ആരോഗ്യം, ആനന്ദം, ആയുസ്സ് എന്നിവ അനുഭവിക്കാന്‍ ദേഹം കൊണ്ടും മനസ്സ് കൊണ്ടും പകലും രാത്രിയും അനുഷ്ഠിക്കേണ്ട പ്രവൃത്തികളാണ് ദിനചര്യ. ഇവ ദേഹപ്രകൃതിക്കും പ്രായത്തിനും തൊഴിലിനും കുടുംബത്തിനും സമൂഹത്തിനും ദേശത്തിനും എല്ലാം ഇണങ്ങുന്നത് ആകണം. ഹോമിയോ എന്നാല്‍ സമാനം എന്നുകൂടാതെ ഇണക്കം, മാര്‍ഗ്ഗം എന്നും അര്‍ത്ഥമുണ്ട്. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, രോഗനിവാരണം എന്നിവയെ ലക്ഷ്യംവെച്ച് ഓരോരുത്തരും നിത്യവും അനുഷ്ഠിച്ചുപോരുന്ന കര്‍മ്മങ്ങളും ദിനചര്യകളില്‍ ഉള്‍പ്പെടും.
ജീവിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാനസികമായും ശാരീരികമായും ചൈതന്യത്തോടെയും സന്തോഷത്തോടെയും സുഖമായി ജീവിക്കുക എന്നതാണ്. അതിനുതകുന്ന നിരവധി ആരോഗ്യകാര്യങ്ങള്‍ നിത്യവും ചെയ്യണം.
ആഹാരം, ശുചിത്വം, അദ്ധ്വാനം, വിശ്രമം, പെരുമാറ്റം എന്നിവയില്‍ ചില സാമാന്യചിട്ടകള് നിത്യവും പാലിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. രാജ്യനിയമങ്ങള്‍ അനുസരിക്കുക, കുടുംബാംഗങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യക, അയല്‍ക്കാരെ വിശ്വാസത്തില്‍ എടുക്കുക എന്നതും കര്‍ത്തവ്യത്തില്‍പ്പെട്ട കാര്യങ്ങളാണ്. ഓരോരുത്തരും ദിനംപ്രതി ചെയ്യേണ്ട ധര്‍മ്മങ്ങള്‍ ഏതെല്ലാമാണ് എന്ന് അന്വേഷിച്ച് അറിഞ്ഞ് അത് അനുഷ്ഠിക്കണം. അപ്രകാരം ചെയ്താല്‍ വൈകിയായാലും സുഖം അനുഭവപ്പെട്ടുകിട്ടും. സ്വാതികരായ സന്തതികള്‍ ജനിക്കും. അധര്‍മ്മം ചെയ്താല്‍ മഹാരോഗങ്ങള്‍ പിടിപെടും. തമസ് ഗുണമുള്ള സന്തതികള്‍ ജനിക്കും. അധര്‍മ്മങ്ങളുടെ ഫലങ്ങള്‍ കുടുംബാംഗങ്ങളും സന്തതികളും കൂടാതെ അവരുടെ പരമ്പരകളും അനുഭവിക്കേണ്ടതായി വരും.
രാവിലെ ഉണരാന്‍ ഉതകുംവിധം രാത്രി നേരത്തെ തന്നെ കിടക്കണം. അതിരാവിലെ ഉണര്‍ന്നാല്‍ ദേഹചൈതന്യം വര്‍ദ്ധിക്കും. പ്രവര്‍ത്തിക്കാനുള്ള സമയം ലഭിക്കും. സൂര്യോദയത്തിന് അര മണിക്കൂര്‍ മുന്‍പേയുള്ള സമയത്ത് എങ്കിലും ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം. വലതുവശം ചരിഞ്ഞ് എഴുന്നേറ്റ് അല്പനേരം കിടക്കയില്‍ ഇരിക്കണം. ഉണര്‍ന്നുകഴിഞ്ഞാല്‍ ഉടനെതന്നെ വായയും മുഖവും കഴുകണം.
ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കണം. പഴുത്ത മാവില, പേരയില എന്നിവ തനിച്ചോ ഉപ്പ്, കുരുമുളക്, ചുക്ക്, തിപ്പല്ലി എന്നിവ പൊടിച്ചത് കൂട്ടിചേര്ത്തോ, അടക്ക ചുട്ടുപൊടിച്ചതോ, ടൂത്ത്പേസ്റ്റ്, ഉമിക്കരി എന്നിവയില്‍ ഏതെങ്കിലും ഒന്നോ ദന്തശോധനക്ക് ഉപയോഗിക്കാം. സോഡാക്കാരവും വെളിച്ചെണ്ണയും നന്നായി കലര്‍ത്തി തയ്യാറാക്കിയ മിശ്രിതവും ഇതിന് പകരമായി പരീക്ഷിക്കാവുന്നതാണ്. പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളില്‍ എരിവ് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ദുഷിച്ച കഫം എളുപ്പം പുറത്തുപോയി കിട്ടും. നൈട്രേറ്റ്, ഫ്ലൂറയിഡ് എന്നിവ അധികം കലര്‍ന്ന ടൂത്ത്പേസ്റ്റ് ഒഴിവാക്കണം. ദേഹത്തില്‍ ഫ്ലൂറയിഡ് എത്തുന്നത് അധികമായാല്‍ മസ്തിഷ്കത്തിലും പിനിയല്‍ ഗ്രന്ഥിയിലും അലുമിനിയം അടിഞ്ഞ് ഊറാന്‍ ഇടവരും. അത് അകാലത്തില്‍ ഓര്‍മ്മക്കുറവ് പിടിപെടാന്‍ കാരണമാകും. അടുക്കളയില്‍ നിന്നും കക്കുസയില്‍ ഇരുന്നും പല്ല് തേക്കരുത്. എക്കിള്‍, ഹൃദയരോഗം, തൊണ്ടരോഗം എന്നിവ ഉള്ളവര്‍ പല്ല് അമര്‍ത്തി തേക്കരുത്. പായസം, മധുരം അധികം ചേര്‍ത്ത പലഹാരങ്ങള്‍, അധികം ചൂടോടെയുള്ള ആഹാരങ്ങള്‍, ഐസ്ക്രീം എന്നിവ സ്ഥിരമായി കഴിച്ചാല്‍ പല്ല് വേഗത്തില്‍ കേടാകും. പല്ല് നന്ന് എങ്കില്‍ പാതി നന്ന് എന്നാണ് ചൊല്ല്.
പല്ല് തേച്ചുകഴിയുമ്പോള്‍ നാക്ക് വടിക്കണം. നാക്ക് വടിച്ചാല്‍ മുഖത്തിന് കാന്തി ലഭിക്കും. നാക്കിന്റെ പിന്നറ്റത്ത് അഴുക്കുകള്‍ അടിഞ്ഞു കൂടുന്നതും മോണയിലെ രോഗാണുബാധയുമാണ് വായ്നാറ്റത്തിന് പ്രധാന കാരണം. തണുത്ത ജലം ഉപയോഗപ്പെടുത്തി കവിള് പലതവണ കുലുക്കിയുഴിയണം. വായ കഴുകുന്ന ജലത്തില്‍ ഉപ്പ്, നാരങ്ങനീര്, കരയാമ്പൂ എന്നിവ ചേര്‍ക്കാം. വെളിച്ചെണ്ണ പതിനഞ്ച് തുള്ളി ചേര്‍ക്കുന്നത് വായവരള്‍ച്ച ഉള്ളവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. മോണയില്‍ നിന്ന് രക്തസ്രാവം വരുന്നവര്‍ ആണെങ്കില്‍ സിങ്ക് സല്‍ഫേറ്റ് കലര്‍ന്ന ലായനി ഉപയോഗിച്ച് മോണ തടവണം.
രണ്ട് തുള്ളി കടുകെണ്ണയോ നല്ലെണ്ണയോ കുറച്ചുദിവസം പതിവായി മൂക്കില്‍ നിര്‍ത്തുന്നത് അകാലത്തില്‍ നര ബാധിക്കുന്നതിനെ ചെറുക്കും. മൂക്കടപ്പ് വര്‍ദ്ധിക്കുന്നതിനെ കുറയ്ക്കും. മൂക്കിലെ രോമം പറിക്കരുത്. അത് കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കും.
പക്ഷത്തില്‍ ഒരിക്കല്‍ എന്നോണം രണ്ട് തുള്ളി എണ്ണ കുളിക്കുന്നതിന് മുന്‍പ് ചെവിയില്‍ നിര്‍ത്തിയാല്‍ കേള്‍വിശക്തി വര്‍ദ്ധിച്ചുകിട്ടും. തലകറക്കം അനുഭവപ്പെടുന്നത് കുറയും. കഴുത്തിലെ പേശിപിടുത്തവും കുറയും. മഞ്ഞ് തട്ടിയും കാറ്റ് ഏറ്റും ചെവിക്ക് ഉണ്ടാകാനിടയുള്ള പ്രയാസങ്ങളെ പ്രതിരോധിക്കും. ആഴ്ചയില്‍ ഒരിക്കല്‍ എന്ന തോതില്‍ കണ്മഷി എഴുതുന്നത് കണ്ണിലെ കഫമലം പരിഹരിക്കാന്‍ ഉതകും. കഫമലം കൂടിയാല്‍ കാഴ്ചശക്തി കുറയും. കണ്ണ് മിഴിപ്പിച്ച് സുറുമ ഇടണം. ക്ഷീണിച്ചവരും പനിയുള്ളവരും ഉറക്കം ഒഴിച്ചവരും കണ്ണില്‍ അഞ്ജനം എഴുതരുത്. രാവിലെ പത്ത് മണിക്കും വൈകീട്ട് നാല് മണിക്കും മദ്ധ്യേ വെയില് അധികമുള്ള സമയത്ത് കണ്ണില്‍ മരുന്ന് ഒഴിക്കരുത്. കണ്ണില്‍ നിന്ന് ജലം ഒഴുകി പോകുന്നത് തലവേദന കുറയാന്‍ സഹായിക്കും. കണ്ണുനീര് കരഞ്ഞ് കളയാന്‍ നല്ലത് രാത്രിയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ആഹാരയിനങ്ങള്‍ കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണ്. ഇവ അസ്റ്റിഗ്മാറ്റിസം പോലുള്ള പ്രയാസങ്ങളെ പരിഹരിക്കും. പേരക്ക, കാരറ്റ്, നെല്ലിക്ക എന്നിവയില്‍ ഇത്തരം ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങള്‍ അധികം അടങ്ങിയ ആഹാരയിനങ്ങള്‍, അച്ചാര്‍ എന്നിവ കണ്ണിന് നല്ലതല്ല.
പുല്ലിലൂടെയോ തിരക്കില്ലാത്ത റോഡിലൂടെയോ കുറച്ചുനേരം നടക്കണം. കുറച്ചുദൂരം ചെരിപ്പില്ലാതെയും നടക്കണം. നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ശ്വസനവ്യായാമം ചെയ്യണം. ശ്വസനവ്യായാമം ചെയ്യുമ്പോള്‍ ആദ്യം വായുവിനെ പരമാവധി പുറത്ത് കളയണം. ശ്വസനനിരക്ക് കുറയാന്‍ വേണ്ട രീതിയിലാണ് ശ്വസനഅഭ്യാസം ചെയ്യേണ്ടത്. ഉദരപേശികള്‍ വിറപ്പിച്ചുകൊണ്ടുള്ള കളി അഭ്യാസങ്ങള്‍ ഒഴിവാക്കണം. ഓരോ സന്ധികള്‍ക്ക് അയവും പേശികള്‍ക്ക് ബലവും ലഭിക്കുംവിധമുള്ള ലഘുവ്യായാമങ്ങള്‍ പ്രത്യേകം പ്രത്യേകമായി ക്രമത്തില്‍ ചെയ്യണം. വ്യായാമം പതിവായി ചെയ്താല്‍ ദഹനശക്തി വര്‍ദ്ധിക്കും. കനക്കുറവും പ്രവൃത്തിസാമര്ത്ഥ്യവും അനുഭവപ്പെട്ടുകിട്ടും.
പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ശേഷം ദേഹശുദ്ധി വരുത്താനായി ഒരുങ്ങണം. മീശ, തലമുടി, നഖം എന്നിവയുടെ അറ്റം അയ്യഞ്ചുദിവസം കൂടുമ്പോള്‍ മുറിച്ച് നന്നാക്കി വെക്കണം.
ചര്‍മ്മത്തില്‍ എണ്ണ പുരട്ടുന്നവര്‍ ആണെങ്കില്‍ കുളിക്കുന്നതിന് പതിനഞ്ച് മിനുട്ട് മുന്‍പേ പുരട്ടണം. നല്ലെണ്ണയ്ക്ക് താരതമ്യേനെ ഉഷ്ണം കുറവാണ്. തലയില്‍ തേച്ചാല്‍ രാത്രിയില്‍ ഉറക്കം കിട്ടും. ചെവികളിലും തേക്കണം. കാല്പാദത്തില് തേച്ചാല്‍ ദുര്‍ഗന്ധവും ചൊറിച്ചിലും മാറി കിട്ടും. കാഴ്ചശക്തി കൂടി കിട്ടും. നിത്യവും കുളിക്കുന്നതിന് മുന്നോടിയായി ദേഹത്ത് മരുന്നുകള്‍ ഇട്ട് കാച്ചിയ എണ്ണ തേക്കുന്നത് ശീലമാക്കിയാല്‍ വാതവേദന കുറയും. ആയുസ്സ് വര്‍ദ്ധിക്കും. കഫപ്രകൃതിക്കാരോ ചെവിരോഗം ഉള്ളവരോ ആണെങ്കില്‍ തലയില്‍ എണ്ണ തേക്കണമെന്നില്ല.
വെയില് മൂക്കുന്നതിന് വളരെ മുന്‍പേ തന്നെ കുളിക്കണം. നട്ടുച്ചയ്ക്കും വൈകീട്ട് ഏഴ് മണിക്കും ശേഷവും മുങ്ങി കുളിക്കരുത്. വേനല്‍ക്കാലത്ത് പറ്റുമെങ്കില്‍ വൈകുന്നേരവും കുളിക്കണം. വായില്‍ ജലം കൊള്ളാതെ കുളിക്കരുത്. ചകിരി ഉപയോഗിച്ച് കൈ കൊണ്ട് കാലടക്കമുള്ള ഭാഗങ്ങള്‍ ഉരസി കഴുകണം. ഗാന്ധിജി കുളിക്കുന്ന വേളയില്‍ കരിങ്കല്ല് കൊണ്ട് ചര്‍മ്മം ഉരസിയിരുന്നു. ആരോഗ്യസ്ഥിതി പ്രതികൂലമാണെങ്കില്‍ നിത്യവുമുള്ള കുളി ഒഴിവാക്കണം.
കുളിക്കുന്ന വേളയില്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് പലതവണ ഉരസി കഴുകണം. കുളി കഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം. പറ്റുമെങ്കില്‍ കൈകാലുകള്‍ ദിവസത്തില്‍ പലതവണ കഴുകണം. ഇതുമൂലം ക്ഷീണം മാറി കിട്ടും. ശുക്ല അളവ് വര്‍ദ്ധിക്കും. കാഴ്ചശക്തി മെച്ചപ്പെടും.
രാവിലേയും ഉറങ്ങാന്‍ കിടക്കുമ്പോഴും ആരോഗ്യസ്ഥിതിയെ കുറിച്ച് ചിന്തിക്കണം. ദിവസം മുഴുവനും സുഖവും സന്തോഷവും ഉണ്ടാകേണമേ എന്ന് പ്രാര്‍ത്ഥിക്കണം. രോഗം എന്നത് മുഷിപ്പ്, അസ്വസ്ഥത, ദുഃഖം, തളര്‍ച്ച, വേദന, നീര്, പേശിപിടുത്തം, പേശിതളര്‍ച്ച എന്നിവയെല്ലാമാണ്. ഓരോരുത്തരുടെയും മുഖ്യകര്‍ത്തവ്യം ദേഹസംരക്ഷണം ആയതുകൊണ്ട് ആദ്യം രോഗപരിഹാരത്തിനുള്ള മരുന്ന് കഴിക്കണം.
രാവിലെ കഴിച്ച മരുന്ന് ദഹിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. ദഹനരസങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സമയങ്ങളില്‍ മരുന്നുകള്‍ ആദ്യം കഴിച്ചാല്‍ മരുന്നുകള്‍ നിര്‍വ്വീര്യമായി പോകാന്‍ ഇടയുണ്ട്. രാത്രിയില്‍ ആണെങ്കില്‍ ഭക്ഷണം കഴിച്ച് ദഹിച്ച ശേഷമാണ് മരുന്ന് കഴിക്കേണ്ടത്. ലഘുയിനം മരുന്നുകളോ ആമാശയരോഗത്തിനുള്ള മരുന്നുകളോ ആണെങ്കില്‍ ആഹാരത്തിന് മുന്‍പ് കഴിക്കണം.
ഔഷധസേവ എന്നത് “വിഷ സേവ” ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും മരുന്ന് പ്രവര്ത്തിച്ചുകൊണ്ടിരിക്കേണ്ട രീതിയിലാണ് ചിലര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. ചിലര്‍ മരുന്നുകള്‍ കഴിക്കുന്നത്. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഒരേ ദുരിതം ഉണ്ടാകാറില്ല. ശരീരത്തെ ഇരുപത്തിനാല് മണിക്കൂര്‍ നേരവും വിഷമരുന്നില് കുളിപ്പിക്കരുത്. കൂട്ടിയും കിഴിച്ചും ഗുണിച്ചും ചിത്രങ്ങളെ ആധാരമാക്കിയും രോഗനാമങ്ങള്‍ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിച്ചും മരുന്ന് കഴിച്ചും ഔഷധജന്യരോഗങ്ങളെ സ്വയം സൃഷ്ടിക്കരുത്.
ഔഷധസേവയ്ക്ക് ശേഷം ശീതദേഹപ്രകൃതിക്കാര്‍ ആണെങ്കില്‍ ആരോഗ്യസംരക്ഷണത്തിന് ദിനംപ്രതി ആകെ വേണ്ടതായ ഊര്ജ്ജമൂല്യത്തിന്റെ ഏഴില്‍ ഒരു ഭാഗം എന്നതോതില്‍ പ്രാതല്‍ ഭക്ഷണം കഴിക്കാം. തുടര്‍ന്ന് കര്‍ത്തവ്യനിര്‍വ്വഹണത്തെ കുറിച്ചും പരോപകാരം ചെയ്യേണ്ടത് സംബന്ധിച്ചും ചിന്തിച്ച് അതില്‍ ഏര്‍പ്പെടണം.
ഉഷ്ണപ്രകൃതിക്കാര്ക്ക് രാവിലെയും രാത്രിയും ഗുരു ഇനത്തില്‍പ്പെട്ട ഭക്ഷണം കഴിക്കാം. ഉച്ചയ്ക്ക് ലഘുയിനത്തില്പ്പെട്ട ആഹാരം കഴിച്ചാലും മതിയാകും. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ ഉച്ചയ്ക്ക് ലഘു ആഹാരം ഉറപ്പായും കഴിക്കണം. പാല് കലര്‍ത്തി തയ്യാറാക്കിയ വിഭവങ്ങള്‍ ഉഷ്ണപ്രകൃതിക്കാര്ക്ക് ഗുണകരമാണ്. പാലിലെ നൈട്രേറ്റ് അംശങ്ങള്‍ പരിണമിക്കുംവിധം അധികം ചൂടില്‍ തിളപ്പിക്കരുത്. പാല് വിഭവങ്ങള്‍ ദിവസം മൂന്നു നേരവും കഴിക്കരുത്. ഐസ്ക്രീം, തൈര് എന്നിവ രാത്രി സമയങ്ങളില്‍ പതിവായി കഴിച്ചാല്‍ അതിലടങ്ങിയ കൊളസ്ട്രോള്‍ ഘടകം പിത്തസഞ്ചിയിലോ ധമനികളിലോ ഒട്ടിപിടിക്കാന്‍ ഇടവരും. ശരീരത്തില്‍ വീക്കം ഉടലെടുക്കാനും അത് കാരണമാകും. ചിലരില്‍ ഫോസ്ഫറസ് ഉപാപചയവും വിത്യസപ്പെടും. പ്രമേഹത്തിന് പ്രേരണയാകും.
കേരളീയരില്‍ ഭൂരിഭാഗവും ശീത ദേഹപ്രകൃതിക്കാരാണ്. ശീത പ്രകൃതിക്കാര്‍ക്ക് രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നീ നേരങ്ങളില്‍ 1:4:2 എന്ന അനുപാതത്തില്‍ ആഹാരത്തിന്റെ അളവ് ക്രമീകരിക്കാം. ആഹാരശീലങ്ങളില്‍ ധ്രുവദേശക്കാരേയും അന്യദേശക്കാരേയും യുക്തിരഹിതമായി അനുകരിക്കരുത്. അവരുടെ ആരോഗ്യനിയമങ്ങളും ഉപദേശങ്ങളും അവര്‍ക്കുള്ളതാണ് എന്നറിയണം.
അതിരാവിലെ തന്നെ തണുത്ത ജലം അധികം അളവില്‍ കുടിച്ചാല്‍ ആമാശയത്തിലെ അഗ്നിബലം കുറയും. തന്മൂലം ദഹനവും ആഗീരണവും കുറയും. ചൂടുള്ള ജലമായാലും രാവിലെ തന്നെ നാനൂറ്റി അന്‍പത് മില്ലിയിലധികം കുടിക്കരുത്. ജലം അധികം അളവില്‍ കുടിച്ചാല്‍ മേഹരോഗങ്ങള്‍ പിടിപെടും.
ധാന്യങ്ങള്‍, പയറുകള്‍ എന്നിവയെ മുളപ്പിച്ച് തയ്യാറാക്കിയതും അവയെ പുളിപ്പിച്ച് തയ്യാറാക്കിയ വിഭവങ്ങളും അധികം അളവില്‍ തിന്നരുത്. ധാന്യങ്ങള്‍ വേവിച്ച് അത് മാത്രമായും അധികം അളവില്‍ കഴിക്കരുത്. ആദ്യം കഴിച്ച ധാന്യാഹാരം ദഹിക്കുന്നത് മുന്‍പ് വീണ്ടും ധാന്യാഹാരം കഴിച്ചാല്‍ അന്നജത്തിന്റെ ദഹനം പൂര്‍ണ്ണമാകാതെ ഘനരൂപത്തില്‍ കുടലില്‍ നിന്ന് ആഗീരണം ചെയ്യപ്പെടും. അന്നജത്തിന്റെ സാന്ദ്രത രക്തത്തില്‍ വര്‍ദ്ധിക്കും. നേത്രദ്രാവകത്തില് അന്നജത്തിന്റെ തോത് അധികം ആയാല്‍ തലവേദന അനുഭവപ്പെടും. കാഴ്ചശേഷി കുറയും.
കേരളിയര്‍ക്ക് ദിവസത്തില്‍ രണ്ട് നേരം എന്നോണം ആഹാരം ക്രമീകരിക്കുന്നതാണ് ഉചിതം. വാര്‍ദ്ധക്യത്തില്‍ ഒരു നേരം ധാന്യം, രണ്ടുനേരം പഴം എന്ന രീതിയില്‍ വേണമെങ്കില്‍ ചിട്ടപ്പെടുത്താം. പഴവര്‍ഗ്ഗങ്ങളില്‍ മധുരമുള്ളവയെ രാവിലെയും കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ കലര്ന്നവയെ വൈകീട്ട് എന്നോണവും കഴിക്കണം. മഴക്കാറ് ഉള്ള ദിവസങ്ങളില്‍ കയ്പ്പ് ഉള്ളതിനെ വര്‍ജ്ജിക്കണം.
നിത്യാഹാരത്തില്‍ നെയ്യ് ഉള്‍പ്പെടുത്തണം എന്നുള്ളവര്‍ അത് പകല്‍ സമയങ്ങളില്‍ കഴിക്കണം. മലശോധന കുറവുള്ളവര്‍ ഭക്ഷണവേളയുടെ ആദ്യപകുതിയിലാണ് നെയ്യ് കഴിക്കേണ്ടത്. മത്സ്യം ഉള്‍പ്പെട്ട ആഹാരം കഴിക്കുന്ന സന്ദര്‍ഭമാണെങ്കില്‍ നെയ്യ്, പാല് ഉല്പന്നങ്ങള് എന്നിവ അധികം കഴിക്കരുത്. ആഹാരയിനങ്ങള്‍ പരസ്പരം വിരുദ്ധമാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. എല്ലാ ദിവസവും ഒരേതരം ആഹാരം തന്നെ കഴിക്കരുത്. ഇലക്കറികള്‍ കഴിക്കുന്നത് ആഴ്ചയില്‍ രണ്ടുതവണ മാത്രമായി ചുരുക്കണം.
പകല്‍സമയത്ത് ശീതയിനങ്ങള്ക്കും രാത്രിയില്‍ ഉഷ്ണയിനങ്ങള്ക്കും മുന്‍ഗണന നല്‍കാം. ഗ്രീഷ്മം, ശരത് എന്നീ ഋതുക്കളില്‍ ദിവസത്തില്‍ മൂന്ന് നേരവും ശീതയിന ആഹാരങ്ങള്‍ തന്നെ കഴിക്കാം. വിശപ്പ് കൂട്ടുന്ന ഒന്നാണ് മുന്തിരി. മുന്തിരിജ്യൂസ് ആഹാരത്തിന് മുന്‍പ് കുടിക്കാം. മുന്തിരിയില്‍ കീടനാശിനി ചേര്‍ക്കുന്നതും അത്തരം മുന്തിരി വില്പന നടത്തുന്നതും പാപമാണ്. ദഹനശേഷി, വിശപ്പ് എന്നിവ കുറഞ്ഞവര്‍ ആഹാരം കഴിക്കുന്നതിന് മുന്‍പ് വിരലിലെ സന്ധികള്‍ ലഘുവായി ഞൊടിച്ചുനോക്കണം. ജലം ഇളം ചൂടോടെ കുടിക്കുകയോ ചെയ്യാം.
ശുഭവസ്ത്രങ്ങള്‍ ധരിക്കുന്നതും അതോടൊപ്പം ആഭരണങ്ങള്‍ അണിയുന്നതും സുഗന്ധതൈലം പൂശുന്നതും ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കും. ഉഷ്ണത്തെ കുറയ്ക്കും. ഇഷ്ടപ്പെട്ട ആളുകള്‍, പ്രിയപ്പെട്ട പദാര്‍ത്ഥങ്ങള്‍, പുഷ്പങ്ങള്‍, ഗ്രന്ഥങ്ങള്‍, പേഴ്സ് എന്നിവയെ തൊട്ടുവന്ദിച്ച് പുഞ്ചിരിപൂര്വ്വം യാത്രപോകുന്നത് ശുഭാപ്തിവിശ്വാസത്തെ പ്രദാനം ചെയ്യും. യാത്രയില്‍ ചെരിപ്പ്, കുട എന്നിവ ഉപയോഗിച്ച് ശീലിച്ചാല്‍ കാഴ്ചശക്തി, പുരുഷശക്തി എന്നിവ വര്‍ദ്ധിക്കും. യാത്രയ്ക്ക് സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ യാത്രക്ക് മുന്‍പ് വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. വാഹനം ഓടിക്കുമ്പോള്‍ റോഡുനിയമങ്ങള്‍ പാലിക്കണം. വഴിയാത്രക്കാരെ പരിഗണിക്കണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുംവിധത്തില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
വെയില് അധികം ഏറ്റുകൊണ്ട് ജോലി ചെയ്യരുത്. തലകറക്കം, അമിതദാഹം, അമിതവിയര്‍പ്പ് എന്നിവയ്ക്ക് അത് കാരണമാക്കും. കഫം ഉരുകും. ഈ ഘട്ടത്തില്‍ സ്തംഭനങ്ങളായ കയ്പ്പ്, ചവര്‍പ്പ് ദ്രവ്യങ്ങള്‍ കൂടി കഴിച്ചാല്‍ കഫം ഉറക്കും. ശ്വാസനാളിയില്‍ കഫം തങ്ങിയാല്‍ രാത്രിയില്‍ കാസം അനുഭവപ്പെടും.
രാവിലെ കോര്‍ട്ടിസോള്‍ തോത് വര്‍ദ്ധിക്കും. ഇതിന്റെ ഫലമായി ചിലരില്‍ രക്തസമ്മര്‍ദ്ദ തോത് രാവിലെ കൂടും. രാവിലെ രക്തസമ്മര്‍ദ്ദം കുറഞ്ഞാലും മിടിപ്പ് വളരെ കുറഞ്ഞാലും തലകറക്കം അനുഭവപ്പെടും. വൈകുന്നേര സമയങ്ങളില്‍ അന്തരീക്ഷചൂട് വര്‍ദ്ധിച്ചാല്‍ ഹൃദയമിടിപ്പ് കൂടും. അതിന് ആനുപാതികമായി രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യും. രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ ഒന്നിച്ചു കുറയുന്നതും കൂടുന്നതും രക്തപര്യയനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കയ്യിലെ രക്തസമ്മര്‍ദ്ദതോത് മാത്രമായി അന്വേഷിക്കുന്നവര്‍ ഒപ്പം ഹൃദയമിടിപ്പ് നിരക്കും പരിശോധിപ്പിച്ച് അറിയണം. കാലില്‍ പതിവായി വേദന അനുഭവപ്പെടുന്നുണ്ട് എങ്കില്‍ കാലിലെ രക്തസമ്മര്‍ദ്ദം വളരെ അധികം കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിപ്പിക്കണം. രക്തസമ്മര്‍ദ്ദം കയ്യിലേതിനേക്കാള് വളരെ കുറവാണെങ്കില്‍ നിത്യവും രാവിലെ അര കിലോമീറ്റര്‍ ദൂരം നടക്കണം. ഹൃദയമിടിപ്പ് കൂടുതല്‍ ഉള്ളവര്‍ വ്യായാമം അധികം ചെയ്യരുത്. അകാരണമായി മിടിപ്പ് കൂടി അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കണം. ശീതജലം കുടിച്ച് നോക്കണം. ശ്വാസം ദീര്‍ഘമായി വിടണം. കഴുത്തിന്റെ ഒരുവശം തടവി നോക്കണം. ഹൃദയമിടിപ്പ് പതിവായി വര്‍ദ്ധിക്കുന്നവര്‍ മധുരദ്രവ്യങ്ങള്‍ കഴിക്കണം. വ്രതം അനുഷ്ടിക്കുന്നത് ഒഴിവാക്കണം. ചായ, കാപ്പി എന്നിവയുടെ ഉപയോഗവും കുറയ്ക്കണം.
വാര്‍ദ്ധക്യം അടുക്കുമ്പോള്‍ നാഡീവ്യൂഹത്തിന്റെയും പേശികളുടേയും ആരോഗ്യം കുറയും. വിറയല്‍, തലകറക്കം അനുഭവപ്പെടുന്നവര്‍ വായില്‍ എന്തെങ്കിലും ഇട്ട് ഇടയ്ക്ക് ചവയ്ക്കുന്നത് നല്ലതാണ്. കൊപ്ര, അവല്, തേങ്ങയും അരിപൊടിയും ചേര്‍ത്ത് വറുത്ത് തയ്യാറാക്കിയ പൂരപ്പൊടി, മാതളം എന്നിവയില്‍ ഒന്ന് ചവയ്ക്കാനായി ഉപയോഗിക്കാം. പൊതുസ്ഥലങ്ങളിലും പൊതുവഴിയിലും വെച്ച് ചവയ്ക്കരുത്. കാണുന്നവര്‍ക്ക് ആരോചകമാകും വിധം താടി ചലിപ്പിക്കരുത്. അവിടെയും ഇവിടെയും മറ്റും തുപ്പരുത്.
ഉച്ചയ്ക്ക് ഇത്തിരി നേരം കിടന്നാല്‍ ദഹനശക്തി വര്‍ദ്ധിക്കും. അമ്ലത അധികം ഉള്ളവര്‍ പകല്‍ സമയങ്ങളില്‍ ഇത്തിരി നേരം ഉറങ്ങിയാല്‍ കഫം വര്‍ദ്ധിച്ച് അമ്ലത കുറഞ്ഞുകിട്ടും. അധിക നേരം ഉറങ്ങിയാല്‍ കഫം, ഗ്യാസ് എന്നിവ വര്‍ദ്ധിക്കും. ചേമ്പ്, കിഴങ്ങുകള്‍, പയര്‍ തുടങ്ങിയ ഗുരുത്വയിനങ്ങള് അധികം കഴിച്ചാലും ഗ്യാസ് കൂടും. ഗ്യാസ് ശല്യം ഉണ്ട് എന്നുവെച്ച് അത് നിരന്തരം ഉച്ചത്തില്‍ വിട്ട് ആശ്വാസം കൊള്ളുന്നത് ശീലം ആക്കരുത്.
സന്ധ്യയ്ക്ക് ഗുരു ആഹാരവും രാത്രിയില്‍ പൊരിച്ച ആഹാരവും അധികം അളവില്‍ കഴിക്കരുത്. അത്താഴം വളരെ വൈകിയാണ് കഴിക്കുന്നത് എങ്കില്‍ അളവ് കുറക്കണം. രണ്ട് നേരം ആഹാരം കഴിച്ചാല്‍ രണ്ട് നേരം ശോധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങിനെയെങ്കില്‍ അത് രാവിലെയും രാത്രിയും ആയി ക്രമീകരിക്കണം. ദിവസവും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും മൂത്രം ഒഴിക്കുന്നത് ശീലമാക്കണം. മൂത്രം ഒഴിച്ചാല്‍ കഴുകുന്ന കാര്യത്തില്‍ അമാന്തം പാടില്ല. ടോയിലറ്റ് വൃത്തിയായി സൂക്ഷിക്കണം.
മൃഗം എന്നാല്‍ ആഹാരം അന്വേഷിക്കുന്ന ജീവി എന്നാണര്‍ത്ഥം. ആഹരിക്കുന്നത് കൂടാതെ മര്യാദ, കടമ എന്നിവ അനുഷ്ഠിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. കാലഘട്ടത്തിനും ദേശത്തിനും ഹിതകരമാകുംവിധം സാമൂഹ്യജീവിതത്തില്‍ പാലിക്കേണ്ടതായ പെരുമാറ്റനിയമങ്ങളാണ് മര്യാദകള്‍. ചുറ്റും ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്തതും അരോചകം ആകാത്തതുമായ എല്ലാ കര്‍മ്മവും മര്യാദയില്‍ ഉള്‍പ്പെടും. പാപങ്ങള്‍ ചെയ്യാതെ ഇരിക്കുകയും പുണ്യങ്ങള്‍ അനുഷ്ഠിക്കുക എന്നതും മര്യാദയാണ്. പരിഷ്കൃതമായ സമൂഹത്തില്‍ ഉയര്‍ന്ന രീതിയിലുള്ള മര്യാദ പാലിക്കേണ്ടതുണ്ട്. മര്യാദാബോധം ആര്‍ക്കും നൈസര്‍ഗ്ഗികമായി കിട്ടുകയില്ല. അത് യുക്തിയില്‍ നിന്നും വിവേകത്തില്‍ നിന്നും പഠിക്കണം. മാതാപിതാക്കള്‍, അധ്യാപകര്‍, ആരോഗ്യസംരക്ഷകര്‍ എന്നിവര്‍ പഠിപ്പിക്കണം. പഠിച്ചാല്‍ അത് ശീലിക്കണം. സദാചാരം എന്നത് ആപേക്ഷികമാണ്, വ്യക്താധിഷ്ടിതമാണ് എന്ന് ശഠിക്കരുത്, അതടിസ്ഥാനത്തില്‍ അധര്‍മ്മം ചെയ്യരുത്. രാജ്യനിയമങ്ങള്‍ അനുസരിക്കേണ്ടത് കടമയാണ്. മര്യാദ പാലിക്കാത്തവരുമായും രാജ്യനിയമങ്ങള്‍ അനുസരിക്കാത്തവരുമായും ചങ്ങാത്തം കൂടരുത്.
അപരിചിതരെ സമീപിക്കുമ്പോള്‍ ആദ്യം പ്രസന്നതയോടെ സ്വയം പരിചയപ്പെടുത്തണം. ഫോണിലൂടെ ആയാലും സ്വയം പരിചയപ്പെടുത്തിയ ശേഷമോ സംസാരിക്കാനുള്ള സമ്മതം വാങ്ങിയ ശേഷമോ മാത്രമാണ് സംഭാഷണം ആരംഭിക്കേണ്ടത്. നേരില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം പരിചയപ്പെടുത്തേണ്ട ചുമതല പ്രായംകുറഞ്ഞ ആള്‍ക്കോ വരുന്ന ആള്‍ക്കോ അതിഥിക്കോ ആണ്. സംഭാഷണത്തില്‍ അസംബന്ധം, കലഹം എന്നിവ രൂപപ്പെടുന്ന വാക്കുകള്‍ ഒന്നും പറയരുത്. ചോദ്യങ്ങള്‍ രൂപത്തിലോ ആജ്ഞാ സ്വരത്തിലോ സംഭാഷണം അരുത്. അഹങ്കാരം, പൊങ്ങച്ചം, നിരര്‍ത്ഥകത, അധര്‍മ്മം, കാപട്യം എന്നിവ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ പറയരുത്. ഞാന്‍, എന്റെത്, എനിക്ക് എന്ന ബോധം മാത്രം ഉള്ളില്‍ നിറച്ച് അധികനേരം സംഭാഷണത്തില്‍ ഏര്‍പ്പെടെരുത്. അശുഭകാര്യങ്ങള്‍, മറ്റുള്ളവരുടെ കുറവുകള്‍, രഹസ്യങ്ങള്‍ ഒന്നും പറയരുത്. കേള്‍ക്കാന്‍ താല്പര്യം കാണിക്കരുത്. കേള്‍ക്കുന്ന വിഷയങ്ങള്‍ അപ്രിയങ്ങള്‍ ആണെങ്കില്‍ മൌനം പാലിക്കണം.
മുതിര്‍ന്നവരോട് ആയാലും പ്രായം കുറഞ്ഞവരോട് ആയാലും ദേഷ്യത്തോടെയും ഉച്ചത്തിലും സംസാരിക്കരുത്. പറയുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് വിഷമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേള്‍ക്കുന്നവര്‍ക്ക് പ്രയോജനം ഉണ്ടാകാന്‍ ഇടയുള്ള കാര്യങ്ങള്‍ മാത്രമാണ് പറയേണ്ടത്. വിനയപൂര്‍വ്വവും മൃദുവായും സംസാരിക്കുക എന്നതാണ് അന്തസ്സ്. അത് പാലിക്കണം. ഭാവവും ഭാഷയും കൃത്രിമമാകാതിരിക്കാന് ശ്രദ്ധിക്കണം. എല്ലായ്പ്പോഴും മൌനം ആചരിക്കുന്നത് മര്യാദയല്ല. അത് സന്തോഷം നല്കുകയില്ല. കൃത്രിമത്വം ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നത് മര്യാദകേടാണ്. മര്യാദയില്ലായ്മയില്‍ വാശി കാണിച്ചാല്‍ ക്ഷീണം അനുഭവപ്പെടും. ക്ഷയം പിടിക്കും. കുര പിടിക്കും.
മോശമായ വാര്‍ത്തകള്‍ ശ്രവിക്കുകയും വായിക്കുകയും ചെയ്യുന്നത് പതിവാക്കരുത്. പത്രങ്ങളിലൂടേയും ദൃശ്യമാധ്യമങ്ങളിലൂടേയും വരുന്ന പാപവിവരങ്ങള്, കുറ്റകൃത്യവാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. അവയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തെരുത്. പാപവിഷയങ്ങള് പതിവായി കൈകാര്യം ചെയ്യുന്ന വിഭാഗവുമായി അകല്‍ച്ച പാലിക്കണം.
അപരിചിതരോട് ദീര്‍ഘനേരം വര്‍ത്തമാനം പറയരുത്. മദ്യം ഉപയോഗിക്കുന്നവരുമായി ചങ്ങാത്തം കൂടരുത്. ഞാനും മുതലാളിയും അല്ലെങ്കില്‍ എന്റെ സമാജക്കാരും മാത്രമാണ് സമൂഹം എന്ന് വിലയിരുത്തരുത്. ഞാന്‍ മഹായോഗ്യന്‍, മറ്റുള്ളവരില്‍ പലരും മോശം എന്ന നിലയിലോ ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന രീതിയിലോ ഭാവിക്കുകയും പെരുമാറുകയും പറയുകയും ചെയ്യുന്നവരുമായി അകല്‍ച്ച പാലിക്കണം.
ഞാന്‍ ആരാണ്, എന്റെ കര്‍മ്മങ്ങള്‍ ഏതെല്ലാമാണ്, സമൂഹത്തില്‍ തന്റെ പങ്ക് എന്താണ് എന്ന് അറിഞ്ഞ് ദിവസവും അതില്‍ മുഴുകണം. വേഷഭൂഷാദികള്‍ ധരിച്ച് വെറുതെ നടന്നും ഇരുന്നും, കണ്ടും കേട്ടും പറഞ്ഞും, കടലാസ്സില്‍ കുത്തിവരച്ചും കാലം കളയരുത്. അലസത വെടിയണം. നാക്കും മൂക്കും കണ്ണും ചെവിയും ചര്‍മ്മവും അടക്കമുള്ള ഇന്ദ്രിയങ്ങളെ വെറുതെ ക്ഷീണിപ്പിക്കരുത്. നേരം കളയാനുള്ള അവസരം ഉണ്ടായിട്ടുണ്ട് എങ്കില്‍ അതിന് വ്യക്തിപരമായ ഭവിഷത്തുണ്ട് എന്നറിയണം.
ചെയ്യാനുള്ള അവനവന്റെ കര്‍മ്മങ്ങള്‍ മടികൂടാതെ ചെയ്യണം. അവ പരമാവധി ചെയ്യണം. ആവശ്യം എങ്കില്‍ കര്‍മ്മം ഇരട്ടിയാക്കിയും തപസ്സായും ചെയ്യണം. കര്‍മ്മം പടിപടിയായും ഒരേദിശയിലും ചെയ്യണം. ഇടയ്ക്ക് നിര്‍ത്തരുത്. കര്‍മ്മം ആവശ്യമില്ലാത്ത ഘട്ടമാണെങ്കില്‍ വിശ്രമിക്കണം. എല്ലാ കര്‍മ്മവും പ്രതിഫലത്തിനായി ചെയ്യരുത്. കര്‍മ്മം കഴിവതും സമർപ്പണമാക്കണം. കീര്ത്തികേട് ഉണ്ടാക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യരുത്. ത്യാഗബുദ്ധി വളർത്തണം. മറ്റുള്ളവരോട് ദയ കാണിക്കണം. അതാണ് വലിയ പുണ്യം. പുണ്യം ചെയ്യുന്നതിനും ഫലം അനുഭവിക്കുന്നതിനും വേണ്ട ആശയും ആവേശവും എപ്പോഴും നിലനിര്‍ത്തണം. അത് ചുറ്റും ഉള്ളവരില്‍ വളര്‍ത്തണം.
നേരിന്റെ കൂടെ നില്‍ക്കണം. നേര് എന്താണ് എന്നറിയാന്‍ ഇടയ്ക്കിടെ സാമാന്യബുദ്ധിയെ പോഷിപ്പിക്കണം. ജ്ഞാനശക്തി, ഇച്ഛാശക്തി, കര്‍മ്മശക്തി എന്നിവയെയും വളര്‍ത്തണം. അറിവ് ധനമാണ്; മനോനിയന്ത്രണം, സഹനം എന്നിവ ശക്തിയാണ് എന്ന് തിരിച്ചറിയണം.
മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുംവിധമോ മറ്റുള്ളവര്‍ക്ക് അരോചകം ആകുംവിധമോ വേഷഭൂഷാദികള്‍ അണിയരുത്. അസൂയയോട് കൂടി മറ്റുള്ളവരെ ശ്രദ്ധിക്കരുത്. നല്ല ആളുകളും ആയി ശത്രുതയോ ചീത്ത ആളുകളുമായി കൂട്ടുകെട്ടോ പാടില്ല.
ആഘോഷവേളയിലും വെളിയില്‍ പോകുമ്പോഴും ശുഭവസ്ത്രം ധരിക്കണം. ലുങ്കി ധരിച്ചോ വികൃതമായ രീതിയില്‍ തയ്യല്‍ വേല ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചോ നഗ്നത പ്രദര്ശിപ്പിക്കുംവിധമോ ആള്‍ക്കൂട്ടത്തില്‍ പോകരുത്. വികൃതമായ രീതിയില്‍ തലമുടി വെട്ടിയും ക്ഷൗരം ചെയ്തും പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കരുത്. മോടിയിലുള്ള വസ്ത്രധാരണം, സുഗന്ധദ്രവ്യങ്ങള്‍ പൂശല്‍ എന്നിവ ആളുകളുമായി ഇടപഴകുന്നതില്‍ ഉള്ള സങ്കോചത്തെ പരിഹരിക്കും. പെരുമാറ്റം, വസ്ത്രം എന്നിവ എന്നും ഒരേരീതിയില്‍ ആയാല്‍ മടുപ്പ് അനുഭവപ്പെടും.
സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ ഭക്ഷണത്തിന് ധൃതി കാണിക്കരുത്. മറ്റുള്ളവര്‍ക്ക് ആയി ഒരുക്കിയ കസേരയില്‍ ആദ്യം കയറി ഇരിക്കരുത്. ചടങ്ങുകളിലും സദ്യകളിലും ക്യൂവിലും പൊതുവാഹനങ്ങളിലും സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും മുന്‍ഗണന നല്‍കണം. പൊതുവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകം ഉണ്ടാകുന്ന വിധത്തിലും ഉറക്കെയും സംസാരിക്കരുത്. വര്‍ഷന്തോറും ചെയ്തുപോരുന്ന ദാനത്തിന്റെയും തീര്ഥയാത്രയുടേയും വല്ലപ്പോഴും നടത്തിയ വിനോദയാത്രയുടേയും വിശേഷങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞ് അയല്‍വാസികളെയും സുഹൃത്തുക്കളേയും മുഷിപ്പിക്കരുത്.
നിത്യവും ലഘുബലി ശീലമാക്കി ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുത്. സമ്പത്തിന്റെ അടിസ്ഥാനത്തിലോ മറ്റുള്ളവര്‍ താല്‍ക്കാലികമായി ഏല്‍പ്പിച്ചുതന്ന അധികാരത്തിന്റെ പേരിലോ താന്‍ മഹാ കേമന്‍ എന്ന നിലയില്‍ അഹങ്കാരവാക്കുകള്‍ ശുഭവസ്ത്രം ധരിച്ചായാലും പറയരുത്. അത്തരം രീതിയിലുള്ള ചിത്രങ്ങള്‍ പൊതുനിരത്തുകളില്‍ പ്രദര്‍ശിപ്പിക്കരുത്.
കക്കുസ്മാലിന്യം പൊതുകാനയിലോട്ട് ഒഴുകുന്ന രീതിയില്‍ വീട് നിര്‍മ്മിക്കരുത്. കൈവശഭൂമിയുടെ അതിര്‍ത്തിക്കപ്പുറം കയ്യേറി കെട്ടിടം നിര്‍മ്മിക്കരുത്. ഒരു അണുകുടുംബത്തിന് താമസിക്കാന്‍ സൌകര്യപ്പെടുംവിധം നിര്‍മ്മിച്ച വീട്ടില്‍ നിരവധി ആളുകളെ വാടകയ്ക്ക് താമസിപ്പിച്ച് ചുറ്റും ഉള്ളവരുടെ ക്രമസമാധാനം നഷ്ടപ്പെടുത്തരുത്.
ആഹാരം വിളമ്പുമ്പോഴും കഴിക്കുമ്പോഴും വെറുപ്പ് പ്രകടിപ്പിക്കരുത്. ഭക്ഷണം കഴിക്കുമ്പോഴും ജലം കുടിക്കുമ്പോഴും ഉച്ചത്തില്‍ ഏമ്പക്കം വിടരുത്. മറ്റുള്ളവരുടെ മുന്നിലിരുന്ന് ആഹാരം കഴിക്കുമ്പോള്‍ താടിയെല്ലുകള്‍ വികൃതമായി ചലിപ്പിക്കരുത്. ചോറ് ഉരുട്ടി ഉരുളയാക്കി കറിയില്‍ മുക്കി അന്യ ആളുകളുടെ മുന്നിലിരുന്ന് കഴിക്കരുത്. വിശപ്പ്, ദാഹം, ഉറക്കം, വര്‍ത്തമാനം, വസ്ത്രധാരണം, ശോധന എന്നിവ സഹജവാസനകള്‍ ആണ്. ഇവ തന്നെ ശരണം എന്ന് കരുതരുത്. ഇവയെ നിയന്ത്രിക്കണം. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് പരിചിതരോട് ആയാലും ആവര്ത്തിച്ചുപറയെരുത്.
സ്വര്‍ണ്ണം ഉഷ്ണം വര്‍ദ്ധിപ്പിക്കുന്നതും വെള്ളി, ചെമ്പ് എന്നിവ ശീതവും ആണ്. ഋതുക്കള്‍ അനുസരിച്ചും ദേഹപ്രകൃതി അനുസരിച്ചും ആഭരണങ്ങള്‍ ധരിക്കണം. വേനല്‍ക്കാലത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. അരയ്ക്ക് താഴെയും ധരിക്കരുത്.
ആഘോഷങ്ങളിലും പൊതുചടങ്ങുകളിലും സ്ത്രികള്‍ നഗ്നത പ്രദര്ശിപ്പിക്കുംവിധത്തില് വസ്ത്രം ധരിച്ച് പങ്കെടുക്കരുത്. വര്‍ത്തമാനം പറയുമ്പോള്‍ കൈകള്‍ ആവശ്യമില്ലാതെ ചലിപ്പിക്കരുത്. വേദിയില്‍ ഇരിക്കുമ്പോള്‍ കാല് വിറപ്പിക്കരുത്. കാണുന്നവര്‍ക്ക് അരോചകമാകുംവിധം ഒരുകാല് അധികം ഉയര്‍ത്തിവെച്ച് ഇരിക്കരുത്. മര്യാദകേട് പതിവാക്കുന്നവരെ മറ്റുള്ളവര്‍ അവഗണിക്കണം.
നിത്യവും ചെയ്തുപോരുന്ന വീട്ടുജോലികള്‍ സംബന്ധിച്ച് പരിഭവം പറയരുത്. ടി.വി കഥയിലേയും സ്വര്ണ്ണകടയിലേയും ക്ലിനിക്കല്‍ ലാബുകളിലേയും നഴ്സറി ക്ലാസ്സിലേയും സമാജയോഗങ്ങളിലെയും കാര്യങ്ങള്‍ അയല്‍വാസികളോട് ആവര്‍ത്തിച്ച് വിശേഷമായി പറയരുത്. അയല്‍വാസികളുടെ കുടുംബ പരിപാലനരീതിയെ നിരന്തരം ശ്രദ്ധിച്ച് അതിനെ കുറിച്ച് അനുചിതമായി അഭിപ്രായപ്രകടനം നടത്തരുത്.
അയല്‍വാസികളുടെ വീട്ടുവളപ്പിനുള്ളിലോട്ട് മാലിന്യങ്ങള്‍ വലിച്ചെറിയരുത്. ഉച്ചഭാഷിണി ഉപകരണങ്ങള്‍ ദീര്‍ഘസമയം പ്രവര്‍ത്തിപ്പിച്ച് അയല്‍വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്. അയല്‍വാസിയുടെ മതിലില്‍ വസ്ത്രങ്ങള്‍ അരോചകമാകും വിധത്തില്‍ ഉണക്കാനായി ഇടരുത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന നിലയില്‍ പാഴ്ച്ചെടികള്, പാഴുമരങ്ങള് എന്നിവ വീട്ടുവളപ്പിനുള്ളില്‍ ആയാലും പൊതുനിരത്തില്‍ ആയാലും വെച്ചുപിടിപ്പിച്ച് ആ രീതിയില്‍ പ്രകൃതിസ്നേഹം പ്രകടിപ്പിക്കരുത്. മഹാപ്രകൃതിയുടെ കാര്യം നോക്കാന്‍ മഹാപ്രകൃതിക്കറിയാം എന്ന് ധരിക്കണം.
തല മുണ്ഡനം ചെയ്തോ മുടി മുറിച്ചോ ദാനം ചെയ്യരുത്. മുടി അഴിച്ചിട്ട് നടക്കരുത്. തലമുടി ചീകുമ്പോള്‍ താഴെ വീണുപോയ മുടി യഥാസമയം മാറ്റണം. ചീപ്പില്‍ തലമുടി കെട്ടി വെയ്ക്കരുത്. മുടി ചുരുട്ടി ജനലിലൂടെ എറിയരുത്.
രാതിസമയത്ത് കറുത്ത വസ്തങ്ങള്‍ ധരിക്കരുത്. രാത്രിയില്‍ മുഖത്ത് അസഹ്യത പ്രകടിപ്പിക്കരുത്. വലത്തെ മൂക്കിലൂടെ ശ്വാസം പലതവണ വലിച്ചുവിട്ടശേഷം വേണം കിടക്കയില്‍ കിടക്കേണ്ടത്. രാത്രിയിലും ശുചിത്വമര്യാദകള് പാലിക്കണം.
കുട്ടികൾ പാഠശാലയില്‍ കൃത്യസമയത്തിന് എത്തണം. ഗൃഹപാഠങ്ങൾ ശ്രദ്ധയോടെ പഠിക്കണം. അന്നന്ന് പഠിച്ചുതീര്‍ക്കേണ്ടത് അന്നന്ന് തന്നെ തീര്‍ക്കണം. പുതിയ വിഷയങ്ങള്‍ ആണെങ്കില്‍ ഗുരുനാഥന് ഇല്ലാതെ പഠിക്കരുത്. അമാവാസി രാത്രിയില്‍ അധികനേരം പഠിക്കരുത്. ഉത്സവം, വിവാഹം, പെരുന്നാള്‍ പോലുള്ള ആഘോഷദിവസങ്ങള്‍, പുലര്‍ച്ച, സന്ധ്യസമയം, ഇടിമുഴക്കം, ഭൂമികുലുക്കം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പഠിക്കരുത്.
കൂട്ടുകാരോട് ആയാലും. വീട്ടിലെ മറ്റ് അംഗങ്ങളോട് ആയാലും എല്ലായിപ്പോഴും പ്രസന്നവദനത്തോടെ സംസാരിക്കണം. കാര്യമുണ്ടായാല്‍ പോലും അമ്മയും അച്ഛനും ആയി തര്‍ക്കിക്കരുത്. ശബ്ദം താഴ്ത്തി സാവധാനവും ദേഹം ഇളക്കാതെയും സംസാരിക്കണം. മുതിര്‍ന്നവരുടെ രോഗങ്ങള്‍ തനിക്കുമുണ്ട് എന്ന നിലയില്‍ അഭിനയിക്കരുത്.
ഇടുങ്ങിയതും തിരക്കേറിയതുമായ പൊതുവഴികളില്‍ ക്രിക്കറ്റും ഫുട്ബോളും കളിക്കരുത്. മാതാപിതാക്കള്‍ അപ്രകാരം പ്രോത്സാഹിപ്പിച്ചാല്‍ തന്നെയും അങ്ങിനെ ചെയ്യരുത്. നാല്ക്കവലകളിലും, ആള് തിരക്കുള്ള റോഡിന്റെ മദ്ധ്യഭാഗത്തും യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാകുംവിധം കൂട്ടംകൂടി നില്‍ക്കുന്നത് പതിവാക്കരുത്. സൈക്കിള്‍ സവാരി നടത്തുമ്പോഴും പാഠശാലയില്‍ പോകുമ്പോഴും റോഡുനിയമങ്ങള്‍ പാലിക്കണം. ബന്ധുക്കള്‍, സ്നേഹമുള്ള ആളുകള്‍ കടന്നുപോകുമ്പോള്‍ പിന്തിരിഞ്ഞ് നില്‍ക്കരുത്. പൊതുനിരത്തില്‍ ശബ്ദം താഴ്ത്തി സംസാരിക്കാന്‍ ശീലിക്കണം. നായ, കുരങ്ങ്, ആന, മറ്റ് ക്രൂരമൃഗങ്ങള്‍ എന്നിവയുടെ കണ്ണുകളില്‍ തുറിച്ചുനോക്കരുത്. ഇഷ്ടമില്ലാത്തവരുടെ കണ്ണുകളിലും അന്യ സ്ത്രീപുരുഷന്മാരുടെ കണ്ണുകളിലും ദേഹത്തും അധികനേരം നോക്കരുത്.
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നത്. കര്‍മ്മം, വാക്ക് എന്നിവ പോലെ മനസ്സും ശുദ്ധമാക്കണം. മാനസികാരോഗ്യം വര്‍ദ്ധിക്കാനായി സ്വാതികാഹാരം കഴിക്കണം. സ്വാതികമല്ലാത്ത ആഹാരം പാചകം ചെയ്യുന്നതും വിളമ്പുന്നതും കഴിക്കുന്നതും ദുര്‍വിചാരങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കും വഴിയൊരുക്കും. മനസിന്റെ വേദനയും ഉല്‍ക്കണ്ഠയും ദുഃഖവും ആണ് ആധി. ആധിക്ക് കാരണം മനോമലങ്ങള്‍ ആയ അതിമോഹം, വെറുപ്പ്, പക, ഭയം, ഉത്കണ്ഠ, കോപം, സംശയം, കുറ്റബോധം, അപമാനചിന്ത, അഹങ്കാരം എന്നിവയാണ്. ഇവ അധികരിച്ചാല്‍ നാഡീവ്യൂഹത്തില്‍ സ്ഥൂലമലങ്ങള് വര്‍ദ്ധിക്കും. നാഡികള്‍ ബാലഹീനങ്ങളാകും. വ്യാധികള്‍ ഉടലെടുക്കും. മനോമലങ്ങളെ കളയാനായി ആത്മനിയന്ത്രണം ശീലിക്കണം. ആഗ്രഹങ്ങളെ നിയന്ത്രിക്കണം. ഏല്‍ക്കേണ്ടിവന്ന അപമാനങ്ങളെ മറക്കണം. മറ്റുള്ളവര്‍ ചെയ്ത അപരാധങ്ങളെയും ദ്രോഹങ്ങളെയും പൊറുത്തുകൊടുക്കണം. തര്‍ക്കിക്കുന്നവരുടെ അടുത്ത് തോറ്റുകൊടുക്കണം. മനസ്സ് ഇടയ്ക്കിടെ ശുദ്ധിയാക്കി മനസ്സ് നിറയെ നന്മ നിറക്കണം. മനസ്സ് നിറയെ കോപം നിറച്ചാല്‍ കോപം തുളുമ്പും. അബദ്ധങ്ങള്‍ പിണഞ്ഞാല്‍ പ്രായശ്ചിത്തം ചെയ്യണം.
മനുഷ്യന്റെ എല്ലാ പ്രവൃത്തികളും സുഖത്തെ ഉന്നംവെച്ചുള്ളതാണ്. സുഖം എന്നത് മനസ്സിന്റെയും ശരീരത്തിന്റെയും സുഖമാണ്. തന്റെ മാത്രമല്ല ചുറ്റുമൂള്ള കുറച്ചുപേരുടെയും സുഖമാണ്. അത് സംഘടിപ്പിക്കുന്നതിന് അറിവും അര്‍ത്ഥവും ഉത്സാഹവും ആവശ്യമാണ്. അവനവനെ കുറിച്ചുള്ള അറിവാണ് ജ്ഞാനം. ചുറ്റുപാടിനെ കുറിച്ചുള്ള ഏകദേശ ധാരണയാണ് വിജ്ഞാനം. ഇവ രണ്ടും സ്വായത്തമാക്കി സുഖം അനുഭവപ്പെട്ടുകിട്ടാന് സഹായിക്കുന്ന കാലോചിതമായ കര്‍മ്മങ്ങള്‍ ഏതെല്ലാമാണ് എന്ന് തിരിച്ചറിഞ്ഞ് നിത്യവും ചെയ്യണം. ധര്‍മ്മം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്തവര്‍ സ്വാതികരായ ആളുകളെ സേവിച്ചു ജീവിതാവശ്യങ്ങള്‍ സംഘടിപ്പിക്കണം. പ്രയാസങ്ങള്‍ സൂചിപ്പിച്ച് പരിഹാരം തേടണം. ദാരിദ്ര്യം മൂലവും ദേഹ അവശത മൂലവും ശരണം പ്രാപിച്ചവരെ പ്രതീക്ഷാവചനങ്ങള്‍ മാത്രം നല്കി കബളിപ്പിക്കുന്നതും മര്യാദകേട് ആണ്. അവശബന്ധുക്കളേയും വൃദ്ധജനങ്ങളേയും നാട്യത്തില്‍ ഉപരിയായി പരിചരിക്കുകയും സഹായിക്കുകയും ചെയ്യണം.
എപ്പോഴും നന്മ ചിന്തിക്കണം. നന്മ പ്രവര്‍ത്തിക്കണം. അമിതലാഭം നേടുക എന്ന ഗൂഡലക്ഷ്യത്തോടെ പൊതുനിയമങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതോ അത്തരത്തില്‍ കാരുണ്യപ്രസ്ഥാനങ്ങള്‍ നടത്തുന്നതോ അതില്‍ പങ്കാളിയാകുന്നതോ ഒന്നും നന്മയുടെ പരിധിയില്‍ വരുന്ന സംഗതികള്‍ അല്ല. കാരുണ്യം എന്നതില്‍ ഭാഗികമായെങ്കിലും നന്മ ഉണ്ടാകണം. കര്‍മ്മത്തില്‍ സമര്‍പ്പണം ഉണ്ടാകണം. സമര്‍പ്പണം ശാന്തി നല്‍കും. ധര്‍മ്മം, കടമ, മര്യാദ എന്നിവ മറന്ന് ലോഭത്തെ മാത്രം സ്നേഹിക്കുന്നത് സാര്ത്ഥതയാണ്. അത് അശാന്തി സൃഷ്ടിക്കും. അത്തരക്കാരെയും അവരുടെ ശബ്ദങ്ങളെയും മാതൃകകളെയും, സ്ഥാപനങ്ങളെയും ശ്രദ്ധിക്കരുത്. ശ്രദ്ധയില്പ്പെടേണ്ടതായി വന്നാല്‍ പോലും അധികം വൈകാതെ തന്നെ മറക്കണം.
ആധി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ ചുറ്റും ഉണ്ടെങ്കില്‍ അവരെ ആശ്വസിപ്പിക്കണം. ആധി വിട്ടുമാറാതെ നിലകൊള്ളുന്നുവെങ്കില്‍ ജീവശക്തിയെ പ്രതികരിക്കാന്‍ പഠിപ്പിക്കണം. ഇതിനുതകുന്ന സൂക്ഷ്മമരുന്നുകള്‍ വല്ലതും ചുറ്റുപാട് നിന്നും കിട്ടുമോ എന്ന് അന്വേഷിക്കണം. അത് സംഘടിപ്പിച്ച് ബോദ്ധ്യപ്പെട്ട് ഉപയോഗപ്പെടുത്തണം. ഉപാധികള്‍ ഇല്ലാതെ പുണ്യകര്‍മ്മങ്ങള്‍ ചെയ്തും ജീവശക്തിയെ ശക്തമാക്കണം.
പ്രാര്‍ത്ഥനയെ പുണ്യകര്‍മ്മമായി വിലയിരുത്തരുത്. കര്‍മ്മം ഒന്നും ചെയ്യാതെ പ്രാര്‍ത്ഥനയുടെ മാഹാത്മ്യം എപ്പോഴും പ്രബോധനം ചെയ്യരുത്. മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഉപകാരങ്ങള്‍ പരമാവധി ഇന്ന് തന്നെ ചെയ്തുകൊടുക്കണം. പുണ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കര്‍ത്തവ്യവും കടമയും നിര്‍വ്വഹിക്കണം. ചെയ്യുന്ന കര്‍മ്മങ്ങളും ത്യാഗങ്ങളും രാജ്യനിയമങ്ങളെ അനുസരിക്കാത്തവര്‍ക്ക് ഉള്ളതായി പോകരുത്.
ആനന്ദിക്കുമ്പോളാണ് ഒരാള്‍ മനുഷ്യനായി തീരുന്നത്. അതിന് ഇഷ്ടം, വാത്സല്യം, സമത്വം, ബഹുമാനം, സഹനം, ത്യാഗം എന്നീ മാനവികഗുണങ്ങളെ ഉപകരണമാക്കണം. ഉപകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാതെ എന്തെങ്കിലും ഒക്കെ കാണിച്ചുകൂട്ടി, അതാണ് മാനവികത എന്ന് ജീവിതകാലം മുഴുവന്‍ വിളിച്ചുകൂവുന്നത് മര്യാദകേടിലുപരി, സ്വാര്‍ത്ഥതയിലുപരി, ആത്മവഞ്ചനയിലുപരി, ധിക്കാരമാണ്. വാക്കുകള്‍ക്ക് അപ്പുറം സ്നേഹം, കാരുണ്യം തുടങ്ങിയ ദൈവികഗുണങ്ങളെ മൌനത്തിലൂന്നി ജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കലാകണം പ്രബോധനം.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്നത് ലോകം അംഗീകരിച്ച മുദ്രാവാക്യമാണ്. കുടുംബബന്ധങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സാമുഹ്യവിനോദ സംസ്ക്കാരമാണ് സമാധാന ജീവിതത്തിന് ഉത്തമം. അതിന് അതീതമായി തൊഴില്‍ ഇടങ്ങളെയും സമാജങ്ങളെയും ദൃശ്യമാധ്യമവിഷയങ്ങളിലെ ആകര്‍ഷണങ്ങളെയും ഇരുപത്തിനാല് മണിക്കൂറും മനസ്സില്‍ കൊണ്ടുനടന്ന് അതിന്റെ വൈകൃതങ്ങള്‍ ഏറ്റുവാങ്ങി പിന്നീട് അനുഭവിക്കുന്നത്, അനുഭവിപ്പിക്കുന്നത്, പേരിനുമാത്രം കുടുംബധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പാപചര്യകളില് ഉള്‍പ്പെടും.
തന്നെപോലെ അയല്‍ക്കാരനെയും സ്നേഹിക്കണം. അയല്ക്കാരന്റെ താല്പര്യങ്ങളെ പരിഗണിക്കണം. അവനവനെക്കാളും കുടുംബത്തേക്കാളും കൂടുതലായി അയല്‍ക്കാരനെ അയല്‍ക്കാരിയെ സഹപ്രവര്‍ത്തകരെ സ്നേഹിക്കുന്നത് പാപമാണ്. രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിച്ച് അധികതോതില്‍ അര്‍ത്ഥം സമ്പാദിക്കരുത്. സമ്പാദിച്ചാല്‍ തന്നെ അതിന്റെ വിഹിതം കൊണ്ട് മക്കളെ തീറ്റരുത്. മാസത്തില്‍, ഋതുക്കളില്‍ ഒരിക്കല്‍ പോലും മുത്തശ്ശിയോ മുത്തച്ഛനോ, അമ്മയോ അച്ഛനോ, ഭാര്യയോ ഭര്‍ത്താവോ, മകളോ മകനോ, സഹോദരിയോ സഹോദരനോ, പൌരനോ എന്ന നിലയില്‍ ആകാതെ, ആകാനാകാതെ അതിനപ്പുറമുള്ള കാട്ടികൂട്ടലുകളിലെ ബന്ധനങ്ങളില്‍ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നത് ബുദ്ധിശൂന്യതയാണ്.
മനുഷ്യബന്ധങ്ങളുടേയും പ്രകൃതിനിയമങ്ങളുടേയും നിര്‍വചനങ്ങള്‍ സങ്കല്പ്പങ്ങളുടെയും അതിനെ പിന്‍പറ്റി തയ്യാറാക്കിയ സിദ്ധാന്തങ്ങളുടെയും ആചാരങ്ങളുടേയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ആള്കൂട്ടാരവങ്ങളുടെ പിന്‍ബലത്തോടെയും ദൃശ്യാവിഷ്ക്കാരങ്ങളുടെ അകമ്പടിയോടെയും കാലങ്ങളായി തെറ്റിദ്ധരിപ്പിക്കപ്പെട്ടുപോരുന്നുണ്ട് എങ്കില്‍, അത്തരം സ്വാര്ത്ഥസംസ്ക്കാരം അവനവന്റെ ജീവിതത്തില്‍ ക്രമത്തിലധികം ആധിപത്യം പുലര്‍ത്തുന്നുണ്ട് എങ്കില്‍, അതിന് പാരിസ്ഥിതികഘടകങ്ങള്‍ മാത്രമല്ല ജനിതകമായ ദോഷങ്ങളും ഭാഗഭാക്കാകുന്നുണ്ട് എന്ന് അറിയണം.
അദ്ധ്വാനവും വിനോദവും ഉറക്കവും കൂടാതെ നിത്യവും ഇത്തിരി നേരം വിശ്രമിക്കണം. പറ്റുമെങ്കില്‍ പടിഞ്ഞാറന്‍ കാറ്റിന് അഭിമുഖമായി ഇരിക്കണം. ശാരീരികവും മാനസികവും ആയ ദിനചര്യകള്‍ എങ്ങിനെല്ലാമായിരുന്നു, നാളെ എങ്ങിനെയെല്ലാം അതിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് അങ്ങിനെ ഇരുന്ന് ഒന്ന് ആലോചിക്കണം. മറ്റുള്ളവരുടെ പോരായ്മകളേക്കാള്‍ അവനവന്റെ പോരായ്മകള്‍ ഏതെല്ലാമാണ് എന്ന് മനസ്സുകൊണ്ട് ചികയണം. മറ്റുള്ളവര്‍ നല്കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കണം. ദേഹംകൊണ്ടും നാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്തുപോയ തെറ്റുകള്‍ക്ക് മനസ്സാ ക്ഷമാപണം നടത്തണം. രാവിലെ ഉണരുന്ന സമയത്ത് എന്നപോലെ ക്ഷമ ചോദിക്കുന്ന സമയത്തും കൈത്തലം പരസ്പരം ചേര്‍ത്ത് മുറുക്കെപിടിക്കണം. തെറ്റുകള്‍ ആവര്ത്തിക്കുകയില്ലായെന്നും കര്‍മ്മങ്ങള്‍ ഉത്തമമാക്കുമെന്നും പ്രതിജ്ഞ എടുക്കണം.
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്നോടിയായി പല്ല് തേക്കണം. വൃത്തിയുള്ള കിടക്കയില്‍ നീണ്ടുനിവര്‍ന്ന് കിടക്കണം, ഗര്‍ഭിണികള്‍ മലര്‍ന്നുകിടന്ന് ഉറങ്ങരുത്. കഴിയുമെങ്കില്‍ ഇടതുവശം ചരിഞ്ഞ് കിടക്കണം. പകല്‍ സമയം കിടക്കുമ്പോള്‍ വലതുവശം കിടക്കാം. കഫം മൂലമുള്ള തൊണ്ടരോഗം ഉള്ളവര്‍ എട്ട് മണിക്കൂറിലധികം സമയം ഉറങ്ങരുത്.
സ്നേഹം, ലൈംഗികത, സന്തോഷം എന്നിവയ്ക്ക് ആധാരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഓക്സിടോസിന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന സസ്യ ഔഷധങ്ങളില്‍ ഒന്നാണ് പള്‍സാറ്റില. ആവശ്യമെങ്കില്‍ ഇതും ഉപയോഗിക്കണം.
ഉറക്കവും സന്തോഷവും ഉണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു ഹോര്‍മോണ്‍ ആണ് മെലാടോണിന്‍. മസ്തിഷ്കത്തിന്റെ കേന്ദ്രഭാഗത്തുള്ള പിനിയല്‍ ഗ്രന്ഥി ഉത്തേജിതമായാല്‍ മെലാടോണിന്‍ സ്രവവും അതിന്റെ പ്രവര്‍ത്തനവും വര്‍ദ്ധിക്കും. കുടല് ഭിത്തിയില്‍ നിന്നും മസ്തിഷ്കകോശങ്ങളില്‍ നിന്നും സ്രവിക്കുന്ന സീറോടോണിന്‍ എന്ന ഘടകത്തില്‍ നിന്നും മെലാടോണിന്‍ രൂപപ്പെടുന്നുണ്ട്. ഗ്ലൂക്കോസ് അധികം അടങ്ങിയ ആഹാരം കഴിച്ചാല്‍ ആദ്യം സന്തോഷം അനുഭവപ്പെടും. ഇന്‍സുലിന്‍ സ്രവം കൂടുന്നതിന് ആനുപാതികമായും വ്രതാനുഷ്ടാനം മൂലവും രക്തഗ്ലൂക്കോസ് തോത് കുറയും. ഈ സന്ദര്‍ഭത്തില്‍ സീറോടോണിന്‍, മെലാടോണിന്‍ എന്നിവയുടെ തോത് കുറയും. ഉറക്കം കുറയും. അതിനാല്‍ പന്ത്രണ്ട് മണിക്കൂറിലധികം പട്ടിണി കിടക്കുന്നത് പതിവാക്കരുത്.
ഓരോ വ്യക്തിക്കും പ്രത്യേകം ശരീരധാതുക്കള്‍, മനസ്സ് എന്നിവ ഉള്ളതുപോലെ, കര്‍ത്തവ്യങ്ങളും കടമകളും കര്‍മ്മരീതികളും ഉള്ളതുപോലെ, അവരുടേതായ ഒരു ജൈവഘടികാരവും ഉണ്ട്. ഹോര്‍മോണ്‍ സ്രവം, ശ്വസനം, ദേഹോഷ്മാവ്, ഉണര്‍ച്ച, ഊര്ജ്ജസ്വലത, കര്‍മ്മം, കാമം, ഉറക്കം, സംതൃപ്തി എന്നിവയെല്ലാം ജൈവഘടികാരവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ഘടകങ്ങളാണ്. ഇത്തരം ക്രമീകരണത്തില്‍ പിനിയല്‍ ഗ്രന്ഥിയും മെലാറ്റോണിനും ഭാഗഭാക്ക് ആകുന്നുണ്ട്.
സ്വന്തം ശരീരത്തെ, മനസ്സിനെ, ഭാഗധേയത്തെ അന്വേഷിക്കുന്നതോടൊപ്പം സ്വന്തം ജൈവഘടികാര (സര്‍ക്കേഡിയന്‍) താളത്തേയും ഓരോരുത്തരും തിരിച്ചറിയണം. അത് ആസ്പദമാക്കി ആഗ്രഹങ്ങളെ നിയന്ത്രിച്ച്, മര്യാദനിയമങ്ങള് ക്രമീകരിച്ച്, ധര്‍മ്മവും പുണ്യവും അനുഷ്ഠിക്കണം. അത്തരം ദിനചര്യയാണ് വര്ത്തമാനകാലത്തിന് അഭികാമ്യം. അത് ആരോഗ്യത്തോടൊപ്പം ആനന്ദത്തെയും പ്രദാനം ചെയ്യും.
No comments:
Post a Comment