Tuesday, 31 March 2020

വാര്‍ദ്ധക്യദര്‍ശനം. 18. Kader Kochi.

ചര്‍മ്മം വരണ്ട അവസ്ഥയാണ് ജര. Geron എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം വൃദ്ധന്‍ എന്നാണ്. ജര ബാധിച്ചവരെ കുറിച്ചുള്ള പഠനമാണ് ജരണ്ടോളോജി. ഇന്ത്യയില്‍‍‍‍ വൃദ്ധരുടെ എണ്ണം ഇപ്പോള്‍ ഏകദേശം 10.4 കോടിയാണ്.

1960 ല്‍ ഇന്ത്യയിലെ‍ ശരാശരി മനുഷ്യായുസ്സ് നാല്പത്തിരണ്ട് ആയിരുന്നു. ഇപ്പോള്‍ ആയുസ്സ്ദൈര്‍ഘ്യം ശരാശരി 68.5 വര്‍ഷം ആയിട്ടുണ്ട്‌. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ളത് കേരളത്തിലും (74ഏറ്റവും കുറവ് മദ്ധ്യപ്രദേശിലും (58ആണ്. ലോകജനസംഖ്യയില്‍ 8 ശതമാനം മുതല്‍ 12.6 ശതമാനം വരെ ആളുകള്‍ വയോജനങ്ങളാണ്. ചിലയിടങ്ങളില്‍ വര്‍ഷന്തോറും രണ്ട് ശതമാനം എന്ന തോതില്‍ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ജനിച്ചത്, വളര്‍ന്നത് എല്ലാം ഒരിക്കല്‍ ക്ഷയിക്കും. സസ്യങ്ങളേയും ജന്തുക്കളേയും പോലെ മനുഷ്യനും ഇത് ബാധകമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഇത് അനിവാര്യവുമാണ്. ഭൂമിയില്‍ ഒന്നര ലക്ഷം മനുഷ്യര്‍ ഓരോ ദിവസവും മരിക്കുന്നുണ്ട്. അതില്‍ ഒരു ലക്ഷം ആളുകള്‍ മരിക്കുന്നത് വാര്‍ദ്ധക്യസഹജമായ കാരണങ്ങള്‍ മൂലമാണ്. ജീവിതകാലത്തെ ഗര്‍ഭസ്ഥഘട്ടം, പരിലാളനകാലം, വികൃതികാലം, വൃദ്ധികാലം, ക്ഷയകാലം എന്നിങ്ങനെ വിഭജിക്കാം. ഗര്‍ഭസ്ഥഘട്ടത്തില്‍ കോശവിഭജനം (Mitosis) ഏകദേശം മുപ്പത്തിരണ്ട് തവണയില്‍ലധികം നടക്കുന്നുണ്ട്. ജനിച്ച് അന്‍പത്തിയാറ് ദിവസം എത്തുമ്പോള്‍ ചില നാഡീകോശങ്ങളിൽ വിഭജനം പൂർത്തിയാകുംകോശങ്ങളിൽ ശരാശരി അന്‍പതോ നൂറോ തവണ കഴിഞ്ഞാല്‍ ആണെത്രെ കോശത്തിന്‍റെ വിഭജിക്കാനുള്ള ശേഷി തീരുന്നത്. സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ കോശവിഭജനപ്രക്രിയയുടെ തവണയും കാലദൈര്‍ഘ്യവും കുറയും. അപക്ഷയം സംഭവിക്കും. ആയുസ്സ് കുറയും.

സിക്താണ്ഡം
ഒരാഴ്ച.

ഭ്രൂണം

എട്ട് ആഴ്ച.

ഗര്‍ഭസ്ഥ ശിശു

പത്ത് മാസം.

നവജാത ശിശു

രണ്ട് ആഴ്ച.

ശൈശവം

ഒരു വര്‍ഷം വരെ.

ബാല്യം
രണ്ട് മുതല്‍‍ പതിനാറ് വയസ്സ് വരെ.

കൌമാരം
പ്രായപൂര്‍ത്തിയായ ഘട്ടം മുതല്‍ ആറ് വര്‍ഷക്കാലം.

യൌവനം
ഇരുപത് വയസ്സ് മുതല്‍ അറുപത്‌ വയസ്സ് വരെ.

യുവ വൃദ്ധര്‍
അറുപതിനും എഴുപത്തഞ്ചിനും മദ്ധ്യേ പ്രായം ഉള്ളവര്‍.

മദ്ധ്യ വൃദ്ധര്‍
എഴുപത്തിയഞ്ചിനും എണ്‍പത്തിയഞ്ചിനും മദ്ധ്യേ പ്രായം.

പടു വൃദ്ധര്‍‍‍
എണ്‍പത്തിയഞ്ച് കഴിഞ്ഞവര്‍.

അറുപത് വയസ്സ് കഴിഞ്ഞവരെ മുതിര്‍ന്ന പൌരന്‍ എന്നും അഭിസംബോധന ചെയ്യാറുണ്ട്. ദീര്‍ഘായുസ്സ് എന്നത് നൂറ് വയസ്സ് വരെയാണ്. മിതശീതോഷ്ണമേഖലയിലെ ചില പ്രദേശങ്ങളില്‍ (Hunzas കാശ്മീര്‍, Sardinia Island ഇറ്റലി, Okinawa ജപ്പാന്‍, Loma Linda കാലിഫോര്‍ണിയ, Costaricca, Ikaria Island ഗ്രീസ്) നൂറ്റിരുപത്‌ വയസ്സില്‍ അധികം ആയുസ്സ് ലഭിക്കുന്നവരും ഉണ്ട്. ആയുസ്സ് ദീര്‍ഘിക്കുന്നതില്‍‍‍ മാനസികനില, ആഹാരരീതികള്‍, പാരിസ്ഥിതികഘടകങ്ങള്‍ എന്നിവ കൂടാതെ ജനിതകഘടകങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആയുസ്സ് വളരെ കുറയാന്‍ കാരണം ജന്‍മനാ ഉള്ള ബലഹീനതകളോ ഇടയ്ക്കിടെ പിടിപെടുന്ന സാംക്രമികരോഗങ്ങളോ ക്ഷതങ്ങളോ ഹൃദയരോഗങ്ങളോ ആണ്.

വാര്‍ദ്ധക്യമാറ്റങ്ങള്‍

ഓരോരുത്തര്‍ക്കും ജന്മസിദ്ധമായ ഒരു ആരോഗ്യപ്രകൃതി ഉണ്ട്. പ്രായം ഏറുമ്പോള്‍ ജീവിച്ചുപോരുന്ന ദേശസാഹചര്യങ്ങള്‍ക്കും ആഹാരസമ്പ്രദായങ്ങള്‍ക്കും അനുസരിച്ച് ദേഹത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. വാര്‍ദ്ധക്യമായാല്‍ ദേശപ്രകൃതി, സഹജപ്രകൃതി, രോഗപ്രകൃതി എന്നിങ്ങനെ മൂന്നുതരം അവസ്ഥകളെ ഒരേസമയം അഭിമുഖീകരിക്കേണ്ടതായി വരും.

ധാതുക്ഷയത്തിന് മുഖ്യകാരണം ഹോര്‍മോണുകളുടേയും സാരാംഗ്നികളുടേയും അപര്യാപ്തതയാണ്. വായു, ജലം, അന്നജം, മാംസ്യം, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവ ദേഹത്തില്‍ എത്തുന്നത് കുറയാനിടവന്നാല്‍ സാരാംഗ്നികള്‍ഹോര്‍മോണുകള്‍ എന്നിവ രൂപപ്പെടുന്നത് സാവധാനത്തിലാകും. ഹോര്‍മോണ്‍കോശങ്ങള്‍ ക്ഷയിച്ചാലും ഹോര്‍മോണ്‍ഗ്രന്ഥിയില്‍ അര്‍ബ്ബുദം ബാധിച്ചാലും ഹോര്‍മോണ്‍സ്രവം തകരാറില്‍ ആകും. രസധാതു, രക്തധാതു, മാംസധാതു, കൊഴുപ്പുധാതു, അസ്ഥിധാതു, മജ്ജധാതു തുടങ്ങിയവയുടെ അഗ്നികള്‍ ക്ഷയിച്ചാല്‍ അന്ത്യധാതുവും കുറയും. തുടര്‍ന്ന് ഇന്ദ്രിയബലം, മനോബലം, ജീവശക്തി എന്നിവ ക്ഷയിക്കും. ഓജസ്, പ്രതിരോധശക്തി എന്നിവയും കുറയും.

ദഹനസാരാംഗ്നികളുടെ അപര്യാപ്ത മൂലം ആഹാരത്തില്‍ നിന്ന് രൂപപ്പെടേണ്ട സൂക്ഷ്മപോഷകങ്ങള്‍ യഥാസമയം രൂപപ്പെടാതെ വന്നാല്‍‍ ധാതുക്കള്‍ കുറയും. ഇതുമൂലവും, ദേഹത്തിലുള്ള ധാതുക്കള്‍ അധികമായി ക്ഷയിക്കാനിടവന്നതുമൂലവും മലങ്ങളുടെ തോത് വര്‍ദ്ധിക്കും. ഇത്തരം മലങ്ങളും ആഹാരം കഴിച്ചുണ്ടായ രസധാതുവും കൂടിച്ചേര്‍ന്നാല്‍ കഫം ദുഷിച്ച് അധികരിക്കും. നീരിറക്കം, ദുര്‍മേദസ്സ്, പ്രമേഹം തുടങ്ങിയവ പിടിപെടും. ഇത്തരം കഫത്തെ അലിയിപ്പിക്കുന്നതിനായി ശരീരം ഇടയ്ക്കിടെ താപത്തെ ലഘുവായി വര്‍ദ്ധിപ്പിക്കും. അന്തരീക്ഷത്തില്‍ ചൂട് കൂടിയാലും, ശരീരത്തില്‍ അമ്ലത കൂടിയാലും ദേഹതാപം ഉയരും. കോപം, സന്തോഷക്കുറവ് എന്നിവയും ഇതോടൊപ്പം അനുഭവപ്പെടും. ജ്വരാവസ്ഥ ദീര്‍ഘിച്ചാല്‍ കോശങ്ങള്‍ വരളും, ചുരുങ്ങും. ദേഹം ക്ഷയിക്കും. കഫം കൂടുതലായി ക്ഷയിച്ചാല്‍ കാസം ഉടലെടുക്കും. കൊഴുപ്പമ്ലങ്ങള്‍, കൊളസ്ട്രോള്‍‍ എന്നിവയുടെ തോത് രക്തത്തില്‍ വര്‍ദ്ധിക്കും. ശരീരം ഇത്തരം അവസ്ഥയോട്‌ പ്രതികൂലമായി പ്രതികരിച്ചാല്‍ കോശങ്ങള്‍ വേഗത്തില്‍ വിഭജിക്കും. ഇത് അര്‍ബ്ബുദം രൂപപ്പെടാന്‍ കാരണമാകും. കാസം, പ്രമേഹം, അര്‍ബ്ബുദം എന്നിവപോലെ ജരയും ഒരു തരത്തില്‍ കഫക്ഷയമാണ്.

സാരാംഗ്നികളുടെ അകാലത്തിലുള്ള ശോഷണം, മലങ്ങളുടെ ആധിക്യം എന്നിവയ്ക്കുള്ള മറ്റൊരു കാരണം ജീവശക്തിയെ ക്ഷയിപ്പിക്കുന്ന ദോഷങ്ങളാണ്. ഇതുകൂടാതെ പാരിസ്ഥിതികഘടകങ്ങളും പങ്കുവഹിക്കുന്നുണ്ട്. ജന്മവൈകല്യം ഉള്ളവര്‍, മാസമുറ നേരത്തെ ആരംഭിച്ചവര്‍, വികിരണം കൂടുതല്‍ എല്‍ക്കാനിടവന്നവര്‍, പകര്‍ച്ചവ്യാധികള്‍ക്ക് നിരന്തരമായി വിധേയമായവര്‍ തുടങ്ങിയവരെ വാര്‍ദ്ധക്യം നേരത്തെ ബാധിക്കും.

ഹോര്‍മോണ്‍കലകള്‍ ക്ഷയിക്കുമ്പോള്‍ തൈറോക്സിന്‍, ഇന്‍സുലിന്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ തോത് കുറയും. രക്തത്തില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ തോത് കുറയും. കൊളസ്ട്രോള്‍ തോത്, ഡയസ്റ്റൊളിക് രക്തസമ്മര്‍ദ്ദ തോത് എന്നിവ വര്‍ദ്ധിക്കും. മൂത്രത്തില്‍ ക്രിയാറ്റിനിന്‍, കാല്‍സ്യം എന്നിവയുടെ തോത് കൂടും. ശ്വാസകോശത്തില്‍ ആണെങ്കില്‍ വായുഅറകളുടെ ആകെ വിസ്തീര്‍ണം കുറയും.

പ്രായവും വാര്‍ദ്ധക്യ മാറ്റങ്ങളും


പതിനഞ്ച് വയസ്സ്                          

ഉയര്‍ന്ന  ആവൃത്തിയില്‍ ഉള്ള ശബ്ദത്തെ 
തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞുതുടങ്ങുന്നു.

ഇരുപത് വയസ്സ്
മസ്തിഷ്കത്തില്‍ നാഡീതന്തുക്കളുടെ നീളം
കുറഞ്ഞുതുടങ്ങുന്നു. നീളം ഓരോ പത്ത് 
വര്‍ഷത്തിലും പത്ത് ശതമാനം വീതം കുറയും.

മുപ്പത് വയസ്സ്

ഓര്‍ക്കാനുള്ള ശേഷി കുറഞ്ഞുതുടങ്ങുന്നു.

നാല്‍പ്പത് വയസ്സ്
സ്ത്രീകളില്‍ പ്രത്യുല്‍പാദനശേഷി 
കുറഞ്ഞുതുടങ്ങുന്നു.

നാല്പത്തിയഞ്ച് വയസ്സ്  

ഹ്രസ്വദൃഷ്ടി അനുഭവപ്പെട്ടുതുടങ്ങുന്നു.
അന്‍പത് വയസ്സ്                               
മാസമുറ നില്‍ക്കുന്നു. പുരുഷന്മാരില്‍ 
അന്‍പത് ശതമാനം പേരിലും സ്ത്രീകളില്‍‍‍‍ 
ഇരുപത്തിയഞ്ച് ശതമാനം പേരിലും മുടി 
കൊഴിഞ്ഞുതുടങ്ങുന്നു. വെയില്‍ അധികം 
ഏല്‍ക്കുന്നവര്‍ ആണെങ്കില്‍ മുഖത്തെ 
ചര്‍മ്മത്തില്‍ ചുളിവ് ആരംഭിക്കുന്നു.

അറുപത്തിയഞ്ച് വയസ്സ്
സന്ധികളില്‍ അസ്ഥിക്ഷയം ആരംഭിക്കുന്നു. 
അസ്ഥികളില്‍ കാല്‍സ്യത്തിന്‍റെ തോത് 
കുറഞ്ഞുതുടങ്ങുന്നു. മൃദുകലകളില്‍ കാല്‍സ്യം 
അടിഞ്ഞുകൂടുന്നു. പേശികളുടെ ലാഘവത്വം, 
ഇലാസ്തികത, വലുപ്പം എന്നിവ കുറയുന്നു. 
ദേഹബാലന്‍സ്, പ്രതിരോധശേഷി, താപം 
എന്നിവയെ നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നു.

എഴുപത്തിയഞ്ച് വയസ്സ്

അന്‍പത് ശതമാനം പേരില്‍ 
ശ്രവണശേഷി കുറയുന്നു.

എണ്‍പത് വയസ്സ്
അന്‍പത് ശതമാനം പേരില്‍ തിമിരം 
ബാധിക്കുന്നു. ഗ്ലാക്കോമ പിടിപെടാനുള്ള 
സാധ്യത വര്‍ദ്ധിക്കുന്നു.

എണ്‍പത്തിയഞ്ച് വയസ്സ്
രണ്ട് ശതമാനം പേരില്‍ പേശികള്‍ 
ക്ഷയിക്കുന്നു. അന്‍പത് ശതമാനം 
പേരില്‍ ഓര്‍മ്മക്കുറവ് പിടിപെടുന്നു.


സാധാരണനിലയില്‍ ചര്‍മ്മത്തില്‍ നിന്ന് ദിനംപ്രതി ഏകദേശം അഞ്ച് കോടി കോശങ്ങള്‍ നശിക്കുന്നുണ്ട്. ജര ബാധിച്ചാല്‍ നാശനിരക്ക് കൂടും. ചര്‍മ്മത്തിലെ ദ്വാരങ്ങളുടെ വലുപ്പം, എണ്ണമയം എന്നിവ കുറയും. സ്പര്‍ശനശേഷി മുപ്പത് ശതമാനം എന്ന തോതിലും, കനം അഞ്ചില്‍ ഒരുഭാഗം എന്നോണവും ആയി കുറയും. യര്‍, തുട എന്നീ ഭാഗങ്ങളിലെ കൊഴുപ്പ് കൂടും. ശരീരത്തില്‍ കൊഴുപ്പ് തോത് കൂടിയാല്‍‍ ആനുപാതികമായി ജലത്തിന്‍റെ തോത് കുറയും.

സാധാരണ അവസ്ഥയില്‍ ശരീരത്തില്‍ ദിനംപ്രതി ഏകദേശം രണ്ട് ട്രില്ല്യന്‍ കോശങ്ങള്‍ വിഭജിക്കുന്നുണ്ട്‌. വാര്‍ദ്ധക്യത്തില്‍ വിഭജനപ്രക്രിയകള്‍ വേഗത്തില്‍ ആകും. ഇത് നാല് തരത്തില്‍ നടക്കാം.

കോശങ്ങള്‍ വിഭജിക്കുന്നു. കോശങ്ങള്‍ ക്രമത്തില്‍ നശിക്കുന്നു. രണ്ട് വിഭജനത്തിന് മദ്ധ്യേയുള്ള ഇടവേള കുറയുന്നു (സാമാന്യവാര്‍ദ്ധക്യം).

കോശങ്ങള്‍ വിഭജിക്കുന്നു. കോശങ്ങള്‍ ക്രമത്തിലും വേഗത്തില്‍ നശിക്കുന്നു (വാര്‍ദ്ധക്യരോഗം).

കോശങ്ങള്‍ ക്രമംതെറ്റി വിഭജിക്കുന്നു. കോശങ്ങള്‍ ക്രമംതെറ്റി നശിക്കുന്നു (അര്‍ബ്ബുദം).

കോശങ്ങള്‍ വിഭജിക്കുന്നില്ല. കോശങ്ങള്‍ ക്രമംതെറ്റി നശിക്കുന്നു.

വാര്‍ദ്ധക്യം അടുക്കുമ്പോള്‍ കോശഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കും. കോശങ്ങള്‍ ചുരുങ്ങും. നൂക്ലിയസ്, സൈറ്റൊപ്ലാസം അനുപാതം കൂടും. Lipofuscin (കൊഴുപ്പം മാംസ്യവും കലര്‍ന്ന മാലിന്യാംശം) തോത് അധികരിക്കും. കോശമര്‍മ്മത്തില്‍ Telomere ന്‍റെ നീളം, DNA യുടെ വലുപ്പം എന്നിവ കുറയും. ഹൃദയപേശിയിലെ കോശങ്ങളില്‍ ആണെങ്കില്‍ DNA തോത് ഓരോ വര്‍ഷവും 0.6% വീതം കുറയും.

വാര്‍ദ്ധക്യ  രോഗങ്ങള്‍ 

അസ്ഥിക്ഷയം, ഓസ്റ്റിയോ ആര്‍ത്രയിറ്റിസ്, പോളി മയാല്‍ജിയ റുമാറ്റിക്ക, ടെംപൊറല്‍ ആര്‍ട്രയിറ്റിസ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ വാര്‍ദ്ധക്യത്തില്‍ മാത്രം കാണപ്പെടുന്ന രോഗങ്ങളാണ്.

വാര്‍ദ്ധക്യം ഭൂരിപക്ഷം പേര്‍ക്കും വേദനയുടെയും ക്ഷീണത്തിന്‍റെയും വ്യാധിയുടെയും കാലമാണ്. പ്രമേഹം മൂലവും മറ്റും വേദനയുമായി ബന്ധപ്പെട്ട നാഡികള്‍ ക്ഷയിച്ചാല്‍ ചിലരില്‍ വേദന അനുഭവപ്പെടുകയില്ല. സ്തംഭനം നടന്നാലും വേദന അറിയില്ല.

ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, കുറഞ്ഞ ഇന്ദ്രിയക്ഷമത, വിഷാദം, മനോവിഭ്രാന്തി, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് എന്നിവയാണ് വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന മുഖ്യപ്രയാസങ്ങള്‍.

ഭാരതീയവൈദ്യം പ്രകാരം ആരോഗ്യപ്രകൃതിക്ക് ആധാരം വാതം, പിത്തം, കഫം എന്നീ ബലങ്ങള്‍ തമ്മിലുള്ള സൌമ്യതയാണ്ബലങ്ങള്‍ കുറഞ്ഞാല്‍, ദോഷങ്ങള്‍ സജീവമായാല്‍ ക്ഷീണം അനുഭവപ്പെടും. ആഹാരം, ധാതുഅഗ്നികള്‍ എന്നിവയുടെ അപര്യാപ്തത, മലവര്‍ദ്ധന, വിഷസാന്നിദ്ധ്യം എന്നിവ മൂലവും ക്ഷീണം അനുഭവപ്പെടും. ജന്മനാതന്നെ വാതപ്രകൃതി ഉള്ളവര്‍, മെലിഞ്ഞവര്‍ വയസ്സാകുമ്പോള്‍ വാതബലം കുറയും. ഈ ഘട്ടത്തില്‍ കഫമലം കൂടിയാല്‍ നീര്‍കെട്ട്, ദുര്‍മേദസ്സ് എന്നിവ പിടിപെടും. മലബന്ധം, സ്തംഭനം എന്നിവയും അനുഭവപ്പെടും. വാതദോഷം കോപിച്ചാല്‍ വാതം വര്‍ദ്ധിച്ചതിന്‍റെ ലക്ഷണങ്ങള്‍ രൂപപ്പെടും. ഗ്യാസ്ട്രബിള്‍, വയറിളക്കം, വേദന, വിറയല്‍ എന്നിവ പ്രകടമാകും.

ജന്മനാതന്നെ കഫപ്രകൃതിയുള്ളവര്‍ ആണെങ്കില്‍ കഫബലം ക്ഷയിക്കും. ദേഹം മെലിയും. കഫം ക്ഷയിച്ചും പിത്തം വര്‍ദ്ധിച്ചും ദേഹം ചൂടായാല്‍ പോളം, ചുവപ്പ്ദീനം, രക്തവാതം, ധമനീകാഠിന്യം, രക്തസ്രാവം എന്നിവ പിടിപെടും.

വാര്‍ദ്ധക്യമായാല്‍ ജീവശക്തി ക്ഷയിച്ചുതുടങ്ങും. ജന്മദോഷങ്ങള്‍, ആര്‍ജിതദോഷങ്ങള്‍ എന്നിവ ക്ഷയിക്കുകയോ ശക്തിനേടുകയോ ചെയ്യും. നിജരോഗങ്ങള്‍ ഉണ്ടാക്കുന്ന ദോഷങ്ങളെ ഹാനിമാന്‍ സോറ, സിഫിലിസ്. സൈക്കോസിസ് എന്നാണ് നാമകരണം ചെയ്തത്. ശരീരത്തിലെ മുഖ്യ ദോഷശക്തി കഫനാശകമായ സോറ ആണ്. വാര്‍ദ്ധക്യത്തില്‍ എത്തുമ്പോഴേക്കും സോറയുടെ ദൂഷ്യശേഷി കുറെ പേരില്‍ കുറയും. അപ്പോള്‍ മറ്റ് ദോഷങ്ങള്‍ വര്‍ദ്ധിക്കും.

ജന്മനാതന്നെ ഉഷ്ണദേഹപ്രകൃതിക്കാര്‍ ആയവരില്‍ യൗവ്വനത്തില്‍ എത്തുമ്പോള്‍ കഫതോത് കുറയും. പ്രായമേറുമ്പോള്‍ ഉള്ള കഫവും തീരും. ദേഹം മെലിയും. ഉഷ്ണം വര്‍ദ്ധിക്കും. ദേഹം മെലിഞ്ഞവര്‍ കഫ ആഹാരങ്ങള്‍ കഴിക്കണം. സോറ വിപരീത മരുന്നുകള്‍ ലക്ഷണസമാനം അടിസ്ഥാനത്തില്‍ കഴിക്കണം. ഉഷ്ണപ്രകൃതിക്കാരില്‍ വാതപിത്തബലങ്ങള്‍ ജീവിതാവസാനം വരെ നിലനില്‍ക്കാം. വാര്‍ദ്ധക്യത്തില്‍ വാതപിത്തബലങ്ങള്‍ ക്ഷയിച്ചാല്‍, കഫദോഷം വര്‍ദ്ധിച്ചാല്‍, സൈക്കോസിസ് ദോഷം പ്രബലമായാല്‍ ദേഹം തടിക്കും.

കേരളീയരില്‍‍ ഭൂരിഭാഗവും ശീതദേഹപ്രകൃതിക്കാരോ കഫപ്രകൃതിക്കാരോ ആണ്. ശീതഋതുക്കളില്‍ ദഹനാംഗ്നികളുടെ തോത് കുറയും. ദുര്‍മേദസ്സ് ഉള്ളവര്‍ ഈ ഘട്ടത്തില്‍ ചോറ് ഉള്‍പ്പെടെയുള്ള കഫപ്രധാന ഭക്ഷണം അധികം അളവില്‍ കഴിച്ചാല്‍ രസധാതു പിന്നെയും വര്‍ദ്ധിക്കും. ഇത് പ്രമേഹം, അര്‍ബ്ബുദം തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും.

കഫത്തിന്‍റെ സ്ഥാനം നെഞ്ചിന്‍റെ മേലറ്റമാണ്. അര്‍ബ്ബുദരോഗങ്ങളില്‍ കഠിനവിഭാഗത്തില്‍പ്പെട്ടത് സ്ത്രീകളില്‍ ഉദരത്തിന്‍റെ കീഴറ്റത്തും പുരുഷന്‍മാരില്‍‍ ശിരസ്സ്, കഴുത്ത് എന്നീ ഭാഗങ്ങളിലുമാണ് മുഖ്യമായും ബാധിച്ചുപോരുന്നത്. രസധാതു ദുഷിക്കുകയും കഫമലം വര്‍ദ്ധിക്കുകയും കഫകേന്ദ്രത്തിന്‍റെ സ്ഥാനം മാറി അത് പേശികളെയും സന്ധികളെയും പ്രാപിച്ചാല്‍ അത് സന്ധിവീക്കത്തിന് കാരണമാകും. ആമാശയത്തില്‍ മാംസ്യവുമായി ബന്ധപെട്ടുള്ള ദഹനപ്രക്രിയയുടെ തകരാര്‍ മൂലവും സന്ധിയില്‍ വീക്കം പിടിപെടും. ആഹാരത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയും വ്യായാമം ചെയ്തും ആവശ്യത്തിന് ഉറങ്ങിയും ദഹനബലം കൂട്ടണം. കഫം വര്‍ദ്ധിപ്പിക്കുന്ന ദ്രവ്യങ്ങള്‍ ഇത്തരം സന്ദര്‍ഭത്തില്‍ അധികം കഴിക്കരുത്.

പിത്തം വര്‍ദ്ധിച്ചോ കോപിച്ചോ മേലോട്ട് നീങ്ങി കഫസ്ഥാനത്ത് എത്തിയാല്‍ പിത്തമാലിന്യങ്ങളും കഫമാലിന്യങ്ങളും കഴുത്തിലെ സന്ധികളിലോട്ടും മേല്‍ ശാഖകളിലോട്ടും വ്യാപിക്കും. പിത്തം വര്‍ദ്ധിച്ചഘട്ടത്തില്‍ അമ്ലാഹാരങ്ങള്‍ കുറക്കണം. വിരേചനദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തണം. വാതമാലിന്യങ്ങള്‍ നാഭിയുടെ കീഴറ്റത്ത് നിന്ന് ശാഖകളിലോട്ട് വ്യാപിക്കുമ്പോളാണ് കാലുകളില്‍ വീക്കവും പ്രയാസവും ഉണ്ടാകുന്നത്.

ഉഷ്ണദേഹപ്രകൃതിക്കാര്‍ക്ക് വാര്‍ദ്ധക്യം കഴിച്ചുകൂട്ടാന്‍ പറ്റിയ ഭൂവിഭാഗം ജലലഭ്യതയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളാണ്. ഇവിടെനിന്ന് പ്രാദേശികമായി ലഭിക്കുന്ന ആഹാരയിനങ്ങള്‍ ഗൌട്ട്, സോറിയാസിസ് എന്നിവ പോലുള്ള ഉഷ്ണരോഗങ്ങള്‍ ഭേദമാകുന്നതിന് സഹായിക്കും. ശീതരാജ്യത്തുള്ള ആളുകള്‍ വാര്‍ധക്യത്തില്‍  കേരളത്തില്‍ വരുന്നതിന്‍റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്.


ആഹാരം വാര്‍ദ്ധക്യത്തില്‍

ഓരോ ആളുകളും തങ്ങളില്‍ ക്ഷീണം ബാധിച്ച അവയവങ്ങളെ പ്രത്യേകം തിരിച്ചറിയണം. ക്ഷീണിച്ച അവയവങ്ങളെ വീണ്ടും ക്ഷീണിപ്പിക്കുന്ന ആഹാരദ്രവ്യങ്ങള്‍ കഴിക്കരുത്. ഘു ആഹാരമാണ് വാര്‍ദ്ധക്യത്തില്‍ നല്ലത്. മുന്നൂറ്റി അറുപത്തിയഞ്ച്‌ ദിവസവും വയര്‍ നിറയുംവിധമുള്ള ഗുരു ആഹാരരീതി പാടില്ല. ധാന്യം ഏറെയുള്ള ആഹാരങ്ങള്‍ പതിവായി കഴിക്കുന്നത് ആഗ്നേയഗ്രന്ഥിയെ ക്ഷീണിപ്പിക്കും. ധാന്യം വേവിച്ച് അതിന്‍റെ നൂറ് ഊറ്റി കളഞ്ഞ് കഴിക്കാം.

ധാന്യനൂറുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് മോര് പോലുള്ള ലഘു അമ്ലങ്ങള്‍ ഉത്തമ പ്രതിവിധിയാണ്. കടുക്, കറിവേപ്പില, ഇഞ്ചി എന്നിവ കറികളില്‍ ഉള്‍പ്പെടുത്തിയാല്‍ അന്നജം മൂലം ഉണ്ടാകുന്ന ദൂഷ്യം കുറഞ്ഞുകിട്ടും. കപ്പലണ്ടി, ഉണക്കമത്സ്യം, തൈര്‍, മൈദ ഉപയോഗിച്ചുള്ള വിഭവങ്ങള്‍, കടല, ചക്ക, കോഴിമുട്ട, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, പാല്‍, മരച്ചീനി, ശീതഎണ്ണകള്‍ എന്നിവ പ്രമേഹമുള്ളവര്‍ വര്‍ജ്ജിക്കണം. റോബസ്റ്റപ്പഴം, ചുവന്നയിനം പഴം, ദോശ, ഗോതമ്പ് പാലില്‍ വേവിച്ചത്, ചപ്പാത്തി, മോരുകറി എന്നിവ കഴിക്കാം. നേന്ത്രപഴം, പശുവിന്‍പാല്‍ എന്നിവ തടിച്ചവര്‍ നിയന്ത്രിക്കണം. കഫവര്‍ദ്ധന, ദുര്‍മേദസ്സ് എന്നിവയുള്ള അവസ്ഥയില്‍ എരിവ്, പുളി അടങ്ങിയ ദ്രവ്യങ്ങള്‍ കഴിക്കാം.

ധാതുശോഷണം, അഗ്നിശോഷണം എന്നിവ പരിഹരിക്കുന്നതിന് പശുവിന്‍ നെയ്യ്, മാംസസൂപ്പ്, രസായനം തുടങ്ങിയവ കഴിക്കാം. മെലിഞ്ഞവര്‍ക്ക് നെയ്യും തടിച്ചവര്‍ക്ക് മോരും ഉപയോഗപ്പെടുത്താം. നെയ്യ് കുറഞ്ഞ അളവിലാണ് കഴിക്കേണ്ടത്. പൂരിതകൊഴുപ്പ് അടങ്ങിയത് ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തരുത്. മോര് അധികം പുളിക്കാത്തതാണ് നല്ലത്. എഴുപതുവയസ്സ് കഴിഞ്ഞാല്‍ കൊഴുപ്പ് കലര്‍ന്ന പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവയെ നിയന്ത്രിക്കണം.

അവല്‍, പഴം, സര്‍ക്കര, പൂരപ്പൊടി, തേങ്ങ, തേങ്ങാപ്പാല്‍ എന്നിവ വൃദ്ധന്‍മാര്‍ക്ക് പറ്റിയ ആഹാരയിനങ്ങളാണ്. മലബന്ധം പരിഹരിക്കാനായി ആഹാരത്തില്‍ ഫൈബര്‍ അടങ്ങിയ ഇനങ്ങളെയും ഉള്‍പ്പെടുത്തണം.

ആഹാരം തിരഞ്ഞെടുക്കുന്നതില്‍‍‍‍ YinYang (ശീതം, ഉഷ്ണം) വിത്യാസങ്ങളും കണക്കിലെടുക്കണം. ബാല്യത്തില്‍, കൌമാരത്തില്‍, യൌവനത്തില്‍ എല്ലാം ജന്മപ്രകൃതിക്ക് സമാനരീതിയില്‍ ഉള്ള ആഹാരമാണ് ഉചിതം. വാര്‍ദ്ധക്യത്തില്‍ രോഗപ്രകൃതിക്ക് വിപരീതമായ ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോരുത്തരിലും ഏത് പ്രായം മുതലാണ് വാര്‍ദ്ധക്യം ആരംഭിക്കുന്നത് എന്ന് തിരിച്ചറിയുക പ്രയാസമാണ്.

വാര്‍ദ്ധക്യം ഒരുതരത്തില്‍ സങ്കോചാവസ്ഥയാണ് (Yang). അതിനോട് പൊരുത്തപ്പെട്ട് ബാലന്‍സ് ചെയ്യുന്നതിന് വികാസഗുണമുള്ള Yin (ഇലകള്‍, വിത്തുകള്‍, പഴങ്ങള്‍, പൂക്കള്‍) ഇനങ്ങള്‍ സാമാന്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

യൌവനത്തില്‍ പുരുഷന്മാര്‍ കാരറ്റ് പോലുള്ള കിഴങ്ങുകള്‍, നേന്ത്രപ്പഴം എന്നിവ കഴിക്കണം. വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ ഇലകള്‍ക്കും ഉരുണ്ട പഴങ്ങള്‍ക്കും ഉരുണ്ട അണ്ടിപരിപ്പുകള്‍ക്കും (Yinമുന്‍ഗണന നല്‍കണം. യൌവ്വനത്തില്‍ സ്ത്രീകള്‍ക്കും ശീതഗുണമുള്ളവര്‍ക്കും അരി ആഹാരം (Yin) ഇണക്കമാണ്.

ഉഷ്ണദേഹപ്രകൃതിക്കാര്‍ പൊതുവേ അരി ആഹാരം കുറയ്ക്കണം. ബാര്‍ലി, ഗോതമ്പ് എന്നിവ കഴിക്കണം. ഇവര്‍ വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ വിപരീതമെന്നോണമുള്ള ഇനങ്ങള്‍ സ്വീകരിക്കണം.

അറുപത് വയസ്സ് എത്തിയാല്‍ ദിനംപ്രതി വേണ്ട ആഹാരത്തിന്‍റെ തോത് ഒരു കിലോ ശരീരഭാരത്തിന് ഇരുപത്തിയഞ്ച് കലോറി എന്ന തോതില്‍ കണക്കാക്കണം. അറുപത്തിയഞ്ച്‌ വയസ് കഴിഞ്ഞാല്‍ ദിനംപ്രതി വേണ്ട ആകെ കലോറി മൂല്യത്തില്‍ മുപ്പത് ശതമാനം എന്ന തോതില്‍ കുറവ് വരുത്തണം. ദിനംപ്രതി കഴിക്കുന്ന ഖരാഹാരത്തിന്‍റെ ആകെ അളവ് അഞ്ഞൂറ് ഗ്രാമില്‍ താഴെ ആക്കാം.

വാര്‍ദ്ധക്യത്തില്‍ വ്രതം അനുഷ്ഠിക്കാം. പട്ടിണി കിടക്കരുത്. കഠിനവ്രതം ഒഴിവാക്കണം. Tyrosine, Tryptophan എന്നീ അമിനോഅമ്ലങ്ങള്‍ ഉള്ള മാംസ്യയിനങ്ങള്‍ ആഹാരത്തില്‍ കുറേശ്ശെ ഉള്‍പ്പെടുത്തണം. Cysteine, Methionine എന്നിവയുള്ളതിനെ ഒഴിവാക്കണം.

ജര വരള്‍ച്ചയാണ്. സാരാംഗ്നികള്‍, ഹോര്‍മോണുകള്‍, ഓജസ് എന്നിവ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ജലം വേണ്ടതുണ്ട്. വാര്‍ദ്ധക്യത്തില്‍ വറ്റിച്ച ജലം കുടിക്കണം. ദിനംപ്രതി കുറഞ്ഞത്‌ ഒരു ലിറ്റര്‍ ജലം എങ്കിലും കുടിക്കണം.

ദേഹത്തില്‍ “വിറ്റാമിന്‍ സി” യുടെ തോത് കുറവായാല്‍ കൊളാജന്‍ കലകള്‍ കുറയും. ഇതുമൂലം സന്ധികളില്‍ വീക്കം നടക്കാം. അര്‍ബ്ബുദബാധിതരില്‍ ആണെങ്കില്‍ മുഴകള്‍ വലുപ്പം വെക്കാന്‍ അത് ഇടയാക്കും. നെല്ലിക്ക, കാരറ്റ്, പേരക്കപപ്പായ, കാപ്സിക്കം, ഓറഞ്ച് തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

അവയവങ്ങളിലെ അസാധാരണമായ കാഠിന്യം കുറയ്ക്കാനും പേശികളുടെ ഇലാസ്തികത വര്‍ദ്ധിക്കാനും വിറ്റാമിന്‍ “ഇ” സഹായിക്കും. മുളപ്പിച്ച ധാന്യങ്ങള്‍, നിലക്കടല, സൂര്യകാന്തിയെണ്ണ, ചെമ്മീന്‍‍, ബദാം എന്നിവയില്‍ വിറ്റാമിന്‍ “ഇ” അടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ മുളച്ചത് അധികനേരം തുറന്നുവെച്ചാല്‍ സൂക്ഷമാണുക്കള്‍ അതില്‍ കയറികൂടാന്‍ ഇടവരും.

വെയില്‍ അധികം ഏറ്റാല്‍ ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി രൂപപ്പെടുകയും അതോടൊപ്പം കുടലില്‍ നിന്നുള്ള കാല്‍സ്യത്തിന്‍റെ വര്‍ദ്ധിക്കുകയും ചെയ്യും. അത് ചിലരില്‍ രക്തം കട്ടകുത്താനും ധമനികള്‍ അകാലത്തില്‍ കഠിനപ്പെടാനും പ്രേരകമാകും. മൃദുകലകളില്‍ കാല്‍സ്യത്തിന്‍റെ പരലുകള്‍ ഊറാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. ഏത് പ്രായക്കാര്‍ ആയാലും വെയില്‍ അധികം കൊള്ളരുത്. കാല്‍സ്യം ഏറെ ഉള്ള ജന്തുജന്യാഹാരങ്ങള്‍ ആവശ്യത്തില്‍ അധികം കഴിക്കരുത്. പോക്കുവെയില്‍ കൊണ്ടാല്‍ ചിലരുടെ ചര്‍മ്മത്തിന് ശോഭ കിട്ടും.

ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ (മുട്ട, ചാള, നെയ്യുള്ള മത്സ്യങ്ങള്‍, ചീസ്, കക്കയിറച്ചി, ബീഫ്, കോഴി, ബീന്‍സ്, ചോക്കലേറ്റ്, സോഡ കലര്‍ന്ന പാനീയങ്ങള്‍‍, ഉള്ളി, കുരുമുളക്, പാല്‍, മഞ്ഞള്‍, ഇഞ്ചി, അരി) അധികം അളവില്‍ പതിവായി കഴിച്ചതുമൂലം ഇവയുടെ തോത് കൂടിയാല്‍ അസ്ഥികളില്‍ നിന്ന് കാല്‍സ്യം വേര്‍പെടാന്‍ ഇടവരും. അസ്ഥികളുടെ ബലം കുറയും. ഇത്തരം കാല്‍സ്യമാലിന്യങ്ങള്‍ മസ്തിഷ്കകോശങ്ങളിലും നാഡീതന്തുക്കളിലും അടിഞ്ഞ് കൂടിയാല്‍ ഓര്‍മ്മശക്തി കുറയും. പാന്‍ക്രിയാസ് പോലുള്ള മറ്റു മൃദുല അവയവങ്ങളില്‍ ഊറിയാല്‍ അവയുടെ പ്രവര്‍ത്തനം തകരാറിലാകും.

ഉപ്പ് അധികം കലര്‍ത്തിയ ആഹാരവിഭവങ്ങള്‍, ബേക്കറി, ഫാസ്റ്റ്ഫുഡ്, വിരുദ്ധഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. ചൂടുള്ളതും തണുപ്പുള്ളതുമായ ആഹാരങ്ങള്‍ ഒരേസമയം കഴിക്കരുത്. കോഴിവിഭവം കഴിച്ച ഉടനെ ഐസ്ക്രീം കഴിക്കരുത്.

ആഹാരം അധികം ചൂടില്‍ വേവിച്ചാല്‍ അതിലെ സൂക്ഷ്മ പോഷകങ്ങള്‍ നശിക്കും. പൊരിച്ച ഭക്ഷണം പതിവായി കഴിക്കരുത്. എണ്ണയില്‍ പൊരിച്ച അന്നജവിഭവങ്ങള്‍ കഴിക്കുമ്പോള്‍ ഉമിനീരുമായി കലരാതെ വന്നാല്‍ ദഹനം തടസ്സപ്പെടുംഅത് അധികചൂടില്‍ തയ്യാറാക്കിയത് ആണെങ്കില്‍ Acrylamide പോലുള്ള അര്‍ബ്ബുദജന്യഘടകങ്ങള്‍ ശരീരത്തില്‍ എത്തപ്പെടുകയും ചെയ്യും.

മദ്യം, പഞ്ചസാര, കുരു ഇല്ലാത്ത ഫലങ്ങള്‍ തുടങ്ങിയ ഗുണമേന്മ കുറഞ്ഞ ദ്രവ്യങ്ങള്‍ അധികം അളവില്‍ പതിവായി കഴിച്ചാല്‍ സാരാംഗ്നികള്‍, ഓജസ്, ജീവശക്തി എന്നിവ വേഗം ക്ഷയിക്കും.

നിക്കല്‍ ചേര്‍ത്ത് തയ്യാറാക്കുന്ന വനസ്പതി പോലുള്ള സസ്യകൊഴുപ്പുകള്‍ പതിവായി കഴിച്ചാല്‍ കാഴ്ച അകാലത്തില്‍ മങ്ങും. വിനാഗിരി അധികം ചേര്‍ത്ത് തയാറാക്കിയ ആഹാരവിഭവങ്ങള്‍, മദ്യയിനങ്ങള്‍ (Acetaldehyde) എന്നിവ ഒഴിവാക്കണം. അധികം പഴകിയ ആഹാരവും വാര്‍ദ്ധക്യത്തില്‍ കഴിക്കരുത്. ചീഞ്ഞത് കഴിച്ചാല്‍ ശരീരം വേഗം ചീയ്യും.

വാര്‍ദ്ധക്യം പലപ്പോഴും രോഗങ്ങളുടെ കാലമാണ്. രോഗങ്ങള്‍ക്കുള്ള പരിഹാരം യുക്തിചികിത്സയാണ്. ശോധന, ശമനരീതികള്‍ എന്നിവ അവലംബിക്കണം. വാര്‍ദ്ധക്യത്തില്‍ വര്‍ത്തമാനകാലത്തിലെ ദേഹപ്രകൃതിയെയാണ് പരിഗണിക്കേണ്ടത്. നാഡിപരിശോധനയില്‍ പള്‍സ് അനുഭവപ്പെട്ട് കിട്ടുന്നത് പരിശോധകന്‍റെ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ (ആളിന്‍റെ പെരുവിരല്‍ കീഴടറ്റത്ത്) ആണെങ്കില്‍ വാതപള്‍സ് എന്ന് കണക്കാക്കണം. പരിഹാരമായി കഫബലം മെച്ചപ്പെടുത്തുന്ന അന്നജആഹാരങ്ങള്‍ കഴിക്കണം. മോതിരവിരലിലാണ് കിട്ടുന്നത് എങ്കില്‍ എരിവ്, കയ്പ്പ്, ചവര്‍പ്പ് അടങ്ങിയ ആഹാരദ്രവ്യങ്ങളും ഉപയോഗിക്കണം.

വാതബലം കുറഞ്ഞാല്‍ ആദ്യഘട്ടത്തില്‍ വാതദോഷം സജീവമായി കോപിക്കും. ഇതുമൂലമുള്ള ചലനലക്ഷണങ്ങള്‍, വേദന എന്നിവ തീവ്രമായാല്‍ താല്‍ക്കാലികമായി മധുരം, ഉപ്പ്, പുളി അടങ്ങിയ ഔഷധദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. തുടര്‍ന്ന് വാതബലം വര്‍ദ്ധിക്കുന്നതിന് എരിവ്‌ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം. പിത്തദോഷം വര്‍ദ്ധിച്ച ഘട്ടത്തില്‍ മധുരദ്രവ്യങ്ങള്‍ കഴിക്കണം. കയ്പ്പ് ദ്രവ്യങ്ങള്‍ കഴിക്കാം. ഉഷ്ണദ്രവ്യങ്ങളെ ഒഴിവാക്കണം. പുളി, ഉപ്പ് എന്നിവ അധികം അടങ്ങിയതോ, ക്ഷാരാംശം അധികം ഉള്ളതോ ആയ ആഹാരദ്രവ്യങ്ങളെ കുറയ്ക്കണം. കഫബലം ക്ഷയിച്ചോ വാതദോഷം സജീവമായോ ഉള്ള രോഗങ്ങളുടെ മൃദുഘട്ടത്തില്‍ ലക്ഷണസമാന മരുന്ന് എന്നനിലയില്‍ എരിവ് ദ്രവ്യങ്ങള്‍ ലഘുഅളവില്‍ ഉപയോഗപ്പെടുത്തണം.

വാര്‍ദ്ധക്യത്തില്‍ കഫദോഷം കൂടി സ്തംഭനലക്ഷണങ്ങള്‍ കഠിനമായാല്‍ എരിവ് ദ്രവ്യങ്ങള്‍ ഉപയോഗിക്കാം. തളര്‍വാതത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ചൂട് ഇരട്ടിപ്പിച്ച് പുരട്ടണം. ചര്‍മ്മത്തില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മം, പേശികള്‍, ധമനികള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ വേര്‍പെടുന്നതിന് സഹായിക്കും. മെലിഞ്ഞവര്‍ ആണെങ്കില്‍ എണ്ണ കാച്ചാതെ പുരട്ടണം. തുടര്‍ന്ന് വിരേചനദ്രവ്യങ്ങള്‍ ഉപയോഗിച്ച് ശോധിപ്പിക്കണം. തളര്‍വാതത്തില്‍ ആര്‍ണിക്ക മാതൃസത്ത് ചേര്‍ത്ത് തയ്യാറാക്കിയ എണ്ണ നിത്യവും ചര്‍മ്മത്തില്‍ പുരട്ടി തടവണം. അത് നൂറ് ദിവസം വരെ തുടരണം.

പ്രതികരണശേഷിയും ആധാരമാക്കി വേണം പരിഹാരരീതി അവലംബിക്കേണ്ടത്. കഠിനരോഗങ്ങളെ പരിഹരിക്കാന്‍ ആണെങ്കില്‍ തന്നെയും വിഷയിനത്തില്‍പ്പെട്ട ഔഷധങ്ങള്‍ അമിത അളവില്‍ ഉപയോഗിക്കരുത്.

രീരത്തെ യൗവനയുക്തമാക്കുന്നതിനും ധാതുഅഗ്നികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും രസായനദ്രവ്യങ്ങള്‍ പ്രയോജനപ്പെടുത്തണം. ശോധനചികിത്സക്കോ ശമനചികിത്സകൾക്കോ ശേഷമാണ് രസായനദ്രവ്യങ്ങള്‍ കഴിക്കേണ്ടത്‌. ദഹനശക്തി, രോഗപ്രതിരോധശേഷി, ഓർമ്മബുദ്ധി തുടങ്ങിയ ഗുണങ്ങള്‍ ഇതുമൂലം മെച്ചപ്പെട്ടുകിട്ടും.

ഗോതമ്പ്, ഓട്സ്, അരി, നെല്ലിക്ക, താന്നിക്ക, കടുക്ക, ജാതിക്ക, എള്ള്, കടല്‍പ്പായല്‍, മഞ്ഞള്‍, ചോക്കലേറ്റ്, കാപ്പി, ഗ്രീന്‍ ടി, നേര്‍പ്പിച്ച മദ്യം, പാല്‍, നെയ്യ്, തേന്‍ തുടങ്ങിയവ രസായനഫലം നല്‍കുന്ന ദ്രവ്യങ്ങളാണ്.

ഉള്ളി, വെളുത്തുള്ളി, വയമ്പ്, അമൃത്, അതിവിഷം, ബ്രഹ്മി, ഇരട്ടിമധുരം, കാഞ്ഞിരം, ആവണക്ക്, കൊട്ടം, സോമരാജ്, തുളസി, മുത്തിള്‍, തഴുതാമ, വിഴാലരി, ചേര്‍ക്കുരു, സിങ്കോണ, കറുപ്പ്, കടുക്, ലഘുഫലം, Ginkgo biloba, Galega officinalisYohimbinumAloe socotrina, Withania somnifera (അമുക്കുരം)ജിന്‍സെങ്ങ്‌, വില്ലോ, ആല്‍ഫാല്‍ഫ, മീറ, വേപ്പ്, കരയാമ്പൂ, ഗുൾഗുൽ എന്നിവയുടെ സത്ത് വാര്‍ദ്ധക്യത്തില്‍ രസായനമരുന്നുകളായി ഉപയോഗിക്കാം.

ഗുഹാജീവിതം, യുവതികളുടെ പരിചരണം, ത്യാഗം, ലഘുബലി, മഹാബലി, ദാനം, സാന്ത്വനം, സത്യവചനം, സ്നേഹം, പൊറുത്തുകൊടുക്കല്‍, സദാചാരം, സമത്വം, സഹവര്‍ത്തിത്വം, പ്രായശ്ചിത്തം എന്നിവയും രസായനഫലം നല്‍കും. ശുചിത്വക്കുറവ്, കഠിനാദ്ധ്വാനം, മദ്യോപയോഗം എന്നിവ ഉള്ളവരിലും അശുദ്ധി, അസത്യഭാഷ, ആർത്തി, കോപം, വഞ്ചന എന്നീ സ്വഭാവമുള്ളവരിലും രസായനചികിത്സകള്‍ ഫലം ചെയ്യുകയില്ല.

വാര്‍ദ്ധക്യരോഗങ്ങളെ പ്രതിരോധിക്കാനും വാര്‍ദ്ധക്യം സുഖകരമാക്കാനും നേരത്തെ മുതല്‍ ഒരുങ്ങണം. നല്ല വാര്‍ദ്ധക്യം ഉണ്ടാകാന്‍ നല്ല യൌവനം വേണം. നല്ല യൌവനം ഉണ്ടാകാന്‍ നല്ല കൌമാരവും ബാല്യവും വേണം. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും പൂര്‍വ്വികര്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയിരുന്നു. അകാലത്തില്‍ ആയുസ്സ് എത്തിയാല്‍ ഭൌതികസുഖം അനുഭവിക്കാന്‍ കഴിയാതെ പോകുമെന്നും ആനന്ദസാക്ഷാല്‍ക്കാരം നേടാനാകാതെ വരുമെന്നും പൂര്‍വ്വികര്‍ വിശ്വസിച്ചു. സസ്യയിനങ്ങളെ മാത്രം ഉള്‍പ്പെടുത്തി ശരീരത്തെ സംരക്ഷിച്ചാല്‍ അകാലമൃത്യു സംഭവിക്കുമെന്നും ലോഹ അംശങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍‍‍‍ ശരീരത്തെ കുറെനാള്‍ കൂടി ആരോഗ്യത്തോടെ സംരക്ഷിച്ചുനിര്‍ത്താമെന്നും അവര്‍ കണക്കുകൂട്ടി.

സിലിക്ക, മെര്‍ക്കുറി, നാകം, ഈയ്യം, പഞ്ചലോഹം (ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, വെള്ളി, വെളുത്തീയം) എന്നിവയും അവ കലര്‍ന്ന സസ്യഔഷധങ്ങളും പല രീതിയില്‍ സംസ്ക്കരിച്ച് ഉപയോഗിച്ചുനോക്കി. മെര്‍ക്കുറി, ഇരുമ്പ്, ചെമ്പ് എന്നിവ കലര്‍ന്ന സസ്യങ്ങള്‍ ദേഹത്തില്‍ എത്തുമ്പോള്‍ സ്വര്‍ണ്ണസമാനമായ ഗുണം കൈവരുമെന്നും ഉപാപചയസാരാംഗ്നികളുടെ പ്രവര്‍ത്തനം സജീവമാകുന്നതിന്‍റെ ഫലമായി ധമനീതടസ്സങ്ങള്‍, അസ്ഥിരോഗങ്ങള്‍, നാഡീവ്യൂഹരോഗങ്ങള്‍, ശുക്ലക്ഷയം, പേശിക്ഷയം തുടങ്ങിയ രോഗങ്ങളെ പരിഹരിക്കാനാകും എന്നും അവര്‍ സങ്കല്‍പ്പിച്ചു. ഇത്തരം ധാരണയില്‍ അവര്‍ നിരവധി ഔഷധസസ്യങ്ങളെ വിവിധ അനുപാതത്തില്‍ സംസ്ക്കരിച്ച് പരീക്ഷിച്ചുനോക്കി. കന്മദവും രോഗപരിഹാരത്തിന് ഉപയോഗിച്ചിട്ടുണ്ട്.

ലഘുഫലം, കറുകപ്പട്ട, ആര്യവേപ്പ്, ഇഞ്ചി, മീറ, എരുക്ക്, കടല്‍പ്പായല്‍, ഞണ്ട്, കക്ക, കടല്‍മത്സ്യങ്ങള്‍ (പാമ്പാട, ടൂണ, അയില) സ്രാവ് എന്നിവയില്‍ ജൈവമെര്‍ക്കുറി കലര്‍ന്നിട്ടുണ്ട്ഇവയെ ഔഷധം എന്നോണം കഴിച്ചാല്‍ ശേഷം വെയില്‍ അധികം കൊള്ളരുത്.

നീലമുന്തിരിയുടെ തോടിലും ആല്‍ഫാല്‍ഫയുടെ വിത്തിലും അതിന്‍റെ വേരിലും തുളസിച്ചെടിയിലും മുത്തിളിലും യൂക്കാലി ഇലയിലും Colloid Gold കലര്‍ന്നിട്ടുണ്ട്. നീലമുന്തിരി, മരച്ചീനി, അപ്രികോട്ട്, വൈന്‍, ഇരട്ടിമധുരം, തക്കാളി, അമര, ഉരുളക്കിഴങ്ങ്, ബദാം, ആപ്പിൾക്കുരു, മുളയരി എന്നിവയില്‍ സൈനൈഡ്‌ അംശം ഉണ്ട്. സ്വര്‍ണ്ണഅംശം വേര്‍പ്പെട്ടുകിട്ടാനും ശരീരത്തില്‍, നാഡീകോശങ്ങളിൽ, ബീജകോശങ്ങളിൽ സ്വർണ്ണ അംശം പിടിക്കാനും ഇവ സഹായകമാണ്.

Equisetum, മുട്ടയുടെ വെള്ള എന്നിവയില്‍ സിലിക്ക അധികം അളവില്‍ അടങ്ങിയിട്ടുണ്ട്. ധമനീകാഠിന്യം, അശ്മരി, അസ്ഥിതേയ്മാനം എന്നിവയുടെ മൃദുഘട്ടത്തില്‍ പരിഹാരത്തിനായി സിലിക്ക പ്രയോജനപ്പെടുത്താം.

കറുത്ത പാണ്ട്, വെളുത്ത പാണ്ട്, ചര്‍മ്മത്തിലെ കാഠിന്യത്തോടെയുള്ള  രോഗങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് കണ്ടാമൃഗത്തിന്‍റെ കൊമ്പ് പൊടിച്ച ഭസ്മം പൂര്‍വ്വികര്‍ ഉപയോഗിച്ചുനോക്കിയിരുന്നു. കോഴിമുട്ടയുടെ വെള്ള, വസുമതി അരി വേവിച്ചു ഊറ്റിയ വെള്ളം എന്നിവയില്‍ ആര്‍സെനിക് അംശം ഉണ്ട്.

അസ്ഥിബലം, ശുക്ലബലം എന്നിവ നിലനില്‍ക്കാന്‍ വേണ്ട ഉപായങ്ങള്‍ യൌവനത്തില്‍ തന്നെ അവലംബിക്കണം. പഴം, പശുവിന്‍പ്പാല്‍, തേന്‍, ചൊറിയണവേര്, വെളിച്ചെണ്ണ, കടലുപ്പ്, മുട്ടയുടെ ഉണ്ണി, ബീഫ്, കരള്‍, പൂരപ്പൊടി (അരിപ്പൊടി, തേങ്ങ, എള്ള് എന്നിവ വറുത്ത് ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കിയത്), നിലക്കടല എന്നിവ ലൈംഗികശക്തി നിലനിര്‍ത്താന്‍ ഉപയോഗിച്ചുപോന്നിട്ടുണ്ട്. മുന്തിരി (Resveratrol), ആല്‍ഫാല്‍ഫ, പഴം, ഈന്തപ്പഴം എന്നിവ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഹിതകരമായ ഇനങ്ങളാണ്.

പേശികളുടെ ക്ഷീണം പരിഹരിക്കാന്‍ സെലീനിയം സഹായകമാണ്. ബ്രസീല്‍ നട്ട്, ടൂണ, ചാള, കോഴി, കോഴിമുട്ട, കരള്‍, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവയില്‍ സെലീനിയം അടങ്ങിയിട്ടുണ്ട്.

വിഷാദം, ദുഃഖം, ഭയം, കോപം, നിഷേധവിചാരം, പകലുറക്കം എന്നിവയെ ഒഴിവാക്കണം. വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന വിഷാദത്തിനും മാനസികപ്രയാസങ്ങള്‍ക്കും കാരണം മസ്തിഷ്കത്തിലെ ഡോപാമൈന്‍, മെലാടോണിന്‍, എന്‍ഡോര്‍ഫിന്‍, ഗമ്മാ അമിനോ ബുട്രിക് ആസിഡ്, നോര്‍ എപ്പിനെഫ്രിന്‍, ഫിനൈല്‍ തൈലാമിന്‍, ഓക്സിടോസിന്‍, സീറോടോണിന്‍ തുടങ്ങിയ ഘടകങ്ങളുടെ അപര്യാപ്തയാണ്.

വലിയ പയറുകള്‍, ചുവന്ന മാംസം, ബീഫ്, ചീസ്, അധികം വേവിക്കാത്ത മുട്ട, കോഴിമാംസം, നെയ്യ് അധികമുള്ള മത്സ്യങ്ങള്‍, ടൂണ, ബദാം, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ആപ്പിള്‍, തണ്ണിമത്തങ്ങ, പപ്പായ, Lima beans, അമരപ്പയര്‍ എന്നിവയില്‍ ഡോപാമൈന്‍ (Tyrosine) അടങ്ങിയിട്ടുണ്ട്.

നാഡീവ്യൂഹത്തിലെ വിവിധ ധര്‍മ്മങ്ങള്‍ യഥോചിതം നടക്കുന്നതിനും സീറോടോണിന്‍ രൂപംകൊള്ളുന്നതിനും വിറ്റാമിന്‍ ബി 6 വേണ്ടതുണ്ട്. ചുവന്ന അവല്‍, മത്സ്യം, ബീഫ്, പാല്‍, ടര്‍ക്കിക്കോഴി, പിസ്ത, സൂര്യകാന്തി, നേന്ത്രപ്പഴം, ചീര, ഉരുളക്കിഴങ്ങ് എന്നിവയില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്‌താല്‍ ബി 6 ഭാഗികമായി നഷ്ടപ്പെടാന്‍ ഇടവരികയും ചെയ്യും.

മഞ്ഞള്‍, ഇരുണ്ടനിറമുള്ള ചോക്കലേറ്റ്, കൊക്കോ, തൈര് തുടങ്ങിയവയെ സീറോടോണിന്‍ തോത് വര്‍ദ്ധിക്കാന്‍ ഉപയോഗപ്പെടുത്താം. മെലാടോണിന്‍, സീറോടോണിന്‍ എന്നിവ രൂപംകൊള്ളാന്‍ Tryptophan (അമിനോഅമ്ലം) അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ വേണ്ടതുണ്ട്. ടര്‍ക്കിക്കോഴി, നാടന്‍ക്കോഴി, കോഴിമുട്ടയുടെ വെള്ള, ബീഫ്, ചീസ്, എള്ള്, നിലക്കടല, ഓട്സ്, ബീറ്റ്റൂട്ട്, കടല്‍പ്പായല്‍ എന്നിവ Tryptophan അടങ്ങിയതാണ്.

നേന്ത്രപ്പഴം, കൈതച്ചക്ക, പപ്പായ, തക്കാളി, പ്ലംസ്, വാല്‍നട്ട് എന്നിവയില്‍ Bromelain (Enzymes) അംശം ഉണ്ട്. പ്ലേറ്റ്ലെറ്റ്കളുടെ എണ്ണംകൂടി രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. ചിലരില്‍ ഇത് കോശവിഭജന പ്രക്രിയയെ മന്ദീഭവിപ്പിക്കും. അര്‍ബ്ബുദസാദ്ധ്യതയെ കുറയ്ക്കും. ശരീരം ഇതിനോട് പ്രതികരിച്ചാല്‍ വിപരീതഫലവും സംഭവിക്കും.

മദ്യം, സോഡ, കാപ്പി എന്നിവ ആന്തരികരക്തസ്രാവം വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ അധികം അളവിലും പതിവായും കുടിക്കരുത്.


വ്യായാമം വാര്‍ദ്ധക്യത്തില്‍

ദുര്‍മേദസ് ഉള്ളവര്‍ നിത്യവും ഒരു മണിക്കൂര്‍ നേരം കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടണം. മെലിഞ്ഞവര്‍ വ്യായാമം കുറക്കണം. ഓടിയോ വളരെ വേഗത്തില്‍ നടന്നോ ദേഹത്തിലുള്ള വിലയേറിയ ഊര്‍ജ്ജങ്ങളെ വെറുതെ കളയരുത്. ദിവസവും അഞ്ചുമിനുട്ട് നേരം ശ്വസനവ്യായാമം ചെയ്യണം. ശ്വസന ആയാമവും പരിശീലിക്കണം. നിത്യവും ഏഴ് മണിക്കൂര്‍ നേരം രാത്രിയില്‍ ഉറങ്ങണം.

ഇന്നത്തെ വൃദ്ധന്‍ ഇന്നലത്തെ യുവാവായിരുന്നു. പ്രായം ഏറുംന്തോറും ഇന്ദ്രിയശേഷി കുറയുമെങ്കിലും ഇന്ദ്രിയാസക്തി കുറയുകയില്ല. മാനസികസംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന ഇന്ദ്രിയവിഷയങ്ങളില്‍ നിന്നും അതിന്‍റെ സ്രോതസുകളില്‍ നിന്നും അകന്നുമാറണം. മാനസികപിരിമുറുക്കം നിലനിര്‍ത്തിയാല്‍ കോര്‍ട്ടിസോള്‍ തോത് കൂടും. ഇതുമൂലം രക്തപഞ്ചസാര തോത് ഉയരും. പേശികള്‍ ക്ഷയിക്കും. ധമനീഭിത്തികളുടെ കാഠിന്യം കൂടും. ചര്‍മ്മം ചുളിയും. കാലക്രമത്തില്‍ കോര്‍ട്ടിസോള്‍ സ്രവണം കുറയും. അത് വൃക്കകളുടെ പ്രവര്‍ത്തനം അകാലത്തില്‍ സ്തംഭിക്കാന്‍ കാരണമാകും. സോഡിയം തോതും കുറയും.

വാര്‍ദ്ധക്യകാലത്ത് അനുഭവിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുഴുവന്‍  കാരണം ഇന്നലെകളിലെ സ്വന്തം അബദ്ധങ്ങളോ ആസക്തിയോ ആണ് എന്ന് കണക്കാക്കരുത്. ആഹാരം, ഭാഷ, പെരുമാറ്റം, കല, ആചാരം, ആഘോഷം എന്നിവയിലുള്ള കാഴ്ചപ്പാടാണ് സംസ്ക്കാരം. ഇത് ഏവരേയും ആനന്ദത്തിലോട്ട് നയിക്കും. ഓരോ പ്രദേശത്തും അനുവര്‍ത്തിച്ചുപോരുന്ന ഇത്തരം സംഗതികളെക്കുറിച്ചും അതിനോടുള്ള തന്‍റെ കാഴ്ചപ്പാടിനെക്കുറിച്ചും അവനവന്‍റെ പങ്കിനെക്കുറിച്ചും വിലയിരുത്തുന്നത് സംഘര്‍ഷം കുറയാനും ആനന്ദം വര്‍ദ്ധിക്കാനും സഹായിക്കും. സംസ്ക്കാരമില്ലായ്മയെ അഭിമുഖീകരിക്കേണ്ടിവന്നാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ആക്രമണം ഉണ്ടായാല്‍ തന്നെ സഹിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. വാര്‍ദ്ധക്യഭാഷ സംസ്ക്കാരഭാഷയാണ്. പ്രസന്നത അതിന്‍റെ മുദ്രയാണ്. അവിവേകകര്‍മ്മങ്ങള്‍ സംസ്കാരമില്ലായ്മയുടെ സൂചകങ്ങളാണ്. യൌവനത്തില്‍ 
സംസ്ക്കാരവിരുദ്ധഭാഷ പറഞ്ഞ്‌ ശീലിച്ചാല്‍ വേഗത്തില്‍ വൃദ്ധനാകാനിടയുണ്ട്. ക്ഷമ, പുണ്യകര്‍മ്മങ്ങള്‍ എന്നിവ സംസ്ക്കാരത്തിന്‍റെ ഉല്‍പന്നമാണ്. അത് പരമാവധി പാലിക്കണം, ചെയ്യണം.

മറ്റുള്ളവരോടും പ്രായം കുറഞ്ഞവരോടും കൃപ കാണിക്കണം. ഉപകാരം ചെയ്ത എല്ലാവരോടും നന്ദി പ്രകാശിപ്പിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍പ് ബിസ്മിചൊല്ലല്‍ കര്‍ഷകരോട്, ആഹാരം എത്തിച്ച് നല്‍കിയവരോട്, പാചകം ചെയ്തവരോട്‌, വിളമ്പിയവരോട് എല്ലാം പറയുന്ന നന്ദിയാണ്. സ്നേഹം, പണം, അനുമോദനം എന്നീ രൂപത്തിലും കൃതജ്ഞത പ്രകടിപ്പിക്കണം. മന്ദഹസിക്കുന്നതും നന്ദിവാക്ക് ചൊല്ലുന്നതും കേള്‍ക്കുന്നതും വിനയം പ്രകടിപ്പിക്കുന്നതും രസായനഫലം നല്‍കും.

മനസ്സിനെ പഴഞ്ചന്‍ കഥകളിലും കാലഹരണപ്പെട്ട വിശ്വാസങ്ങളിലും ആചാരങ്ങളിലും തളച്ചിട്ട് വാര്‍ദ്ധക്യകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി നേരം കളയുന്നതോ, സാങ്കല്പിക ഭാവിലോകത്ത് പ്രതീക്ഷയര്‍പ്പിച്ച് തൃപ്തി വരുത്തുന്നതോ ആയ രീതിക്ക് പൂര്‍വ്വികരുടെ ഇടയില്‍ ഏറെ സ്വീകാര്യത കിട്ടിയിരുന്നു. അത്തരത്തില്‍ ഉള്ള അനുകരണം അവനവന്‍റെ വാര്‍ദ്ധക്യത്തില്‍ അനിവാര്യമാണോ എന്ന് സൌമ്യമായി ആലോചിക്കണം.

ആയുസ്സ് പൂര്‍വ്വനിശ്ചയം അല്ല. അത് മെച്ചപ്പെടുത്താന്‍ കഴിയുന്നതാണ്. കര്‍മ്മം അനുസരിച്ചാണ് ആയുസ്സ് നിലകൊള്ളുന്നത്. വിധിയില്‍ അന്ധമായി വിശ്വാസം പുലര്‍ത്തരുത്. ദുര്‍വിധിയെ കര്‍മ്മം, ത്യാഗം, ദാനം, ലഘുബലി, മഹാബലി, വിവേകം എന്നിവ കൊണ്ടും, ആരോഗ്യം കൊണ്ടും അതിജീവിക്കാന്‍  പരിശ്രമിക്കണം.

വാര്‍ദ്ധക്യത്തില്‍ തപസ്സ് എന്നത് ആരോഗ്യം അനുഭവിക്കുന്നതിനും ആനന്ദം നേടുന്നതിനും വേണ്ടിയുള്ള കഠിനപരിശ്രമമാണ്. വാര്‍ദ്ധക്യത്തിലെ കര്‍മ്മങ്ങള്‍ എല്ലാം ലോകാവശ്യത്തിന് വേണ്ടിയാക്കണം. വാര്‍ത്താമാധ്യമങ്ങളില്‍, സമാജമനസ്സുകളില്‍ ഇടംനേടാനായുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പുണ്യകര്‍മ്മങ്ങള്‍ ചെയ്യരുത്. ഒന്നിനെയും നിഷേധാത്മകമായി കാണരുത്. ജീവിതത്തില്‍ ഇതുവരെ ചിന്തിച്ചതും ദര്‍ശിച്ചതും അനുഭവിച്ചതുമായ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തോട്‌ വെളിപ്പെടുത്തണം. 

പൂമൊട്ടിനെ അപേക്ഷിച്ച് പൂവും, കണ്ണിമാങ്ങയെ അപേക്ഷിച്ച് പഴുത്ത മാങ്ങയും, പുഴുവിനെ അപേക്ഷിച്ച് ചിത്രശലഭവും മറ്റും എങ്ങിനെയെല്ലാമാണോ മെച്ചപ്പെട്ടിരിക്കുന്നത് അതുപോലെയാണ് വാര്‍ദ്ധക്യവും എന്ന് കരുതണം.

പാകം വന്ന സ്വന്തം ഇന്ദ്രിയങ്ങളും തേജസുറ്റ സ്വന്തം മനസ്സും നല്‍കിയ രോഗലക്ഷണങ്ങളെയും സൂചനകളെയും അവഗണിച്ച്‌ അര്‍ദ്ധമനസ്സുകളും വാണിജ്യബുദ്ധികളും നവ ഉപകരണങ്ങളും കണ്ടെത്തി തരുന്ന ചിത്രസൂചനകളുടെ നീണ്ടഫയല്‍ ഉണ്ടാക്കി അതിനോടൊപ്പമുള്ള കണക്കുകള്‍ വായിച്ചും ഗുണിച്ചും, വിളംബരം ചെയ്തും അതിന്മേല്‍ കിടന്നുറങ്ങിയും, അതുകൊണ്ട് തെക്കുവടക്ക് യാത്രചെയ്തും കാലം വെറുതെ കളയുന്ന രീതി ഒഴിവാക്കണം.

ഓര്‍മ്മക്കുറവ്, കാന്‍സര്‍, ഹൃദ്രോഗം, അസ്ഥിക്ഷയം, പ്രമേഹം, അലര്‍ജിരോഗങ്ങള്‍, അതിരക്തസമ്മര്‍ദ്ദം, സന്ധിവീക്കം, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകളെ കടലാസ് കണക്കെടുപ്പില്‍ ഉപരിയായി, ഗുളികവിഴുങ്ങല്‍ വഴിപാടിന് ഉപരിയായി, അവയെ യുക്തിസഹജമായും യഥോചിതമായും പരിഹരിക്കാന്‍ കഴിയുമോ എന്ന് ജീവിതസായാഹ്നത്തില്‍ ഒരിക്കലെങ്കിലും വൈദ്യമേഖലയില്‍ എത്തി തിരക്കണം.

മസ്തിഷ്കകോശത്തില്‍ ജലം കുറയുന്നതോ, നാഡിതന്തുക്കളില്‍ Dopamine, Acetylcholine തുടങ്ങിയ ഘടകങ്ങള്‍ കുറയുന്നതോ ആണ് സ്മൃതിക്ഷയത്തിനുള്ള മുഖ്യകാരണം. ചിലയിനം നാഡികോശങ്ങള്‍ക്ക് വിഭജിക്കുവാന്‍ കഴിയുകയില്ല. ഫോസ്ഫറസ് അടങ്ങിയ Lycopodium 3xAllium sativa 3x എന്നിവ ഓര്‍മ്മക്കുറവിനുള്ള സമാനമരുന്നായി ഉപയോഗിക്കാം. Calcium carbonate 3x, Belladonna 3x, Cannabis Indica 3x, Ginkgo biloba 3xTabacum 3x, Withania somnifera 3x, Yohimbinum 3x എന്നിവയും ഓര്‍മ്മശക്തി വീണ്ടെടുക്കാന്‍ സഹായിക്കുന്നവയാണ്. യൌവ്വനത്തിലേ തന്നെ ഓര്‍മ്മക്കേട് പിടിപെട്ടാല്‍ Stramonium 3x, Hyoscyamus 3x എന്നിവയും പരിഗണിക്കണം.

മസ്തിഷ്കത്തിലെ സൂക്ഷ്മധമനികളിലൂടെയുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിച്ചാലോ, രക്തസഞ്ചാരം താല്‍ക്കാലികമായി കുറച്ചാലോ നാഡീകോശങ്ങളില്‍‍ നിന്ന് പുതിയ നാരുകള്‍ രൂപപ്പെട്ടുകിട്ടും. ഉള്ള നാരുകളുടെ നീളം വര്‍ദ്ധിച്ചും കിട്ടും. നാഡീവ്യൂഹത്തിന്‍റെ ധര്‍മ്മങ്ങള്‍ മെച്ചപ്പെടാന്‍ ഇത് സഹായിക്കും. Ginkgo biloba, Arsenic, Myrtus, Secale cor, Taraxacum, Aloe socotrina, Nux vomica, Stramonium, Selenium തുടങ്ങിയ മരുന്നുകളെ ഇതിന്നായി പ്രയോജനപ്പെടുത്തണം. രക്തസ്രാവ പ്രയാസങ്ങളെ (Haemostasis) പരിഹരിക്കുവാന്‍ Cinchona 3x, Salix nigraകാല്‍സ്യം കാര്‍ബണെറ്റ് എന്നിവയെ പരിഗണിക്കണം. ഇത്തരം വിഷയങ്ങള്‍ വൈദ്യത്തിന്‍റെ നേര്‍വിഷയം ആയതിനാല്‍ അതിനെ ആശ്രയിക്കണം.

മുതിര്‍ന്ന പൌരന്‍മാര്‍ അഭിമുഖീകരിക്കുന്ന ശാരീരികവും, മാനസികവും കുടുംബപരവും സാമൂഹ്യകവും ആയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യു. എന്‍ അസംബ്ലിയുടെ കീഴില്‍ ആഗോളതലത്തില്‍ 1982 മുതല്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. 1990 ഡിസംബര്‍ പതിനാലിന് ചേര്‍ന്ന യു. എന്‍ അസംബ്ലിയുടെ പ്രത്യേക തീരുമാനപ്രകാരം 1991 മുതല്‍ ഓരോ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോകവൃദ്ധദിനം ആചരിച്ചുപോരുന്നുമുണ്ട്. വൃദ്ധജനങ്ങള്‍ നല്‍കിയ സംഭാവനകളെ അംഗീകരിക്കുക, ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം കാണുക എന്നതാണ് ഇതിന്‍റെ മുഖ്യ ഉദ്ദേശം.

വാര്‍ദ്ധക്യത്തില്‍ ആരോഗ്യം, ആനന്ദം എന്നത് കുറച്ചൊക്കെ പ്രതീക്ഷ മാത്രമാണ്. പ്രായം ഏറിയാല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് സര്‍ക്കാര്‍ ശമ്പളവും തുടര്‍ന്ന് പെന്‍ഷനും സ്വീകരിച്ച് ജീവിതം നയിച്ചുപോരുന്നവരോ കലാകായിക രംഗത്ത് പ്രവര്‍ത്തിച്ചവരോ പ്രവാസികളോ ബി.പി.എല്‍ കാരോ അല്ലെങ്കില്‍ സംഘടിതവിഭാഗമോ മാത്രമാണ് എന്ന നിലയില്‍ വാര്‍ധക്യക്ഷേമപദ്ധതികള്‍ ഒതുങ്ങരുത്. ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ് എന്നാല്‍ വിവേകമുള്ള, ഇണക്കമുള്ള ജീവി” എന്നാണര്‍ത്ഥം. അതിന്‍റെ സമാജത്തില്‍നിന്ന്, അതിന്‍റെ പ്രതിനിധികളില്‍ നിന്ന്, സംരക്ഷകരില്‍ നിന്ന് വിവേകവും, നീതിയും പ്രതീക്ഷിക്കുന്ന വൃദ്ധരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

കേരളീയര്‍ ദീര്‍ഘായുസ്സ് അനുഭവിക്കുന്നവരാണ്. അവരുടെ ശൈശവത്തില്‍, ബാല്യത്തില്‍‍, കൌമാരത്തില്‍,‍‍ യൗവ്വനത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും അവരോടൊപ്പം കരുതലോടെ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കേരളത്തിലെ സമാന്തര വൈദ്യവിഭാഗത്തിലെ അംഗങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. (ആരോഗ്യബോധം  ഇന്നലെ, ഇന്ന്. കൃതിയിൽ നിന്ന്).


No comments:

Post a Comment