പഴയ കാലത്തെ പണ്ഡിതശ്രേഷ്ഠന്‍മാര്‍ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടുകൊണ്ട് പ്രപഞ്ചം, കാലം, അറിവ്, പരിണാമം, ആരോഗ്യം എന്നിവയെക്കുറിച്ചും ജീവിതത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചും ജീവിതയാത്രയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തെക്കുറിച്ചും മറ്റും വിവിധ നിലയില്‍ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും വിലയിരുത്തുകയും ചെയ്തുനോക്കിയിരുന്നു. ധര്‍മ്മം അനുഷ്ഠിച്ചും പുണ്യകര്‍മ്മങ്ങള്‍ ചെയ്തും അര്‍ത്ഥം, കാമം എന്നിവ സമ്പാദിച്ചും കർമ്മഫലങ്ങളെ ത്യജിച്ചും സുഖം, സന്തോഷം, ആനന്ദം എന്നിവ അനുഭവിക്കുക എന്നത് ഓരോ വ്യക്തിയുടെയും ജീവിതലക്ഷ്യമാക്കാമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അനുഭവിച്ചുപോരുന്ന നിരവധിയിനം രോഗങ്ങളെ പരിഹരിക്കുന്നതിനും സന്തോഷം, സംതൃപ്തി എന്നിവ അനുഭവിക്കുന്നതിനും എല്ലാം മനുഷ്യന്‍ പ്രാഥമികമായി അവനവന്‍റെ ജീവിതവിഷയങ്ങളെ ഓരോന്നിനേയും, പ്രത്യേകമായും സൂക്ഷ്മമായും അറിയണം. ജീവിതപ്രയാസങ്ങളും അതിന്‍റെ കാരണങ്ങളും പരിഹരിക്കുവാന്‍ ചില സൂത്രവാക്യങ്ങള്‍ കണ്ടെത്തണം. സത്യപ്രമാണങ്ങള്‍ ഉണ്ടാക്കണം. അവ ഊഹം, യുക്തി, പ്രത്യക്ഷ അനുഭവങ്ങള്‍, സാഹചര്യതെളിവുകള്‍, കാര്യകാരണബന്ധം, സാദൃശ്യബന്ധം, സമവായബന്ധം, ലിംഗചേര്‍ച്ചബന്ധം, താരതമ്യബന്ധം; ആകര്‍ഷണ, ധ്രുവീകരണ, താളക്രമ, നഷ്ടപരിഹാര നിയമങ്ങള്‍; ആപ്തവാക്യങ്ങള്‍, പരീക്ഷണം, വിശകലനം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയുള്ളത് ആകണം. അവ നാനാവിധ രാജ്യത്തുള്ള മനുഷ്യര്‍ക്ക് വര്‍ത്തമാനകാലത്തും ഭാവികാലത്തും പ്രയോജനമായി ഭവിക്കുന്ന ഒന്നാകണം എന്നും പൂര്‍വ്വികര്‍ ഉദ്ദേശിച്ചു.
സുഖത്തിന്‍റെ അടിസ്ഥാനം ആരോഗ്യമാണ്. ആഹാരം, നിഹാരം, വിഹാരം, വിചാരം, ശുചിത്വം, വിശ്വാസം, ആചാരം, അദ്ധ്വാനം, വിശ്രമം, അച്ചടക്കം തുടങ്ങിയ ഘടകങ്ങളെ യുക്തിപൂര്‍വ്വവും സമങ്ങളും ആക്കിയാല്‍ കാലക്രമേണ ശരീരധാതുക്കളും സൌമ്യമാകും. ധാതുക്കളുടെ സൌമ്യാവസ്ഥ സുഖം നല്‍കും. ഇത്തരം ഘടകങ്ങളുടെ ചേര്‍ച്ച അമിതം, ഹീനം, മിഥ്യ ആയാല്‍ രോഗങ്ങള്‍ പിടിപെടും. എവിടെ അനാരോഗ്യം ഉണ്ടോ അവിടെ അസുഖവും ഉണ്ട്. ദേഹകാരണങ്ങള്‍ കൊണ്ട് മനോരോഗങ്ങളും മാനസികകാരണങ്ങള്‍ കൊണ്ട് ദേഹരോഗങ്ങളും പിടിപെടും. ആരോഗ്യത്തെ മെച്ചപ്പെടുത്തിയാല്‍ പിടിപെടാന്‍ ഇടവന്ന കുറെ രോഗങ്ങള്‍ സ്വയം ഭേദമാകും. രോഗത്തെ ശമിപ്പിച്ചതുകൊണ്ടോ ആയുസ്സ് കുറെ ദീര്‍ഘിപ്പിച്ചതുകൊണ്ടോ ആരോഗ്യം, സുഖം, സമാധാനം, സംതൃപ്തി എന്നിവ കിട്ടണമെന്നില്ല. അജ്ഞത, അവിവേകം, അബദ്ധം, ആപത്ത്, സാഹചര്യങ്ങളോടുള്ള അമിതപ്രതികരണം, മനോമലങ്ങള്‍ എന്നിവ മൂലമാണ്, അവിദ്യ മൂലമാണ് ധാതുക്കളും ധാതുമലങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ജീവശക്തിയും തമ്മിലുള്ള ചേര്‍ച്ച തകരാറിലാകുന്നത് എന്നും പൂര്‍വ്വികര്‍ മനസിലാക്കി.
അപരബ്രഹ്മബോധാംശം, ജീവശക്തി, അഹന്ത, ദോഷങ്ങള്‍, മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹധാതുക്കള്‍, മലങ്ങള്‍ എന്നിവയുടെ എല്ലാം സംയുക്തമാണ് വ്യക്തി. സ്ഥൂലമനസ്സ്, സൂക്ഷ്മമനസ്സ് എന്നീ രണ്ടുതരം മനസ്സ് ഓരോ വ്യക്തിയിലും ഉണ്ട്. വ്യക്തിയിലെ ഞാന്‍ എന്നത് കൂടുതലും സ്ഥൂലമനസ്സുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. സ്ഥൂലമനസ്സിന് ബാഹ്യമനസ്സ്, ആന്തരികമനസ്സ് എന്നിങ്ങനെ രണ്ട് തലങ്ങളുണ്ട്. ജഗത് വിഷയസുഖം അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ബാഹ്യമനസ്സാണ്. ബാഹ്യമനസ്സ് നിഷ്ക്രിയമാകുന്ന അവസ്ഥയാണ് ഉറക്കം. ജീവശക്തിയോട് ചേര്‍ന്നുള്ള ആന്തരികമനസ്സാണ് ബുദ്ധി, ഇച്ചാശക്തി എന്നിവയെ നിയന്ത്രിക്കുന്നത്. അപരബ്രഹ്മബോധാംശം, മുജന്മപാപപുണ്യങ്ങള്‍, കർമ്മഫലങ്ങൾ, അഹന്ത, അഹന്തയുടെയുടെ സന്തതികളായ ത്രിദോഷങ്ങൾ എന്നിവ ഉള്‍പ്പെട്ടതാണ് സൂക്ഷ്മമനസ്സ്.
ആന്തരികമനസ്സിന് സൂക്ഷ്മമനസ്സിലെ അപര ബ്രഹ്മബോധാംശമായ മായാ ചേതനയെ പ്രാപിക്കാനായാല്‍ ആനന്ദം അനുഭവിക്കാനാകും. അത്തരം ഒരു ആനന്ദം നേടുന്നതിന് ശാരീരികാരോഗ്യവും മാനസികാരോഗ്യവും വേണം. ശരീരത്തിനും മനസ്സിനും ശുദ്ധി വേണം. അന്നവും വായുവും ജ്ഞാനവും വേണം. ഇവയെ സ്വായത്തമാക്കി, അതിനുശേഷം ചില നിയന്ത്രണങ്ങളും പരിശീലനങ്ങളും കര്‍മ്മങ്ങളും അനുഷ്ടിക്കണം എന്നും പൂര്‍വ്വികര്‍ വിലയിരുത്തി.
സുഖം എന്നത് ബാഹ്യ മനസ്സിനെ സംബന്ധിച്ച് ആഗ്രഹങ്ങളുടെ സഫലീകരണമാണ്. ആന്തരിക മനസ്സിനെ സംബന്ധിച്ച് അത് ശാന്തിയും സമാധാനവും സംതൃപ്തിയും ആണ്. ശരീരത്തെ സംബന്ധിച്ച് അത് ബലവും അയവും വേദനയില്ലായ്മയും ആണ്. നൈസര്‍ഗ്ഗികമായും അല്ലാതെയും ആഗ്രഹങ്ങള്‍ ഉടലെടുക്കും. സമാധാനം, സംതൃപ്തി, അയവ്, വേദനയില്ലായ്മ, ആഗ്രഹസഫലീകരണം എന്നിവ എങ്ങിനെയെല്ലാം തരപ്പെടുത്താം എന്ന് പൂര്‍വ്വികര്‍ അന്വേഷിച്ചു.
ആനന്ദസാക്ഷാല്‍കാരവുമായി ബന്ധപ്പെട്ടുള്ള ചിന്തയുടെയും കർമ്മങ്ങളുടെയും അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ പൂര്‍വ്വികരായ ഗ്രീക്ക് പണ്ഡിതന്‍മാര്‍ ചില അനുമാനങ്ങള്‍ ഉണ്ടാക്കിനോക്കിയിരുന്നു. അതിന് മുന്നോടിയായും സമാന്തരമായും തുടര്‍ച്ചയെന്നോണവും ഭാരതീയ പണ്ഡിതന്‍മാര്‍ സൂത്രവാക്യരൂപത്തില്‍ നിര്‍ദ്ദേശിച്ച വിവിധ ചിന്തകളുടെയും തത്വങ്ങളുടെയും സമാഹാരങ്ങളെയാണ് ദര്‍ശനങ്ങള്‍ എന്നു വിളിച്ചുപോന്നിരുന്നത്. അഷ്ടാംഗയോഗ അത്തരത്തില്‍ ഉള്ള ഒരു ദര്‍ശനമാണ്. ന്യായം, സാംഖ്യം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയാണ് പുരാതന ഭാരതത്തില്‍ നിലവില്‍ ഉണ്ടായിരുന്ന മറ്റു മുഖ്യ ദര്‍ശനങ്ങള്‍. ക്രിസ്തുവിന് രണ്ടു നൂറ്റാണ്ട് മുന്‍പ് ജീവിച്ചിരുന്ന പതഞ്‌ജലിയുടെ യോഗസൂത്രങ്ങള്‍ എന്ന ഗ്രന്ഥമാണ് അഷ്ടാംഗയോഗയുടെ അടിസ്ഥാനം.
മനുഷ്യന്‍റെ ഒട്ടുമുക്കാല്‍ പ്രയാസങ്ങളും മനോതലത്തില്‍ നടക്കുന്നവയാണ്. ഇത്തരം പ്രയാസങ്ങളില്‍ പലതും ഔഷധങ്ങളുടെ സഹായം ഇല്ലാതെ തന്നെ മനുഷ്യന് സ്വയം പരിഹരിക്കാന്‍ കഴിയും. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അഷ്ടാംഗയോഗ.
മനോനിയന്ത്രണം വഴിയും ലളിതമായുള്ള ചില ദേഹചലനങ്ങള്‍ വഴിയും ആഗ്രഹനിയന്ത്രണം, സുഖം, ബലം, ദേഹലാഘവത്വം, സംതൃപ്തി എന്നിവ അനുഭവപ്പെടാന്‍ ഉതകുന്നതും; ശരീരവും വായുവും തമ്മിൽ, സ്ഥൂലമനസ്സും സൂക്ഷ്മമനസ്സും തമ്മിൽ വേണ്ട ചേര്‍ച്ചക്ക് സഹായിക്കുന്നതും ആയ പരിശീലനമുറകളാണ് ഇതിന്‍റെ ഉള്ളടക്കം. ഇതിന് എട്ട് ഘട്ടങ്ങളുണ്ട്. പതഞ്ജലിക്ക് മുന്‍പുള്ള അഥര്‍വവേദത്തിലും യോഗയെ പറ്റി പരാമര്‍ശങ്ങളുണ്ട്. ശ്രീബുദ്ധന്‍ ഒരു യോഗാചാര്യന്‍ ആയിരുന്നു. യോഗ എന്ന പദത്തിന് ചേര്‍ച്ച, മാര്‍ഗ്ഗം, രീതി, ഹിതം, സത്യം, ശ്രദ്ധ എന്നെല്ലാം അര്‍ത്ഥമുണ്ട്.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നിവയാണ് പതഞ്ജലിയോഗയിലെ അഷ്ടഘട്ടങ്ങള്‍. ഈ എട്ട് സംഗതികള്‍ പടിപടിയായി അനുഷ്ഠിച്ച് മനസ്സിനെ നിയന്ത്രിക്കുന്ന മനുഷ്യന് മാനസികതലത്തില്‍ മാത്രമല്ല ദേഹതലത്തിലും ഉന്നതി, ശാന്തി, അയവ് എന്നിവ കൈവരിക്കാനാകും എന്ന നിര്‍ദ്ദേശമാണ് യോഗസൂത്രങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്.
യമനിയമങ്ങള്‍
അഞ്ച് വീതമാണ്.
യമം
വ്യക്തിജീവിതത്തില്‍ സ്വയം നിയന്ത്രിക്കേണ്ടതോ സാമൂഹ്യജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാത്തതോ ആയ കാര്യങ്ങളാണ് യമം.
ഹിംസ
വാക്കുകള്‍ കൊണ്ടോ കൈകള്‍, ദേഹം, ആയുധങ്ങള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍, കളിസാമാനങ്ങള്‍ എന്നിവ കൊണ്ടോ മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന പ്രവൃത്തിയാണ് ഹിംസ. വേദന ഉണ്ടാക്കുന്ന പെരുമാറ്റങ്ങളും വിനോദങ്ങളും ആചാരങ്ങളും ആളുകളുടെ സ്വൈര്യ ജീവിതത്തിന് ഉപദ്രവവും ആകുന്ന എല്ലാ പ്രവൃത്തികളും ഹിംസയാണ്. അത് ഒരുവന്‍റെ ആന്തരികശുദ്ധി, മനോബലം എന്നിവയെ നേരിട്ടും അല്ലാതെയും ക്ഷയിപ്പിക്കും. ഹിംസ ആവര്‍ത്തിച്ചും തുടര്‍ന്നും പോരുന്നവര്‍, അതിന് നിര്‍ദ്ദേശം കൊടുക്കുന്നവര്‍ ആരെല്ലാമാണോ അവരും അവരുടെ തലമുറകളും ദേഹപരമായും മാനസികമായും ദുര്‍ബലരാകും. അകാലത്തില്‍ നശിക്കും.
ആളുകളുടെ സ്വൈര ജീവിതത്തിന് വിഘ്നം ഉണ്ടാകുംവിധം പൊതുവഴികളില്‍ വിനോദമെന്നോണമോ, പ്രതിഷേധത്തിന്‍റെ ഭാഗമെന്നോണമോ ഏര്‍പ്പെട്ട് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുക, ജോലിചെയ്യുന്ന സമയത്തും പഠിക്കുന്ന സമയത്തും ഉറങ്ങുന്ന സമയത്തും അതിന് വിഘ്നം വരുംവിധം ഉച്ചഭാഷിണി ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കുക, നീരൊഴുക്ക് കുറഞ്ഞ കാനയിലോട്ട് കക്കൂസ്മാലിന്യം ഒഴുക്കുംവിധം പാര്‍പ്പിടം നിര്‍മ്മിച്ച് ചുറ്റും ഉള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുക എന്നിവയെല്ലാം ഹിംസയാണ്. അഹിംസ കുട്ടികളില്‍ വളര്‍ത്തേണ്ട ചുമതല മാതാപിതാക്കളോടൊപ്പം അദ്ധ്യാപകര്‍ക്കും ഉണ്ട്. ജീവിതത്തില്‍ അഹിംസ പാലിക്കുന്ന വ്യക്തിയുടെ ആത്മവിശ്വാസവും സഹനശേഷിയും നിരവധി മടങ്ങ് വര്‍ദ്ധിക്കും.
അസത്യം
ഇന്ദ്രിയങ്ങള്‍ മുഖേനെയും സങ്കല്‍പ്പം വഴിയും മനസ്സില്‍ എത്തിയ ധാരണകള്‍ അനുഭവത്തിലൂടെ ബോദ്ധ്യമാകുകയോ, വ്യക്തി എന്ന നിലയിലോ സാമൂഹ്യജീവി എന്ന നിലയിലോ ജീവന് ഹിതകരമായി തീരുകയോ ചെയ്ത കാര്യങ്ങളാണ് ഒരാളുടെ സത്യം. കാലങ്ങള്‍ക്ക് അതീതം ആയി പരിണാമം അധികം ഇല്ലാതെ നിത്യമായി നിലകൊള്ളൂന്ന സംഗതികളും സത്യമാണ്. സത്യം ആയിരിക്കണം ചിന്തയുടെയും അന്വേഷണത്തിന്‍റെയും ലക്ഷ്യം. സത്യാവസ്ഥ മാത്രം അറിയണം. ബോദ്ധ്യം ആയത് മാത്രം പറയണം.
അസത്യം മാനസികവളര്‍ച്ചയെ മുരടിപ്പിക്കും. ഭയത്തെ വര്‍ദ്ധിപ്പിച്ച് ആധിയുണ്ടാക്കും. ബോദ്ധ്യം ആകാത്തത് പറയുമ്പോള്‍ മനസ്സില്‍ കുറ്റബോധവും ഭയവും ഉടലെടുക്കും. സത്യം അറിയുമ്പോള്‍, പറയുമ്പോള്‍, അനുഭവിക്കുമ്പോൾ ഭയം മാറികിട്ടും. ജീവശക്തി വര്‍ദ്ധിക്കും.
അസ്തേയം
മറ്റുള്ളവരുടെ അര്‍ത്ഥവും അവകാശവും മോഷ്ടിക്കുന്നതാണ് അസ്തേയം. അത് പാപം ആണ്. മറ്റുള്ളവര്‍ കര്‍മ്മം മൂലം നേടിയ അറിവ്, സമ്പത്ത്, ഭൂമി എന്നിവ ദേഹബലം, അധികാരം, കുതന്ത്രം, ഉപകരണം എന്നിവ ഉപയോഗപ്പെടുത്തി തട്ടിയെടുക്കുന്നത് മോഷണമാണ്. അത്തരം കര്‍മ്മങ്ങളും അതിനായുള്ള ചിന്തകളും പ്രോത്സാഹനങ്ങളും പാപമാണ്.
മറ്റുള്ളവരുടെ സമ്പത്ത് മോഹിക്കുന്നത്, കടം വാങ്ങിയ ശേഷം തിരിച്ചുനല്‍കാന്‍ വൈകിക്കുന്നത്, തിരിച്ചുകൊടുക്കാതെ വെച്ച് പിന്‍തലമുറകള്‍ അനുഭവിക്കുന്നത് എല്ലാം പാപമാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് അവകാശപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്, സംഘം ചേര്‍ന്ന് അത്തരത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്, സാമഗ്രികളില്‍ ഇല്ലാത്ത ചേരുവകള്‍ ഉണ്ട് എന്ന വ്യാജേന പ്രചരിപ്പിച്ച് അര്‍ത്ഥം സമ്പാദിക്കുന്നത്, അതിനുവേണ്ട സൌകര്യം ഒരുക്കികൊടുക്കുന്നത്, അതിന്‍റെ വിഹിതം പറ്റുന്നത് എല്ലാം പാപമാണ്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമാകുന്ന സാധനസാമഗ്രികള്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്നതും അതിനുള്ള സംവിധാനം രൂപപ്പെടുത്തി അതിന്‍റെ വിഹിതം ശേഖരിച്ച് അതുകൊണ്ട് ഉപജീവനം നടത്തുന്നതും പാപമാണ്.
ബ്രഹ്മചര്യം
ഇഹലോകവും പരലോകവും ഉള്‍പ്പെട്ട മഹാ പ്രപഞ്ചമാണ് അപരബ്രഹ്മം. ബ്രഹ്മൻ ഏകമാണ്. അപര ബ്രഹ്മത്തിലോട്ട് എത്താനുള്ള മാർഗ്ഗങ്ങൾ അനേകമാണ്. ബ്രഹ്മന്‍റെ കര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ ബ്രഹ്മന്‍ മാത്രം. പ്രപഞ്ചത്തിന് ഒരു ക്രമം ഉണ്ട്. അതുപോലെ മനുഷ്യന്‍റെ ചര്യകള്‍ക്കും ഒരു ക്രമം വേണം. അത് അച്ചടക്കത്തില്‍ അതിഷ്ടിതമാകണം. അത് ക്രമീകരിക്കാൻ കഴിയണം. ലൈംഗിക നിയന്ത്രണമാണ് ബ്രഹ്മചര്യം. കഴിക്കുന്ന അന്നം പരിണമിച്ചാണ് ദേഹധാതുക്കള്‍ രൂപംകൊള്ളുന്നത്. അന്നത്തില്‍ നിന്ന് ശുക്ലധാതുവും മനസ്സും ജീവശക്തിയും രൂപംകൊള്ളാന്‍ ഏകദേശം ആറ് ആഴ്ചക്കാലം വേണം. ശുക്ലധാതുവിനെ അനാവശ്യമായി നഷ്ടപ്പെടുത്തരുത്. യൌവനത്തില്‍ ഏതെല്ലാം ഋതുക്കളിലാണ് സൃഷ്ടിലീലകള്‍ അനുഷ്ഠിക്കേണ്ടത്, വിനോദത്തില്‍ ഉപരിയായി അതില്‍ അച്ചടക്കത്തോടെ ഏര്‍പ്പെടേണ്ടത് എന്നതെല്ലാം മറ്റ് ജന്തുജാലങ്ങളെ നോക്കി ഏകദേശം പഠിക്കണം. മൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ പാലിച്ചുപോരുന്ന അബ്രഹ്മചര്യ രീതികളും സംയോഗസമയവും നിരീക്ഷിക്കണം.
വിജ്ഞാനവും മോഹവും ഉള്‍പ്പെട്ട വിഷയങ്ങള്‍ കൊണ്ടുവരുന്നത് ഇന്ദ്രിയങ്ങളാണ്. കൌമാരപ്രായത്തില്‍ കണ്ണ്, മൂക്ക്, ചെവി, ചര്‍മ്മം, നാക്ക് എന്നിവ വഴിയുള്ള ഇന്ദ്രിയവിഷയങ്ങളില്‍ അമിതതാല്‍പര്യം ഉണ്ടാകുക സ്വാഭാവികമാണ്. ഇതില്‍ അധികം ഭ്രമിച്ച് ബാഹ്യമനസ്സിന് മാത്രം സുഖം കിട്ടുന്ന കര്‍മ്മങ്ങളില്‍ മാത്രമായി ഏര്‍പ്പെടാതെ ജീവശക്തിയോട് ചേര്‍ന്നുള്ള ആന്തരിക മനസ്സിലും സുഖം അനുഭവപ്പെടുന്നതിന് ഉതകുംവിധം പ്രപഞ്ചവിഷയങ്ങളെ ക്രമീകരിക്കണം. പ്രായം ചെല്ലുന്തോറും ദേഹശേഷികള്‍ കുറയും. ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. അത് പരിണമിച്ച് വിഷയാസക്തി ആകും. മനസ്സ്, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവകൊണ്ടുള്ള ലൈംഗികതയെ നിയന്ത്രിക്കണം.
ഇന്ദ്രിയങ്ങളെ ഭ്രമിപ്പിക്കുന്ന വിഷയങ്ങളിലും ബാഹ്യമനസ്സില്‍ അല്‍പസുഖം സൃഷ്ടിക്കുന്ന സംഗതികളിലും എല്ലായിപ്പോഴും മുഴുകരുത്. അത്തരം കലാപരിപാടികളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ നാട്യങ്ങളില്‍നിന്നും അവരുടെ പ്രലോഭന തന്ത്രങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. വിലപ്പെട്ട ജീവിതകാലം അത്തരം പാഴ്കലകളില്‍ നഷ്ടപ്പെടുത്താതെ ധര്‍മ്മം, പുണ്യം, രാഷ്ട്രനിര്‍മ്മാണം എന്നിവ ഏതെല്ലാമാണ് എന്ന് അന്വേഷിച്ചറിഞ്ഞ് അത് ലാക്കാക്കിയുള്ള പ്രവൃത്തികളില്‍ സ്വയം മുഴുകണം. അതിനായി മനസ്സിനെ പരുവപ്പെടുത്തണം. സമാധിയുടെ തടസ്സങ്ങളില്‍ ഒന്ന് ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വികലമായ രൂപങ്ങളോ കാഴ്ചപ്പാടുകളോ നിരോധനങ്ങളോ ആണ്. ബ്രഹ്മചര്യം കഠിനമായി ആചരിച്ചാല്‍ മൂത്രാശ്മരി, തലവേദന, പ്രോസ്റ്റേറ്റ്ഗ്രന്ഥിവീക്കം എന്നിവയ്ക്ക് അത് കാരണമാകും.
ആഹാരം ദിവസത്തില്‍ ഒരുനേരം കഴിക്കുക, കര്‍മ്മം കഠിനമായി ചെയ്യുക, ധര്‍മ്മം കഠിനമായി ചെയ്യിപ്പിക്കുക, പഠിക്കുക, പഠിപ്പിക്കുക, ദാനം ചെയ്യുക, ഭിക്ഷ മേടിക്കുക, ഗര്‍ഭം ധരിക്കാന്‍ ഇടവരുന്ന ഋതുകാലത്ത് ഇണചേരുക എന്നിവ ഉള്‍പ്പെട്ടതായിരുന്നു ധര്‍മ്മകാലത്തെ അനുഷ്ഠാനങ്ങള്‍. ഏകപത്നി വ്രതവും, പാതിവ്രത്യവും അടങ്ങിയത് ആയിരുന്നു അക്കാലത്തെ അബ്രഹ്മചര്യം.
അപരിഗ്രഹം
അര്‍ത്ഥങ്ങളോടും ദ്രവ്യങ്ങളോടും മോഹം തോന്നുന്നത് നൈസര്‍ഗ്ഗികമാണ്. മറ്റുള്ളവര്‍ക്ക് ഉള്ളതെല്ലാം എനിക്കും വേണം, അവരേക്കാള്‍ അധികം എനിക്കും വേണം എന്ന അത്യാഗ്രഹത്തെ നിയന്ത്രിക്കണം. ഉള്ളത് എന്താണോ അതുകൊണ്ട് സംതൃപ്തിപ്പെടാന്‍ പഠിക്കണം. അവനവന് വേണ്ടത് എന്താണ് എന്നതറിഞ്ഞ് അതുമാത്രം ആഗ്രഹിക്കണം. മറ്റുള്ളവരിലുള്ള അര്‍ത്ഥത്തെ മോഹിച്ച് നടന്നാല്‍ നിരാശ രൂപപ്പെടും. അര്‍ഹത ഇല്ലാത്തത് ആഗ്രഹിക്കരുത്. അര്‍ഹതയ്ക്ക് ആധാരം കര്‍മ്മങ്ങളാണ്.
ഭിക്ഷ, ബലിദ്രവ്യം എന്നിവ മോഹിക്കുന്നതും ശേഷി ഇല്ലാതെ ബലി നടത്തുന്നതും പാപമാണ്. കോഴ, സമ്മാനം എന്നിവ എപ്പോഴും ലഭിക്കാനായി തന്ത്രങ്ങള്‍ മെനയുന്നതും ഇതില്‍ ഉള്‍പ്പെടും. അന്യരില്‍ നിന്ന് സംഭാവനകള്‍ സംഘടിപ്പിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ ലോകസേവ ചെയ്യുന്നതും അപരിഗ്രഹമാണ്.
വിളവ് എടുക്കുന്ന തവണ വര്‍ദ്ധിപ്പിച്ച് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുക, കുഴല്‍പൈപ്പ് ഉപയോഗിച്ച് ഭൂഗര്‍ഭജലം അധികം ഊറ്റുക, ഭൌമദ്രവ്യങ്ങള്‍ അധികം ഖനനം ചെയ്യുക, വര്‍ഷക്കാലത്ത് അമിത തോതില്‍ മത്സ്യബന്ധനം ചെയ്യുക, ഉപ്പും വിഷപദാര്‍ത്ഥങ്ങളും കാലിതീറ്റയില്‍ ചേര്‍ത്ത് കൂടുതല്‍ പാല്‍ വിസര്‍ജിപ്പിച്ച് ക്ഷീരവ്യവസായം ലാഭകരമാക്കുക, വൈദ്യുതി അനാവശ്യമായി ഉപയോഗിക്കുക, അമിതലാഭം ലാക്കാക്കി ഗുണമേന്മ കുറഞ്ഞ സാമഗ്രികള്‍ കച്ചവടം ചെയ്യുക, ചൂതാട്ടത്തില്‍ ഏര്‍പ്പെടുക, യാത്രകൂലിയും ചരക്ക്ഗതാഗതകൂലിയും സേവനകൂലിയും അന്യായമായി ഈടാക്കുക, നോക്കുകൂലി വാങ്ങുക, പൊതുസ്ഥലങ്ങളും പൊതുവഴികളും പാതവക്കും കയ്യേറി വീടും കച്ചവടസ്ഥാപനങ്ങളും വികസിപ്പിക്കുക, തെറ്റായ വിശ്വാസവും ഭയവും ജനിപ്പിച്ച് അര്‍ത്ഥം സ്വീകരിക്കാനുതകുംവിധം പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സജ്ജമാക്കുക എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടും.
2. നിയമം
ഓരോരുത്തരും വ്യക്തിജീവിതത്തിൽ നിര്‍ബ്ബന്ധമായും പാലിക്കേണ്ട ചിട്ടകളാണ് നിയമങ്ങള്‍.
ശൌചം
മാനസികവും ശാരീരികവുമായ ശുദ്ധിയാണ് ശൌചം. എവിടെ ശുദ്ധിയുണ്ടോ അവിടെ ആരോഗ്യമുണ്ട്. എവിടെ ആരോഗ്യം ഉണ്ടോ അവിടെ സുഖവും ഉണ്ട്. രാവിലെയും ആഹാരശേഷവും രാത്രിയിലും ദന്തശുദ്ധി വരുത്തണം. ദിവസം നാലുതവണയെങ്കിലും മൂത്രവിസര്‍ജനം ചെയ്യണം. ദിനംപ്രതിയോ ഒരു ദിവസം ഇടവിട്ടോ മലശോധന ചെയ്യണം. ദിവസവും കുളിക്കണം. ആന്തരികശുദ്ധി വരുത്തുവാന്‍ നിത്യവും ഒരു ലിറ്റര്‍ ശുദ്ധജലം കുടിക്കണം. ആഹാരവും ശുദ്ധമായിരിക്കണം. സാത്വികമായ ആഹാരം കഴിക്കണം. പ്രാണന്‍, ബോധം എന്നിവ ജലത്തില്‍ നിന്നും, വാക്കുകള്‍ അഗ്നിയില്‍ നിന്നും, മനസ്സ് ആഹാരത്തില്‍ നിന്നും ജനിക്കുന്നു എന്നാണ്
ആപ്തവാക്യം.
വിത്ത്, കൃഷി, ജലസേചനം, സംസ്കരണം, വിതരണം, പാചകം എന്നിവയില്‍ എല്ലാം ശുചിത്വം പാലിക്കണം. വസ്ത്രം, വായു, ജലം, പാര്‍പ്പിടം, പരിസരം എന്നിവ മലിനപ്പെടാതെ ശ്രദ്ധിക്കണം. അന്തരീക്ഷമലിനീകരണം ഒഴിവാക്കിയാല്‍ വായു അവയവങ്ങള്‍ അശുദ്ധിയാകുന്നത് കുറയും. മാനസിക അശുദ്ധിക്ക് കാരണം അഹങ്കാരം, കോപം, വെറുപ്പ്, അസൂയ, അലസത, ഭയം, മോഹം, വൈരം തുടങ്ങിയ മനോമലങ്ങളാണ്. മനോമലങ്ങളെ കളയുന്നതിന് പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം.
സന്തോഷം
ജീവിതം സുഖദുഃഖസമ്മിശ്രമാണ്. ജീവിതത്തില്‍ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത് മനസ്സാണ്. ആനന്ദം എന്നത് സുഖം, സന്തോഷം, സ്വാതന്ത്ര്യം, സംതൃപ്തി, സമാധാനം എന്നിവ യെല്ലാം ഉൾപ്പെട്ടതാണ്. ഓര്‍മ്മ നിലനില്‍ക്കുന്നിടത്തോളം കാലം ധര്‍മ്മം ചെയ്താല്‍ ഓര്‍മ്മ ഉള്ളിടത്തോളം കാലം സന്തോഷം ലഭിക്കും. ധര്‍മ്മാധിഷ്ടിതമായ പരിശ്രമംകൊണ്ട് നേടിയ സമ്പത്ത് പ്രകാരം തൃപ്തിപ്പെട്ട് ജീവിച്ചാല്‍ സന്തോഷം അനുഭവപ്പെടും. പോസിറ്റീവ് ആയി ചിന്തിച്ചാല്‍, നന്മ വിചാരിച്ചാല്‍, മനസ്സില്‍ നിന്ന് കളങ്കം ഒഴിവാക്കിയാല്‍, പുണ്യം ചെയ്‌താല്‍, മറ്റുള്ളവരെ കുറ്റം പറയാതിരുന്നാല്‍, മറ്റുള്ളവരോട് ഹിതകരമായ രീതിയില്‍ പെരുമാറിയാല്‍ സന്തോഷം ലഭിക്കും. അഹിതമായ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍ ആഗ്രഹങ്ങളെ നിയന്ത്രിക്കണം. ജ്ഞാനം, വിജ്ഞാനം, ഓര്‍മ്മ, സഹനം, ഏകാഗ്രത എന്നിവയെ പോഷിപ്പിച്ചാല്‍, അവിദ്യയെ പരിഹരിച്ചാൽ സ്വാതിക ഗുണം കൈവരും. സജ്ജനങ്ങള്‍ ബലിയായി തരുന്ന സാമഗ്രികള്‍ കൈപ്പറ്റിയാലും സന്തോഷം ലഭിക്കും.
സന്തോഷിക്കുമ്പോഴാണ് ഒരാള്‍ മനുഷ്യന്‍ ആകുന്നത്. ലാളിത്യം, സംയമനം, പ്രായശ്ചിത്തം, ത്യാഗം എന്നിവ സന്തോഷത്തെ പ്രദാനം ചെയ്യും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ട് സ്വയം സന്തോഷത്തെ അനുഭവിക്കരുത്. ദയ, സ്നേഹം, സമത്വം, സത്യാന്വേഷണം, മര്യാദ തുടങ്ങിയ മാനവികഗുണങ്ങളാണ് സന്തോഷത്തിന് ആധാരം എന്ന് സങ്കല്‍പ്പിച്ച് മാനവികതയെയും മര്യാദയെയും പോഷിപ്പിക്കണം. അത്തരത്തില്‍, സന്തോഷം ഉണ്ടാകുന്ന സംഗതികളില്‍ ബോധപൂര്‍വ്വം മുഴുകണം. സന്തോഷത്തെ പതിവായി കളങ്കപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ധൈര്യപൂര്‍വ്വം തിരസ്ക്കരിക്കണം. എപ്പോഴും പ്രസന്നവദനന്‍ ആകണം. സന്തോഷം വിതച്ച് സന്തോഷം കൊയ്യണം. സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും, ഒരു നേരത്തെ ആഹാരം മാത്രം കഴിക്കുന്നവനും ആണ്
യോഗി.
മറ്റൊരാള്‍ക്ക് ദുഃഖമുണ്ടാക്കുന്ന പാപകര്‍മ്മങ്ങള്‍ ചെയ്യരുത്. ദുഃഖ വര്‍ത്തമാനങ്ങള്‍ പറയരുത്. കര്‍മ്മം ചെയ്യാന്‍ ശാരീരികമായി നിവൃത്തിയില്ലാത്തവര്‍ ആണെങ്കില്‍ കലാപരിപാടികളില്‍ ഏര്‍പ്പെട്ട് മറ്റുള്ളവരെ സന്തോഷിപ്പിച്ച് ഉപജീവനം തേടണം. അത്തരത്തിലുള്ള പ്രവൃത്തികള്‍ കുറച്ച് പേരെ സന്തോഷിപ്പിച്ച് കുറെ പേരെ മുഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആകരുത്. കര്‍മ്മം ചെയ്യാന്‍ ശേഷി ഉണ്ടായിട്ടും ചെയ്യാതെ യാചിച്ചോ കുതന്ത്രരീതികളിലൂടെയോ ജീവിച്ചാല്‍ തലമുറകള്‍ വരെ മഹാരോഗങ്ങള്‍ പിടിപെടും.
സന്തോഷക്കുറവിന് മനോമലങ്ങള്‍ കൂടാതെ അജ്ഞാനവും കാരണമാണ്. മനോമലങ്ങള്‍ വര്‍ദ്ധിച്ചാല്‍ പാപത്തിന് കാരണമായ അഹന്തയും രോഗങ്ങള്‍ക്ക് കാരണമായ ത്രിദോഷങ്ങളും സജീവമാകും. അഹന്തയെയും ത്രിദോഷങ്ങളേയും നേരിടാന്‍ ഉതകുന്ന സൂക്ഷ്മമരുന്നുകള്‍ വല്ലതും വൈദ്യമേഖലയിൽ നിന്ന് കിട്ടുമോ
എന്ന് അന്വേഷിക്കണം.
ദൈവാനുഗ്രഹങ്ങളെ കുറിച്ച് നന്ദിയോടെ സ്മരിക്കണം. അവനവനും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിക്കും, അത് ചെയ്യാനുള്ള ശേഷി ശരീരത്തിനുണ്ട്, അത് ചെയ്യിപ്പിക്കാനുള്ള ഇച്ഛാശേഷി ആന്തരിക മനസ്സിനുണ്ട്, ജീവശക്തിക്കുണ്ട് എന്നുള്ള വിശ്വാസം വെച്ചുപുലര്‍ത്തണം. വിശ്വാസം എന്നത് ബുദ്ധിയില്‍ അതിഷ്ടിതമായ ഒന്നാകണം. അഹന്തയില്‍ അതിഷ്ടിതമായത് ആകരുത്.
തപസ്സ്
ക്ലേശം സഹിച്ചും യുക്തിപൂര്‍വ്വമായും കര്‍മ്മങ്ങള്‍ ചെയ്യുന്നതാണ് തപസ്സ്. വ്യക്തി ആയാലും സമൂഹം ആയാലും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ആയ ജലം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, തൊഴില്‍, രോഗപരിഹാരം, സ്നേഹം, സമാധാനം എന്നിവയ്ക്ക് വേണ്ടി പ്രയത്നിക്കേണ്ടത്, അവയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അവരുടെ ധര്‍മ്മമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ധര്‍മ്മവും പുണ്യവും പരമാവധി ചെയ്യണം. ചെയ്യുന്ന ഓരോ കര്‍മ്മവും ഹിതകരമായും യുക്തിപൂര്‍വ്വമായും ഒരേ ദിശയിലും ശ്രദ്ധയോടും പൂര്‍ണ്ണതയോടും കൂടി ചെയ്യണം. യുക്തിതകരാറിന് കാരണം മനോമലങ്ങളാണ്. അവയെ നിയന്ത്രിക്കണം. അവയെ കളയാന്‍ പുണ്യകര്‍മ്മങ്ങള്‍ പതിവായി അനുഷ്ഠിക്കണം. ക്ലേശം സഹിച്ച് കര്‍മ്മങ്ങള്‍ ചെയ്താല്‍ ഫലം ഉടന്‍ ലഭിക്കും. ഇരട്ടി ഇരട്ടിയായ് ലഭിക്കും.
ഈശ്വരപ്രണിധാനം
സ്വാര്‍ത്ഥമോഹം ഇല്ലാതെയും തുല്യപ്രതിഫലം മോഹിക്കാതെയും പൂര്‍ണ്ണതയോടെയും സമര്‍പ്പണമായും കര്‍മ്മം ചെയ്യണം. പ്രതിഫലം നല്‍കുന്നത് ഈശ്വരനാണ് എന്ന് കരുതി മറ്റുള്ളവര്‍ക്ക് ഹിതകരമാകുംവിധം മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യണം. പ്രതിഫലം നല്‍കുന്നത് ഈശ്വരന്‍ ആയതിനാല്‍ വിവിധ രീതിയിലും പിശുക്ക് ഇല്ലാതെയും ലഭിക്കുമെന്ന് കരുതണം. ചെയ്യുന്ന കര്‍മ്മങ്ങള്‍ മായ ആയ അപരബ്രഹ്മബോധാംശത്തിന്റെ സാക്ഷി സാന്നിദ്ധ്യത്തിലാണ് എന്ന കാഴ്ചപ്പാടോടെ, കര്‍മ്മാനുഷ്ടാനത്തില്‍ മുടക്കം വരുത്താതെ, സത്യസന്ധമായി ചെയ്യണം. കര്‍മ്മഫലം അനുഭവിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ അത് ഈശ്വരനിശ്ചയം മൂലമാണ് എന്നും അതിന് മതിയായ കാരണമുണ്ട് എന്നും
കരുതണം.
അവനവന് ആവശ്യമില്ലാത്തതിന്‍റെ അവകാശം ത്യജിക്കുന്നതാണ് ദാനം. അവനവനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത സാമഗ്രികള്‍ ഈശ്വരന് സമര്‍പ്പിക്കണം. ആവശ്യം ഇല്ലാത്തതിനെ എറ്റെടുക്കുന്നവനാണ് ഈശ്വരന്‍. ജലലേയമായ സാമഗ്രികള്‍ മഹാസമുദ്രത്തില്‍ ഒഴുക്കണം, അതിന്നായി തീർഥയാത്ര നടത്തണം. അവിടെ നിന്ന് ലഭിക്കുന്ന ഉഷ്ണതീര്‍ത്ഥത്തെ, ഉപ്പുതീര്‍ത്ഥത്തെ രോഗപരിഹാരത്തിന് പ്രയോജനപ്പെടുത്താനാകുമോ എന്ന് തിരക്കണം. ജലലേയമല്ലാത്ത വസ്തുക്കള്‍ ഭൂമിയില്‍ കുഴിച്ചുമൂടണം.
അവനവന് ആവശ്യമുണ്ടായിട്ടും അര്‍ത്ഥത്തിന്‍റെ അവകാശം മറ്റൊരാള്‍ക്ക് നല്‍കുന്നതാണ് ബലി. ബലി നല്‍കേണ്ടത് സമീപത്ത് തന്നെയുള്ള ഇല്ലാത്തവര്‍ക്കാണ്. ഈശ്വരന് ബലിയുടെ ആവശ്യമില്ല. ബലി നടത്താനായി ദൂരയാത്ര ചെയ്യേണ്ട കാര്യമില്ല. അവനവന്‍ അദ്ധ്വാനിച്ച് ശേഖരിച്ച അര്‍ത്ഥത്തില്‍ നിന്നാണ് ബലി നല്‍കേണ്ടത്.
അപര ബ്രഹ്മത്തിൻ്റെ അംശം തന്നെയാണ് അവന്‍റെ ഉത്തമ പടപ്പുകളിലും ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് അവർക്ക് മുന്നില്‍ വിനയം പ്രകടിപ്പിക്കണം. അവരിലെ അഹന്തയെ ശ്രദ്ധിക്കരുത്. തന്നില്‍ തന്നെയുള്ള അപര ബ്രഹ്മബോധാംശത്തിന്‍റെ സമക്ഷവും വിനീതനകാന്‍ ശീലിക്കണം. മറ്റുള്ളവരുടെ താല്‍പര്യങ്ങളെ പരിഗണിക്കുകയും അവയ്ക്ക് മുന്‍ഗണന നല്‍കി കര്‍മ്മങ്ങള്‍ അവര്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് ഈശ്വരപ്രണിധാനം.
സ്വാധ്യായം
സാങ്കേതിക അറിവുസമ്പാദനം, പ്രായശ്ചിത്വം എന്നിവ ഉള്‍പെട്ടതാണ് സ്വാധ്യായം. ഓരോരുത്തരും അവര്‍ വ്യാപൃതമാകുന്ന കര്‍മ്മരംഗങ്ങള്‍ക്ക് ഉതകുംവിധം കാലോചിതമായ അറിവും പരിശീലനവും പരമാവധി നേടണം. പഠിച്ച കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ സൂത്രവാക്യങ്ങള്‍ ഉണ്ടാക്കി ഇടയ്ക്കിടെ ഓര്‍ക്കണം. നേടിയ അറിവുകളിലുള്ള പിഴവുകളെ തിരുത്തണം. പുതിയ ആശയങ്ങള്‍, വിജ്ഞാനങ്ങള്‍ എന്നിവ ശേഖരിക്കണം. ഇന്ദ്രിയങ്ങളുടെ പരിധിക്ക് അതീതമായ കാര്യങ്ങളാണെങ്കില്‍ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കണം. അറിവുകളെ തനിക്കും മറ്റുള്ളവര്‍ക്ക് ഉപകാരമാകുംവിധം പരിഷ്കരിക്കണം. അത് അര്‍ഹരായവരെ പഠിപ്പിക്കണം. രാജ്യനിയമങ്ങളും പൊതുമര്യാദകളും കാലോചിതമായി നിര്‍മ്മിക്കണം. നിയമങ്ങളെ അനുസരിക്കണം.
ആത്മപ്രശംസ ചെയ്യുക, ചുറ്റും ഉള്ളവരെ നിന്ദിക്കുക, അടിസ്ഥാനം ഇല്ലാതെ മറ്റുള്ളവരെ മോശക്കാരായി വിധിക്കുക, സമീപമുള്ളവര്‍ക്ക് പ്രയാസം ഉണ്ടാകുന്ന നിലയില്‍ ഉച്ചത്തില്‍ സംസാരിക്കുക, ചുറ്റുമുള്ളവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും ചെയ്യുക, മറ്റുള്ളവര്‍ക്കുള്ള വായു, ജലം, ആഹാരം എന്നിവയെ തടസ്സപ്പെടുത്തുക, പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുക, റോഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുക, ശബ്ദമലിനീകരണം നടത്തുക, ശൌച്യാലയങ്ങള്‍ വൃത്തിഹീനമാക്കുക, ആഹാരത്തിലും പാനീയങ്ങളിലും മായം കലര്‍ത്തുക, ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിയമങ്ങള്‍ നിര്‍മ്മിച്ച് നടപ്പിലാക്കുക, അമിതകൂലി ഈടാക്കുക എന്നിവയെല്ലാം അപരാധങ്ങളാണ്. അഹങ്കാരം, അബദ്ധം, അജ്ഞത, അവിവേകം, സമ്മര്‍ദ്ദം, സ്വാര്‍ത്ഥത എന്നിവ മൂലം ചെയ്യാന്‍ ഇടയായ എല്ലാ അപരാധങ്ങളുടെയും ഗുരുലഘു ഭേദങ്ങള്‍ അനുസരിച്ച് അതുമായി ബന്ധപ്പെട്ട ഇരകള്‍ക്ക് തൃപ്തി വരുംനിലയില്‍ പ്രായശ്ചിത്വം ചെയ്യണം. അവ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ കൈകൊള്ളണം. വ്യാജമായ അപമാനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാല്‍ അതില്‍ നിന്ന് മോചിതമാകാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. മുന്‍ തലമുറക്കാര്‍ ചെയ്തുപോയ തെറ്റുകള്‍ അന്വേഷിച്ച് അതിനുള്ള പ്രായശ്ചിത്വമെന്നോണവും പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. പ്രായശ്ചിത്തം ഇല്ലെങ്കില്‍ ശാന്തിയും ഇല്ല, സമാധിയും ഇല്ല.
3 ആസനം
ആസനം എന്നാല്‍ നിവര്‍ന്നുള്ള ഇരിപ്പ് എന്നാണര്‍ത്ഥം. ശരീരത്തിനും മനസ്സിനും സുഖം ലഭിക്കുന്ന രീതിയില്‍ ഉറപ്പിച്ചുള്ള ഇരിപ്പാണ് ആസനം. ഓരോരുത്തരും അവരുടെ ദേഹഘടന അനുസരിച്ചും തൊഴില്‍ അനുസരിച്ചും ഹിതമായ രീതിയില്‍ ഇരിക്കണം. പത്മാസനം പോലെ കാല്‍ മടക്കിവെച്ച് നിവര്‍ന്ന് ഇരിക്കുന്ന രീതിയാണ് ഗൌതമബുദ്ധന്‍ (563 -483 ബി സി) സ്വീകരിച്ചിരുന്നത്. കാലിന് നീളം കൂടിയതുമൂലം താഴെ ഇരിക്കാന്‍ പ്രയാസം ഉള്ളവര്‍ സിംഹാസനം പോലുള്ള വലിയ കസേരയില്‍ ഇരിക്കണം. ഉറപ്പ് ഇല്ലാത്ത ഇരിപ്പിടവും സുഖം ലഭിക്കാത്ത ഇരിപ്പും സംഘര്‍ഷത്തെ വര്‍ദ്ധിപ്പിക്കും. മൂന്ന് മണിക്കൂര്‍ സമയത്തില്‍ അധികം ഒരേ നിലയില്‍ ഇരിക്കരുത്.
വായുസഞ്ചാരം ഏറെ ഉള്ളതും സൌകര്യപ്രദവുമായ ഒരു സ്ഥലത്ത് നിവര്‍ന്ന് ഇരുന്നുകൊണ്ടോ, നിന്നുകൊണ്ടോ, ദേഹഭാഗങ്ങളെ ഒറ്റക്കും കൂട്ടമായും ചലിപ്പിച്ച് ചില ലഘുവായ വ്യായാമങ്ങള്‍ ഇത്തരം ഇരുപ്പിന് മുന്നോടിയായി ചെയ്യണം.
വിരലുകള്‍ പരസ്പരം കൂട്ടി ഉരസുക, കാല്‍ പാദത്തിലേയും ഉള്ളം കയ്യിലേയും ഭാഗങ്ങളില്‍ തടവുക, ചര്‍മ്മം മുഴുവന്‍ തടവുക, നാക്ക് കൊണ്ട് അണ്ണാക്കും മോണയും തടവുക, വയര്‍ ഒട്ടിച്ചുപിടിക്കുക, കീഴുദ്വാരങ്ങള്‍ ചുരുക്കിയും, വികസിപ്പിച്ചും ചലിപ്പിക്കുക, കണ്ണുകള്‍ അടച്ചും, തുറന്നും ഉരുട്ടിയും ചലിപ്പിക്കുക, കൈത്തലം ഒരു കവിളില്‍ വെച്ച് മറ്റേ കവിള്‍ഭാഗത്തെ പേശികള്‍ ചലിപ്പിക്കുക, കഴുത്ത് ക്രമത്തില്‍ വിവിധ ദിശയില്‍ തിരിച്ചും കൈ ഉയര്‍ത്തിയും ചലിപ്പിക്കുക, ശ്വാസത്തെ സാവധാനത്തില്‍ പുറത്തോട്ട് വിട്ട് നിശ്വസിക്കുക എന്നിവയെല്ലാം ഇരുന്നുകൊണ്ടും ചെയ്യാവുന്ന വ്യായാമങ്ങള്‍ ആണ്. കാല്‍മുട്ട്, അരകെട്ട്, കൈമുട്ട്, ചുമല്‍സന്ധി എന്നിവ മടക്കിയും നിവര്‍ത്തിയും, കൈകാലുകള്‍ അകത്തിയും അടുപ്പിച്ചും ഉള്ള വ്യായാമമുറകള്‍ ചെയ്യണം. ശാന്തിയും സമചിത്തതയും ലഭിക്കാന്‍ ലഘുവ്യായാമങ്ങള്‍ സഹായിക്കും.
ദേഹത്തിന്‍റെ ശക്തി, ലാഘവത്വം എന്നിവ മെച്ചപ്പെടുത്തുന്നതിന് ചിലര്‍ ഹഠയോഗയിലെ നിരവധി വ്യായാമമുറകള്‍ കൂടി ഇപ്പോള്‍ നിത്യവും അനുഷ്ഠിച്ച് പോരുന്നുണ്ട്. ഹഠ എന്നാല്‍ ശക്തി എന്നാണര്‍ത്ഥം. കായിക അഭ്യാസങ്ങള്‍ കഠിനമായി പരിശീലിച്ചാല്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടാനും യുദ്ധം ചെയ്യാനുമുള്ള കരുത്ത് ലഭിക്കും. സര്‍ക്കസ്, മരംകയറ്റം, കെട്ടിടനിര്‍മ്മാണം, രാജ്യരക്ഷ, ക്രമസമാധാനം തുടങ്ങിയ തൊഴിലിന് ഉതകുംവിധമുള്ള ദേഹലാഘവത്വം രൂപപ്പെട്ടുകിട്ടുകയും ചെയ്യും. ശരീരവഴക്കം കൂടുതലുള്ള സര്‍ക്കസ് അഭ്യാസികള്‍ ഉയര്‍ന്ന മനോനിയന്ത്രണം ഉള്ളവരാണ് എന്ന് കരുതുക പ്രയാസമാണ്.
4 പ്രാണായാമം
ശ്വാസോച്ഛാസഗതികളെ നിയന്ത്രിച്ച് ശ്വസനനിരക്ക് കുറയ്ക്കുന്നതിനുള്ള അഭ്യാസങ്ങളാണ് പ്രാണായാമം. കുറഞ്ഞ നിരക്കില്‍ ശ്വസിക്കുന്ന ആമയ്ക്ക് മറ്റു ജീവികളെക്കാള്‍ കൂടുതല്‍ ആയുസ്സ് അനുഭവിക്കാനാകുന്നുണ്ട്. ആസ്തമ രോഗികള്‍ക്കും ജലം അധികം തോതില്‍ നഷ്ടപ്പെടുന്ന പ്രമേഹബാധിതര്‍ക്കും ആയുസ്സ് കുറവാണ്. മേഹ് എന്നാല്‍ മൂത്രം എന്നാണര്‍ത്ഥം. ജലം കൂടുതല്‍ നഷ്ടപ്പെട്ടാല്‍ ഓജസ് കുറയും. വായുഭൂതം ആകാശത്തിൽ നിന്നും അഗ്നിയില്‍ നിന്നും രൂപംകൊള്ളുന്നു എന്നായിരുന്നു പൂര്‍വ്വികരുടെ വിശ്വാസം. മൂക്കിലൂടെ സഞ്ചരിക്കുന്ന വായുവിനെയാണ് പ്രാണൻ എന്ന് വിളിച്ചുപോന്നത്.
വായുസഞ്ചാരം മെച്ചപ്പെടാന്‍ ഉതകുന്ന ശ്വസന അഭ്യാസങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ പരിശീലിക്കണം. ആദ്യം സാവധാനത്തില്‍ പരമാവധി അളവില്‍ വായുവിനെ ചുണ്ടിലൂടെ പുറത്ത് കളയണം. തുടര്‍ന്ന് പരമാവധി അളവില്‍ വായുവിനെ താരതമ്യേനെ വേഗത്തില്‍ മൂക്കിലൂടെ വലിച്ചെടുക്കണം. വായുവിനെ ഏതാനും നിമിഷനേരം നെഞ്ചില്‍ ഉള്‍കൊണ്ട ശേഷം മൂക്കിലൂടെ പുറത്തുവിടണം. ഇപ്രകാരം നിരവധി തവണ ആവര്‍ത്തിക്കണം. വായുവിനെ വിടുന്നത്, വായുവിനെ വലിക്കുന്നത്, വായുവിനെ നെഞ്ചില്‍ ഉള്‍കൊള്ളുന്നത്, ശ്വാസം വിടുന്നത്, ശ്വസിക്കാതെ ഇരിക്കുന്നത് എന്നതിന്‍റെയെല്ലാം സമയം ഒന്നിനൊന്നു സാവധാനത്തില്‍ ആക്കണം.
വലത് പെരുവിരല്‍ കൊണ്ട് മൂക്കിന്‍റെ വലത് ദ്വാരം മൃദുവായി അമര്‍ത്തിവെച്ച് ഇടത് ദ്വാരത്തിലൂടെ ശ്വാസം ആദ്യം സാവധാനത്തില്‍ ദീര്‍ഘനേരം വിടണം. തുടര്‍ന്ന് ശ്വാസം അകത്തോട്ട് വലിച്ച് ഏതാനും നിമിഷം നെഞ്ചില്‍ ഉള്‍കൊണ്ട ശേഷം ഇടത് ദ്വാരത്തിലൂടെ തന്നെ വിടണം. മോതിരവിരല്‍ കൊണ്ട് മൂക്കിന്‍റെ ഇടത് ദ്വാരം അമര്‍ത്തി അടച്ച് വലത് ദ്വാരത്തിലൂടെ പരമാവധി ശ്വാസം വിടണം. തുടര്‍ന്ന് ശ്വാസം സാവധാനത്തില്‍ വലിച്ച് പരമാവധി ഉള്‍കൊള്ളണം. മുപ്പത് തവണ വീതം ഇത് ആവര്‍ത്തിക്കണം. ഒടുവില്‍ രണ്ട് ദ്വാരങ്ങളിലൂടെയും വായുവിനെ ചലിപ്പിക്കണം.
ചുണ്ട് ചേര്‍ത്ത് വെച്ച് വായിലൂടെ ശ്വാസം സാവധാനം വിടണം. വയര്‍ ഭാഗം പരമാവധി ഒട്ടിയ നിലയില്‍ ആകുംവരെ തുടരണം. തുടര്‍ന്ന് വയര്‍ഭാഗവും നെഞ്ചും എല്ലാ ദിശയിലോട്ടും വീര്‍ക്കുംവിധം മൂക്കിലൂടെ വേഗത്തില്‍ ശ്വാസം വലിക്കണം. വായുവിനെ അധികം നേരം നെഞ്ചില്‍ പിടിച്ചുവെച്ചശേഷം വിടണം. ഇത് പതിനഞ്ച് തവണ വീതം ചെയ്യാം. ശ്വസനത്തിന്‍റെ വേഗതയും ആഴവും ഒന്നിനൊന്നു സാവധാനത്തില്‍ ആക്കണം.
തല, കഴുത്ത്, നെഞ്ച് എന്നീ ഭാഗങ്ങള്‍ നേരെ ആകുംവിധം നിവര്‍ന്നിരുന്നാണ് ഇത് അനുഷ്ഠിക്കേണ്ടത്. മൂക്കിന്‍റെ ഇടത് ഭാഗം തുറന്നാല്‍ ശിരസ്സിനും മനസ്സിനും ലാഘവത്വം കിട്ടും. സംഘര്‍ഷത്തിന് അയവ് കിട്ടും. വലത് ഭാഗം തുറന്നുകിട്ടിയാല്‍ കഴുത്തിന് താഴെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് പ്രാണവായു താരതമ്യേനെ കൂടുതല്‍ ലഭിക്കും. അതുമൂലം കീഴ് അവയവങ്ങളില്‍ സുഖം അനുഭവപ്പെട്ടുകിട്ടും. മൂക്കിന്‍റെ രണ്ടുദ്വാരവും ഒരുപോലെ തുറന്നാല്‍ സ്വരം നന്നാകും.
അവനവന് തോന്നിയ പോലെയോ, അവിടെയും ഇവിടെയും കാണിച്ചുതരുന്ന പോലെയോ ശ്വസനവ്യായാമം / ആയാമം ചെയ്യരുത്. ഓടിയാല്‍ ശ്വസനനിരക്ക് കൂടും. കിതപ്പ് അനുഭവപ്പെടും. വേഗത്തില്‍ ശ്വസിക്കാന്‍ പഠിച്ചാല്‍ ശ്വസനനിരക്ക് കൂടും. കിതക്കും. അകാലത്തില്‍ കിതപ്പ് രോഗം പിടിപെടും. ശ്വാസകോശത്തിന്‍റെ ശേഷി നശിക്കും. ദേഹത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് പരമാവധി കളയാനും പ്രാണവായു പരമാവധി അകത്തോട്ട് കയറാനും ശ്വസനനിരക്ക് കുറയാനുമാണ് പഠിക്കേണ്ടത്.
നെഞ്ചില്‍ രൂപപ്പെടുന്ന ദുഷിച്ച കഫം മാത്രമാണ് രോഗഹേതു എന്നതിനേക്കാള്‍ അന്തരീക്ഷത്തിലെയോ നെഞ്ചിനകത്തെയോ വാതകമാലിന്യങ്ങളാണ് വില്ലന്‍ എന്ന് തിരിച്ചറിഞ്ഞ് വായു മലിനപ്പെടാതെ നോക്കണം. ദുഷിച്ച വായുവിനെ പുറത്ത് കളയണം. ഓരോ ആളുകളിലുമുള്ള ഒരു ജോഡി ശ്വസന അവയവത്തില്‍ ഏകദേശം അമ്പത് കോടിയില്‍ അധികം വായുഅറകള്‍ ഉണ്ട്. നൂറ് വര്‍ഷത്തിലധികം കാലം ആയുസ്സ് അനുഭവിക്കാന്‍ വേണ്ട വായു അറകള്‍ ജന്മനാതന്നെ ഓരോ മനുഷ്യനും ലഭിക്കുന്നുണ്ട്.
ശ്വസനനാളിയും ശ്വസന അവയവവും വിത്യസ്ത ഭാഗങ്ങളാണ്. മദ്ധ്യപ്രായം കഴിഞ്ഞാല്‍ ശ്വസന അവയവത്തിന്‍റെയും ശ്വസനപ്രക്രിയയിലെ മുഖ്യപേശിയായ ഡയഫ്രത്തിന്‍റെയും ആരോഗ്യം കുറയും. ശ്വസനനാളിയേക്കാള്‍ ഉപരിയായി ഈ ഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടാനും ഇവയെ ബാധിച്ച രോഗങ്ങള്‍ പരിഹരിക്കാനും ഉതകുന്ന ഔഷധങ്ങളെ കുറിച്ച് അന്വേഷിച്ച് അറിഞ്ഞുവെക്കണം.
മനുഷ്യന്‍ വായുജീവിയാണ്. മത്സ്യം ജലജീവിയാണ്. മത്സ്യം കുടിക്കാന്‍ പഠിക്കണം. മനുഷ്യന്‍ ശ്വസിക്കാന്‍ പഠിക്കണം. മനുഷ്യന് ചുറ്റുമുള്ള വായു എല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കുന്നുണ്ട്. മനുഷ്യന്‍ പ്രാഥമികമായും അറിയേണ്ടത് ശ്വസനവിദ്യയാണ്. ശ്വസിക്കാന്‍ അറിയാത്തവനും ശ്വസിക്കാന്‍ പ്രയാസപ്പെടുന്നവും നിര്‍ഭാഗ്യവാനാണ്.
സങ്കല്‍പ്പങ്ങളുടേയും സ്വാര്‍ത്ഥ താല്‍പര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ശ്വസനരീതികള്‍ തെറ്റായ നിലയില്‍ പ്രചരിപ്പിക്കുന്നതും വ്യാപകമായ രീതിയില്‍ പരിശീലിപ്പിക്കുന്നതും അതിന് അനുമതി നല്‍കുന്നതും മഹാ അപരാധമാണ്. ഇതിന്‍റെ പാപഫലങ്ങള്‍ തലമുറകളോളം നീണ്ടുനില്‍ക്കും. തലമുറകള്‍ ഇല്ലാതാകും. ശ്വസനവ്യായാമം പോലുള്ള കാര്യങ്ങളെ പഠിപ്പിക്കാന്‍ വൈദ്യരംഗം പ്രാപ്തവുമാണ്.
5 പ്രത്യാഹാരം
ദേഹത്തെ സംബന്ധിച്ചും ദേഹത്തിന് വെളിയിലുള്ള കാര്യങ്ങളെ കുറിച്ചും മനസ്സ് അറിയുന്നത് ഇന്ദ്രിയങ്ങള്‍ വഴിയാണ്. ഇന്ദ്രിയങ്ങള്‍ വഴി നിരവധി വിഷയങ്ങള്‍ ഒരേ സമയം വരുമ്പോള്‍, ഒരേ വിഷയം തന്നെ നിരവധി രീതിയില്‍ രൂപം മാറി വരുമ്പോള്‍ മനസ്സില്‍ സംഘര്‍ഷം രൂപപ്പെടും. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും അനാവശ്യമായ വിഷയങ്ങളില്‍ നിന്നു ഉള്‍വലിഞ്ഞും വ്യക്തിക്ക് ആവശ്യമായ വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതാണ് പ്രത്യാഹാരം.
ആവശ്യമില്ലാത്ത വിഷയങ്ങളില്‍ നിന്നും ദ്രവ്യങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റി അവനവന്‍റെ ശാരീരിക മാനസിക കാര്യങ്ങള്‍ക്ക് അത്യാവശ്യവും അര്‍ഹതപ്പെട്ടതും ഹിതകരവുമായ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് അവയെ പരിശോധിച്ച് സൂക്ഷ്മമായി അറിയുന്ന കര്‍മ്മവും പ്രത്യാഹാരമാണ്. ഇന്ദ്രിയങ്ങളുടേയും ബാഹ്യമനസ്സിന്‍റെയും ആസക്തിയെ നിയന്ത്രിക്കുന്ന അഭ്യാസം കൂടിയാണിത്. അച്ചടക്കത്തോടെയുള്ള ഉന്നത വിദ്യാഭ്യാസവും ഇതില്‍ ഉള്‍പ്പെടും.
6 ധാരണ
ആവശ്യമില്ലാത്ത അനേകം വിഷയങ്ങളെ തഴഞ്ഞ് ഒരു പ്രത്യേക വിഷയത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുന്ന പ്രവൃത്തിയാണ് ധാരണ. വ്യക്തിക്ക് ആവശ്യമായ വിഷയങ്ങള്‍ മാത്രം ചിന്തിക്കുന്നത് മൂലവും അതില്‍ മാത്രം ശ്രദ്ധചെലുത്തുന്നത് മൂലവും കാര്യങ്ങളെ സംബന്ധിച്ച് ആഴത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും. അതുമൂലം മനസ്സിന് അയവ് ലഭിക്കും.
7 ധ്യാനം
ആഴത്തില്‍ മനസ്സിലാക്കിയ നിരവധി വിഷയങ്ങളെ ഒരേസമയം ചിന്തിച്ച് യുക്തിപൂര്‍വ്വം ഏകോപിപ്പിക്കുന്ന കര്‍മ്മമാണ് ധ്യാനം. ഏകോപിച്ച് കഴിയുമ്പോള്‍ വിഷയങ്ങള്‍ സംബന്ധിച്ച കാര്യകാരണബന്ധം, സാമ്യബന്ധം, സമവായബന്ധം, സംയോഗബന്ധം, പ്രയോജനബന്ധം, ആകര്‍ഷണബന്ധം, താളക്രമബന്ധം തുടങ്ങിയവയെല്ലാം വെളിവായി കിട്ടും. വിഷയത്തെ സംബന്ധിച്ച് വ്യക്തത രൂപപ്പെട്ടുകിട്ടും.
ഉറക്കത്തില്‍ സംഘര്‍ഷം ഇല്ല. മദ്യപാനം മൂലം സുബോധം ഇല്ലാതായവനും ഓര്‍മ്മക്ഷയം വന്നവനും ഭിന്നശേഷിക്കാര്‍ക്കും സംഘര്‍ഷം ഇല്ല. അദ്ധ്വാനിക്കാതെ അര്‍ത്ഥം അനുഭവിക്കുന്നവര്‍ക്കും അവന്‍റെ തലമുറയ്ക്കും സംഘര്‍ഷം ഇല്ല.
ദേഹം മുഴുവന്‍ കറുത്ത വസ്ത്രം ധരിച്ച ആളെ ദര്‍ശിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുന്നു. ദേഹം മുഴുവന്‍ വസ്ത്രം ധരിച്ച ആള്‍ വിവസ്ത്രനാകുമ്പോള്‍ ആള്‍ക്ക് സംഘര്‍ഷം കൂടുന്നു. കടല്‍തിരമാലകളെ ദര്‍ശിക്കുമ്പോള്‍, കഥകളിവേഷം കാണുമ്പോള്‍, ബഹളസംഗീതം കേള്‍ക്കുമ്പോള്‍, ഉത്സവപറമ്പില്‍ പടക്കം പൊട്ടുമ്പോള്‍ എല്ലാം ആദ്യം സംഘര്‍ഷം കൂടും. അത് അവസാനിക്കുമ്പോഴാണ് സംഘര്‍ഷം കുറയുന്നത്. കടല്‍ത്തീരത്ത് ചെന്നിരുന്നു കണ്ണും ചെവിയും അടച്ച് വെറുതെ ഇരുന്നാല്‍ സംഘര്‍ഷം കുറയുകയില്ല. കടലിന്‍റെ ഭീകരതയെ നേരില്‍ അഭിമുഖീകരിച്ച് തിരിച്ചുപോരുമ്പോഴാണ് ആന്തരികസംഘര്‍ഷം ഇല്ലാതാകുന്നത്. നാല് ആഴ്ചക്കാലം ആഹാരം കഴിക്കുന്നത് ഒരു നേരം വീതം മാത്രമാക്കിയാല്‍ പല വിഷയങ്ങളും മറന്നുപോകും. നാല് ആഴ്ചക്കാലം ഒരാളെ ശ്രദ്ധിക്കാതെ ഇരുന്നാല്‍ അയാളെ മറന്നുപോകും. കണ്ണടച്ച് ഇരുട്ട് ആക്കുമ്പോഴും സംഘര്‍ഷം ഇല്ല. ഇത്തരം അയവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്.
ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചും ജീവിതപ്രശ്നങ്ങള്‍ക്കുള്ള യാഥാര്‍ത്ഥ്യ പരിഹാരം തേടിയും ജീവിതലക്ഷ്യമായ മോക്ഷം തേടിയും ഉള്ള മാനസികവ്യായാമമാണ് ധ്യാനം. അവനവനെ കുറിച്ചോ ചുറ്റുമുള്ള സാഹചര്യങ്ങളെ കുറിച്ചോ അവലോകനം ചെയ്യുന്നതും കൂടാതെ സഹജീവികള്‍, പ്രപഞ്ചം, മായ, കാലം, അപരബ്രഹ്മം എന്നിവയെല്ലാം സംബന്ധിച്ചുള്ള വിഷയസങ്കല്‍പ്പങ്ങളെ മനസ്സിന്‍റെ ഉള്ളിലോട്ട് കടത്തിവിട്ട് വിഷയത്തെ സൂക്ഷ്മമായി അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതും ധ്യാനമാണ്. നിശബ്ദമായ നീണ്ട പ്രാര്‍ത്ഥനയും പഠിതാവിന്‍റെ വായനയും ധ്യാനമാണ്. ശ്രദ്ധയോടെയുള്ള ഓരോ കര്‍മ്മാനുഷ്ഠാനത്തിലും ധ്യാനമുണ്ട്. ”അമിതമായാല്‍ അമൃതും വിഷം” എന്നത് ഔഷധത്തിനെന്ന പോലെ, അറിവിനെന്ന പോലെ, ജലത്തിനെന്ന പോലെ ധ്യാനത്തിനും ബാധകമാണ്.
8 സമാധി
പ്രാണന്‍ കുറേശ്ശെയായി പുറത്ത് പോകുകയും പ്രാണവായു തിരിച്ച് അകത്തോട്ട് കയറാതെ വരികയും ശരീരം, ജീവശക്തി എന്നിവ തമ്മിലുള്ള ബന്ധം വേർപെട്ട് ശരീരധാതുക്കൾ വിഘടിക്കുകയും, ജീവശക്തി മസ്തിഷ്ക്കത്തെയും ശരീരത്തെയും വിട്ട്, ആത്മാവിനോടൊപ്പം പരലോകത്തോട്ട് കർമ്മഫലം തേടി യാത്ര പോകുന്നതാണ് അല്ലെങ്കിൽ മായ ആയ അപര ബ്രഹ്മബോധത്തിൽ, ജീവാത്മാവിൽ ലയിക്കുന്ന പ്രതിഭാസമായി അല്ലെങ്കിൽ ജീവൻ നശിക്കുന്ന സംഗതിയായി മരണത്തെ കണക്കാക്കാം.മരണ സമാനമായ, ശാന്തി സമാനമായ അവസ്ഥ പ്രാപിക്കലാണ് സമാധി.
വിവിധ വിഷയങ്ങളെ ശ്രദ്ധിച്ച് മനസ്സിലാക്കി, പരസ്പരം കോര്‍ത്തിണക്കി വേണ്ടപോലെയും സൂക്ഷ്മമായും പൂര്‍ണ്ണമായും അറിഞ്ഞുകഴിയുമ്പോള്‍, അറിഞ്ഞ മനസ്സും ജീവശക്തിയും ആത്മബോധവും എല്ലാം ഒരേ ചേര്‍ച്ചയിലാകും. അപ്പോള്‍ ധ്യാനിച്ച വിഷയം ഒഴിച്ച് മറ്റുവിഷയങ്ങളെയും ബാഹ്യസാഹചര്യങ്ങളെയും തിന്മകളെയും മനസ്സ് മറന്നുതുടങ്ങും. ഇന്ദ്രിയങ്ങളുടെയും ബാഹ്യമനസ്സിന്‍റെയും താല്‍ക്കാലികമായ ഉള്‍വലിവ് മൂലം ഒരു ബോധരഹിത സമാനമോ മരണ സമാനമോ ആയ ഒരവസ്ഥ താല്‍ക്കാലികമായി രൂപപ്പെടും. ഈ സന്ദര്‍ഭത്തില്‍ ജീവശക്തി സജീവമായി ഇന്ദ്രിയങ്ങളുടെയും ബാഹ്യമനസ്സിന്‍റെയും ധര്‍മ്മം ഏറ്റെടുക്കുന്നതോടുകൂടി ആദ്യം ഉണ്ടായ ബോധരഹിതാവസ്ഥ ഇല്ലാതാകും. മസ്തിഷ്കത്തില്‍ ഉയരം കുറഞ്ഞതും നിരക്ക് കുറഞ്ഞതുമായ Theta തരംഗങ്ങള്‍ സജീവാകും. കണ്ണിന്‍റെ
ചലനം വേഗത്തില്‍ ആകും.
ധ്യാനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉള്‍വിളി എന്നോണം വിവരങ്ങള്‍ ബ്രഹ്മബോധത്തില്‍ നിന്നും ആത്മബോധത്തില്‍ നിന്നും ആന്തരിക മനസ്സിലോട്ടും തുടര്‍ന്ന് സ്ഥൂലമനസ്സിലോട്ടും ഒഴുകും. ഇതുവരെ അറിയാതിരുന്ന കാര്യങ്ങള്‍ അറിയും. അനുഭവിച്ചിട്ടില്ലാത്ത മനോസുഖം, സമാധാനം എന്നിവ അനുഭവപ്പെടും. പ്രവചനശേഷി, അനുഗ്രഹശക്തി, ശാപശക്തി എന്നിവ കൈവരും. ഇത്തരം ഒരവസ്ഥ രൂപപ്പെടാന്‍ ഉതകുന്ന പരിശീലനത്തിന്‍റെ അവസാനഘട്ടത്തെയാണ് സമാധി എന്നുപറയുന്നത്.
ഇത്തരം സമാധാന അവസ്ഥ ജീവിതത്തിലെ ഭാഗമെന്നോണം ഇടയ്ക്കിടെ നടന്നാല്‍ സുഖദുഃഖങ്ങള്‍ ഒരുപോലെയാകും. ചെയ്യുന്ന കര്‍മ്മങ്ങള്‍ ഗുണപരമാകും. ആഗ്രഹങ്ങള്‍ ലഘൂകരിക്കപ്പെടും. മറ്റുള്ളവര്‍ക്ക് ഉപകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കൂടും. കോപം, ഭയം, വെറുപ്പ്, അലസത എന്നിവ അപ്രത്യക്ഷമാകും. മൃഗതുല്യ രീതിയില്‍ ജീവിക്കാനുള്ള അഭിനിവേശം കുറയും. ‘മൃഗം’ എന്നാല്‍ അവനവന് വേണ്ടുന്ന ആഹാരം അന്വേഷിക്കുന്ന ജീവി എന്നാണര്‍ത്ഥം. മൃഗങ്ങള്‍ അനുഭവിക്കുന്നതിന് ഉപരിയായുള്ള ശാന്തി, സമാധാനം, സംതൃപ്തി, ആനന്ദം എന്നിവ അനുഭവപ്പെട്ട് തുടങ്ങും. രോഗഭയം, അപകീര്‍ത്തിഭയം, വാര്‍ദ്ധക്യഭയം, മരണഭയം എന്നിവ ഇല്ലാതായി കിട്ടും. ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം മോശം ആയാലും ദുഃഖം അനുഭവപ്പെടുകയില്ല. ജീവശക്തി സജീവമായത് മൂലം രോഗപ്രതിരോധശക്തി, ആരോഗ്യം എന്നിവ വര്‍ദ്ധിക്കും. രോഗപ്രയാസങ്ങള്‍ ഇല്ലാതാകും.
ജീവശക്തിയോട് ചേര്‍ന്ന് നിലകൊണ്ടിരുന്ന ആന്തരികമനസ്സ് പരമാത്മബോധാംശവുമായി വീണ്ടും വീണ്ടും അടുക്കും. എന്‍റേത് എന്ന തോന്നല്‍ നഷ്ടപ്പെടും. മനസ്സില്‍ സംതൃപ്തി, വിശ്വപ്രേമം എന്നിവ അനുഭവപ്പെടും. ചുറ്റുമുള്ള പാപവിഷയങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നത് മൂലവും സഹിക്കുന്നത് മൂലവും പുതിയ പ്രയാസങ്ങള്‍ ഇല്ലാതാകും. സല്‍കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതുമൂലം സൂക്ഷ്മ മനസ്സിനോട് ചേര്‍ന്ന് നിലകൊണ്ടിരുന്ന മുജന്മപാപങ്ങള്‍, പാപഫലങ്ങള്‍ എന്നിവ നിര്‍വ്വീര്യമാകും. കാലക്രമത്തില്‍ ദോഷങ്ങളും അഹന്തയും നിഷ്ക്രിയമാകും.
സംയോഗത്തിലൂടെയും സഹകരണത്തിലൂടെയും ആണ് മൃഗങ്ങളും മറ്റുജീവികളും സമാധി അനുഭവിക്കുന്നത്. ചിലരില്‍ മരണത്തോട് അടുക്കുമ്പോള്‍ മാത്രമാണ് സമാധി എന്താണ് എന്ന് അറിയാനുള്ള താല്‍പര്യം ജനിക്കുന്നത്. സമാധിഭാവത്തെ സജീവമാക്കാന്‍ പൂര്‍വ്വികര്‍ ചിലയിനം ഔഷധങ്ങളെ (Philter, Tropane) പരീക്ഷിച്ചുനോക്കിയിരുന്നു.
ശുദ്ധിപുലര്‍ത്തിയാല്‍ പകുതി സമാധി കിട്ടും. Aesculapius എന്നാല്‍ ശുദ്ധിദേവന്‍ എന്നാണര്‍ത്ഥം. Cure എന്നാല്‍ മനസ്സ്, ശരീരം എന്നിവയില്‍ ശുദ്ധിവരുത്തുക എന്നുമാണ്. ശുദ്ധി എന്നത് ധര്‍മ്മവും വൈദ്യത്തിന്‍റെ ഭാഗവും ആരോഗ്യത്തിലോട്ടുള്ള പ്രഥമമാര്‍ഗ്ഗവുമാണ്. പലതവണ കുളിച്ചതുകൊണ്ടോ ശ്വാസം കുറെ വലിച്ചത് കൊണ്ടോ രാസമരുന്നുകള്‍ നിത്യവുമെന്നോണം കഴിച്ചതുകൊണ്ടോ ദേഹഭാഗങ്ങളെ കുറേ ചലിപ്പിച്ചതുകൊണ്ടോ മാത്രം, അല്ലെങ്കില്‍ അങ്ങിനെ എന്തോയൊക്കെ കുറെ കാട്ടികൂട്ടിയത്കൊണ്ടോ മനസ്സ്, ശരീരം എന്നിവ പരിശുദ്ധമാകുകയില്ല. രാസമരുന്നുകള്‍, വിഷമരുന്നുകള്‍ പതിവായി ശരീരത്തില്‍ പ്രവേശിപ്പിച്ചാല്‍ ശരീരം കൂടുതല്‍ മലിനപ്പെട്ട് ദുര്‍ബലമാകുകയാണ് ചെയ്യുന്നത്. ദുര്‍ബലശരീരത്തില്‍ സുഖവും ശാന്തിയും സമാധാനവും രൂപംകൊള്ളുകയില്ല.
ഒരാള്‍ പാപകര്‍മ്മങ്ങള്‍ പതിവായി ചെയ്‌താല്‍ ആയാളുടെ മനസ്സ് ബ്രഹ്മബോധത്തോടും ആത്മബോധത്തോടും ചേരുന്നതിന് പകരം അഹന്തയുമായി കൂടുതല്‍ ഇഴുകിചേരാന്‍ ഇടവരും. അങ്ങിനെ വന്നാല്‍ സമാധിക്ക് പകരം നിത്യസമാധാനക്കേട് അനുഭവിക്കേണ്ടതായിവരും. ഇത്തരക്കാരില്‍ ശുദ്ധ ഔഷധങ്ങള്‍ ഫലിക്കുകയില്ല. വിരുദ്ധമരുന്നുകള്‍ മരണംവരെ കഴിക്കേണ്ടതായി വരും. ആയുസ്സ് കുറയും.
പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ ദേഹത്തില്‍ അണുക്കള്‍ വര്‍ദ്ധിക്കും. ഒരാളില്‍ ആകെയുള്ള കോശങ്ങളുടെ എണ്ണത്തിന്‍റെ 1.1 മടങ്ങ് (ഏകദേശം മുപ്പത്തിയൊന്‍പത് ട്രില്ല്യന്‍) സൂക്ഷ്മാണുക്കള്‍ അയാളില്‍ നിലകൊള്ളുന്നുണ്ട്. ഇവയുടെയും ഇവയുടെ പരമ്പരകളുടെയും എണ്ണം വര്‍ദ്ധിച്ചും കാഷ്ഠം അധികരിച്ചും ശരീരത്തിലെ ദ്രാവകങ്ങള്‍, അവയവങ്ങള്‍, കലകള്‍, കോശങ്ങള്‍, ജീനുകള്‍ എന്നിവയില്‍ നിറഞ്ഞ് മലിനപ്പെട്ടാല്‍ ദോഷങ്ങള്‍ സജീവമായി രോഗങ്ങള്‍ ഉടലെടുക്കും. സൂക്ഷ്മാണുക്കള്‍ക്കെതിരെ ഉള്ള അണുവിരുദ്ധ മരുന്ന് പ്രയോഗിച്ചാല്‍ ആദ്യം അവയുടെ എണ്ണം കുറയും. ചെറിയ ഇടവേളയ്ക്ക് ശേഷം അവ പ്രതിരോധശേഷി കൈവരിച്ചാല്‍ അവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും. രോഗങ്ങള്‍ തീവ്രമാകും.
മനുഷ്യന്‍ ഒഴിച്ചുള്ള ജീവികള്‍ക്ക് ശരീരം, മനസ്സ്, ജീവശക്തി, അപര ബ്രഹ്മബോധം എന്നിവ മാത്രമാണുള്ളത്. ഉയർന്ന ജീവശക്തി, അഹന്ത, ത്രീദോഷങ്ങൾ എന്നിവ മനുഷ്യന് മാത്രം ലഭിച്ച വിശേഷങ്ങള്‍ ആയിട്ടാണ് കണക്കാക്കിപോന്നത്. മൃഗങ്ങളിൽ ജീവശക്തിയുടെ കൂടെ അഹന്ത ഇല്ലാത്തതിനാല്‍ ദോഷങ്ങളുടെ തോതും രോഗങ്ങളുടെ തോതും വളരെ കുറയും. കൂടാതെ രോഗഭയം, മരണഭയം, മരണാനന്തരജീവിതഭയം എന്നിവ പോലുള്ള വിഷയങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ജീവിതകാലം കഴിച്ചുകൂട്ടേണ്ടതായ കാര്യവും വരുന്നില്ല.
ജീവിതശൈലീരോഗങ്ങളുടെ തോത് ഇപ്പോള്‍ വളരെ കൂടിയിട്ടുണ്ട്. ആഹാരനിഹാരങ്ങളിലെ ന്യൂനതയാണ് ഇതിന് ഒരു നിദാനം. ആഹാരങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയും, തെറ്റായ ധാരണകളും വികലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന വികലമായ താല്‍പര്യങ്ങളും മാനസിക സംഘര്‍ഷവുമാണ് മുഖ്യകാരണങ്ങള്‍. ജീവിതയാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞാല്‍, ആവശ്യമില്ലാത്ത വിഷയങ്ങളെ ഒഴിവാക്കിയാല്‍, മോഹങ്ങളെ നിയന്ത്രിച്ചാല്‍, പ്രകൃതിനിയമങ്ങളെ അനുസരിച്ച് ധര്‍മ്മം അനുഷ്ടിച്ചാല്‍, അനുകരണങ്ങളെ ഒഴിവാക്കിയാല്‍ സംഘര്‍ഷം കുറയും.
യോഗ ഇണക്കവും സഹകരണവുമാണ്. അഹന്തയില്‍ നിന്നും ദോഷങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ദുഃഖത്തിൽ നിന്നും വിടുതല്‍ ലഭിക്കാനുള്ള മാര്‍ഗ്ഗമാണ്. സംഘര്‍ഷങ്ങളില്‍ നിന്നുള്ള സാതന്ത്ര്യമാണ്. ആനന്ദാനുഭവം അതിന്‍റെ ഉല്‍പന്നമാണ്.
അഷ്ടാംഗയോഗ മുന്നോട്ടുവെച്ച ആശയങ്ങള്‍ കുറെയൊക്കെ വ്യക്തിപരമാണ്. അതില്‍ പേടിപ്പെടുത്തലുകളോ വേഷംകെട്ടലുകളോ ഒന്നുമില്ല. അത് അറിഞ്ഞ് പ്രാവര്‍ത്തികമാക്കുന്നതിന് അധികവായനയും വഴിപാടും ഒന്നും വേണ്ടതില്ല. പ്രയാസം ഇല്ലാതെ ആര്‍ക്കും ജീവിതത്തില്‍ അവലംബിക്കാവുന്ന രീതിയാണ്.
പരിശുദ്ധമായ ബാഹ്യമനസ്സും പരിശുദ്ധമായ ശരീരവും തമ്മില്‍ സമ്മേളിച്ചാല്‍, അപരബ്രഹ്മബോധത്തിന്‍റെ സാന്നിദ്ധ്യത്തിൽ പരിശുദ്ധമായ ആന്തരികമനസ്സും ശുദ്ധമായ ശരീരവും ജീവശക്തിയും തമ്മില്‍ സംയോജിച്ചാല്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിക്കും. മുജന്മപാപങ്ങള്‍ ഇല്ലാതാകും. ആരോഗ്യം, ആനന്ദം, ശാന്തി, സമാധാനം, സംതൃപ്തി എന്നിവ അനുഭവപ്പെട്ടുകിട്ടും.
അഷ്ടാംഗയോഗ. സവിശേഷതകള്‍
കര്‍മ്മം
ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുകയും വര്‍ത്തമാനകാലത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കുന്നു.
സ്വതന്ത്രബോധം, ഉത്സാഹം, സഹനശേഷി, ശ്രദ്ധ എന്നിവയെ വര്‍ദ്ധിപ്പിക്കുന്നു.
പാപം ചെയ്യുന്നതിനോട് വിമുഖതയും ധര്‍മ്മവും പുണ്യവും ചെയ്യാന്‍ ആവേശവും തരപ്പെടുത്തുന്നു.
ഭിക്ഷ, ബലി, സാര്‍വ്വലൌകിക സ്നേഹം തുടങ്ങിയ ഗുണങ്ങളെ പരിചയപ്പെടുത്തുന്നു.
ദാനം സ്വീകരിക്കുന്നതിനോട് വെറുപ്പ് ജനിപ്പിക്കുന്നു.
സുഖം, ദുഃഖം; ജയം, പരാജയം; കീര്‍ത്തി, അപമാനം എന്നിങ്ങിനെയുള്ള വേര്‍തിരിവുകളുടെ അകലം
ഇല്ലാതാക്കുന്നു.
ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും പരമാത്മാവിന്‍റെ ഭാഗമായി എന്ന തോന്നല്‍ മനസ്സില്‍ ഉളവാക്കുന്നു. അതുമൂലം ആത്മവിശ്വാസം വര്‍ദ്ധിച്ചുകിട്ടുന്നു.
ജീവിതവിജയത്തിന് വെളിപാടും വിവരവും മാത്രം പോരാ, വിവേകവും ഇച്ഛാശക്തിയും കര്‍മ്മവും കൂടി വേണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയെയും പ്രകൃതിയിലെ ജീവജാലങ്ങളെയും നിരവധി രീതിയില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ജീവിതപ്രയാസങ്ങള്‍ക്കുള്ള പരിഹാര ആശയങ്ങള്‍ ഏത് കാലത്തിലുള്ളവ ആയാലും ഏത് രാജ്യത്തുള്ളവ ആയാലും അവ മനുഷ്യനന്മക്ക് ഉതകുന്നവയും ആരോഗ്യാവസ്ഥ അനുഭവിക്കാന്‍ ഉപകരിക്കുന്നവയും ആകണം. ഭൂതകാലത്തിലോട്ടോ, അതിലെ ആചാരങ്ങളിലോട്ടോ അതോടൊപ്പമുള്ള കെട്ടുകഥകളിലോട്ടോ വെറുതെ ക്ഷണിക്കുന്നത് ആകരുത്. ഭൂതകാലത്തില്‍ നിന്നുള്ള പല ആശയങ്ങളും നിര്‍ദ്ദേശങ്ങളും അതിന്‍റെ പ്രയോഗരീതികളും മനുഷ്യന്‍റെ വര്‍ത്തമാനകാല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ല എന്ന രീതിയിലുള്ള തിരിച്ചറിവ് എക്കാലത്തേയും സാധാരണ ആളുകള്‍ മനസ്സിന്‍റെ ഉള്ളില്‍ സൂക്ഷിക്കാന്‍ പഠിച്ചിരുന്നു.
പ്രയോജനമില്ലാത്ത സങ്കല്‍പ്പങ്ങളും ആശയങ്ങളും അതില്‍ അധിഷ്ഠിതമായ കര്‍മ്മങ്ങളും പ്രയോഗങ്ങളും ആചാരങ്ങളും സ്വയം അനുഷ്ഠിക്കുന്നതും, മറ്റൊരാളില്‍, മറ്റൊരു തലമുറയില്‍ പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ, തെറ്റിധരിപ്പിച്ചോ അടിച്ചേല്‍പ്പിക്കുന്നതും അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുന്നതും, തന്ത്രം മെനയുന്നതും, അതിന്‍റെ പേരില്‍ തര്‍ക്കിക്കുന്നതും വിധിക്കുന്നതും മറ്റും മനുഷ്യരിലുള്ള മനോമലത്തിന്‍റെ സൂചനയാണ്.
സ്വാര്‍ത്ഥമോഹത്തോടുകൂടി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവര്‍, നിയന്ത്രിക്കുന്നവര്‍, വിധിക്കുന്നവര്‍ കൂടുതലായി വിധിക്കപ്പെടും. അതിനാല്‍ വ്യക്തിജീവിതത്തിലും അതിനേക്കാള്‍ ഉപരി തൊഴില്‍രംഗത്തും സാമുഹ്യജീവിതത്തിലും കുറച്ചൊക്കെ ജാഗ്രത പുലര്‍ത്തണം. ജാഗ്രത എന്നത് ഒരുതരത്തില്‍ അഭിനയം അല്ലാത്ത, പ്രേരണയില്ലാത്ത അച്ചടക്കത്തോടെയുള്ള ശ്രദ്ധയാണ്. പ്രാണവായു പോലെ ക്രമം, അച്ചടക്കം, ശ്രദ്ധ എന്നിവയും സത്യമാണ്. യോഗ എന്നത് ഇന്ദ്രിയനിയന്ത്രണത്തോടൊപ്പം ശ്രദ്ധയും സത്യാന്വേഷണവുമാണ്.
ഓരോ മനുഷ്യനും ദയ, സ്നേഹം, സാഹോദര്യം എന്നിവയില്‍ ഊന്നിനിന്നുകൊണ്ട് ധര്‍മ്മം ചെയ്യാന്‍ ഭൂതകാല ആചാരങ്ങളുടെ പിന്‍ബലം വേണം എന്ന് വാശിപിടിക്കുന്നത്, അതിന്‍റെ പേരില്‍ അശാന്തി സൃഷ്ടിക്കുന്നത്, അശാന്തി സൃഷ്ടിക്കാനായി സംഘം ചേരുന്നത് ജനിതകപരമായ കാരണങ്ങള്‍ കൊണ്ടാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും തമ്മില്‍ സമങ്ങള്‍ ആകണമെങ്കില്‍ കര്‍മ്മത്തില്‍ യുക്തി വേണം. ഏതുതരം അറിവ് ആയാലും വെളിപാട് ആയാലും വൈദ്യദര്‍ശനം ആയാലും അതില്‍ യുക്തി വേണം. സത്യത്തിന്‍റെയും പ്രയോജനത്തിന്‍റെയും അംശം വേണം.
ജീവന് ഹിതകരമായ സംഗതികളാണ് നന്മ. അതും സത്യമാണ്. നന്മയുടെയും സത്യത്തിന്‍റെയും സാക്ഷ്യം ഇല്ലാതെ ശാഠ്യത്തിന്‍റെയും ഭയപ്പെടുത്തലുകളുടേയും സമാജശക്തിയുടെയും ശബ്ദബഹളത്തിന്‍റെയും അടിസ്ഥാനത്തില്‍ ബോധിപ്പിച്ചും വിശ്വസിപ്പിച്ചും വേലകള്‍ ചെയ്യിപ്പിച്ചും സ്വാര്‍ത്ഥ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അവ നിഷ്ഫലങ്ങളും ബോറടിയും കാലക്രമത്തില്‍ പാപവും ആയി പരിണമിക്കുന്നത്, പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് അഹിതം ആയതുകൊണ്ടും നന്മ അല്ലാത്തതുകൊണ്ടും സത്ത് അല്ലാത്തതുകൊണ്ടും യുക്തിയുടെ പിന്‍ബലം ഇല്ലാതിരുന്നത് കൊണ്ടും ആണ്.
യുക്തിതകരാറിന് കാരണം അഹങ്കാരം, അധികാരഭ്രമം, ലോഭചിന്ത, അതിമോഹം, ഭയം തുടങ്ങിയ മനോമലങ്ങള്‍ തന്നെയാണ്. ഇവ സംസ്ക്കാരിക മുദ്രകളായും ജനിതക കണങ്ങളായും പരിണമിച്ചാൽ ജീവശക്തിക്കും ശരീരത്തിനും മനസ്സിനും പ്രായത്തിനും ദേശത്തിനും അഹിതങ്ങളായ സംഗതികള്‍ ഏതെല്ലാമാണ് എന്ന് സ്വയം തിരിച്ചറിയാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരിഹരിക്കാനും പ്രയാസങ്ങള്‍ ഏറെയാണ്.
വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും അനുഭവിക്കേണ്ടി വരുന്ന മാനസികമായ പ്രശ്നങ്ങള്‍ക്ക് ദേഹഅഭ്യാസങ്ങള്‍ മുഖേനെ പരിഹാരം കാണാന്‍ കഴിയുമെന്ന് ചിലര്‍ വിശ്വസിക്കുകയും അതിന്നായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ദിവസം മുഴുവന്‍ തുള്ളല്‍, നൃത്തം, ആട്ടം എന്നിവ വീക്ഷിച്ചാലും, മൂളല്‍കച്ചേരി ശ്രവിച്ചാലും, ആള്‍ക്കൂട്ട മാമാങ്കത്തില്‍ പങ്കെടുത്താലും കോമാളിക്കളി ദര്‍ശിച്ചാലും രക്തസാക്ഷിത്വം വരിച്ചാലും ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും എന്ന കാഴ്ചപ്പാടിന്‍റെ മറ്റൊരു പതിപ്പായി ചിലര്‍ ഇതിനെ കാണുന്നുമുണ്ട്.
യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കേണ്ടതിന്‍റെ ഭാഗമായാണ് കായികപരിശീലനങ്ങളെ ആസൂത്രണം ചെയ്തുപോന്നിരുന്നത്. ധര്‍മ്മത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേവലം ചില പേശീ അഭ്യാസങ്ങളിലൂടെ പരമമായ സുഖം സംഘടിപ്പിക്കാം എന്ന സന്ദേശം ഒരു തരത്തില്‍ അവിവേകമാണ്. ദേഹത്തിന് ലാഘവത്വം ലഭിക്കാന്‍ ലഘുവായ വ്യായാമ മുറകളാണ് പൊതുവേ നല്ലത്. അത് ആഴ്ചയില്‍ നാലുദിവസം ചെയ്താലും മതിയാകും.
യോഗ എന്നത് മാര്‍ഗ്ഗത്തോടൊപ്പം സഹകരണം കൂടിയാണ്. ദേഹധാതുക്കള്‍, മനസ്സ്, മലങ്ങള്‍, ജീവശക്തി എന്നിവയെല്ലാം ഐക്യത്തോടെ (Homeostasis) നിലകൊണ്ടാല്‍ മാത്രമാണ് ആരോഗ്യാവസ്ഥ കൈവരുന്നത്. ഇവയുടെ അനൈക്യമാണ് രോഗാവസ്ഥയ് കാരണം.
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. ആളുകളുമായും സാഹചര്യവുമായും ഇണങ്ങണം. ബോധപൂര്‍വ്വം ഹിതകരമാകും രീതിയില്‍ പരസ്പരം സഹകരിക്കണം. അത്തരത്തില്‍ സമാജങ്ങളെ രൂപപ്പെടുത്തണം. സമാജങ്ങള്‍ തമ്മില്‍ തമ്മിലും ഇണങ്ങണം. അത് സംഘര്‍ഷത്തെ കുറയ്ക്കും. സംഘര്‍ഷത്തിന്‍റെ പിടിയില്‍ ദീര്‍ഘകാലമായി അകപ്പെട്ടവര്‍ ആണെങ്കില്‍ ദോഷങ്ങളെ നിര്‍വ്വീര്യമാക്കാന്‍ ഉതകുന്ന മരുന്നുകള്‍ വല്ലതും ലഭിക്കുമോ എന്ന് അന്വേഷിക്കണം.
വൈദ്യത്തിന്‍റെ ലക്ഷ്യം ആരോഗ്യവും, ആനന്ദവുമാണ്. ശരീരധാതുക്കളെ പോഷിപ്പിച്ചും ഐക്യപ്പെടുത്തിയും അതിലെ കേടുപാടുകളെ തീര്‍ത്തും, മനുഷ്യനെ പൂര്‍ണ്ണനാക്കുക എന്നതാണ് വൈദ്യത്തിന്‍റെ ധര്‍മ്മം. പൂര്‍ണ്ണതയുടെ ലക്ഷണമാണ് ആരോഗ്യം.അതിന്‍റെ ഉല്‍പന്നമാണ് ആനന്ദം.
No comments:
Post a Comment