Tuesday, 31 March 2020

സമ്മര്‍ദ്ദചികിത്സാ ദര്‍ശനം. 24. Kader Kochi.

സഹജരോഗങ്ങള്‍ മൂലമുള്ള പ്രയാസങ്ങളിലും ആഗന്തുക രോഗങ്ങളിലും ഔഷധചികിത്സയോടൊപ്പമോ അല്ലാതെയോ സ്വീകരിക്കാവുന്ന സ്വയംചികിത്സാരീതികളില്‍ ഒന്നാണ് സമ്മര്‍ദ്ദചികിത്സ. ശരീരത്തിലെ ബാഹ്യഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയോ, പ്രത്യേക തരംഗദൈര്‍ഘ്യമുള്ള വൈദുതി ഏല്‍പ്പിച്ചോ നൈസര്‍ഗികമായുള്ള രോഗശമനശേഷിയെ ഉണര്‍ത്തി ആശ്വാസം സംഘടിപ്പിക്കുന്ന രീതിയാണിത്. അക്യുപ്രഷര്‍, റിഫ്ലക്സോളജി എന്നിവ ഇതിന്‍റെ വകഭേദങ്ങളാണ്.

ഓരോ നാഡികോശത്തിന്‍റെ ചുറ്റും സൂക്ഷ്മമായ ഒരു കാന്തികക്ഷേത്രമുണ്ട് എന്നാണ് സങ്കല്‍പ്പം. അവിടെ സൂക്ഷ്മമായ വൈദ്യുത കാന്തികഊര്‍ജ്ജവും നിലകൊള്ളുന്നുണ്ടാകും. മസ്തിഷ്കകോശങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതിതരംഗങ്ങള്‍ നാഡീകോശങ്ങളില്‍ പരസ്പരം വ്യാപിക്കുന്നത് കൂടാതെ അവ പുറത്തോട്ട് സഞ്ചരിച്ച് Ganglions വഴി ഹോര്‍മോണ്‍ ഗ്രന്ഥിയില്‍, പേശിയില്‍, ചര്‍മ്മത്തില്‍ എല്ലാം എത്തും. ഇവിടെ നിന്നും തിരിച്ചുള്ള വൈദ്യുതസന്ദേശ ചലനങ്ങള്‍ Ganglions വഴി സുഷുമുനയിലെയോ മസ്തിഷ്കത്തിലെയോ കേന്ദ്രങ്ങളിലും എത്തും. പ്രപഞ്ചമാറ്റങ്ങളും അന്തരീക്ഷമാറ്റങ്ങളും ഈ മാര്‍ഗ്ഗേണയാണ് സ്വതന്ത്ര നാഡിവ്യൂഹം, ഹോര്‍മോണ്‍ ഗ്രന്ഥികള്‍, അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നത്.

ശരീരത്തില്‍ ഇരുവശത്തും അദൃശ്യമായി ഏകദേശം പന്ത്രണ്ട് മുഖ്യ ഊര്‍‍ജ്ജചാലുകളും എട്ട് അസാമാന്യ ഊര്‍‍ജ്ജചാലുകളും നിലകൊള്ളുന്നുണ്ട് എന്നും, ഇവ ആന്തരികാവയവങ്ങളുമായും പേശികള്‍, രക്തകുഴലുകള്‍, ഞരമ്പുകള്‍, ചര്‍മ്മം എന്നിവയുമായും പ്രത്യേകിച്ച് കൈവെള്ളയിലേയും ഉള്ളംകാലിലേയും ചര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് സങ്കല്‍പ്പം. ആരോഗ്യാവസ്ഥ അനുഭവിക്കണമെങ്കില്‍ ഈ ചാലുകളിലൂടെ ജീവശക്തി തടസ്സം ഇല്ലാതെ, അനുസ്യൂതം പ്രവഹിക്കണം.

അവയവങ്ങളിലെ തകരാറുകള്‍‍‍, ദേഹദ്രാവകങ്ങളിലെ വ്യത്യാസങ്ങള്‍, നാഡീരോഗങ്ങള്‍, ധമനികളിലെയും സിരകളിലെയും തകരാറുകള്‍ എന്നിവ മൂലം ഈ ഊര്‍ജ്ജചാലുകളില്‍ എവിടെയെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ബന്ധപ്പെട്ട ആന്തരിക അവയവങ്ങളില്‍‍, ഭാഗങ്ങളില്‍, പേശികളില്‍, മസ്തിഷ്കകേന്ദ്രങ്ങളില്‍, ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കാല്‍പാദത്തിലേയും കൈവെള്ളയിലേയും കേന്ദ്രങ്ങളില്‍ ഊര്‍ജ്ജശക്തി ഒഴുകിയെത്തുന്നത് തടസ്സപ്പെടും. ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് വീക്കം സംഭവിച്ചാല്‍, ചാലുകളും ആയി ബന്ധപ്പെട്ട ചര്‍മ്മത്തിലെ റിഫ്ലക്സ് കേന്ദ്രങ്ങളില്‍, ആ സന്ദര്‍ഭത്തില്‍ അമര്‍ത്തുമ്പോള്‍ ഒരുതരം വേദന അനുഭവപ്പെടും.

ഏത് പദാര്‍ഥത്തിനും രണ്ട് ധ്രുവങ്ങള്‍ ഉള്ളതായി സങ്കല്‍പ്പിക്കാം. വൈദ്യുത സ്വഭാവമുള്ള പദാര്‍ഥമാണ്‌ എങ്കില്‍ നെഗറ്റീവ് ധ്രുവത്തില്‍ നിന്ന് പോസിറ്റീവ് ധ്രുവത്തിലോട്ട് വൈദ്യുതി ഒഴുകും. ദേഹത്തെ സംബന്ധിച്ച് ആണെങ്കില്‍ വൈദ്യുത ചാര്‍ജുകള്‍ മുഖ്യമായും മേല്‍ ഭാഗത്ത് നിന്ന് കീഴോട്ട്, വലത്ത് നിന്ന് ഇടത്തോട്ട് എന്ന രീതിയിലാണ് സഞ്ചരിക്കുന്നത്. ഇത്തരം വൈദ്യുത ഒഴുക്കില്‍ തടസ്സം നേരിട്ടാലും വേദന ഉടലെടുക്കും.

ഉള്ളംകയ്യിലോ ഉള്ളംകാലിലോ അതിന്‍റെ പിന്‍ഭാഗത്തോ, കട ഭാഗത്തോ അമര്‍ത്തുമ്പോള്‍ ഏതെങ്കിലും കേന്ദ്രങ്ങളില്‍ വേദന തോന്നുന്നുവെങ്കില്‍ അവിടെ മുപ്പത് തവണ തുടര്‍ച്ചയായി അമര്‍ത്തണം. അമര്‍ത്തുന്നതിന്‍റെ ഫലമായി ചെറിയ തോതില്‍ താപോര്‍ജ്ജം രൂപപ്പെടും. അതോടൊപ്പം ഒരുതരം വൈദ്യുത ചാലക ഊര്‍ജ്ജം (Electro motive forceഉടലെടുക്കും. അത് വേഗത്തില്‍ സഞ്ചരിച്ച് ഊര്‍ജ്ജ ബ്ലോക്ക്‌ രൂപപ്പെട്ട ഭാഗത്ത് എത്തി അവിടെയും ഒരു ലഘു ഊര്‍ജ്ജം സൃഷ്ടിക്കും. ബന്ധപ്പെട്ട ഹോര്‍മോണ്‍ ഗ്രന്ഥികളില്‍ എത്തുമ്പോള്‍ അവയെ ഉത്തേജിപ്പിക്കും. ഇതിന്‍റെയെല്ലാം ഫലമായി അതേ വശത്തുള്ള രോഗബാധിത അവയവത്തില്‍ ചൂട് കൂടും. രക്തകുഴലുകള്‍ വികസിക്കും. കാര്‍ബണ്‍ ഡയോക്‌സയിഡ്‌ അംശം കൂടുതലായി പുറത്തോട്ട് നീങ്ങും. ഓക്സിജന്‍ പ്രവാഹം വര്‍ദ്ധിക്കും. ഇതുമൂലം വീക്കം, വേദന എന്നിവ ശമിക്കുന്നു.

സമ്മര്‍ദ്ദചികിത്സ ചെയ്യുന്നതിന് മുന്നോടിയായി കൈവെള്ളയില്‍, കാല്‍വെള്ളയില്‍, ഒപ്പം മറ്റ് ചര്‍മ്മഭാഗത്തും മൃദുത്വം, ചുളിവ്, വേദന, തടിപ്പ്, ചുവപ്പ്, മരവിപ്പ് തുടങ്ങിയവ ഉള്ള കേന്ദ്രങ്ങള്‍ ഏതെല്ലാമാണ് എന്ന് ചോദിച്ചോ പരിശോധിച്ചോ തിരിച്ചറിയണം. അത്തരം ഭാഗങ്ങളില്‍ നേരിട്ട് ചെറുതായി വേദന അനുഭവപ്പെടുന്ന രീതിയില്‍ മുപ്പത് തവണ പെരുവിരല്‍ കൊണ്ട് അമര്‍ത്തണം. അമര്‍ത്തുന്ന ആളുടെ രണ്ട് കയ്യിന്‍റെയും പെരുവിരല്‍ സമാന്തരമായോ അഭിമുഖം ആയോ കൂട്ടി വെച്ചും അമര്‍ത്താം.

ജ്വരത്തില്‍ വലത് പെരുവിരലിന്‍റെ അറ്റത്ത്‌ സമ്മര്‍ദ്ദചികിത്സ ചെയ്യണം. ആമാശയ സംബന്ധമായ പ്രയാസങ്ങള്‍ക്ക് ഇടത്കൈയില്‍ ശുക്രമണ്ഡലത്തില്‍ അമര്‍ത്തണം. ശിരോരോഗങ്ങള്‍, മൂലരോഗങ്ങള്‍. കുടല്‍ രോഗങ്ങള്‍ എന്നിവയില്‍ യഥാക്രമം വിരല്‍ ആഗ്രങ്ങള്‍; കണം ക്കൈ, കണംക്കാല്‍ ഭാഗങ്ങള്‍; കൈവെള്ള, കാല്‍വെള്ള എന്നിവയുടെ മദ്ധ്യഭാഗം എന്നിവയില്‍ അമര്‍ത്തണം.

മസ്തിഷ്കം, കഴുത്ത് എന്നീ ഭാഗങ്ങളിലെ പ്രയാസങ്ങള്‍ക്ക് യഥാക്രമം പെരുവിരലിന്‍റെ അഗ്രഭാഗത്തും കടഭാഗത്തും എന്നോണം  അമര്‍ത്തണം. കുട്ടികളില്‍ പഠിത്തത്തിലെ ശ്രദ്ധക്കുറവ്, വാശി എന്നീ പ്രയാസങ്ങള്‍ക്ക് ചെവിയില്‍ അമര്‍ത്താം. ഇത്തരം പ്രയോഗങ്ങള്‍ ദുര്‍ബലരിലേയും കുട്ടികളിലേയും ആലസ്യരോഗങ്ങളില്‍, സഹജരോഗങ്ങളില്‍, ആഗന്തുകരോഗങ്ങളില്‍ ഉടനടി ഫലം നല്‍കും.

ദേഹം മുഴുവന്‍ എണ്ണ പുരട്ടി അമര്‍ത്തുന്നത് ഉന്‍മേഷത്തെ വര്‍ദ്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ കാല്‍പാദത്തില്‍ നിന്ന് തുടങ്ങി നാഭിഭാഗത്ത് അവസാനിക്കുന്നരീതിയിലും കയ്യില്‍ നിന്ന് തുടങ്ങി തലയില്‍ അവസാനിക്കുന്ന രീതിയിലും മസാജ് ചെയ്യണം. നട്ടെല്ലില്‍ ഇരുവശത്തും എന്നോണം ഉടനീളത്തിലും വിലങ്ങനെയും തടവണം. രണ്ടാംഘട്ടത്തില്‍ കാലില്‍ നിന്നും തലയില്‍ നിന്നും തുടങ്ങി ഇടത് കൈവെള്ളയില്‍ അവസാനിക്കുന്ന വിധം തടവണം. വശങ്ങളില്‍ നിന്ന് മസാജ് ചെയ്യുമ്പോള്‍ വലത്ത് നിന്ന് ഇടത്തോട്ട് തടവണം. തന്‍മൂലം ദോഷശക്തി ഇടത്തോട്ടും, പ്രകൃതിയില്‍ നിന്നുള്ള ബ്രഹ്മശക്തി വലത്തോട്ടും നീങ്ങും.

ശിരസ്സില്‍ ഉച്ചിയിലും, നെറ്റിയില്‍ രണ്ട് പുരികത്തിന് മദ്ധ്യേയും, നട്ടെല്ലിന്‍റെ ഇരുവശത്തായി ഉടനീളത്തില്‍ അഞ്ച് വിത്യസ്ത കേന്ദ്രങ്ങളിലും പലതവണ വൃത്താകൃതിയില്‍ അമര്‍ത്തുന്നത് ഊര്‍ജസ്വലത വര്‍ദ്ധിച്ചുകിട്ടാന്‍ സഹായിക്കും. മൃദുവായ ഭാഗത്ത് മൃദുവായി തന്നെ തടവണം. സ്ത്രീകളില്‍‍ ഇടത്കൈ കൊണ്ട് മസാജ് ചെയ്യുന്നതാണ് അഭികാമ്യം.

മൃദുരോഗങ്ങളുടെ ആരംഭത്തില്‍ കാന്തം ഉപയോഗിച്ചുള്ള പ്രയോഗവും ചിലരില്‍ പ്രയോജനം ചെയ്യും. ശരീരത്തില്‍ ശിരോഭാഗം, വലതുവശം മുന്‍ഭാഗം, ഇടതുവശം പിന്‍ഭാഗം എന്നിവ ഉത്തരധ്രുവം ആയും മൂലഭാഗം, കാല്‍ഭാഗം, ഇടതുവശം മുന്‍ഭാഗം, വലതുവശം പിന്‍ഭാഗം എന്നിവ ദക്ഷിണധ്രുവം ആയും സങ്കല്‍പ്പിക്കണം. ദേഹത്ത് ഏത് ധ്രുവത്തിലാണ്, ഏത് ഡിഗ്രിയിലാണ് രോഗം അനുഭവപ്പെടുന്നത് അത് ആധാരമാക്കി ആ ഭാഗത്ത്‌ കാന്തത്തിന്‍റെ സമാനധ്രുവം പ്രയോഗിക്കണം.

No comments:

Post a Comment