Tuesday, 31 March 2020

ജീവശക്തിദര്‍ശനം. 6. Kader Kochi.

ജീവശക്തി, പ്രാണശക്തി, മനോബലം, ഇന്ദ്രിയബലം, ദേഹബലം, മലബലം എന്നിങ്ങനെ നിരവധി ബലങ്ങള്‍ ശരീരത്തില്‍ ഉണ്ട്. അതിലെ നായകനാണ് ജീവശക്തി (Vital force). മലങ്ങളേയും ദേഹധാതുക്കളേയും ഇന്ദ്രിയങ്ങളേയും മനസ്സിനെയും നിയന്ത്രിക്കുന്നത്, രോഗാണുക്കളെ പ്രതിരോധിച്ച് ശരീരത്തെ സംരക്ഷിക്കുന്നത് എല്ലാം ജീവശക്തിയാണ്.

ആത്മാവ് (Vital principleഎന്നൊരു സൂക്ഷ്മഘടകം കൂടി ഇതുകൂടാതെ ഓരോരുത്തരിലും ഉണ്ട് എന്നും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു. ആത്മാവിന് ദുഃഖവും വേദനയും അസുഖവും ഒന്നു ഇല്ല. അത് സാക്ഷിയായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം. അപരബ്രഹ്മബോധാംശങ്ങള്‍, മുന്‍ജന്മകര്‍മ്മഫലങ്ങള്‍ എന്നിവയെ ഒരേ ഗണത്തില്‍ പെടുത്തിയും, അവ ജീവശക്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ഒന്നായും, കര്‍മ്മം അനുസരിച്ച് ഈ ഗണം വിത്യാസപ്പെടുമെന്നും അവര്‍ സങ്കല്‍പ്പിച്ചു.

വായു, ജലം എന്നിവ അടക്കമുള്ള ആഹാരദ്രവ്യങ്ങളില്‍ നിന്നാണ് ശരീരധാതുക്കള്‍, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവ വളര്‍ച്ച നേടുന്നത്. ഇവ പരിണമിച്ചാണ് ജീവശക്തി സജീവമാകുന്നത്. ധാതുക്കളിലും ദേഹദ്രാവകങ്ങളിലും കോശങ്ങളിലും എല്ലാം സൂക്ഷ്മരൂപത്തില്‍ ജീവശക്തി നിലകൊള്ളുന്നുണ്ട്. മനസ്സ്, സപ്തധാതുക്കള്‍, മലങ്ങള്‍ എന്നിവയുടെ ധര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത്, ധാതുക്കളേയും മലങ്ങളേയും പരസ്പരം ബന്ധിപ്പിച്ചും ചലിപ്പിച്ചും സൌമ്യതയില്‍ നിര്‍ത്തുന്നത് എല്ലാം ജീവശക്തിയാണ്. ശരീരത്തില്‍ ജീവശക്തിയോടൊപ്പം ആത്മാവ് കുടികൊള്ളുന്നതിന് ഇത്തരം സൌമ്യത (Homeostasisവേണ്ടതുണ്ട്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയില്‍ ജീവശക്തിയുടെ നിയന്ത്രണവും ആത്മാവിന്‍റെ സാന്നിദ്ധ്യവും ഉണ്ടാകുമ്പോഴാണ് ആരോഗ്യം അനുഭവിക്കാനാകുന്നത്.

പ്രായപൂര്‍ത്തിയായവരുടെ ബീജകോശങ്ങളില്‍ കയറിപറ്റിയ ബലങ്ങള്‍ അനുകൂല സാഹചര്യത്തില്‍ അന്യോന്യം സംയോജിച്ചാല്‍ അതില്‍ പുതിയ ജീവശക്തി രൂപംകൊള്ളും. അതില്‍ നിന്ന് രൂപപ്പെട്ട് ഉയര്‍ച്ച നേടി പരിണമിച്ചതാണ് ഭ്രൂണത്തിലേയും ശൈശവത്തേയും ബാല്യത്തിലേയും ജീവശക്തി. ബീജസങ്കേതത്തില്‍ കയറിപറ്റാന്‍ കഴിയാതെ വന്ന ബലങ്ങള്‍ ശരീരമനോധര്‍മ്മങ്ങളില്‍ മുഴുകിയ ശേഷം സ്വയം ശിഥിലമാകും. 
  
മനസ്സിന്‍റെ നെഗറ്റീവ് ഗുണങ്ങളായ ഭയം, ആര്‍ത്തി, അസൂയ, വെറുപ്പ്‌, പ്രതികാരം, കോപം, ദുഃഖം, അഹങ്കാരം എന്നിവ സജീവമായാല്‍ അഹന്ത, ത്രിദോഷങ്ങള്‍ എന്നിവ ശക്തിയാര്‍ജിക്കും. ജീവശക്തി ക്ഷീണിക്കും. ഇതുമൂലം ധാതുക്കളുടെ ക്രമം തെറ്റും. മാലിന്യങ്ങളോടും വിഷപദാര്‍ത്ഥങ്ങളോടും ഉള്ള വിധേയത്വം (Susceptibilityകൂടും. മനോവേദന, ദേഹവേദന, അയവില്ലായ്മ, മുഷിപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടും. മാലിന്യങ്ങള്‍ മൂലവും ജീവശക്തി താല്‍ക്കാലികമായി ക്ഷീണിക്കും. വിഷങ്ങള്‍, രാസഔഷധങ്ങള്‍ എന്നിവയും ജീവശക്തിയെ ക്ഷീണിപ്പിക്കുന്ന ഇനങ്ങളാണ്.

ജീവശക്തി ക്ഷീണിച്ചാല്‍ ബുദ്ധി, ഇച്ഛാശക്തി, വിവേകം എന്നിവ ആദ്യം കുറയും. ഓര്‍മ്മക്കേട്‌ പിടിപെടും. ചിത്തമനസ്സും ശരീരധാതുക്കളും ദുര്‍ബലമാകും. സ്വസ്ഥത കുറയും. പ്രതിരോധശക്തി കുറയും. ശരീരത്തില്‍ രോഗാണുക്കള്‍ പെരുകും. പകര്‍ച്ചവ്യാധിരോഗങ്ങള്‍ക്ക് നിരന്തരം വിധേയമാകും. രോഗത്തിന്‍റെ കാഠിന്യം കൂടും. പിടിപെട്ട രോഗങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ഇല്ല.

മനോവിഷമങ്ങള്‍ക്ക് ആധാരം ഇന്ദ്രിയങ്ങള്‍ വഴി വന്ന പ്രപഞ്ചവിഷയങ്ങളും അവ മനസ്സില്‍ സൃഷ്ടിച്ച മലങ്ങളുമാണ്. സുഖദുഃഖങ്ങള്‍, വേദന എന്നിവ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ബാഹ്യമനസ്സും ശരീരവും ആണ്. ആനന്ദം അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളോ അവയോട് ചേര്‍ന്ന് നില്‍ക്കുന്ന സങ്കല്‍പ്പമനസ്സോ വികാരമനസ്സോ അല്ല. അവയെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ജീവശക്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ആന്തരിക ജീവമനസ്സാണ്.

ഇച്ഛാശക്തിയുടെയും അറിവിന്‍റെയും ഇരിപ്പിടം യഥാക്രമം ബോധമനസ്സും ഉപബോധമനസ്സും ആണ്. ഇച്ഛാശക്തി, അറിവ് എന്നിവ കുറഞ്ഞാല്‍ മനസ്സിലും തുടര്‍ന്ന് ശരീരത്തിലും രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടും. ഓരോരുത്തരിലുമുള്ള ജീവശക്തിയുടെ മേന്മ അറിയണമെങ്കില്‍ അവരിലെ ഇച്ഛാശക്തി, ജ്ഞാനം, ബുദ്ധി, ആരോഗ്യം, സല്‍കര്‍മ്മങ്ങളുടെ തോത് എന്നിവയെ അപഗ്രഥിക്കണം. ജീവശക്തിയുടെ ദൌര്‍ബല്യം തിരിച്ചറിയാന്‍ മനസ്സ്, ശരീരം എന്നിവയിലെ മലങ്ങളേയും പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളേയും വിലയിരുത്തണം.

ഒരാളെ വിത്യസ്തനായി കാണാന്‍ കഴിയുന്നത്‌ ജീവശക്തിയെയും സൂക്ഷ്മബോധങ്ങളെയും ധരിച്ച മനസ്സ്, ശരീരം, വസ്ത്രം, ആഭരണം, സാഹചര്യം എന്നിവയിലൂടെയാണ്. ഇത്തരം ബാഹ്യഘടകങ്ങളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍, പരിഷ്ക്കരിച്ചാല്‍, അവയെ ശുദ്ധമാക്കിയാല്‍; ജീവശക്തി, മനസ്സ്, ദേഹം എന്നിവയെ ആരോഗ്യത്തോടെ നിലനിര്‍ത്തി സംയോജിപ്പിച്ചാല്‍, ജീവശക്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആന്തരിക മനസ്സില്‍ സന്തോഷം അനുഭവിക്കാനാകും.

ജീവശക്തി പഞ്ചഭൂതാന്മകമാണ്. ആകാശം, വായു, അഗ്നി എന്നീ ഭൂതങ്ങള്‍ കൂടുതലായി അടങ്ങിയ ദ്രവ്യങ്ങള്‍ക്ക് ജീവശക്തിയെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും എന്നൊരു സങ്കല്‍പ്പം ഉണ്ട്. ജലം, ഭൂമി എന്നീ ഭൂതങ്ങള്‍ കൂടുതല്‍ അടങ്ങിയ ദ്രവ്യങ്ങള്‍ മനസ്സിനെയും ജീവശക്തിയെയും പോഷിപ്പിക്കും. ആകാശഭൂതം കൂടുതലുള്ള കയ്പ്പ് ഇനങ്ങളോടൊപ്പം ഭൂമിഭൂതം കൂടുതലുള്ള മധുര ഇനങ്ങള്‍ കഴിച്ചാല്‍ ജീവശക്തിയെ സ്വാധീനിക്കാനുള്ള ശേഷികള്‍ കുറയും.

ജീവശക്തി മെച്ചപ്പെട്ടുകിട്ടാന്‍ ആരോഗ്യനിയമങ്ങള്‍ പാലിക്കണം. ആഹാരം, വ്യായാമം, ഉറക്കം, ശുചിത്വം, ഇന്ദ്രിയനിയന്ത്രണം എന്നിവയിലെ ചിട്ടകള്‍ പാലിച്ച് ശരീരധാതുക്കളേയും ദേഹദ്രാവകങ്ങളേയും ജീവശക്തിയെയും സൌമ്യതയില്‍ ക്രമീകരിക്കണം.

ശരീരത്തിനും മനസ്സിനും ജീവശക്തിക്കും ചൈതന്യം നല്‍കുന്ന ഘടകങ്ങളെയാണ് ആഹാരം എന്നുപറയുന്നത്. ഓരോ പ്രായത്തിനും വേണ്ടതായ ശരീരധാതുക്കള്‍, ബലങ്ങള്‍ എന്നിവ രൂപപ്പെടാന്‍ ഉതകുന്ന ആഹാരങ്ങള്‍ നിത്യവും കഴിക്കണം. കൌമാരത്തിലും യൗവ്വനത്തിലും വേണ്ടതായ അധികതോതിലുള്ള ഊര്‍ജ്ജാവശ്യം പരിഹരിക്കുന്നതിന് നവധാന്യങ്ങളെ പ്രയോജനപ്പെടുത്തണം. ആഹാരദ്രവ്യങ്ങളില്‍ കലോറി മൂല്യം കൂടുതലുള്ളത് കൊഴുപ്പിന് ആണ്. മറ്റു ആഹാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പില്‍ നിന്ന് ഊര്‍ജ്ജം വേര്‍പ്പെട്ടുകിട്ടാന്‍ സാരാംഗ്നികളെ അധികം നിരക്കില്‍ ചിലവഴിക്കേണ്ടതായി വരും. വാര്‍ദ്ധക്യത്തില്‍ കാര്‍ബണ്‍ കൂടുതലുള്ള കൊഴുപ്പ് ഇനങ്ങളെ ലഘൂകരിക്കണം. അധികം വെന്തതും പഴകിയതുമായ ആഹാരങ്ങളില്‍‍ പോഷകമൂല്യങ്ങള്‍ കുറവാണ്.

അറിവും ആഹാരമാണ്. ജീവശക്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന സ്വതന്ത്രവും സൂക്ഷ്മവുമായ അറിവാണ് അപര ബ്രഹ്മബോധാംശം. ജീവശക്തിയും ജീവശക്തിയോട്‌ ചേര്‍ന്ന് നിലകൊള്ളുന്ന ആന്തരികമനസ്സും അപര ബ്രഹ്മബോധാംശവുമായി, ജീവത്മാവുമായി ആഴത്തില്‍ ചേരാന്‍ ഇടവരുമ്പോഴാണ് വിവേകവും ഇച്ഛാശക്തിയും സല്‍വിചാരങ്ങളും സജീവമാകുന്നത്. പാപം ചെയ്യാതിരിക്കാന്‍, പുണ്യം ചെയ്യാന്‍, കര്‍മ്മഫലങ്ങളെ ത്യജിക്കാന്‍, ആനന്ദം അനുഭവിക്കാന്‍ ഇത്തരം ഒരു സംയോഗം വേണ്ടതുണ്ട്.

മാനുഷ എന്നതിന് സസ്യം എന്നും, മനുഷ്യന്‍ എന്നതിന് സസ്യത്തില്‍ നിന്ന് ഉദയം ചെയ്തത് എന്നും വിവക്ഷയുണ്ട്. സസ്യങ്ങളില്‍ മനുഷ്യന് ഉതകുന്ന പോഷകഘടകങ്ങളും സൂക്ഷ്മബലങ്ങളും അറിവും അടങ്ങിയിട്ടുണ്ട്. അതിനാലാണ് അവയെ ആഹാരമായി ഉപയോഗിച്ചുപോരുന്നത്. ലോഹങ്ങളിലും കല്ലിലും മണ്ണിലും കുറഞ്ഞ തോതില്‍ അറിവ് നിലകൊള്ളുന്നുണ്ട്. ലോഹവും കല്ലും മണ്ണും പറ്റുമെങ്കില്‍ സംസ്ക്കരിച്ച് ആഹാരമായി ഉപയോഗിക്കാം. അറിവ് കൂടുതലുള്ള ലോഹവും കുറഞ്ഞ ലോഹവും ഉണ്ട്. ലോഹത്തില്‍ ഉള്ള അറിവിന് ആയുസ്സ് ദൈര്‍ഘ്യം കൂടുതലാണ്. ലോഹത്തില്‍ നിന്ന് അറിവ് വേഗത്തില്‍ വേര്‍പെടുകയില്ല. അറിവ് സ്വര്‍ണ്ണത്തില്‍ താരതമ്യേനെ കൂടുതലും അലുമിനിയത്തില്‍ കുറവും നിലകൊള്ളുന്നു എന്നാണ് അനുമാനം. സ്വര്‍ണ്ണം ഉഷ്ണവും വെള്ളി, അലുമിനിയം എന്നിവ ശീതവും ആണ്. ആല്‍ഫാല്‍ഫ, നീലമുന്തിരി, യൂക്കാലിപ്റ്റസ്, ആലോ എന്നിവയില്‍ കൊളോയിഡ്‌ രൂപത്തില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ട്. ലോഹങ്ങള്‍, ഖനിജങ്ങള്‍‍ എന്നിവയെ പഞ്ചഭൂത സങ്കല്‍പ്പങ്ങളെ ആധാരമാക്കി പൂര്‍വ്വികര്‍ തരംതിരിച്ചുനോക്കിയിരുന്നു. 


ആകാശം
സിങ്ക്, സോഡിയം, ഗന്ധകം.
 
വായു
ഇരുമ്പ്, ആര്‍സെനിക്.

അഗ്നി
സ്വര്‍ണ്ണം, ഗന്ധകംരസം, ചെമ്പ്. 
 
ജലം
രസം, ഈയം.

ഭൂമി
കാത്സ്യം, അലുമിനിയം, സിലിക്ക, ഗ്രാഫൈറ്റിസ്.



ജീവശക്തി സജീവമായാല്‍ രോഗാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധബലം, സമാനമരുന്നുകളോടുള്ള ശരീരത്തിന്‍റെ ഇണക്കം എന്നിവ വര്‍ദ്ധിക്കും. ത്രിദോഷങ്ങളുടെ ബലം കുറയും. വാശി, കോപം, പിരിമുറുക്കം, പേശിപിടുത്തം, വേദന എന്നി ഇല്ലാതാകും. സ്വസ്ഥത, ലാഘവത്വം, സന്തോഷം  എന്നിവ അനുഭവപ്പെട്ടുകിട്ടും.

ജീവശക്തി, മനസ്സ്, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവയെ വെവ്വേറെയായും സമഗ്രമായും ത്രിദോഷങ്ങള്‍ ബാധിക്കും. ജീവശക്തി, പ്രാണന്‍, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവ ഉള്ളിടത്തോളം കാലം രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. ലക്ഷണങ്ങള്‍ ഉള്ളിടത്തോളം കാലം രോഗങ്ങള്‍ക്ക് പരിഹാരവും ഉണ്ട്. ചികിത്സയുടെ ആദ്യഘട്ടം രോഗലക്ഷണങ്ങളുടെ നിര്‍മാര്‍ജ്ജനമാണ്. അതോടൊപ്പം രോഗവര്‍ധനവിന് കാരണമായ ദേഹധാതുക്കളിലെയും ധാതുമലങ്ങളിലെയും ക്രമക്കേട് പരിഹരിക്കണം. ധാതുമലങ്ങളെയും വിഷത്തെയും ശോധിപ്പിക്കുകയോ നിര്‍വ്വീര്യമാക്കുകയോ ചെയ്യണം. ജീവശക്തിയെ ക്ഷീണിപ്പിക്കുന്ന ത്രിദോഷശക്തി വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിര്‍വ്വീര്യമാക്കണം.

രോഗകാരണമായ മലത്തേയും ലഘുവിഷത്തെയും ത്രിദോഷശക്തികളെയും  സമാനമായ മറ്റൊരുദ്രവ്യത്തിന്‍റെ സഹായത്താല്‍‍ ഉന്‍മൂലനം ചെയ്ത് ജീവശക്തിയെ സ്വതന്ത്രമാക്കി, ജീവചേതനയെ മെച്ചപ്പെടുത്തി സൌഖ്യാവസ്ഥ സംഘടിപ്പിക്കാം എന്ന ആശയത്തെ സജീവമാക്കിയത് ജര്‍മ്മന്‍ക്കാരനായ സാമുവല്‍ ഹാനിമാന്‍ ആണ്.

No comments:

Post a Comment