Tuesday 31 March 2020

അന്ത്യശുശ്രൂഷദര്‍ശനം. 21. കാദര്‍ കൊച്ചി.

ആത്മാവ്, അഹന്ത, ജീവശക്തി, ദോഷങ്ങള്‍, മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹധാതുക്കള്‍, മലങ്ങള്‍, സാഹചര്യങ്ങള്‍‍, കാലം എന്നിവയുടെ എല്ലാം ബന്ധനമാണ് ജീവിതം. ഇവയെല്ലാം കൂടിച്ചേര്‍ന്ന് നില്‍ക്കുന്ന കാലദൈര്‍ഘ്യത്തെയാണ് ആയുസ്സ് എന്ന് പറയുന്നത്. ജീവശക്തി, ശരീരം എന്നിവയുടെ നാശം മൂലം ജീവിതം അവസാനിക്കുന്നതാണ് അന്ത്യം.

സൃഷ്ടി, സ്ഥിതി, നാശം എന്നീ സംഗതികള്‍ ഉള്‍പ്പെട്ട പരിണാമശ്രേണിയിലെ അവസാനത്തെ കണ്ണിയുടെ അന്ത്യത്തെയാണ് മരണമെന്ന് വിളിച്ചുപോരുന്നത്. പ്രപഞ്ചവും ദ്രവ്യങ്ങളും മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളും എല്ലാം ഇത്തരത്തിലുള്ള പരിണാമത്തിന് വിധേയമാണ്. ഭൂതതലത്തില്‍ ആണെങ്കില്‍ സൃഷ്ടി നടക്കുന്നത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ക്രമത്തിലാണ്. ഭൂമി ഭൂതം ക്ഷയിച്ചാല്‍ ജലം, അഗ്നി, വായു, ക്രമത്തില്‍ ആകാശഭൂതമായി പരിണമിക്കും. സ്ഥൂലതലത്തില്‍ ആയാലും ഭൂതതലത്തില്‍ ആയാലും ഈ ക്രമം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാണ് സങ്കല്‍പ്പം.

ജീവിതത്തിന് ശോഭയും അര്‍ത്ഥവും നല്‍കുന്നത് ആഗ്രഹങ്ങളാണ്. നൈസര്‍ഗ്ഗികമായ ആഗ്രഹങ്ങളുടെ സങ്കേതവും മനോമലങ്ങളില്‍ ഒന്നായ അതിമോഹങ്ങളുടെ സങ്കേതവും മനസ്സാണ്. മനസ്സില്‍ അനുഭവപ്പെടുന്ന സന്തോഷത്തിന് ആധാരം ബ്രഹ്മത്തെ കുറിച്ചുള്ള ചിലയിനം അറിവുകളുടെ സഫലീകരണം ആണ്. ഇന്ദ്രിയങ്ങള്‍ മുഖേനെയാണ് വിഷയങ്ങള്‍ മനസ്സില്‍ എത്തുന്നത്. ഇന്ദ്രിയങ്ങള്‍ നശിച്ചാല്‍ മനസ്സില്‍ ഇന്ദ്രിയവിഷയങ്ങള്‍ എത്തുന്നതും അതുമൂലമുള്ള ധാരണ രൂപപ്പെടുന്നതും ഇല്ലാതാകും. ധാരണ, അറിവ് എന്നിവ ഇല്ലാതായാല്‍ മനസ്സ് ക്ഷയിക്കും. മനസ്സ് നശിച്ചാല്‍ മോഹങ്ങളും ആഗ്രഹങ്ങളും; സ്ഥലം, കാലം, ദിക്ക് എന്നിവ സംബന്ധിച്ച ഓര്‍മ്മകളും ഇല്ലാതാകും. സന്തോഷം ഇല്ലാതാകും, കാലക്രമേണെ ജീവശക്തിയും ശരീരവും ക്ഷയിക്കും.

ശരീരധാതുക്കള്‍ ശിഥിലമായാലും ജീവശക്തി ക്ഷയിക്കും. ജീവശക്തി ക്ഷയിച്ചാല്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും നാശത്തിന്‍റെ വേഗത തുടര്‍ന്ന് കൂടും. ദീര്‍ഘായുസ്സ് കാംക്ഷിക്കുന്നവര്‍, സന്തോഷം കാംക്ഷിക്കുന്നവര്‍ ജീവശക്തിയെ പോഷിപ്പിക്കണം. അതിനുവേണ്ടി ശരീരത്തോടൊപ്പം ഇന്ദ്രിയങ്ങളേയും മനസ്സിനെയും സംരക്ഷിക്കണം.

70% ആളുകളും മരിക്കുന്നത് വാര്‍ദ്ധക്യസംബന്ധമായ കാരണങ്ങള്‍ കൊണ്ടാണ്. ശ്വാസകോശാര്‍ബ്ബുദം, ശ്വാസകോശരോഗങ്ങള്‍; ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാക്കുന്ന ധമനീരോഗങ്ങള്‍; പകര്‍ച്ചവ്യാധിരോഗങ്ങള്‍, വൃക്കസ്തംഭനം, രക്തനഷ്ടം, അപകടം, ആത്മഹത്യ, നരഹത്യ, ശിക്ഷ പ്രകാരമുള്ള നിയമവിധികള്‍, പട്ടിണി, പ്രകൃതിദുരന്തങ്ങള്‍, ഇരപിടുത്തം, യുദ്ധം എന്നിവയാണ് ആയുസ്സ് നഷ്ടപ്പെടാന്‍ ഇടയാക്കുന്ന മറ്റ് കാരണങ്ങള്‍‍.

ഭൂമുഖത്ത് ഓരോ ദിവസവും ഒന്നര ലക്ഷം പേര്‍ വീതം മരിക്കുന്നുണ്ട്. വലതുകയ്യന്മാരെ അപേക്ഷിച്ച് ഇടതുകയ്യന്മാര്‍ക്ക് ആയുസ്സ് കുറവാണ്.


ജീവിതാന്ത്യലക്ഷണങ്ങള്‍

ആയുസ്സ് പൂര്‍ത്തിയായി അന്ത്യം അടുക്കാറായാല്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളുടെ ക്രമം എല്ലാവരിലും ഒരുപോലെയല്ല. ഭൂരിപക്ഷം ആളുകളിലും അനുഭവപ്പെട്ടുപോന്നിരുന്ന ക്ഷീണത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും. വിശപ്പ്, ദാഹം എന്നിവ കുറഞ്ഞുവരും. ഭക്ഷണം ഇറക്കാന്‍‍ പ്രയാസം അനുഭവപ്പെടും. പേശികളുടെ ക്ഷീണം മൂലം എപ്പോഴും കിടക്കാനുള്ള താല്‍പര്യം കൂടും. ചുറ്റുമുള്ള ആളുകളുമായുള്ള ഇടപെടലുകള്‍ കുറയും. ഉറക്കസമയം വര്‍ദ്ധിക്കും. ചിലരില്‍ പേശികള്‍ ഞെട്ടി തെറിക്കും. വിഭ്രാന്തി അനുഭവപ്പെടും. ചിലര്‍ പലതരം കാഴ്ചകള്‍ കാണുന്നതായി പ്രകടിപ്പിക്കും. കാലക്രമത്തില്‍ സ്ഥലകാലബോധം കുറയും.

ചിലരില്‍ മലമൂത്രാദികളുടെ അളവ് കുറയും. ചിലരില്‍ മുഖം തുടിക്കും. ചുണ്ട്, ഗുഹ്യഭാഗത്തെ ചര്‍മ്മം എന്നിവ കറുക്കും. ചര്‍മ്മത്തില്‍ നീലപ്പ് പ്രത്യക്ഷപ്പെടും. കാലില്‍ നീര്‍കെട്ട് കാണപ്പെടും. കൈകാലുകള്‍ തണുക്കും. രക്തസമ്മര്‍ദ്ദം കുറയും. കൈനാഡിയില്‍ തുടിപ്പ് കുറയും.
 
മരണഘട്ടം ആസന്നമായാല്‍ ചിലര്‍ ദീര്‍ഘമായ ഉറക്കത്തിലോട്ട് വീഴും. മറ്റു ചിലരില്‍ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടും. ശ്വാസം ക്രമരഹിതമോ വേഗത്തിലോ ആകും. നിശ്വാസസമയം ദീര്‍ഘിക്കും. ചിലര്‍ വായിലൂടെ മിനുട്ടില്‍ മുപ്പത് തവണ എന്നതോതില്‍ നിശ്വാസം വിടും. തുടര്‍ന്ന് പതിനഞ്ച് സെക്കന്‍ഡ് നേരം വരെ ശ്വസിക്കാതെ നിലകൊണ്ട്, വീണ്ടും ദീര്‍ഘമായി നിശ്വസിക്കും. കഫം കെട്ടികിടക്കുന്ന ഘട്ടത്തില്‍ ആണെങ്കില്‍ ശ്വസനം ഉച്ചത്തിലാകും.

നിലവിലുള്ള രോഗം തീവ്രമായതിന്‍റെ ലക്ഷണങ്ങളോ അന്ത്യലക്ഷണങ്ങളോ ഒരാളില്‍ പ്രകടമായാല്‍ തീവ്രപരിചരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ സഹായം തേടണം. അത്യാസന്നഘട്ട ഇതരമേഖലകളില്‍ മാത്രം പ്രവര്‍ത്തിച്ചുപോരുന്ന മറ്റു ചികിത്സകരെ വെപ്രാളത്തോടെയും അസമയത്തും സമീപിച്ച് അടിയന്തിരമായ ശുശ്രൂഷ ആവശ്യപ്പെട്ട് വിഷമിപ്പിക്കരുത്.

പരിചരണകേന്ദ്രത്തില്‍ ആയാലും വീട്ടില്‍ ആയാലും മരണാസന്നനായി കിടക്കുന്ന ആള്‍ ഭക്ഷണം ഇറക്കാന്‍ പ്രയാസം പ്രകടിപ്പിച്ചാല്‍ അത് കഴിപ്പിക്കാനായി ബലം പ്രയോഗിക്കരുത്. ജലം കുറേശ്ശെ കുടിക്കാന്‍ പ്രേരിപ്പിക്കണം. തണുപ്പിച്ച ഫ്രൂട്ട്ജ്യൂസ്‌ കുടിക്കാനായി നല്‍കാം.

ക്ഷീണിതനായി കിടക്കുന്ന ഇത്തരം ആളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ശബ്ദം താഴ്ത്തിയും ശാന്തമായും ഇഷ്ടത്തോടും കൂടി പെരുമാറണം. അടുത്ത ബന്ധുക്കളോ പരിചയക്കാരോ സന്ദര്‍ശിക്കുകയാണെങ്കില്‍ പോലും ആളെ തിരിച്ചറിയാന്‍ ഉതകുംവിധം ഓരോ തവണയും അഭിസംബോധന ചെയ്യണം. കൈ മൃദുവായി പിടിച്ച് നല്ലവാക്ക് പറയണം. അവര്‍ ചെയ്ത ഉപകാരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നന്ദി പറയണം.

ആള്‍ ഉറക്കത്തിലാണ് എങ്കില്‍ ബന്ധുക്കള്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞ് ശല്യം ചെയ്യരുത്. ആളെ കുലുക്കി വിളിക്കരുത്. ചില വ്യക്തികള്‍ക്ക് ഉറക്കത്തില്‍ ആയാലും ബോധക്ഷയത്തില്‍ ആയാലും ചെവി കേള്‍ക്കാന്‍ കഴിയും. ആള്‍ക്ക് വിഷമം തോന്നുന്ന വിഷയങ്ങള്‍ ഒന്നും കൂടെയുള്ളവര്‍ പറയരുത്. മുറിയില്‍ കൂട്ടംകൂടി നില്‍ക്കരുത്. ചിലര്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കാണുന്നതായോ കേള്‍ക്കുന്നതായോ ഭാവിച്ച് കൈകള്‍ പ്രവര്‍ത്തിപ്പിക്കും. സംസാരിക്കും. ആളെ അതില്‍ നിന്ന് തടസ്സപ്പെടുത്തരുത്. തിരുത്തരുത്. കളിയാക്കരുത്. അതിനെക്കുറിച്ച് വിശദമായ അഭിപ്രായപ്രകടനം നടത്തുകയും അരുത്. ആള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഘട്ടത്തില്‍ ചെറിയ ഇനം വ്വല്‍ നനച്ച് നെറ്റിയില്‍ വെച്ചുകൊടുക്കാം. നെറ്റിഭാഗമോ കൈഭാഗമോ മൃദുവായി തടവാം. കയ്യില്‍‍ സ്നേഹപൂര്‍വ്വം പിടിക്കാം. കൈകാലുകള്‍ തണുത്ത് കണ്ടാല്‍ പുതപ്പിക്കണം. കുറഞ്ഞ ശബ്ദത്തിലുള്ളതും ആനന്ദം ഉളവാക്കുന്നതും ആയ ഗാനം കേള്‍പ്പിക്കാം. ഇമ്പമുള്ള രീതിയില്‍ ഇഷ്ടപ്പെട്ട ഗദ്യഭാഗം വായിച്ചുകേള്‍പ്പിക്കാം. ഇഷ്ടം അറിഞ്ഞ് പെരുമാറണം. കുട്ടികളെ കൊണ്ട് ഉറക്കെ വായിപ്പിച്ചോ പാട്ട് പാടിപ്പിച്ചോ ശല്യം ചെയ്യരുത്.

ശ്വസിക്കാന്‍ പ്രയാസമുള്ള ഘട്ടത്തില്‍ ഇരിക്കാന്‍ അനുവദിക്കുകയോ ഉയരമുള്ള തലയിണ വെച്ചുകൊടുക്കുകയോ ചെയ്യണം. വായിലൂടെ ശ്വസിക്കുന്ന ഘട്ടത്തില്‍ മൃദുവായ തുണി ജലത്തില്‍ മുക്കി അതുകൊണ്ട് ചുണ്ട് നനച്ചുകൊടുക്കാം. വായയില്‍ ഉമിനീര്‍, കഫം എന്നിവ നിറഞ്ഞ് തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ ആളെ കുറച്ചുനേരം ചെരിച്ചുകിടത്താം. വിരലില്‍ തുണി കഷണം ചുറ്റി നനച്ച് അതുകൊണ്ട് വായയിലെ കഫം ഒപ്പി മാറ്റണം. ദീര്‍ഘനേരമായി ബോധക്ഷയമുള്ള ആള്‍ ആണെങ്കില്‍ മലര്‍ത്തി കിടത്തുകയോ വലതുവശം ചരിച്ചുകിടത്തുകയോ ചെയ്യുന്നതാണ് ഉചിതം. കിടക്കവിരി നനഞ്ഞിട്ടുണ്ടെങ്കില്‍ അവയെ മാറ്റണം.

ആള്‍ക്ക് ബോധം ഉണ്ടെങ്കില്‍ പ്രയാസങ്ങള്‍ കുറക്കുന്നതിന് വിപരീതരീതിയില്‍ ചികിത്സ ചെയ്യണം. ദേഹവേദന, ശ്വാസവിമ്മിഷ്ടം, ചുമ എന്നിവ പോലുള്ള പ്രയാസങ്ങള്‍ അധികമാണെങ്കില്‍ ശമനശുശ്രൂഷ എന്ന നിലയില്‍ കഴിച്ചുപോരുന്ന മരുന്നുകളോ, അല്ലെങ്കില്‍ Aconitum 3xഅല്ലെങ്കില്‍ ജീരകം പൊടിച്ചത് ചൂട് ജലത്തിലോ, ആല്‍ക്കഹോളിലോ കലര്‍ത്തി കുറേശ്ശെയായി നല്‍കണം.

നെഞ്ചുവേദന പ്രകടിപ്പിച്ചാല്‍ ഏതെങ്കിലും ബാമുകളോ അല്ലെങ്കില്‍ വിനാഗിരിയില്‍ ഇഞ്ചി അരച്ചതോ നെഞ്ചില്‍ പുരട്ടി കൊടുക്കാം. കടുക് അരച്ചത് കാലിനടിയില്‍ പുരട്ടാം. കുറഞ്ഞ ചൂടിലുള്ള ജലമോ ഉറവജലമോ കുടിക്കാനായി നല്‍കണം. മിടിപ്പ് കുറഞ്ഞുള്ള ഘട്ടത്തില്‍ എരിവ് ദ്രവ്യങ്ങള്‍, ചൂടുള്ള പാനീയങ്ങള്‍‍‍ എന്നിവ പ്രയോജനപ്പെടുത്താം. മിടിപ്പ് കൂടിയ തോതില്‍ ആണെങ്കില്‍ കിണര്‍ ജലമോ, ശീതജലമോ നല്‍കണം. പ്രയാസം പ്രകടിപ്പിക്കുമ്പോള്‍ ആശ്വാസവാക്കുകള്‍ പറയണം.

മരണഘട്ടം പൊതുവെ ശീതമാണ്. വെള്ളത്തില്‍ മുങ്ങിതാഴ്ന്നോ ഐസില്‍ പെട്ടോ ബോധം നഷ്ടപ്പെട്ട സന്ദര്‍ഭമാണെങ്കില്‍ ആളെ പുതപ്പിക്കണം. ഇത്തരം ഘട്ടത്തില്‍ അധികതോതില്‍ ഉഷ്ണം നേരിട്ട് പ്രയോഗിക്കരുത്. വൈദ്യുതാഘാതം, വെള്ളത്തില്‍ മുങ്ങിയുള്ള ബോധക്ഷയം എന്നീ സന്ദര്‍ഭങ്ങളില്‍ ഒരു മണിക്കൂര്‍ നേരം വരെ ഹൃദയപുനരുജ്ജീവന ശുശ്രൂഷകള്‍ ചെയ്തുനോക്കണം. ബോധം നഷ്ടപ്പെട്ട മറ്റുഘട്ടങ്ങളില്‍ ശുശ്രൂഷകന്‍‍ ഏതാനും കുരുമുളക് വായിലിട്ട് ചവച്ച് നൂറ്റന്‍പത് തവണ വരെ ആളുടെ ചെവിയില്‍ ഊതി നോക്കണം. ബോധക്ഷയം ദീര്‍ഘിക്കുകയും മറ്റ് പ്രതികരണം ഒന്നും പ്രകടമാകുന്നില്ല എങ്കില്‍ വിനാഗിരിയില്‍ കുരുമുളക് ചാലിച്ച് ആളുടെ വായില്‍ പുരട്ടി അന്ത്യം എത്തിയോ എന്ന് പരീക്ഷിക്കാവുന്നതുമാണ്. മറ്റൊന്നും ചെയ്യാനില്ലായെങ്കില്‍, ആളുടെ ചര്‍മ്മം വെളുപ്പ് നിറവും കൈനാഡിയിലെ ചലനം ചാടി ചാടിയും ആണെങ്കില്‍ കര്‍പ്പൂരം കത്തിച്ചുകിട്ടുന്ന പുക ലഘുവായി മുറിയില്‍ വ്യാപിപ്പിക്കണം. പിത്തപ്രകൃതിക്കാരായ ആളുകള്‍ക്ക് ഇതുമൂലം ഒരുതരം സംതൃപ്തി അനുഭവപ്പെട്ട് കിട്ടിയേക്കും. പൂരം എന്നാല്‍ സംതൃപ്തി എന്നാണര്‍ത്ഥം. അത്തര്‍, ചന്ദനം പോലുള്ള സുഗന്ധതൈലങ്ങള്‍ എന്നിവയില്‍ ഒന്ന് വെളിച്ചെണ്ണയില്‍ കലര്‍ത്തി പഞ്ഞി ഉപയോഗിച്ച് കൈയ്യിലും കവിളിലും പൂശി കൊടുക്കുകയും ആകാം. 

മരണഘട്ടത്തില്‍ നെഞ്ചുചലനം, പള്‍സ് എന്നിവ നിലയ്ക്കും. ഹൃദയമിടിപ്പ് സാവധാനത്തില്‍ ആകും. ഹൃദയപ്രവര്‍ത്തനം നിലച്ചാല്‍ ആറ് മിനുട്ടിനുള്ളില്‍ മസ്തിഷ്കപ്രവര്‍ത്തനവും നിലച്ചുതുടങ്ങും. അന്തരീക്ഷം തണുത്തതാണെങ്കില്‍ മസ്തിഷ്കത്തിന്‍റെ നാശം നടക്കുന്നത് സാവധാനത്തില്‍ ആകും. ചിലര്‍ക്ക് കണ്ണില്‍ ചില പ്രകാശം പരക്കുന്നതായി അനുഭവപ്പെടും. ചിലരില്‍ ചുണ്ട് നീലനിറം ആകും. അറിയാതെയുള്ള മലമൂത്രവിസര്‍ജനം നടക്കാം. കണ്‍പോള പകുതി തുറന്ന രീതിയില്‍ ആകും. കൃഷ്ണമണി വികസിച്ച് നിശ്ചലമാകും. വായ പകുതി തുറന്നനിലയില്‍ ആകും.  

മരിച്ചുകഴിഞ്ഞാല്‍ നിവര്‍ത്തി കിടത്തണം. കൈകാലുകള്‍ ശരീരത്തോട് ചേര്‍ത്തുവെക്കണം. വൃത്തിയുള്ള വസ്ത്രം കൊണ്ട് ദേഹത്തെ പുതപ്പിക്കണം. മരിച്ചുകഴിഞ്ഞശേഷവും ആളെ ചലനം കൊണ്ടോ ശബ്ദം കൊണ്ടോ ഒട്ടുംതന്നെ ശല്യം ചെയ്യരുത്. ശരീരത്തിന്‍റെ ചൂട് കുറയുന്നത് വരെ ആരും തന്നെ ആളെ സ്പര്‍ശിക്കരുത്. ചില സമൂഹങ്ങളില്‍ മരണം നടന്നു മൂന്നുമണിക്കൂര്‍ കഴിഞ്ഞാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം മരിച്ച ആളുടെ തലയുടെ ഉച്ചിയില്‍ കൈത്തലം കൊണ്ട് മൃദുവായി സ്പര്‍ശിച്ച് ചൂട് നോക്കും. അതിനുശേഷം മാത്രമാണ് മറ്റുള്ളവര്‍ ദേഹത്തെ സ്പര്‍ശിക്കുന്നതും തുടക്കുകയോ കുളിപ്പിക്കുകയോ മറ്റും ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മറവ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ‍തുടങ്ങണം.

നാട്ടില്‍ നടന്ന മറ്റ് മരണവര്‍ത്തമാനം പറഞ്ഞാല്‍ അടുത്ത ബന്ധുക്കളുടെ സങ്കടം കുറയും. അസ്വാഭാവികമായ മരണം നടന്ന വീട്ടില്‍ ചികിത്സകന്‍ അധികനേരം തങ്ങരുത്. ബന്ധുക്കളെ ആകസ്മികമായി ശുശ്രൂഷിക്കേണ്ട അനിവാര്യത ണ്ടായാല്‍ അത് നിര്‍വ്വഹിക്കണം. നാട്ടുകാരില്‍ നിന്നുള്ള അപരിചിതമായ ചോദ്യങ്ങള്‍ക്ക് കാര്യപ്രസക്തമായ വാക്കുകളില്‍ ഒതുക്കി മറുപടി പറയണം.

മരിച്ചുകഴിഞ്ഞാല്‍ ഭൂരിപക്ഷം സമൂഹങ്ങളിലും മൃതദേഹത്തെ മണ്ണില്‍ കുഴിച്ച് മൂടുകയാണ് ചെയ്തുപോരുന്നത്. ചില വിഭാഗം അഗ്നിയില്‍ ദഹിപ്പിക്കും. ചിലയിടങ്ങളില്‍ മലമുകളിലോ നദിയിലോ ഉപേക്ഷിക്കും.

എല്ലാ നദികളും സമുദ്രത്തില്‍ അവസാനിക്കും. അതുപോലെ കരയിലെ എല്ലാ ഭൌതികദ്രവ്യങ്ങളും പരിണമിച്ച് ഒടുവില്‍ സമുദ്രത്തില്‍ എത്തും. ആ വിശ്വാസം പരിഗണിച്ച് ഭൌതികശരീരം നേരിട്ട് നദിയില്‍ അലിഞ്ഞുചേരേണ്ട നിലയില്‍ ചിലര്‍ സംസ്കരിക്കും. ചിലര്‍ ഉപ്പും കര്‍പ്പൂരവും സുഗന്ധദ്രവ്യങ്ങളും കൊണ്ട് ദേഹത്തെ പ്രത്യേകം പൊതിയുംവിധം മണ്ണില്‍ അടക്കം ചെയ്യും. ചിലര്‍ മെഡിക്കല്‍ കോളേജില്‍ വില്‍ക്കും.


മരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍

ആത്മബോധത്തിന് ഭൂമിയില്‍ നിലകൊള്ളാനുള്ള സംവിധാനമാണ് ദേഹം. ഭൂമിയില്‍ നിശ്ചിതകാലം നിലകൊണ്ട ശേഷം, ആത്മബോധത്തിന് ആകാശാലയത്തില്‍ ലയിക്കുന്നതിന് വേണ്ടിയോ പുനര്‍ജന്മത്തിന് വേണ്ടിയോ ജീവശക്തിയെ ശിഥിലമാക്കി ദേഹവുമായുള്ള ബന്ധം വേര്‍പെടുത്തുന്ന പ്രതിഭാസമാണ് മരണം.

ജീവശക്തിയെ ക്രമത്തില്‍ ക്ഷീണിപ്പിക്കുന്നതും ശിഥിലമാക്കുന്നതും ദേഹത്തില്‍ നിന്ന് ആത്മാവിനെ വേഗത്തില്‍ വേര്‍പെടാന്‍ ഇടവരുത്തുന്നതും ശരീരത്തില്‍ സജീവമായ ദോഷങ്ങളാണ്.

മരണഘട്ടനിമിഷങ്ങള്‍ ദുരിതം നിറഞ്ഞതാണ്‌.

മരണം കൂടുതലും നടക്കുന്നത് തണുപ്പുമാസങ്ങളിലും വെളുപ്പാന്‍ കാലത്തും ആണ്.

ഉത്തരായനകാലത്ത് വെളുത്തപക്ഷത്ത് പകല്‍ മണിക്ക് ശേഷമുള്ള സമയങ്ങളില്‍ മരണപ്രയാസങ്ങള്‍ പൊതുവേ ലഘുവാണ്.

ഭൂമിയില്‍ മിക്കതും ഇരട്ടകളായാണ് കാണപ്പെടുന്നത്. അതുപോലെ പ്രപഞ്ചത്തിനും ഒരു ഇരട്ടയുണ്ട്. മരണശേഷം ആത്മബോധം അതിന്‍റെ ഇണയായ കര്‍മ്മഫലം പേറിയ മനസ്സിനെയും കൂട്ടി ആദ്യം പ്രപഞ്ചത്തിലെ ആകാശാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് പ്രപഞ്ചത്തിന്‍റെ ഇണയായ പരലോകത്തെ ലക്ഷ്യംവെച്ച് സഞ്ചരിക്കും.

ബ്രഹ്മവിസ്തൃതിയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും പരലോകമാണ്. ഭൂമിയെ കടല്‍, കര എന്ന് വിഭജിക്കുന്നത് പോലെ പരലോകത്തിനും രണ്ടുഭാഗങ്ങള്‍ ഉണ്ട്. മൂന്നില്‍ രണ്ടുഭാഗം നരകവും ഒരുഭാഗം സ്വര്‍ഗവും ഉള്‍പ്പെട്ടതാണെത്രെ അത്.

പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച മനസ്സ്‍‍ ഒടുവില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. പാപകര്‍മ്മങ്ങള്‍ ചെയ്ത മനസ്സ് നരകത്തില്‍ പ്രവേശിക്കും. പാപകര്‍മ്മങ്ങള്‍ക്ക് ഇരയായ മനസ്സ് നരകത്തിലെ ജീവനക്കാരായി നിയമിക്കപ്പെടും.

ശരീരം ക്ഷയിച്ചാല്‍ മനസ്സും ക്ഷയിക്കും. അപകടം മൂലമോ, ശിക്ഷാവിധി മൂലമോ ആത്മഹത്യ മൂലമോ പെട്ടെന്ന് മരണം സംഭവിച്ചാല്‍ അതേ വേഗതയില്‍ മനസ്സ് നശിക്കുകയില്ല. അത്തരം മനസ്സ് സ്വതന്ത്രാവസ്ഥയില്‍ തന്നെ നിലകൊള്ളും. കര്‍മ്മം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുകയോ, കഠിനമായ പാപപുണ്യങ്ങള്‍ ചെയ്യാന്‍ ഇടയാകുകയോ ചെയ്ത ചില വികസിത മനസ്സ് മരണശേഷം പരലോകത്തോട്ട് ആത്മബോധത്തോടോപ്പം സഞ്ചരിക്കാന്‍ തയ്യാറാകാതെ ഭൂമിയില്‍ സ്വതന്ത്രമായി തന്നെ നിലകൊള്ളും. അവ മറഞ്ഞുനിന്ന് വീണ്ടും പാപപുണ്യ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. അതിന്‍റെ ഫലങ്ങള്‍ ഭൂമിയിലെ ജീവജാലങ്ങള്‍ അനുഭവിക്കേണ്ടതായും വരും. ഇത്തരം വിശ്വാസങ്ങള്‍ക്ക് മുന്‍ക്കാലങ്ങളില്‍ ഏറെ പ്രചാരം ലഭിച്ചിരുന്നു.
            
എല്ലാക്കാലത്തെ മനുഷ്യരേയും എല്ലാ പ്രായക്കാരേയും അലട്ടിയിരുന്ന മുഖ്യ സംഗതിയാണ് മരണഭയം. ഒരുവന്‍റെ ഭൌതികമോഹങ്ങളില്‍ സംതൃപ്തി സംഘടിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മരണചിന്ത പ്രയാസം ഉണ്ടാക്കുന്നത്. സുഖനഷ്ടം, ദാരിദ്രം, വീഴ്ച, ക്ഷതം, അപമാനം, ആക്രമണം, രോഗം, പട്ടിണി, മരണം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി രീതിയില്‍ ഭയം ആളുകളെ പ്രയാസപ്പെടുത്തിപ്പോരുന്നുണ്ട്. ചരിത്രത്തിലെ ഒട്ടുമിക്ക കയ്യേറ്റക്കാരും സ്വാര്‍ത്ഥന്മാരും രാജാക്കന്‍മാരും ആശാന്‍മാരും സിദ്ധന്‍മാരും സമാജങ്ങളും ആശയസംസ്ക്കാരങ്ങളും അവയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി ഭയത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വ്യക്തിയുടെ അന്ത്യമാണ് മരണം. വ്യക്തി എന്നത് ആത്മാവും ജീവശക്തിയും അഹന്തയും ആന്തരികമനസ്സും ബാഹ്യമനസ്സും ശരീരവും മലങ്ങളും ദോഷങ്ങളും എല്ലാം ചേര്‍ന്നതാണ്. ആഗ്രഹങ്ങള്‍ ഇല്ലെങ്കില്‍, വിചാരവികാരങ്ങള്‍ ഇല്ലെങ്കില്‍ ബാഹ്യമനസ്സ് ഇല്ല എന്ന് പറയാം. ബുദ്ധി, വിവേകം, ഇച്ഛാശക്തി എന്നിവ ഇല്ലെങ്കില്‍ ആന്തരികമനസ്സും ഇല്ല. വാര്‍ദ്ധക്യത്തില്‍ ഇത്തരം സ്ഥൂലമനസ്സ് ഇല്ലെങ്കില്‍, വ്യക്തി എന്നത് ഒരു പരിധി വരെ ശരീരം തന്നെയാണ്. ശരീരം നശിച്ചുകഴിഞ്ഞാല്‍ സ്ഥൂലമനസ്സും നശിക്കും. തുടര്‍ന്നുള്ള കാലത്തില്‍ വ്യക്തി എന്ന നിലയില്‍ പ്രസക്തി കാണേണ്ട കാര്യമില്ല. പിന്നെ നിലനില്‍ക്കാന്‍ ഇടയുള്ളത് ആത്മബോധത്തോട് ചേര്‍ന്നുള്ള സൂക്ഷ്മമനസ്സാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും സൂക്ഷ്മമനസ്സ്, മുന്‍ജന്മപാപം പുണ്യം എന്നിവ എന്താണ് എന്ന് അന്വേഷിക്കാത്ത, അതിനെ തിരിച്ചറിയാത്ത, അതിനെ പോഷിപ്പിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം അത് സങ്കല്‍പ്പം മാത്രവുമാണ്.

ജനിച്ചവര്‍ എല്ലാം ഒരിക്കല്‍ മരിക്കും. മരിച്ചവരെല്ലാം അന്യരാണ്. ജീവിച്ചിരിക്കുന്നവരാണ് ബന്ധുക്കള്‍. ജീവിച്ചിരിക്കുന്നവരെ ഓര്‍ക്കുന്നത്, അവരെ സഹായിക്കുന്നത്, അവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നത്, ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിഗണിക്കുന്നത് എല്ലാമാണ് സദാചാരം. സദാചാരം ഇല്ലാത്തതിന് കാരണം മനോമലങ്ങള്‍ ആണ്. ഭൂമിയില്‍ ഓരോ നിമിഷവും ജീവിക്കേണ്ടത് സദാചാരമുള്ള വ്യക്തി എന്ന നിലയിലോ സഹവര്‍ത്തിത്വമുള്ള സമൂഹജീവി എന്ന നിലയിലോ അവരുടെ സന്തതി എന്ന നിലയിലോ ആണ്. ഇത്തരം കാഴ്ചപ്പാട് ജീവിതത്തിന് സംതൃപ്തി നല്‍കും.


ആയുസ്സ്  വര്‍ദ്ധനയ്ക്ക് ഉതകുന്ന  മാര്‍ഗ്ഗങ്ങള്‍


ശുദ്ധി പുലര്‍ത്തുക.

അറിവ് സമ്പാദിക്കുക.

ശരിയായ രീതിയില്‍ ശ്വസിക്കുക.

ജലം ധാരാളം കുടിക്കുക.

ധര്‍മ്മം അനുഷ്ഠിക്കുക.

വെയില്‍ അധികം ഏല്‍ക്കാതെ നോക്കുക.

നിത്യവും രാത്രി ഏഴ് മണിക്കൂര്‍ ഉറങ്ങുക.

ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും ധാതുക്രമം യഥാവിധി കാത്തുസംരക്ഷിക്കുക.

‍കലോറിമൂല്യം കുറഞ്ഞ ആഹാരയിനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

മുഖ്യആഹാരങ്ങളുടെ ഇടവേളകളില്‍ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

മാംസാഹാരങ്ങളെ നിയന്ത്രിക്കുക.

മുട്ട, പാല്‍, കോഴി എന്നിവ നിത്യവും കഴിക്കുന്നത് ഒഴിവാക്കുക.

മത്സ്യം കഴിക്കുന്നത്‌ ആഴ്ചയില്‍ അഞ്ചുദിവസം മാത്രം ആക്കുക.

പഞ്ചസാര, ഉപ്പ്, അച്ചാര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

അറുപത് വയസ്സ് കഴിഞ്ഞാല്‍ ശരീരത്തിന് ദിനംപ്രതി ആഹാരത്തിലൂടെ വേണ്ട ആകെ ഊര്‍ജ്ജമൂല്യത്തില്‍ മുപ്പത് ശതമാനം കുറവുവരുത്തുക.

ചോറ്, ഗോതമ്പ് എന്നിവയുടെ അളവ് കുറയ്ക്കുക. 

മധുരക്കിഴങ്ങ്‌, പച്ചയും മഞ്ഞയും നിറമുള്ള പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുക.

ശരീരക്ഷമത കാത്തുസൂക്ഷിക്കുംവിധം നിത്യവും ജോലി ചെയ്യുക.

ഹൃദയരോഗങ്ങള്‍, അതിരക്തസമ്മര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ്സ് എന്നീ രോഗങ്ങള്‍ പിടിപെടാതെ നോക്കുക.

ശരീരത്തിനും മനസ്സിനും ക്ഷതം പറ്റാനിടയുള്ള വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക.

ജ്വരം, സാംക്രമികരോഗങ്ങള്‍, ക്ഷയരോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞസമയം കൊണ്ട് മുക്തിനേടുക.

വിഷദ്രവ്യങ്ങള്‍ ദേഹത്തില്‍ എത്താതെ ശ്രദ്ധിക്കുക. വിഷം എത്തിയാല്‍ വൈകാതെ തന്നെ ശോധിപ്പിക്കുകയോ നിര്‍വ്വീര്യമാക്കുകയോ ചെയ്യുക.
.
ആഴ്ചയില്‍ അഞ്ചുദിവസം അധികം പുളിക്കാത്ത മോര് ഉപയോഗിക്കുക.

ഇന്ദ്രിയവിഷയങ്ങളെ ജീവശക്തിക്ക് ഹിതമാകുംവിധം നിയന്ത്രിക്കുക.

മാനസികസംഘര്‍ഷം ഉണ്ടാകുന്ന വിഷയങ്ങളില്‍ നിന്ന് അകന്നുനിന്നോ അത്തരം കര്‍മ്മങ്ങളെ നിയന്ത്രിച്ചോ അവഗണിച്ചോ ഹോര്‍മോണുകളെ മിച്ചമാക്കുക.

മനോമലങ്ങളെ വെടിഞ്ഞ് ദോഷങ്ങളുടെ ഉണര്‍ച്ചയെ ചെറുക്കുക.

പുകവലി, മദ്യപാനം എന്നിവയെ ഒഴിവാക്കുക.

രാസയിനം മരുന്നുദ്രവ്യങ്ങളുടെ ഉപയോഗം കുറയ്ക്കുക.

ശരീരത്തില്‍ നിന്ന് ആരോഗ്യത്തോടെയുള്ള അവയവങ്ങളും നാഡികളും സിരകളും ധമനികളും മുറിച്ച് നീക്കംചെയ്യാതിരിക്കുക.

രക്തധാതു നഷ്ടപ്പെടാതെ സംരക്ഷിക്കുക.

മസ്തിഷ്കകോശങ്ങള്‍ക്ക് 3 10 മിനുട്ടില്‍ അധികനേരം ഓക്സിജന്‍ ഇല്ലാതെ ജീവനോടെ നിലനില്‍ക്കാന്‍ കഴിയുകയില്ല. കോശങ്ങള്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ഓക്സിജനെ ഉപയോഗപ്പെടുത്തി ശീലിച്ചാല്‍ സാന്ദ്രത കുറഞ്ഞതോ അതുകിട്ടാതെ വരുന്നതോ ആയ ഘട്ടങ്ങളില്‍‍ അതിജീവനത്തിന് പ്രയാസപ്പെടും. കുറഞ്ഞ അളവില്‍ ഓക്സിജന്‍ ഉപയോഗപ്പെടുത്തി ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ധാതുകലകളെ പ്രാപ്തമാക്കുന്നതിനുതകുന്ന വിധം ജീവിതരീതികള്‍ ചിട്ടപ്പെടുത്തുക.

കൃത്രിമവായു, കൃതിമജലം, കൃതിമആഹാരം എന്നിവയുമായുള്ള ബന്ധം ഉപേക്ഷിക്കുക.

ദിനചര്യ, ഋതുചര്യ എന്നിവയിലെ നിയമങ്ങള്‍ പാലിക്കുക.
 
ശ്വസനആയാമം വൈദ്യരീതിയില്‍ ചെറുപ്പം മുതല്‍ പരിശീലിക്കുക. 

മനസ്സിന് ലാഘവത്വം ലഭിക്കാനുതകുംവിധം പരോപകാരകാര്യങ്ങള്‍ ചിന്തിക്കുകയും അനുഷ്ടിക്കുകയും ചെയ്യുക.

സാരാംഗ്നികള്‍ (Enzymes) അനാവശ്യമായും വേഗത്തിലും തീര്‍ന്നുപോകാത്ത നിലയില്‍ കര്‍മ്മങ്ങളെ ക്രമപ്പെടുത്തുക.

സാരാംഗ്നികള്‍, ഹോര്‍മോണുകള്‍ എന്നിവയുടെ തോത് മിച്ചം ആകുന്നതിന് ഉതകുന്ന രസായനദ്രവ്യങ്ങള്‍ കണ്ടെത്തി സംഭരിച്ച് ഋതു അനുസരണം ഉപയോഗിക്കുക.

ദീര്‍ഘായുസ്സ് അനുഭവിക്കാനും മരണത്തെ അതിജീവിക്കാനും ഉതകുന്ന മൃതസഞ്ജീവനി തേടിയുള്ള അന്വേഷണങ്ങള്‍ക്ക് പഴക്കം ഏറെയുണ്ട്. ലോഹങ്ങളേയും ഖനീജങ്ങളേയും സസ്യങ്ങളേയും ജന്തുഘടകങ്ങളേയും പൂര്‍വ്വികര്‍ പല രീതിയില്‍ സംസ്കരിച്ച് പരീക്ഷിച്ചുനോക്കി. ലോഹഘടകങ്ങള്‍ ചേര്‍ന്ന ആഹാരയിനങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും ദീര്‍ഘായുസ്സ് നല്‍കാന്‍ പ്രാപ്തിയുണ്ട് എന്ന് പൂര്‍വ്വികര്‍ പ്രബലമായി വിശ്വസിച്ചു. സുര, കഷായദ്രവ്യങ്ങള്‍, എള്ള്, മുളപ്പിച്ച ധാന്യങ്ങള്‍, കശുവണ്ടി, ചോക്കലേറ്റ്, മുന്തിരി, ഈന്തപ്പഴം, ഒലീവെണ്ണ, ത്രിഫല, തൈര്, നെയ്യ്, കക്ക, കല്ലുമ്മക്കായ, കൊഞ്ച്, ഞണ്ട്, നാളികേരം, കൂണ്‍, പൈന്‍എണ്ണ കന്മദം, ഈയം, രസം, പാഷാണം, ജിന്‍സെങ്ങ്, സിങ്കോണ, തേന്‍ തുടങ്ങിയ ദ്രവ്യങ്ങളെ അവര്‍ ഇതിന്നായി ഉപയോഗിച്ചുനോക്കി.

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പൂര്‍വ്വികര്‍ ഉപയോഗിച്ചുപോന്ന Absinthium, Alfalfa, Allium sativa, Aloe socotrina, AmalakiAsphaltum, Cactus, Cinchona, Curcuma longa, Dandelion, Equisetum hyemale, Ficus religiosa, Ginkgo biloba, Ignatia, Nux vomica, Podophyllum, Quassia amara, Quercus, Ricinus communis, Salix nigra, Salvia officinalis, Sarcostemma, Taxus buccata, Terminalia chebula, Thuja, Yohimbinum തുടങ്ങിയ സസ്യ ഔഷധങ്ങള്‍ നേര്‍പ്പിച്ച രൂപത്തിലും ശുദ്ധസത്ത് രൂപത്തിലും ഇപ്പോള്‍ ഫാര്‍മസികളില്‍ ലഭ്യമാണ്. മോര് സംസ്ക്കരിച്ച് തയ്യാറാക്കുന്ന ‘ഷുഗര്‍ ഓഫ് മില്‍ക്ക്’ എന്ന പദാര്‍ത്ഥവും ഹോമിയോ ഫാര്‍മസികളില്‍ നിന്ന് ലഭിക്കും. ഇവയുടെ ഓരോന്നിന്‍റെയും  ഗുണങ്ങളും മേന്മകളും അന്വേഷിച്ച് തിരിച്ചറിഞ്ഞ് ദേഹപ്രകൃതി അനുസരിച്ചും രോഗപ്രകൃതി അനുസരിച്ചും യുക്തിപൂര്‍വ്വം പ്രയോജനപ്പെടുത്തണം. Ginseng panax, Aconitum napellus, Tinospora cordifolia, Amalaki, Terminalia chebula, Azadirecta Indica, Picrorhiza kurroa എന്നിവയുടെ അര്‍ത്ഥം തന്നെ അമൃത എന്നാണ്.

No comments:

Post a Comment