മൂത്രത്തില്‍ 60% വും ജലമാണ്. ദിനംപ്രതി കുടിക്കുന്ന ജലത്തിന്‍റെയും ചര്‍മ്മം, അന്നപഥം എന്നിവയിലൂടെ പുറംതള്ളുന്ന മാലിന്യത്തിന്‍റെയും തോത് അനുസരിച്ചും കാലാവസ്ഥ, ആഹാരശീലം, മൂത്രം ഒഴിക്കുന്ന തവണ, രോഗങ്ങള്‍ എന്നിവ അനുസരിച്ചുമാണ് അളവിലും മൂത്രഘടനയിലും ഏറ്റകുറച്ചില്‍ ഉണ്ടാകുന്നത്.
വിവിധതരം ക്രിസ്റ്റലുകളുടെയും കൊളോയിഡുകളുടെയും സംയുക്തമാണ് മൂത്രം. യൂറിയ, യൂറിക് ആസിഡ്; സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ഖനീജങ്ങളുടെ ക്ലോറൈഡുകള്‍, ഫോസ്ഫേറ്റുകള്‍, ഓക്സലേറ്റുകള്‍, സള്‍ഫേറ്റുകള്‍ ഉള്‍പ്പെട്ട ലവണങ്ങള്‍; സല്ഫുരിക് അമ്ലം, ഹൈഡ്രോക്ലോറിക് അമ്ലം, ഫോസ്ഫോറിക് അമ്ലം, നൈട്രിക് അമ്ലം, മുസിന്, കൊണ്ട്രിയോട്ടിന് എന്നിവ ഉള്‍പ്പെട്ട കൊളോയിഡുകള്‍ എല്ലാം അലിഞ്ഞ് ചേര്‍ന്ന് ഒന്നിനോടൊന്നു ഒട്ടി ചേരാത്ത രീതിയിലാണ് മൂത്രദ്രാവകത്തിൽ നിലകൊള്ളുന്നത്. ലവണങ്ങളെ പരസ്പരം ഒട്ടിചേര്‍ക്കുന്ന ഘടകങ്ങളും മൂത്രത്തിലുണ്ട്.
കാരണങ്ങള്‍
ലവണങ്ങളുടെ തോത് വര്‍ദ്ധിക്കുകയും കൊളോയിഡുകളുടെ ലായകഗുണം കുറയുകയും, ഇവ തമ്മിലുള്ള അനുപാതം കൂടുകയും ചെയ്‌താല്‍ ലവണാംശങ്ങളുടെ നേരിയ തരികള്‍ വൃക്കയിലെ സൂക്ഷ്മനാളികളിലും മൂത്രനാളികളിലെ സ്തരങ്ങളിലും പറ്റിപ്പിടിക്കും. ക്രമേണ ഇത്തരം തരികള്‍ക്കുമേല്‍ വീണ്ടും വിവിധയിനം തരികള്‍ കൂടി ഊറി അടിയും. ഈ രീതിയിലാണ് മൂത്രവ്യൂഹത്തില്‍ കല്ലുകള്‍ രൂപംകൊള്ളുന്നത്.
രോഗാണുബാധ മൂലവും മൂത്രത്തിന്‍റെ ലായകഗുണം കുറയും. മൂത്രം ഒഴിക്കാതെ അധികനേരം പിടിച്ചുവെയ്ക്കുന്നത് മൂത്രാശയത്തില്‍ അണുബാധയ്ക്കും ഊറലിനും കാരണമാകും.
വിറ്റാമിന്‍ A കുറഞ്ഞാല്‍ അത് മൂത്രവാഹിനിയിലെ ആന്തരികകലകളെ അകാലത്തില്‍ ക്ഷയിപ്പിക്കും. ഇവിടെനിന്ന് അടര്‍ന്നുപോന്ന മൃതകോശ അവശിഷ്ടങ്ങള്‍, രോഗാണുക്കള്‍ എന്നിവയെ കേന്ദ്രമാക്കി കൊണ്ട് കാത്സ്യതരികളും ഒക്സലേറ്റ് തരികളും മറ്റു ലവണ അംശങ്ങളും തുടരെ അടിഞ്ഞുകൂടുമ്പോളാണ് മൂത്രാശയകല്ല് രൂപപ്പെടുന്നത്.
വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി, മൂത്രനാളി എന്നിവയിലെ ജന്മനാലുള്ള വൈകല്യങ്ങള്‍, പാരാ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകൃതങ്ങള്‍, ADH വ്യതിയാനം, അകാലവാര്‍ധക്യം; മാംസ്യം, യൂറിക് ആസിഡ്, ഓക്സ്‌ലേറ്റ്, ഗന്ധകം എന്നിവയുടെ ഉപാപചയ തകരാറുകള്‍, മാനസികസംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്വയം നിയന്ത്രിത നാഡിവ്യുഹത്തിലും അഡ്രിനാലിന്‍ ഗ്രന്ഥിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് അശ്മരിക്കുള്ള മുഖ്യ കാരണങ്ങൾ. ഇവ കൂടാതെ പരിസ്ഥിതിമാറ്റങ്ങള്‍, ജലമലിനീകരണം, ഉഷ്ണ കാലാവസ്ഥ, അമിതാഹാരം, വിരുദ്ധാഹാരങ്ങള്‍, അമ്ല ആഹാരം, വ്യായാമക്കുറവ്, മദ്യപാനം, ഘനലോഹങ്ങൾ, വര്‍ണ്ണദ്രവ്യങ്ങളുടെ ഉപയോഗം, ചെമ്മീൻ, കക്കയിറച്ചി, കല്ലുമ്മക്കായ, കടല, നിലക്കടല, ചീര, ഇലക്കറികൾ തുടങ്ങിയ ആഹാരസാധനങ്ങൾ, രാസ ഔഷധങ്ങൾ എന്നിവയും മൂത്രാശ്മരി രൂപംകൊള്ളുന്നതിന് കാരണമാകുന്നുണ്ട്.
കല്ലുകള്‍ വിവിധ തരം
കാത്സ്യം കല്ലുകള്‍
കേരളത്തില്‍ കണ്ടുവരുന്ന കല്ലുകളില്‍ 80% വും കാല്‍സ്യം ഓക്സലേറ്റ് കലര്‍ന്നവയാണ്. ഓക്സലേറ്റ് കൂടുതലുള്ള ബീറ്റ്റൂട്ട്, ചീര, അണ്ടിപരിപ്പുകള്‍, തക്കാളി, കാബേജ്, കോളിഫ്ളവര്‍, ചേമ്പ്, സോയാബീന്‍, സര്‍ക്കര, ചോക്കലേറ്റ്, കപ്പലണ്ടി, കട്ടന്‍ച്ചായ, കട്ടന്‍കാപ്പി, കുരുമുളക്, കോള തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ അധികം അളവില്‍ കഴിച്ചാല്‍ സാധാരണഗതിയില്‍ ഓക്സലേറ്റ് അധികം അളവില്‍ മൂത്രം വഴി പുറത്തുപോകുമെന്നല്ലാതെ കല്ലുകള്‍ രൂപപ്പെടുകയില്ല. ഓക്സലേറ്റ് അടങ്ങിയ ആഹാരപദാര്‍ത്ഥത്തോടൊപ്പം കാല്‍സ്യം ഉള്ളത് കൂടി കഴിച്ചാല്‍ അവ കുടലില്‍ വെച്ചുതന്നെ കൂടിച്ചേരുകയും മലം വഴി വിസര്‍ജിക്കപ്പെടുകയും ചെയ്യും.
ആരോഗ്യാവസ്ഥയില്‍ കാല്‍സ്യത്തിന്‍റെ തോത് 100 മില്ലിലിറ്റര്‍ രക്തത്തില്‍ ഏകദേശം 7 മുതല്‍ 12 മില്ലിഗ്രാം വരെയാണ്. പാരാ തൈറോയിഡ്‌ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ ഏറ്റകുറച്ചില്‍ മൂലമോ അസ്ഥിതേയ്മാനം, കാന്‍സര്‍രോഗം എന്നിവയെ തുടര്‍ന്നോ പ്ലാസ്മയിലും തുടര്‍ന്ന് മൂത്രത്തിലും കാല്‍സ്യം ലവണം അധികരിക്കമ്പോളാണ് ചിലരില്‍ കല്ലുകള്‍ രൂപംകൊള്ളുന്നത്.
വെയില്‍ അധികം ഏറ്റതുകൊണ്ടോ മറ്റും വിറ്റാമിന്‍ D തോത് ശരീരത്തില്‍ അധികമായാല്‍ ആമാശയത്തില്‍ നിന്ന് കാത്സ്യം കൂടുതലായി ആഗിരണം ചെയ്യപ്പെടും. സാരാംഗ്നി ക്കുറവുകൾ മൂലമുള്ള അകാലവാര്‍ദ്ധക്യം, കരള്‍രോഗങ്ങള്‍, അസ്ഥികളില്‍ കാത്സ്യത്തെ ബന്ധിപ്പിക്കുന്നതിന് വേണ്ട ധാതുസാരാംഗ്നികളുടെ അപര്യാപ്തത, അസ്ഥികളില്‍ നിന്ന് കാത്സ്യത്തെ വേര്‍പ്പെടുത്താന്‍ കാരണമായ ഹോര്‍മോണുകളുടെ ആധിക്യം എന്നിവ മൂലവും കാല്‍സ്യത്തിന്‍റെ തോത് രക്തത്തില്‍ അധികരിക്കും.
പാരാതൈറോയ്ഡ്ഗ്രന്ഥി, അസ്ഥി എന്നിവയിലെ രോഗങ്ങള്‍, ദേഹദ്രാവകങ്ങളില്‍ അമ്ലത വര്‍ദ്ധിപ്പിക്കുന്ന രോഗങ്ങള്‍, ദീര്‍ഘകാലം കിടപ്പിലാകേണ്ടി വന്ന സന്ദര്‍ഭങ്ങള്‍, അമ്ലതയെ അധികരിപ്പിക്കുന്ന ആഹാരയിനങ്ങളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയെ തുടര്‍ന്നും ഇത്തരം അവസ്ഥ സംജാതമാകും. അധികമായുള്ള അധമ കാല്‍സ്യം വൃക്ക വഴി പുറംതള്ളുമ്പോള്‍ പരസ്പരം ഒട്ടിപിടിക്കാന്‍ ഇടവന്നാല്‍ അത് കല്ലുകളായി പരിണമിക്കും.
യുറിക് ആസിഡ് കല്ലുകള്‍
യുറിക് ആസിഡ് ദിനംപ്രതി ഏകദേശം 1ഗ്രാം എന്ന തോതില്‍ മൂത്രം വഴി വിസര്‍ജിക്കപ്പെടുന്നുണ്ട്. ഇതിന്‍റെ അധികഭാഗവും ശരീരകോശങ്ങളുടെ പ്രത്യേകിച്ച് രക്തകോശങ്ങളുടെ അപചയം നിമിത്തം രൂപപ്പെടുന്നവയാണ്. ചെറിയ ഒരു അംശം നാം കഴിച്ച മാംസാഹാരങ്ങളില്‍ നിന്ന് രൂപപ്പെടുന്നുണ്ട്.
യൂറിക് ആസിഡിന്റെ തോത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ സാധാരണ നിലയില്‍ 2 മുതല്‍ 7 മില്ലി ഗ്രാം വരെയാണ്. കരള്‍ രോഗം, അതിരോസ്ക്ളീറോസിസ്; പ്ലാസ്മയില്‍ കൊഴുപ്പ്, ഗ്ലുക്കോസ് എന്നിവയുടെ കുറവ്; ചുവന്ന രക്തകോശങ്ങളുടെ വര്‍ദ്ധനവ്, രക്താര്‍ബുദം, സോറിയാസിസ്, അധികമായ അഡ്രിനാലിന്‍ സ്രവം, ചിലയിനം ആധുനിക ഔഷധങ്ങളുടെ ഉപയോഗം, അമിതഭാരം; പ്യുരിന്‍ അടങ്ങിയ ചാള, അയില, ട്യുണ തുടങ്ങിയ മത്സ്യയിനങ്ങള്‍, ചുവന്ന മാംസം; ചായ, കാപ്പി, ചോക്കളേറ്റ് എന്നിവ അധികം അളവില്‍ ഉള്‍പ്പെട്ട ആഹാരശീലം എന്നിവ മൂലമെല്ലാം യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ വര്‍ദ്ധിക്കും. ഇത് മൂത്രത്തിലൂടെ വിസര്‍ജിക്കുകയോ കാലക്രമത്തില്‍ വിവിധ ദേഹദ്രാവകങ്ങളില്‍ ഊറുകയോ ചെയ്യും. ഇത്തരം കല്ലുകള്‍ ഇളം മഞ്ഞ, ചുവപ്പ് എന്നി നിറത്തിലോ കൂട്ടമായൊ ആണ് കാണപ്പെടുന്നത്.
ഫോസ്ഫേറ്റ് കല്ലുകള്‍
ഫോസ്ഫേറ്റ് കല്ലുകള്‍ രൂപപ്പെട്ടാല്‍ അവ വേഗത്തില്‍ വലുപ്പം വെയ്ക്കും. എളുപ്പം പൊടിഞ്ഞുപോകുന്ന ഇനമാണ്. ക്ഷാരഗുണമുള്ള മൂത്രത്തിലാണ് ഇത് രൂപപ്പെടുന്നത്. നിറം പൊതുവേ വെളുപ്പും ആയിരിക്കും.
സസ്യാഹാരശീലം, രോഗാണുബാധ എന്നിവയെ തുടര്‍ന്നാണ് അമോണിയം, മഗ്നീഷ്യം, ഫോസ്ഫേറ്റ് എന്നിവ ചേര്‍ന്ന മിശ്രിതക്കല്ല് രൂപപ്പെടുന്നത്. നേരത്തെ രൂപപ്പെട്ട കാല്‍സ്യം കല്ലുകള്‍ക്ക് ചുറ്റുമായും ഇത്തരം ലവണങ്ങള്‍ അടിഞ്ഞ് ഊറും.
ബാല്യത്തില്‍ തന്നെ രൂപപ്പെടുന്നയിനമാണ് സിസ്റ്റിന്‍ കല്ലുകള്. മഞ്ഞനിറത്തോട് കൂടിയ കല്ലുകളാണ് ഇവ. പാരമ്പര്യതകരാറുകള്‍ മൂലം ഉണ്ടാകുന്ന ഇത്തരം കല്ലുകള്‍ പലപ്പോഴും ഒന്നിലധികമായി കാണപ്പെടും. ഗന്ധകത്തിന്‍റെ ഉപാപചയ തകരാറ് മൂലം മാംസാഹാരത്തിൽ നിന്നാണ് ഇവ മുഖ്യമായും രൂപപ്പെടുന്നത്. ഇത്തരം രോഗികള്‍ മുട്ട, മത്സ്യം, മാംസം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. ഭക്ഷണത്തില്‍ സോഡിയത്തിന്‍റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്‍ തോത് കുറയ്ക്കുവാന്‍ ദിനംപ്രതി 2 ലിറ്ററിലധികം ജലം കുടിക്കണം.
മിനുസമുള്ളതും ബ്രൌണ്‍ നിറത്തോട് കുടിയതുമായ ചെറിയ ഉരുണ്ടയിനം കല്ലുകളാണ് Xanthine കല്ലുകള്. ജനിതക തകരാറ് മൂലം xanthine oxidase ഇല്ലാതെ വരുന്നതാണ് ഇതിന് കാരണം. അല്ലോപുരിനോള്‍ പോലുള്ള മരുന്നുകളും ചായ, കോള എന്നിവയും ഈ വിഭാഗക്കാര്‍ ഉപേക്ഷിക്കണം.
ലക്ഷണങ്ങള്‍
വൃക്കയിലെ കല്ലുകള്‍ എളുപ്പം പുറത്ത് പോകുകയില്ല. വര്‍ഷങ്ങളോളം തന്നെ മൂത്രതടസ്സം സംബന്ധമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാതെയും വരാം. കല്ലുകള്‍ക്ക് മൂത്രവാഹിനിക്ക് അകത്തുകൂടി ഒഴുകി നീങ്ങാവുന്ന വലുപ്പമേ ഉള്ളൂവെങ്കില്‍ ( < 5 മി.മിറ്റര്‍) അവ വൃക്കയില്‍ നിന്ന് നേരേ മൂത്രസഞ്ചിയില്‍ എത്തും. വലുപ്പം കൂടുതലുള്ള കല്ലുകള്‍ ( > 7 -10 മി.മിറ്റര്‍) വൃക്കയില്‍ നിന്ന് അടര്‍ന്നുമാറി മൂത്രവാഹിനി, മൂത്രസഞ്ചി, മൂത്രനാളി എന്നിവയില്‍ എവിടെയെങ്കിലും എത്തി കുടുങ്ങുകയോ, അതുവഴി കടന്നുപോവുകയോ ചെയ്യുമ്പോഴാണ് കടുത്ത വേദന, രക്തസ്രാവം എന്നിവ അനുഭവപ്പെടുന്നത്. വൃക്കയിലോ മൂത്രസഞ്ചിയിലോ നിലകൊള്ളുന്ന വലിയ കല്ലുകളേക്കാള്‍ മൂത്രവാഹിനിയുടെ മദ്ധ്യഭാഗത്തോ, കീഴറ്റത്തോ പെട്ടുപോയി തടസ്സം ഉണ്ടാക്കുന്ന ചെറിയയിനം കല്ലുകളാണ് പലപ്പോഴും ശക്തമായ വേദനക്ക് കാരണമാക്കുന്നത്.
ആദ്യഘട്ടത്തില്‍ വേദന 20 മുതല്‍ 60 മിനുട്ട് വരെ ദീര്‍ഘിച്ചുനില്‍ക്കും. പിന്നീട് ഇടവിട്ട് ഉണ്ടാകുകയും അത് ഒരാഴ്ച വരെ തുടരുകയും ചെയ്യാം. വേദന നട്ടെല്ലിന്‍റെ പാര്‍ശ്വങ്ങളിലോ വയറിന്‍റെ വശങ്ങളിലോ കേന്ദ്രീകരിച്ച് അനുഭവപ്പെടും. ചിലരില്‍ അവിടെ നിന്ന് അടിവയറ്റിലോട്ടോ തുടയിലോട്ടോ ചിലരില്‍ ലിംഗഭാഗത്തോട്ടോ വ്യാപിക്കുകയും ചെയ്യും. ദേഹം അനങ്ങുമ്പോള്‍ വേദന വര്‍ദ്ധിക്കും. ചൂട് പിടിച്ചാലും അമര്‍ത്തിയാലും വേദനയുടെ തീവ്രത ചിലരില്‍ കുറയുകയും ഇല്ല. ചിലരില്‍ വേദനയോടൊപ്പം ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, വിയര്‍പ്പ്, നെഞ്ചിടിപ്പ്, രക്തസമ്മര്‍ദ്ദ വ്യതിയാനം എന്നിവ കൂടി പ്രകടമാകും. ചിലഘട്ടത്തില്‍ മൂത്രത്തിന് ദുര്‍ഗന്ധം അനുഭവപ്പെടും.
കല്ല് ഒരു വൃക്കയില്‍ മാത്രമാണ് ഉള്ളതെങ്കില്‍ മൂത്രത്തിന്‍റെ അളവിലും ഒഴിക്കുന്ന തവണയിലും വ്യത്യാസം കണ്ടുകൊള്ളണമെന്നില്ല. സൂക്ഷ്മ പരിശോധനയില്‍ വൃക്കയിലുള്ള കല്ലിന്‍റെ വലുപ്പം കൂടി വരുന്നതായി കാണപ്പെട്ടാല്‍ അതേ വശത്തുള്ള വൃക്കയുടെ ശുദ്ധീകരണ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് അനുമാനിക്കണം.
കല്ല് മൂത്രസഞ്ചിയില്‍ ആണെങ്കില്‍ വേദന അനുഭവപ്പെടുന്നത് പൊതുവേ മൂത്രവിസര്‍ജനത്തിന്‍റെ അന്ത്യവേളയിലോ അതിനുശേഷമോ ആയിരിക്കും. തുടരെ മൂത്രം ഒഴിക്കണം എന്ന ശങ്കയോ (> 6 തവണ), മൂത്രതടസ്സമോ അനുഭവപ്പെടും. ചിലരില്‍ ഇത് നിരന്തരമുള്ള രോഗാണുബാധ, മൂത്രമില്ലായ്മ എന്നിവയ്ക്കും കാരണമാക്കും.
മൂത്രാശ്മരി രോഗം സംശയിക്കുന്നവര്‍ 24 മണിക്കൂര്‍ സമയത്തെ മൂത്രം ശേഖരിച്ച് തുണിയിലൂടെയും മറ്റും അരിച്ച് മൂത്രത്തില്‍ തരികളുണ്ടോയെന്ന് സ്വയം പരിശോധിക്കുകയോ അതിന്‍റെ രാസഘടന പരിശോധിപ്പിച്ച് അറിയുക ചെയ്യണം. മൂത്രത്തിന്‍റെ അമ്ലത തിട്ടപ്പെടുത്തുന്നത് രോഗവിശകലനത്തിന് സഹായകമാകും. മൂത്രത്തിന് ക്ഷാരഗുണം അധികമെങ്കില്‍ കാത്സ്യം / ഫോസ്ഫെറ്റ് കല്ലുകളും, അമ്ലഗുണം എങ്കില്‍ യുറൈറ്റ് / ഓക്സലൈറ്റ് / സിസ്റ്റിന്‍ കല്ലുകളും എന്ന് കണക്കാക്കി നിയന്ത്രണങ്ങള്‍ പാലിക്കണം.
യൂറിക് ആസിഡ് ഒഴികെയുള്ള മൂത്രകല്ലുകളില്‍ 80% വും എക്സ്റേയിലൂടെ തിരിച്ചറിയാനാകും. കല്ലുകളിലെ ചേരുവകള്‍, കല്ല് രൂപപ്പെടുന്നതിന്‍റെ കാരണങ്ങള്‍, പരിഹാരഔഷധങ്ങള്, ഔഷധപ്രയോഗമാര്ഗ്ഗങ്ങള് എന്നിവ നിര്‍ണ്ണയിക്കാന്‍ ചിലവേറിയ ഉപകരണ പരിശോധനകള്‍ പര്യാപ്തമല്ലെങ്കിലും കല്ലിന്‍റെ സ്ഥാനം, വലുപ്പം എന്നിവ തിട്ടപ്പെടുത്താന്‍ അവ സഹായകമാണ്.
കല്ലുകള്‍ വിവിധ ദേഹപ്രകൃതിയില്‍
കഫപ്രകൃതം
കാത്സ്യം യിനം, വെളുത്തത്, മൃദു.
പിത്തപ്രകൃതം
ഓക്സ്‌ലേറ്റ് യിനം, ചുവപ്പ്, മഞ്ഞ.
വാതപ്രകൃതം
ഫോസ്ഫൈറ്റ് യിനം, കറുപ്പ്, കഠിനം.
ചികിത്സ
ശാസ്ത്രിയമായ ചികിത്സ എന്നത് ശസ്ത്രകിയക്ക് സഹായകമായ ഉപകരണ പരിശോധനകളും ശസ്ത്രക്രിയയും മാത്രമാണ് എന്ന് ധരിക്കരുത്. വലിയയിനം കല്ലുകള്, അതോടൊപ്പം മൂത്രതടസ്സമോ ശക്തമായ വേദനയോ രക്തസ്രാവം, നിരന്തര അണുബാധ എന്നിവയോ ഉണ്ടാകുന്നുവെങ്കില്‍ ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണം. കല്ല് രൂപപ്പെട്ടവരില്‍ ശസ്ത്രക്രിയ മുഖേന അത് നീക്കംചെയ്താലും അതിന്‍റെ കാരണങ്ങള്‍, രോഗവിധേയത എന്നിവ പരിഹരിച്ചില്ലെങ്കില്‍ കല്ല് വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. കല്ലുകളുടെ വ്യാസം 7 മില്ലിമീറ്ററില്‍ കുറവാണ് എങ്കില്‍ ശസ്ത്രക്രിയാമാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കരുത്.
ആഹാരവും ഔഷധമാണ്
കാല്‍സ്യം ഓക്സലെറ്റ് ഇനം കല്ലുകള്‍ പിടിപെടുന്നവര്‍ ക്ഷാരഗുണമുള്ള ആഹാരങ്ങള്‍ (സസ്യയിനം) പ്രയോജനപ്പെടുത്തി മൂത്രത്തിന്‍റെ ക്ഷാരഗുണം പോഷിപ്പിക്കണം. അമ്ലഗുണമുള്ള മാംസാഹാരങ്ങള്‍, വറുത്ത സാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍, പഴകിയ ഭക്ഷണം എന്നിവയെ ഉപേക്ഷിക്കണം. മൂത്രത്തിന് എല്ലായിപ്പോഴും ക്ഷാരഗുണം ആണെങ്കില്‍ കാല്‍സ്യം അധികം അടങ്ങിയിട്ടില്ലാത്ത മാംസാഹാരങ്ങള്‍ കഴിക്കാം. ക്ഷാരഗുണം വര്‍ദ്ധിപ്പിക്കാനായി ഈ ഘട്ടത്തില്‍ ഭക്ഷണത്തില്‍ അപ്പക്കാരം ഉള്‍പ്പെടുത്തുകയും അരുത്.
ശരീരത്തിന് ആവശ്യമായതിനേക്കാള്‍ അധികം അളവില്‍ വിറ്റാമിന്‍ D ശരീരത്തില്‍ രൂപപ്പെടുന്നതും കാത്സ്യം എത്തുന്നതും ഒഴിവാക്കണം. കാത്സ്യയിനം കല്ലുകള്‍ ഉള്ളവര്‍ വെയില്‍ അധികം കൊള്ളുന്നത് നല്ലതല്ല. ആഹാരത്തില്‍ കാല്‍സ്യം (700 മി.ഗ്രാം), ഫോസ്ഫറസ് (1000 മി.ഗ്രാം) എന്നിവയുടെ ദിനംപ്രതിയുള്ള ഉപയോഗം (3:2 എന്നതിന് പകരം) 2:3 എന്ന ക്രമത്തില്‍ പരിമിതപ്പെടുത്തണം. ഫോസ്ഫറസ് കാല്‍സ്യം അനുപാതം കൂടുതലുള്ള വാഴപ്പഴം, ബാര്‍ലി, ഓട്സ്, കുത്തരി എന്നിവ ഇതിന്നായി പ്രയോജനപ്പെടുത്താം.
ചീസ്, പാല്, ഐസ്ക്രീം, തൈര്, കരള്‍, കക്ക, ഞണ്ട്, ചെമ്മീന്‍, കാരറ്റ്, കടല, ബീറ്റ്റൂട്ട്, ചീര, തക്കാളി, ചേന, കപ്പലണ്ടി അണ്ടിപരിപ്പുകള്‍, എള്ള്, സവാള, തേങ്ങ, കാബേജ്, ചോക്കലേറ്റ്, മുട്ട; കാത്സ്യം അടങ്ങിയ Antacids തുടങ്ങിയവയെ കാത്സ്യയിനം കല്ല് ഉള്ളവര്‍ നിയന്ത്രിക്കണം.
കാല്‍സ്യം അടങ്ങിയ ആഹാരയിനങ്ങള്‍ പാടെ ഒഴിവാക്കുന്നത് കുടലില്‍ നിന്ന് "ഓക്സലേറ്റ്" കൂടുതലായി ആഗിരണം ചെയ്യാനും രക്തത്തില്‍ വെച്ച് കാല്‍സ്യവുമായി ചേര്‍ന്ന് രക്തവാഹിനികളില്‍ കല്ല് രൂപപ്പെടാന്‍ ഇടവരുത്തും.
കാല്‍സ്യയിനം കല്ലുകളെ വിസര്‍ജിപ്പിക്കുന്നതിന് ചെറിയ അളവില്‍ വിറ്റാമിന്‍ C സഹായകമാണ്. കാന്‍സര്‍, സന്ധിവാതം, അകാലവാര്‍ദ്ധക്യം എന്നിവ പരിഹരിക്കുന്നതിനായി ചിലര്‍ വിറ്റാമിന്‍ C ഉയര്‍ന്ന അളവില്‍ പ്രയോജനപ്പെടുത്തിപോരുന്നുണ്ട്. വിറ്റാമിന്‍ C ഉയര്‍ന്ന അളവില്‍ കഴിച്ചാല്‍ അവയുടെ നല്ലൊരു ഭാഗം ഓക്സലെറ്റ് ആയി പരിണമിച്ചും കാല്‍സ്യവുമായി ചേര്‍ന്നും വീണ്ടും കല്ല് രൂപപ്പെടാന്‍ ഇടയാക്കും. അതിനാല്‍ വിറ്റാമിന്‍ C യുടെ ദിനംപ്രതി ഉപയോഗം 1000 മി.ഗ്രാമില്‍ അധികമാകാതെ നോക്കണം. ഓറഞ്ച്, ചെറുനാരകം, കാരറ്റ്, പേരക്ക, പച്ചമുളക് തുടങ്ങിയ പ്രകൃതിയിനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തണം.
മാംസാഹാരം ശീലമാക്കിയ കുടുംബങ്ങളില്‍ ജനിച്ചവരില്‍ യുറിക് ആസിഡ് മൂലമുള്ള കല്ലുകള്‍ സാധാരണമാണ്. യൂറിക് ആസിഡ് മുഖ്യമായും ദേഹത്തില്‍ നിന്നുതന്നെ ഉള്‍ത്തിരിയുന്നവയാണ്. രക്തത്തില്‍ യൂറിക് ആസിഡ് അധികമുള്ളവര്‍ (> 8 മില്ലി ഗ്രാം %) തങ്ങളില്‍ കരള്‍ രോഗങ്ങള്‍, ചുവന്ന രക്തകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ വല്ലതും കൂടി പിടിപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ അവയെ കൂടി ഒപ്പം പരിഹരിക്കണം.
ദേഹത്തില്‍ മാംസ്യത്തിന്‍റെ ഉപാപചയ പ്രക്രിയകളെ തുടര്‍ന്നുണ്ടാകുന്ന മാലിന്യങ്ങളെല്ലാം വൃക്കകള്‍ വഴിയാണ് പുറത്തുപോകുന്നത്. ആഹാരത്തിലൂടെ എത്തുന്ന മാംസ്യമാലിന്യതോത് രക്തത്തില്‍ വര്‍ദ്ധിക്കുംതോറും വൃക്കയുടെ ജോലിയും ഇരട്ടിക്കും. മൂത്രകല്ലിന്‍റെ സാദ്ധ്യതാപട്ടികയില്‍ ഉള്ളവര്‍ പ്യുരിന്‍ അടങ്ങിയ മാംസ്യങ്ങള്‍ക്ക് നിയന്ത്രണം കൊടുക്കണം. കഠിനവ്യായാങ്ങളും ഒഴിവാക്കണം.
ചുവന്ന നിറമുള്ള മാംസം, കരള്‍, ചാള, അയില, മുട്ട, മദ്യം, കാപ്പി, ചായ, വൈന്‍, ബിയര്‍ എന്നിവയും; കൊഴുപ്പ് അംശം തീരെയില്ലാത്ത അന്നജയിന ആഹാരങ്ങളും നിയന്ത്രിക്കണം. ആഹാരത്തില്‍ അന്നജം, കൊഴുപ്പ് എന്നിവയുടെ അനുപാതം 4:1 എന്ന നിലയില്‍ ക്രമപ്പെടുത്തണം.
യുറേറ്റ് കല്ലുകള്‍ ഉള്ളവര്‍ സസ്യജന്യ ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആപ്പിള്‍, ചെറി, പഴുത്ത തക്കാളി, കുമ്പളങ്ങ, മുതിരയുടെ സൂപ്പ് എന്നിവ പതിവായി കഴിക്കാം. ക്ഷാരഗുണമുള്ള പച്ചക്കറികള്‍, പാനീയങ്ങള്‍ എന്നിവ യൂറിക് ആസിഡ് കല്ലുകള് അലിയാൻ സഹായകമാണ്.
ഫോസ്ഫറസ് ഇനം കല്ലുകള്‍ ഉള്ളവര്‍ മൂത്രത്തിലെ രോഗാണുബാധയെ യഥാസമയം പരിഹരിക്കണം. കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍, തിളപ്പിച്ച പാല്, മാംസാഹാരം എന്നിവയെ നിയന്ത്രിക്കണം. ആഹാരത്തില്‍ അമ്ലഗുണമുള്ള ധാന്യയിനങ്ങള്‍ ഉള്‍പ്പെടുത്തി മൂത്രത്തിലെ അമ്ലഗുണം വര്‍ദ്ധിപ്പിക്കണം.
ഓക്സലേറ്റ് കല്ലുകള്‍ ഉള്ളവര്‍ വിറ്റാമിന്‍ B6 അടങ്ങിയ ആഹാരങ്ങളെ പ്രയോജനപ്പെടുത്തണം. ചിക്കന്‍, മത്സ്യം, സൂര്യകാന്തികുരു, ചണവിത്ത്, വാല്‍നട്ട്, കശുവണ്ടി, ചീര, മുളപ്പിച്ച ധാന്യങ്ങള്‍, മുന്തിരി, നേന്ത്രപഴം എന്നിവയില്‍ വിറ്റാമിന്‍ B 6 അടങ്ങിയിട്ടുണ്ട്. ആഹാരത്തിലൂടെ എത്തുന്ന കൊഴുപ്പിന്‍റെ തോത് കുറച്ചാലും ഓക്സലെറ്റ് കല്ലുകള്‍ രൂപപ്പെടുന്നത് കുറയും.
സിട്രേറ്റ് അടങ്ങിയ പ്രകൃതി ഔഷധങ്ങൾ
സാധാരണ നിലയില്‍ മൂത്രം വഴി ദിനംപ്രതി 640 മി.ഗ്രാം വരെ സിട്രേറ്റ് വിസര്‍ജ്ജിക്കപ്പെടുന്നുണ്ട്. മൂത്രത്തില്‍ സിട്രേറ്റ് തോത് വളരെ കുറവായാല്‍ (< 320 മി.ഗ്രാം) അത് കാത്സ്യം, യൂറേറ്റ് എന്നി കല്ലുകള്‍ രൂപപ്പെടാന്‍ ഇടയാക്കും. ചിലര്‍ അമിതവണ്ണം കുറയ്ക്കാനായി അന്നജതോത് കുറച്ചും മാംസാഹാരത്തിൻ്റെ തോത് കൂട്ടിയും ആഹാരം കഴിച്ചുപോരുന്നുണ്ട്. ഇക്കൂട്ടരുടെ മൂത്രത്തില്‍ സിട്രേറ്റ് തോത് കുറയും. നെഫ്രോണ്‍ ടൂബുകള്‍ക്ക് രോഗം ബാധിച്ചാലും മൂത്രത്തില്‍ സിട്രേറ്റ് തോത് കുറയും. മൂത്രത്തില്‍ കല്ലുകള്‍ ഉള്ളവര്‍ സിട്രേറ്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓറഞ്ച്, ചെറുനാരങ്ങ, മുസംബി, മത്തങ്ങ, നേന്ത്രപ്പഴം എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ് അടങ്ങിയ ശീതള പാനീയങ്ങള്‍, തിളപ്പിച്ച പാല്, ചീസ്, കടുക്, പയറിനങ്ങള്‍ എന്നിവ മൂത്രത്തിൽ സിട്രേറ്റിന്‍റെ അളവ് കുറയ്ക്കുന്നതാകയാല്‍ അവയെ നിയന്ത്രിക്കണം. നെഫ്രോൺ ടൂബുകളിലെ തകരാറുകളും പരിഹരിക്കണം. സിട്രേറ്റ് ഘടകം എന്നപോലെ മഗ്നീഷ്യ ഘടകവും കല്ല് ഇല്ലാതാകാന്‍ സഹായകമാണ്. പച്ചനിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ മഗ്നീഷ്യം കൂടുതലുണ്ട്.
ജലം ഒരു അമൃത്
മൂത്രത്തിന് നിറമാറ്റം കണ്ടാല്‍ കുടിക്കുന്ന ജലത്തിന്‍റെ തോത് കുറവാണ് എന്ന് കണക്കാക്കണം. ഒരു ലിറ്റര്‍ അളവില്‍ മൂത്രം പോകുന്ന തരത്തിലോ, 15 മില്ലിലിറ്റര്‍ / kg അളവിലോ ജലം കുടിക്കുന്നത് ശീലമാക്കണം.
വേനൽക്കാലത്ത് വിയര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെടുമ്പോൾ ദിനംപ്രതി മൂന്ന് ലിറ്റര്‍ എന്ന തോതിലോ, ഒരു കിലോ ശരീരഭാരത്തിന് 30 മി.ലിറ്റര്‍ എന്ന തോതിലോ പല തവണകളായി ജലം കുടിച്ച് മൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കണം. ശരത്ക്കാലത്ത് (ആകാശത്ത് വെളുത്ത മേഘങ്ങള്‍ കാണുന്ന വേളയില്‍) മഴവെള്ളം ശേഖരിച്ച് അത് പ്രത്യേകമായും കുടിക്കണം. മാസത്തില്‍ രണ്ടുതവണ 12 മണിക്കൂര്‍ നേരം വ്രതം അനുഷ്ടിച്ച ശേഷം ഒന്നോ രണ്ടോ ലിറ്റര്‍ Distilled water മാത്രം കുടിക്കുന്ന രീതിയും ഗുണകരമാണ്.
മൂത്രചാലുകളിലെ ആന്തരികസ്തരങ്ങളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ A അത്യാവശ്യമാണ്. മൂത്രത്തില്‍ നിരന്തരം രോഗാണുബാധ പിടിപെടുന്നവര്‍ വിറ്റാമിന്‍ A ദിനം പ്രതി 10000 I.U ലഭിക്കുംവിധത്തില്‍ ആഹാരത്തെ ക്രമീകരിക്കണം. കരള്‍, മത്സ്യകൊഴുപ്പുകള്, തിളപ്പിക്കാത്ത പാല്, മുട്ട, കാരറ്റ്, മധുരക്കിഴങ്ങ്, മാങ്ങ, കടുക്, ഗ്രീന്‍പീസ്, പഴുത്ത തക്കാളി, ചീര, പപ്പായ എന്നിവയില്‍ വിറ്റാമിന്‍ A അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ അളവ് അധികമാകാതെയും സൂക്ഷിക്കണം.
പൊട്ടാസ്യം അടങ്ങിയ തണ്ണിമത്തങ്ങ, മത്തങ്ങ, കരിക്ക്, മുന്തിരി, തഴുതാമ എന്നീ ശീതയിനങ്ങള്‍ മൂത്രത്തെ പോഷിപ്പിക്കും. മൂത്രചാലുകള്‍ ശുദ്ധിയാകാന്‍ ഇവ സഹായകമാണ്. വന്‍പയര്‍ കഴിക്കുന്നതും മൂത്രം പോകാന്‍ നല്ലതാണ്. കറിയുപ്പ് (ദിനംപ്രതി < 5 ഗ്രാം), അമ്ലയിനങ്ങള്‍ എന്നിവയുടെ തോത് കുറക്കണം. മഴക്കാലത്ത് കറിയുപ്പിന്‍റെ ദിനംപ്രതിയുള്ള ഉപയോഗം 3 ഗ്രാമില്‍ താഴെയാക്കണം. മൂത്രത്തിന്‍റെ ആസിഡ് സ്വഭാവം അധികം വര്‍ധിപ്പിക്കുന്ന ഇറച്ചി, മദ്യം, കാപ്പി എന്നിവയും മറ്റും വേനല്‍ക്കാലത്ത് അധികം കഴിക്കരുത്.
ശരീരത്തില്‍ ക്ഷാര അമ്ല അനുപാതം ശരിയായ നിലയില്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഭക്ഷണത്തില്‍ സസ്യാഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പഴങ്ങള്‍, ഇലക്കറികള്‍ എന്നിവ ക്ഷാരഗുണത്തെ വര്‍ധിപ്പിക്കും. പച്ചക്കറികള്‍ അധികം വേവിക്കാതെയും അധികം ഉപ്പ് ചേര്‍ക്കാതെയുമാണ് പാചകം ചെയ്യേണ്ടത്. വൃക്കകള്‍ ക്ഷീണിച്ചവര്‍ പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ അധികം കഴിക്കരുത്. അമ്ലത കൂടിയ സസ്യാഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അപ്പക്കാരം ഉള്‍പ്പെടുത്തുന്നത് ചിലപ്പോള്‍ ഗുണകരമാകും.
പുളി, മധുരം എന്നിവ അധികം കലര്‍ന്നിട്ടില്ലാത്ത ശീതളപാനീയങ്ങളാണ് വൃക്കരോഗികള്‍ക്ക് ഉചിതം. മൂത്രവ്യുഹത്തില്‍ കറ രൂപപ്പെടാതിരിക്കാനും ചാലുകള്‍ വൃത്തിയാകാനും ഇത്തരം പാനിയങ്ങള്‍ ഉതകും. ബാര്‍ലി ഉഷ്ണയിനമാണെങ്കിലും പ്രഭാവത്തില്‍ ശീതവീര്യമാണ്. മല്ലിയും ശീതമാണ്. ഇവ മൂത്രത്തിന്റെ തോത് കൂട്ടും.
ദേഹം മസാജ് ചെയ്യുന്നതും ലഘുവായ രീതിയില്‍ വ്യായാമം ചെയ്യുന്നതും പേശി, അസ്ഥി, ചര്‍മ്മം എന്നിവയിലോട്ടുള്ള രക്തസഞ്ചാരത്തെ ത്വരിതപ്പെടുത്തും. ഇതുമൂലം അസ്ഥി, പേശി എന്നിവയിലെ അപചയതോത് കുറയും. മാലിന്യങ്ങളുടെ ചര്‍മ്മം വഴിയുള്ള വിസര്‍ജ്ജന തോത് കൂടും. കല്ല് ഏതിനമായാലും ദിവസവും പലതവണ മൂത്രം ഒഴിക്കണം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
കക്ക, കുരുമുളക്, കടല എന്നിവ വേനല്‍ക്കാലത്ത് പാടെ ഉപേക്ഷിക്കണം. പുകയില, ചായ, കാപ്പി, കൃത്രിമ രുചിദ്രവ്യങ്ങള്, മൈദ, ബേക്കറി പദാര്‍ത്ഥങ്ങള്‍, പഞ്ചസാര, സെന്ന പോലുള്ള വയറിളക്ക മരുന്നുകള്‍ എന്നിവയെയും നിയന്ത്രിക്കണം.
മാനസികസംഘര്‍ഷം, കോപം, വെറുപ്പ്, അപരാധം എന്നിവ അഡ്രിനാലിന്‍ സ്രാവത്തെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ ഇവ മൂലം വൃക്കയിലോട്ടുള്ള രക്തസഞ്ചാരം കുറയും. ഇവ സ്ഥായിയായാല്‍ മാലിന്യങ്ങളുടെ സാന്ദ്രത രക്തത്തില്‍ വര്‍ദ്ധിക്കും.ഇവ നിമിത്തം മൂത്രവാഹിനി, മൂത്രസഞ്ചി എന്നിവ ദീര്‍ഘനേരം സങ്കോചിച്ച് നിലകൊള്ളാന്‍ ഇടവന്നാല്‍ അതുമൂലവും അശ്മരി ഉടലെടുക്കും.
Aspirin, Sulpha medicines, Ephedrine, Ciprofloxacin, Carbonic anhydrase inhibitors, Aluminium hydroxide, Magnesium trisilicate, Acetazolamide, Furosemide തുടങ്ങിയ ആധുനികമരുന്നുകളും കല്ല് സാദ്ധ്യത ഉള്ളവര്‍ക്ക് ഹിതകരമല്ല.
ഹോമിയോ മരുന്നുകള്‍
മൂത്രത്തിൽ രൂപപ്പെട്ട കല്ലിനെ അലിയിപ്പിച്ചുകളയാന്‍ തേക്കിന്‍ക്കായയുടെ പരിപ്പ് ഉപയോഗിക്കുന്ന ഗൃഹവൈദ്യരീതി ചില പ്രദേശങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. 80 % കല്ലുരോഗങ്ങളും ഔഷധങ്ങള്‍ കൊണ്ട് ഭേദമാകുന്നവയാണ്. രോഗലക്ഷണങ്ങളെയും കാരണങ്ങളെയും വ്യക്തിയുടെ രോഗവിധേയതയേയും ആധാരമാക്കിയുള്ള യുക്തിചികിത്സയാണ് ഹോമിയോപ്പതിയിൽ അവലംബിച്ചുപോരുന്നത്. വേദനയെ കുറയ്ക്കുക, മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക, അനുബന്ധ ലക്ഷണങ്ങളെ കുറയ്ക്കുക, വൃക്കയില്‍ കല്ല് രൂപപ്പെടാന്‍ ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, രോഗം ആവര്‍ത്തിക്കുന്നത് തടയുക എന്നിവയില്‍ ഊന്നിയ ശമന ശോധനാ മുറകളാണ് ഹോമിയോപ്പതിയില്‍ സ്വീകരിച്ചുപോരുന്നത്. കല്ലുകൾ സംബന്ധമായ പ്രയാസങ്ങള്‍ ഇടവിട്ട് അനുഭവപ്പെടുന്നവർ, ഒരു വൃക്ക മാത്രമുള്ള രോഗികൾ, വലിപ്പമേറിയ കല്ലുകളുള്ളവര്‍ എല്ലാം മരുന്നുകള്‍ കഴിക്കുന്നത് 3 മുതല്‍ 6 മാസം വരെ തുടരണം.
വയര്‍വേദന കഠിനമായി അനുഭവപ്പെടുമ്പോള്‍ അധികം ചൂടുള്ള ജലത്തില്‍ തോര്‍ത്ത് നനച്ച് 30 മിനുട്ട് നേരം വേദനഭാഗത്ത് ചൂടുപിടിക്കണം. വേദന കുറയുന്നില്ലായെങ്കില്‍ വീണ്ടും 30 മിനുട്ട് നേരം കൂടി ചൂടുപിടിക്കണം.
വേദന കുറഞ്ഞാല്‍ തണുത്ത ജലത്തില്‍ മുക്കിയ തോര്‍ത്ത് വേദന അനുഭവപ്പെട്ട ഭാഗത്ത് 5 മിനുട്ട് നേരം വെയ്ക്കണം. ദിവസം 3 നേരം എന്നോണം ഇത് ആവര്‍ത്തിക്കുകയും ചെയ്യാം.