ശരീരത്തില്‍ വേണ്ടതായ ധാതുക്കള്‍, മലങ്ങള്‍ എന്നിവ ക്രമത്തിലധികം വര്‍ദ്ധിക്കാതെയും ക്ഷയിക്കാതെയും സൌമ്യത്തില്‍ നിലകൊള്ളുന്ന അവസ്ഥയാണ് ആരോഗ്യം. ധാതുവൈഷമ്യം സംഭവിച്ചാല്‍, ദോഷങ്ങള്‍ സജീവമായാല്‍, വിഷം ഏറ്റാല്‍ എല്ലാം രോഗങ്ങള്‍ ഉടലെടുക്കും. ആരോഗ്യമായാലും രോഗമായാലും അത് കുറെയൊക്കെ ദ്രവ്യാധിഷ്ടിതമാണ്. ദ്രവ്യങ്ങള്‍ കൊണ്ട് ആരോഗ്യം സംഘടിപ്പിക്കാനും ക്രമീകരിക്കാനും വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ പരിഹരിക്കാനും കഴിയും. ധാതുവൈഷമ്യത്തെ പരിഹരിക്കുക, ദോഷശക്തികളെ ശമിപ്പിക്കുക, ക്ഷീണിച്ച ജീവശക്തിയെ പോഷിപ്പിക്കുക, വിഷത്തെ നിര്‍വ്വീര്യമാക്കുകയും ശോധിപ്പിക്കുകയും ചെയ്യുക, മനസ്സിന്റെ രജസ്, തമസ് ഗുണങ്ങളെ ക്രമീകരിക്കുക, രോഗലക്ഷണങ്ങളെ ഇല്ലാതാക്കുക, സന്തോഷം സംഘടിപ്പിക്കുക, ആയുസ്സ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയെല്ലാം ചികിത്സയുടെ ഭാഗങ്ങളാണ്. ചികിത്സയെ സഹായിക്കുന്ന ഘടകങ്ങളെയാണ് ഔഷധം എന്ന് പറയുന്നത്. ഈ ലോകത്തുള്ള എല്ലാം ദ്രവ്യങ്ങളും ഔഷധമാണ്. ആഹാരവും ഔഷധമാണ്.
മനുഷ്യന്‍റെ ഉല്‍പത്തിക്ക് മുന്‍പേതന്നെ പ്രകൃതി അവനെ ഔഷധസസ്യങ്ങളെ
നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. ചരിത്രാരംഭകാലം മുതല്‍ മനുഷ്യന്‍ സസ്യങ്ങളെ രോഗപരിഹാരത്തിനായി ഉപയോഗിച്ചുപോന്നിട്ടുണ്ട്. ആഹാരത്തിന്‍റെയും ഔഷധത്തിന്‍റെയും ശക്തിക്ക് ആധാരം യഥാക്രമം സൂര്യനും ചന്ദ്രനും എന്ന സങ്കല്‍പ്പത്തിലാണ് പൂര്‍വ്വികര്‍ ജീവിതാചാരങ്ങളെ ചിട്ടപ്പെടുത്തിയത്. ഓരോ ദേശങ്ങളിലും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് വേണ്ട മരുന്നുകള്‍ അതാത് പ്രദേശത്തുനിന്ന് ലഭിക്കുമെന്നും അവര്‍ വിശ്വസിച്ചു.
ഔഷധത്തിന്‍റെ കണ്ടുപിടിത്തത്തിലേക്ക് മനുഷ്യനെ നയിച്ചത് വേദന ആയിരുന്നിരിക്കണം. തടവുക, ഉഴിയുക, ചൂടുപിടിക്കുക, അഗ്നി ഉപയോഗിച്ച് പൊള്ളിക്കുക, കേടായ ഭാഗങ്ങള്‍ എടുത്തുകളയുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ ആദ്യകാലം തൊട്ടുതന്നെ അവലംബിച്ചിട്ടുണ്ടാകണം. ആദ്യം വ്യാപകമായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടാവുക ദേഹത്തില്‍ ഏറ്റ മുറിവ് ഉണങ്ങാന്‍ വേണ്ടിയുള്ള മരുന്നുകള്‍ ആയിരിക്കണം. യുദ്ധപരിക്കുകള്‍, രാജാക്കന്‍മാരുടെ ആരോഗ്യാവശ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്നീട് വൈദ്യം വിപുലപ്പെട്ടത്. കൊട്ടാരവൈദ്യം കൈകാര്യം ചെയ്തുപോന്നിരുന്നത് രാജാക്കന്മാര്‍ തന്നെ ആയിരുന്നു. ഈജിപ്തിലെ ഇംഫോടെപ് (ബി സി 2650 -2600) ഡോക്ടര്‍ ആയിരുന്നു. കാശിരാജാവ് ആയ ദേവദാസന്‍ വൈദ്യന്‍ ആയിരുന്നു, പാണ്ഡവരിലെ നകുലന്‍ വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. സുശ്രുതന്‍ രാജാവായിരുന്നു.
ഔഷധങ്ങളുടെ ഗുണങ്ങള്‍
ഔഷധഗുണങ്ങളുടെ വിവരശേഖരണമാണ് മെറ്റീരിയ മെഡിക്ക. വിത്യസ്ത ദേഹപ്രകൃതിയുള്ള ആരോഗ്യവാന്മാരിലും നാനാവിധ രോഗികളിലും ദ്രവ്യങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പഠിച്ചാണ് ഔഷധങ്ങളുടെ രോഗനിവാരണശേഷി കണ്ടെത്തുന്നത്. മരുന്നുകളുടെ സ്ഥൂലഔഷധഗുണം ആധാരമാക്കി വ്യാധിവിപരീതത്തില്‍ പ്രയോഗിക്കാന്‍ ഉതകുന്ന നിലയില്‍ വിവരിക്കുന്നവയും, ആരോഗ്യവാനില്‍ ദ്രവ്യങ്ങളുടെ സൂക്ഷ്മഅംശങ്ങള്‍ സൃഷ്ടിക്കുന്ന കൃത്രിമരോഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതും ആയ രണ്ടുതരം മെറ്റീരിയ മെഡിക്ക ഇന്ന് ലഭ്യമാണ്.
ഔഷധ
വിഭാഗങ്ങള്‍
ഔഷധങ്ങളെ ദ്രവ്യങ്ങള്‍, അദ്രവ്യങ്ങള്‍ എന്ന് തരംതിരിക്കാം. ദ്രവ്യങ്ങള്‍ ഭൌതികങ്ങളാണ്. അവ ജന്തുക്കളില്‍ പരീക്ഷിച്ചാല്‍ അവയുടെ രോഗനിവാരണശേഷി ഭാഗികമായി കണ്ടെത്താന്‍ കഴിയും. ഔഷധത്തിന്‍റെ ഭൌതികഗുണം അറിയാനായാല്‍ അതിന്‍റെ കര്‍മ്മം കുറച്ചൊക്കെ ഊഹിക്കാനും സാധിക്കും. ദ്രവ്യങ്ങളുടെ ഗുണം കുറെയൊക്കെ രുചികളുടെ അടിസ്ഥാനത്തില്‍ ഊഹിക്കാം. ലോഹദ്രവ്യങ്ങളുടെ ഔഷധഗുണം അവയുടെ നിറം, രുചി എന്നിവ മുഖേനെ അറിയാന്‍ കഴിയുകയില്ല.
ഉപ്പ് കുറഞ്ഞ അളവില്‍ ഉഷ്ണമാണ്. അധികം അളവില്‍ ആമാശയത്തില്‍ എത്തിയാല്‍ വിപാകത്തില്‍ മധുരമായി പരിണമിച്ച് ശീതമാകും. കയ്പ്പ്, ചവര്‍പ്പ് എന്നിവ ലഘുഅളവില്‍ ശീതമാണ്. വിപാകത്തില്‍ അത് ഉഷ്ണമാകും. ചില ദ്രവ്യങ്ങള്‍ക്ക് പാകം, വിപാകം എന്നീ ഭാവങ്ങള്‍ കൂടാതെ പ്രഭാവം എന്നൊരു ഗുണം കൂടിയുണ്ട്. മത്സ്യം, തേന്‍, മുതിര, ശര്‍ക്കര, ആവണക്ക്, കാഞ്ഞിരം എന്നിവ ഉഷ്ണം പ്രകടിപ്പിക്കുന്നത് പ്രഭാവം മൂലമാണ്. പാല്‍, നെയ്യ് എന്നിവ ശീതം ആണെങ്കിലും ചിലരില്‍ അത് ഉഷ്ണം പ്രകടിപ്പിക്കും. കടുക്ക വിപാകത്തില്‍ മധുരം ആണെങ്കിലും വീര്യം ഉഷ്ണമാണ്. ഇഞ്ചി എരിവ് ആണെങ്കിലും വിപാകത്തില്‍ മധുരമാണ്. ചില ദ്രവ്യങ്ങള്‍ കൂടിയ അളവില്‍ ഭാവവും സൂക്ഷ്മഅളവില്‍ പ്രഭാവം പ്രകടമാക്കും. ചില ദ്രവ്യങ്ങള്‍ സ്ഥൂലഅളവിലും മറ്റുചിലത് സൂക്ഷ്മഅളവിലും നിര്‍ഗുണങ്ങളാണ്. തിലപുഷ്പി, സര്‍പ്പഗന്ധി, സിങ്കോണ തുടങ്ങിയ മരുന്നുകള്‍ രണ്ടു രൂപത്തിലും സജീവമായി പ്രവര്‍ത്തിക്കും.
ശരീരം, മനസ്സ് എന്നിവയെ പോഷിപ്പിക്കുന്നത് ക്ഷയിപ്പിക്കുന്നത് എന്നിങ്ങനെയും
ദ്രവ്യങ്ങളെ തരംതിരിക്കാം.
ശരീരത്തെ പോഷിപ്പിക്കുന്നത്
|
മധുരം, ഉപ്പ്, പുളി
ഇനങ്ങള്‍.
|
ശരീരത്തെ ക്ഷയിപ്പിക്കുന്നത്
|
എരിവ്, കയ്പ്പ്,
ചവര്‍പ്പ്.
|
മനസ്സിനെ പോഷിപ്പിക്കുന്നത്
|
ഉപ്പ്.
|
മനസ്സിനെ ക്ഷയിപ്പിക്കുന്നത്
|
ചവര്‍പ്പ്
ഇനങ്ങള്‍.
|
സാന്ത്വനം, ക്ഷോഭിപ്പിക്കല്‍, പേടിപ്പിക്കല്‍, ശകാരിക്കല്‍, സന്തോഷിപ്പിക്കല്‍, ഞെട്ടിപ്പിക്കല്‍, ഉറക്കം, ഉറക്കായ്ക, തലോടല്‍, ഉഴിഞ്ഞുകളയല്‍, വട്ടംകറക്കല്‍, ശുഭാശംസ നേരല്‍, പ്രാര്‍ത്ഥന, ഉപവാസം (ക്ഷേത്രത്തിലെ വിശ്രമം), വ്രതം, കാറ്റ്, വെയില്‍, തണല്‍, പുക, മന്ത്രം, വഴിപാട്, രത്നധാരണം തുടങ്ങിയ രോഗശമന ഉപാധികളാണ് അദ്രവ്യങ്ങള്‍.
സസ്യ ഔഷധങ്ങള്‍
മനുഷ്യന്‍ എന്നാല്‍ സസ്യത്തില്‍ (മാനുഷ) നിന്ന് രൂപംപ്പെട്ടത് എന്നും അര്‍ത്ഥമുണ്ട്. സസ്യനിര്‍മ്മിതമായ ശരീരത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഉചിതം സസ്യങ്ങള്‍ തന്നെയാണ്. സസ്യങ്ങളിലെ ആഹാരയോഗ്യമല്ലാത്ത ഭാഗങ്ങളിലാണ് ഔഷധശക്തി കൂടുതലായി നിലകൊള്ളുന്നത്. സസ്യഔഷധങ്ങളുടെ സ്ഥൂലസാരാംശങ്ങളാണ് മാതൃസത്തുകള്‍. ശരീരത്തിലെ സാരാംഗ്നികള്‍ക്ക് ബദലായും ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകും. സസ്യഔഷധ പ്രധാനമായ ചികിത്സാരീതിയാണ് ഹോമിയോപ്പതി.
ഭൌമ ഔഷധങ്ങള്‍
ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണം, രസം, ഇരുമ്പ്, ആര്‍സെനിക് തുടങ്ങിയ ദ്രവ്യങ്ങളെ പ്രത്യേകം സംസ്ക്കരിച്ച് എടുക്കുന്നതാണ് ഭൗമഔഷധങ്ങള്‍. പ്രത്യേക രുചിയില്ലാത്ത ദ്രവ്യങ്ങളാണ് ലോഹങ്ങള്‍. സ്ഥൂല അവസ്ഥയില്‍ അവയുടെ ഔഷധഗുണങ്ങള്‍ സുഷുപ്തരൂപത്തിലാണ്. ശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ച് നോക്കി മാത്രമേ അവയുടെ ഗുണം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
രോഗചികിത്സയില്‍ രാസഔഷധങ്ങള്‍ ആവിഷ്കരിച്ചത് പാരാസെല്‍സസ് (1493 -1541, സ്വിറ്റ്സര്‍ലന്‍ഡ്) ആയിരുന്നു. രാസഔഷധങ്ങളില്‍ പലതും മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാന്‍ കെല്‍പ്പുള്ളവയാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് അവയെ ഉപയോഗിക്കേണ്ടത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഇരുമ്പ്, ഈയ്യം, ചെമ്പ്, നാകം, രസം, ഗന്ധകം, സ്വര്‍ണ്ണം തുടങ്ങിയവയെ സംസ്ക്കരിച്ച് സൂക്ഷ്മമാക്കിയാല്‍ അവയ്ക്ക് ജീവശക്തി, മനസ്സ്, സൂക്ഷ്മ ദേഹഭാഗങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി കൈവരും. സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയിലും ലോഹഅംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാതുലോഹങ്ങള്‍ക്ക് പകരമായി ജൈവലോഹങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ ശരീരം അവയെ വേഗത്തില്‍ സ്വീകരിക്കും.
ഭൌമ ഔഷധങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍
ഇരുമ്പ്
|
മുട്ടയുടെ
ഉണ്ണി, കരള്‍, ഞണ്ട്, തേങ്ങ, മല്ലി, സിങ്കോണ, ആല്‍ഫാല്‍ഫ, ഗോതമ്പ്, ചീര,
എള്ള്,
കടുക്, നിലക്കടല. |
ഈയം
|
മത്സ്യങ്ങള്‍, കക്ക.
|
ചെമ്പ്
|
കാഞ്ഞിരം, കരള്‍, ബീഫ്, തക്കാളി, പാല്‍.
|
മെര്‍ക്കുറി
|
കടല്‍പ്പായല്‍, കറുകപ്പട്ട, കക്ക,
സ്രാവ്,
കൊമ്പന്‍സ്രാവ്, വാള്‍മത്സ്യം, ടൂണ, രാജഅയില, ലഘുഫലം.
|
ആര്‍സെനിക്
|
കോഴിമുട്ടയുടെ വെള്ള, കോഴിമാംസം, കടുക്, അരി, അരിത്തവിട്.
|
സ്വര്‍ണ്ണം
|
മുന്തിരിയുടെ
തൊലി, ആല്‍ഫാല്‍ഫ, തുളസി.
|
ഗന്ധകം
|
വെളുത്തുള്ളി, ഉള്ളി,
കായം.
|
ജംഗമ ഔഷധങ്ങള്‍
ജന്തുക്കളില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ പാല്‍, നെയ്യ് തുടങ്ങിയവയാണ് ജംഗമഔഷധങ്ങള്‍.
ഔഷധങ്ങളുടെ
ഗുണനിര്‍ണ്ണയം
മനസ്സ്, ഇന്ദ്രിയങ്ങള്‍, അവയവങ്ങള്‍, ദേഹഭാഗങ്ങള്‍ എന്നിവയില്‍ ഔഷധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കൃത്രിമവിഷമതകള്‍ ഏതെല്ലാമാണ് എന്ന് കൃത്യമായി അറിയുന്നതിന് ആരോഗ്യവാന്മാരില്‍ പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. ഔഷധത്തിന്‍റെ സൂക്ഷ്മഗുണങ്ങള്‍ അറിയാന്‍ വേണ്ടി ജീവശക്തി, മനോബലം, ദേഹബലം എന്നിവ മെച്ചപ്പെട്ടനിലയില്‍ ഉള്ള ആരോഗ്യവാന്മാരില്‍ മരുന്ന് പരീക്ഷിക്കുന്ന രീതിയാണ് ഡ്രഗ് പ്രൂവിംഗ്.
ജൈവവളം ചേര്‍ത്ത് കൃഷിചെയ്ത ധാന്യങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നവരുടെ ശരീരത്തില്‍ രാസഅംശങ്ങളുടെ തോത് കുറവായിരിക്കും. വിഷാംശം ഏല്‍ക്കാത്ത ആള്‍ താരതമ്യേനെ ആരോഗ്യവാനും ബലവാനും ദഹനശേഷി ഉള്ളവനും ആയിരിക്കും. പരീക്ഷണത്തിനായി ഇത്തരക്കാരില്‍ മരുന്ന് പ്രയോഗിക്കുമ്പോള്‍ വേഗത്തില്‍ ദഹിച്ച് നിര്‍വ്വീര്യമാകാതെ ലക്ഷണങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ അവ അധികം അളവിലും വീര്യത്തിലും പരീക്ഷിക്കേണ്ടതുണ്ട്. പ്രൂവിംഗിന് വിധേയനാകുന്ന ആളിന്‍റെ ശരീരപ്രകൃതി (ഉഷ്ണം / ശീതം), ഔഷധത്തിന്‍റെ വീര്യം, പാകം, വിപാകം, പ്രഭാവം എന്നിവ എല്ലാം അനുസരിച്ചാണ് ഔഷധത്തിന്‍റെതായ ലക്ഷണങ്ങള്‍ രൂപംകൊള്ളുന്നത്.
പ്രൂവിംഗ് ചെയ്യുമ്പോള്‍ ആദ്യഘട്ടത്തില്‍ മരുന്നിന്‍റെ നേര്‍പ്പിച്ചതോ ആവര്‍ത്തിപ്പിച്ചതോ ആയ രൂപം (24x, 12x, 6x, 3x) തയ്യാറാക്കി അത് കഴിച്ചോ കഴിപ്പിച്ചോ മനോലക്ഷണങ്ങള്‍ ശേഖരിക്കണം. ദേഹലക്ഷണങ്ങള്‍ അറിയുന്നതിന് അധികം നേര്‍പ്പിക്കാത്ത അളവില്‍ ഉപയോഗിക്കണം. വിഷസ്വഭാവം അറിയുന്നതിന് ഒട്ടും തന്നെ നേര്‍പ്പിക്കാത്ത മരുന്ന് അധികം അളവില്‍ ആദ്യം ജന്തുക്കളിലും ശേഷം മനുഷ്യരിലും പ്രയോഗിച്ചുനോക്കണം.
ഉഷ്ണയിനത്തിലും ശീതയിനത്തിലും ഉള്‍പ്പെട്ട ആളുകളില്‍ മരുന്ന് പരീക്ഷിക്കണം. അനുഭവപ്പെട്ട ലക്ഷണങ്ങള്‍ പ്രയോഗിച്ച മരുന്നിന്‍റേത് മാത്രമായിരുന്നു എന്നു ഉറപ്പാക്കാന്‍ പരീക്ഷണം നിരവധി തവണ ആവര്‍ത്തിക്കണം. ആരോഗ്യവാനായ ഒരാളില്‍ പ്രത്യേകയിനം കൃത്രിമവിഷമതകള്‍ രൂപപ്പെട്ടുകാണുന്നത് രോഗങ്ങളുടെ ഉറവിടകേന്ദ്രങ്ങളില്‍ അത്തരം ദ്രവ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതിന്‍റെ സൂചനയായി കണക്കാക്കാവുന്നതാണ്.
ഹോമിയോപ്പതിയുടെ ആരംഭഘട്ടത്തില്‍ ചര്‍മ്മം വെളുത്തവരിലും ഉഷ്ണദേഹപ്രകൃതിക്കാരിലുമാണ് ഔഷധങ്ങള്‍ മുഖ്യമായും പ്രൂവിംഗ് ചെയ്തത്. ഔഷധങ്ങള്‍ സ്പിരിറ്റില്‍ കലര്‍ത്തിയല്ല പരീക്ഷിച്ചത്, ജലത്തില്‍ കലര്‍ത്തിയാണ്. അമേരിക്കയിലെ ഭിഷഗ്വരനായിരുന്ന ജയിംസ് ടൈലര്‍ കെന്‍റ് (1849 -1916) പുതിയ സസ്യമരുന്നുകള്‍ ഒന്നും ആരോഗ്യവന്മാരില്‍ പരീക്ഷിച്ചിരുന്നില്ല. Alumina phos, Alumina silicata, Calcarea silicate, Aurum ars, Aurum iodide തുടങ്ങിയ ഏതാനും മരുന്നുകള്‍ മാത്രമാണ് അദ്ദേഹം പരീക്ഷിച്ചത്. മരുന്നുപ്രയോഗം മൂലം രോഗബാധിതരില്‍ രൂപപ്പെട്ട പുതിയ ലക്ഷണങ്ങളാണ് അദ്ദേഹം ശേഖരിച്ചത്. മെറ്റീരിയ മെഡിക്കയും ബ്ര്യഹത്തായ ഒരിനം റിപ്പെട്ടൊറിയും അദ്ദേഹം തയ്യാറാക്കി എന്നതും, അതിന്‍റെ അടിസ്ഥാനത്തില്‍ ശിഷ്യഗണങ്ങള്‍ വിശ്വാസപൂര്‍വ്വം ചികിത്സ നടത്തിയിരുന്നു എന്നതും
ഒരു വസ്തുതയാണ്.
ഔഷധച്ചെടിയില്‍ പഴയകാലത്ത് കണ്ടെത്തിയതായി രേഖപ്പെടുത്തിയ ഔഷധഗുണങ്ങളെ ആസ്പദമാക്കിയാണ് ഇപ്പോഴും രോഗങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചുപോരുന്നത്. വിത്ത്, മണ്ണ്, കാലാവസ്ഥ, കൃഷിരീതി എന്നിവ മാറുമ്പോള്‍ മരുന്നിന്‍റെ ഗുണത്തില്‍ മാറ്റം ഉണ്ടാകും. മാറ്റം ഉണ്ടാകാത്ത സസ്യയിനങ്ങളും ഉണ്ട്. പണ്ട് ഉണ്ടായിരുന്ന ആല്‍ഫാല്‍ഫ ഇനങ്ങളല്ല ഇന്നുള്ളത്. ഇന്ന് GMO ഇനങ്ങളാണ്.
സ്പിരിറ്റില്‍ കലര്‍ത്തി നേര്‍പ്പിച്ച് തയ്യാറാക്കിയ മരുന്നിനെ Dilution എന്നാണ് പറയുന്നത്. ഇവ ലഘുവും ജലലേയവുമാണ്. ശരീരദ്രാവകങ്ങളില്‍ എളുപ്പം കലരും. മൂത്രം വഴി എളുപ്പം വിസര്‍ജിക്കപ്പെടുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ഇല്ല. സ്പിരിറ്റില്‍ കലരാത്തവയെ “ഷുഗര്‍ ഓഫ് മില്‍ക്ക്” പൊടിയില്‍ കലര്‍ത്തി ഉരസിയാണ് ലഘുവാക്കുന്നത്. ഇവയെ Trituration എന്ന് വിളിക്കുന്നു. സ്പിരിറ്റില്‍ കലര്‍ത്തിയതും വെയില്‍ ഏല്‍ക്കാത്തതും നേര്‍പ്പിച്ചതുമായ മരുന്നുകളുടെ ഗുണം ഏകദേശം ഇരുപതുകൊല്ലം വരെ നിലനില്‍ക്കും.
കൊഴുപ്പ്, മാംസ്യം എന്നിവയെ നീക്കി തയ്യാറാക്കിയ പാല്‍പ്പൊടി; ജലം, ആല്‍ക്കഹോള്‍, ചോളപ്പൊടി എന്നിവയാണ് മരുന്നിന്‍റെ വ്യാപ്തം വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ചുപോരുന്നത്. ഔഷധനിര്‍മ്മാണമേഖലയില്‍ പൊതുവേ വ്യാപ്തം വര്‍ദ്ധിപ്പിക്കുന്നത് എണ്‍പത് ശതമാനം (നാല് ഇരട്ടി) നിര്‍ഗുണദ്രവ്യങ്ങള്‍, ഇരുപത് ശതമാനം മരുന്ന് എന്ന ക്രമത്തില്‍ കലര്‍ത്തിയാണ്.
ഹോമിയോപ്പതി വിഭാഗത്തില്‍ ഉരസല്‍, കുലുക്കല്‍ എന്നീ പ്രക്രിയകള്‍ പ്രത്യേക രീതിയില്‍ നടത്തുന്നത് മൂലം മരുന്ന് വാഹകദ്രവ്യ(Vehicle) വുമായി നന്നായി കലരും. ഔഷധസത്ത് ജലത്തിലോ ആല്‍ക്കഹോളിലോ കലര്‍ത്തി നിരന്തരം കുലുക്കിയാല്‍ അലിയാതിരുന്ന ആല്‍ക്കലോയിഡുകളും കൂടി അലിയും. ഒരു സസ്യത്തില്‍ നിന്ന് ശേഖരിച്ച് തയ്യാറാക്കിയ ഔഷധസത്തില്‍ തന്നെ പലതരം ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കും. അണ്ടിയോട് അടുക്കുമ്പോള്‍ മാങ്ങയുടെ പുളി കൂടും എന്നൊരു ചൊല്ല് തന്നെ ഉണ്ട്. വെളുത്തുള്ളിയുടെ കാര്യം എടുത്താല്‍ അതിന്‍റെ വിവിധ പാളികളില്‍ ഔഷധഗുണം വിത്യാസപ്പെട്ടാണിരിക്കുന്നത്. ഉള്ളി സത്ത് ആല്‍ക്കഹോളില്‍ കലര്‍ത്തി കൂടുതല്‍ തവണ കുലുക്കിയാല്‍ ആദ്യം കലരാതിരുന്ന ആല്‍ക്കലോഡുകളും കലരും.
മരുന്നുദ്രവ്യം ജലവുമായോ സ്പിരിറ്റുമായോ ചേര്‍ത്ത് കുലുക്കി സംസക്കരിക്കുമ്പോള്‍ അല്ലെങ്കില്‍ പാല്‍പ്പൊടിയുമായി കലര്‍ത്തി ഉരസുമ്പോള്‍ ലഘുവായ തോതില്‍ ചൂട് രൂപപ്പെടും. സുഷുപ്താവസ്ഥയില്‍ നിലകൊണ്ടിരുന്ന, കാന്തശക്തിക്ക് സമാനമായ ചില സൂക്ഷ്മ ഔഷധഗുണങ്ങള്‍ പുറത്തുവന്ന് വാഹകദ്രവ്യത്തിലോട്ട് കലരും. ചൂട് താമസിയാതെ കുറയും. കാന്തശക്തി പോലുള്ളവ നിലനില്‍ക്കും.
രോഗാവസ്ഥയില്‍ മരുന്ന് കഴിക്കുമ്പോള്‍ വാഹകദ്രവ്യത്തില്‍ നിന്ന് ഔഷധഗുണങ്ങള്‍ ദേഹത്തിലോട്ട് വ്യാപിക്കും. മരുന്നുകളെ സംസ്ക്കരിക്കുന്നത് അവയുടെ വിഷാംശം ഇല്ലാതാക്കാനാണ്. ഉരസുന്നതും കുലുക്കുന്നതും വ്യാപ്തം വര്‍ദ്ധിപ്പിക്കുന്നതും എല്ലാം അവ കൂടുതല്‍ സജീവമായി ശരീരത്തില്‍, മനസ്സില്‍, ദോഷശക്തി ബാധിച്ച ജീവശക്തിയില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ്.
സൂക്ഷ്മസ്വഭാവം ഉള്ള ഹോര്‍മോണുകള്‍, സാരാംഗ്നികള്‍ ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ നിയന്ത്രിക്കുന്നത് ജീവശക്തിയാണ്. ചില മരുന്നുകളെ സംസ്ക്കരിച്ചു അവയുടെ ഭൌതികഗുണത്തെ ലഘൂകരിച്ചാല്‍ ഭൌതികഗുണം അധികം ഇല്ലാത്ത ഇന്ദ്രിയങ്ങളിലും മനസ്സിലും, ദോഷങ്ങളുടെ ആക്രമണം മൂലം ഭൌതികഗുണം കൈവരിച്ച ജീവശക്തിയിലും പ്രവര്‍ത്തിക്കാന്‍ വേണ്ട ശേഷി കൈവരും. എല്ലാത്തരം ഔഷധദ്രവ്യങ്ങളെയും വിഭജിച്ച് ലഘുവാക്കിയാല്‍, വാഹകപദാര്‍ത്ഥങ്ങളുമായി കലര്‍ത്തി ഉരസിയാല്‍, ഇല്ലാത്ത ഔഷധശക്തി രൂപപ്പെട്ട് കിട്ടുകയില്ല. ചൂട് പോലുള്ള ശക്തി വര്‍ദ്ധിക്കും. അല്‍പനേരം കഴിയുമ്പോള്‍ ചൂട് പോലുള്ള ശക്തി
നഷ്ടപ്പെടുകയും ചെയ്യും.
മരുന്നുകളെ നേര്‍പ്പിക്കുന്തോറും അവയുടെ ഗുണദോഷങ്ങള്‍ സാധാരണ ഗതിയില്‍ കുറയും. വാഹകദ്രവ്യവുമായി നിശ്ചിത അനുപാതത്തില്‍ നിരന്തരം ഇടകലര്‍ത്തുമ്പോള്‍ അവ ലഘുവായി വിഭജിക്കപ്പെടും. ദ്രവ്യത്തെ ഇപ്രകാരം നിരവധി തവണ വിഭജിക്കാം. വിഭജിക്കുന്തോറും അവ ജലലേയമാകുകയും ചെയ്യും ശരീരത്തില്‍ അറുപത്തിയഞ്ച് ശതമാനവും ജലമായാതിനാല്‍ മരുന്നുകള്‍ വേഗം ശരീരത്തില്‍ കലരും.
മരുന്നുകളെ വിഭജിക്കുന്നത് ഒരു പരിധി കഴിഞ്ഞാല്‍ ദ്രവ്യത്തിന്‍റെ അംശവും ഗുണവും ഇല്ലാത്ത, വ്യാപ്തം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ച ദ്രവ്യം മാത്രം ഉള്ള അവസ്ഥ കൈവരും. ഒരു ഗ്രാം തന്മാത്ര ഭാരം ഉള്ള ദ്രവ്യത്തെ 1/1023 ഭാഗം വരെ വിഭജിച്ച് സൂക്ഷ്മമാക്കാം. അങ്ങിനെ തുല്യമായി വിഭജിച്ചുകിട്ടുന്ന ഒരു ഭാഗത്തില്‍ മൂലദ്രവ്യത്തിന്‍റെ ഒരു തന്മാത്ര അടങ്ങിയിരിക്കും. ഈ പരിധിക്കപ്പുറം സംസ്ക്കരിച്ചാല്‍ മരുന്നിന്‍റെ തന്മാത്ര എന്ന നിലയില്‍ ഉള്ള അംശവും ഗുണവും അതില്‍ ഇല്ലാത്ത സ്ഥിതിയും വാഹകംശം മാത്രമുള്ള അവസ്ഥയും കൈവരും. മരുന്നിന്‍റെ സൂക്ഷ്മാംശം ഇല്ലാതെയും മരുന്നിന്‍റെ ബോധഗുണങ്ങള്‍ എല്ലായിപ്പോഴും വാഹകദ്രവ്യത്തിലോട്ട് വ്യാപിക്കും എന്ന് കുറച്ചുപേര്‍ വിശ്വസിച്ചുപോരുന്നുണ്ട്.
രോഗബാധിതഭാഗത്തെ തിരിച്ചറിയാനുള്ള ശേഷി ഇന്ദ്രിയങ്ങള്‍ക്കും ദോഷത്തെ
നിര്‍വ്വീര്യമാക്കാനുള്ള ശേഷി ജീവശക്തിക്കും നൈസര്‍ഗ്ഗികമായിതന്നെ ഉണ്ട്. അതുപോലെ മരുന്നുകളിലെ രോഗനിവാരണശക്തിയും പ്രകൃതിദത്തമാണ്. സംസ്ക്കരിച്ച് ലഘുവാക്കിയ മരുന്നിന് ഭൌതികമായും രാസപരമായും മാത്രമല്ല ജൈവപരമായും (റിഫ്ലക്സ്) സൂക്ഷ്മഭൌതികമായും പ്രവര്‍ത്തിക്കാന്‍ കഴിയും. രോഗശക്തിയേക്കാള്‍ മേന്‍മ ഔഷധശക്തിക്ക് നൈസര്‍ഗ്ഗികമായി ഉണ്ട് എന്ന നിഗമനത്തില്‍ ഊന്നിയാണ് ചികിത്സയ്ക്ക് ഔഷധത്തെ പ്രയോജനപ്പെടുത്തി പോരുന്നത്.
ഏതൊരു ഔഷധദ്രവ്യവും ശരീരത്തില്‍ എത്തിയാല്‍ രണ്ടുതരം പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രാഥമികപ്രവര്‍ത്തനത്തിന്‍റെ ഫലമായി പ്രകോപനം, മാന്ദ്യം എന്നിവയില്‍ ഏതെങ്കിലും ഒരു മാറ്റം ആദ്യം ഉടലെടുക്കും. ജീവശക്തി അതിനോട് പ്രതികരിക്കുമ്പോള്‍ നേര്‍വിപരീതനിലയില്‍ ദിത്വീയതല പ്രവര്‍ത്തനവും രൂപപ്പെടും.
കുട്ടികളില്‍ പ്രതികരണശേഷി സജീവമായതിനാല്‍ ദിത്വീയ മാറ്റങ്ങള്‍ക്ക് തീവ്രത കൂടും. വൃദ്ധരില്‍ പ്രതികരണശേഷി കുറവായാല്‍ ദിത്വീയ മാറ്റങ്ങളുടെ തീവ്രത കുറയും. അത്തരം ഘട്ടത്തില്‍ വൃദ്ധര്‍ക്ക് ഔഷധത്തിന്‍റെ പ്രാഥമികപ്രവര്‍ത്തനം അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സ ചെയ്യേണ്ടതായി വരും.
ശിശു, വൃദ്ധന്‍; മൃദു, തീവ്രം എന്നീ ഘടകങ്ങളെ ഒന്നും ആശ്രയിക്കാതെ ദേഹധാതുക്കളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് മാതൃസത്തുകള്‍. അവയ്ക്ക് ദ്വിതീയമാറ്റങ്ങളും പ്രാഥമികമാറ്റങ്ങളും ഉളവാക്കാന്‍ ഉള്ള കഴിവ് താരതമ്യേനെ കൂടുതലുണ്ട്. സസ്യവര്‍ഗത്തില്‍പ്പെട്ട ചില മരുന്നുകളുടെ മാതൃസത്തുകള്‍ മാരകമായ വിഷങ്ങളാണ്. അവയ്ക്ക് വളരെ ലഘുഅളവില്‍ തന്നെ ദേഹത്തെയും മനസ്സിനെയും അതുവഴി ജീവശക്തിയെയും ദുര്‍ബലപ്പെടുത്താന്‍ കഴിയും. മറ്റ് ചില മാതൃസത്തുകള്‍ അധികം അളവില്‍ പോലും ലഘുവാണ്. ചില മാതൃസത്തുകളില്‍ ഔഷധഗുണങ്ങള്‍ സുഷുപ്താവസ്ഥയില്‍ ആകാം. അവയെ ഉണര്‍ത്തുന്നതിന് ജലത്തിലോ സ്പിരിറ്റിലോ കലര്‍ത്തി കുലുക്കണം.
കൊഴുപ്പ് അംശമുള്ള മാതൃസത്ത് ഇനങ്ങള്‍ മിക്കതും കഠിന മരുന്നുകളാണ്. ഇത്തരം മരുന്നുകളില്‍ ജലത്തിന്‍റെ തോത് കൂടിയാല്‍ അവ വേഗത്തില്‍ ചീത്തയാകും. കാഞ്ഞിരം, സര്‍പ്പഗന്ധി, എര്‍ഗോട്ട്, സിങ്കോണ, തിലപുഷ്പി, അതിവിഷം തുടങ്ങിയ വിഷാധിക്യമുള്ള മരുന്നുകളുടെ സത്തുകള്‍, ഉഷ്ണയിനം മരുന്നുകള്‍ എന്നിവ കുലുക്കിയാല്‍ അവയുടെ വിഷശക്തി പിന്നെയും വര്‍ദ്ധിക്കും. വിഷം ലഘുമാത്രയിലും വിഷം തന്നെയാണ്. അവ അധികം അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ശരീരം ദുര്‍ബലമാകും. ക്ഷീണം അനുഭവപ്പെടുന്നതും മുടി കൊഴിയുന്നതും എല്ലാം ഒരുതരത്തില്‍ ശരീരം വിഷമയം ആയതുകൊണ്ടാണ്. ദുര്‍ബലവിഭാഗക്കാരുടെ രോഗങ്ങളില്‍ അതിവിഷം, അരളി എന്നിവ പോലുള്ള വിഷഗുണമുള്ള മരുന്നുകള്‍ നേര്‍പ്പിക്കാതെ ഉപയോഗിക്കരുത്.
ശീതമരുന്നിനെ നിരവധി തവണ കുലുക്കിയാല്‍ അവയുടെ ശീതശക്തി കുറയും. ശീതമരുന്നുകളോട് ഉള്ള ശരീരത്തിന്‍റെ പ്രതികരണം അസാധാരണമായാല്‍ ശീതത്തെ ലഘൂകരിക്കാനായി കുലുക്കി നല്‍കണം. വാതകരൂപത്തിലുള്ള മരുന്നുകള്‍ (കുന്തിരിക്കം, ചന്ദനം, കര്‍പ്പൂരം, അമോണിയ) ശരീരത്തില്‍ വേഗം പിടിക്കുന്നതിനാല്‍ അവ മിതമായ
അളവില്‍ മതിയാകും.
ജീവശക്തി, മനസ്സ്, അകംഇന്ദ്രിയങ്ങള്‍, പുറംഇന്ദ്രിയങ്ങള്‍ തുടങ്ങിയ സൂക്ഷ്മതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് കുറവ് എണ്ണം തന്മാത്ര അടങ്ങിയ മരുന്ന് മതിയാകും. മരുന്നിന്‍റെ തന്‍മാത്രതോത് പ്രകൃതിപരമായ അനുപാതത്തില്‍ ഉള്ളതിന്‍റെയോ തന്‍മാത്രകളുടെ എണ്ണം കുറഞ്ഞരീതിയില്‍ തന്നെ തയ്യാറാക്കിയ മരുന്ന് ഇനങ്ങളുടെയോ നീണ്ട നിര തന്നെ ഉള്ളപ്പോള്‍, മരുന്ന് തന്മാത്രകള്‍ ഒട്ടുംതന്നെ ഉള്‍പ്പെടാത്ത നിലയില്‍ മരുന്നുകള്‍ വന്‍ തോതില്‍ വിശ്വാസപരമായി സംസ്ക്കരിക്കുന്നത്, അവ വ്യാപകമായ തോതില്‍ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഒരുതരത്തില്‍ പാഴുവേലയാണ്. മരുന്നിന്‍റെ അംശം അടങ്ങിയ ഇനങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന്‍റെ അനുബന്ധസംഗതി എന്ന നിലയിലോ നിര്‍ദിഷ്ടബുദ്ധികളുടെ സമാധാനത്തിന് ഉള്ള മാമൂല്‍ പരിപാടി എന്ന നിലയിലോ മാത്രമാകണം പ്രയോജനകരമല്ലാത്ത കപട തയ്യാറിപ്പുകള്‍ വ്യവസായികമായി നിര്‍മ്മിക്കേണ്ടത്, വിതരണം ചെയ്യേണ്ടത്. അതിനുള്ള അനുമതി നല്‍കേണ്ടത്.
No comments:
Post a Comment