Tuesday, 31 March 2020

കുളിദര്‍ശനം. 13. Kader Kochi.

ശരീരത്തിന് അകത്തുള്ള മലങ്ങള്‍ പുറത്ത് പോകുന്നതും പുറത്തുള്ള മാലിന്യങ്ങള്‍ അകത്ത് എത്തുന്നതും ബാഹ്യദ്വാരങ്ങള്‍, ചര്‍മ്മം എന്നിവ വഴിയാണ്. ഇത്തരം ഭാഗങ്ങളെ ജലം ഉപയോഗിച്ച് ഒന്നിച്ച് ശുദ്ധിയാക്കുന്ന കര്‍മ്മമാണ് കുളി.

Cure എന്നാല്‍ മനസ്സും ശരീരവും ശുദ്ധിവരുത്തുക എന്നാണര്‍ത്ഥം. അസ്ക്ലിപിയൂസിന്‍റെ (1000 ബി.സി, ഗ്രീസ്) കാലഘട്ടം മുതല്‍ തന്നെ ആരോഗ്യസംരക്ഷണത്തിലും രോഗചികിത്സയിലും കുളിക്ക് പ്രാധാന്യം നല്‍കിപോന്നിട്ടുണ്ട്. മാസിഡോണിയന്‍ ഭാഷയില്‍ അസ്ക്ലിസ് എന്നാല്‍ ശുദ്ധി എന്നാണര്‍ത്ഥം. ചികിത്സകരുടെ പിതാവായിരുന്നു അസ്ക്ലിപിയൂസ് ദേവന്‍.

‘ശുദ്ധിയുള്ളവര്‍ക്ക് ദൈവസന്നിധാനം’.

‘പല തീണ്ടലിന് ഒരു കുളി.’

‘പല പാപം തീരാന്‍ ഒരു പുണ്യം’.

‘സ്വര്‍ഗത്തിന്‍റെ താക്കോല്‍ കര്‍മ്മം‍, കര്‍മ്മത്തിന്‍റെ താക്കോല്‍ ശുദ്ധി’.

‘ആടിനെ പോലെ തീറ്റ, ആനയെപ്പോലെ കുളി’.

‘കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്’.

ഇത്തരം പഴഞ്ചൊല്ലുകള്‍ കേരളീയര്‍ കുളിക്ക് നല്‍കിപോന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്. ദിവസത്തില്‍ മൂന്നുനേരം കുളിക്കുന്ന പാരമ്പര്യമാണ് ഭാരതത്തില്‍ നിലനിന്നിരുന്നത്.

ശീതദേശത്ത് വസിക്കുന്നവരുടേയും ഉഷ്ണദേഹപ്രകൃതിക്കാരുടേയും ചര്‍മ്മത്തിലൂടെയുള്ള കൊളസ്ട്രോളിന്‍റെ ദിനംപ്രതിയുള്ള നഷ്ടം ഏകദേശം നൂറ് മില്ലിഗ്രാമില്‍ താഴെയാണ്. ഉഷ്ണദേശവാസികളുടേയും ശീതദേഹപ്രകൃതിക്കാരുടേയും ഇരുണ്ടചര്‍മ്മമുള്ളവരുടേയും കൊളസ്ട്രോളിന്‍റെ നഷ്ടം ഏകദേശം ഇരുന്നൂറ്റി അന്‍പത് മില്ലിഗ്രാമില്‍ അധികമാണ്. ശീതദേഹപ്രകൃതിക്കാരില്‍ രക്തത്തിലെ കൊളസ്ട്രോള്‍ തോത് അമിതമാകാനുള്ള സാദ്ധ്യത ഇതുമൂലം കുറയും. ഇവരുടെ ചര്‍മ്മത്തില്‍ പൂപ്പല്‍ എളുപ്പം ബാധിക്കും.

ഉഷ്ണദേഹപ്രകൃതിക്കാരുടെ ചര്‍മ്മം വേഗം വിണ്ടുകീറും. ഇവര്‍ കുളിച്ചശേഷം ചര്‍മ്മത്തില്‍ എണ്ണ പുരട്ടുന്നതാണ് നല്ലത്. താരന്‍, മൊരി, ചുണങ്ങ്, സോറിയാസിസ് എന്നിവ ഉള്ളവരാണെങ്കില്‍ കുളിക്കുന്നതിന് മുന്‍പ് പുളിച്ച കഞ്ഞിവെള്ളം കൊണ്ട് ചര്‍മ്മം കഴുകുന്നത് ഗുണം ചെയ്യും.

എണ്ണ പുരട്ടി നിത്യവും കുളിക്കുന്നത് പൂപ്പല്‍ ബാധയെ പ്രതിരോധിക്കും. ശീതദേഹപ്രകൃതിക്കാര്‍ക്ക് ചര്‍മ്മത്തില്‍ തേക്കാന്‍ നല്ലത് എള്ളെണ്ണയാണ്. തില എന്നാല്‍ എള്ള് എന്നാണ് അര്‍ത്ഥം. എള്ള് വാതഹരമാണ്. വെളിച്ചെണ്ണയെ അപേക്ഷിച്ച് ഉഷ്ണവീര്യം കുറവാണ്. മുഖത്ത് നിത്യവും എണ്ണ തേച്ച് മസാജ് ചെയ്ത് കുളിച്ചാല്‍ മുഖസൌന്ദര്യം കൂടും. തല, ചെവി, മാറ്, കാല്‍പാദം എന്നീ ഭാഗത്ത് എണ്ണ ഉപയോഗിക്കാം. കഫപ്രകൃതിക്കാരും ചെവിയൊലിപ്പ് രോഗം ഉള്ളവരും എള്ളെണ്ണ ഒഴിവാക്കി പകരം വെളിച്ചെണ്ണ തേക്കണം. വെളിച്ചെണ്ണ തലയില്‍ മാത്രമായി തേക്കുകയും അരുത്. കാച്ചിയ എണ്ണയോ കാച്ചിയ വെളിച്ചെണ്ണയോ തലയില്‍ തേക്കരുത്. തലയ്ക്ക് എണ്ണ കാച്ചരുത്, തല മറന്ന്   എണ്ണ തേക്കരുത്’ എന്നൊരു ചൊല്ല് തന്നെ ഉണ്ട്.

ഒരു സീസണില്‍ മാത്രമായി എണ്ണ തേക്കാന്‍ ഉദ്ദേശിക്കുന്നുള്ളുവെങ്കില്‍, അത് ശരത്ഋതുവില്‍ ചെയ്യണം. ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കാച്ചിയ എണ്ണ വയറുഭാഗത്തെ ചര്‍മ്മത്തില്‍ പുരട്ടാം. കുഞ്ഞുങ്ങളില്‍ ചര്‍മ്മത്തില്‍ കാച്ചാത്ത എണ്ണ തന്നെ പുരട്ടണം. മൃദുവായി തടവി പുരട്ടണം. എണ്ണ പുരട്ടിയാലും മുടി വെട്ടിയാലും കുളിക്കണം എന്നത് പഴയ കാലത്തെ ഒരു ആരോഗ്യമര്യാദയായിരുന്നു. 

കുളിക്കാന്‍ പറ്റിയ സമയം രാവിലെയാണ്. ദേഹം വിയര്‍ത്തിട്ടുണ്ടെങ്കില്‍ വിയര്‍പ്പ് മാറിയ ശേഷമാണ് കുളിക്കേണ്ടത്. പതിനഞ്ച് മിനുട്ട് നേരത്തിനുള്ളില്‍ കുളി അവസാനിപ്പിക്കണം. ശരീരം ഭാഗികമായി നനഞ്ഞാല്‍ ജലദോഷം പിടിക്കും. കുളിക്കുമ്പോള്‍ കാല്‍, ശീതഗുണമുള്ള ദേഹഭാഗങ്ങള്‍ എന്നിവയെ ആദ്യം കഴുകണം. ശരീരത്തിലെ ഓരോഭാഗങ്ങളും സുഗന്ധമുള്ള സോപ്പ് തേച്ച് വെവ്വേറെ ഉരസി കഴുകണം. സോപ്പ് തേക്കുന്നതും ഉരസുന്നതും വൃത്താകൃതിയില്‍ എന്നോണം ചെയ്യണം. ആവിസ്നാനം, ലഘുവായ ചൂടുവെള്ളം (നാല്പത് ഡിഗ്രി സെല്‍ഷ്യസ്) കൊണ്ടുള്ള കുളി എന്നിവ ചര്‍മ്മത്തെ വേഗത്തില്‍ ശുദ്ധിയാക്കും. തലയിലും മുഖത്തും ചൂടുജലം ഒഴിക്കരുത്. സ്പിരിറ്റ് ഓഫ് അമോണിയ കലര്‍ത്തിയ ജലം കൊണ്ട് കുളിയുടെ അന്ത്യത്തില്‍ ചര്‍മ്മത്തില്‍ ഒഴിച്ചാല്‍ ഉന്‍മേഷം വര്‍ദ്ധിച്ചതായി അനുഭവപ്പെട്ടുകിട്ടും.

മഗ്നീഷ്യം, ഗന്ധകം, സെലിനിയം, സോഡിയം, കാല്‍സ്യം, പൊട്ടാസ്യം, ലിത്തിയം, ഇരുമ്പ്, ആലം, ഐയോഡയിഡ്, ബ്രോമയിഡ്‌ തുടങ്ങിയ ധാതുക്കള്‍ കടല്‍ജലത്തിലും മലകളില്‍ നിന്നുള്ള ഉഷ്ണനീരുറവകളിലും വൃക്ഷത്തില്‍ നിന്ന് വരുന്ന ഉറവകളിലും കലര്‍ന്നിട്ടുണ്ട്. ഇത്തരം ജലത്തില്‍ കുളിച്ചാല്‍ ഉന്മേഷം പ്രത്യേകമായി അനുഭവപ്പെട്ടുകിട്ടും. കാഴ്ചയിലെ പ്രയാസങ്ങള്‍, സന്ധികളിലെ പ്രയാസങ്ങള്‍ എന്നിവ കുറഞ്ഞുകിട്ടും. കുളി അവസാനിപ്പിച്ച്‌ കഴിഞ്ഞാല്‍ പിന്നെ ചര്‍മ്മം ഉരസരുത്ചര്‍മ്മത്തില്‍ തങ്ങിനില്‍ക്കുന്ന ജലം തോര്‍ത്ത് കൊണ്ട് ഒപ്പിയെടുക്കണം.

ഭക്ഷണ കഴിച്ച ഉടനെയും വയറിളക്കം ഉള്ളപ്പോഴും ഉദരത്തില്‍ ഗ്യാസ് നിറഞ്ഞ് വീര്‍ത്ത ഘട്ടത്തിലും കുളി പാടില്ല. അത്യാവശ്യം ഇല്ലെങ്കില്‍ പകല്‍ പന്ത്രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലും സന്ധ്യയ്ക്ക്‌ ശേഷവും കുളിക്കരുത്. ‘ഉണ്ടിട്ട് കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം’ എന്നൊരു ചൊല്ലുണ്ട്. മുഖം ഒരുവശത്തോട്ട് കോടിപ്പോയ സന്ദര്‍ഭങ്ങളില്‍ തല കുളിക്കുന്നത് ഒഴിവാക്കണം. ശിരോരോഗങ്ങള്‍, കഴുത്തുരോഗങ്ങള്‍ എന്നിവ ഉള്ളപ്പോള്‍ തല അധികനേരം നനച്ച് കുളിക്കരുത്.


കുളി നല്‍കുന്ന  പ്രയോജനങ്ങള്‍

ചര്‍മ്മത്തില്‍ പറ്റിചേര്‍ന്ന കൊഴുപ്പും അഴുക്കുകളും അണുക്കളും വേര്‍പെട്ടുകിട്ടുന്നു.

ദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ഇല്ലാതായികിട്ടുന്നു.

പുകച്ചില്‍, വിയര്‍പ്പ്, അമിതദാഹം എന്നിവ കുറയുന്നു.

ചര്‍മ്മം മിനുസമാകുന്നു.

മുടിവേരുകള്‍ക്ക് ബലം ലഭിക്കുന്നു.

ദഹനശക്തി മെച്ചപ്പെടുന്നു.

പേശികളുടെ ഉറപ്പും ആകാരതയും കൂടുന്നു.

കണ്ണുകളുടെ തിളക്കം കൂടുന്നു.

ബുദ്ധിശക്തി മെച്ചപ്പെടുന്നു.

മനസ്സില്‍ ഉന്മേഷം അനുഭവപ്പെട്ടുകിട്ടുന്നു.

എണ്ണ തേച്ചുള്ള കുളി ദഹനശേഷിയെ വര്‍ദ്ധിപ്പിക്കും.

മുങ്ങിയുള്ള കുളിയും നീന്തിയുള്ള കുളിയും ഉല്ലാസദായകമാണ്. പേശികളെ ബലപ്പെടുത്തും.

പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഉള്ള വായുകുളിയും സൂര്യകുളിയും ആരോഗ്യനിലവാരം വര്‍ദ്ധിപ്പിക്കും.

പോക്കുവെയില്‍ ഏറ്റാല്‍ ചര്‍മ്മത്തിന് ശോഭ ലഭിക്കും.

No comments:

Post a Comment