ശിഷ്യന്‍
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.
മുണ്ഡനവൈദ്യന്മാരും മീറവൈദ്യന്മാരും ഗുഗ്ഗുലുവൈദ്യന്മാരും ധർമ്മവൈദ്യസത്രങ്ങളും തങ്കരസ ശനിഔഷധങ്ങളും കർപ്പൂരാദി ഔഷധങ്ങളും മന്ന ഔഷധങ്ങളും ഇവിടങ്ങളില്‍ ഇല്ലാതായിരിക്കുന്നു. ഉള്ളത് കുണ്ഡിത വൈദ്യന്മാരും നാഗ ചരകന്മാരും കൊട്ടാരവൈദ്യന്മാരും മാത്രമായിരിക്കുന്നു. ഉള്ളത് ഉള്ളിയും ഉപ്പും കൂണും മാത്രമായിരിക്കുന്നു. വിഷാംശം കലര്‍ന്ന ഉപ്പിനോടും മലാംശം കൂടിയ ഉള്ളി വകഭേദങ്ങളോടും പന്നി മാംസത്തോടും നായ മാംസത്തോടും ആണ് ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം. പ്രിയം തൂത്താല്‍ പോകില്ല.
ധര്‍മ്മം ശരണം, സംഘം ശരണം.
അഷ്ടമാര്‍ഗ്ഗങ്ങളെ കുറിച്ച് വിവരിച്ചുതന്നാലും.
ഖിദര്‍.
ധര്‍മ്മം ശരണം, സംഘം ശരണം.
ജീവിതത്തിന്‍റെ ലക്‌ഷ്യം സുഖമാണ്. ആനന്ദമാണ്. അതിന് ആരോഗ്യം സമ്പാദിക്കണം. ദേഹത്തെയും മനസ്സിനെയും ശുദ്ധീകരിക്കണം. വ്യക്തി എന്നത് രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, ശുക്ലധാതു, ധാതുമലങ്ങള്‍, ഷഡ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ജീവന്, അവബോധം എന്നിവ ഉള്‍പ്പെട്ടതാണ്.
വ്യക്തിജീവിതത്തിലെ മഹത്തരമായ കാര്യം സന്തോഷാനുഭവമാണ്. അതിന് മനസ്സിനെയും ദേഹത്തെയും ശുദ്ധമാക്കണം. മനസ്സിനെ സംസ്ക്കരിക്കണം. മനോസംസ്ക്കരണത്തിന്‍റെ ഉല്‍പന്നമാണ് നിസംഗത അഥവാ ശൂന്യതാവസ്ഥ. അതിലോട്ടുള്ള ഒരു മാർഗ്ഗമാണ് ധർമ്മം. മറ്റൊന്ന് ത്യാഗമാണ്. സംപൂര്‍ണ്ണത നിലകൊള്ളത് നിസംഗതയിലാണ്. മോക്ഷത്തിന്, സത്യ സാക്ഷാല്‍ക്കാരത്തിന്, ശൂന്യതാസാക്ഷാല്ക്കാരത്തിന്, ശ്വാശത മോക്ഷത്തിന് എല്ലാം പ്രേരകമാകുന്ന ഒന്നാണ് ധർമ്മവൈദ്യം.
മൈത്രിയോടെയുള്ള പെരുമാറ്റം, പരസ്പരമുള്ള സ്നേഹം, അനുകമ്പ ഇതെല്ലാമുള്ള ശീലമാണ് സദാചാരം. മൈത്രിയെക്കാള്‍ മൂല്യം കരുണയ്ക്കാണ്. പ്രയോജനമായ കര്‍മ്മം ചെയ്യാനുള്ള ബോധമാണ് പ്രജ്ഞ അഥവാ വിവേകം. കരുണയും പ്രജ്ഞയും ചേര്‍ന്നതാണ് ധര്‍മ്മമാർഗ്ഗം. സന്മാര്‍ഗ്ഗനിയമങ്ങളുടെ പ്രേരകശക്തിയും ധര്‍മ്മമാണ്. സാദാചാരം തന്നെയാണ് ധര്‍മ്മം.
ബോധം, ശുദ്ധബോധം എന്നത് മനസ്സിന്റെ ഒരു സങ്കൽപ്പമാണ്. സങ്കല്‍പ്പ ആകാശശക്തിക്കും മനുഷ്യനും, സങ്കല്‍പ്പ ദോഷശക്തികള്‍ക്കും മനുഷ്യനും തമ്മില്‍ അനുവദിക്കുന്ന ബന്ധത്തേക്കാള്‍ പ്രാധാന്യം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് നല്‍കണം. മനുഷ്യനും അവന്‍റെ കര്‍മ്മങ്ങളും പ്രപഞ്ചവസ്തുക്കളും പരസ്പ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മനുഷ്യന്‍റെ സന്മാര്‍ഗ്ഗമാണ് ഭൂമിയെ, അതിലെ ഘടകങ്ങളെ സനാതനമാക്കുന്നത്, അനശ്വരമാക്കുന്നത്. മനുഷ്യന്‍ ദുഷിച്ചാല്‍ ഭൂമി ദുഷിക്കും. കാലം ദുഷിക്കും. തുടർന്ന് കാലസൂത്രബോധം, അധമസത്തബോധം, ദോഷബലങ്ങൾ എന്നിവ പ്രബലവുമാകും.
പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം പരിണാമാന്മകമാണ്, നശ്വരമാണ്. ഒന്നിൻ്റെയും നാശം പൂർണ്ണമല്ല. പ്രപഞ്ചനിയമങ്ങള്‍ ഏറെക്കുറെ അനശ്വരങ്ങളാണ്. ധര്‍മ്മവും അനശ്വരമാണ്. അനശ്വരമായതാണ് സത്യം അഥവാ ശുദ്ധബോധം. വിശ്വപ്രകൃതി ഒരു സത്യമാണ്. വികൃതി സത്യമല്ല.
മനസ്സിന്‍റെ ശേഷിയാണ് ജാഗ്രതാബോധം. അതും പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ചില ഘട്ടത്തില്‍ അത് ക്ഷണികമാണ്. ചിലപ്പോള്‍ അത് പ്രവാഹമാണ്. മനസ്സിൻ്റെ ഭാഗമായ വിജ്ഞാനവും ശാസ്ത്രവും അസ്ഥിരമാണ്. ശാസ്ത്രം എന്നത് കേവലവിജ്ഞാനം മാത്രമാണ്. മസ്തിഷ്ക്ക കോശം ഇല്ലെങ്കിൽ ശാസ്ത്രവും ഇല്ല. ആ നിലയ്ക്ക് വിജ്ഞാനബോധവും ശാസ്ത്രവും സത്യമല്ല. അസ്ഥിരമായ അഹംബോധവും അവബോധവും സ്ഥിരമായ പരമബോധത്തിന്‍റെ ശുദ്ധബോധത്തിന്റെ നേർ ഗുണമാകാന്‍ ഇടയില്ലാത്തതാണ്.
ആനന്ദത്തെ അനുഭവിക്കാന്‍ സഹായിക്കുന്ന ഒരു സംഗതിയാണ് നന്മ. മറ്റൊന്നാണ് കായകല്പം. വ്യക്തിയുടെ ജീവിതലക്ഷ്യം ആനന്ദമാണെങ്കിൽ നന്മമാർഗ്ഗം സ്വീകരിക്കണം. ആനന്ദം അനുഭവിക്കുന്നതിന് മനസ്സ്, ശരീരം എന്നിവയെ ശുദ്ധമാക്കണം, ആരോഗ്യപൂര്ണ്ണമാക്കണം. പൂര്‍ണ്ണമായ മാനസികാരോഗ്യ അവസ്ഥയെ പ്രാപിക്കാൻ, ധർമ്മത്തിൽ ജീവിക്കാൻ, നിസംഗത അനുഭവിക്കാൻ ചതുര്‍സത്യങ്ങളെ അറിയണം. അഷ്ടശീലങ്ങളെ ആചരിക്കണം. പ്രകൃതിഔഷധങ്ങളെ അനുഭവിക്കണം.
ചതുര്‍ സത്യങ്ങള്‍. ഒന്ന്
ദുഃഖം സത്യമാണ്.
ജനനം, ജീവിതം, വാര്‍ധക്യം, രോഗം, മരണം എന്നിവ സത്യമാണ്. ജനനം, ജീവിതം, രോഗം, വാര്‍ധക്യം, മരണം എന്നിവയിലെല്ലാം ദുഃഖം ഉണ്ട് എന്നത് സത്യമാണ്. ദുഃഖം ജനിതകമായതിനാൽ, അത് ഏറെക്കുറെ സ്ഥിരമായതിനാല്‍ അത് സത്യമാണ്. അതിനെ അംഗീകരിക്കാനും അനുഭവിക്കാനും ശീലിക്കണം. അതിനെ അതിജീവിക്കാൻ ധർമ്മമാർഗ്ഗങ്ങൾ, സ്വാതിക മാർഗ്ഗങ്ങൾ, കായകല്പം എന്നിവയെ അവലംബിക്കണം.
ചതുര്‍ സത്യങ്ങള്‍. രണ്ട്.
ദുഃഖത്തിന് കാരണം ഉണ്ട്. അത് സത്യമാണ്.
അത്യാഗ്രഹം, അറിവില്ലായ്മ, വെറുപ്പ്, അർത്ഥമില്ലായ്മ, പാപകർമ്മങ്ങൾ എന്നിവയാണ് ദുഃഖത്തിന് കാരണം. ദുഃഖത്തെ കൊണ്ടുവരുന്നത് ഇന്ദ്രിയങ്ങളാണ്. ഇന്ദ്രിയങ്ങളെയും സങ്കല്പങ്ങളേയും ആഗ്രഹങ്ങളെയും നിയന്ത്രിക്കണം. വിജ്ഞാനം നേടണം. വിരോധം, ഭയം, കോപം തുടങ്ങിയ മനോമലങ്ങളെ ദൂരീകരിക്കണം. ദേഹത്തേയും മനസ്സിനെയും ഇന്ദ്രിയങ്ങളെയും ശുദ്ധിയിൽ സംരക്ഷിക്കണം.
ചതുര്‍ സത്യങ്ങള്‍. മൂന്ന്.
ദുഃഖപരിഹാരം സാധ്യമാണ് എന്നത് സത്യമാണ്.
വിജ്ഞാനത്തിൽ, ധാരണകളിൽ, തിന്മകളിൽ, അശുദ്ധിയിൽ, പാപകർമ്മങ്ങളിൽ, രോഗങ്ങളിൽ തിരുത്തല്‍ സാദ്ധ്യമാണ്. എല്ലാ തെറ്റുകളും മാപ്പ് അര്‍ഹിക്കുന്നവയാണ്. അത്യാഗ്രഹത്തെയും വെറുപ്പിനെയും ഒരുപോലെ നിരാകരിക്കണം. ഇന്ദ്രിയങ്ങളെ കീഴടക്കിയാല്‍ ദുഃഖരൂപീകരണത്തെ പ്രതിരോധിക്കാനാകും. ദുഃഖത്തില്‍ നിന്ന് മോചിതമാകാന്‍ സഹനവിദ്യ അഭ്യസിക്കണം. നേടിയ വിദ്യയെ സംസ്ക്കരിക്കണം. അതിമോഹം മൂലമുള്ള ദുഃഖം മനസ്സില്‍ അടിഞ്ഞുകൂടിയാല്‍ അത് ആന്തരികമനസ്സില്‍ വൈകൃത മുദ്ര ഉണ്ടാക്കും. അത്യാഗ്രഹം മൂത്താല്‍, അശുദ്ധി വർദ്ധിച്ചാൽ ദേഹത്തിലെ കോശങ്ങള്‍ അകാലത്തില്‍ നശിക്കും. വികൃതമായി പുനര്‍ജനിക്കും. ദേഹത്തിൽ അര്‍ബുദം പിടിപെടും. കോശവൈകൃതബോധം മനസ്സില്‍ മുദ്രണം ചെയ്യപ്പെടും. ആള്‍ക്ക് ക്ഷീണം അനുഭവപ്പെടും. വൈകൃത മുദ്ര പേറിയ അധമമനസ്സ് ജീവിതാരംഭത്തിൽ തന്നെ പുനര്‍ജന്മത്തിന് കാരണമാക്കും. കോശങ്ങളിൽ ഈ രീതി സാര്‍വത്രികമായാല്‍ അത് അർബുദരോഗത്തിന്‍റെ വ്യാപനത്തിന്, അകാലമരണത്തിന് ഇടവരുത്തും. ഭ്രൂണത്തില്‍ കയറികൂടിയത് വൈകൃതബോധത്തെ പേറിയ വായുവെങ്കിൽ, വികീരണമെങ്കിൽ വൈകൃതം ബാല്യത്തിലെ തന്നെ പ്രകടമാകും. ദുഃഖം നിരന്തരമെന്നോണം അനുഭവിക്കേണ്ടതായി വരും.
നൈസര്‍ഗികമായുള്ള ആഗ്രഹങ്ങളെ യഥാസമയം പരിഹരിക്കണം. മനസ്സില്‍ രൂപപ്പെടുന്ന അത്യാഗ്രഹങ്ങളെ യഥാസമയം തിരിച്ചറിഞ്ഞ് വര്‍ജ്ജിക്കണം. മഹത്തരമായ കാര്യം കാമമോ കലയോ നാട്യമോ, നാണയമോ അതിന്‍റെ സമ്പാദനമോ അധികാര ചിഹ്നമോ അല്ല. മഹത്തരമായ കാര്യം ധർമ്മമാണ്, എല്ലാവര്‍ക്കും ഉപകാരമാകുന്ന നന്മയാണ്. മഹത്തരം സ്വാത്വികമായ വായുവാണ്. കാരുണ്യം, ഉപകാരം, നന്മ എന്നതും പ്രാണവായു സ്വീകരണം എന്നതും സത്യമാണ്. മനുഷ്യനെ സംബന്ധിച്ച് ധർമ്മം ശുദ്ധിയാണ്, ദാനമാണ്, അന്നം സ്വീകരിക്കലാണ്. ചില ഘട്ടങ്ങളിൽ ധര്‍മ്മം എന്നത് ക്ഷമയാണ്, പൊറുത്തുകൊടുക്കലാണ്, ത്യാഗമാണ്. അറിവില്ലായ്മയെ പരിഹരിച്ചും ആഗ്രഹങ്ങളെ ഇല്ലായ്മ ചെയ്തും മനസ്സിനെ സംസ്ക്കരിച്ചും മോക്ഷം നേടുന്നതാണ് മനുഷ്യനെ സംബന്ധിച്ച അത്ഭുതം. വൈദ്യനെ സംബന്ധിച്ച് കായകൽപ്പവും അഭിഷേകകർമ്മവും ഒരു ധര്‍മ്മമാണ്, ശുദ്ധിമാർഗ്ഗമാണ്. ശുദ്ധി ദുഃഖത്തെ പരിഹരിക്കും.
ചതുര്‍ സത്യങ്ങള്‍ നാല്
ദുഃഖപരിഹാരത്തിന് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് സത്യമാണ്.
ദുഃഖപരിഹാരം സാദ്ധ്യമാകണമെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ ഹിതമാകണം. സമൃഗ് എന്നാല്‍ ഹിതം എന്നാണര്‍ത്ഥം. മനസ്സിലെ തൃഷ്ണ അകറ്റാന്‍, മനസ്സിനെ സംസ്ക്കരിക്കാന്‍, ജീവിതത്തിലെ ദുഃഖവും ദുരിതം ഇല്ലാതാക്കി ആനന്ദം അനുഭവിക്കാന്‍ അഷ്ടമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. സമൃഗ് വീക്ഷണം, സമൃഗ് ചിന്ത, സമൃഗ് സംസാരം, സമൃഗ് പ്രവൃത്തി, സമൃഗ് ജീവിതം, സമൃഗ് പ്രയത്നം, സമൃഗ് ഓര്‍മ്മ, സമൃഗ് ശ്രദ്ധ എന്നിവയാണ് അഷ്ടമാര്‍ഗ്ഗങ്ങള്‍. എല്ലാ കർമ്മങ്ങളും സമൃഗ് ആക്കണം. ഹോമിയോ എന്നത് സമൃഗ് ആണ്.
അഷ്ടമാര്‍ഗ്ഗങ്ങള്‍
മാർഗ്ഗം ഒന്ന്. ശരിയായ വീക്ഷണം.
ജീവിക്കാന്‍ ആരോഗ്യവും അര്‍ത്ഥവും ആവശ്യമാണ്. അർത്ഥത്തിൽ മുഖ്യമായത് പ്രാണവായൂവാണ്. ധനവും ഔഷധസത്തുക്കളും അർത്ഥമാണ്. ഇവയെ സംഘടിപ്പിക്കണം. ഇവയെ സംമ്പാദിക്കാന്‍ വേണ്ട അറിവ് നേടണം. ധർമ്മ വും കർമ്മങ്ങളും അനുഷ്ഠിക്കണം. ചുറ്റും ഉള്ളവർക്ക് ദ്രോഹം ആകുന്ന കാര്യങ്ങള്‍, അവര്‍ക്ക് ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങള്‍ എന്നിവയെ കുറിച്ചും അറിവ് നേടണം. അറിവ് മെച്ചപ്പെടാന്‍ ശരിയായ ധാരണ ആവശ്യമാണ്. അതിന് പഞ്ചേന്ദ്രിയങ്ങളുടെ ശേഷിയെ മെച്ചപ്പെടുത്തണം. ദേഹത്തെ എന്നപോലെ, സങ്കൽപ്പമനസ്സിനെ എന്നപോലെ, പഞ്ചേന്ദ്രിയങ്ങളെയും ഇടയ്ക്കിടെ ശുദ്ധമാക്കണം.
മാർഗ്ഗം രണ്ട്. ശരിയായ ചിന്ത.
സങ്കല്‍പ്പങ്ങളെ നിയന്ത്രിക്കണം. ഭാവനയെ മെച്ചപ്പെടുത്തിയാല്‍ വിശ്വാസം ഭദ്രമാകും. ആലോചനയില്‍ യുക്തി പ്രയോഗിച്ചാല്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യം വെളിവാകും. അന്ധവിശ്വാസം ഒഴിവായി കിട്ടും. പ്രയോജനം ലഭിക്കാൻ ഉതകുന്ന രീതിയിൽ സങ്കൽപ്പിക്കാനാകണം. ഭൂതകാലത്തിലും ഭാവിയിലും അധികം ചിന്തിക്കാതെ വർത്തമാനകാലത്തിൽ, ദ്രവ്യത്തിൽ, ഊർജ്ജത്തിൽ ഇവയുടെ സന്തുലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
മാർഗ്ഗം മൂന്ന്. നല്ല വാക്കുകള്‍.
വാക്കുകള്‍ കോപത്തോടെയും വെറുപ്പോടെയും വികാര ആവേശത്തോടെയും പറയെരുത്. അസത്യഭാഷണം, അസംബന്ധം, പരദൂഷണം, പരുഷവചനം എന്നിവ പാടില്ല. കാര്യങ്ങള്‍ വ്യക്തമായും ലഘുവായും പ്രസാദാന്മകമായും ശാന്തമായും മിതമായും പറയണം. സംഭാഷണത്തെ സുഭാഷിതമാക്കണം. നല്ല വാക്കുകൾ ശബ്ദം താഴ്ത്തി വിനയത്തോടെയും പുഞ്ചിരിയോടെയും പറയണം. പ്രയോജനമുള്ള കാര്യങ്ങൾ മാത്രം പറയണം. ചിലപ്പോൾ മൗനം വിദ്വാന് ഭൂഷണമായി ഭവിക്കും.
മാർഗ്ഗം നാല്. ശരിയായ കര്‍മ്മം.
വേദം അഥവാ അറിവ് വിശ്വാസത്തില്‍ നിന്ന് മാത്രമായി പഠിക്കരുത്. അനുഭവത്തില്‍ നിന്ന് പഠിക്കണം. അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍മ്മം ചെയ്യണം. പ്രയോജനമുള്ള കര്‍മ്മം തന്നെ എപ്പോഴും ചെയ്യണം. കര്‍മ്മത്തിന്‍റെ ലക്‌ഷ്യം നന്മ ആകണം. ചുറ്റുമുള്ളവര്‍ തന്നോട് എങ്ങിനെ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ അവരോടും പെരുമാറണം. തിന്മകള്‍ ചെയ്യരുത്. മറ്റുള്ളവരുടെ അര്‍ത്ഥം മോഷ്ടിക്കരുത്. ആലസ്യമുണ്ടാക്കുന്ന ലഹരിപദാര്‍ത്ഥങ്ങള്‍ എപ്പോഴും കഴിക്കരുത്. തിന്മ ചെയ്‌താല്‍ തിന്മയുടെ ഫലം അനുഭവിക്കേണ്ടിവരും. കര്‍മ്മത്തെ കര്‍മ്മഫലം എപ്പോഴും പിന്‍തുടരുന്നുണ്ട്. കർമ്മത്തിൻ്റെ ഫലം അനുഭവിക്കുന്ന ആളുകളും ഘട്ടങ്ങളും ചിലപ്പോള്‍ വിത്യസ്തരായേക്കാം. പ്രകൃതിയിലെ ഉത്തമ ജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ കര്‍മ്മഫലത്തെ ആശ്രയിച്ചാണ് ദേശവും കാലവും ഉൾപ്പെട്ട പരിസ്ഥിതി നിലകൊള്ളുന്നത്. ആളുകള്‍ കര്‍മ്മം ഒന്നും ചെയ്യാതെ അലസരായാല്‍ കാലവും ദേശവും സാവധാനമാകും. പരിസ്ഥിതി സ്തംഭിക്കും. മനുഷ്യരുടെ കര്‍മ്മം മെച്ചപ്പെട്ടാല്‍ ദേശവും കാലവും അഭിവൃദ്ധിപ്പെടും. മനുഷ്യൻ കോപിച്ചാൽ കാലവും കോപിക്കും, ഉഷ്ണിക്കും. കാട്ടുതീ സംഭവിക്കും. അഗ്നിപർവ്വതം പൊട്ടിത്തെറിക്കും.
മാർഗ്ഗം അഞ്ച്. ശരിയായ ജീവിതം.
സദാചാരത്തില്‍ ജീവിക്കണം. സന്മാര്‍ഗ്ഗജീവിതമാണ് സദാചാരം. മറ്റുള്ളവരുമായി നല്ല നിലയില്‍ ആര്‍ജവത്തോടെയും പുഞ്ചിരിയോടെയും ഇടപെടണം. ഋതു ഹിതമായ ആഹാരം കഴിക്കണം. പ്രായം, ദേഹപ്രകൃതി, തൊഴില്‍, ദേശം എന്നിവ അടിസ്ഥാനത്തില്‍ ശുദ്ധാഹാരം കഴിക്കണം. സ്ഥൂലവും സൂക്ഷ്മവുമായ ആഹാരം, ഗുരുവും ലഘുവുമായ ആഹാരം എന്നിവ സന്ദർഭോചിതമായി, പ്രായോചിതമായി കഴിക്കണം. ജീവിതത്തെ ലളിതപൂര്‍ണ്ണമാക്കണം. ആര്‍ഭാടത്തില്‍ ജീവിക്കരുത്. വര്‍ണ്ണവസ്ത്രങ്ങളിലും ആഭരണങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും നഗ്നതയിലും അധികം ഭ്രമിക്കരുത്. കഴിയുമെങ്കില്‍ പട്ടുമെത്തയില്‍ കിടയ്ക്കാതെ പുല്ലുപായയില്‍ കിടക്കണം. വായുസഞ്ചാരമുള്ള സ്ഥലത്ത് ജീവിക്കണം. ആരോഗ്യജീവിതത്തിൽ മുഖ്യമായത് ആഹാരമാണ്. ഒരോ ദേശത്തിലെയും ആഹാരത്തെ അറിയണം. വാർദ്ധക്യത്തിൽ ആഹാരരീതി ഋതുവിപരീതമാക്കണം. കായകല്പമാക്കണം. ഒരോ ഋതുവിലെയും അന്തരീക്ഷവായുവിനെ അറിയണം.
മാർഗ്ഗം ആറ്. ശരിയായ പ്രയത്നം.
ബലം നേടുന്നതിനും വേദനകളെ പരിഹരിക്കുന്നതിനും അർത്ഥം വേണ്ടതുണ്ട്. അർത്ഥം, ശ്രേയസ് എന്നിവ ലഭിക്കുന്നതിന്നായി പ്രയത്നിക്കണം. ജന്തുബലി നടത്തിയത് കൊണ്ടോ, തുള്ളിച്ചാടിയത് കൊണ്ടോ, ചെണ്ടകൊട്ടി ബഹളം വെച്ചതുകൊണ്ടോ ചന്തി കുലുക്കിയതുകൊണ്ടൊ മനുഷ്യന്‍ രക്ഷപ്പെടുകയില്ല. ലക്ഷം തവണ സ്തുതിവാചകം ചൊല്ലിയാലും ഉച്ചത്തില്‍ വേദപുസ്തകം പാരായണം ചെയ്താലും ഹോമം നടത്തിയാലും 1000 നാഴി നെയ്യ് ഹഫീസ് അഗ്നിയില്‍ അര്‍പ്പിച്ചാലും കൂട്ടകരച്ചില്‍ നടത്തിയാലും ആകാശത്തെ അരൂപ ശക്തി, മഹാ ശുദ്ധബോധം എല്ലായിപ്പോഴും ഇറങ്ങിവരികയില്ല. മനുഷ്യന്‍റെ ശത്രു മനുഷ്യൻ എന്നപോലെ മനുഷ്യന്‍റെ രക്ഷകനും മനുഷ്യന്‍ മാത്രമാണ്. അവനവന്‍റെ രക്ഷകൻ അവനവൻ തന്നെയെന്ന് കരുതണം. ഓരോ അവനവനിലും ശുദ്ധബോധം നിലകൊള്ളുന്നുണ്ട് എന്ന് കരുതണം. എപ്പോഴും അഭിവൃദ്ധിയ്ക്കായി ധർമ്മമാർഗ്ഗത്തിൽ പ്രയത്നിക്കണം. കഠിനപ്രയത്നമാണ് തപസ്സ്. തപസ്സ് അനുഷ്ടിച്ചാല്‍ ഫലവും ഇരട്ടിക്കും. ശാന്തി, സംതൃപ്തി, ആനന്ദം എന്നിവ അനുഭവിക്കാനാകും. വേദനയെ പരിഹരിക്കുന്ന ഔഷധ അർത്ഥങ്ങൾക്കായി, ആയുസ്സിനെ ദീർഘിപ്പിക്കുന്ന കായകല്പങ്ങൾക്കായി പ്രയത്നിക്കണം.
മാർഗ്ഗം ഏഴ്. ശരിയായ ഓര്‍മ്മ.
ബുദ്ധിശക്തിയുടെ ഉയര്‍ച്ചയാണ് യുക്തി. ഓരോ കർമ്മത്തിലും സന്ദര്‍ഭോചിതം യുക്തി പ്രയോഗിക്കണം. യുക്തി അംഗീകരിച്ചത് മാത്രം, അവബോധം അംഗീകരിച്ചത് മാത്രം ഓർമ്മയിൽ വെയ്ക്കണം. നിത്യവും ഉറങ്ങാനായി 8 മണിക്കൂര്‍ നേരം മാറ്റിവെയ്ക്കണം. ചീത്തയായ കാര്യങ്ങളെ മറക്കണം. പാപികളെയും അവരുടെ കര്‍മ്മങ്ങളെയും അധികം ശ്രദ്ധിക്കരുത്. പാപികളുമായി അധിക നേരം ഇടപഴകരുത്. ഓർമ്മശക്തി കുറഞ്ഞാൽ ഉറക്കതകരാറ് പരിഹരിക്കണം. തേൻ മന്ന, വാലുലുവ, ആൾഫാൾഫ എന്നിവ സേവിക്കണം. ശിരസ്സിൽ നിന്ന് കീഴോട്ട് പാദം വരെ ഉഴിയണം.
മാർഗ്ഗം എട്ട്. ശരിയായ ധ്യാനം.
അവനവനെ ക്കുറിച്ച്, ശരീരത്തെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും ക്കുറിച്ച്, ജീവനെയും ഊർജ്ജങ്ങളെയും ക്കുറിച്ച്, സാഹചര്യത്തെ ക്കുറിച്ച് സൂക്ഷ്മായി അറിയണം. ചുറ്റുമുള്ള കാര്യങ്ങളിൽ അത്യാവശ്യവിഷയങ്ങളെ ക്കുറിച്ച് മാത്രം സൂക്ഷ്മമായി അന്വേഷിക്കണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പരിസ്ഥിതിയും തമ്മിലും വേണ്ട സദാചാരനിയമങ്ങൾ, സന്തുലിതനിയമങ്ങൾ എന്നിവയെ സൂക്ഷ്മമായി അറിയണം. ധർമ്മനിയമങ്ങളെ അറിയണം. പരിസ്ഥിതിവിഷയങ്ങളില്‍ ആവശ്യമുള്ളതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. സത്യമെന്ന് ബോദ്ധ്യമുള്ള കാര്യങ്ങളില്‍, അർത്ഥങ്ങളിൽ, ഔഷധദ്രവ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്ഥിരമായ വിഷയങ്ങള്‍ ഏറെക്കുറെ സത്യമാണ്. ഋതുനിയമം, ധ്രുവനിയമം, ബീജനിയമം, സൃഷ്ടിനിയമം, കാര്യകാരണനിയമം, സാദൃശ്യനിയമം, വിപരീതനിയമം, താരതമ്യനിയമം, ആകര്ഷണവികര്ഷണനിയമം, ഭൂഗുരുത്വനിയമം, താളക്രമനിയമം ഇണനിയമം, മാത്ര നിയമം തുടങ്ങിയ പ്രപഞ്ചനിയമങ്ങളെ അറിയണം. ഓരോ സന്ദർഭത്തിനും ആവശ്യമായതിനെ മാത്രം സ്വീകരിച്ച് ജീവിതത്തില്‍ പ്രയോജനപ്പെടുത്തണം. വിരുദ്ധകാര്യങ്ങള്‍ അസ്ഥിരമാണ്. വിരുദ്ധകാര്യങ്ങളില്‍ താല്‍പര്യം ജനിക്കുന്നത് മനോവൈകൃതമാണ്. അത്തരത്തില്‍ സമുഹം രൂപപ്പെടുന്നത് ഒരു തരത്തിൽ ദുരന്തമാണ്. ദുരന്തങ്ങളെയും അതിന്‍റെ ഘടകങ്ങളെയും സഹിക്കണം. ജീവിക്കാന്‍ മറ്റൊരു ഇടം കിട്ടുമെങ്കില്‍ ദുരാചാരസമൂഹത്തില്‍ നിന്ന്, അധർമ്മസമൂഹത്തിൽ നിന്ന് ഓടി അകലുന്നതും ധ്യാനമാണ്. സംഘജീവിതവും ഒരിനം ധ്യാനധർമ്മമാണ്. അവനവനിലെ ശുദ്ധബോധത്തെയും സൂക്ഷ്മ ഊർജ്ജങ്ങളെയും അറിയാനുള്ള ശ്രമവും ധ്യാനമാണ്.
ഉപാസകര്‍ പാലിക്കേണ്ട പഞ്ചശീലങ്ങള്‍.
1 മോഷണം പാടില്ല.
2 ഹിംസ, ദ്രോഹം, വഞ്ചന എന്നിവ പാടില്ല.
3 വ്യഭിചാരം പാടില്ല.
4 അസത്യം പറയല്‍ പാടില്ല.
5 മാദക ദ്രവ്യം, ഉറക്കലഹരി ദ്രവ്യം എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
ജീവിതവൃത്തികൾ ബലത്തിനും സന്തോഷത്തിനും ശ്രേയസ്സിനും ഉള്ളതാകണം. അധപതനത്തിനും ദുഃഖത്തിനും വേദനയ്ക്കും ഉള്ളതാകരുത്. സന്തോഷം ദിനംപ്രതിയെന്നോണം അനുഭവിക്കാനാകണം. സുഖവും ആനന്ദവും ശ്വാശതമായ മോക്ഷവും നേടാൻ പരിശ്രമിക്കണം. അത്യാഗ്രഹങ്ങളെ നിര്‍വ്വീര്യമാക്കുന്നത്, സന്മാർഗ്ഗപരമായി വർത്തമാനകാലത്തിൽ ജീവിക്കുന്നത്, ദുഃഖപൂര്‍ണ്ണമായ പുനര്‍ജന്മത്തെ ഇല്ലാതാക്കുന്നത്, ശൂന്യതയെ തിരിച്ചറിയുന്നത്, ശുദ്ധബോധത്തെയും മഹാശൂന്യതയെയും പ്രാപിക്കാനാകുന്നത് എല്ലാമാണ് നിര്‍വ്വാണം. അത് ഏവര്‍ക്കും സാദ്ധ്യമാണ്. അതിന് അഷ്ടമാര്‍ഗ്ഗങ്ങള്‍ ജീവിതത്തില്‍ ഉടനീളം അവലംബിക്കണം. അതിന് വേണമെങ്കിൽ അർത്ഥങ്ങളെ, വികീരണങ്ങളെ, ഖനീജങ്ങളെ, സസ്യസാരാംശങ്ങളെ, കായകല്പങ്ങളെ പ്രയോജനപ്പെടുത്തണം.
സംഘത്തിലെ അംഗങ്ങളെല്ലാം പഞ്ചശീലങ്ങള്‍ കൂടാതെ വേറെ അഞ്ച് കാര്യങ്ങള്‍ കൂടി ശീലിക്കണം.
1 ഭക്ഷണം സമയക്രമം പാലിച്ച് മിതം അളവിൽ കഴിക്കണം.
2 ക്ഷണനേരം മാത്രം സുഖം അനുവദിക്കുന്ന ആട്ടം, നാടകം, ഉത്സവം, വർണ്ണചിത്രങ്ങൾ തുടങ്ങിയ കാര്യങ്ങളില്‍ അധികം ഭ്രമിക്കരുത്.
3 ചന്ദനം, സുഗന്ധദ്രവ്യങ്ങള്‍, ആഭരണങ്ങള്‍ എന്നിവ എല്ലായിപ്പോഴും ഉപയോഗിക്കരുത്.
4 സുഖം കൂട്ടുന്നയിനം മെത്തകൾ എല്ലായിപ്പോഴും ഉപയോഗിക്കരുത്.
5 സമ്മാനം, പാരിതോഷികം എന്നിവയെ എല്ലായിപ്പോഴും സ്വീകരിക്കരുത്.
സന്മനസ്സ് ഉള്ളവർക്ക് ഭുമിയിൽ എവിടെയും എപ്പോഴും സമാധാനം.🙏