മഹാഗുരു.
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.
മുനികുമാരാ, ഇന്ന് വെളുത്തവാവ് ദിവസമല്ലെ? ആഹാരം സജ്ജമായൊ? ഖിദര്‍മുനി ഇപ്പോള്‍ എവിടെയാണ്?
മുനികുമാരൻ.
പൌര്‍ണ്ണമി സദ്യ തയ്യാറായിക്കിയിട്ടുണ്ട്. ഖിദര്‍മുനി പള്ളിക്കൂടത്തില്‍ ഉണ്ട്. ശ്രീലങ്കയില്‍ നിന്നും ചൈനയില്‍ നിന്നും എത്തിയ കച്ചവടസംഘങ്ങള്‍ക്ക് സത്യബോധത്തെ കുറിച്ചും ചതുര്‍സത്യങ്ങളെ കുറിച്ചും അഷ്ടമാര്‍ഗ്ഗങ്ങളെ കുറിച്ചും അഭിഷേക ഔഷധങ്ങളെ ക്കുറിച്ചും അർത്ഥ ഔഷധങ്ങളെ ക്കുറിച്ചും ധര്‍മ്മപ്രഭാഷണം നടത്തുകയാണ്.
പ്രഭോ, ക്ഷമിച്ചാലും. സത്യബോധം, ശുദ്ധബോധം മനസ്സിന് അകത്ത് മാത്രമാണോ? മനസ്സിന് പുറത്തും നിലകൊള്ളുന്നുണ്ടോ? അതൊ അനന്തമാണോ?
മഹാഗുരു.
മഹാസത്യബോധവും, ബ്രഹ്മവും മനുഷ്യനിലെ സത്യബോധവും വിഭിന്നമാകാം. മുനിഗുരുവിന് മഹാ ശുദ്ധബോധത്തെയും മനുഷ്യനിലെ ശുദ്ധബോധത്തെയും വേണമെങ്കില്‍ സമാനമായ ഒന്നായി കണക്കാക്കാം. മഹാസത്യബോധവിശേഷം ബ്രഹ്മത്തിന് അകത്താണ് എന്ന് പറഞ്ഞാല്‍ അത് ബ്രഹ്മത്തിന് പുറത്തുമുണ്ടാകാമല്ലോ എന്ന് അങ്ങയുടെ മനസ്സ് സന്ദേഹിക്കും. അങ്ങയുടെ സങ്കല്പ്പമനസ്സിനെ, അതിന്‍റെ പിന്നിലെ അഹന്തയെ നിയന്ത്രിക്കാന്‍ എനിക്കാവില്ല.
മുനികുമാരൻ.
പ്രഭോ, നമുക്ക് ചുറ്റുമുള്ള അന്തരീക്ഷവായുവിന്‍റെ സാരാംശത്തിലാണോ സത്യബോധം നിലകൊള്ളുന്നത്? വായുവിലെ സൂക്ഷമാംശം ആയ ശൂന്യത തന്നെയാണോ സത്യബോധം? അതില്‍ തന്നെയാണോ മനുഷ്യന് വേണ്ട വേദബോധം നിലകൊള്ളുന്നത്? അഹന്തയും സത്യബോധവും ഒരേയിടത്ത് ഇരിക്കുന്നത് എങ്ങിനെയാണ്? വേദത്തിന്റെ പേരിൽ ഗോത്രം തിരിച്ചും അതിര്‍ത്തി സങ്കല്‍പ്പിച്ചും ലിംഗം ആധാരമാക്കിയും രൂപങ്ങൾ നിർമ്മിച്ചും അസത്യം വിളംബരം ചെയ്തും വാള്‍ എടുത്തും സംഘം ചേര്‍ന്നും ചിലര്‍ ബഹളം വെയ്ക്കുന്നത് എന്തിന്? ജനിതകമായ അഹന്തയും ദോഷബലങ്ങളും തന്നെയാണോ ഇതിൻ്റെയും നിദാനം?
മഹാഗുരു.
അങ്ങ് ശാന്തി അന്വേഷിക്കുകയാണോ? അങ്ങ് അഹന്തയെ ചികയുകയാണോ? വടക്കേ മുറിയിലെ അലമാരയില്‍ വെച്ച സാധനം തെക്കേ മുറിയില്‍ തിരക്കിയാല്‍ കിട്ടുമോ? അത് ഗൌതമിയോട് ചോദിച്ചാല്‍, ഹിമാദ്രിയില്‍ കയറി എത്തി നോക്കിയാല്‍, ബ്രഹ്മപുത്രയില്‍ മുങ്ങിതപ്പിയാല്‍ കിട്ടുമോ? ഉള്ള സ്ഥലത്ത് പോയി തന്നെ നോക്കണം. ശാന്തി ഇരിക്കുന്നത് അവനവനില്‍ തന്നെയാണ്. അഹന്തയും അവനിൽ തന്നെയുണ്ട്. ശാന്തി വേണമെങ്കില്‍ പഞ്ചേന്ദ്രിയങ്ങളെയും സങ്കല്‍പ്പങ്ങളെയും നിയന്ത്രിക്കണം. മൂല്യത്തെ ബുദ്ധിയിലൂടെ അളക്കുന്നത് അഹന്തയാണ്. കാലദേശ സാഹചര്യത്തില്‍ ഇല്ലാത്ത മൂല്യം, കാലം അനുവദിക്കാത്ത മൂല്യം ചമ്രം പടിഞ്ഞിരുന്ന് വെറുതെ മനക്കണക്ക് കൂട്ടിയാല്‍, സംഘം ഉണ്ടാക്കി ദേശം ചുറ്റി നടന്ന് വേദം ഓതി നടന്നാല്‍, ശ്വാസത്തെ പിടിച്ചുവെച്ചാൽ കൂടുമോ ഗുരുവേ? അഹന്തയും ദോഷബലങ്ങളും ജീവന്‍റെ ശത്രുക്കളാണ്. ജീവന് അഹിതമായ കാര്യങ്ങളെല്ലാം അസത്യമാണ്. അഹിതമായ കാര്യങ്ങളെകുറിച്ച് സങ്കല്‍പ്പിക്കുന്നത് എന്തിന്? വെറുപ്പും അസൂയയും പുച്ഛവും വെച്ചുപുലര്‍ത്തുന്ന ആളുകളുടെ മനോനിലയും ഭാവവും അവരുടെ ചേഷ്ടകളും അങ്ങ് ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയല്ലേ? അങ്ങ് സങ്കല്‍പ്പങ്ങളെ നിയന്ത്രിച്ചാലും. വിഷയങ്ങളുടെ വ്യാപനത്തിന് അടിസ്ഥാനവും അഹന്തയാണ്.
കണ്ണുകള്‍ അടച്ചാലാണോ തുറന്നാലാണോ നിര്‍വ്വാണബോധസൂത്രം തെളിയുന്നത്? കൈകള്‍ ചലിപ്പിച്ചാലാണോ കെട്ടിയിട്ടാലാണോ പുണ്യകര്‍മ്മസൂത്രം വെളിവാകുന്നത്? പൂർവ്വജനിതകമായ കര്‍മ്മഫലങ്ങള്‍ വെറുതെ തൂത്താല്‍ പോകുമോ? കന്യാകുമാരിയില്‍ പോയി ഉപ്പ് ജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ ജനിതകപാപം പോകുമോ ഗുരുവേ? ദോഷബലങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗം ധര്‍മ്മവും ശുദ്ധിയും പ്രായശ്ചിത്തവും ആണ്. അർത്ഥം സേവിക്കലാണ്.
ആരംഭത്തിലും ക്രയവിക്രിയങ്ങളിലും മായയായ ഒന്നിനെ കുറിച്ച്, നിമിഷമെന്നോണം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ ക്കുറിച്ച്, ഭൂതശൂന്യതയെക്കുറിച്ച്, സങ്കല്‍പ്പിക്കാനാകാത്ത ഒന്നിനെ സങ്കല്‍പ്പിച്ച്, അതിന്‍റെ പേരില്‍ സ്വയം ആയുസ്സ് കളയുന്നതിനും ചുറ്റുമുള്ളവരെ ചൂഷണം ചെയ്യുന്നതിനും ചുറ്റുമുള്ളവര്‍ക്കെതിരെ വാള്‍ പ്രയോഗിക്കുന്നതിനും ബഹളം വെയ്ക്കുന്നതും, കഥ മെനഞ്ഞ് ഇടയ്ക്കിടെ ഓരിയിടുന്നതിനും ആധാരം ജനിതകമായ അഹന്തയാണ്. ദോഷബലങ്ങള്, സ്വാര്‍ത്ഥത, തൃഷ്ണ, വെറുപ്പ്, പുച്ഛം, അസൂയ, വേഷംകെട്ട് ത്വര, അലർച്ച ശബ്ദം, അഹങ്കാരം തുടങ്ങിയവ അതിന്‍റെ സന്താനങ്ങളാണ്. സ്വാര്‍ത്ഥതയുടെയും കാപട്യത്തിന്‍റെയും അഭിനയത്തിന്‍റെയും എല്ലാം സങ്കേതങ്ങളായിരിക്കുന്നുവോ സമാജകേന്ദ്രങ്ങള്? ഇത്തരം സാമ്രാജ്യത്തില്‍ സഹവസിക്കാന്‍, അതിന്‍റെ കപട മായാസുഖം നുകരാൻ അങ്ങയെ മനസ്സ് ഇപ്പോഴും പ്രേരിപ്പിക്കുന്നുവോ? തൃഷ്ണയെ അകറ്റാന്‍ പ്രഥമമാര്‍ഗ്ഗം വേഷവും ചിഹ്നവും അർത്ഥവും ത്യജിച്ചുകൊണ്ടുള്ള സ്വയം ഒരു അന്വേഷണവും തിരിച്ചറിവുമാണ്. അഷ്ടമാര്‍ഗ്ഗങ്ങള്‍ ജീവിതത്തില്‍ പാലിക്കലാണ്. അങ്ങയ്ക്ക് വേണമെങ്കിൽ കായകല്പ അർത്ഥം സേവിക്കുകയും ആകാം.
ധാതുക്കളിലെ സൂക്ഷ്മമായ ഊർജ്ജത്തിന് സമാനമായ ഒരു ചേതനയാണ് അഹന്ത. ദുഃഖം ഇത്തരം ചേതനകളുടെ സൃഷ്ടിയാണ്. ജീവന് സമീപം തന്നെയാണ് സത്യബോധം അഥവാ ശുദ്ധബോധം നിലകൊള്ളുന്നത്. മറ്റൊന്നിനെ ആശ്രയിക്കാതെ, മറ്റൊന്നിനെ വിമര്‍ശിക്കാതെ നിലകൊള്ളാനാകുന്ന ആന്തരികമനസ്സിന്‍റെ ശാന്തഭാവമാണ് നിസംഗത. കൊടുക്കല്‍ / വാങ്ങല്‍ കേന്ദ്രീകൃതമല്ലാത്ത ആന്തരിക മനസ്സിന്‍റെ ഉയര്‍ച്ചയും, അതിന്‍റെ പൂര്‍ണ്ണതയുമാണ് മഹായുക്തിബോധം. അങ്ങ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ശിവാനന്ദത്തിന്റെ, ബ്രഹ്മാനന്ദത്തിന്റെ, പരമാനന്ദത്തിന്റെ സങ്കേതം സത്യബോധമാണ്. അത് ഒരു സൂക്ഷ്മ ഭൂതചേതനയാണ്. മുനിഗുരുവിലും ഖിദറിലും നമ്മിലും ഉള്ള സത്യബോധം ഒന്ന് തന്നെയാണ്. അഹന്തയിലും അശുദ്ധിയിലും ബുദ്ധിയിലുമാണ് വിത്യാസം നിലകൊള്ളുന്നത്. പരിശുദ്ധിയിലുടെയും ധര്‍മ്മത്തിലുടെയും പശ്ചാത്താപത്തിലുടെയും സഹനത്തിലുടെയും ത്യാഗത്തിലുടെയും നിഷ്പക്ഷതയിലുടെയുമാണ് ശിവാനന്ദയിലോട്ടുള്ള വാതില്‍ തുറക്കപ്പെടുന്നത്.
മുനികുമാരൻ.
വണക്കം പ്രഭോ. ചൈനയില്‍ നിന്ന് ഒരു പണ്ഡിതസംഘം എത്തിയിട്ടുണ്ട്. സ്വര്‍ണ്ണസിന്ദൂരവും ഒരു കുടം തേനും കറുകപ്പട്ടയും രസസിന്ദൂരവും സമ്മാനമായി സമര്‍പ്പിച്ചിട്ടുണ്ട്.
മഹാഗുരു.
പുറംരാജ്യങ്ങളില്‍ നിന്നുള്ള പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് സംഘനിയമങ്ങള്‍ക്ക് എതിരാണ്. സംഘാംഗങ്ങള്‍ അല്ലാത്ത ഇവിടത്തെ പാവങ്ങള്‍ക്ക് അവര്‍ തന്നെ അത് വിതരണം ചെയ്യട്ടെ. ചൈനയില്‍ നിന്നുള്ള പണ്ഡിത സംഘങ്ങളെയും കച്ചവടസംഘങ്ങളെയും പ്രത്യേകം ആദരിച്ച് സൽക്കരിച്ചാലും, സന്തോഷിപ്പിച്ചാലും. അവര്‍ എത്രപേരുണ്ട് മുനികുമാരാ?
മുനികുമാരൻ.
മാര്‍ഗശീര്‍ഷ മാസത്തിന് മുന്‍പേ തന്നെ ഇവരെല്ലാം മഹാരാജ് ഗന്ജില്‍ എത്തിയിരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗുരുവേ, അവരില്‍ കുറച്ചുപേര്‍ അങ്ങയുടെ ദര്‍ശനം ആഗ്രഹിക്കുന്നു. അവര്‍ കിഴക്കന്‍ ദേശത്തിലെ ഗുരുശ്രേഷ്ടര്‍ കൂടിയാണ്. ബാല്യവും കൌമാരവും യൌവ്വനവും എങ്ങിനെയോ കഴിഞ്ഞുപോയി. വാര്‍ദ്ധക്യം പകുതിയും കഴിഞ്ഞു. പാപബോധം വിടാതെ തന്നെ അലട്ടികൊണ്ടിരിക്കുന്നു. മരണമുഹൂര്‍ത്തം അടുത്തുവരുന്നു. ഇനിയുള്ള കാലത്തെങ്കിലും ദുഃഖത്തില്‍ നിന്ന് രക്ഷ നേടി എങ്ങിനെ ശാന്തിയോടെ ജീവിക്കാനാകും എന്നത് സംബന്ധിച്ച് അങ്ങയില്‍ നിന്ന് നേരിട്ട് ജ്ഞാനസൂത്രം ഗ്രഹിക്കാന്‍ താൽപര്യപ്പെടുന്നതായി അറിയിച്ചിരിക്കുന്നു. ഇന്ന് സന്ദര്‍ശകരായി ഏഴ് പേര്‍ ഉണ്ട്. ഇവരുടെ സംഘത്തിലെ ഏതാനും പേര്‍ അന്നപൂര്‍ണ്ണയില്‍ വെച്ച് പകര്‍ച്ചവ്യാധിയെന്നോണം മരണപ്പെടുകയുണ്ടായി. കുറച്ച് പേര്‍ മഹാരാജ് ഗന്ജില്‍ കിടപ്പിലാണ്. രാത്രിയിലെ തണുപ്പും പകലത്തെ ചൂടും ഇവര്‍ക്ക് ഇണങ്ങുന്നില്ല എന്ന് തോന്നുന്നു.
മഹാഗുരു.
അവര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ക്ക് ഏര്‍പ്പാട് ചെയ്യുക. നമ്മുടെ സംഘത്തില്‍ വിതരണം ചെയ്യുന്ന ആഹാരത്തിന്‍റെയും ജലത്തിന്‍റെയും ശുദ്ധത ഉറപ്പാക്കണം. വ്യക്തിശുചിത്വത്തിന്‍റെയും പരിസരശുചിത്വത്തിന്‍റെയും ആവശ്യകത സംഘാംഗങ്ങളെ ബോധ്യപ്പെടുത്തണം. ഖിദര്‍മുനി എവിടെയാണ്?
മുനികുമാരൻ.
ഗൊരാഖ്പൂറില്‍ നിന്ന് എത്തിയ സംഘാംഗങ്ങളും വൈശാലിയില്‍ നിന്നുള്ള വസ്ത്രവ്യാപാര സംഘാംഗങ്ങളും പകര്‍ച്ചവ്യാധി മൂലമുള്ള അങ്കലാപ്പിലാണ്. അവര്‍ക്ക് കറുപ്പ്, നഞ്ച്, അതിവിടിയം, ആവണക്ക്, തുളസി, കുരുമുളക്, സാംബ്രാണി, പാഷാണം, വെളുത്തുള്ളി, അമര കാഞ്ഞിരഇത്തിക്കണ്ണി, ദേവദാരു, ശീതകര്‍പ്പൂരം എന്നിവ കൂട്ടി അരച്ച് തയ്യാറാക്കിയ ഔഷധക്കൂട്ട് ചെവിയില്‍, ശിരസ്സില്‍, കഴുത്തിൽ, നെഞ്ചില്‍, പൊക്കിളിന് താഴെ, കണംക്കൈ, ഉള്ളകൈ, കണങ്കാല്, ഉള്ളംകാല് തുടങ്ങിയ മര്‍മ്മഭാഗങ്ങളില്‍ അഭിഷേകചികിത്സ ചെയ്യുകയാണ്.
മഹാഗുരു.
മുനികുമാരാ, ഇന്ന് പൗർണ്ണമിയല്ലേ? നാളെ രാവിലെ ശീത ഔഷധങ്ങളും ഒപ്പം ചന്ദനമരത്തില്‍ നിന്ന് ഇത്തിക്കണ്ണിയും മറ്റു ശേഖരിക്കാനുള്ളതല്ലേ? അതിനുള്ള ഒരുക്കങ്ങൾ നടത്തിയോ? സ്വര്‍ണ്ണ അരിവാള്‍ കഴുകി വെച്ചുവോ? അങ്ങേക്ക് മറവി ബാധിക്കുന്നുണ്ടോ? കുങ്കുമപ്പൂവ് മുക്കിയ മേലങ്കി മോടിയാക്കുന്നതിലും മുഖം ക്ഷൗരം ചെയ്യുന്നതിലും മാത്രമായൊ ശിഷ്യന്മാര്‍ അങ്ങയെ ഓര്‍മ്മപ്പെടുത്തുന്നത്? ഭൂട്ടാനില്‍ നിന്നുള്ള കൂണും മുളകും കഴിക്കുന്ന പതിവ് അങ്ങ് നിര്‍ത്തിയോ?
സംഘാംഗങ്ങളെ പ്രാണായാമം പഠിപ്പിക്കുന്നതും, യൌവ്വനം പിന്നിട്ടവരെ ഋതുചര്യയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതും വ്യാധിക്കാര്‍ക്ക് മരുന്ന് അഭിഷേകം ചെയ്യുന്നതും ശ്രേഷ്ടമായ കാര്യം തന്നെയാണ്. ഏത് ഗോത്രക്കാരന്‍ ആയാലും പണ്ഡിതന്‍ ആയാലും അധികാരി ആയാലും വേഷക്കാരി ആയാലും വിധിക്കാരൻ ആയാലും തൊപ്പിക്കരൻ ആയാലും വൈദ്യനായാലും ധര്‍മ്മവാദി ആയാലും നെഞ്ചില്‍ പ്രാണവായു യഥാവിധി തോതിൽ എത്തുന്നുണ്ടോ, ജീവവായു ദേഹം മുഴുവന്‍ വ്യാപിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ സ്വയം പരിശോധിക്കുന്നത് നന്ന്.
ആദ്യം രണ്ട് ദ്വാരങ്ങളിലൂടെയും അശുദ്ധവായുവിനെ പുറത്ത് കളഞ്ഞ് നെഞ്ചിൽ ശുദ്ധവായുവിന് ഒരു ഇരുപ്പിടം ഒരുക്കണം. അന്തരീക്ഷവായുവിനെ മൂക്കിന്‍റെ രണ്ട് ദ്വാരത്തിലൂടെയും വയര്‍ വീര്‍ക്കും വിധത്തില്‍ ദീര്‍ഘമായി ഉള്ളിലോട്ട് വലിക്കണം. നെഞ്ചില്‍ എത്തിയ വായുവിനെ പിടിച്ചുവെച്ച് ദേഹം മുഴുവന്‍ വ്യാപിക്കാന്‍ അനുവദിക്കണം. പ്രാണവായുവിനെ ഒരു ദ്വാരത്തിലൂടെയും കളയാതെ ഇത്തിരി നേരം പിടിച്ചുവെയ്ക്കണം. തുടർന്ന് വായുവിനെ സാവധാനം മൂക്കിലൂടെ പുറത്തുവിടണം. തുടർന്ന് ഇത്തിരി നേരം ശ്വസിക്കാതിരിക്കുന്നതാണ് പ്രാണായാമം.
ദേഹത്തില്‍ വിഷം വിവിധ രീതിയില്‍ എത്തിച്ചേരാം. അളവ് ലഘുവായാലും വിഷം എപ്പോഴും വിഷം തന്നെയാണ്. വിഷങ്ങളെ തിരിച്ചറിയുന്നതും അതിനെ നിർവീര്യമാക്കുന്നതിലും ഉള്ള പ്രാപ്തി സംഘാംഗങ്ങൾ കാലോചിതമാക്കണം. കൈവിഷം പ്രയോഗിക്കുന്നത്, അതിന് തന്ത്രം പയറ്റുന്നത്, അതില്‍ കൂട്ടാളിയാകുന്നത് എല്ലാം പ്രജ്ഞാപരാധമാണ്. അതിൽ ഗുരുശിഷ്യ ഭേദം ഇല്ല. മുഖവും കൈകളും കാരം ഉപയോഗിച്ച് കഴുകണം എന്ന് എല്ലാ സംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്കുക. അമ്ലാഹാരം കുറയ്ക്കാനും ശുദ്ധജലം കൂടുതല്‍ കുടിക്കാനും പ്രത്യേകം നിര്‍ദേശിച്ചാലും. ആരോഗ്യസംരക്ഷണമാണ് രോഗപ്രതിരോധം. വിഷത്തില്‍ ശോധനചികിത്സ സാദ്ധ്യമല്ലെങ്കിൽ സമാനമായ മറ്റൊരു വിഷം കൊണ്ട് വിഷത്തെ നിര്‍വ്വീര്യമാക്കണം. പ്രയാസ ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലകൊണ്ടാൽ മറ്റൊരു വിഷം കൊണ്ട് തഥര്‍ത്തകാരി ശമനചികിത്സ ചെയ്യണം.
അങ്ങ് എന്തിനാണ് ഈ സന്ദര്‍ഭത്തില്‍ മഹാ ശുദ്ധബോധം സംബന്ധിച്ച് സംശയനിവാരണത്തിന് തുനിഞ്ഞത്? ആഗന്തുജവ്യാധികള്ക്ക് കാരണമായ ദോഷങ്ങളെ അങ്ങ് ഭയപ്പെടുന്നുവോ? വാവ് അനുബന്ധിച്ച് അങ്ങയിൽ രൂപപ്പെട്ട ചേതനാ ഓളം പ്രയാസപ്പെടുത്തുന്നുവോ? ഇന്ന് ദക്ഷിണായനത്തിലെ അവസാനത്തെ വെളുത്തവാവ് ദിവസമല്ലേ? പൌര്‍ണമിയില്‍ ഖിദറിന് ശ്വാസം വലിക്കാന്‍ പ്രയാസം അനുഭവപ്പെടാറുള്ളതല്ലേ? ഔഷധനിര്‍മ്മാണം അവസാനിപ്പിക്കാനും വിശ്രമിക്കാനും ഖിദര്‍മുനിയോട് നിര്‍ദേശിച്ചാലും.
ഖിദര്‍മുനിക്ക് ശ്വസിക്കാന്‍ പ്രയാസപ്പെട്ട് കണ്ടാൽ, എക്കിള്‍ കലശമായാല്‍ മുതുക് ഭാഗം തടവികൊടുക്കണം. നട്ടെല്ല് ഭാഗത്ത് ആദ്യം മേലോട്ടും തുടര്‍ന്ന് കീഴോട്ടും തടവണം. ഉള്ളംകൈയ്യുടെ മദ്ധ്യഭാഗത്ത് കീഴോട്ട് എന്നോണം നിരവധി തവണ ഉരസി കൊടുക്കണം. തുളസി, തേയില, സോമലത, ഇരട്ടിമധുരം, കുരുമുളക് എന്നിവ ഇട്ട് തിളപ്പിച്ച പാനീയം ചെറുചൂടോടെ ഇത്തിരി ഇത്തിരിയായി കുടിക്കാനായി പ്രേരിപ്പിക്കണം. ചൈനക്കാരെയും പരദേശികളെയും അഭിമുഖീകരിക്കുമ്പോള്‍ അംഗങ്ങള്‍ എല്ലാവരും തുവാലകൊണ്ട് മുഖം മറയ്ക്കണം.
ആരോഗ്യസംരക്ഷണമാണ് മുഖ്യകാര്യം. രോഗങ്ങള്‍ പിടിപെട്ടാല്‍ രോഗീചികിത്സക്ക് മുന്‍ഗണന നല്‍കണം. ആഗന്തുജരോഗങ്ങള്‍ സ്വയം ഭേദമാകുന്നവയാണ്. നിജരോഗം പിടിപെട്ടാല്‍ മരുന്ന് മുറ തെറ്റിക്കാതെ കഴിക്കണം. പഥ്യങ്ങള്‍ പാലിക്കണം. രോഗം ഗുരുതരമായാല്‍ ഗണമരുന്നുകള്‍ പ്രായോഗിക്കണം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെയാണ് നാം വിലക്കിയത്. ശരീരത്തില്‍ നിന്ന് ദേഹഭാഗങ്ങളെ നീക്കം ചെയ്യുന്നത് ജീവാപരാധമാണ്.
മുനികുമാരൻ.
മഗധയിലും കാഞ്ചീപുരത്തും മധുരയിലും ആളുകള്‍ കൂട്ടത്തോടെ പകര്‍ച്ചജ്വരം മൂലം മരിക്കുന്നുവത്രെ. ഒരു മാസക്കാലം വീടിനുള്ളില്‍ തന്നെ കഴിയണമെന്നും രാജകല്‍പ്പനയുമുണ്ട്. ആളുകള്‍ ഭരണദുരിതത്തിലും മരണഭീതിയിലുമാണ്.
മഹാഗുരു.
ഖിദര്‍ മുനിയോട് നമ്മെ ഇപ്പോള്‍ തന്നെ മുഖം കാണിക്കാന്‍ പറയുക. പുതിയ മരുന്ന് തയ്യാറാക്കുന്നതിന് ഖിദര്‍ മുനിയുടെ സഹായം വേണ്ടതുണ്ട്.
മുനികുമാരൻ.
ദോഷബലങ്ങൾ, വിഷങ്ങള്‍, രോഗഘടകങ്ങൾ, ലഹരിദ്രവ്യങ്ങള്‍ എന്നപോലെ വിഷയിനത്തില്‍ പെട്ട മരുന്നുദ്രവ്യങ്ങളും തമസ്സ് തന്നെയല്ലേ? രോഗാവസ്ഥയില്‍ ആയാലും തമസ്സ് ഇനങ്ങള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നത് അയാളിലെ സഹജ സ്വാതികഗുണങ്ങളെ ഇല്ലായ്മ ചെയ്യുകയില്ലേ? ഇപ്പോള്‍ നമ്മുടെ കൈവശമുള്ള സ്വാതിക ഔഷധങ്ങളെ തന്നെ അവലംബിച്ചാല്‍ മതിയാകില്ലേ? നവമരുന്നിന്റെ ചേരുവകള്‍ അറിയിച്ചാല്‍ ഓരോ ദേശത്തിലെയും സംഘാംഗങ്ങള്‍ കൊണ്ട് തന്നെ അത് തയ്യാറാക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യാം.
മഹാഗുരു.
കായചികിത്സയും വിഷചികിത്സയും വിഭിന്നമാണ്. ലഘുവായ ആഗന്തുജരോഗങ്ങളില്‍ ശമനമരുന്നുകള്‍ വിരുദ്ധരീതിയില്‍ പ്രയോഗിക്കുന്നത് പാപമാണ്. വിഷചികിത്സയിലും ഗുരുതരമായ ആഗന്തുജരോഗങ്ങളിലെ ചികിത്സയിലും സൂക്ഷ്മത വേണ്ടതുണ്ട്. മുണ്ഡന വൈദ്യരീതികളിലും നമ്മുടെ യുക്തിയിലും അങ്ങ് തലയിടേണ്ടതില്ല. രോഗത്തില്‍ പാലിക്കേണ്ട പഥ്യകാര്യങ്ങള്‍ മാത്രം സംഘാംഗങ്ങള്‍ അറിഞ്ഞാല്‍ മതി. അങ്ങ്‍ മതിയാവുന്നിടത്തോളം ഭിക്ഷ പിരിച്ചാലും. സംഘാംഗങ്ങളുടെ വഴിപാട് കണക്കും അവരുടെ അരികണക്കും സുക്ഷിച്ചോളൂ. സംഘം ഇനിയും വികസിക്കേണ്ടതുണ്ട്, പ്രസ്ഥാനം നമ്മുടെ കാലശേഷവും നിലകൊള്ളേണ്ടതുണ്ട് എന്ന നിലപാട് വേണ്ടതില്ല. അത് ധര്‍മ്മം തന്നെ നോക്കികൊള്ളും.
ഇത് രാജ്യധര്‍മ്മത്തിനുള്ള മുഹൂര്‍ത്തമാണ്. ഇവിടെയുള്ള സംഘത്തില്‍ നിന്ന് കുറച്ച് ചരകവൈദ്യന്മാരെയും ചിന്താമണി വൈദ്യന്മാരെയും തിരുവഞ്ചിക്കുളം മതിലകത്തോട്ടും രാമേശ്വരത്തോട്ടും അയക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുക. മരുന്ന് അധികം വെയില്‍ ഏല്‍ക്കാതെയും കാറ്റ് ഏല്‍ക്കാതെയും കൊണ്ടുപോകണമെന്ന് അവരോട് പ്രത്യേകം പറയണം. പോകുന്ന വഴിക്കുള്ള പ്രഭുകൊട്ടാരങ്ങളെയും വാണിജ്യസംഘങ്ങളെയും ആദ്യഘട്ടത്തില്‍ അവഗണിക്കാന്‍ പറയണം. നമ്മുടെ അടുത്ത് നിന്നാണ് വരുന്നത് എന്ന കാര്യം രഹസ്യമായി വെയ്ക്കാന്‍ പറയണം.
മുനികുമാരൻ.
മഹാമാരിയുടെ രണ്ടാം തരംഗവും മൂന്നാം തരംഗവും വകഭേദങ്ങളും ഉണ്ടത്രെ. മഹാമാരിക്ക് സിദ്ധൌഷധം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാഗിയിലെ ചക്രവര്‍ത്തി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടത്തെ രാജാവിന്‍റെ ഇംഗിതം എന്താണാവോ? പകര്‍ച്ചരോഗം മൂലം മരണപ്പെട്ടവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്ന രീതി, മരണപ്പെട്ടവരെ ആദരിക്കുന്ന ചടങ്ങ് മംഗോളിയ ദേശത്ത് നിലവിലുണ്ടത്രെ. നമ്മുടെ ധര്‍മ്മസംഘങ്ങളെ നശിപ്പിക്കാന്‍ ലക്‌ഷ്യമിട്ട് ചൈനയില്‍ നിന്നുള്ള ചാരന്മാര്‍ കൊണ്ടുവന്നതാണ് മഹാമാരി എന്ന് ഒരു കിംവദന്തി കേൾക്കുകയുണ്ടായി. നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു.
മഹാഗുരു നട്ടെല്ല് നിവര്‍ത്തി വടക്കോട്ട് അഭിമുഖമായി ഇരുന്നു. കൈകള്‍ നീട്ടി പെരുവിരൽ രണ്ടും മടക്കി വിരലുകൾ മുന്നോട്ട് പലതവണ ചലിപ്പിച്ചു. കൈപാദം മുകളിലോട്ടാക്കി പിടിച്ച്, കണ്ണുകള്‍ അടച്ച് മന്ത്രിച്ചു. സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്.
കിഴക്കന്‍ ചക്രവാളത്തില്‍ നിന്ന് ശീതനിലാവിന്‍റെ വെളിച്ചം മഹാഗുരുവിന്‍റെ മുഖത്ത് തിളങ്ങികൊണ്ടേയിരുന്നു. ഖിദര്‍മുനി അടുത്ത് വന്ന് മഹാഗുരുവിനെ വണങ്ങി. മുനിഗുരുവിനെയും വണങ്ങി. വിനീതനായി തിരിഞ്ഞ് പിന്നോട്ട് നടന്നു. വടക്കുനിന്നും കിഴക്കുനിന്നും ജ്വരക്കാറ്റ് ആഞ്ഞുവീശി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശുക്രഗ്രഹം ഒറ്റയാനായി മിന്നികൊണ്ടിരുന്നു. ദേവദാരുവിലെയും ചന്ദനമരത്തിലെയും സാംബ്രാണി മരത്തിലെയും കാഞ്ഞിരത്തിലെയും ഇത്തിക്കണ്ണിയെ നോക്കി കുറാശാണിപൂവ്വും ആടലോടകപൂവ്വും അതിവിടിയപൂവ്വും മല്ലികപുവ്വും നൃത്തം ചെയ്ത്‌കൊണ്ടേയിരുന്നു.
ഖിദര്‍മുനി (ആത്മഗതം).
അഹന്തയും സത്യബോധവും എന്നപോലെ, കരയും കടലും എന്നപോലെ, ഇരുട്ടും വെളിച്ചവും എന്നപോലെ, ജനനവും മരണവും എന്ന പോലെ ശിഷ്യനും ഗുരുവും രണ്ടും രണ്ടാണ്. ഭൂമിയിലെ ഓരോ വ്യക്തിയും വിത്യസ്തരാണ്. വ്യക്തികളിലെ സഹജവാസനകളും ദേഹധാതുക്കളും ഇന്ദ്രിയശേഷികളും മനസ്സും സങ്കൽപ്പങ്ങളും ബുദ്ധിയും ശുദ്ധിയും അശുദ്ധിയും അനുഭവങ്ങളും കര്‍മ്മവും കര്മ്മഫലങ്ങളും ബലവും ബലക്കേടും എല്ലാം വിത്യസ്തമാണ്. ശുദ്ധബോധം ഏകമാണ് എന്നതിന് വ്യക്തിതലത്തിൽ പ്രസക്തിയൊന്നുമില്ല.
ബോധം, അഹന്ത, ജീവന്, മനസ്സ്, ദോഷബലങ്ങള്, സൂക്ഷ്മജീവികള്‍ തുടങ്ങിയവ ലഘുവാണ്. ലഘുവായ ഒന്നിനെ പരിണമിപ്പിക്കാന്‍ ലഘുവായ ദ്രവ്യങ്ങള്‍ ഉതകും. ആകാശം, വായു, അഗ്നി എന്നീ ഭൂതങ്ങള്‍ കലര്‍ന്ന ദ്രവ്യങ്ങള്‍ ലഘുവാണ്. ഇന്ദ്രിയങ്ങളെക്കാള്‍, മനസ്സിനേക്കാള്‍, ജീവനേക്കാള്‍, ദോഷശക്തിയെക്കാള് മേന്മയുള്ള ഒരു ലഘു ചേതനാംശത്തെ, ഊർജ്ജത്തെ സംഘടിപ്പിക്കാനായാല്‍, അതിനെ സന്ദര്‍ഭോചിതം പ്രയോജനപ്പെടുത്താനായാല്‍ വേദനാദുരിതങ്ങളില്‍ നിന്ന് ദീർഘനാൾക്ക് മോചനം നേടാനായേക്കും. അത്തരത്തിലുള്ള ചേതനാദ്രവ്യങ്ങളെ, ചേതനാ ഊർജ്ജങ്ങളെ സംഘടിപ്പിക്കണം.
ജന്തുകുലത്തിന് തൊട്ടുമുന്‍പുള്ളത് സസ്യവർഗ്ഗമാണ്. ജീവനെ നശിപ്പിക്കുന്ന സസ്യ സാരംശത്തിന് ക്ഷീണിച്ച ജീവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും കഴിയും എന്നൊരു ആപ്തവാക്യമുണ്ട്. വേദന, ദുഃഖം എന്നിവയെ ശമിപ്പിക്കാന്‍, ജീവശക്തിയെ ഉത്തേജിപ്പിക്കാന്‍, അശാന്തിയെ പരിഹരിക്കാന്‍, ശുദ്ധബോധത്തെ സന്ധിക്കാൻ, പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍ ചിലയിനം സസ്യസാരാംശങ്ങള്‍ സഹായകമാണ്. ഇവയെയും സസ്യങ്ങളുടെ പൂര്‍വ്വികരായ ചുണ്ണാമ്പ് മണ്ണിനെയും ധാതുമണല്‍ സാരംശങ്ങളെയും ശനി രസ ലോഹാംശങ്ങളെയും പ്രയോജനപ്പെടത്താനാകണം. അതുവഴി ദീർഘായുസ്സ്, ആനന്ദം എന്നിവ അനുഭവിക്കാനാകും.
അന്വേഷിക്കുന്നത് എന്താണോ അത് ലഭിക്കും. തുളസിയെ അന്വേഷിച്ചാല്‍ തുളസി കിട്ടും. കരിഞ്ചീരകവും കാട്ടുജീരകവും കാല്മെഗും കാരസ്ക്കരവും അമരയും ആവണക്കും ഓക്കും മല്ലികയും മീറയും അന്വേഷിച്ചാല്‍ അവയും കിട്ടും. അഭിഷേകതൈലം അന്വേഷിച്ചാൽ അഭിഷേകതൈലം കിട്ടും. അർത്ഥം അന്വേഷിച്ചാൽ അർത്ഥസത്തും കിട്ടും. അതിവിടിയവും മല്ലികപൂവ്വും മീറയും ഗുല്‍ഗുലുവും യൂക്കാലിപ്റ്റസ് തേനും മുന്തിരിയും ആൽഫാൾഫയും ക്വാസിയയും കരിങ്ങാലിയും ശേഖരിക്കണം.
ശൂന്യാകാശത്ത് നിന്നുള്ള ചില ഊർജ്ജങ്ങൾ ഭൂമിയിൽ പതിക്കുമ്പോഴാണോ പകർച്ചരോഗങ്ങള്‍ വ്യാപകമാകുന്നത്? വിജ്ഞാനസമ്പാദനത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോള്‍, പ്രബോധന സംവിധാനങ്ങൾ കൂടിയപ്പോള്‍ അധമ മനസ്സുകളുടെയും ദോഷകൃമികളുടെയും തോത് കുറയുന്നതിന് പകരം വർദ്ധിക്കുകയാണോ ചെയ്തത്? ഉഷ്ണ വികീരണപ്രയാസങ്ങൾക്ക് പ്രതിവിധി ഉഷ്ണ വികീരണം തന്നെയാണ്. സൂര്യദോഷങ്ങൾക്ക് പരിഹാരം സൂര്യബലം തന്നെ. ജര പ്രയാസങ്ങൾക്ക് പ്രതിവിധി ജര (ചവർപ്പ് ദ്രവ്യങ്ങൾ) തന്നെ.
മുനികുമാരൻ.
അങ്ങ് എന്താണ് ആലോചിക്കുന്നത്? പുനര്‍ജന്മം സംബന്ധിച്ച് പറഞ്ഞുതന്നാലും. മരണശേഷം ദേഹം ഭൂമിയുടെ ഭാഗമാകും. മനസ്സ്, ആത്മാവ് എന്നിവയുടെ ഗതി എപ്രകാരമാണ്? ആനന്ദം, പൂര്‍ണ്ണായുസ്സ് എന്നിവ അനുഭവിക്കുന്നതിന് ഒരു ഉപാധി ഉപദേശിച്ചാലും.
ഖിദര്‍.
മനസ്സ് അനുഭവിക്കുന്ന ഒരു അനുഭൂതിയാണ് ആനന്ദം. അത് അനുഭവിക്കണമെങ്കില്‍ ദേഹത്തെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും ശുദ്ധിയില്‍, ആരോഗ്യത്തില്‍ സംരക്ഷിക്കാനാകണം.
പ്രപഞ്ചത്തില്‍ എല്ലാം പരിണാമാന്മകമാണ്. പ്രപഞ്ചത്തില്‍ സ്ഥൂലവും സൂക്ഷ്മവും ആയ ദ്രവ്യങ്ങള്‍ ഉണ്ട്. ഊര്‍ജ്ജവും ഊര്‍ജ്ജ ഇതര ഘടകങ്ങളും ഉണ്ട്. ഊര്‍ജ്ജം തന്നെ നാനാവിധമുണ്ട്. ജീവജാലങ്ങളില്‍ ദ്രവ്യം കുറഞ്ഞാല്‍, ഊര്‍ജ്ജം കുറഞ്ഞാല്‍, ദ്രവ്യങ്ങളുടെയും ഊര്‍ജ്ജങ്ങളുടെയും ഏകോപനം നഷ്ടപ്പെട്ടാല്‍ രോഗങ്ങള്‍ പിടിപെടും. ഭൂതശൂന്യ ഊര്‍ജ്ജം ഇല്ലാതായാല്‍, ഭൂമി ഘടകങ്ങൾ ഏറിയാൽ ആയുസ്സ് ഇല്ലാതെയാകും.
അഗ്നി ഒരു ഊര്‍ജ്ജമാണ്. വിറകില്‍ അഗ്നി ഒളിഞ്ഞിരിപ്പുണ്ട്. ഓരോ വിറകിലെയും അഗ്നിയുടെ തോത് വിത്യസ്തമാണ്. അഗ്നി ഇന്ദ്രിയവിഷയം ആകുന്നത് വിറക് കത്തുമ്പോള്‍ മാത്രമാണ്. വിറകിനെ കത്താന്‍ സഹായിക്കുന്നത് വായുഭൂത ഊര്‍ജ്ജമാണ്. അഗ്നി വിറകില്‍ നിലകൊള്ളുന്നത് ഒരു ഭൂതഇടത്തിലാണ്. ഭൂതഇടം, ഭൂതശൂന്യത ഒരു അജ്ഞാത ഊര്‍ജ്ജത്തിന്‍റെ അംശമാണ്. അജ്ഞാത ഊര്‍ജ്ജത്തിന് സ്ഥിരതയുണ്ട്. വിറക്, അഗ്നി, ചാരം എന്നിവ പരിണാമാന്മകമാണ്, സത്യമല്ല. ഭൂതശൂന്യത ഊര്‍ജ്ജം സനാതനമാണ്, സത്യമാണ്. ശുദ്ധബോധം തന്നെയാണ് സത്യം.
വിറക് കത്തി ബാക്കി വരുന്ന ചാരത്തില്‍ അഗ്നിയില്ല. ചാരത്തില്‍ വായു മാത്രം പ്രവേശിച്ചാല്‍ അഗ്നി പ്രകാശിക്കുകയുമില്ല. ചാരം നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിറക് ആകും. ചാരത്തിന് അഗ്നിയാകാന്‍ ഭൂതശുന്യഊര്‍ജ്ജവും സ്ഥൂലഊര്‍ജ്ജങ്ങളും മറ്റു മൂലകങ്ങളും വേണം. ചാരത്തിന് വീണ്ടും വിറക് ആകാന്‍, അഗ്നിയാകാന്‍ ദീര്‍ഘമായ കാലം വേണ്ടതുണ്ട്. പുനര്‍ജന്മത്തിന് കാലത്തിന്‍റെ അനുഗ്രഹം വേണ്ടതുണ്ട്. മാറ്റങ്ങളോടെയുള്ള പരിണാമം തന്നെയാണ് പുനര്‍ജന്മം. കാലം മായയാണ്. മായ തന്നെയാണ് പരിണാമം. കാലം, മായ, പരിണാമം എന്നത് ശുദ്ധബോധത്തിന്റെ വിശേഷങ്ങളുമാണ്.
ഓജസ്സ് ക്ഷയിച്ച്, ധാതുക്കൾ വിഘടിക്കുന്നതാണ് മരണം. മനുഷ്യനിൽ മൃഗമനസ്സ്, സങ്കൽപ്പമനസ്സ്, യുക്തിമനസ്സ്, വിവേകമനസ്സ് എന്നിങ്ങനെ മനസ്സ് നാല് തരം ഉണ്ട്. വികാരം, വിചാരം, വിവേകം എന്നീ ധർമ്മങ്ങൾക്ക് മസ്തിഷ്ക്ക അവയവം ആവശ്യമാണ്. വിഷയങ്ങളെ സ്വീകരിക്കാൻ ഇന്ദ്രിയങ്ങളും വേണം. ജീവന്‍ നശിക്കുമ്പോള്‍ അവയവങ്ങള്‍,ഇന്ദ്രിയങ്ങള്‍, മസ്തിഷ്കം എന്നിവ നശിക്കും. വിവേക അവബോധമനസ്സ് ഉയർന്ന് സ്വതന്ത്ര അവസ്ഥ നേടിയാൽ അത് മരണഘട്ടത്തിൽ ദേഹത്തിൽ നിന്ന് ഊർജ്ജ രൂപേണ വേർപെട്ട് പോകും. അജ്ഞാതമായ മഹാനിയമങ്ങൾക്ക് വിധേയമായി, അജ്ഞാതമായ കാലനിയമങ്ങൾക്ക് വിധേയമായി വീണ്ടും വിവിധ പ്രായത്തിലുള്ളതും അനുയോജ്യവും ആയ ആളുകളിലെ മനോ ഊർജ്ജത്തോടൊപ്പം ചേരും. വികാസം പ്രാപിച്ച, തരംതിരിവ് ശേഷിയെ അതിജീവിച്ച് തൃപ്തി നേടിയ, നിർവാണം പ്രാപിച്ച ഉയർന്ന ശുദ്ധ അവബോധമെങ്കിൽ അത് മഹബോധത്തിൽ, മഹാശൂന്യതയിൽ ലയിക്കും.
ആരോഗ്യം എന്നപോലെ രോഗവും ഏകമാണ്. വിവിധ പ്രായത്തിൽ, വിവിധ ഋതുക്കളിൽ അനുഭവപ്പെടുമ്പോൾ; വിവിധ ധാതുക്കൾ, ഭാഗങ്ങൾ, അവയവങ്ങൾ എന്നിവയിലൂടെ പ്രകടമാകുമ്പോൾ രോഗങ്ങൾ വിത്യസ്തങ്ങളാണ് എന്ന ഒരു തോന്നൽ ജനിക്കും. രോഗത്തെ പരിഹരിക്കുന്നതിനും പൂര്‍ണ്ണായുസ്സ് അനുഭവിക്കുന്നതിനും സസ്യസത്ത് ഉതകും. 'വേദനയെ പരിഹരിക്കുന്നത് വേദം'. വേദവും അർത്ഥവും അടുത്തോട്ട് സ്വയം വരില്ല. അതിനെ അന്വേഷിച്ച് പോയി ശേഖരിക്കണം. പൂര്‍ണ്ണായുസ്സ് കാംക്ഷിക്കുന്നുവെങ്കില്‍ ഭൂതശൂന്യത കൂടുതലുള്ള പ്രപഞ്ചപദാര്ത്ഥങ്ങളെ, അമരങ്ങളെ, അര്‍ത്ഥങ്ങളെ കണ്ടെത്തി മിതമായ അളവിൽ വിനയപൂർവ്വം സ്വീകരിക്കണം. സത്ത് അനുഭവിക്കുന്നതിന്, മനോസത്തയുടെ ഉയർച്ച അനുഭവിക്കുന്നതിന്, പൂര്‍ണ്ണായുസ്സ് അനുഭവിക്കുന്നതിന് വേദം കൂടാതെ സസ്യഅര്‍ത്ഥം കൂടാതെ, ധാതുഅര്ത്ഥം കൂടാതെ ഒരു അര്‍ഹത വേണം. വിധിയും വേണം. ശ്രമം, പരിശ്രമം തന്നെയാണ്, കർമ്മഫലം തന്നെയാണ് വിധി.
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏
No comments:
Post a Comment