ധാതുക്ഷയം പരിഹരിച്ച് ധാതുപുഷ്ടി അനുവദിക്കുന്ന ഘടകങ്ങളാണ് രസായനങ്ങള്‍. വാര്‍ദ്ധക്യത്തിലെ ഒരു സാമാന്യപ്രതിഭാസമാണ് ധാതുക്ഷയം. ദോഷങ്ങള്‍, മലങ്ങള്‍, രോഗാണുക്കള്‍, ജ്വരം, ക്ഷതം, പട്ടിണി എന്നിവ ധാതുക്ഷയം നേരത്തെ പിടിപെടാന്‍ ഇടവരുത്തുന്ന സംഗതികളാണ്. ജനിതകഘടകങ്ങള്‍, ക്ഷതം, വിഷം, രോഗങ്ങള്‍ എന്നിവ മൂലം സാരാംഗ്നികള്‍, ഹോര്‍മോണുകള്‍, പെപ്റ്റയിഡുകള് എന്നിവയുടെ തോത് കുറഞ്ഞാലും വായു, ജലം, ആഹാരം എന്നിവയുടെ അപര്യാപ്തത ദീര്‍ഘിച്ചാലും അവയവങ്ങള്‍ ക്ഷീണിക്കും. വെയില് അധികം കൊണ്ടാലും അധികം പ്രസംഗിച്ചാലും ചിരിച്ചാലും അദ്ധ്വാനം അധികമായാലും നെയ്യ് അടങ്ങിയ ആഹാരം കഴിച്ചയുടനെ വ്യായാമം അധികം ചെയ്താലും ക്ഷീണം അനുഭവപ്പെടും. ഇത്തരം കാര്യങ്ങള്‍ പതിവായാല്‍ അത് ധാതുക്ഷയത്തിന് ഇടവരുത്തും.
നിത്യവും കഴിച്ചുപോരുന്ന ആഹാരത്തില്‍ നിന്നാണ് രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, ശുക്ലം, മനസ്സ് എന്നീ ധാതുക്കള്‍ ക്രമത്തില്‍ രൂപംകൊള്ളുന്നത്. ആഹാരത്തില്‍ നിന്ന് അന്ത്യധാതുക്കള് രൂപംകൊള്ളാന്‍ ഏകദേശം ആറ് ആഴ്ച സമയം വേണം. അദ്ധ്വാനം വഴിയോ ഔഷധങ്ങള്‍ വഴിയോ രക്തസഞ്ചാരം, ധാത്വാംഗ്നികള് എന്നിവയുടെ തോത് വര്‍ദ്ധിച്ചാല്‍ ഈ കാലയളവ് കുറയും. ആഹാരതോത് അധികരിക്കുകയും ആദ്യത്തെ ഷഡ്ധാതുക്കളില്പ്പെട്ട ഒരു ധാതു ക്ഷയിക്കുകയും ചെയ്താല്‍ അതിന് തൊട്ടുമുമ്പുള്ള ധാതുക്കളുടെ തോതും ധാതുമലങ്ങളുടെ തോതും കൂടും. ഓരോ ധാതുക്കള്‍ക്കും പ്രത്യേകമായ മലങ്ങള്‍ ഉണ്ട്. ദേഹത്തില്‍ ഏത് ഭാഗത്താണോ ധാതുമലങ്ങള്‍ അധികരിച്ച് നിലകൊള്ളുന്നത് ആ ഭാഗത്തുനിന്നുള്ള രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.
ശുക്ലം, മജ്ജ, അസ്ഥി, കൊഴുപ്പ്, മാംസം, രക്തം എന്നീ ധാതുക്കള്‍ ക്ഷയിച്ചുതുടങ്ങിയാല് രസധാതുവിന്റെ തോത് വര്‍ദ്ധിക്കും. രസധാതു ക്ഷയിച്ചാല്‍ കഫമലം അധികരിക്കും. അത് കരള്‍ വഴിയും ശ്വാസനാളി വഴിയും പുറംതള്ളപ്പെടും. രക്തത്തില്‍ കലര്‍ന്നാല്‍ രക്തം വെളുക്കും. മൂത്രമാര്ഗ്ഗേനെ വിസര്ജ്ജിച്ചാല് മധുമേഹത്തിന് കാരണമാകും. ചിലരില്‍ അര്‍ബ്ബുദം, ധമനീകാഠിന്യം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവെയ്ക്കും. രക്തമലം (അമ്ലം) അധികരിച്ച് അതിനോട് ചേര്‍ന്നാല്‍ ആ ഭാഗത്ത് പഴുപ്പ് രൂപംകൊള്ളും.
ക്ഷയത്തിന്റെ ആരംഭത്തില്‍, സൂക്ഷ്മതലത്തില്‍ ആണെങ്കില്‍ ഭൂമിഭൂതം കുറയും. തുടര്‍ന്ന് ക്രമത്തില്‍ ജലഭൂതം, അഗ്നിഭൂതം, വായുഭൂതം, ആകാശഭൂതം എന്നിവയുടെ തോത് കുറയും. വ്രതം അനുഷ്ഠിക്കുന്നത് ദീര്‍ഘിച്ചാലും പട്ടിണി കിടന്നാലും ഭൂമിഭൂതം കുറയും. ജലഭൂതം കുറഞ്ഞാല്‍ വരള്‍ച്ച (സിറോസിസ്) പിടിപെടും. ദേഹത്തില്‍ ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ കുറയുകയും അഗ്നിഭൂതം, വായുഭൂതം എന്നിവ വര്‍ദ്ധിക്കുകയും ചെയ്താല്‍ ചലനലക്ഷണങ്ങള് അനുഭവപ്പെടും. സന്ദര്‍ഭം ഉഷ്ണമാണെങ്കില് ചലനം മൂലം വായു മുകളിലോട്ടും ശീതമാണെങ്കില് കീഴോട്ടും സഞ്ചരിച്ച് ഉപദ്രവങ്ങള്‍ സൃഷ്ടിക്കും. വായുഭൂതം കുറയുകയും ജലഭൂതം, ആകാശഭൂതം എന്നിവ വര്‍ദ്ധിക്കുകയും ചെയ്താല്‍ നീര്‍ക്കെട്ട് ഉടലെടുക്കും. അതോടൊപ്പം ഭൂമിഭൂതം വര്‍ദ്ധിച്ച് സ്തംഭിച്ചാല്‍ ദുര്‍മേദസ്സ്, കല്ല്, മുഴ എന്നിവ രൂപപ്പെടും.
ക്ഷയം ദേഹത്തെ കൂടാതെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബാധിക്കും. പഞ്ചഭൂതങ്ങള്‍ കൂടിച്ചേര്‍ന്ന് ഇന്ദ്രിയശേഷികള്‍ രൂപപ്പെടുന്നത് കേള്‍വി (ആകാശം), സ്പര്‍ശനം (വായു), കാഴ്ച (അഗ്നി), രുചി (ജലം), ഘ്രാണം (ഭൂമി) എന്നീ ക്രമത്തിലാണ്. ഇന്ദ്രിയശേഷികളില് ആദ്യം ഘ്രാണവും ഒടുവില്‍ ശ്രവണവും നശിക്കും.
കുട്ടികളില്‍ ഇന്ദ്രിയങ്ങളുടെ പോഷണത്തിന് സംഗീതത്തിനും വാര്‍ദ്ധക്യത്തില്‍ ഇന്ദ്രിയക്ഷയപ്രതിരോധത്തില് സുഗന്ധദ്രവ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. പഞ്ചഭൂതങ്ങളെ ഊഹിച്ച് അതടിസ്ഥാനത്തില്‍ ധാതുക്ഷയം പരിഹരിക്കുന്ന രീതി പ്രായോഗികമല്ല. രോഗലക്ഷണങ്ങളെ നോക്കിയോ രോഗകാരണമായ ഉഷ്ണ, ശീത ബലങ്ങളെ നോക്കിയോ ദോഷങ്ങളെ ആധാരമാക്കിയോ ചികിത്സിക്കണം.
സോറദോഷം സജീവമായാല്‍ കഫഗുണം ക്ഷയിക്കും. മനസ്സിന്റെ സ്വാതികഗുണം കുറയും. ദയ, സ്നേഹം, സമത്വം, ത്യാഗം എന്നിവയാണ് സ്വാതികഗുണങ്ങള്‍. സിഫിലിസ് ദോഷം സജീവമായാല്‍ ദേഹത്തില്‍ വരള്‍ച്ച നടക്കും. ചൂട് വിത്യസപ്പെട്ട് ദേഹം ക്ഷയിക്കും. സൈക്കോസിസ് ദോഷം ബാധിച്ചാല്‍ കഫം കൂടി ദുര്‍മേദസ്, പ്രമേഹം, അര്‍ബ്ബുദം തുടങ്ങിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരം രോഗങ്ങളുടെ തോത് ഇക്കാലത്ത് ഏറെ വര്‍ദ്ധിച്ചുവരുന്നുണ്ട്. രോഗപരിഹാരത്തിന് ശോധനാശമനരീതികളും, ആരോഗ്യസംരക്ഷണത്തിന് പോഷണരീതികളും അവലംബിക്കണം.
ധാതുക്ഷയത്തിനുള്ള കാരണങ്ങളില്‍ മുഖ്യമായത് സൂക്ഷ്മയിനത്തില്പ്പെട്ട കൃമികളാണ്. ശരീരത്തില്‍ ജീവിക്കുന്ന ചെറിയ ജീവികളെയാണ് പൊതുവേ കൃമികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സൂക്ഷ്മജീവികളില്‍ ചെറിയയിനം ഏകദേശം ഇരുപത് നാനോമീറ്ററിനും മുന്നൂറ് നാനോമീറ്ററിനും മദ്ധ്യേ വലുപ്പമുള്ള വൈറസുകളാണ്. സൂക്ഷ്മജീവികളില്‍ മുഖ്യയിനം ബാക്ടീരിയകളാണ്. വെളുത്തരക്തകോശത്തിന്റെ പത്തില്‍ ഒരു ഭാഗം വലുപ്പമുള്ള ജീവിയാണ് ബാക്ടീരിയ. ശരീരത്തില്‍ ഇവയുടെ ആകെ എണ്ണം മനുഷ്യനില്‍ ആകെയുള്ള കോശങ്ങളുടെ 1.1 ഇരട്ടി വരെയാണ് (ഏകദേശം 39 ട്രില്ല്യന്‍).
ധാതുമലങ്ങള്‍ അധികരിച്ചാല്‍ കൃമികളുടെ തോത് വര്‍ദ്ധിക്കും. കൃമികള്‍ മൂലം ഏതെങ്കിലും ഒരു ധാതു ക്ഷയിക്കാന്‍ ഇടവന്നാല്‍ അതിന് മുന്നോടിയായുള്ള ധാതുക്കള്‍ വര്‍ദ്ധിക്കും. അവയുടെ മലങ്ങളും വര്‍ദ്ധിക്കും. ഇതുമൂലം അവയില്‍ പ്രത്യേകമായി വളരുന്ന കൃമികളുടെ തോത് കൂടും.
മലദ്വാരത്തില്‍ മാത്രം വളരുന്ന ചെറിയയിനം വിരയും കൃമി എന്ന പേരിലാണ് അറിയപ്പെടുന്നത്. കുടലില്‍ ജീവിക്കുന്ന സ്ഥൂലകൃമികള് കുടലിലെ ആഹാരപദാര്ത്ഥങ്ങളെയും മലങ്ങളേയും ഭക്ഷിക്കും. ചിലതരം കുടല്കൃമികളും അവയുടെ കുഞ്ഞുങ്ങളും ശരീരത്തിന് ദോഷകരമായ സൂക്ഷ്മജീവികളേയും മറ്റു ചിലത് പ്രയോജനകരങ്ങളായ ഇനങ്ങളേയും തിന്ന് നശിപ്പിക്കും. വിറ്റാമിന്‍ ബി പന്ത്രണ്ട്, വിറ്റാമിന്‍ കെ തുടങ്ങിയവയുടെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ ഇപ്രകാരം ഉടലെടുക്കുന്നവയാണ്. മത്സ്യം, പാല്, ശര്‍ക്കര, ഉഴുന്ന്, മധുരം, പുളി എന്നിവ അധികം കഴിച്ചാല്‍ കുടല്കൃമികള് വര്‍ദ്ധിക്കും. ചീര, മുരിങ്ങ, കാബേജ്, കറിവേപ്പ് എന്നിവയുടെ ഇലകള്‍ ആഹാരയോഗ്യങ്ങളാണ്. ഇലക്കറികള്‍ അധികം കഴിച്ചാലും കുടലില്‍ വിരകള്‍ വര്‍ദ്ധിക്കും. ഇലക്കറി പാചകം ചെയ്യുമ്പോള്‍ കുറച്ച് തേങ്ങാപ്പീര കൂടി ചേര്‍ക്കണം. പുളിയുള്ളത് ചേര്‍ത്താല്‍ ഇലകളില്‍ അടങ്ങിയ ഓക്സലൈറ്റുകള്‍ ആഗീരണം ചെയ്യപ്പെടാതെ കുടല്വഴിയിലൂടെ തന്നെ പുറത്ത് പോയിക്കിട്ടും. ഇതുമൂലം ചുമ, മൂത്രത്തില്‍ കല്ല് എന്നിവ രൂപപ്പെടാനുള്ള സാദ്ധ്യത കുറയും. വിരകളുടെ എണ്ണം കുടലില്‍ കൂടിയാല്‍ അവ കുടലിലെ മലത്തെ തിന്നുതീര്‍ക്കും. കുടല് കാലിയായാല് വായു ഓടി നടക്കും. നടുവേദന, എളിവേദന, നെഞ്ചുവേദന എന്നിവ എല്ലാം ഇതുമൂലം അനുഭവപ്പെടാം. കൃമികള്‍ക്ക് ആഹാരം കിട്ടാതെ വന്നാല്‍ അത് ആമാശയ ഭിത്തിയേയും കുടല് ഭിത്തിയേയും തിന്നും. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, പനി, കഫക്കെട്ട്, അസ്ഥിസ്രാവം തുടങ്ങിയവയെല്ലാം കൃമി വര്‍ദ്ധനവിന്റെ ലക്ഷണങ്ങളാണ്.
കരിവാളിപ്പ്, ചൊറിച്ചില്‍, പാണ്ട്, കുരു എന്നിവയും സൂക്ഷ്മകൃമികള് മൂലം ഉടലെടുക്കാം. അപസ്മാര ലക്ഷണങ്ങള്‍ക്കും (ടോക്സോപ്ലാസ്മോസിസ്, എച്ച്. ഐ. വി) ഹൃദ്രോഗലക്ഷണങ്ങള്ക്കും (കോക്സ്സാക്കി വൈറസ്) സൂക്ഷ്മാണുക്കള്‍ കാരണമാകാറുണ്ട്. മസ്തിഷ്കത്തെ ബാധിച്ചാല്‍ ഇച്ഛാശക്തി, ബുദ്ധിശക്തി, ഇന്ദ്രിയഗ്രഹണശേഷി എന്നിവ കുറയും.
ജീവശക്തിക്ക് വിരുദ്ധങ്ങളായ ആര്‍സെനിക്, ലഹരിപദാര്‍ത്ഥങ്ങള്‍, ഉപ്പ്, കാപ്പി, സിങ്കോണ, അണുനാശിനികള്‍ എന്നിവ അധികം അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ആദ്യഘട്ടത്തില്‍ കൃമികള്‍ നശിക്കും. തുടര്‍ന്ന് അവ പ്രതിരോധശേഷി നേടിയാല്‍ അവയുടെ എണ്ണം ഇരട്ടിക്കും. മദ്യപാനികളില്‍ ഉഷ്ണ ക്രിമിയിനത്തില് ഉള്‍പ്പെട്ട ഹെപ്പറ്റയിറ്റിസ് ബി സജീവമാകാനുള്ള സാദ്ധ്യത കൂടും.
പൌര്‍ണ്ണമിയില്‍ കൃമികീടങ്ങളുടെ ബലം കുറയും. അപ്പോള്‍ കുരുമുളക്, വെളുത്തുള്ളി, തേന്‍, കാബേജ്, സുര്‍ക്ക, വെളിച്ചെണ്ണ, തൈര് എന്നിവയില്‍ ഉചിതമായത് പ്രയോജനപ്പെടുത്തിയാല്‍ നശിക്കാത്ത കൃമികള്‍ കൂടി നശിക്കും. അമാവാസിയില്‍ ഇവയുടെ ശക്തി വര്‍ദ്ധിക്കും. അതുമൂലം പ്രയാസങ്ങള്‍ ഉടലെടുക്കും. ശുദ്ധി പുലര്‍ത്തിയാല്‍ ഇവയുടെ ആക്രമണത്തില്‍ നിന്ന് കുറച്ചൊക്കെ രക്ഷ നേടാം. ആന്തരികശുദ്ധി ലഭിക്കാന്‍ ദിനംപ്രതി ചുരുങ്ങിയത് ഒരു ലിറ്റര്‍ ജലമെങ്കിലും കുടിക്കണം.
വരണ്ട ധാന്യങ്ങളുടെയും പയറുകളുടെയും ഉഷ്ണവീര്യം കുറയ്ക്കാനായി അവയെ ജലത്തില്‍ കുതിര്‍ത്തി വെച്ച് മുളപ്പിച്ച് ഉപയോഗിക്കാറുണ്ട്. ഇതുമൂലം വിറ്റാമിന്‍ “ഇ” തോത് കൂടിയും കൊഴുപ്പ് തോത്, തുരുമ്പ് തോത് എന്നിവ കുറഞ്ഞും കിട്ടും. ചെറുപയറും കടലയും മുളപ്പിച്ച് കഴിക്കാം. ധാന്യങ്ങള്‍, പയറുകള്‍ എന്നിവ മുളക്കുന്ന ഘട്ടത്തില്‍ തുറന്നുവെച്ചാല്‍ സൂക്ഷ്മജീവികള്‍ അതില്‍ വേഗം കയറിക്കൂടും.
കയ്പ്പ്ദ്രവ്യങ്ങള് പൊതുവേ കൃമിനാശകങ്ങളാണ്. കാഞ്ഞിരത്തില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധത്തിന് മസ്തിഷ്കം അടക്കം ഉള്ള ആന്തരികാവയവങ്ങളിലെ കൃമികളെ നശിപ്പിക്കാന്‍ വേണ്ട ശേഷിയുണ്ട്. മത്തങ്ങക്കുരു, കുമ്പളങ്ങക്കുരു, മാതളക്കുരു, വിഴാലരി എന്നിവ പൊടിച്ച് മോരില്‍ കഴിച്ചാല്‍ കുടല് കൃമികള്‍ നശിക്കും. Echinacea, Azadirecta, Calendula, Cina, Kalmegh, Veronica തുടങ്ങിയവയും കൃമിഹരങ്ങളാണ്.
ചര്‍മ്മം, കരള്‍, ആമാശയം എന്നീ ഭാഗങ്ങളില്‍ അര്ബ്ബുദയിനം രോഗങ്ങള്‍ ഉടലെടുക്കാനും കൃമികള്‍ (പത്ത് ശതമാനം) കാരണമാകുന്നുണ്ട്. തൈറോയ്ഡ്, ഓവറി തുടങ്ങിയ അവയവങ്ങളില്‍ സിസ്റ്റ്, മുഴകള്‍ എന്നിവ രൂപപ്പെടുന്നതിലും കൃമികള്‍ ഭാഗഭാക്ക് ആകുന്നുണ്ട്. ആര്‍സെനിക്, ഫോസ്ഫറസ് എന്നിവ കലര്‍ന്ന ഔഷധങ്ങള്‍, ഐഡിന് കലര്‍ന്ന കടലുപ്പ്, കടല്‍പായലുകളില്‍ നിന്ന് തയ്യാറാക്കിയ ഔഷധങ്ങള്‍ (Fucus vesiculosus) എന്നിവയ്ക്ക് ഇത്തരം കൃമികളെ നശിപ്പിക്കാനുള്ള ശേഷി ഉണ്ട്. മഞ്ഞള്‍ കത്തിച്ച് പുക ശ്വസിച്ചാല്‍ മൂക്കിലെ കൃമികള്‍ നശിക്കും.
ധാതുക്ഷയം ദീര്‍ഘിക്കുന്തോറും മലങ്ങളുടെ തോത് കൂടും. അതനുസരിച്ച് കൃമികളുടെ ഇനവും എണ്ണവും കൂടും. അതിനാല്‍ ധാതുമലങ്ങളെ യഥാസമയം വിസര്‍ജ്ജിപ്പിക്കണം. ധാതുവൈഷമ്യം മൂലമുള്ള രോഗാവസ്ഥകളില്‍ ആദ്യം ലക്ഷണങ്ങളും തുടര്‍ന്ന് കാരണങ്ങളും പരിഹരിക്കണം. ധാതുക്ഷയത്തില്‍ കാരണങ്ങളെ ആദ്യം പരിഹരിക്കണം. ക്ഷയിച്ച ധാതുക്കള്‍ക്ക് സമാനമായ പോഷണ ദ്രവ്യങ്ങള്‍ ലഭിക്കാന്‍ രസായനങ്ങളെ പ്രയോജനപ്പെടുത്തണം.
ദേഹധാതുക്കള്‍ പോലെ മനസ്സും ധാതുവാണ്. വിവേചിച്ച് അറിയുന്നത്, ചിന്തിക്കുന്നത്, ആഗ്രഹിക്കുന്നത്, വേദന അറിയുന്നത് എല്ലാം ബോധമനസ്സാണ്. ഓര്‍മ്മകളെ സൂക്ഷിച്ചുവെയ്ക്കുന്നത് ഉപബോധമനസ്സാണ്. ഉറക്കത്തില്‍ അബോധമനസ്സും ഉപബോധമനസ്സും മാത്രമാണ് സജീവമാകുന്നത്. ആനന്ദം അനുഭവിക്കുന്നത് ബോധമനസ്സും ഉപബോധമനസ്സും സംയുക്തമായാണ് അല്ലെങ്കില്‍ ജീവശക്തിയോട് ചേര്‍ന്നുള്ള ആന്തരികമനസ്സ് ആണ്. ചില വിഭാഗം ആളുകള്‍ക്ക് ജീവശക്തി എന്ന പദം കേള്‍ക്കുന്നത് തന്നെ വിരോധമാണ്.
മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹധാതുക്കള്‍, മലങ്ങള്‍ എന്നിവയിലെ ക്ഷയത്തെ വെവ്വേറെയായി കണ്ട് പ്രതിരോധിക്കുകയും പരിഹരിക്കുകയും ചെയ്യണം. ഇതിന്റെ ആദ്യപടിയായി അനാവശ്യമായ കര്‍മ്മങ്ങളെ നിയന്ത്രിക്കണം. സാരാംഗ്നികളെ സംരക്ഷിക്കണം. ധാതുക്കളുടേയും മലങ്ങളുടേയും അനുപാതം, സാരാംഗ്നികളുടെ എണ്ണം എന്നിവ ഓരോരുത്തര്‍ക്കും നൈസര്‍ഗ്ഗികമായി ലഭിക്കുന്ന സംഗതികളാണ്. ശരീരപരിണാമങ്ങള്ക്ക് ആധാരം സാരാംഗ്നികളാണ്. ദേഹപ്രവര്ത്തനങ്ങള്ക്ക് അനിവാര്യമായ സാരാംഗ്നിയിനങ്ങളും രോഗഹേതുക്കളായ ഇനങ്ങളും ഉണ്ട്. സാരാംഗ്നികള്‍ ഒരുതരത്തില്‍ ജീവശക്തിയുടെ സ്ഥൂല അംശങ്ങളാണ്. ഇവ രൂപപ്പെടാതിരുന്നാല് ശരീരം ക്ഷയിക്കും. ഒരാളില്‍ ഏകദേശം 75000 ത്തോളം സാരാംഗ്നികള്‍ (Enzymes) ഉണ്ട് എന്നാണ് അനുമാനം. ദേഹധാതുക്കളില്‍ നിന്നാണ് സാരാംഗ്നികള്‍ രൂപപ്പെടുന്നത്. Enzyme എന്ന പദം ആദ്യം അവതരിപ്പിച്ചത് ജര്‍മ്മന്‍ക്കാരനായ Wilhelm Cuhnee (1837 -1900) ആയിരുന്നു. Enzyme എന്നാല്‍ യീസ്റ്റില്‍ അടങ്ങിയത് എന്നാണര്‍ത്ഥം. നൈട്രജന്‍, കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ ഇവയുടെ രൂപീകരണത്തിന് വേണ്ടതുണ്ട്. ഇതുകൂടാതെ ഗന്ധകം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേകമായി വേണ്ടതുണ്ട്.
സാരാംഗ്നികളുടെ ക്രമം തകരാറില്‍ ആകുമ്പോള്‍ അത് പരിഹരിക്കാന്‍ സഹായകമായ ആഹാരയിനങ്ങള്‍ ഏതെല്ലാമാണ് എന്ന് നിര്‍ദ്ദേശിക്കാനുള്ള ചുമതല ഭിഷ്വഗരനുണ്ട്. ദഹനാംഗ്നികളുടെ തോത് വാര്‍ദ്ധക്യത്തില്‍ കുറയും. ഇവയെ പോഷിപ്പിക്കുന്നതിന് എരിവുദ്രവ്യങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പില, മോര് തുടങ്ങിയ രൂക്ഷമല്ലാത്ത ഇനങ്ങള്‍ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഉറക്കം, കുളി, വ്യായാമം എന്നിവ ദഹനത്തെ പരിപോഷിപ്പിക്കും. പ്രഭാതവെയില്‍, പോക്കുവെയില്‍, ഇളംകാറ്റ് എന്നിവ ഏറ്റാലും ദഹനശേഷി മെച്ചപ്പെട്ടുകിട്ടും.
ക്ഷയത്തിന്റെ ആരംഭഘട്ടത്തില്‍ അന്നജദ്രവ്യങ്ങള്, സൂപ്പ്, പാല്, നെയ്യ്, ത്രിഫല തുടങ്ങിയവ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. നിത്യവും കുളിക്കുന്നത് ക്ഷയത്തെ സാവധാനത്തിലാക്കും. കുളിക്കുന്നതിന് മുന്നോടിയായി ചര്‍മ്മത്തില്‍ എണ്ണ പുരട്ടണം. ശുക്ലക്ഷയം പരിഹരിക്കാന്‍ രസായനദ്രവ്യങ്ങള്‍ കഴിക്കണം, പുനര്‍ജീവന ചികിത്സ സ്വീകരിക്കണം.
ആഹാരരസങ്ങളോടൊപ്പം ഔഷധരസങ്ങളെയും പ്രയോജനപ്പെടുത്തി ധാതുക്ഷയത്തേയും വാര്ദ്ധക്യരോഗങ്ങളേയും അകറ്റി, രസധാതുവിനെ വര്‍ദ്ധിപ്പിച്ച്, യൗവ്വനം വീണ്ടെടുത്ത്, ജീവിതത്തിന് രസം നല്കുന്ന പദ്ധതിയാണ് രസായനചികിത്സ. ഭാരതീയ അഷ്ടാംഗചികിത്സയില് ഏഴാമത്തെ അംഗം രസായനചികിത്സയും എട്ടാമത്തെ അംഗം വാജീകരണചികിത്സയും ആണ്.
ജീവശക്തി, മനസ്സ്, ഇന്ദ്രിയങ്ങള്‍, സപ്തധാതുക്കള്‍ എന്നിവയുടെ തകരാറുകള്‍ പരിഹരിക്കുകയും അതോടൊപ്പം അവയുടെ ഗുണങ്ങള്‍ നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് രസായനചികിത്സയുടെ ലക്ഷ്യം. വാര്‍ദ്ധക്യത്തില്‍ മാത്രമല്ല മറ്റ് പ്രായത്തിലും ഇതിന് പ്രസക്തിയുണ്ട്.
ഹോര്‍മോണ്‍ അപര്യാപ്തതയും ധാതുക്ഷയവും പരിഹരിച്ച് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങളെല്ലാം രസായനങ്ങളാണ്. ഇവയെ നാല്പത്തിയഞ്ച് ദിവസം തുടര്‍ച്ചയായി ഉപയോഗിക്കണം. രസായനദ്രവ്യങ്ങള്‍ വര്‍ഷത്തില്‍ രണ്ടുതവണ കഴിക്കാം. ഇവയെ ഉപയോഗിക്കുന്നതിന് മുന്‍പ് ദേഹമലങ്ങളെ പുറത്തുകളയാന്‍ വേണ്ട ശോധനക്രിയകള്‍ ഋതുക്കള്‍ അടിസ്ഥാനത്തില്‍ ചെയ്യണം. രസായനചികിത്സയ്ക്ക് വിധേയരാകുന്നവര്‍ ആ ദിവസങ്ങളില്‍ വെയില് അധികം കൊള്ളരുത്.
ദേഹപ്രകൃതിക്ക് ഹിതകരമായ ആഹാരം കഴിക്കുന്നതും ശുചിത്വം, അദ്ധ്വാനം, മനോനിയന്ത്രണം, മര്യാദ, രാത്രിയിലെ ഉറക്കം, പുഞ്ചിരിഭാവം, ദയ, ഔദാര്യം, നന്ദിപറച്ചില്‍, സഹനം, ഭക്തി തുടങ്ങിയ സംഗതികളിലെ ചിട്ടകള്‍ പാലിക്കുന്നതും ദിനചര്യ, ഋതുചര്യ എന്നിവ യഥാവിധി അനുഷ്ഠിക്കുന്നതും രസായനദ്രവ്യങ്ങളുടെ ഫലം വര്‍ദ്ധിപ്പിക്കും.
സിലിക്കൺ, കാല്‍സ്യം, മെഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, മെർക്കുറി, ആര്‍സെനിക്, സെലീനിയം, ഗന്ധകം, നാകം, സ്വര്‍ണ്ണം എന്നിവ അടങ്ങിയ സസ്യങ്ങള്‍, വെള്ളം ചേര്‍ത്ത പാല്, വെള്ളം ചേര്‍ത്ത മദ്യം, മോര്, ഞണ്ട്, കല്ലുമ്മക്കായ, അജമാംസം, പോത്തിറച്ചി, കോഴിസൂപ്പ്, പാമ്പിന്റെ മാംസം, തേന്‍, കൂണ്, മുന്തിരി, ഗോതമ്പ്, തേങ്ങ, പഴം, ശര്‍ക്കര, താന്നിക്ക, ചുക്ക്, കുറുന്തോട്ടിവേര്, ആടലോടകവേര്, ഇത്തികണ്ണിവേര്, ബ്രഹ്മി, നെല്ലിക്ക, കടുക്ക, അമുക്കുരം, കറ്റാര്‍വാഴ, വത്സനാഭി, ചിറ്റമൃത്, കുരുമുളക്, തുളസി വേര്, ഇരട്ടിമധുരം, മഞ്ഞള്‍, വെളുത്തുള്ളി, ആല്‍ഫാല്‍ഫ, ജിന്‍സെങ്ങ്, പിപ്പല്ലി, കിരിയാത്ത, കീഴാർനെല്ലി, പുനർവ, വിഴാലരി, പവിഴം, ചിപ്പിമുത്ത്, കന്മദം, അബ്രകഭസ്മം, ശിവബീജം, താമ്രഭസ്മം, ചാർക്കോൾ എന്നിവ രസായനദ്രവ്യങ്ങളായി ഉപയോഗിച്ചുപോന്ന ഇനങ്ങളാണ്.
ചർമ്മത്തിൽ ആഴ്ചയിൽ ഒരിക്കൽ എന്നോണം അമൃതതൈലം (ഹോമിയോപ്പതിക്) പുരട്ടുന്നത് രസായനഫലം അനുവദിക്കും.
രാജാമൃതതൈലത്തിൻ്റെ പ്രയോജനങ്ങള്‍
രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു.
ശാരീരികവും മാനസികവും ആയ ഉണര്‍വ് ലഭിക്കുന്നു.
ഓര്‍മ്മശക്തി മെച്ചപ്പെടുന്നു.
ഇന്ദ്രിയശേഷികള്‍ സജീവമാകുന്നു.
ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.
യൌവ്വനം, ഓജസ് എന്നിവ മെച്ചപ്പെടുന്നു.
No comments:
Post a Comment