ്ങിയാല്‍ അളവ് കുറച്ചുകൊണ്ട് വന്ന് മിനിമം വേണ്ട ഡോസ് നിജപ്പെടുത്തി ആ അളവില്‍ തുടര്‍ന്ന് പ്രയോഗിക്കണം.
ഒടുവില്‍ പ്രത്യക്ഷപ്പെട്ട രോഗലക്ഷണങ്ങളെ ഔഷധനിര്‍ണ്ണയത്തിന് ആദ്യം പരിഗണിക്കണം. മൃദുരോഗയിനങ്ങളില് പ്പെട്ട മാനസികലക്ഷണങ്ങളെ തുടര്‍ന്ന് ദേഹലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ദേഹലക്ഷണങ്ങളെ മുഖ്യമായി പരിഗണിച്ച് താരതമ്യേനെ സ്ഥൂലരൂപത്തില്‍ മരുന്ന് നല്‍കണം. ദേഹലക്ഷണങ്ങള്‍ കുറയുന്ന മുറയ്ക്ക് മരുന്നിന്റെ ആവര്‍ത്തിപ്പ് ഉയര്‍ത്തണം.
സപ്തധാതുക്കളില്‍ ഒരു ദേഹധാതുവിനെ മാത്രം ബാധിച്ചതോ രോഗലക്ഷണങ്ങള്‍ അപൂര്‍ണ്ണമായോ ഉള്ള സന്ദര്‍ഭങ്ങളില്‍ മരുന്ന് സ്ഥൂലരൂപത്തില്‍ (12x, 6C - Q) നല്‍കണം.
ആഗന്തുജരോഗങ്ങളുടെ ആരംഭത്തിലും ദോഷങ്ങള്‍ മൂലമല്ലാതെ ഉടലെടുക്കുന്ന എല്ലാ മൃദുരോഗങ്ങളിലും ജീവശക്തി പൊതുവേ പ്രബലമായിരിക്കും. രോഗലക്ഷണങ്ങള്‍ ഇത്തരം അവസ്ഥയില്‍ കുറെയൊക്കെ പൂര്‍ണ്ണവുമായിരിക്കും. ജീവശക്തി സജീവവും സൂക്ഷ്മവും ഭൌതിക സ്വഭാവം കൈവരിക്കാത്ത അവസ്ഥയിലുമായാതിനാല് ഈ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ ജീവശക്തിയില്‍ പ്രവര്‍ത്തിക്കുകയില്ല. ദേഹത്തിലും ഭൌതികഗുണം കൈവരിച്ച മനോതലത്തിലും പ്രവര്‍ത്തിക്കാന്‍ ഉതകുംവിധം സമാനമരുന്ന് താഴ്ന്ന ആവര്‍ത്തിപ്പില്‍ (12x. 6C- Q) നല്‍കണം. ലക്ഷണങ്ങള്‍ അപൂര്‍ണ്ണമായി നിലകൊണ്ടാല്‍ കുറേക്കൂടി താഴ്ന്ന ആവര്‍ത്തിപ്പില്‍ (6x, 3C- Q) തന്നെ നല്‍കണം.
ദേഹരോഗലക്ഷണങ്ങള് മാത്രമുള്ള സന്ദര്‍ഭങ്ങളില്‍ മരുന്നിന്റെ ഒരു ആവര്ത്തിപ്പിനോട് ജീവശക്തി സചേതനയായി പ്രതികരിച്ചാല്‍ തുടര്‍ന്ന് മരുന്നിന്റെ ആവര്‍ത്തിപ്പ് ക്രമം കൂട്ടണം. 12x -6C എന്നത് 16x- 8C ആക്കാം. അളവും തവണയും കുറയ്ക്കണം.
കഠിനമായ ദേഹരോഗ ലക്ഷണങ്ങളില്‍ പ്രയോഗിച്ച മരുന്നിനെ ദേഹം (Enzymes) തിരസ്ക്കരിക്കുന്നുവെങ്കില്‍ അളവ് കൂട്ടി നല്‍കണം. 12x എന്നത് 6x അല്ലെങ്കില്‍ 3x എന്നിങ്ങനെ മാറ്റി നല്‍കണം. എന്നിട്ടും പ്രതികരിക്കുന്നില്ലായെങ്കില്‍ മരുന്ന് മാറ്റണം. ആശ്വാസം ലഭിച്ചാല്‍ 3x എന്നത് 6x ആക്കണം.
മനോരോഗങ്ങളില്‍ നല്കിയ സമാനമരുന്നുകളോട് മനസ്സ് (ജീവശക്തി) പ്രതികരിക്കുന്നില്ലായെങ്കില്‍, അസ്വസ്ഥതകള്‍ ഒന്നും കുറയുന്നില്ലെങ്കില്‍ ഡോസ് കൂട്ടിയോ തവണ കൂട്ടിയോ കുലുക്കം കൂട്ടിയോ നല്കി നോക്കണം. 9x എന്നത് 10x ആക്കി നോക്കണം. ലക്ഷണങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുന്ന മുറയ്ക്ക് മരുന്നിന്റെ ആവര്‍ത്തിപ്പ് കൂട്ടണം. 10x എന്നത് 12x ആക്കണം.
നിജരോഗങ്ങളില്‍ ജീവശക്തിയെ ലക്ഷ്യംവെച്ച് സൂക്ഷ്മ അളവില്‍ നല്കിയ സമാനഔഷധം പ്രവര്ത്തിക്കതിരുന്നാല് മരുന്നിന്റെ അളവും തവണയും വര്‍ദ്ധിപ്പിക്കണം. ആവര്‍ത്തിപ്പ് തോത് വര്‍ദ്ധിപ്പിച്ച് വീണ്ടും നല്കി നോക്കണം. ആശ്വാസം ഒന്നും ലഭിക്കുന്നില്ല എങ്കില്‍ മരുന്ന് മാറ്റണം. പുതിയ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും മരുന്ന് മാറ്റണം.
നിജരോഗത്തില്‍ ദോഷങ്ങള്‍ സജീവമായാല്‍ രോഗലക്ഷണങ്ങളും കഠിനമാകും. ചില സന്ദര്‍ഭത്തില്‍ ക്ഷീണിച്ച ജീവശക്തി തീവ്രമായി പ്രതികരിച്ചാലും ലക്ഷണങ്ങള്‍ താല്‍ക്കാലികമായി കഠിനമാകും. ദോഷങ്ങള്‍ക്കും ജീവശക്തിക്കും കുറെശ്ശെ ഭൌതികഗുണം കൈവരും. ഇത്തരം ഘട്ടത്തില്‍ ദോഷവിപരീത മരുന്നു എന്നോണവും, ജീവശക്തിക്കുള്ള ബലവര്‍ദ്ധന മരുന്ന് എന്നോണവും സമാനമരുന്ന് ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ നല്‍കണം.
സമാനമരുന്ന് പ്രയോഗിച്ചതുമൂലം രോഗിക്ക് ആശ്വാസം ഒന്നും കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍, മരുന്നിനോടുള്ള സ്വീകരണശക്തി വര്‍ദ്ധിപ്പിക്കാന്‍, ജീവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് എന്നതില്‍ ഉപരിയായി ദോഷശക്തിയെ നേരിട്ട് നിര്‍വ്വീര്യമാക്കാന്‍ ഉതകുന്ന മരുന്ന് എന്ന നിലയില്‍, മേമ്പൊടിയെന്നോണം ഏതാനും ഡോസ് ഗന്ധക മരുന്നോ, ഗന്ധകം അടങ്ങിയ സസ്യമരുന്നുകളോ (Viscum album, Azadirecta, Zingiber, Allium sativa, Tabacum, Camphor, Arnica), Mercury, Arsenic album, Hepar sulph; Thuja എന്നിവയോ ഉയര്‍ന്ന ആവര്‍ത്തിപ്പില്‍ സന്ദര്‍ഭോചിതം നല്കി നോക്കണം. ഗന്ധകം അടങ്ങിയ മരുന്നുകള്‍ രാവിലെയും ആര്‍സെനിക്, ചെമ്പ് എന്നിവ അടങ്ങിയ മരുന്നുകള്‍ വൈകീട്ടും ഉപയോഗിക്കുന്നതാണ് ഉചിതം. ദോഷശക്തിക്കെതിരെ നേരിട്ട് സമാനതത്വത്തിലും സൂക്ഷ്മഅളവിലും പ്രയോഗിച്ച മരുന്ന് അഹിതമായാല്‍ ദോഷശക്തി കൂടുതല്‍ ഉപദ്രവകരമാകാന്‍ ഇടയുണ്ട്.
ആഗന്തുജരോഗങ്ങളില്, മരുന്ന് വിഭജിച്ച് ദിവസത്തില്‍ പലതവണയായി ഉപയോഗിക്കണം. ഉപാപചയം വേഗത്തില്‍ നടക്കുന്നവര്‍, ഉഷ്ണ ശരീരപ്രകൃതിക്കാര്‍, വെളുത്ത ദേഹപ്രകൃതിക്കാര്‍, മെലിഞ്ഞവര്‍ എന്നിവരില്‍ മരുന്ന് വേഗത്തില്‍ പ്രവര്‍ത്തിച്ചുതീരും. ഇവര്‍ മരുന്ന് കഴിക്കുന്നത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കണം. കഴിക്കുന്ന രണ്ട് മരുന്നുകള്‍ തമ്മില്‍ ചുരുങ്ങിയത് പതിനഞ്ചുമിനുട്ട് ഇടവേളയെങ്കിലും വേണം. കഴിച്ച ഒരു മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ന്നശേഷമാണ് അടുത്ത ഡോസ് കഴിക്കേണ്ടത്. ആഹാരത്തിനോട് അടുത്ത് കഴിക്കേണ്ടത് ആണെങ്കില്‍ ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പേ കഴിക്കണം. ഛര്‍ദ്ദി ഉണ്ടാക്കാനിടയുള്ളത്, വിഷയിനത്തില്പ്പെട്ടത് തുടങ്ങിയവയാണെങ്കില്‍ ആഹാരശേഷമോ വൈകീട്ടുള്ള സമയങ്ങളിലോ കഴിക്കണം. ശോധനയിനം മരുന്നുകള്‍ രാത്രിയില്‍ കഴിക്കാം. ശീതഗുണമുള്ള മരുന്ന് തണുത്ത ജ്യൂസില്‍ കലര്‍ത്തി കഴിക്കാം. ഉഷ്ണമരുന്നും ശീതമരുന്നും കൂട്ടികലര്‍ത്തി കഴിക്കരുത്.
നിജരോഗങ്ങളില്‍ ദിവസത്തില്‍ ഒരു നേരം എന്ന രീതിയില്‍ മരുന്ന് കഴിച്ചാല്‍ മതിയാകും. ആന്തരികാവയവങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്, നിരവധി രോഗത്തിന് ഉപകാരമാകേണ്ടത്, ദിവസം ഒരുനേരം മാത്രം കഴിക്കേണ്ടത് എല്ലാം ആണെങ്കില്‍ അത്തരം മരുന്ന് രാവിലെ സമയത്ത് കഴിക്കണം. പതിവായി കഴിക്കേണ്ട മരുന്ന് ആണെങ്കില്‍ നിത്യവും ഒരേസമയത്ത് കഴിക്കുന്നതാണ് നല്ലത്.
ഫലം കിട്ടാന്‍ വേണ്ട അളവിലും കാലത്തിലും മരുന്നുകള്‍ വിതരണം ചെയ്യണം. മരുന്ന് വിതരണം ചെയ്യുമ്പോള്‍ ഒരുഘട്ടത്തില്‍ പന്ത്രണ്ട് ഡോസ് വരെ നല്‍കാം. രോഗലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം പൂര്‍ണ്ണമായി ലഭിക്കാന്‍ വേണ്ട കാലംവരെ മരുന്ന് കഴിക്കണം. ഏറ്റവും ഉചിതമായ ഔഷധം പ്രയോഗിച്ചാലും ആശ്വാസം കിട്ടി തുടങ്ങാന്‍ കുറച്ചുസമയം (Incubation period) എടുക്കും. പഴകിയ മൃദുരോഗങ്ങളില്‍ രോഗശമനം ലഭിക്കുന്നതിന് മൂന്ന് മാസകാലമെങ്കിലും വേണ്ടിവരാം. ഋതുക്കള്‍, സാഹചര്യങ്ങള്‍ എന്നിവ അനുകൂലമായാല്‍ ഔഷധപ്രയോഗം മൂലമുള്ള ഫലം വേഗം ലഭിക്കും.
ആഗന്തുജരോഗങ്ങള്, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവയെ പരിഹരിച്ച ശേഷമാണ് ദോഷങ്ങള്‍ മൂലമുള്ള രോഗങ്ങളെ ചികിത്സിക്കേണ്ടത്. കോശങ്ങളില്‍ ഊര്‍ജ്ജം രൂപപ്പെടാതിരിക്കാനും കോശങ്ങള്‍ അകാലത്തില്‍ ക്ഷയിക്കാനും മാലിന്യങ്ങളോടോപ്പം രോഗാണുക്കള്‍, പ്രാണവായുവിന്റെ അപര്യാപ്തത, ദേഹദ്രാവകങ്ങളിലെ അമ്ലത എന്നിവയും കാരണമാകുന്നുണ്ട്.
ദോഷജരോഗങ്ങളില് സമാനമരുന്ന് പ്രയോഗിക്കുന്നതിന് മുമ്പ് അവയവങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍, കഠിന രാസമരുന്നുകള്‍, വിഷങ്ങള്‍, കീടനാശിനികള്‍, ജീവികളുടെ കാഷ്ടങ്ങള്‍; ശരീരദ്രാവകങ്ങള്‍ ഒഴുകുന്ന ചാലുകളിലെ തടസ്സം എന്നിവ ഉണ്ടെങ്കില്‍ അവയെയെല്ലാം പരിഹരിക്കണം. മനസ്സ്, ദേഹം എന്നിവ ആരോഗ്യാവസ്ഥയില്‍ നിലകൊള്ളാനുള്ള ഘടകങ്ങളും സാഹചര്യവും ഇല്ലെങ്കില്‍ അത് ഒരുക്കണം. അനുകൂലസാഹചര്യങ്ങള്‍ ഇടയ്ക്ക് വിത്യാസപ്പെടാതിരിക്കാന് ശ്രദ്ധിക്കണം.
ദോഷശക്തി, രോഗഘട്ടം, രോഗവിധേയസന്നദ്ധത, സമാനമരുന്നുകളെ തിരിച്ചറിയാനും പ്രതികരിക്കാനും ഉള്ള കഴിവ്, വിഷഘടകങ്ങളെ വിസര്‍ജിച്ച് കളയാനുള്ള ശേഷി, ശരീരപ്രകൃതി, സാഹചര്യം, ഔഷധത്തിന്റെ ഗുണങ്ങള്‍ എന്നിവ എല്ലാം ആശ്രയിച്ചാണ് ചികിത്സയുടെ ഫലം നിലകൊള്ളുന്നത്. ദൈവഹിതം, ജീവശക്തി, ഔഷധബലം, വൈദ്യസാമര്ത്ഥ്യം എന്നിവ സമൃഗമായാല്‍ രോഗവിമുക്തി വേഗത്തില്‍ നടക്കും.
സമാനമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മലമൂത്രവിസര്‍ജനം സുഗമമായാല്‍ മരുന്ന് പിടിച്ചുതുടങ്ങി എന്ന് അനുമാനിക്കണം. സുഖം അനുഭവപ്പെട്ട് കിട്ടിയാല്‍ മരുന്നിന്റെ അളവ് കുറക്കണം. ആവര്‍ത്തിപ്പ് വര്‍ദ്ധിപ്പിക്കണം. പഴയ മനോലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും അളവ് കുറക്കണം. നിലവില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ നിമിത്തങ്ങളുടെയും ദോഷങ്ങളുടെയും തീവ്രത ഇല്ലാതായി എന്ന് അനുമാനിക്കണം.
ജീവശക്തിയുടെ പ്രതികരണബലം നഷ്ടപ്പെട്ടതുമൂലം ലക്ഷണങ്ങള്‍ കഠിനമായ ഘട്ടത്തില്‍ സമാന മരുന്നുകള്‍ ഫലം ചെയ്യുകയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഉടനടി ആശ്വാസം ലഭിക്കാനായി വിപരീത ആശയത്തില്‍ മരുന്ന് നല്‍കണം. മരുന്ന് അധിക അളവില്‍ നല്‍കണം. നിരവധി തവണ ആവര്‍ത്തിക്കുകയും വേണം. ഇതുമൂലം പാര്‍ശ്വഫലങ്ങള്‍ ഉടലെടുക്കും. സമാനമരുന്നുകള്‍ ലഭ്യമല്ലാത്ത ഘട്ടങ്ങളിലും വിപരീത മാര്‍ഗ്ഗത്തില്‍ മരുന്നുകള്‍ പ്രയോഗിക്കാം. ദേഹദ്രാവകങ്ങളിലും അവയവങ്ങളിലും അനാവശ്യമായി എത്തിച്ചേര്‍ന്ന വിപരീത മരുന്നുകളെ പുറംതള്ളാനുള്ള ശേഷി ശരീരം പ്രത്യേകം കൈവരിച്ചുകഴിഞ്ഞാല്‍ വിപരീതമരുന്ന്
മൂലമുള്ള ഉപദ്രവങ്ങള്‍ കുറയും.
നേര്‍പ്പിച്ച് ലഘുവാക്കിയ മരുന്നിന് ക്ഷീണിച്ച ദേഹഭാഗത്തോ മനോതലത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സമാനതത്വത്തിലോ വിപരീതതത്വത്തിലോ പ്രയോഗിക്കുമ്പോള്‍ മാത്രമാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ മരുന്ന് വിരുദ്ധതത്വത്തിലോ ദേഹത്തിന്റെ ആരോഗ്യഭാഗത്ത് പ്രവര്‍ത്തിക്കേണ്ട രീതിയിലോ പ്രയോഗിച്ചാല്‍ യാതൊരുവിധ ഫലവും ഉളവാകുകയില്ല.
രോഗപരിഹാരത്തോടൊപ്പം ആരോഗ്യസംരക്ഷണവും ഉറപ്പാക്കണം. ദേഹധാതുക്കളുടേയും ദ്രാവകങ്ങളുടേയും ആരോഗ്യസ്ഥിതി, അതിലെ വ്യതിയാനങ്ങള്‍ എന്നിവ രോഗനിര്ണ്ണയഘട്ടത്തില് തന്നെ തിട്ടപ്പെടുത്തണം. ആരോഗ്യത്തിന് അടിസ്ഥാനം ആഹാരമാണ്. ആഹാരവും ഔഷധമാണ്. ഓരോ ആളുകളിലേയും ധാതുക്കള്‍ക്ക് സാദൃശ്യമായ ആഹാരദ്രവ്യങ്ങള്‍ നല്കി ശരീരത്തെ പോഷിപ്പിക്കണം. ഏത് അവയവമാണ് ക്ഷീണിച്ചത്. ആ ഭാഗം മെച്ചപ്പെടാന്‍ വേണ്ട ആഹാരദ്രവ്യങ്ങള്‍ കണ്ടെത്തി രസായനമായി ഉപയോഗിക്കണം.
പഴയകാലത്ത് ഭ്രൂണത്തെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളില്‍ ഒന്നാണ് സിങ്കോണ. ഇത് അധികം അളവില്‍ കഴിച്ചാല്‍ ജീവശക്തി സ്തംഭിക്കും. ഇ. സി. ജി.യില്‍ ക്യൂ. ടി. ഇടവേള ദീര്ഘിച്ചനിലയില് കാണപ്പെടും. സിങ്കോണപ്പട്ടയില്‍ നിന്നുള്ള മരുന്ന് ലഘുഅളവില്‍ ഉപയോഗിച്ചാല്‍ അത് ജീവശക്തിയെ പോഷിപ്പിക്കും. ആയുസ്സിനെ വര്‍ദ്ധിപ്പിക്കും. രസായനഫലം നല്‍കും. ഇരുമ്പ്, മെര്‍ക്കുറി, ആര്‍സനിക്, ഈയ്യം, ഗന്ധകം, സ്വര്‍ണം എന്നീ ഭൌമഘടകങ്ങള് അടങ്ങിയ സസ്യഔഷധങ്ങളും ആല്‍ഫാല്‍ഫ, അതിവിഷം, ജിന്‍സെങ്ങ്, ക്വാസിയ എന്നിവയും ജീവശക്തിയെ പോഷിപ്പിക്കാന്‍ ഉപയോഗിച്ചുപോന്നിട്ടുണ്ട്.
ഒരാളില്‍ സഹജമായി നിലകൊള്ളുന്ന ശക്തികളെ ധാതുബലം, സാരാഗ്നിബലം, മലബലം, കൃമിബലം എന്നിങ്ങനെയും തരംതിരിക്കാം. സാരാഗ്നികളെ മുഖ്യബലമായി പരിഗണിച്ച് വിവേകപൂര്‍വ്വം അവയെ സംരക്ഷിക്കണം. തുള്ളിയും വേഗത്തില്‍ ഓടിയും. ശരീരപ്രവര്‍ത്തനം അനാവശ്യമായി വര്‍ദ്ധിപ്പിച്ച് സാരാഗ്നികളെ വെറുതെ തീര്‍ക്കരുത്.
സാരാഗ്നികളെയും ദേഹധാതുക്കളെയും നശിപ്പിക്കുന്നതോ വിഷമിപ്പിക്കുന്നതോ ആയ പദാര്‍ത്ഥങ്ങളെയാണ് പൊതുവേ വിഷം എന്ന് വിളിക്കുന്നത്. വിഷം കുറഞ്ഞ അളവിലും വിഷം തന്നെയാണ്. വിഷം മൂലമാണ് രോഗലക്ഷണങ്ങള്‍ ഉളവായതെങ്കില്‍ ഉടനടി അതിനെ ശോധിപ്പിക്കുകയോ നിര്‍വ്വീര്യമാക്കുകയോ ചെയ്യണം. വിഷത്തെ നിര്‍വ്വീര്യമാക്കാന്‍ ചാര്‍ക്കോള്‍, തേയില, കാപ്പി, കാഞ്ഞിരം, കര്‍പ്പൂരം, കുരുമുളക്, സര്‍പ്പഗന്ധി, അമരി, അതിവിഷം, അമുക്കുരം, ചുണ്ണാമ്പ്, മഞ്ഞള്‍, ജലം, പാല്, കരിക്ക് തുടങ്ങിയ ഇനങ്ങളെ പ്രയോജനപ്പെടുത്തണം. വിഷം മൂലം രൂപപ്പെട്ട പ്രയാസങ്ങള്‍ ശോധന, വിപരീതചികിത്സ എന്നിവ അടക്കമുള്ള വിഷചികിത്സയ്ക്ക് ശേഷവും തുടര്‍ന്നും നിലനിന്നാല്‍ സമാനരീതിയിലുള്ള മരുന്ന് പ്രയോഗിക്കണം. സാരാംഗ്നികൾ വര്‍ദ്ധിക്കാന്‍ ഉതകുന്ന ആഹാരങ്ങള്‍ കഴിക്കണം.
മനുഷ്യന്റെ ദേഹവും ഇന്ദ്രിയങ്ങളും മനസ്സും ജീവശക്തിയും എല്ലാം അകാലത്തില്‍ ക്ഷയിക്കുംവിധത്തില് കീടനാശിനികളുടേയും രാസപദാര്‍ത്ഥങ്ങളുടേയും സാന്നിദ്ധ്യം ഇക്കാലത്ത് വര്ദ്ധിച്ചുവരുണ്ട്. അഹന്തയും അജ്ഞതയും മനോമലങ്ങളുമാണ് ഇതിന് പ്രേരകമായ സംഗതികള്‍. രോഗപരിഹാരത്തിന് സമാന ആശയത്തിലും ലഘുഅളവിലും ഉള്ള ഔഷധപ്രയോഗരീതി കാംക്ഷിക്കുന്നവര്‍ രാസപദാര്‍ഥങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക തന്നെ വേണം.
ഹോമിയോ ചികിത്സയുടെ സവിശേഷതകള്‍
ആരോഗ്യവാനിലും, തുടര്‍ന്ന് രോഗിയിലും പ്രയോഗിച്ച് വിജയപ്രദമെന്ന് ഉറപ്പായ ഔഷധങ്ങള്‍ മാത്രമാണ് രോഗപരിഹാരത്തിനായി ഉപയോഗിക്കുന്നത്.മൃദുരോഗങ്ങളില്‍ ദോഷശക്തി മൂലം ക്ഷീണിച്ച് ഭൌതികഗുണം കൈവന്ന ജീവശക്തിയെ ഉത്തേജിപ്പിക്കുന്നതിനും സൂക്ഷ്മസ്വഭാവം നഷ്ടപ്പെട്ട് ഭൌതികഗുണം കൈവരിച്ച ദോഷശക്തിയെ അമര്‍ച്ച ചെയ്യുന്നതിനും സമാനമരുന്ന് കുറഞ്ഞ അളവില്‍ മതിയാകും. പ്രകൃതിയില്‍ ഇത്തരം സമാനമരുന്നുകള്‍ സുലഭമായതിനാല്‍ ഔഷധത്തിന് ക്ഷാമം അനുഭവപ്പെടുകയില്ല.
ഔഷധങ്ങള്‍ ഒറ്റയ്ക്കും സംസ്ക്കരിച്ചും ലഘുഅളവിലും പ്രയോഗിക്കുന്നതുമൂലം പാര്‍ശ്വഫലങ്ങള്‍ ഒഴിവായി കിട്ടുന്നു.
ആഗന്തുജരോഗത്തിലും നിജരോഗത്തിലും ഔഷധങ്ങള്‍ ജലലേയരൂപത്തില് ഉപയോഗിക്കുന്നതിനാല്‍ ശരീരത്തില്‍ വേഗത്തില്‍ വ്യാപിച്ച് പ്രവര്‍ത്തിക്കും. മരുന്ന് കഴിച്ചത് അധികമായിപ്പോയാല്‍ അത് മൂത്രംവഴി വേഗം വിസര്‍ജിക്കപ്പെട്ട് കിട്ടും.
നിരവധി ദേഹധാതുക്കള്‍ രോഗബാധിതമായി നിരവധി രോഗലക്ഷണങ്ങള്‍ രൂപപ്പെടുമ്പോള്‍ ഏതെങ്കിലും ഒന്നിനെ മാത്രം കണക്കിലെടുക്കാതെ രോഗലക്ഷണങ്ങളെ സമഗ്രമായി പരിഗണിച്ചുകൊണ്ട് മരുന്ന് പ്രയോഗിക്കുന്നത് മൂലം രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു. അതുമൂലം സുഖം അനുഭവിക്കാനാകുന്നു.
ഔഷധപ്രയോഗത്തോടൊപ്പം സഹജദേഹപ്രകൃതി, സാഹചര്യങ്ങള്‍ എന്നിവ ആധാരമാക്കി ആഹാരനീഹാരങ്ങള്‍ ക്രമീകരിക്കുന്നതിനാല്‍, ശുദ്ധി ഉറപ്പാക്കുന്നതിനാല്‍, ആരോഗ്യനിലവാരം ഉയരുന്നു. ജീവശക്തി കൂടുതല്‍ സജീവമാകുന്നു. രോഗാണുക്കള്‍ക്ക് എതിരെയും മറ്റ് സൂക്ഷ്മശക്തികള്‍ക്ക് എതിരെയും വേണ്ട പ്രതിരോധഘടകങ്ങള്‍ രൂപപ്പെട്ട് കിട്ടുന്നു.
ചികിത്സ ഒരു അവകാശം.
ആരോഗ്യം ഉള്ളിടത്തോളം കാലം രോഗവും ഉണ്ടാകും. രോഗം പിടിപെട്ടാല്‍ അതിന്റെ പരിഹാരത്തിന് ഓരോ അവസ്ഥയിലും സന്ദര്‍ഭോചിതമായ ഒരു യുക്തി പ്രയോഗിക്കേണ്ടതുണ്ട്. ഹോമിയോ എന്നാല്‍ ഹിതം, മാര്‍ഗ്ഗം എന്നല്ലാമാണ് അര്‍ത്ഥം. ഹോമിയോപ്പതി എന്നത് ഒരു ദ്രവ്യത്തെയോ നേര്‍പ്പിച്ച ദ്രവ്യരൂപത്തെയോ അല്ല മുഖ്യമായും പ്രതിനിധീകരിക്കുന്നത്. രോഗശമനത്തിന് വേണ്ടി രോഗബാധിത തലത്തില്‍ സമാനരീതിയില്‍ ദ്രവ്യം പ്രയോഗിക്കുന്ന ആശയത്തെയാണ്. ഭൂമിയിലെ എല്ലാ ദ്രവ്യങ്ങളും പരീക്ഷിച്ച് അറിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോ ഔഷധമായി ഉപയോഗിക്കാം.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും എല്ലാവിധ പ്രയാസങ്ങള്‍ക്കുമുള്ള പരിഹാരമെന്നോണം ഒന്നും അല്ല ഹോമിയോപ്പതി ഉടലെടുത്തത്. രോഗം ഭേദമാകുന്നതിന് ഉതകുന്ന ഒരു സുപ്രധാന ആശയം ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് ചൂണ്ടികാണിച്ചുകൊടുക്കുകയും അത് പ്രയോഗവല്‍ക്കരിക്കാന്‍ സ്വീകരിക്കേണ്ട രീതികളും അതോടൊപ്പം ഉപയോഗപ്പെടുത്താവുന്ന സംഗതികളും നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ യുക്തിപരമായ രീതിയില്‍ നിര്‍ദ്ദേശിക്കുകയുമാണ് ഉണ്ടായത്. അത് വിശദീകരിക്കാനും വിപുലപ്പെടുത്താനും മറ്റുള്ളവര്‍ ഉപയോഗിച്ചുപോന്ന അനുബന്ധരീതിക്കോ അതുമായി ബന്ധപ്പെട്ട് പിന്നീട് രൂപപ്പെടുത്തിയ സാന്ദര്‍ഭിക നടപടികള്‍ക്കോ ഒന്നും വര്‍ത്തമാനകാലത്തിലെ രോഗചികിത്സയില്‍ വലിയ പ്രാധാന്യം ഒന്നും
ഇല്ല.
ചില മരുന്നുകള്‍ കൂടുതല്‍ നേര്‍പ്പിച്ചാല്‍ അവയുടെ ഉള്ള ഗുണംകൂടി നഷ്ടപ്പെടും. ഏതെല്ലാം മരുന്നുകളാണ് നേര്‍പ്പിച്ചാല്‍ ഗുണം വര്‍ദ്ധിക്കുന്നത് എന്ന് മുന്‍കൂട്ടി പല തവണ പരീക്ഷിച്ച് ബോദ്ധ്യമായ ശേഷമാകണം മൃദുരോഗങ്ങളില്‍, ദോഷജരോഗങ്ങളില്, രോഗികളില്‍ എല്ലാം പ്രയോഗിക്കേണ്ടത്.
യുക്തിപരമല്ലാത്ത രീതിയില്‍ രോഗലക്ഷണങ്ങളെ സംയോജിപ്പിക്കുന്നതും, രോഗ / ഔഷധ സമാനത തീര്ച്ചയാക്കുന്നതും, ഗുണകരമല്ലാത്ത മരുന്നുരൂപങ്ങള് തയ്യാറാക്കി ഔഷധങ്ങള്‍ എന്ന വ്യാജേന നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതും, വില്‍പ്പന നടത്തുന്നതും അധര്‍മ്മം ആണ്. വൈദ്യത്തിലെ സാങ്കേതികപദങ്ങള്‍ അവലംബിച്ച് അത് ഉരുവിട്ടും, അത്തരം പരിശോധനാരീതികളെ മൂടുപടമാക്കിയും മറ്റ് നിലയില്‍ പ്രചാരണം നടത്തിയും, ഗുണപരമല്ലാത്ത മരുന്നുകള്‍ രോഗികളില്‍ പ്രയോഗിച്ച് കാലം വെറുതെ കളയുന്നതും ഒരു രീതിയില്‍ അധര്‍മ്മമാണ്.
ആളുകള്‍ ചികിത്സ അന്വേഷിക്കുന്നതും ചികിത്സയ്ക്ക് വിധേയമാകുന്നതും എല്ലാം രോഗങ്ങള്‍ പൂര്‍ണ്ണമായി മാറാനും ആരോഗ്യം തിരിച്ചുകിട്ടാനും സുഖം അനുഭവിക്കാനുമാണ്. രോഗപ്രയാസങ്ങളെ ലളിതമായി പരിഹരിക്കാന്‍ ഉതകുംവിധമാകണം ഓരോ ദേശത്തിലും ചികിത്സ ഒരുക്കേണ്ടത്. അത് ഓരോ കാലഘട്ടത്തിലേയും ശാസ്ത്രവികാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും ആളുകളിലെ സാമാന്യബോധം അംഗീകരിച്ചുകൊണ്ടും ആകണം.
ആരോഗ്യസംരക്ഷണത്തിന്റെയും രോഗചികിത്സയുടെ ആധാരം വെറും വിശ്വാസ മാമൂലുകളോ അനുകരണപരിഷ്ക്കാരമോ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള കാട്ടികൂട്ടലുകളോ കമ്പോളതാല്പര്യങ്ങളോ മാത്രം ആകരുത്. യുക്തിയാതിഷ്ടിതമായ ആശയങ്ങളും പ്രയോഗങ്ങളും ധര്‍മ്മനീതികളും നന്മയും പ്രയോജനകരങ്ങളായ സത്യാനുഭവങ്ങളും ഉള്‍പ്പെട്ടതാകണം.
ശാരീരികവും മാനസികവുമായ നിരവധി രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അവയെ സമഗ്രമായി പരിഗണിക്കാതെ ഏതാനും രോഗസൂചകത്തെ മാത്രം മാറ്റിയാല്‍, പൂര്‍ണ്ണമായ സുഖം അനുഭവപ്പെട്ടുകിട്ടുകയില്ല. എലിപ്പനി മൂലം രൂപപ്പെട്ട കരള്‍വീക്കത്തിലും എലിപ്പനി മൂലം രൂപപ്പെട്ട വൃക്കതകരാറിലും ഒരേയിനം മരുന്ന് ഉപയോഗിച്ചാല്‍ ഭാഗികമായ ഫലം ആയിരിക്കും ലഭിക്കുന്നത്.
ദേഹപരിണാമങ്ങള്‍ക്ക് വികാസം, സങ്കോചം (Yin, Yang); ആരംഭം, സ്ഥിതി, സുഖം, അന്ത്യം എന്നിങ്ങനെ വിത്യസ്ത സ്വഭാവങ്ങളും ഘട്ടങ്ങളും ഉണ്ട്. കുടല്‍പേശികളുടെ വികാസം, സങ്കോചം, തളര്‍ച്ച, ചലനാധിക്യം, വീക്കം എന്നിവ മൂലമെല്ലാം വയര്‍വേദന ഉണ്ടാകും. ആ വക കാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ അഗ്നിദീപ്തി വര്‍ദ്ധിപ്പിക്കാനോ ലഘൂകരിക്കാനോ ഉതകുന്ന മരുന്ന് മാത്രം നിര്‍ദ്ദേശിക്കുന്നത്, കായികപേശികളുടെ വീക്കത്തിന് ഉതകുന്ന മരുന്നോ, രോഗബാധിതമല്ലാത്ത മസ്തിഷ്കകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നോ എപ്പോഴും പ്രയോഗിക്കുന്നത് യുക്തിസഹജമായ കാര്യങ്ങള്‍ അല്ല.
ഭൂമി കുലുക്കത്തില്‍ പക്ഷി കരയുന്നത്, മഴ വരുമ്പോള്‍ തവള കരയുന്നത് ഒന്നും വേദനകൊണ്ട് അല്ല. നവജാത ശിശുക്കള്‍ കരയുന്നത് എല്ലായ്പ്പോഴും ശരീരവേദന നിമിത്തവും അല്ല. ശിശുക്കള്‍ കരയുമ്പോള്‍ വിയര്‍പ്പുവര്‍ദ്ധക മരുന്നോ ഉറക്കമരുന്നോ നല്‍കുന്നത്, അല്ലെങ്കില്‍ ഒന്നും നല്കാനില്ലാതെ പോകുന്നത് ഖേദകരമാണ്.
വൃദ്ധര്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ രോഗികളായാല്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാകും. മനുഷ്യരില്‍ പരീക്ഷിച്ച് ഫലം തിട്ടപ്പെടുത്തിയിട്ടില്ലാത്ത നിരവധി വിഷയിന ഔഷധസംയുക്തങ്ങള്‍ ഒരേസമയം ദുര്‍ബലശരീരത്തില്‍ ദീര്‍ഘനാള്‍ പ്രയോഗിച്ച് കൂടുതല്‍ ദുര്‍ബലരാക്കുന്ന മാമൂല്രീതി അപരിഷ്കൃതമാണ്.
ശരീരത്തില്‍ ഏതു ഡിഗ്രിയിലാണ്, ഏത് ധ്രുവത്തിലാണ് രോഗം ഉളവായത് അതേ ഡിഗ്രിയില്‍, അതേ ധ്രുവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന മരുന്നുതന്നെ പ്രയോഗിക്കണം. ഏത് കോശസമൂഹത്തില്‍ നിന്നാണോ രോഗലക്ഷണങ്ങള്‍ ഉടലെടുത്തത് ആ കോശസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ് ചികിത്സയില്‍ പ്രയോഗിക്കേണ്ടത്. അസ്ഥിയിലെ കാന്‍സര്‍ രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് സ്തനകാന്സര് രോഗത്തില്‍ നല്‍കുന്നത് യുക്തിസഹജമല്ല.
മദ്ധ്യപ്രായക്കാരുടെ ദേഹത്തിന് ഉതകുന്ന നിലയില്‍ നിര്‍മ്മിച്ച മരുന്ന് തയ്യാറിപ്പുകള്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്നതും, മനോരോഗത്തിന് ഉതകുന്ന മരുന്നുകള്‍ സന്ധിരോഗത്തിന് നിര്‍ദ്ദേശിക്കുന്നതും ഒരു തരത്തില്‍ അശാസ്ത്രിയമാണ്.
ശരീരധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വ്യുഹങ്ങളായി വിഭജിക്കുന്നത് പഠനസൌകര്യത്തിന് സഹായകമാണ്. ബാഹ്യഭാഗങ്ങള്‍, ആന്തരിക അവയവങ്ങള്‍; തല, കഴുത്ത്, നെഞ്ച്, ഉദരം, നാഭി; മേല്ഭാഗങ്ങള്, കീഴ്ഭാഗങ്ങള്‍, ദ്വാരങ്ങള്‍, മലങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുന്നതാണ് രോഗപരിശോധനയ്ക്ക് ഉത്തമം.
രക്തധാതുവിലെ ഏതാനും ഘടകങ്ങളെ മാത്രമായി പരിശോധിച്ചും, ശരീരത്തിന്റെ ഒന്നോ രണ്ടോ അവയവത്തിന്റെ മാത്രം ചിത്രം എടുത്തും രോഗത്തെ വിലയിരുത്തുന്നത്, മനോധാതുവിനെ അവഗണിക്കുന്നത്, പഥ്യമാര്ഗ്ഗങ്ങള് മുഖേനെ ലഭിക്കാനിടയായ ആശ്വാസത്തെ ഔഷധപ്രയോജനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നത്, ഒരു അവയവത്തിലെ പ്രയാസങ്ങളെ തന്നെ ഭാഗികമായി മാത്രം പരിഹരിച്ചും മറ്റു ധാതുക്കളിലെ പ്രയാസങ്ങളെ എല്ലാം നിലനിര്‍ത്തികൊണ്ടും ഔഷധചികിത്സ അവസാനിപ്പിക്കുന്നത് എല്ലാം നല്ല കീഴ്വഴക്കങ്ങള് അല്ല.
ലക്ഷണങ്ങളുള്ള എല്ലായിനം രോഗങ്ങളും ഭേദമാകും. രോഗപരിഹാരത്തിന് നിരവധി യുക്തികളും നിരവധി മാര്‍ഗ്ഗങ്ങളും എല്ലായിടത്തും എപ്പോഴും ഉണ്ട്. ആശ ഉള്ളിടത്തോളം കാലം പരിഹാരവും ഉണ്ട്. രോഗം മാറുമെന്ന പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും രോഗികളോടൊപ്പം ചികിത്സകനും വെച്ചുപുലര്‍ത്തണം. രോഗങ്ങള്‍ക്ക് കാരണം ചുറ്റും ഉള്ളവരാണ്, രോഗം ഭേദം ആകാത്തതിന് കാരണം ഭിഷ്വഗരനാണ് എന്ന നിലയില്‍ വിലയിരുത്തരുത്. ഏതെല്ലാം വിധേനെ മാരകമായ രോഗങ്ങള്‍ ഉടലെടുത്താലും നിലനിന്നാലും അവയുടെ തീവ്രത ഭിഷ്വഗരന്റെ പരിശ്രമം കൊണ്ട് വളരെയധികം കുറയ്ക്കാന്‍ കഴിയും.
മഹാരോഗങ്ങള്‍ ബാധിച്ചാല്‍ തന്നെയും ദുരിതപരിഹാരത്തിന് ഉതകുന്ന അനുകൂല സാഹചര്യത്തിനായി കാത്തിരിക്കണം. അര്‍ത്ഥം, സ്വാന്തനം, അറിവ്, ധൈര്യം, സ്നേഹം, വിവേകം, ഇച്ഛാശക്തി എന്നിവയെ മഹാരോഗത്തിന്റെ പരിഹാരത്തിനായി പ്രയോജനപ്പെടുത്തണം.
ഈ ലോകത്ത് ദുഃഖവും ദുരിതവും ഇല്ലാത്ത ഒരു കാലവും ഒരു ദിനവും എങ്ങും ഉണ്ടായിട്ടില്ലായെന്നും, അത് സ്വാഭാവികമാണ് എന്നും, തിരിച്ചറിയണം. എല്ലാ മരങ്ങളും പൂക്കാറില്ല, കായ്ക്കാറില്ല. അതുപോലെ ചില രോഗങ്ങള്‍ ഭേദമാകാതെയും നിലകൊള്ളാം. രോഗവും ചികിത്സാഫലവും കുറച്ചൊക്കെ വിധിയാണ് എന്ന് കരുതണം. അപൂര്‍വ്വമായ രോഗങ്ങള്‍ പിടിപെടുന്നത് വിധിയാണ് എന്നപോലെ അപൂര്‍വ്വമായ ചില രോഗങ്ങള്‍ ചില സന്ദര്‍ഭത്തില്‍ മാറാനും വിധിയുണ്ടാകും. വിധിയെ ഒഴിവാക്കാന്‍ കഴിയുകയില്ല എന്നും, സംഭവിക്കുന്നത് എല്ലാം മുന്‍ കൂട്ടി തീരുമാനിക്കപ്പെട്ടത് പ്രകാരമാണ് എന്നും കരുതണം. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നും ആശ്വസിക്കണം.
മാറാരോഗങ്ങള്‍ എന്ന നിലയില്‍ രോഗങ്ങളെ വിലയിരുത്തരുത്. മുജന്മപാപം, മറ്റുള്ളവരുടെ ശാപം എന്നിവ മൂലമോ, കഠിനമായ ദ്രോഹങ്ങള്‍, പാപങ്ങള്‍ എന്നിവ ചെയ്യുക വഴിയൊ ദീര്‍ഘനാള്‍ രാസമരുന്നുകള്‍ കഴിക്കേണ്ട സ്ഥിതിവിശേഷം വന്നത് മൂലമോ രൂപപ്പെട്ട ചിലയിനം രോഗങ്ങള്‍ മരണംവരെ അനുഭവിക്കേണ്ടതായി വരും. അതിന് പ്രതിവിധി ആഗ്രഹിക്കുന്നുവെങ്കില്‍ രോഗികളും അവരുടെ കുടുംബാംഗങ്ങളും മനോമലങ്ങളെ വെടിഞ്ഞ് പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. പരിചയസമ്പന്നരായ ചികിത്സകരെ അന്വേഷിച്ച് കണ്ടെത്തി പലതവണ ചികിത്സ സ്വീകരിക്കണം.
പ്രതീക്ഷ, വിശ്വാസം, രോഗലക്ഷണങ്ങള്‍, പരിശോധന, പരിശോധകര്, സമ്പത്ത്, ചികിത്സകന്, തന്ത്രം, മരുന്ന്, സഹായികള്‍ എന്നീ ഘടകങ്ങള്‍ കൂടാതെ ഋതുക്കളേയും രാജ്യനിയമങ്ങളേയും ചികിത്സയില്‍ പരിഗണിക്കണം.
രോഗത്തിന്റെ മൃദു അവസ്ഥയില്‍ സമാനമരുന്നുകള്‍ കൊണ്ടുള്ള ശമനചികിത്സ മനുഷ്യന്റെ ആദ്യകാലം മുതല്‍ അവലംബിച്ച് പോന്നിട്ടുള്ളതാണ്. ക്ഷീണിച്ച് ഭൌതിക സ്വഭാവം കൈവന്ന ജീവശക്തിയെ ലക്ഷണസമാനരീതിയിലുള്ള മരുന്നുപ്രയോഗം കൊണ്ട് ഉത്തേജിപ്പിച്ചും, സൂക്ഷ്മവും സമാനവുമായ മരുന്ന് കൊണ്ട് ദോഷശക്തിയെ നേരിട്ട് നിര്‍വ്വീര്യമാക്കിയും രോഗാരംഭഘട്ടത്തില് തന്നെ പരിഹരിച്ചുപോരുന്ന ചികിത്സാരീതിക്ക് മനുഷ്യന്റെ എല്ലാ പ്രായത്തിലും പ്രസക്തിയുണ്ട്. ഇത്തരത്തിലുള്ള രോഗശമനം അനുഭവിക്കാന്‍ എല്ലാ ദേശത്തിലേയും രോഗികള്‍ക്ക് അവകാശവും ഉള്ളതാണ്. അത് ഒരുക്കാനുള്ള ബാധ്യത അതാത് കാലത്തെ ഭരണാധികാരികള്‍ക്കും യഥാസമയം നല്‍കാനുള്ള ബാദ്ധ്യത ചികിത്സകര്‍ക്കും ഉണ്ട്. ഇതിനെ കുറ്റമറ്റ നിലയില്‍ പോഷിപ്പിക്കേണ്ടത് ആരോഗ്യം, ആനന്ദം, ദീര്‍ഘായുസ്സ് എന്നിവ കാംക്ഷിക്കുന്ന ഓരോ മനുഷ്യസ്നേഹിയുടേയും കര്‍ത്തവ്യമാണ്.