Tuesday, 31 March 2020

വ്രതദര്‍ശനം. 11. Kader Kochi.

ആഹാരം ലഭ്യമാകുമായിരുന്നിട്ടും അതിനെ നിശ്ചിതസമയത്തേക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ത്യജിക്കുന്നതിനെയാണ് വ്രതം എന്ന്  പറയുന്നത്‌. ഇഷ്ടപ്പെട്ട ആഹാരം സ്വയം നിഷേധിക്കുന്നത്, അവയുടെ അളവ് കുറയ്ക്കുന്നത്, പതിവ് ചര്യകളില്‍ നിന്നോ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നോ ഒഴിഞ്ഞ് മാറുന്നത്, അറിവും ശബ്ദവും ഉണ്ടായിരുന്നിട്ടും മൌനം ആചരിക്കുന്നത് എല്ലാം വ്രതത്തില്‍ ഉള്‍പ്പെടും.

മുപ്പത് മണിക്കൂറോ അതിലധികം സമയമോ തുടര്‍ച്ചയായി ആഹാരം, ജലം എന്നിവയെ ത്യജിക്കുന്നതാണ് കഠിനവ്രതം. കേരളീയരുടെ മുഖ്യാഹാരം ചോറോ അല്ലെങ്കില്‍ അരി, ഗോതമ്പ് എന്നിവകൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളോ ആണ്. അത് ഒഴിവാക്കി പകരം ജലമോ ക്ഷാരഗുണമുള്ള പാനീയങ്ങളോ അല്ലെങ്കില്‍ കലോറി വളരെ കുറഞ്ഞ മറ്റ് ആഹാരമോ കഴിക്കുന്നത് ലഘുവായ വ്രതമാണ്.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വ്രതം അനുഷ്ഠിച്ചുപോരുന്നുണ്ട്. നീല തിമിംഗലം ആറുമാസം വരെ വ്രതം അനുഷ്ടിക്കും. കോഴി അടയിരിക്കുമ്പോള്‍ ആഹാരം ഒന്നും കഴിക്കുകയില്ല. പൂമ്പാറ്റയായി പരിണമിക്കുന്നതിന് മുന്നോടിയായി പുഴു ഇരുപത്തിഒന്ന്‍ ദിവസം ഉപവസിക്കും. ധ്രുവകരടിയും, ഇലപൊഴിക്കുംമരങ്ങളും ശിശിരത്തില്‍ വ്രതം അനുഷ്ടിക്കും. തേക്ക്, കണിക്കൊന്ന, താന്നി, ബദാം, നെല്ലി, റബ്ബര്‍ എന്നീ മരങ്ങള്‍ ഇലപൊഴിക്കുന്ന ഇനങ്ങളാണ്. ഇതുമൂലം അവയുടെ കാതല്‍ വര്‍ദ്ധിക്കും. റബ്ബര്‍ മരത്തില്‍ ആണെങ്കില്‍ പാല്‍ വര്‍ദ്ധിക്കും.

രോഗങ്ങളുടെ കാരണം മാലിന്യങ്ങളും ദോഷങ്ങളുമാണ്. ഇവയ്ക്കെതിരെയുള്ള ജീവശക്തിയുടെ നൈസര്‍ഗികമായ പ്രതികരണത്തിന്‍റെ പ്രതിഫലനമാണ് രോഗലക്ഷണങ്ങള്‍. ഒരോ ആളിലെ മാലിന്യസാന്ദ്രതയും ഉളവാകുന്ന രോഗലക്ഷണങ്ങളും മറ്റൊരാളില്‍ നിന്ന് വിഭിന്നം ആയിരിക്കുംമാലിന്യങ്ങളെ വേഗത്തില്‍ നിഷ്ക്കാസനം ചെയ്യാന്‍ വ്രതം സഹായിക്കും. ഇതിന്‍റെ ഫലമായി ശരീരം ശുദ്ധിയാകും. ജീവശക്തി മെച്ചപ്പെടും. ദോഷശക്തി ക്ഷയിക്കും. രോഗങ്ങള്‍ ഇല്ലാതാകും. വ്രതത്തിന് സമാനമായ ഫലം കിട്ടാനായി  ജീവശക്തിയും സ്വന്തം നിലയില്‍ ചില പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ട്. വിശപ്പ്‌ കുറയുന്നത്, വായില്‍ കയ്പ്പുരസം അനുഭവപ്പെടുന്നത്, വയര്‍ സ്തംഭിക്കുന്നത് എല്ലാം അതിന്‍റെ സൂചനകളാണ്. 

വ്രതത്തെ ഒരേ സമയം ആരോഗ്യസംരക്ഷണോപാധിയായും ആരാധനാരീതിയായും പണ്ടുകാലം മുതല്‍ ഉപയോഗിച്ചുപോന്നിട്ടുണ്ട്. ദൈവത്തിന്‍റെ ആലയം എന്ന നിലയിലാണ് പൂര്‍വ്വികര്‍ ക്ഷേത്രങ്ങളെ കണക്കാക്കിയിരുന്നത്. സത്യം, സാര്‍വ്വലൌകികസ്നേഹം, കരുണ എന്നിവയെ ദൈവത്തിന്‍റെ മുഖ്യഗുണങ്ങളായി സങ്കല്‍പ്പിച്ച് ഈ ഗുണങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കി ദൈവത്തിന്‍റെ സമീപത്ത് ചെല്ലാന്‍ അര്‍ഹത നേടുന്നു. തുടര്‍ന്ന് പകല്‍സമയങ്ങളില്‍ ആഹാരം കഴിക്കാതെയും ഉറങ്ങാതെയും ക്ഷേത്രത്തില്‍ ദൈവത്തെ കൂടെ കുറച്ചുദിവസം താമസിക്കുന്ന ആചാരത്തെ ഉപവാസം എന്നാണ് വിളിച്ചുപോന്നിരുന്നത്. ഈശ്വരന് സമര്‍പ്പിക്കുന്ന ഉപഹാരമായും വ്രതത്തെ കണക്കാക്കിപോന്നിരുന്നു. ഈശ്വരന്‍ ഇതിന് പകരമായി ആരോഗ്യവും, കൂടെ സ്നേഹം, കരുണ തുടങ്ങിയ ഉയര്‍ന്ന ഗുണങ്ങളും നല്‍കും.

വ്രതത്തെ ഒരു സാമൂഹ്യാചാരം ആക്കുമ്പോള്‍ ധാരാളം ഭക്ഷണം മിച്ചമാകും. പട്ടിണിയുള്ള നിരവധി പേരുടെ വിശപ്പിന് അത് പരിഹാരമാകും. സമൂഹത്തില്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ടുതരം വിഭാഗം പണ്ടുകാലത്തും നിലനിന്നിട്ടുണ്ട്. ആഹാരം കഴിക്കാന്‍ വേണ്ട വക ഇല്ലാത്തവര്‍ വര്‍ഷഋതുവിന്‍റെ ആരംഭത്തില്‍ വ്രതത്തെ ഒരു ആചാരമാക്കിയാണ് പട്ടിണിയെ നേരിട്ടുപോന്നത്.

അവനവന് വേണ്ടാത്തതിന്‍റെ അവകാശം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്, ദൈവത്തിന് സമര്‍പ്പിക്കുന്നത് ആണ് ദാനം. അവനവനോ കുടുംബത്തിനോ ആവശ്യം ആയിരുന്നിട്ട് കൂടി, അത് ഇല്ലാത്തവര്‍ക്ക് വേണ്ടസമയത്ത് കൊടുക്കുന്ന പുണ്യകര്‍മ്മമാണ് ബലി. അത് കുറേപേര്‍ക്ക് ഒന്നിച്ച് ആഘോഷമായി കൊടുക്കുന്നതാണ് മഹാബലി. ആഹാരവസ്തുക്കള്‍‍, വസ്ത്രങ്ങള്‍, സമ്പത്ത്, ഭൂമിധനം എന്നിവ എല്ലാം കൈവശം ഉള്ളവര്‍ അത് മഹാബലിയായി, ഒരു പൊതു ആഘോഷമായി നടത്തിയിരുന്നത് വര്‍ഷഋതുവിലാണ്.

ഓരോ കൊല്ലവര്‍ഷത്തിലും നാല്‍പ്പത് ദിവസം തുടര്‍ച്ചയായി പകല്‍ ഒന്നും കഴിക്കാതെ രാത്രിയില്‍ കഞ്ഞി മാത്രം കുടിച്ചോ, അല്ലെങ്കില്‍ രാത്രി ആഹാരം ഒഴിവാക്കി കൊണ്ട് പകല്‍സമയങ്ങളില്‍ സസ്യാഹാരം മാത്രം കഴിച്ചോ, വ്രതം എടുക്കുന്ന ഒരു ആചാരം ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്നു. മാംസം, വന്‍പയര്‍, തേന്‍, ഇലക്കറികള്‍‍ എന്നീ ആഹാരദ്രവ്യങ്ങളും‍ വിശിഷ്ടവസ്ത്രങ്ങള്‍, ആഭരണങ്ങള്‍‍‍, സുഗന്ധദ്രവ്യങ്ങള്‍, കഠിനാധ്വാനം എന്നിവയും വ്രതദിനങ്ങളില്‍ ഒഴിവാക്കിയിരുന്നു. പാല്‍, മോര്, ഉരുളക്കിഴങ്ങ്, കപ്പലണ്ടി എന്നിവകൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ വ്രതദിവസങ്ങളില്‍ അവര്‍ കഴിച്ചിരുന്നു.

സല്‍പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്‍പും യുദ്ധത്തില്‍ പങ്കെടുക്കുന്നതിന്‍റെ മുന്നോടിയായും ദാരിദ്ര്യം, രോഗം, പനി തുടങ്ങിയവ ഉള്ളപ്പോഴും ചതവ്, മുറിവ്, ക്ഷതം എന്നിവ സംഭവിക്കുമ്പോഴും വ്രതം എടുക്കുന്ന സമ്പ്രദായം മിക്ക ദേശങ്ങളിലും നിലനിന്നിരുന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍ മാംസം, നെയ്യ് തുടങ്ങിയ ഗുരു ആഹാരങ്ങള്‍ ഒഴിവാക്കിയും; കുരു, വ്രണം, പഴുപ്പ് എന്നിവ പിടിപ്പെട്ട സന്ദര്‍ഭത്തില്‍ ചെളിമത്സ്യങ്ങള്‍, കക്ക, ചെമ്മില്‍, ഞണ്ട് എന്നിവ ഒഴിവാക്കിയും വ്രതമെടുക്കുന്ന പതിവ് ഇപ്പോഴും നിലവിലുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ അവിടെ No Breakfast Association നിലവില്‍ ഉണ്ടായിരുന്നു. അദ്ദേഹം അതില്‍ അംഗത്വം എടുത്തിരുന്നു.

ഋതുക്കള്‍ ശുഭകരമായാല്‍ അതാത് കാലത്തെ ആഹാരങ്ങളെ കൈ നീട്ടി വാങ്ങണം. ദേഹത്തില്‍ ധാതുക്കള്‍ അധികം ആയാല്‍ ആഹാരത്തെ ഭാഗികമായി ത്യജിക്കണം. ഉത്തരായനത്തില്‍‍ ശരീരത്തില്‍ നിന്ന് ബലത്തെ സൂര്യന്‍ കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ആ ഋതുക്കളില്‍ അന്നജവും ജലവും അടങ്ങിയ ആഹാരങ്ങള്‍ കഴിച്ച് പ്രതിരോധിക്കണം. ആഹാരം കഴിച്ചില്ലെങ്കില്‍ ശരീരം വരണ്ട് ക്ഷയിക്കും. മെലിഞ്ഞവര്‍ ആണെങ്കില്‍ ജലം ധാരാളം കുടിക്കണം. ശിശിരത്തില്‍ കഴിച്ച ആഹാരത്തിന്‍റെ ഇരട്ടി അളവില്‍ വസന്തത്തില്‍ കഴിക്കണം. ദക്ഷിണായനകാലത്ത് ഉത്തരാര്‍ദ്ധഗോളത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ആളുകളില്‍ ജലതോത് കൂടും. ദേഹബലം വര്‍ദ്ധിക്കും. വ്രതം അനുഷ്ഠിക്കാന്‍‍‍ പറ്റിയ ഘട്ടം ആണിത്. ദുര്‍മേദസ്സ് ഉള്ളവര്‍ കുടിക്കുന്ന ജലത്തിന്‍റെ അളവും കുറയ്ക്കണം. 

ദക്ഷിണായന കാലത്ത് ദുര്‍മേദസ് ബാധിച്ചവര്‍ക്ക് മാസത്തില്‍ താഴെ സൂചിപ്പിക്കുന്ന വിധത്തില്‍ വ്രതം അനുഷ്ഠിക്കാം.


ആദ്യത്തെ പത്ത് ദിവസം

ലഘു ആഹാരം മൂന്ന് നേരം.

രണ്ടാമത്തെ പത്ത് ദിവസം

ലഘു ആഹാരം രണ്ട് നേരം.

ഒടുവിലത്തെ പത്ത് ദിവസം
ഗുരു ആഹാരം ഒരു നേരം.
              

കഠിനമായ ജോലിയില്‍ ഏര്‍പ്പെട്ട് പോരുന്നവരോ ഗുരു ആഹാരം മൂന്ന് നേരം പതിവാക്കിയവരോ ആണെങ്കില്‍ അവര്‍ക്ക് ആഴ്ചയില്‍ ഒരു നേരവും, പക്ഷത്തില്‍ തുടര്‍ച്ചയായുള്ള പന്ത്രണ്ട് മണിക്കൂര്‍നേരം എന്നോണവും വ്രതം അനുഷ്ടിക്കാം. ഈ ഘട്ടത്തില്‍ അമ്ലത കുറവുള്ള പാനീയങ്ങള്‍‍, ഗ്രീന്‍ ടി, ബാര്‍ലിവെള്ളം, മറ്റ്‌ ക്ഷാരപാനീയങ്ങള്‍‍ തുടങ്ങിയവ കുടിക്കാം. 

ജലപാനവും ഒഴിവാക്കി മുപ്പത് മണിക്കൂറില്‍ അധികം നേരം തുടര്‍ച്ചയായി കഠിനവ്രതം അനുഷ്ഠിക്കുന്ന ഘട്ടത്തില്‍‍‍ പഴയിനങ്ങള്‍ കഴിച്ചുകൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യണം. ബലവാന്മാര്‍ പൌരാവകാശലംഘനത്തിന് എതിരെയുള്ള സമരമുറയായി വ്രതത്തെ ഉപയോഗപ്പെടുത്തുമ്പോള്‍ ആറ് ദിവസത്തില്‍ കൂടുതല്‍ തുടരരുത്. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ നേര്‍പ്പിച്ച നാരങ്ങവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ ലഘുവായ അമ്ലപാനീയങ്ങള്‍‍‍ മാത്രം ആദ്യം കുടിക്കണം. ആഹാരം ദ്രവരൂപത്തില്‍ കഴിക്കണം. ദിവസങ്ങളില്‍ ഗുരുത്വഗുണം ഉള്ളത് ക്രമത്തില്‍ വര്‍ദ്ധിപ്പിച്ച് കഴിക്കണം. കഞ്ഞി, ചോറ്, മാംസം, കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ എന്നിങ്ങനെ ക്രമത്തില്‍ ആഹാരത്തില്‍ ഗുരുത്വം വര്‍ദ്ധിപ്പിക്കണം.

പൌര്‍ണ്ണമി, അമാവാസി എന്നിവയ്ക്ക് രണ്ട് ദിവസം മുന്‍പേ തന്നെ ചിലരില്‍ ദേഹഭാരം വര്‍ദ്ധിക്കും. ആസ്തമ, അപസ്മാരം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ അത് വര്‍ദ്ധിക്കും. ഇത്തരക്കാര്‍ ഈ ദിവസങ്ങളില്‍ ഒരു നേരത്തെ ആഹാരം ഒഴിവാക്കിയും മറ്റ് നേരങ്ങളില്‍ ലഘു ആഹാരം മാത്രം കഴിച്ചും വ്രതം അനുഷ്ടിക്കുന്നത് പതിവാക്കണം. ആഹാരത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ തോത് കുറക്കണം. മാംസം, മത്സ്യം, കിഴങ്ങുകള്‍‍ എന്നിവയെ ആഴ്ചയില്‍ രണ്ടുദിവസം എന്നോണം പൂര്‍ണ്ണമായി ഒഴിവാക്കണം. ആ ദിവസങ്ങളില്‍ പാല്‍, പഴം ഇവയില്‍ ഏതെങ്കിലും ഒന്നിനെ പകരമായി സ്വീകരിക്കണം.


വ്രതാനുഷ്ടാനം നല്‍കുന്ന  പ്രയോജനങ്ങള്‍
 
ഇടയ്ക്കിടെ വ്രതം അനുഷ്ടിക്കുന്നത് പതിവാക്കിയാല്‍ ആഹാരത്തിനോടുള്ള ആര്‍ത്തി കുറയും. ഓരോ തവണ കഴിക്കുന്ന ആഹാരത്തിന്‍റെയും രുചി അനുഭവിക്കാനാകും. ആഹാരത്തെ മാത്രം ചിന്തിച്ചുകൊണ്ട് നടക്കുന്നത്, നിരവധി തവണ  പാചകം ചെയ്യുന്നത്, തുടരെ തുടരെ കഴിക്കുന്നത് അതിനെ കുറിച്ചു മാത്രം സംസാരിക്കുന്നത് എല്ലാം അജ്ഞത മൂലമോ ആസക്തി മൂലമോ ആണ്. 

വ്രതം അനുഷ്ഠിക്കുമ്പോള്‍ മസ്തിഷ്കദ്രാവകത്തിലെ മധുരാംശം നാഡികോശങ്ങളിലെ അപേക്ഷിച്ച് ആദ്യം കുറയും. നാഡീകോശങ്ങളിലോട്ട് ജലം കൂടുതലായി നീങ്ങും. ഇതുമൂലം ഓര്‍മ്മശേഷി, കേള്‍വിശക്തി എന്നിവ കൂടും. 

പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്ന ഒന്നാണ് ഉറക്കം. അതുപോലെ അന്നപഥം, കരള്‍, വൃക്ക എന്നീ ആന്തരിക അവയവങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതാണ് വ്രതം.

അധികമായിരുന്ന ധാതുക്കള്‍, മലങ്ങള്‍ എന്നിവ വ്രതം മൂലം സാമാന്യതോതില്‍ ആകും. സംഭരണകൊഴുപ്പിന്‍റെ തോത് കുറയും. രക്തത്തിലേയും കരളിലേയും കൊഴുപ്പിന് അപചയം സംഭവിക്കും. രക്തത്തിലും കരളിലും പിത്തസഞ്ചിയിലും നിലകൊള്ളേണ്ട കൊളസ്ട്രോളിന്‍റെ തോത് താല്‍ക്കാലികമായി കൂടും. തുടര്‍ന്ന് അവ വിസര്‍ജിക്കപ്പെടും.

ലൈംഗികഹോര്‍മോണ്‍ തോത് കൂടും.

വ്രതത്തെ ആചാരമാക്കിയാല്‍ മനോമലങ്ങള്‍ രൂപപ്പെടുന്നത് കുറയും. ആസക്തികള്‍ നിയന്ത്രിക്കപ്പെടും. ആത്മധൈര്യം, സഹനം തുടങ്ങിയ ശേഷികള്‍ വര്‍ദ്ധിക്കും. ആരോഗ്യനിലവാരം മെച്ചപ്പെടും. രോഗപ്രതിരോധശക്തി, രോഗനിവാരണശക്തി എന്നിവ വര്‍ദ്ധിക്കും. അച്ചടക്കം, ഇന്ദ്രിയനിയന്ത്രണം എന്നീ ഗുണങ്ങള്‍ സ്വായത്തമാകും.
*
എഴുപത്തിരണ്ട് മണിക്കൂറില്‍ അധികം നേരം ആഹാരം കഴിക്കാതെ ഇരിക്കരുത്. ആഹാരം കഴിക്കാന്‍ ഇല്ലാത്തതുമൂലം ദേഹത്തില്‍ ഉടലെടുക്കുന്ന അവസ്ഥയാണ് പട്ടിണി. ആരോഗ്യം ഇല്ലാത്തവര്‍, കുട്ടികള്‍‍‍, ഗര്‍ഭിണികള്‍‍, അവശ രോഗികള്‍, വൃദ്ധര്‍ എന്നിവരെ പട്ടിണിക്ക് ഇടുന്നതും കഠിനവ്രതം അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നതും അധര്‍മ്മമാണ്. കഠിനവ്രതം, പട്ടിണി എന്നിവ തുടര്‍ന്നാല്‍ കോശങ്ങള്‍ക്ക് പുറത്തും അകത്തും ഉള്ള ഇടം വര്‍ദ്ധിക്കും. ശരീരധാതുക്കള്‍ ശിഥിലമാകും. ആരോഗ്യം ക്ഷയിക്കും.

No comments:

Post a Comment