പ്രകൃതിനിയമങ്ങള്‍ അനുസരിച്ച് ജീവിതകര്‍മ്മങ്ങള്‍ സ്വയം നിഷ്ഠയോടെ അനുഷ്ഠിക്കുന്നതാണ് ബ്രഹ്മചര്യം. ഇന്ദ്രിയവിഷയങ്ങളുടെ നിയന്ത്രണവും ബ്രഹ്മചര്യമാണ്. പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയെ സജീവമാക്കിയും വികാരം, വിചാരം, സംസാരം എന്നിവയെ നിയന്ത്രിച്ചും മനോമലങ്ങളെ കളഞ്ഞുമുള്ള അനുഷ്ടാനമായിരുന്നു പണ്ടുകാലത്തെ ബ്രഹ്മചര്യം. ആനന്ദസാക്ഷാല്‍ക്കാരം സാദ്ധ്യമാകുന്നതിന് ബ്രഹ്മചര്യം കൂടാതെ ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നീ ഘട്ടങ്ങള്‍ കൂടി തരണം ചെയ്യണം എന്നത് പഴയ കാലത്തെ ഒരു ദര്‍ശനം ആയിരുന്നു,
ധർമ്മം, കരുണ, സ്നേഹം, നന്മ, ഉപകാരം, ത്യാഗം, വിനയം, സമത്വബോധം, മര്യാദ എന്നിവയാണ് സദ്‌ഗുണങ്ങള്‍. ഇത്തരം സദ്‌ഗുണങ്ങളെ പരിശീലിച്ചും ഇന്ദ്രിയവിഷയാദികളെ നിയന്ത്രിച്ചും പ്രകൃതിമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനെയാണ് പഴയ കാലത്ത് ബ്രഹ്മചാരി എന്ന് വിളിച്ചിരുന്നത്.
വ്യക്തിജീവിതത്തിലെന്ന പോലെ കുടുംബജീവിതത്തിലും പൊതുജീവിതത്തിലും മര്യാദകള്‍ പാലിക്കുന്നത് ബ്രഹ്മചര്യമാണ്. ഹിംസ, ദ്രോഹം, മോഷണം, വ്യഭിചാരം; കള്ളംപറയല്‍, അപവാദംപറയല്, തെറിപറയല്‍, പൊങ്ങച്ചംപറയല്; അത്യാഗ്രഹം, അസൂയ, അവിശ്വാസം തുടങ്ങിയ പാപങ്ങള്‍ ചെയ്യാതിരിക്കുന്നതും കോപം, അസഹിഷ്ണുത, പിശുക്ക്, ചതി, അഹംഭാവം, അലസത, ഭയം, വെറുപ്പ് എന്നിവയെ ഒഴിവാക്കുന്നതും; മൌനം, ശൌച്യം, ക്ഷമ, മാപ്പുനല്കല്, ദാനം, ത്യാഗം, വ്രതം, പ്രായശ്ചിത്തം, ആതിഥേയബഹുമാനം, സമര്‍പ്പണം തുടങ്ങിയ പുണ്യങ്ങള്‍ ചെയ്യുന്നതും മര്യാദയാണ്. മര്യാദയില്ലായ്മക്ക് കാരണം അവിദ്യ, വിവേകമില്ലായ്മ, അജ്ഞത, മുജന്മകര്‍മ്മദോഷങ്ങള്‍, അഹന്ത എന്നിവയാണ്.
ബ്രഹ്മചര്യം എന്നത് ഇന്ദ്രിയനിയന്ത്രണത്തോടൊപ്പം മനോനിയന്ത്രണം കൂടിയാണ്. ഇന്ദ്രിയവിഷയങ്ങളെ നിയന്ത്രിച്ചില്ലായെങ്കില്‍ അവ ആഗ്രഹങ്ങളായി, വികാരങ്ങളായി പുറത്തുവരും. ആഗ്രഹങ്ങള്‍ വളര്‍ന്ന് ആസക്തിയായി രോഗത്തെ പുല്‍കുന്ന അവസ്ഥ പ്രാപിക്കും. ആഗ്രഹങ്ങളെ നിയന്ത്രിച്ചവര്‍ക്ക് മാത്രമേ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും അതുമൂലമുള്ള ആനന്ദം അനുഭവിക്കാനും കഴിയുകയുള്ളൂ. മോഹം, കാമം, ക്രോധം, ലോഭം, മാത്സര്യം, ഭയം എന്നിവയില്‍ നിന്ന് മോചനം നേടാന്‍ വ്രതം, ധ്യാനം, സഹനം തുടങ്ങിയ മനോനിയന്ത്രണരീതികള്‍ അഭ്യസിക്കണം.
പ്രകൃതി സ്വയം ഒരു ക്രമത്തെ പാലിച്ചുപോരുന്നതുകൊണ്ടാണ് ദീര്‍ഘകാലമായി നിലനിന്നുപോരുന്നത്. അതുപോലെ ദീര്‍ഘായുസ്സ് അനുഭവിക്കണമെങ്കില്‍ ദേഹപ്രകൃതി അനുസരിച്ചുള്ള ഒരു ക്രമം ഓരോരുത്തരും ജീവിതത്തില്‍ അനുഷ്ടിക്കണം. പ്രകൃതിവിഷയങ്ങളോട് ഇണങ്ങിയും സഹകരിച്ചും ജീവിതത്തെ ക്രമീകരിക്കണം.
ഏകപത്നീമര്യാദ, പാതിവ്രത്യം എന്നിവ സ്വീകരിച്ച് ലൈംഗികജീവിതം നയിക്കുന്നത് അബ്രഹ്മചര്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പണ്ടുകാലത്ത് അനുവദിച്ചിരുന്നത്. അബ്രഹ്മചര്യം എന്നത് സംയോഗവുമായി ബന്ധപ്പെട്ട ഒന്നാണ്. വസന്തം, ശരത് ഋതുക്കളില്‍ മൂന്ന് ദിവസം ഇടവിട്ടും ഗ്രീഷ്മം, വര്‍ഷം എന്നീ ഋതുക്കളില്‍ പതിനഞ്ച് ദിവസം ഇടവിട്ടുമാണ് പഴയ കാലത്ത് സൃഷ്ടിചര്യ വിധിച്ചിരുന്നത്. പകലും സന്ധ്യയ്ക്കും വാവ് നാളിലും ഇണചേരല്‍ വിലക്കിയിരുന്നു.
ഇണയില്ലാതെ ജീവിക്കുന്നത്, ഇണയുണ്ടായിട്ടും ലൈംഗികജീവിതത്തില്‍ നിന്ന് കുറച്ചുനാള്‍ ഒഴിഞ്ഞുനില്‍ക്കുന്നത് ബ്രഹ്മചര്യമാണ്. കഴിച്ച ആഹാരം പരിണമിച്ച് ബീജധാതു, ജീവശക്തി എന്നിവ ആയിത്തീരാന്‍ ഏകദേശം ആറ് ആഴ്ച സമയം വേണം. ആറ് ആഴ്ചക്കാലം ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചാല്‍ ഓജസും തേജസ്സും വര്‍ദ്ധിക്കും. ഓര്‍മ്മശക്തി, വാക്സാമര്ത്ഥ്യം, ആത്മവിശ്വാസം എന്നിവ മെച്ചപ്പെടും. ബ്രഹ്മചര്യം അധികം ആയാല്‍ പ്രമേഹം, ദുര്‍മേദസ്സ്, പ്രോസ്റ്റേറ്റ്ഗ്രന്ഥിവീക്കം, കഴപ്പ്, മൈഗ്രയിന്‍, അശ്മരി, അതിരക്തസമ്മര്‍ദ്ദം എന്നിവ പിടിപെടും.
അബ്രഹ്മചര്യം അമിതമായാല്‍ ക്ഷയിക്കും. ദേഹത്തിന് രൂപമാറ്റം, രൂക്ഷത, ബലക്ഷയം, ശരീരവേദന എന്നിവ അനുഭവപ്പെടും. ഭയം വര്‍ദ്ധിക്കും. വിളര്‍ച്ച, ചുമ, ക്ഷയം എന്നിവ പിടിപെടും. ബ്രഹ്മചര്യം പോലെ നിയന്ത്രിതമായ അബ്രഹ്മചര്യവും ഓജസിനെ സംരക്ഷിക്കും.
ഹേമന്തം, ശിശിരം എന്നീ ഋതുക്കളിലാണ് മനുഷ്യന് ബലം വര്‍ദ്ധിക്കുന്നത്. ഈ ഋതുക്കളില്‍ ഇണചേരുന്നത് ക്ഷീണം ഉണ്ടാക്കുകയില്ല. ആന, ചെന്നായ്, നായ, ടര്‍ക്കികോഴി തുടങ്ങിയ ജീവികള്‍
വല്ലപ്പോഴുമാണ് ഇണചേരുന്നത്.
ബ്രഹ്മചര്യം എന്നത് ശുചിത്വപാലനത്തിലും സമത്വബോധത്തിലും വിനയത്തിലും അതിഷ്ടിതമായ മര്യാദാനുഷ്ടാനമാണ്. മര്യാദാചരണമാണ് സംസ്ക്കാരം. മര്യാദ ഇല്ലാത്തവരില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്ന ദുരനുഭവങ്ങള്‍ അവരുടെ സമാജത്തെയോ അവരുടെ നായകന്മാരെയോ ബോദ്ധ്യപ്പെടുത്താന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. സദാചാരം എന്നതിനെ ഭാഗികമായും സങ്കുചിതമായും നിര്‍വചിക്കപ്പെടുന്ന കാലഘട്ടത്തില്‍ ബ്രഹ്മചര്യാനുഷ്ഠാനത്തിന് ആരോഗ്യവിഷയം എന്നതിനേക്കാള്‍ ഏറെ ഉണ്ട്.
മുജന്മപാപത്തിന്‍റെയും അവിദ്യയുടെയും അഹന്തയുടെയും ദേഹബലത്തിന്‍റെയും ഉല്‍പന്നം എന്നനിലയില്‍ ദുരനുഭവങ്ങള്‍ ഏകപക്ഷീയമായി വര്‍ദ്ധിക്കുന്നതും, അര്‍ത്ഥസമൃദ്ധി, ആള്‍ക്കൂട്ട അനുപാതം, വേഷധാര്‍ഷ്ട്യം, അധികാരം എന്നിവയ്ക്ക് മുന്നില്‍ നിരപരാധിത്വം ന്യായവിഷയമല്ലാതാകുന്നതും എല്ലാം കലിയുഗവിശേഷമായി കരുതി സഹിക്കണം. മര്യാദയില്ലാത്തവരില്‍ നിന്നും അവരുടെ സമാജങ്ങളില്‍ നിന്നും പരിപാലകരില്‍ നിന്നും നേരിട്ടും അല്ലാതെയും ഏല്‍ക്കേണ്ടിവരുന്ന അപമാനങ്ങളേയും അവഗണനകളെയും എല്ലാം നിശബ്ദമായും പൂര്‍ണ്ണമായും സഹിക്കാനും മറക്കാനും ഉള്ള മനക്കരുത്തും സന്നദ്ധതയുമാണ് ആധുനികമനുഷ്യന്‍റെ ബ്രഹ്മചര്യം. ആരോഗ്യം, ആനന്ദം, ദീര്‍ഘായുസ്സ്, ശാന്തി, സമാധാനം എന്നിവ കാംക്ഷിക്കുന്നവര്‍ ഈ രീതിയില്‍ മനസ്സിനെ പരുവപ്പെടുത്തണം.
അദ്ധ്യാപക തൊഴില്‍ നിയമനത്തിനുള്ള യോഗ്യതകള്‍ പരിഷ്കരിക്കണം. തമസ്, രജസ് ആഹാരങ്ങളോടുള്ള താല്പര്യം, പ്രകൃതിവിരുദ്ധമായ കാര്യങ്ങളോട് ഉള്ള അഭിനിവേശം എന്നിവയെ നിയന്ത്രിക്കാനുള്ള ഉപായങ്ങള്‍; പ്രകൃതിനിയമങ്ങള്‍, മാനവികശാസ്ത്രം, രാജ്യനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അദ്ധ്യാപകപരിശീലനത്തില്‍ ഉള്‍പ്പെടുത്തണം. വസ്ത്രംധരിച്ച ജീവി എന്ന നിലയിലപ്പുറം ചിന്തകളേയും മോഹങ്ങളേയും ഇന്ദ്രിയങ്ങളേയും ശരീരചലനങ്ങളേയും വാക്കുകളേയും സന്ദര്‍ഭോചിതം നിയന്ത്രിക്കാന്‍ ഉതകുന്ന വിത്യസ്തതരം അഭ്യാസങ്ങള്‍ സ്കൂള്‍തലപാഠപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണം. സ്കൂള്‍തല കായികപരിശീലനം എന്നത് സഹോദരങ്ങള്‍ക്കും സഹജീവികള്‍ക്കും പ്രയാസം സൃഷ്ടിക്കാനുള്ള കളരിയായോ അതിന് കരുത്തുപകരുന്ന മാര്‍ഗ്ഗമായോ ഉതകാത്ത നിലയില്‍ ചിട്ടപ്പെടുത്തണം.
ഭൂമിയിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവര്‍ക്ക് പ്രകൃതി എന്നത്, അപരബ്രഹ്മം എന്നത് അസത്തും ഈശ്വരന്‍ എന്നത്, പരബ്രഹ്മം എന്നത് സത്യവും നിത്യനുമാണ്. സകലതിനേയും ശ്രദ്ധിക്കുന്നവനും ഉപാധികള്‍ ഇല്ലാതെ സകലതിനേയും സ്നേഹിക്കുന്നവനും എല്ലാത്തിനേയും ഉള്‍കൊള്ളുന്നവനും കാരുണ്യവാനുമാണ് ഈശ്വരന്‍. അറിവിന്‍റെ മൂലകാരണവുമാണ്. അത്തരം സങ്കല്‍പ്പത്തില്‍ ബ്രഹ്മചര്യം എന്നത് ലൈംഗിക വ്രതത്തിന് ഉപരിയായി ശ്രദ്ധ, സത്യാനേഷണം, അറിവ്, സഹനം, കരുണ, സ്നേഹസമര്‍പ്പണം എന്നിവയില്‍ അതിഷ്ഠിതമായ ജീവിതകര്‍മ്മമാണ്.
No comments:
Post a Comment