Tuesday 31 March 2020

ദേശപ്രകൃതിദര്‍ശനം. 8. കാദര്‍ കൊച്ചി.

ജനനം മുതല്‍ മരണം വരെ ആഹാരത്തിനും നിലനില്‍പ്പിനും ആനന്ദത്തിനും വേണ്ടി മനുഷ്യന്‍ നടത്തിയ കുറെ അന്വേഷണങ്ങളുടേയും പരിശ്രമങ്ങളുടേയും അതിനെ തുടര്‍ന്ന് ഉണ്ടായ കുറെ അനുഭവങ്ങളുടേയും ആകെതുകയാണ് ജീവിതം. പൂര്‍വ്വജന്മം, ഭ്രൂണം, ശൈശവം, ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം തുടങ്ങിയ കാലഭേദങ്ങളിലെ ആകാരങ്ങളെ മനുഷ്യപ്രകൃതി എന്ന് വിളിക്കാം. ശരീരപ്രകൃതിക്കും ജീവിതവിഷയങ്ങള്‍ക്കും ഹിതകരമായ യുക്തികള്‍ ഏതെല്ലാമാണ് എന്നത് സംബന്ധിച്ചും; ആഹാരം, ശുചിത്വം, വ്യായാമം, ഉറക്കം, പെരുമാറ്റം‍ എന്നിവയില്‍ വേണ്ട ചിട്ടകള്‍ സംബന്ധിച്ചും ഭാരതത്തിലെ പൂര്‍വ്വികര്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

ജീവിതത്തിന്‍റെ ലക്ഷ്യം പുരുഷാര്‍ത്ഥസമ്പാദനം എന്നതായിരുന്നു പൂര്‍വ്വികരുടെ ഭാഷ്യം. ധര്‍മ്മാര്‍ത്ഥകാമമോക്ഷമാണ് പുരുഷാര്‍ത്ഥം. അത് നേടാന്‍ ആയുസ്സ് വേണം. ഒപ്പം ആരോഗ്യവും വേണം.

മനസ്സ്, സപ്തധാതുക്കള്‍, മലങ്ങള്‍ എന്നിവ പരസ്പരം വൈഷമ്യമില്ലാതെ നിലകൊള്ളുമ്പോഴോ രോഗങ്ങള്‍ക്ക് കാരണമായ ദോഷങ്ങള്‍ സജീവമല്ലാതെ വരുമ്പോഴോ അനുഭവപ്പെടുന്ന ബലമാണ്‌ ആരോഗ്യം. രോഗം ഇല്ലാത്ത അവസ്ഥയും ആരോഗ്യമാണ്. ശാരീരികവും വൈകാരികവും വൈചാരികവുമായ പ്രവര്‍ത്തനങ്ങളുടെ പരമമായ ഉപയോഗം വഴി സുഖ സംതൃപ്തമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന ശരീരത്തിന്‍റെ അവസ്ഥയാണ് ആരോഗ്യം.

ദാഹം, വിശപ്പ്‌, ദഹനം, ശോധന, ഇന്ദ്രിയശേഷികള്‍, പ്രത്യേകം ശ്രദ്ധ വേണ്ടതില്ലാത്ത ശരീരാവയവങ്ങള്‍, കര്‍മ്മസാമര്‍ത്ഥ്യം, ദേഹലാഘവത്വം, മനപ്രസാദം, വേദനയില്ലായ്മ, സംതൃപ്തി എന്നിവയാണ് ആരോഗ്യത്തിന്‍റെ സാമാന്യലക്ഷണങ്ങള്‍. ധാതുക്കളുടെ പോഷണം, ധാതുക്കളുടെ ക്ഷയം, കര്‍മ്മങ്ങളുടെ നിയന്ത്രണം എന്നീ മൂന്ന് സംഗതികള്‍ ഓരോ പ്രായത്തിനും ഹിതകരമായ രീതിയില്‍ നടന്നാല്‍ ആരോഗ്യാവസ്ഥ അനുഭവിക്കാന്‍ കഴിയും.

ഏതൊരു വ്യക്തിക്കും ജീവിതകാലത്തില്‍ ഉയര്‍ന്ന ആരോഗ്യം, കുറഞ്ഞ ആരോഗ്യം, രോഗങ്ങള്‍ എന്നീ മൂന്ന് അവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വരും. പൂര്‍ണ്ണ ആരോഗ്യം, പൂര്‍ണ്ണ സുഖം, പൂര്‍ണ്ണ സംതൃപ്തി എന്നൊന്ന് ഇല്ല.

ഭൂമിയും അതിലെ ജീവജാലങ്ങളും തമ്മില്‍ എപ്പോഴും ഒരു പൊരുത്തം നിലനില്‍ക്കുന്നുണ്ട്. ആത്മാവും ജീവശക്തിയും മനസ്സും ഇന്ദ്രിയങ്ങളും ശരീരധാതുക്കളും തമ്മില്‍ പൊരുത്തം ഉണ്ട്. ധാതുക്കള്‍, അവയുടെ മലങ്ങള്‍ എന്നിവ മ്മിലും; ശരീരം, ബാഹ്യപദാര്‍ത്ഥങ്ങള്‍ എന്നിവ തമ്മിലും പൊരുത്തം ഉണ്ട്. ശുദ്ധിയും അശുദ്ധിയും തമ്മില്‍ പോലും പൊരുത്തം ഉണ്ട്. ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവ അനുഭവിക്കുന്നതിന് പൊരുത്തവുമായി ബന്ധപ്പെട്ട ചില യുക്തികള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

പഞ്ചഭൂതങ്ങള്‍ ചേര്‍ന്ന് രസങ്ങളും, രസങ്ങള്‍ ചേര്‍ന്ന് വാതം, പിത്തം, കഫം എന്നീ ബലങ്ങളും രൂപംകൊള്ളുന്നു. ഈ മൂന്നുതരം ബലങ്ങള്‍ ഏറ്റകുറച്ചിലിലൂടെ ആണെങ്കിലും ഓരോരുത്തരിലും നിലകൊള്ളുന്നുണ്ട്. ബലങ്ങള്‍ പ്രായത്തിന് ഹിതമായാല്‍ ആരോഗ്യം ലഭിക്കും. അവ വികൃതമായാല്‍ രോഗങ്ങള്‍ ഉടലെടുക്കും. ഈ രീതിയിലുള്ള ഒന്നായിരുന്നു പുരാതന ഭാരതിയരുടെ ആരോഗ്യകാഴ്ചപ്പാട്. ധാതുക്കള്‍ തമ്മിലുള്ള പൊരുത്തത്തിന് ആധാരം ജീവശക്തിയാണ് എന്നും ജീവശക്തിയുടെ ക്ഷീണം മൂലം ഉണ്ടാകുന്ന പൊരുത്തക്കേടാണ് രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് എന്നുമായിരുന്നു സാമുവല്‍ ഹാനിമാന്‍റെ അഭിപ്രായം.

അജ്ഞത, അതിമോഹം, അബദ്ധം, ബുദ്ധികുറവ്, മലങ്ങള്‍, പ്രകൃതിയുടെ ചില വികൃതികള്‍ എന്നിവ മൂലമെല്ലാം ശരീരധാതുക്കളില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഭയം, ക്ഷതം, മുറിവ്, ആഹാരമില്ലായ്മ എന്നിവ മൂലവും മാറ്റങ്ങള്‍ രൂപംകൊള്ളും. ഇത്തരം സംഗതികള്‍ ദീര്‍ഘിച്ചാല്‍ ജീവശക്തിയും ദേഹവും തമ്മിലുള്ള പൊരുത്തം തകരാറില്‍ ആകും. മനസ്സ്, ഇന്ദ്രിയങ്ങള്‍, സാരാംഗ്നികള്‍ എന്നിവ ഉള്‍പ്പെട്ട സൂക്ഷ്മഭാഗങ്ങള്‍ ദുര്‍ബലമാകും. തുടര്‍ന്ന് സ്ഥൂലദേഹവും ക്ഷീണിക്കും. പൊരുത്തക്കേട് ദീര്‍ഘിച്ചാല്‍ ദോഷങ്ങള്‍ സജീവമാകും. ജീവശക്തി ദുര്‍ബലമാകും. മൃദുരോഗങ്ങള്‍ അനുഭവിക്കേണ്ടതായി വരും.

ആരോഗ്യം പൂര്‍ണ്ണമായും നൈസര്‍ഗ്ഗികമല്ല. ആരോഗ്യത്തെ സമ്പാദിച്ച് സംരക്ഷിച്ച് അനുഭവിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. ജന്മപ്രകൃതിക്ക്, പ്രായപ്രകൃതിക്ക്, ദേശപ്രകൃതിക്ക് അനുസൃതമായ നിലയില്‍ ആരോഗ്യം സമ്പാദിക്കണം.

ആരോഗ്യം സംഘടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചില  യുക്തികള്‍ വേണം. അവ പ്രകൃതിനിയമങ്ങളെയോ ആവര്‍ത്തിച്ചുള്ള അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതോ ആകണം. ആരോഗ്യത്തെ നിലനിര്‍ത്തുന്നതും ആയുസ്സിനെ വര്‍ദ്ധിപ്പിക്കുന്നതുമായ ആശയങ്ങളെ അറിഞ്ഞ് അവയെ പിന്‍പറ്റണം. ആരോഗ്യസമ്പാദനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ ഏതെല്ലാമാണ് എന്നറിഞ്ഞ് പ്രതിരോധിക്കണം. ഹിംസ, കളവ്, ചതി, ദ്രോഹം, അസത്യവചനം തുടങ്ങിയ പാപങ്ങള്‍ ചെയ്യാതിരിക്കുക എന്നതും പ്രതികൂലമായ സാഹചര്യങ്ങളെ പരിഷ്ക്കരിക്കുക എന്നതും ഓരോരുത്തരുടെയും ധര്‍മ്മത്തില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണ്. ധര്‍മ്മാനുഷ്ഠാനം ആരോഗ്യനിലവാരത്തെ മെച്ചപ്പെടുത്തുകയും കുറെയിനം രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

ആഹാരം, ശുദ്ധി, അദ്ധ്വാനം, വ്യായാമം, വിശ്രമം, മര്യാദ എന്നിവയിലെ അനുഷ്ടാനങ്ങള്‍ ഓരോരുത്തരിലേയും ധാതുക്രമം അടിസ്ഥാനത്തില്‍ ക്രമീകരിക്കണം. മനസ്സ് അടക്കം ഉള്ള ശരീരധാതുക്കളുടെ ക്രമം ഹിതമാക്കിയാല്‍ സ്വസ്ഥത ലഭിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിച്ചുകിട്ടും. ബാല്യത്തിലും കൌമാരത്തിലും യൗവ്വനത്തിലും ഹിതകരമായ ആരോഗ്യരീതികള്‍ പാലിച്ചാല്‍ വാര്‍ദ്ധക്യത്തില്‍ പിടിപെടാന്‍ ഇടയുള്ള രോഗങ്ങളുടെ തീവ്രതയില്‍ നിന്ന് കുറെയൊക്കെ രക്ഷ നേടാനാകും. 

വായു, ജലം, അന്നം എന്നിവ ആഹാരമാണ്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ശബ്ദവും അറിവും ആഹാരമാണ്. നാം എന്ത് കഴിക്കുന്നുവോ എന്ത് ചിന്തിക്കുന്നുവോ അത് ആയിത്തീരും എന്നൊരു മഹതുവചനം ഉണ്ട്. ബീഡി മാലിന്യം പതിവായി ശ്വസിച്ചാല്‍ ബീഡിദോഷം കിട്ടും. അരി ആഹാരം പതിവായി കഴിച്ചാല്‍ അരിയുടെ ഗുണം കിട്ടും. ഒരാള്‍ രോഗത്തെ മാത്രം ചിന്തിച്ചാല്‍ വേഗം രോഗിയാകാന്‍ ഇടവരും.

ഗുരുവായ ആഹാരദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് പതിവാക്കിയാല്‍ ഗൌരവവും പുഷ്ടിയും കൂടും. ലഘുവായ ദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ ലാഘവത്വം കിട്ടും. കയ്പ്പ്, എരിവ് രസങ്ങളുള്ള ദ്രവ്യങ്ങള്‍ പൊതുവേ ലഘുയിനങ്ങളാണ്. പഴംഇല, പൂവ് (Yinഇനത്തില്‍പെട്ട ലഘു ആഹാരങ്ങള്‍ കഴിച്ചാല്‍ ദേഹവലുപ്പം കുറയും. ധാന്യം, നീളന്‍ കിഴങ്ങ് (Yangഇനത്തില്‍പെട്ട ഗുരു ആഹാരം പതിവായി കഴിച്ചാല്‍ ദേഹവലുപ്പം വര്‍ദ്ധിക്കും.

ഉത്തരാര്‍ദ്ധഗോളത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത്‌ വസിക്കുന്ന കുട്ടികള്‍ക്ക് ഉത്തരായനത്തില്‍ ലഘു ആഹാരങ്ങളും ദക്ഷിണായനത്തില്‍ ഗുരു ആഹാരങ്ങളും നല്‍കണം. ഇതിന് നേര്‍വിപരീതരീതിയില്‍ ഉള്ള ആഹാരമാണ് വാര്‍ദ്ധക്യത്തില്‍ സ്വീകരിക്കേണ്ടത്. ബാല്യത്തില്‍ ധാന്യം, പയറുകള്‍ എന്നിവ ഉള്‍പ്പെട്ട ആഹാരങ്ങള്‍ക്കും വാര്‍ദ്ധക്യത്തില്‍ പഴങ്ങള്‍ ഉള്‍പ്പെട്ട രസായനങ്ങള്‍ക്കും മുന്‍ഗണന നല്‍കണം.

കഴിക്കുന്ന ആഹാരദ്രവ്യങ്ങള്‍ മിതവും ശുദ്ധവും ആയിരിക്കണം. ആഹാരം ആവശ്യമായ അളവില്‍ കഴിച്ചാലും ആരോഗ്യം അനുഭവപ്പെട്ടുകിട്ടണമെന്നില്ല. ആഹാരം ദഹിക്കുന്നതിന് വേണ്ടതായ സാരാംഗ്നികള്‍ (Enzymes) ശരീരത്തില്‍ വേണം. പചിച്ച സാരാംശങ്ങള്‍ സഞ്ചരിക്കുന്ന ചാലുകള്‍ സുഗമമായിരിക്കണം. ആഹാരം അധിക അളവില്‍ കഴിച്ചും, ശരീരത്തെ കൊണ്ട് അനാവശ്യമായി പ്രവൃത്തികള്‍ ചെയ്യിച്ചും, നൈസര്‍ഗ്ഗികമായി നിലകൊള്ളുന്ന സാരാംഗ്നികളേയും ഹോര്‍മോണുകളേയും നേരെത്തെ ചിലവഴിച്ചുതീര്‍ക്കരുത്‌.

കേരളത്തിലെ മണ്ണില്‍ വളരുന്ന സസ്യങ്ങളിലും ഭക്ഷ്യവിളകളിലും വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നീ ഋതുക്കളില്‍ യഥാക്രമം ചവര്‍പ്പ്, എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ് എന്നീ രസഘടകങ്ങള്‍ കൂടുതലായി പ്രകൃതി അനുവദിക്കുന്നുണ്ട്. അതനുസരിച്ച് ഓരോ ഋതുക്കളിലും സ്വീകരിക്കേണ്ട ആഹാരയിനങ്ങള്‍ ദേഹപ്രകൃതി അനുസരിച്ച് ചിട്ടപ്പെടുത്തണം. ബാല്യത്തില്‍ ഋതുഹിത ആഹാരയിനങ്ങള്‍ക്കും വാര്‍ദ്ധക്യത്തില്‍ ഋതുവിപരീതയിനങ്ങള്‍ക്കും രോഗപ്രകൃതിക്കും മുന്‍‍‍‌ഗണന നല്‍കണം. ദേഹധാതുക്കള്‍ കൂടിയവര്‍ അതാത് ആഹാരയിനങ്ങളെ കുറയ്ക്കണം. ധാതുക്കള്‍ കുറഞ്ഞത്‌ മൂലമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ സ്വജാതിയില്‍പ്പെട്ട ആഹാരയിനങ്ങള്‍ ഋതുക്കള്‍ക്ക് അനുസരിച്ച് സ്വീകരിക്കണം.

ആരോഗ്യക്കുറവിന് ധാതുമലങ്ങളും ബാഹ്യമാലിന്യങ്ങളും കാരണമാണ്. ഓരോ ധാതുക്കളില്‍ നിന്നും സ്വാഭാവികമായി ഉടലെടുക്കുന്ന മലങ്ങള്‍ ചില കര്‍മ്മങ്ങള്‍ ചെയ്യുകയും എളിയ തോതില്‍ ബലങ്ങളെ നല്‍കുകയും ചെയ്യുന്നുണ്ട്. മലങ്ങള്‍ അധികരിച്ച് മറ്റു ധാതുക്കളില്‍ എത്തിച്ചേര്‍ന്നാല്‍ ധാതുക്രമം തെറ്റും, രോഗാണുസംക്രമണം വര്‍ദ്ധിക്കും, വിഷങ്ങളെ നേരിടാനും നിര്‍മാര്‍ജനം ചെയ്യാനുമുള്ള ശേഷി കുറയും, ആരോഗ്യം ക്ഷയിക്കും.

ഓരോരുത്തരും അവരുടെ ദേഹപ്രകൃതിക്ക് വിപരീതമായ ഭൂപ്രദേശത്താണ് വസിക്കേണ്ടത്. ഓരോ ഭൂപ്രദേശത്ത് നിന്നും ദേശഗുണത്തിന് നേര്‍വിപരീതമായ ആഹാരദ്രവ്യങ്ങളാണ് പ്രകൃതി അനുവദിക്കുന്നത്. എഴുപത് കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകുന്ന ആഹാരയിനങ്ങള്‍ അതാത് ദേശക്കാര്‍ക്ക് ഇണങ്ങുന്നത് ആയിരിക്കും. പ്രാദേശികമായി ലഭിക്കുന്ന ദ്രവ്യങ്ങള്‍ തലമുറകളായി ആഹാരമായി ഉപയോഗിച്ച് പോന്നതുമൂലം അവയില്‍ നൈസര്‍ഗ്ഗികമായി കലര്‍ന്നിട്ടുള്ള മാലിന്യങ്ങളും ശരീരത്തോട് കുറച്ചൊക്കെ ഇണങ്ങും. അന്യദേശത്ത്‌ പതിവായി വസിക്കേണ്ടിവന്നാല്‍ തന്നെയും ദേഹപ്രകൃതിക്ക് സമാനമായ ആഹാരദ്രവ്യങ്ങള്‍ തന്നെ സ്വീകരിക്കണം.

ഋതുക്കള്‍, ദേശം എന്നിവ കൂടാതെ സാഹചര്യങ്ങള്‍‍‍, സഹജീവികള്‍‍‍ എന്നിവ സംബന്ധിച്ചും ഒരു സ്വതന്ത്ര ധാരണ സ്വായത്തമാക്കണം. ആരോഗ്യകരമായ സാഹചര്യങ്ങള്‍ ആരോഗ്യത്തെ സൃഷ്ടിക്കും. രോഗസാഹചര്യങ്ങള്‍‍‍‍‍ രോഗങ്ങളെ സൃഷ്ടിക്കും. കാലം, അര്‍ത്ഥം, കര്‍മ്മം എന്നിവയിലെ അഹിതം പോലെ സാഹചര്യങ്ങള്‍ അഹിതമായാല്‍ കപടനിജരോഗങ്ങള്‍ ഉടലെടുക്കും.  ദോഷങ്ങള്‍ സജീവമായാല്‍ നിജരോഗങ്ങള്‍ പിടിപെടും. സാമൂഹ്യവും ദേശപരവുമായ എല്ലാതരം സാഹചര്യങ്ങളോടും ഇണങ്ങണം. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കില്‍ കുറച്ചുനാള്‍ അവയെ സഹിക്കണം. പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കാന്‍ പരിശ്രമിക്കണം. ഭൂരിപക്ഷം ആളുകളും സാഹചര്യങ്ങളുടെ അടിമകളാണ്. സാഹചര്യങ്ങള്‍ വ്യക്തിയെ ഉപയോഗിക്കുന്ന പ്രവണത അനുവദിക്കരുത്.

പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ മൂലം രോഗങ്ങള്‍ ഉടലെടുക്കുമെന്നും സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കേണ്ടത് ആരോഗ്യത്തിന് ആവശ്യമാണ് എന്നുമുള്ള നിഗമനത്തിന് പഴക്കം ഏറെയുണ്ട്. നാട്ടുല്‍സവങ്ങള്‍, ആഘോഷങ്ങള്‍‍, കുടുബാചാരങ്ങള്‍, ചടങ്ങുകള്‍ എല്ലാം ആരോഗ്യത്തെ ലക്‌ഷ്യംവെച്ചുകൊണ്ട് ഭൂതകാലത്ത് രൂപപ്പെട്ട രീതികളാണ്. നിലവിലുള്ള ആചാരങ്ങളില്‍ ഗുണപരമായി തോന്നുന്നവയെ പരിഷ്ക്കരിച്ച് സ്വീകരിക്കണം.

ആയുസ്സ് ഉള്ള എല്ലാ ജീവികളും ആനന്ദം കാംക്ഷിക്കുന്നുണ്ട്. കര്‍മ്മം ചെയ്താണ് അവ അത് അനുഭവിക്കുന്നത്. മനുഷ്യന്‍റെ ദീര്‍ഘായുസ്സിന്‍റെ ആധാരം അവന്‍റെ വിവേകമാണ്. ആനന്ദം സംഘടിപ്പിക്കാന്‍ ചിലര്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നു. ആനന്ദം എന്നത് സംബന്ധിച്ചും, അത് സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ചും ചിലര്‍ പരമ്പരാഗതമായും ഏകപക്ഷീയമായും സാര്‍ത്ഥപരമായും ബോധപൂര്‍വ്വം തലമുറകളെ തെറ്റിദ്ധരിപ്പിച്ചുപോന്നിട്ടുണ്ട്. അതുമൂലം നിരവധി ആളുകള്‍ക്ക് സത്യം അറിയാനും ആനന്ദം അനുഭവിക്കാനും കഴിയാതെയും വന്നുപോയിട്ടുണ്ട്.

മറ്റുള്ളവരെ അവനവനെ പോലെ കണക്കാക്കുന്നതാണ് സദാചാരം. ആരോഗ്യം, ആനന്ദം, സുഖം, സദാചാരം, മര്യാദ, പരോപകാരം എന്നിവയെല്ലാം ഒരുതരം മാത്രമാണ്. രോഗം, ദ്രോഹം, ദുരാചാരം, തിന്മ, ദുഃഖം, കാപട്യം, സങ്കല്‍പ്പം എന്നിവ പലതരത്തിലുണ്ട്. അതുകൊണ്ട് പരിഹാരരീതികള്‍ നിരവധിയാണ്.

സുഖം, സംതൃപ്തി എന്നിവ അനുഭവിക്കാന്‍ പൊതുവായി എല്ലാവര്‍ക്കും അവലംബിക്കാവുന്ന മാര്‍ഗ്ഗം ആരോഗ്യമാണ്. ആരോഗ്യമാണ് സമ്പാദിക്കേണ്ടത്. അതിനെ കുറിച്ചാണ് പൊതുവേ ചര്‍ച്ച ചെയ്യേണ്ടത്. അതിനുള്ള വിഭവങ്ങളാണ് മനുഷ്യന്‍ പ്രാഥമികമായി ചുറ്റും ഒരുക്കേണ്ടത്.

ആരോഗ്യസംരക്ഷണത്തിനും രോഗനിര്‍മാര്‍ജ്ജനത്തിനും അവലംബിക്കാവുന്ന പ്രാദേശിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതിന് പ്രകൃതിയെ പ്രാദേശികമായും സൂക്ഷ്മമായും അന്വേഷിച്ച് അറിയണം. ധ്രുവദേശങ്ങളിലും മിതശീതോഷ്ണദേശങ്ങളിലും സാധാരണമായി പിടിപെട്ടുപോരുന്ന രോഗങ്ങളും അതിനുവേണ്ടി ശീതരാജ്യങ്ങളില്‍ സാര്‍വത്രികമായി നടപ്പാക്കിയ രോഗപരിശോധനാരീതികളും പ്രതിരോധമാര്‍ഗ്ഗങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും മറ്റും ഒക്കെയാണ് ഉഷ്ണമേഖലാരാജ്യങ്ങളിലെ പരിഷ്കൃത സമൂഹത്തില്‍പ്പോലും ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രാബല്യത്തില്‍ വരുത്താന്‍ വെപ്രാളം കാണിക്കുന്നത്. പ്രാദേശികമായി കണ്ടുപോരുന്ന രോഗങ്ങളോ സാധാരണക്കാര്‍ അനുഭവിച്ചുപോരുന്ന പ്രയാസങ്ങളോ ഭേദമാക്കാന്‍ സഹായിക്കുന്ന പ്രാദേശിക മരുന്നുകളോ ഭേദമായ രോഗയിനങ്ങളോ ഒന്നുംതന്നെ നിര്‍ഭാഗ്യവശാല്‍ വിഷയങ്ങള്‍ ആകാറില്ല.

ചുമര്‍ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയുകയുള്ളൂ. ദേഹത്തെ എപ്പോഴും ക്ഷീണിക്കാതെ സ്തംഭിക്കാതെ തടിക്കാതെ ക്ഷയിക്കാതെ സംരക്ഷിച്ച് നിലനിര്‍ത്തണം. ഓരോ ഋതുക്കളിലും ധാതുക്കളില്‍ സംഭവിക്കാനിടയുള്ള പരിണാമം, ക്ഷയം എന്നിവയെ തിരിച്ചറിഞ്ഞ്  സാവധാനത്തിലാക്കണം. അതിന് ദേഹത്തെ കുറിച്ച് സൂക്ഷ്മമായും യുക്തിസഹജമായും അറിയണം. സാരാംഗ്നികള്‍ വേഗത്തില്‍ തീര്‍ന്നുപോകാതെ സംരക്ഷിക്കണം. അവനവന് ഹിതകരമായ ഏതാനും ആരോഗ്യനിയമങ്ങള്‍ അന്വേഷിച്ചറിഞ്ഞ് അത് എഴുതി സൂക്ഷിച്ചുവെച്ച് ഇടയ്ക്കിടെ വായിച്ച് സന്ദര്‍ഭോചിതമായി പാലിക്കണം. അവിടെയും ഇവിടെയും മറ്റും അവ്യക്തമായി കേട്ടത് അനുകരിക്കരുത്.

ചിലയിനം പ്രയാസങ്ങളുടെ മൂലകാരണം പാപകര്‍മ്മങ്ങളാണ്. അവയില്‍ നിന്ന് വിട്ടുനില്‍ക്കണം. തെറ്റ് ചെയ്തുപോയാല്‍ അധികം വൈകാതെ തന്നെ പ്രായശ്ചിത്വം ചെയ്യണം. മുന്‍ജന്മപാപങ്ങളുടെ പരിഹാരത്തിനായി പരോപകാരകര്‍മ്മങ്ങള്‍ നിരന്തരം ചെയ്യണം.

ബലിയും മഹാബലിയും നടത്തണം. ദാനകര്‍മ്മത്തിനായി, ഔഷധശേഖരണത്തിനായി തീര്‍ഥയാത്രകള്‍ ചെയ്യണം. ബന്ധുക്കളോടും അയല്‍വാസികളോടുമുള്ള സുഹൃദ്ബന്ധങ്ങളെ പരിഷ്ക്കരിക്കണം. അവരില്‍ നിന്ന് നേരിടേണ്ടിവന്ന അപരാധങ്ങള്‍ വലുതായാലും പൊറുക്കണം. വിനയവും നന്‍മയും ആയിരിക്കണം ജീവിതത്തിലെ വഴികാട്ടികള്‍‍. ഇന്ദ്രിയശ്രദ്ധ വഴിയും യുക്തിചിന്ത വഴിയും ബുദ്ധിയെയും വിവേകത്തെയും ഇടയ്ക്കിടെ പോഷിപ്പിക്കണം. ബുദ്ധി ഉപയോഗിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. മാനസികാരോഗ്യം മെച്ചപ്പെട്ടാല്‍ സ്വാഭാവികമായി ശാരീരികാരോഗ്യവും വര്‍ദ്ധിക്കും.

ബാല്യവും യൌവനവും വാര്‍ദ്ധക്യവും എന്നപോലെ ആരോഗ്യവ്യം രോഗവും മരണവും യാഥാര്‍ഥ്യമാണ്. ആരോഗ്യം ഒരു തരം, രോഗം പലതരം എന്ന് കണക്കാക്കണം. രോഗഓര്‍മ്മകളെ ഒഴിവാക്കണം. ആരോഗ്യസംരക്ഷണമാണ് രോഗപരിഹാരത്തേക്കാള്‍‍‍ ലളിതം എന്ന് തിരിച്ചറിയണം.

വാര്‍ദ്ധക്യത്തില്‍ ആരോഗ്യം എന്നതും ദീര്‍ഘായുസ്സ് എന്നതും പ്രതീക്ഷയാണ്‌.സുഖം, സന്തോഷം, സംതൃപ്തി എന്നിവ അനുഭവിക്കാന്‍ ഉതകുംവിധം ആഹാരം, വ്രതം, ശുദ്ധി, വിശ്രമം,വ്യായാമം, മനോനിയന്ത്രണം തുടങ്ങിയ ഘടകങ്ങളിലെ നിയമങ്ങള്‍ ജീവിതത്തില്‍ ഉടനീളവും വാര്‍ദ്ധക്യത്തില്‍ പ്രത്യേകമായും പാലിക്കണം.

No comments:

Post a Comment