ശരീരനിര്‍മ്മിതിക്കും ആരോഗ്യസംരക്ഷണത്തിനും കര്‍മ്മനിര്‍വ്വഹണത്തിനുംവേണ്ടി സ്വീകരിക്കുന്ന എല്ലാ ഘടകങ്ങളേയും ആഹാരമെന്ന് പറയാം. മനുഷ്യന്‍ വായുജീവിയാണ്. അവന്‍റെ മുഖ്യാഹാരം അന്തരീക്ഷവായുവാണ്. അന്നം, ജലം എന്നിവയും ഇന്ദ്രിയങ്ങള്‍ വഴി സ്വീകരിക്കുന്ന പ്രപഞ്ചവിഷയങ്ങളും ആഹാരമാണ്. ചര്‍മ്മം, കൈവെള്ള, കാല്‍പാദം എന്നിവയിലെ നാഡീതലപ്പുകള്‍ വഴിയോ സൂഷ്മുനയിലെ കേന്ദ്രങ്ങള്‍ വഴി നേരിട്ടോ ദേഹത്തില്‍ എത്തി ബലം വര്‍ദ്ധിപ്പിച്ച് തരുന്ന ഊര്‍ജ്ജങ്ങളുണ്ടെങ്കില്‍ അതും ആഹാരത്തില്‍ ഉള്‍പ്പെടും.
ആഹാരത്തിന്‍റെ സല്‍ഉല്‍പന്നമാണ് ആരോഗ്യം. ആഹാരത്തിന്‍റെ ഹീനയോഗം, മിഥ്യായോഗം, അതിയോഗം എന്നിവ രോഗങ്ങള്‍ക്ക് വഴിവെയ്ക്കും. ആകെയുള്ള രോഗങ്ങളില്‍ എഴുപത് ശതമാനവും ആഹാരവുമായി ബന്ധപ്പെട്ടതാണ്.
പതിവായി കഴിക്കാവുന്ന ആഹാരദ്രവ്യങ്ങള്‍ ഏതെല്ലാമാണ്, അവ എത്ര അളവില്‍ കഴിക്കണം, എപ്പോഴെല്ലാം കഴിക്കണം, ഏപ്പോഴെല്ലാം കഴിക്കാന്‍ പാടില്ല എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം. ആഹാരം തിരഞ്ഞെടുക്കുന്നതില്‍ ദേഹപ്രകൃതി, പ്രായം, സ്ത്രീപുരുഷവിത്യാസങ്ങള്‍, വിശപ്പ്, ദഹനശക്തി, തൊഴില്‍, ഋതുക്കള്‍, ദേശപ്രകൃതി എന്നിവയെല്ലാം പരിഗണിക്കണം.
മനുഷ്യന് ഏറ്റവും ഉചിതം സസ്യാഹാരമാണ്. അതുമൂലമുള്ള സല്‍ഫലങ്ങള്‍ അനുഭവിക്കുന്നതിന് വിത്ത്, മണ്ണ്, ജലസേചനം, വളപ്രയോഗം, കീടനാശിനികളുടെ പ്രയോഗം, ഭക്ഷ്യസംസ്ക്കരണം, സംഭരണം, വിതരണം എന്നിവ മുതല്‍ പാചകം, കഴിക്കുന്ന രീതികള്‍, ദഹനം, ഉപാപചയം, രക്തസഞ്ചാരം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഹിതകരമാകേണ്ടതുണ്ട്.
ആഹാരം തിരഞ്ഞെടുക്കുന്നതില്‍ ദേശപ്രകൃതിയേക്കാള്‍ പ്രാധാന്യം ദേഹപ്രകൃതിക്ക് നല്‍കണം. ശീതദേഹപ്രകൃതിക്കാരും കറുത്തചര്‍മ്മമുള്ളവരും പൊതുവേ ശീതവീര്യമുള്ള ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സഹജദേഹപ്രകൃതിക്ക് ഹിതവും ദേശപ്രകൃതിക്ക് വിപരീതവും ആയ ഇനങ്ങളാണ് പ്രകൃതി ആഹാരം. വാര്‍ദ്ധക്യമായാല്‍ രോഗപ്രകൃതിക്ക് മുന്‍ഗണന നല്‍കണം.
ആഹാരം കൊണ്ട് രൂപപ്പെട്ടതാണ് ശരീരം. കുട്ടികള്‍ക്ക് ധാന്യം, പയര്‍ എന്നിവ അടങ്ങിയ ആഹാരം നല്‍കണം. രണ്ടുവയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആഹാരത്തില്‍ മത്സ്യം, മാംസം, ഉപ്പ് എന്നിവ അധികം ഉള്‍പ്പെടുത്തരുത്.
വളര്‍ച്ചഘട്ടത്തില്‍ ചവര്‍പ്പ്, കയ്പ്പ്, എരിവ്, പുളി, ഉപ്പ്, മധുരം എന്നീ രസങ്ങള്‍ ഉള്ള ആഹാരദ്രവ്യങ്ങള്‍ക്ക് ആരോഹണക്രമത്തില്‍ മുന്‍ഗണന നല്‍കണം. യൌവനത്തില്‍ ഇത് ചവര്‍പ്പ്, എരിവ്, കയ്പ്പ്, ഉപ്പ്, പുളി, മധുരം എന്ന രീതിയിലും ക്രമീകരിക്കണം.
ഗര്‍ഭിണികള്‍ അമ്ലവും ഉഷ്ണഗുണമുള്ളതുമായ ആഹാരദ്രവ്യങ്ങളെ വര്‍ജ്ജിക്കണം. വെളുത്തുള്ളി, മദ്യം എന്നിവ അമ്ലയിനങ്ങളാണ്. മുലയൂട്ടുന്നവര്‍ ഇത്തരം ആഹാരങ്ങള്‍ ശീലിച്ചാല്‍ മുലപ്പാല്‍ കുറയും. പ്രമേഹം നേരത്തെ പിടിപെടും.
വാര്‍ദ്ധക്യത്തില്‍ ധാന്യങ്ങള്‍ കുറക്കണം. ഉപ്പ്, പുളി, മധുരം, കയ്പ്പ്, ചവര്‍പ്പ്, എരിവ് എന്നീ രസങ്ങളുള്ള ആഹാരയിനങ്ങള്‍ക്ക് ആരോഹണക്രമത്തില്‍ മുന്‍ഗണന നല്‍കാം. രസായനയിന ആഹാരങ്ങള്‍ ശീലിക്കണം. രസധാതുവിനെ വര്‍ദ്ധിപ്പിക്കുന്നവയാണ് രസായനം.
സ്ഥൂലവും സൂക്ഷ്മവുമായ ഘടകങ്ങള്‍ ഉള്‍പ്പെട്ട ശരീരത്തെ സംരക്ഷിക്കുന്നതിന് സ്ഥൂലവും സൂക്ഷ്മവുമായ ആഹാരദ്രവ്യങ്ങള്‍ വേണ്ടതുണ്ട്. കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ എന്നീ ധാതുക്കളും അന്ത്യധാതുവായ ശുക്ലവും രൂപംകൊള്ളുന്നത്. ആഹാരത്തിന്‍റെ സൂക്ഷ്മമായ അംശത്തില്‍ നിന്നാണ് സൂക്ഷ്മാംശങ്ങളായ ഇന്ദ്രിയങ്ങള്‍, മനസ്സ്, ജീവശക്തി എന്നിവ പുഷ്ടിപ്പെടുന്നത്.
മനസ്സിനെന്ന പോലെ ആഹാരങ്ങളെയും സ്വാതികം, രജസ്, തമസ് എന്നിങ്ങനെ തരംതിരിക്കാം. സൂക്ഷ്മസാരാംശങ്ങള്‍ കൂടുതലും മാലിന്യതോത് കുറവുമുള്ള ആഹാരങ്ങളാണ് സ്വാതികം. പാല്‍, ചോറ്, നെയ്യ്, പഴങ്ങള്‍ എന്നിവ സ്വാതികാഹാരങ്ങളാണ്. എരിവ്, പുളി എന്നിവ അധികം കലര്‍ന്ന ആഹാരദ്രവ്യങ്ങള്‍, വറുത്ത സാധനങ്ങള്‍ എന്നിവയെ രജസ് ഇനത്തില്‍ പെടുത്താം. മദ്യം, പുകയില, സുഗന്ധവ്യഞ്ജനങ്ങള്‍, രുചികൂട്ടുകള്‍, കൃമിഹിംസമരുന്നുകള്‍, മത്സ്യം, മാംസം എന്നിവ തമസ് ഇനത്തില്‍ ഉള്‍പ്പെടും. കോഴിമുട്ട, കോഴിമാംസം, തവിട് അധികം കളയാത്ത അരി എന്നിവയില്‍ ആര്‍സെനിക് കലര്‍ന്നിട്ടുണ്ട്. അതിനാല്‍ ഇവയും തമസ് ഇനമാണ്. കൃത്രിമവളം, കളനാശിനികള്‍ എന്നിവ ഉപയോഗിച്ച് കൃഷിചെയ്ത ഉണ്ടാക്കിയ ആഹാരദ്രവ്യങ്ങള്‍, രാസദ്രവ്യങ്ങള്‍ കലര്‍ത്തി സംസ്ക്കരിച്ച ആഹാരയിനങ്ങള്‍, രാസദ്രവ്യങ്ങള്‍ ഏറെ ചേര്‍ത്ത തീറ്റസാമഗികള്‍ കൊടുത്തുവളര്‍ത്തിയ പക്ഷികള്‍, നാല്‍ക്കാലികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ മാംസം, മാംസഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തമസ് ആണ്. വേവിച്ച് എട്ട് മണിക്കൂര്‍ കഴിഞ്ഞ ആഹാരവും വീണ്ടും ചൂടാക്കി എടുത്ത ആഹാരവും തമസ്സാണ്.
ഇന്ദ്രിയങ്ങളിലെ പോരായ്മകളെ വിലയിരുത്തിയും ശരീരത്തിന് വേണ്ട ആഹാരപദാര്‍ത്ഥങ്ങളെ കണ്ടെത്താം.
പോരായ്മകള്‍
|
കഴിക്കേണ്ടയിനങ്ങള്‍
|
ബധിരത
|
കയ്പ്പ് അടങ്ങിയ ദ്രവ്യങ്ങള്‍.
|
സ്പര്‍ശനക്കുറവ്
|
കയ്പ്പ്,
എരിവ് അടങ്ങിയ ദ്രവ്യങ്ങള്‍.
|
കാഴ്ചക്കുറവ്
|
എരിവ്,
പുളി അടങ്ങിയ ദ്രവ്യങ്ങള്‍.
|
രുചിക്കുറവ്
|
മധുരം,
പുളി അടങ്ങിയ ദ്രവ്യങ്ങള്‍.
|
വാസനക്കുറവ്
|
മധുരം,
ഉപ്പ്, ചവര്‍പ്പ് അടങ്ങിയ ദ്രവ്യങ്ങള്‍.
|
ആകാശം, വായു, അഗ്നി എന്നീ ഭൂതങ്ങള്‍ കലര്‍ന്ന ആഹാരം ലഘുവും; ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ കലര്‍ന്ന ആഹാരം ഗുരുവും ആണ്. പോഷകം അധികമുള്ള ഗുരുയിനങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ്, ധാന്യം, പയര്‍, മത്സ്യം, മാംസം, കൊഴുപ്പ് എന്നിവ ഒന്നിനൊന്ന് ക്രമത്തില്‍ ഗുരുത്വഗുണം വര്‍ദ്ധിച്ചവയാണ്. ചിലരുടെ ശരീരം ഗുരുവാണ്. അവര്‍ അന്നജം അടങ്ങിയ കിഴങ്ങ് അടക്കമുള്ള ഗുരു (Yang) ആഹാരം കഴിക്കണം.
ലഘുവായ ദേഹപ്രകൃതിയുള്ളവര്‍ ലഘു (Yin) ആഹാരം കഴിക്കണം. ദഹിച്ച ശേഷം മലം അധികം ഉണ്ടാക്കാത്ത ആഹാരവും ലഘുവാണ്. വെള്ളേപ്പം, ഇഡ്‌ലി, കൈതച്ചക്ക, ചെറുപഴം, പച്ചക്കറി സൂപ്പ് എന്നിവ ലഘുവാണ്. ഇവ രാവിലെയോ ആഹാരത്തിന്‍റെ ആദ്യഘട്ടത്തിലോ കഴിക്കാം. ഗുരു ആഹാരം കുറഞ്ഞ അളവിലും ലഘു ആഹാരം അധികം അളവിലും കഴിക്കണം. ഗുരുവും ലഘുവും ആയ ആഹാരങ്ങള്‍ ഒരേസമയം കഴിക്കേണ്ട ഘട്ടം വന്നാല്‍ ലഘുയിനങ്ങള്‍ ആദ്യം കഴിക്കണം. മധുരമുള്ള ഇനവും ആദ്യം കഴിക്കാം.
പഴയ അരി ലഘുവും പുതിയ അരി ഗുരുവുമാണ്. പുതിയ അരി കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ പതിവായി കഴിച്ചാല്‍ തടിക്കും, ദേഹത്തിലെ കൊഴുപ്പ് തോത് വര്‍ദ്ധിക്കും. ചിങ്ങമാസത്തില്‍ വിളയുന്ന അരി (വിരിപ്പ്) ലഘുവും മകരമാസത്തില്‍ വിളയുന്നത് (മുണ്ടകന്‍) ഗുരുവും
ഉഷ്ണവും ആണ്.
സിലിക്ക, ആര്‍സെനിക് എന്നിവ അധികം കലര്‍ന്നിട്ടില്ലാത്ത അരിയാണ് വൃദ്ധര്‍ക്ക് നല്ലത്. പാചകത്തിന് മുന്‍പ് അരി നന്നായി കഴുകി ഇവയെ നീക്കം ചെയ്യണം. അരി കൂടുതല്‍ വെള്ളം ചേര്‍ത്ത് വേവിച്ച് ഊറ്റി മാലിന്യവും പശപ്പും കളഞ്ഞ് ചോറാക്കി കഴിക്കണം. വെളുത്ത അരിയുടെ ചോറില്‍ ഫോസ്ഫറസ് തോത് കുറവാണ്. ഫോസ്ഫറസ് അധികം ഉള്ള മാംസയിനങ്ങള്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ കുറയ്ക്കണം. ഫോസ്ഫറസ് തോത് രക്തത്തില്‍ കൂടിയാല്‍ അതിനെ ബാലന്‍സ് ചെയ്യുന്നതിനായി ആഹാരത്തില്‍ നിന്നോ അസ്ഥിയില്‍ നിന്നോ കാത്സ്യത്തെ ശരീരം സംഘടിപ്പിക്കും. ഇത് കാത്സ്യത്തിന്‍റെ പരല്‍ ഊറുന്നതിനും അസ്ഥി ക്ഷയിക്കുന്നതിനും കാരണമാകും. മാംസം, കോഴി, മത്സ്യം, പാല്‍, അണ്ടിപരിപ്പുകള്‍, ബീന്‍സ്, കടല എന്നിവയില്‍ ഫോസ്ഫറസ് അംശം അധികമായ തോതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫോസ്ഫറസ് അധികരിച്ചത് മൂലമുള്ള പ്രയാസങ്ങള്‍ ലഘുകരിക്കുന്നതിന് ചെമ്പ് അടങ്ങിയ ആഹാരയിനങ്ങളെയും മരുന്നുകളെയും പ്രയോജനപ്പെടുത്തണം.
രാവിലെ സമയങ്ങളില്‍ ഇഡലി, ദോശ, വെള്ളേപ്പം, തേങ്ങാചമ്മന്തി, കൈതച്ചക്ക, ചെറുപഴം എന്നിവ പോലുള്ള ലഘു ആഹാരങ്ങള്‍ കഴിക്കുന്നതാണ് ഹിതകരം. ചായ, കാപ്പി പോലുള്ള ഉഷ്ണപാനീയങ്ങള്‍ വൈകുന്നേരം നാലുമണിയോടെ കുടിച്ചാല്‍ വെയില്‍ മൂലമുണ്ടായ ക്ഷീണം കുറഞ്ഞുകിട്ടും. രാവിലെ എന്നപോലെ രാത്രിയിലും ആഹാരം ലഘുവാക്കുന്നതാണ് ഉത്തമം. രാത്രിയില്‍ ഗോതമ്പ് കൊണ്ടുള്ള ആഹാരം, ഇറച്ചി എന്നിവ ആകാം. അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേ കഴിക്കണം. കിടക്കാന്‍ നേരത്ത് ചുടുള്ള പാല്‍ കുടിക്കാം.
ശിശിരത്തില്‍ ദേഹത്തില്‍ അനുഭവപ്പെടുന്ന ബലത്തിന്‍റെ പകുതി മാത്രമാണ് വസന്തത്തില്‍ ലഭിക്കുന്നത്. ആ നിലയ്ക്ക് ശിശിരത്തില്‍ കഴിക്കുന്നതിന്‍റെ ഇരട്ടി ഭക്ഷണം വസന്തത്തില്‍ കഴിക്കണം. ദിനംപ്രതി കഴിക്കേണ്ട ആഹാരത്തില്‍ നാലില്‍ രണ്ടുഭാഗത്തോളം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍; നാലില്‍ ഒരുഭാഗത്തോളം ധാന്യങ്ങള്‍, നാലില്‍ ഒരുഭാഗം മത്സ്യം അല്ലെങ്കില്‍ മാംസം എന്ന രീതിയില്‍ ചിട്ടപ്പെടുത്തണം. ലഘുയിനങ്ങള്‍ 2/3 ഭാഗം, ഗുരുയിനങ്ങള്‍ 1/3 ഭാഗം എന്ന തോതിലും ഉള്‍പ്പെടുത്തണം. ആമാശയത്തിന്‍റെ വലുപ്പം ആധാരമാക്കി ഓരോതവണയും ആഹാരതോത് തിട്ടപ്പെടുത്തുമ്പോള്‍ ഖരയിനം ½ ഭാഗം, ദ്രാവകയിനം ¼ ഭാഗം എന്ന തോതില്‍ നിജപ്പെടുത്തണം. ¼ ഭാഗം ഒഴിച്ചിടണം. ആഹാരം അധികം അളവില്‍ കഴിക്കാന്‍ താല്‍പര്യപ്പെടുന്നര്‍ ആണെങ്കില്‍ ലഘുയിനത്തില്‍പ്പെട്ടത് കഴിക്കണം.
ഓരോരുത്തരും ചെയ്യുന്ന ജോലിക്ക് ഉതകുംവിധം ആഹാരത്തെ ക്രമീകരിക്കണം. ഊര്‍ജ്ജത്തിന്‍റെ അടിസ്ഥാനത്തില്‍ ആഹാരതോത് കണക്കാക്കുകയാണെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു കിലോ ശരീരഭാരത്തിന് മുപ്പത്തിയഞ്ച് കലോറി എന്ന തോതില്‍ ആഹാരം കഴിക്കാം. കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആണെങ്കില്‍ ഗുരു ആഹാരം ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഇടവിട്ട് കഴിക്കാം. അതിന്‍റെ രണ്ട് ഇടവേളകളില്‍ ലഘു ആഹാരവും കഴിക്കാം. രാത്രിയിലെ ഇടവേളയിലെ ലഘു ആഹാരം വര്‍ജ്ജിക്കണം.
പകലും രാത്രിയും ഒരേ അളവില്‍ ഗുരു ആഹാരം കഴിക്കരുത്. ഒരുനേരം കഴിക്കുന്നവന്‍ യോഗി, രണ്ടുനേരം കഴിക്കുന്നവന്‍ ഭോഗി, മൂന്നുനേരം കഴിക്കുന്നവര്‍ രോഗി, നാലുനേരം കഴിക്കുന്നവന്‍ ദ്രോഹി എന്നൊരു തമിഴ് പ്രമാണമുണ്ട്. ദിവസവും കഴിക്കുന്ന ആഹാരത്തിന്‍റെ തവണകളില്‍ അല്ല, അളവിലും ഗുണത്തിലുമാണ് കാര്യം. വാച്ച് നോക്കി ആഹാരം കഴിക്കാതെ വിശപ്പ് നോക്കി കഴിക്കണം.വിശന്ന് തുടങ്ങിയാല്‍ രണ്ട് മണിക്കൂറിനുള്ളിലും കഴിക്കണം.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ആഹാരം നല്‍കിയ ശേഷമാണ് പണ്ടുകാലത്ത് വീട്ടിലെ അംഗങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയിരുന്നത്. ആഹാരം വിളമ്പുമ്പോള്‍ കുട്ടികള്‍ക്കും വൃദ്ധരായവര്‍ക്കും ആദ്യം നല്‍കണം. സന്‍മനസ്സോടെ വിളമ്പണം. ആഹാരം പാചകം ചെയ്യാന്‍ മാത്രമല്ല അത് സന്തോഷപൂര്‍വ്വം വിളമ്പാനും അഭ്യസിക്കണം.
വിരുദ്ധയിനം ആഹാരങ്ങള്‍ ഒരുമിച്ച് വിളമ്പരുത്. കഴിക്കരുത്. വിവിധയിനം ആഹാരങ്ങള്‍ ഭക്ഷണശാലയിലും ആഘോഷസദ്യയിലും മറ്റും തയ്യാറാക്കി ഒരുക്കിവെച്ചിരിക്കുന്നത് വിഭിന്ന ദേഹപ്രകൃതിക്കാര്‍ക്കും വിവിധ പ്രായക്കാര്‍ക്കും കഴിക്കാന്‍ വേണ്ടിയാണ്. അത്തരം ആഹാരയിനങ്ങള്‍ എല്ലാം ഒന്നിച്ച് കഴിക്കരുത്. വയറിനെ കുപ്പതൊട്ടിയായി കണക്കാക്കരുത്, ഭരണിയായി കരുതണം.
കുളി, ഉറക്കം എന്നിവയ്ക്ക് ശേഷം ആഹാരം കഴിച്ചാല്‍ വേഗം ദഹിക്കും. ഭക്ഷണ കഴിക്കാന്‍ ഒരുങ്ങിയ വേളയില്‍ ആദ്യം ദാഹത്തെ ശമിപ്പിക്കണം. ഭക്ഷണത്തിന് തൊട്ടുമുന്‍പുള്ള പതിനഞ്ച് മിനുട്ട് സമയത്തിനുള്ളില്‍ തണുത്ത ജലം
കുടിക്കരുത്.
വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ദ്രവ്യം ആദ്യം കഴിക്കാം. ഉപ്പ്, പുളി എന്നീ രസങ്ങള്‍ ഉള്ള പദാര്‍ത്ഥങ്ങള്‍; ഇഞ്ചി, ഇന്തുപ്പ്, വേപ്പില തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവ ആദ്യം കഴിച്ചാല്‍ വിശപ്പ് വര്‍ദ്ധിച്ചുകിട്ടും. ചൂടുവെള്ളം, ജീരകമോ മല്ലിയോ ചേര്‍ത്ത് തിളപ്പിച്ച വെള്ളം എന്നിവ ആഹാരത്തിന്‍റെ മദ്ധ്യത്തില്‍ കഴിക്കാം. മോര് ആഹാരത്തിന്‍റെ ഒടുവില്‍ കുടിക്കുന്നതാണ് ഉത്തമം. മോര് ആദ്യം കുടിച്ചാലും അധികം കുടിച്ചാലും വിശപ്പ് കുറയും.
ബ്ലീച്ച് ചെയ്ത മൈദ കൊണ്ട് തയ്യാറാക്കിയ വിവിധതരം ബേക്കറിവിഭവങ്ങള്‍, കറിമസാല അധികം ചേര്‍ത്ത് തയ്യാറാക്കിയ അന്യദേശവിഭവങ്ങള്‍, കൃത്രിമയിനത്തില്‍പ്പെട്ട മധുരവും നിറങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ശീതളപാനീയങ്ങള്‍, മദ്യം എന്നിവയോട് എല്ലാം തോന്നുന്ന അമിതതാല്‍പര്യം വെറും കൊതിയാണ്. വിശപ്പും കൊതിയും രണ്ടാണ്. കൊതിയെ അവഗണിക്കണം. വിശപ്പില്ലാത്ത ഘട്ടം ആണെങ്കില്‍ ഗുരു ആഹാരം കഴിക്കരുത്. മൂത്രം കെട്ടികിടക്കുമ്പോഴും വ്രതം അവസാനിപ്പിച്ച ഉടനെയും ഗുരു ആഹാരം കഴിക്കുന്നത് മുന്‍ക്കാലങ്ങളില്‍ വിലക്കിയിരുന്നു.
മണത്തിയും രുചിച്ചും നോക്കിയ ശേഷം ആഹാരം കഴിച്ചുതുടങ്ങണം. ദുര്‍ഗന്ധമുള്ളതോ അരുചിയുള്ളതോ ഏമ്പക്കം, എക്കിള്‍ എന്നിവ ഉണ്ടാക്കിയതോ ആയ ഭക്ഷണപദാര്‍ഥങ്ങള്‍ ആണെങ്കില്‍ കഴിക്കരുത്. മറ്റൊരാള്‍ രുചിച്ചുനോക്കി നിര്‍ണ്ണയിച്ചത് ആധാരമാക്കി അപരിചിത ആഹാരം കഴിക്കരുത്. ഒരു ദേശവാസി കഴിക്കുന്ന ആഹാരം ശുദ്ധമായിരുന്നാല്‍ പോലും മറ്റൊരു ദേശവാസിയുടെ ശരീരം സ്വീകരിച്ചുകൊള്ളണമെന്നില്ല.
ടി.വി. കണ്ടുകൊണ്ടോ പുസ്തകം വായിച്ചുകൊണ്ടോ ആഹാരം കഴിച്ചാല്‍ ദഹനനീര്‍ ആവശ്യത്തിന് വേണ്ട അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുകയില്ല. ആലോചിച്ച് തിന്നരുത്. സാവധാനത്തില്‍ ആസ്വദിച്ച് തിന്നണം.
അധികമായ അളവിലും ധൃതിയിലും ആഹാരം കഴിച്ചാല്‍ വായില്‍ വെച്ച് അരയുന്നതും ഉമിനീരുമായി കലരുന്നതും ഭാഗികമാകും. ആമാശയത്തില്‍ എത്തുമ്പോള്‍ വിപാകമാകാനും കുടലില്‍ എത്തുമ്പോള്‍ ദഹനം അപൂര്‍ണ്ണമാകാനും കിട്ടം വര്‍ദ്ധിക്കാനും അത് വഴിയൊരുക്കും.
ആഹാരം കഴിച്ചുകഴിഞ്ഞ വേളയില്‍ ദഹനപ്രക്രിയകളെ സജീവമാക്കുന്നതിനായി അന്നപഥത്തിലോട്ടുള്ള രക്തസഞ്ചാരത്തെ ജീവശക്തി വര്‍ദ്ധിപ്പിക്കും. ഇതുമൂലം പേശികളിലോട്ടും ചര്‍മ്മത്തിലോട്ടും മസ്തിഷ്കത്തിലോട്ടും വേണ്ടതായ രക്തസഞ്ചാരം കുറയും. കൈകാലുകളിലെ ധമനികളില്‍ രക്തസമ്മര്‍ദ്ദം കുറയും. ഇതുമൂലമെല്ലാം ക്ഷീണം അനുഭവപ്പെടും. മെലിഞ്ഞവര്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ പോത്തിനെ പോലെയോ പെരുപാമ്പിനെ പോലെയോ കുറച്ചുനേരം വിശ്രമിക്കണം.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ജലം എന്നിവയാണ് ആഹാരത്തിലെ മുഖ്യഘടകങ്ങള്‍. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഇനങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കണം. അന്നജത്തില്‍ നിന്ന് ഊര്‍ജ്ജത്തെ വേര്‍പെടുത്താന്‍ സാരാംഗ്നികള്‍ കുറഞ്ഞ തോതില്‍ മതിയാകും. അന്നജത്തിന്‍റെ ഉപാപചയം അപൂര്‍ണ്ണമായാല്‍ തന്നെയും അതുമൂലം ഉടലെടുക്കാന്‍ ഇടയുള്ള വിഷഉല്‍പന്നങ്ങള്‍, അമ്ലങ്ങള്‍ എന്നിവ പ്രോട്ടീന്‍, കൊഴുപ്പ് ഇനങ്ങളില്‍ നിന്നുള്ളവയെ അപേക്ഷിച്ച് അത്ര മാരകവും അല്ല.
ധാന്യങ്ങളില്‍ അരി ശീതദേഹപ്രകൃതിക്കാര്‍ക്കും ഗോതമ്പ്, ബാര്‍ലി എന്നിവ ഉഷ്ണദേഹപ്രകൃതിക്കാര്‍ക്കും ഹിതകരമായ ഇനങ്ങളാണ്. അരി കഫബലത്തെ വര്‍ദ്ധിപ്പിക്കും. ഗോതമ്പിന് ഉഷ്ണഗുണമാണ്. അത് വാതദോഷത്തെ കുറയ്ക്കും. വാര്‍ദ്ധക്യത്തില്‍ ഗുണം ചെയ്യും.
ഉഴുന്ന് ദേഹത്തെ തടിപ്പിക്കും. മുഴകള്‍ രൂപപ്പെടാന്‍ ഇടവരുത്തും. ശുക്ലം, മലം എന്നിവയുടെ തോത്, വായുചലനം, ലൈംഗികതാല്‍പര്യം എന്നിവയെ വര്‍ദ്ധിപ്പിക്കും. ജലത്തില്‍ കുതിര്‍ത്ത് വെച്ച് മുളപ്പിച്ച് തയ്യാറാക്കിയ ഉഴുന്ന് തണുപ്പ് ആണ്. ആ നിലയ്ക്ക് ഇഡലി, ദോശ എന്നിവ ശീതമാണ്. പ്രഭാവം മൂലം വാതത്തില്‍ വിരുദ്ധവുമല്ല. പൊരിച്ച പപ്പടം ചൂട് ആണ്. പപ്പടവും ഉഴുന്നുവടയും ഉയര്‍ന്ന ചൂടില്‍ പൊരിക്കരുത്. Acrylamide രൂപംകൊള്ളും. മാംസ്യമല (Nitrosamines) വും വര്‍ദ്ധിക്കും. സ്ത്രീകള്‍ ഇവ പതിവായി കഴിക്കുന്നത് നാഭിയില്‍ അര്‍ബ്ബുദം (Cysts, Fibroids) രൂപപ്പെടാന്‍ കാരണമായേക്കും.
പയറുകളില്‍ വരണ്ടയിനങ്ങളായ മുതിര, ഉഴുന്ന്, കടല എന്നിവയെല്ലാം ജലത്തില്‍ കുതിര്‍ത്തിവെച്ച് ലഘുവായി മുളപ്പിച്ച് കഴിക്കണം. മുതിര ചൂടാണ്. തടി കുറയ്ക്കും. വര്‍ഷ ഋതുവില്‍ കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മൂലക്കുരുരോഗികള്‍ക്ക് ഉത്തമമാണ്.
കിഴങ്ങ് ഇനങ്ങള്‍ ശരീരഭാരത്തെ വര്‍ദ്ധിപ്പിക്കുന്നവയാണ്. നിത്യവും കഴിക്കരുത്. പച്ചനിറത്തിലുള്ള ഉരുളന്‍ ക്കിഴങ്ങും കട്ട് കൂടുതലുള്ള മരച്ചീനിയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ലഘുവും അന്നജം ഏറിയതുമാണ്. ആമാശയത്തിലെ അമ്ലവുമായി വേഗത്തില്‍ കലര്‍ന്ന് പുളിച്ചാല്‍ ഗ്യാസ് ഉല്‍പാദിപ്പിക്കും. പയര്‍, പൊരിച്ച ആഹാരങ്ങള്‍ എന്നിവയും പുളിപ്പ് വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങളാണ്.
ആഹാരയിനങ്ങളുടെ ലഭ്യത, പാചകരീതി, രുചി, അതിനോടുള്ള ഇഷ്ടം, ജോലിയുടെ സ്വഭാവം, ആചാരം എന്നിവയെല്ലാം അനുസരിച്ചാണ് പൊതുവേ ഭക്ഷണശൈലി രൂപപ്പെടുന്നത്. മനുഷ്യജാതിയെ കഴിച്ചുപോരുന്ന ആഹാരയിനങ്ങള്‍ അനുസരിച്ച് മാംസഭുക്ക്, സസ്യഭുക്ക് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും മിശ്രണജാതിയാണ്. മാംസഭുക്കുകളായ ആളുകളിലും ഉയരം കൂടിയവരിലും കുടലിന്‍റെ നീളം (ഏഴ് മീറ്റര്‍) താരതമ്യേനെ ഇത്തിരി കൂടുതലായിരിക്കും. അവരുടെ നാക്കിന് വീതിയും കൂടും. മാംസാഹാരത്തില്‍ മൃഗങ്ങളുടെ തുടഭാഗത്തെ മാംസമാണ് കഴിക്കാന്‍ ഉത്തമം. കാല്‍വണ്ണ ഭാഗത്തെ മാംസം ഒഴിവാക്കണം. പന്നിയിറച്ചി പതിവായി തിന്നാല്‍ ചിലരില്‍ ചര്‍മ്മം കട്ടിയാകും, പേശികള്‍ കഴയ്ക്കും, കണ്ണ് ചുമക്കും എന്ന് പറയാറുണ്ട്. മാംസാഹാരം അധികം അളവിലും അധികം വേവിക്കാതെയും കഴിച്ച് ശീലിച്ചാല്‍ പകല്‍സമയങ്ങളില്‍ ഉറക്കം വരും. മൃഗീയവികാരങ്ങള്‍ പ്രചോദിപ്പിക്കപ്പെടും. ഫോസ്ഫറസ് തോത് കൂടും. പാമ്പ്, നായ തുടങ്ങിയ മാംസഭുക്കുകളായ ജന്തുക്കളുടെ മാംസവും കഴിക്കരുത്.
നാടന്‍കോഴികളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷത്തില്‍ അധികമാണ്. നാടന്‍കോഴികളെ അപേക്ഷിച്ച് ബ്രോയിലര്‍ ഇനം കോഴികളുടെ പേശിനാരുകള്‍ക്ക് ബലവും ഇലാസ്തികതയും കുറയും. നൂറ് ദിവസം പിന്നിട്ടാല്‍ അവ ഹൃദയപേശികള്‍ പൊട്ടി മരിക്കും. ഇത്തരം കോഴിയിറച്ചി പതിവായി കഴിക്കുന്നവരുടെ മാംസപേശികളിലെ ഇലാസ്തികത കുറയും. ഹൃദയപേശികളുടെ ബലവും മേന്‍മയും കുറയും. മനുഷ്യരില്‍ പിടിപെട്ട് പോരുന്ന ആകെ ഹൃദ്രോഗങ്ങളില്‍ മുപ്പത് ശതമാനം മാത്രമാണ് ഹൃദയധമനികളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നത്. അറുപത് ശതമാനം രോഗങ്ങളും ഹൃദയത്തിന്‍റെ പേശികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്. ഇത്തരം കോഴികളെ പതിവായി കഴിച്ചാല്‍ കോശവിഭജനക്രമം വേഗത്തില്‍ ആകും. അര്‍ബ്ബുദസാദ്ധ്യത വര്‍ദ്ധിക്കും.
വൃക്കകള്‍ക്ക് ക്ഷീണം ബാധിച്ചവര്‍ ജന്തുജന്യആഹാരങ്ങളുടെ അളവ് കുറയ്ക്കണം. മാംസം, മത്സ്യം എന്നിവ സോറിയാസിസ് രോഗത്തിലും വര്‍ജ്ജ്യമാണ്. വിനാഗിരി പുരട്ടിയ മാംസം ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്ത് കഴിക്കുന്നവരില്‍ കുടലര്‍ബ്ബുദം കൂടുതലായി പിടിപെട്ടുപോരുന്നുണ്ട്. മാംസ്യം അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്യുമ്പോള്‍ Nitrosamines രൂപപ്പെടും. Kali nitrite ചേര്‍ത്ത് സംസ്ക്കരിച്ച് വിതരണം ചെയ്യുന്ന മാംസത്തെ പാചകം ചെയ്യുമ്പോഴും Nitrosamines രൂപംകൊള്ളും. കൊഴുപ്പ് ആഹാരവുമായി താരതമ്യം ചെയ്യുമ്പോള്‍ മാംസ്യാഹാരം വേഗത്തില്‍ ദഹിക്കുന്നവയാണ്.
ഉപരിതല മത്സ്യങ്ങളാണ് ആഴക്കടല്‍ മത്സ്യങ്ങളേക്കാള്‍ നല്ലത്. ഘനലോഹങ്ങളുടെ തോത് ആഴക്കടല്‍ മത്സ്യങ്ങളില്‍ കൂടുതലാണ്. കടല്‍മത്സ്യങ്ങളിലും കടല്‍ സസ്യങ്ങളിലും അയോഡിന്‍റെ അംശം കൂടുതലുണ്ട്. കണ്‍പോള പൊതുവേ ഇല്ലാത്ത ജീവിയാണ് മത്സ്യം. കടല്‍മത്സ്യം അധികം അളവില്‍ പതിവായി കഴിച്ചതുമൂലം അയോഡിന്‍ തോത് കൂടിയാല്‍ കണ്‍പോള ചുരുങ്ങും, കണ്ണ് തള്ളും. ശീതദേഹപ്രകൃതിക്കാര്‍ ആണെങ്കില്‍ കഴുത്തില്‍ മുന്‍വശത്ത് കഫം വര്‍ദ്ധിച്ച് മുഴ രൂപപ്പെടും. കാലക്രമത്തില്‍ തൈറോയ്ഡ്‌ഗ്രന്ഥിയില്‍ നിന്നുള്ള ഹോര്‍മോണ്‍ സ്രവം കുറയും. കാല്‍സ്യം, ഫോസ്ഫറസ്, സിലിക്ക, ഘനലോഹങ്ങള്‍ എന്നിവ ഏറെ അടങ്ങിയ മത്സ്യം, കടല്‍വിഭവങ്ങള്‍ എന്നിവ കഴിക്കുന്നത് അസ്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെങ്കിലും അധികം ആയാല്‍ മൃദുകലകളില്‍ കാല്‍സ്യം അടിഞ്ഞ് ഊറാനും, ധമനീകാഠിന്യം പിടിപെടാനും അത് കാരണമാകും.
സയനൈഡ് അംശം അടങ്ങിയ കിഴങ്ങുകള്‍, അമര തുടങ്ങിയവ കഴിക്കുമ്പോള്‍ മാംസ്യം അടങ്ങിയ ആഹാരം വേണ്ടതുണ്ട്. അതിന്നായി മത്സ്യവിഭവങ്ങളെ പ്രയോജനപ്പെടുത്തണം. മഴക്കാലത്ത് സയനൈഡ് അടങ്ങിയ മരച്ചീനി അടക്കമുള്ള കിഴങ്ങുകള്‍ വേവിച്ച് അതിന്‍റെ വെള്ളം പലതവണ ഊറ്റികളഞ്ഞ ശേഷം മാത്രം പാചകം ചെയ്യണം. അല്ലാത്തപക്ഷം തൈറോയ്ഡ്, ഓവറി, പാന്‍ക്രിയാസ് എന്നിവയിലെ രോഗങ്ങള്‍ ഉടലെടുക്കാന്‍ ഇടവരുത്തും. മത്സ്യങ്ങളില്‍ വലിയയിനങ്ങള്‍ മാത്രമാണ് കഴിക്കുന്നതെങ്കില്‍ അത് ആഴ്ചയില്‍ രണ്ടുനേരം എന്ന തോതില്‍ ചുരുക്കണം. മത്സ്യം വഴി എത്തിച്ചേരുന്ന മെര്‍ക്കുറി പോലുള്ള ഘനലോഹാംശങ്ങളെ നിര്‍വീര്യമാക്കുന്നതിന് ചുവന്ന അരി കൊണ്ടുള്ള ആഹാരം (ഗന്ധകാംശം) ഇടയ്ക്ക് കഴിക്കണം. മത്സ്യം, മാംസം എന്നിവയുടെ പാചകത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും പതിവാക്കണം.
ഊര്‍ജ്ജമൂല്യം കൂടുതലായി നിലകൊള്ളുന്നത് കൊഴുപ്പ് ഇനത്തിലാണ്. ദിനംപ്രതി കഴിക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെ തോത് വര്‍ദ്ധിച്ചാലും ഭക്ഷണത്തിന്‍റെ ആരംഭത്തില്‍ കഴിച്ചാലും ദഹനക്കേട് പിടിക്കും, വയറിളകും. ശോധനചികിത്സയില്‍ പൂര്‍വ്വകര്‍മ്മം എന്ന നിലയില്‍ സ്നേഹനം ചെയ്യുമ്പോള്‍ നെയ്യ് ആഹാരത്തിന്‍റെ ആരംഭത്തില്‍ കഴിക്കണം. വിരേചനം ഉണ്ടാക്കുന്നതിന് ആവണക്ക് എണ്ണ ഉപയോഗിക്കുന്നുവെങ്കില്‍ രാവിലെയോ ആഹാരത്തിന് മുന്‍പോ കഴിക്കണം.
പാല്‍, നെയ്യ് എന്നിവ ഗുരുവാണ്. നെയ്യ്, തൈര് എന്നിവ പകല്‍ സമയങ്ങളിലാണ് കഴിക്കേണ്ടത്. നെയ്യ് ചേര്‍ത്ത് തയ്യാറാക്കിയ പായസം ആഹാരത്തിന്‍റെ അവസാനഘട്ടത്തില്‍ കഴിച്ചാല്‍ ദഹനം പൂര്‍ണ്ണമായി ദേഹബലം ഉടന്‍ അനുഭവപ്പെട്ടുകിട്ടും. നേന്ത്രപ്പഴം നെയ്യില്‍ മുക്കി പൊരിച്ച് അതിന്‍റെ ശീതം നഷ്ടപ്പെടുത്തി കഴിക്കരുത്. വെളിച്ചെണ്ണയില്‍ വാട്ടി കഴിക്കാം. ധാന്യമാവില്‍ മുക്കിയ ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ച് പഴംപൊരി രൂപേണയും കഴിക്കാം. ദുര്‍മേദസ്സ് ഉള്ളവര്‍ ഫ്രൂട്ട്ജ്യൂസില്‍ പാല്‍ കലര്‍ത്തി കുടിക്കുന്നത് ശീതകാലത്ത് ഒഴിവാക്കണം.
രാത്രി കിടക്കാന്‍ നേരം പാല്‍ കുടിക്കാന്‍ ഉദ്ദേശിച്ചവര്‍ മോര്, തൈര് എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്തരുത്. തൈര് ഇത്തിരി പുളിച്ചതാണ് ഉത്തമം. ആഴ്ചയില്‍ നാലുതവണയില്‍ കൂടുതല്‍ തൈര് കഴിക്കരുത്. രാത്രിയില്‍ കഴിച്ചാല്‍ സ്നേഹാംശം ചിലരില്‍ ചര്‍മ്മത്തിലൂടെ വിസര്‍ജിക്കും. അത് കറുത്ത മൊരി പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കും. മുളക് ചേര്‍ത്ത് തയ്യാറാക്കിയ മോര് ആഹാരത്തിന്‍റെ ഒടുവില്‍ കഴിക്കണം. നെയ്യ്. പാല്‍, മോര് എന്നിവ യഥാക്രമം വാതം, പിത്തം, കഫം എന്നീ ദോഷങ്ങളുടെ കോപങ്ങളെ കുറയ്ക്കും. മോര് വാതത്തെ വര്‍ദ്ധിപ്പിക്കും. മഴക്കാലത്ത് മോര് ഒഴിവാക്കണം. വാതപ്രകൃതിക്കാര്‍ക്ക് കാച്ചിയ വെളിച്ചെണ്ണയില്‍ കടുക് ഇട്ട് പൊട്ടിച്ച് അത് മോരില്‍ ചേര്‍ത്ത് കറി തയ്യാറാക്കി ഉപയോഗിക്കാം.
ഹൃദയം പോലുള്ള ചില അവയവങ്ങള്‍ ഊര്‍ജ്ജാവശ്യത്തിന് കൊഴുപ്പുകളെ ആശ്രയിക്കുന്നുണ്ട്. അഡ്രീനല്‍ഹോര്‍മോണ്‍ വര്‍ദ്ധന, ഭയം; ചായ, കാപ്പി എന്നിവയുടെ അമിതോപയോഗം എന്നിവ മൂലം ഹൃദയപേശികള്‍ ഉയര്‍ന്ന നിരക്കില്‍ തുടിക്കുന്നവരില്‍ "ഊര്‍ജ്ജസംഭരണ സംവിധാനം" എന്ന നിലയില്‍ കൊറോണറിധമനികളില്‍ കൊഴുപ്പുഘടകങ്ങള്‍ കൂടുതലായി എത്തപ്പെടും. സംഭരിക്കപ്പെട്ട കൊഴുപ്പ് അംശങ്ങള്‍ വേഗത്തില്‍ പരിണമിച്ച് കൊഴുപ്പുമാലിന്യങ്ങള്‍ ആയാല്‍ അവ ഹൃദയസിരകളിലോ ഹൃദയധമനികളില്‍ തന്നെയോ ഊറി രക്തസഞ്ചാരം തടസ്സപ്പെടാന്‍ ഇടവരുത്തും. മേലറകളിലെ ഹൃദയപേശികള്‍ ഭാഗികമായോ ക്രമരഹിതമായോ തുടിച്ചതുമൂലം മേലറകളില്‍ രക്തകട്ടകള്‍ രൂപംകൊണ്ടാല്‍ ശ്വാസകോശം, മസ്തിഷ്കം, വൃക്ക തുടങ്ങിയ അവയവങ്ങളിലോട്ടുള്ള രക്തസഞ്ചാരം ഭാഗികമായി തടസ്സപ്പെടും. ചുമ, തലകറക്കം, പേശിതളര്‍ച്ച എന്നിവ അനുഭവപ്പെടും.
നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും കൊഴുപ്പ് ആവശ്യമാണ്. നാഡീകോശങ്ങള്‍ക്ക് വിഭജിച്ച് പെരുകാന്‍ സാധിക്കുകയില്ല. എങ്കില്‍ പോലും ഇവയില്‍ നിന്ന് ആവശ്യാനുസരണം നാരുകള്‍ അനുകൂലസാഹചര്യങ്ങളില്‍ പുതിയതായി രൂപപ്പെടും. ഒരാളുടെ മസ്തിഷ്കത്തില്‍ ഏകദേശം നൂറ് ബില്ല്യന്‍ നാഡീകോശങ്ങളുണ്ട്. നാഡിനാരുകളെ ബന്ധിപ്പിക്കുന്ന സന്ധികളുടെ ആകെ എണ്ണം ഏകദേശം നൂറ് ട്രില്ല്യന്‍ ആണ്. നാഡികോശത്തിന്‍റെ ഭിത്തിയുടേയും നാഡിതന്തുക്കളുടേയും കനം പ്രായം ചെല്ലുന്തോറും കൂടും. നാഡികോശങ്ങള്‍, നാഡിതന്തുക്കള്‍ എന്നിവ ക്ഷയിച്ചുതുടങ്ങിയാല്‍ കൊളസ്ട്രോള്‍ നിര്‍മ്മിതമായ ഭിത്തി ക്രമേണ നശിക്കും. വാര്‍ദ്ധക്യത്തില്‍ ഇത്തരം മാലിന്യങ്ങള്‍ രക്തത്തില്‍ കലര്‍ന്നാല്‍ രക്തകൊളസ്ട്രോള്‍ തോത് കൂടും. ഇവ രക്തധമനികളില്‍ ഊറിയാല്‍ രക്തതടസ്സരോഗങ്ങള്‍ ഉടലെടുക്കും. ഇവ കരള്‍ വഴി വിസര്‍ജിക്കപ്പെടുമ്പോള്‍ ആദ്യം കരളിലും തുടര്‍ന്ന് പിത്തസഞ്ചിയിലും ഊറി കൊഴുപ്പ് ഇനം കല്ലുകള്‍ രൂപംകൊള്ളും.
ശരീരത്തില്‍ ആകെ ദേഹഭാരത്തിന്‍റെ പന്ത്രണ്ട് ശതമാനം മാത്രമാണ് കൊഴുപ്പ് നിലകൊള്ളേണ്ടത്. അമിതവണ്ണത്തിന്‍റെ കാരണങ്ങളില്‍ ഒന്ന് കൊഴുപ്പ് അധികം കലര്‍ന്ന ആഹാരരീതിയാണ്. അര്‍ബ്ബുദങ്ങളുടെ കാരണങ്ങളില്‍ മുപ്പത് ശതമാനവും ദുര്‍മേദസ്സുമായി ബന്ധപ്പെട്ടതാണ്. കൊഴുപ്പ് അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍, ഗുരു ആഹാരം, കിഴങ്ങുകള്‍ എന്നിവ ദുര്‍മേദസ്സ് ഉള്ളവര് കുറയ്ക്കണം. മസ്തിഷ്കത്തില്‍ കൂടാതെ ചര്‍മ്മത്തിലും കൊഴുപ്പ് നിലകൊള്ളുന്നുണ്ട്. ചര്‍മ്മത്തില്‍ കലരാനിടയുള്ള കൊഴുപ്പുമാലിന്യങ്ങള്‍ മസ്തിഷ്കത്തിലും കയറിപറ്റും. ചര്‍മ്മം വരണ്ട് ഉണങ്ങിയാല്‍ മസ്തിഷ്കവും ഉണങ്ങാം. ചര്‍മ്മം തടിക്കാതെ നോക്കണം. ചര്‍മ്മത്തില്‍ മസാജ് ചെയ്യണം. പോക്കുവെയില്‍ ഏല്‍ക്കുന്നതും ഗുണം ചെയ്യും. കൊളസ്ട്രോള്‍ ചര്‍മ്മത്തിലൂടെ വിസര്‍ജിക്കുന്നതിനും ചര്‍മ്മത്തില്‍ വിറ്റാമിന്‍ ഡി 3 പോലുള്ള കൊഴുപ്പ് രൂപപ്പെടുന്നതിനും സൂര്യപ്രകാശം പങ്കുവഹിക്കുന്നുണ്ട്. ധാന്യങ്ങളിലും ധാന്യഎണ്ണകളിലും വിറ്റാമിന്‍ ഡി 2 അടങ്ങിയിട്ടുണ്ട്.
കൊഴുപ്പും അന്നജാംശവും കലര്‍ന്നതാണ് കഫം. ആഹാരത്തില്‍ കറിയുപ്പ് അധികം കലര്‍ത്തിയാല്‍, ശരീരത്തില്‍ രസധാതു, കൊഴുപ്പ്ധാതു എന്നിവയുടെ തോത് കൂടിയാല്‍ കഫമലം കൂടും. അത് പരിണമിച്ച് രക്തത്തില്‍ കലര്‍ന്നാല്‍ വിളര്‍ച്ച, പ്രമേഹം, ധമനീരോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ പിടിപെടും. എരിവുദ്രവ്യങ്ങള്‍, അഗ്നി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്നിവയെ പ്രയോജനപ്പെടുത്തിയാല്‍ കഫപ്രയാസങ്ങള്‍ കുറയും.
ദാഹിച്ചാലും ഇല്ലെങ്കിലും ദിനംപ്രതി ഒരു ലിറ്റര്‍ ജലം എങ്കിലും കുടിക്കണം. ദേഹഭാരം കിലോഗ്രാമില്‍ അളന്ന് അതിന്‍റെ പകുതി എത്രയാണോ അത്രയും ഔണ്‍സ് അളവില്‍ ജലം ദിനംപ്രതി കുടിക്കണം. അതിരാവിലെയോ, വെറുംവയറ്റിലോ, കഫം വര്‍ദ്ധിച്ച ഘട്ടത്തിലോ, ദാഹമില്ലാത്ത അവസ്ഥയിലോ എല്ലാം അധികം അളവിലും ഒറ്റയടിക്കും ജലം കുടിക്കുന്നത് ഹിതകരമല്ല. ഭക്ഷണത്തിന് തൊട്ടുമുന്‍പുള്ള പതിനഞ്ച് മിനുട്ട് സമയത്തിനുള്ളില്‍ കഴിവതും തണുത്ത ജലം കുടിക്കരുത്. ദാഹം ഉണ്ടെങ്കില്‍ ആദ്യം ദാഹത്തെ മാറ്റണം. പതിനഞ്ച് മിനുട്ട് പിന്നിട്ടശേഷമാണ് വിശപ്പ് മാറ്റേണ്ടത്.
പച്ചക്കറികള്‍ അരിഞ്ഞ ശേഷം കഴുകിയാല്‍ അതില്‍ അടങ്ങിയ ജലലേയ വിറ്റാമിനുകളായ വിറ്റാമിന്‍ ബി ഇനങ്ങള്‍, വിറ്റാമിന്‍ സി എന്നിവ നഷ്ടമാകും. ധാന്യങ്ങള്‍, പയറുകള്‍ എന്നിവ മുളപ്പിച്ച് കഴിച്ചാല്‍ വിറ്റാമിന്‍ ഇ ആവശ്യത്തിന് ലഭിക്കും. നിലക്കടലയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ചില വിത്തുകള്‍ മുളക്കുന്ന ഘട്ടത്തില്‍ അതില്‍ രോഗാണുക്കള്‍ വേഗം കയറിപറ്റും. അതിനാല്‍ മുളച്ച് അധികം വൈകാതെ തന്നെ അവയെ കഴിക്കണം. വിറ്റമിന്‍ ഇ അധികമായാല്‍ ലൈംഗികഹോര്‍മോണ്‍ വര്‍ദ്ധിക്കും. ഇരുമ്പ് തോത് (ശരീരത്തില്‍ ആകെ ആവശ്യമുള്ള ഇരുമ്പിന്‍റെ തോത് നാല് ഗ്രാം മാത്രമാണ്) കുറയും. ഇരുമ്പ്, തുരുമ്പ് എന്നിവ വര്‍ദ്ധിക്കുന്നത് പരിഹരിക്കുന്നതിനാല്‍ കാന്‍സര്‍ രൂപീകരണത്തിനുള്ള സാദ്ധ്യതയും കുറയും. വാര്‍ദ്ധക്യപരമായ ധമനീരോഗങ്ങളുടെ മുഖ്യനിദാനം പഴകി പരിണമിച്ച ഇരുമ്പിന്‍റെ നിക്ഷേപമാണ്.
പകുതി വേവിച്ച പച്ചക്കറികളാണ് ആരോഗ്യത്തിന് നല്ലത്. വേവിച്ച പച്ചക്കറികള്‍ അധികം വൈകാതെ തന്നെ കഴിക്കണം. വേവിച്ചതില്‍ അണുക്കള്‍ വേഗം കയറി പറ്റുന്നതിനാല്‍ അവ വേഗം ചീത്തയാകാനിടയുണ്ട്. പച്ചക്കറികള്‍ അധികം ഉണ്ടെങ്കില്‍ അത് അരിയാതെയും വേവിക്കാതെയും ആണ് സൂക്ഷിച്ചുവെക്കേണ്ടത്.
ഇലക്കറിയിനങ്ങളില്‍ ക്ഷാരാംശം പൊതുവെ കൂടുതലാണ്. ഓക്സലെറ്റുകള്‍, കാല്‍സ്യം, ഇരുമ്പ്, സിലിക്ക എന്നിവ അധികം അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ അമിതോപയോഗം ചിലരില്‍ രക്തം കട്ടപിടിക്കാനും മൂത്രസഞ്ചിയിലും പിത്തസഞ്ചിയിലും മറ്റ് അറകളിലും പരലുകള്‍ രൂപംകൊള്ളാനും ഇടവരുത്തും. ഇലക്കറികള്‍ പാചകം ചെയ്യുമ്പോള്‍ ഇത്തിരി പുളിയംശം ചേര്‍ത്താല്‍ പരലുകള്‍ കുടലില്‍ വെച്ചുതന്നെ രൂപപ്പെട്ട് മലത്തോടൊപ്പം പുറത്ത് പോകും. ചിലരില്‍ ഇലക്കറികള്‍ കഴിച്ചാല്‍ വിരകള്‍ കൂടും. ഗ്യാസ് ഓടി കളിക്കുന്നത് കുറയും. ചിലരില്‍ ഗ്യാസിന്‍റെ അളവ് നാല് ഇരട്ടിയോളം കൂടും. ഇലകള്‍, ചേമ്പ്, ഉഴുന്ന്, പുതിയ കുമ്പളങ്ങ എന്നിവ നിത്യവും കഴിക്കരുത്. വന്ധ്യത അനുഭവിക്കുന്നവര്‍ എരിവ് ദ്രവ്യങ്ങളോടൊപ്പം കയ്പ്പുരസമുള്ള ഇലകളും വര്‍ജ്ജിക്കണം. മഴക്കാലത്ത് മത്സ്യം, കയ്പ്പുയിനങ്ങള്‍ എന്നപോലെ മുരിങ്ങയിലയും ഒഴിവാക്കണം.
ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കറിയുപ്പ് ചേര്‍ത്ത് കഴുകിയാല്‍, അരി വേവിച്ച ശേഷം ഉപ്പ് ചേര്‍ത്ത് ഊറ്റിയാല്‍ അതിലടങ്ങിയ ആര്‍സെനിക് അടക്കമുള്ള വിഷാംശങ്ങള്‍ പോയികിട്ടും. പക്ഷെ ഓരോന്നിന്‍റെയും തനത് രുചി കുറയും. വൃക്കകളുടെ ജോലിഭാരം വര്‍ദ്ധിക്കും. രക്തത്തില്‍ ക്ലോറിന്‍ തോത് വര്‍ദ്ധിക്കും. ഇതുമൂലം രക്തസ്രാവമോ ശരീരപ്രതികരണം നിമിത്തം ക്ലോട്ടിങ്ങോ സംഭവിക്കാം. കോശവിഭജനപ്രക്രിയ തകരാറിലാകാം. ആസ്പിരിന്‍, വിനാഗിരി, മദ്യം എന്നിവപോലുള്ള അമ്ലദ്രവ്യങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരില്‍ ആണെങ്കില്‍ രക്തത്തിലെ ക്ഷാരാംശതോത് പിന്നെയും കുറയും.
പലചരക്ക് കടയില്‍ നിന്ന് ലഭിക്കുന്ന കറിയുപ്പില്‍ സോഡിയം, ക്ലോറിന്‍ എന്നിവ കൂടാതെ നാമമാത്ര തോതില്‍ Iodine, Ferrocyanide, Calcium, Magnesium, Carbonate, Silicate, Phosphate, Aluminum എന്നിവയും അടങ്ങിയിട്ടുണ്ട്. രാസയുപ്പ് ജീവനാശിനിയാണ്. കറിയുപ്പിന്‍റെ ദിനംപ്രതിയുള്ള ഉപയോഗം അഞ്ച് ഗ്രാമില്‍ താഴെയാക്കണം. പതിവായി പേശിപിടുത്തം അനുഭവപ്പെടുന്നവര്‍ ആണെങ്കില്‍ അളവ് കൂട്ടണം. ഉപ്പിന്‍റെ തോത് ദേഹത്തില്‍ അധികരിച്ചാല്‍ അകാലത്തില്‍ നര ബാധിക്കും. പാല്‍, മാംസം, മത്സ്യം, നാളികേരം, അരി എന്നിവയില്‍ ജൈവയുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
മദ്യം, വിനാഗിരി, വെളുത്തുള്ളി എന്നിവ കഠിന അമ്ലയിനങ്ങളാണ്. കരി, ഗന്ധകം എന്നിവ ചേര്‍ത്ത് സംസ്ക്കരിച്ച പഞ്ചസാര, കൃത്രിമമായി തയ്യാറാക്കിയ മധുരദ്രവ്യങ്ങള്‍, ഉഴുന്ന്, വനസ്പതി, മുളക്, പുകയില, മാംസം, അല്ലോക്സാന്‍ കലര്‍ത്തി തയ്യാര്‍ ചെയ്ത മൈദ എന്നിവയും അമ്ലയിനങ്ങളാണ്. ആദ്യകാലങ്ങളില്‍ പഞ്ചസാര തയ്യാറാക്കിയിരുന്നത് കരിമ്പ്, ഇരട്ടിമധുരം, മുന്തിരി, ലന്ത, മാതളം എന്നിവ കൂട്ടികലര്‍ത്തിയാണ്.
ആമാശയത്തില്‍ നിന്ന്‍ അമ്ലം അധികതോതില്‍ സ്രവിക്കുന്നവരും ഉഷ്ണദേഹപ്രകൃതിക്കാരും മാംസാഹാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. മാംസാഹാരങ്ങളെ അമിത അളവില്‍ പതിവാക്കിയാല്‍ ആമാശയത്തിലൂടെയുള്ള അമ്ലത്തിന്‍റെ വിസര്‍ജനവും വര്‍ദ്ധിക്കും. അപ്രകാരം സ്രവം നടന്നില്ലെങ്കില്‍ ദേഹദ്രാവകങ്ങളില്‍ അമ്ലത വര്‍ദ്ധിക്കും. ഉഷ്ണവര്‍ദ്ധന, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടും. മൂക്കിന്‍റെ കീഴ്‌ഭാഗം, വായ, നാക്ക് എന്നിവ പൊട്ടും. രക്തത്തില്‍ വെളുത്തകോശങ്ങളുടെ എണ്ണം കുറയും. രോഗപ്രതിരോധശക്തി കുറയും. മൂലക്കുരു ഉള്ളവരില്‍ രക്തസ്രാവം നടക്കും. ഉണക്കമുളകിന്റെ കുരുവില്‍ വര്‍ണ്ണഘടകങ്ങള്‍ ഇല്ല. ഉണക്കമുളകില്‍ നിന്ന് കുരുവിനെ നീക്കംചെയ്ത ശേഷം ഉപയോഗിച്ചാല്‍ കുടലറ്റം എരിയുന്നത് ഒഴിവായിക്കിട്ടും.
ക്ഷാരാംശം അധികമുള്ള ആഹാരയിനങ്ങള്‍ പതിവായി കഴിച്ചാല്‍ മുറിവ് പഴുക്കാനും ഹൃദയം, മസ്തിഷ്കം എന്നിവയുമായി ബന്ധപ്പെട്ട ധമനികളില്‍ രക്തം കട്ടയാകാനും ഇടയുണ്ട്. രക്തത്തിന് താരതമ്യേനെ ക്ഷാരഗുണമാണ്. ദേഹദ്രാവകങ്ങളില്‍ ക്ഷാരഗുണം കുറഞ്ഞാല്‍, അമ്ലഗുണം വര്‍ദ്ധിച്ചാല്‍ കലകള്‍ അകാലത്തില്‍ നശിക്കും. മദ്യം, പുളി, പുളിപ്പിച്ച ധാന്യം, തക്കാളിസോസ് എന്നിവ സ്ഥിരം കഴിച്ചാല്‍ ഉമിനീരിലേയും രക്തത്തിലേയും ക്ഷാരഗുണം കുറയും. ആഹാരം ചിട്ടപ്പെടുത്തുമ്പോള്‍ ക്ഷാര അമ്ല അനുപാതം 4:1 എന്ന തോതില്‍ ക്രമീകരിക്കണം.
ആഹാരദ്രവ്യങ്ങള്‍ കേടുകൂടാതെ നിലകൊള്ളാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റിന്‍റെ തോത് മുന്നൂറ് ppm ല്‍ അധികം കലര്‍ത്തി തയ്യാറാക്കിയിട്ടുള്ള അച്ചാര്‍ ഇനങ്ങളെ ഒഴിവാക്കണം. അല്ലോക്സാന്‍, ബെന്‍സോയില്‍ പെറോക്സയിഡ് എന്നിവ അധികം കലര്‍ന്ന ധാന്യവിഭവങ്ങള്‍ കഴിക്കുന്നതും നിയന്ത്രിക്കണം.
പോഷകാഹാരം കഴിച്ചാല്‍ മാത്രം ഒരാളില്‍ ആരോഗ്യം രൂപപ്പെടുകയില്ല, ആഹാരം ദഹിപ്പിക്കുന്നതിന് വേണ്ട പരിണാമാഗ്നികള്‍ (Enzymes) വേണം. ക്ഷാര രസാഗ്നികളും അമ്ല രസാഗ്നികളും വേണം. കഫാഗ്നിയും പിത്താഗ്നിയും വാതാഗ്നിയും വേണം. ചാലുകള്‍ സുഗമമാകണം. ദഹിച്ച സാരാംശങ്ങള്‍ വിവിധ അവയവങ്ങളിലോട്ട് കൊണ്ടുപോകുന്നതിനുള്ള വാഹകര്‍ വേണം.
കഴിച്ച ആഹാരം വായയില്‍ വെച്ച് ചവയ്ക്കുമ്പോള്‍ ഉമിനീരുമായി കലര്‍ന്ന് ഭാഗികമായി ദഹിക്കും. ആമാശയത്തില്‍ എത്തുമ്പോള്‍ പുളിച്ചു തിളക്കുകയും കുറച്ച് മാംസ്യങ്ങള്‍ വേര്‍പെടുകയും ചെയ്യും. ഏകദേശം രണ്ടര മണിക്കൂറിന് ശേഷം ആഹാരം കുടലില്‍ എത്തുമ്പോള്‍ പാന്‍ക്രിയാസ് രസം, പിത്തരസം, കുടല്‍രസം എന്നിവയും അതിനോട് ചേരും. ആവശ്യത്തിന് ദഹനാഗ്നികള്‍ ഉണ്ടായാല്‍ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ദഹനം പൂര്‍ത്തിയായി സാരവും കിട്ടവും ആയി വേര്‍പിരിയും. കഴിച്ച ആഹാരത്തിന്‍റെ തോത് അധികമായാല്‍, ആഹാരദ്രവ്യങ്ങള്‍ക്ക് അനുസരിച്ച് വേണ്ട ദഹനാഗ്നികള്‍ ഇല്ലാതെ വന്നാല്‍, കുറച്ച് ആഹാരം ജീര്‍ണ്ണിക്കും. കിട്ടം വര്‍ദ്ധിക്കും. പാന്‍ക്രിയാസ് രസം കുറഞ്ഞാല്‍ കൊഴുപ്പിന്‍റെ ദഹനം കുറയും. പിത്തരസം കുറഞ്ഞാലും കൊഴുപ്പ് ദഹനം അപൂര്‍ണ്ണമാകും. ഇതുമൂലം മലത്തിന് ദുര്‍ഗന്ധം അനുഭവപ്പെടും. മലം ദ്രാവകരൂപത്തില്‍ പുറത്തുപോകും.
മനുഷ്യരില്‍ അനുഭവപ്പെട്ടുപോരുന്ന ഒട്ടുമിക്ക പ്രയാസങ്ങളുടേയും അടിസ്ഥാനം ദഹനക്കേടാണ്. അതിന് കാരണം ദഹനാഗ്നികളുടെ അപര്യാപ്തതയാണ്. കിഴങ്ങ്, ചക്ക, മുട്ട, നെയ്യ് തുടങ്ങിയ ഗുരുത്വയിനാഹാരങ്ങള്‍, മൈദ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവയെല്ലാം ദഹിക്കാന്‍ പ്രയാസമുള്ളവയാണ്. ദഹനം അപൂര്‍ണ്ണമായാല്‍ ഗ്യാസ് രൂപപ്പെടും. ഉഷ്ണഗ്യാസ് മേലോട്ടും ശീതഗ്യാസ് കീഴോട്ടും സഞ്ചരിക്കും. ഗുരുത്വയിനാഹാരം അധികം അളവില്‍ കഴിക്കുക, മനോവിഷമം ഉള്ളപ്പോഴോ, മഴ നനഞ്ഞ ഘട്ടത്തിലോ ആഹാരം കഴിക്കുക, ആഹാരം ചവക്കാതിരിക്കുക, പഴുക്കാത്ത പഴങ്ങള്‍ കഴിക്കുക, വേവാത്ത ധാന്യാഹാരം കഴിക്കുക എന്നിവ മൂലമെല്ലാം ദഹനക്കേട് പിടിക്കാം. ചിലരില്‍ വയറിളക്കവും നടക്കാം. ഉറക്കസമയം കൂട്ടിയാല്‍ മലം വിഭജിച്ചുപോകുന്നത് മാറികിട്ടും.
ഇഞ്ചി, കുരുമുളക്, കായം, അയമോദകം, ജീരകം, പെരുംജീരകം, വെളുത്തുള്ളി, ഇന്തുപ്പ്, മോര്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് ദഹനാംഗ്നികളെ സജീവമാക്കാനുള്ള പ്രാപ്തിയുണ്ട്. അഗ്നി വര്‍ദ്ധിപ്പിക്കുന്ന ഇത്തരം ഘടകങ്ങള്‍ കഫപ്രയാസങ്ങളെ കുറയ്ക്കും. കുളി, വ്യായാമം, ഉറക്കം, വ്രതം എന്നിവ വഴിയും കാറ്റ് ഏല്‍ക്കുക, വെയില്‍ കൊള്ളുക എന്നിവ വഴിയും ദഹനശേഷി മെച്ചപ്പെട്ടുകിട്ടും. അന്നജം ഏറെ അടങ്ങിയ ആഹാരം കഴിച്ചതുമൂലമുള്ള ദഹനക്കേട് ലഘൂകരിക്കുന്നതിന് നാളികേരം, ഇഞ്ചി, നെല്ലിക്ക എന്നിവ സഹായകമാകും.
ദഹനക്കേട് പരിഹരിക്കുന്ന ആഹാരങ്ങള്‍
ആഹാരയിനങ്ങള്‍
|
പ്രത്യൌഷധങ്ങള്‍
|
അണ്ടിപരിപ്പ് |
ചുക്ക്. |
ഉരുളക്കിഴങ്ങ് |
നെയ്യ്, കുരുമുളക്. |
കാബേജ് |
മഞ്ഞള്‍, കടുക്, സൂര്യകാന്തി. |
ഉള്ളി |
ഉപ്പ്, നാരങ്ങ, തൈര്, കടുക്. |
പയര്‍ |
വെളുത്തുള്ളി, കുരുമുളക്, മുളക്. |
ഗ്രീന്‍സാലഡ് |
ചെറുനാരങ്ങ. |
വെളുത്തുള്ളി |
തേങ്ങ, ചെറുനാരങ്ങ. |
കോഴിമുട്ട |
മഞ്ഞള്‍, ഉള്ളി. |
മത്സ്യം |
തേങ്ങ, ചെറുനാരങ്ങ. |
വെണ്ണ |
കുരുമുളക്. |
അരി |
ഇഞ്ചി, കരയാമ്പു. |
നേന്ത്രപ്പഴം |
ഏലം. |
തക്കാളി |
ചെറുനാരങ്ങ, ജീരകം. |
മധുരം |
ഇഞ്ചി. |
കാപ്പി |
ജാതിക്ക. |
ചായ |
ഇഞ്ചി. |
മദ്യം |
ജീരകം. |
മാംസം |
കുരുമുളക്, കരയാമ്പു. |
തൈര് |
ഇഞ്ചി, ജീരകം. |
ഐസ്ക്രീം |
ഏലം, കരയാമ്പു. |
മത്തങ്ങ |
മല്ലി, കരിക്ക്. |
മാങ്ങ |
കരിക്ക്, നെയ്യ്. |
എന്ത് കഴിച്ചാലും കുറച്ച് ദഹിക്കും, കുറച്ച് ജീര്‍ണ്ണിക്കും. ദഹനക്കേടിന് എന്നപോലെ വാര്‍ദ്ധക്യസഹജമായ പല രോഗങ്ങളുടെ കാരണവും സാരാഗ്നികളുടെ അപര്യാപ്തതയാണ്. മലിനാഹാരങ്ങളുമായോ വിഷദ്രവ്യങ്ങളുമായോ സാരാംഗ്നികള്‍ പ്രവര്‍ത്തിക്കാന്‍ ഇടവന്നാല്‍ അവ വേഗത്തില്‍ ക്ഷയിക്കും. യൌവ്വനത്തില്‍ ആഹാരം ദേഹോചിതവും മിതവുമാക്കിയാല്‍ സാരാംഗ്നികള്‍ അകാലത്തില്‍ തീരുകയില്ല. അനാവശ്യമായുള്ള ദേഹാദ്ധ്വാനത്തെ നിയന്ത്രിച്ചാല്‍ അപചയസാരാംഗ്നികളെ മിച്ചമാക്കാനാകും. ദഹനശക്തി ക്ഷയിച്ചവര്‍ പാചകത്തില്‍ സുഗന്ധവ്യഞ്ജനങ്ങളെ കൂടി ഉള്‍പ്പെടുത്തണം.
സാരാംഗ്നികളുടെ തോത് കുറയുകയോ തീരുകയോ നിമിത്തം ദഹനം, ഉപാപചയം എന്നിവ അപൂര്‍ണ്ണമായാല്‍ കുടലിലും കരളിലും പേശികളിലും രൂപപ്പെടുന്ന വിഷഉല്‍പന്നങ്ങളുടെ തോത് വര്‍ദ്ധിക്കും. ഇത്തരം അഹിതഘടകങ്ങള്‍ ധമനികളിലോ സിരകള്‍, ലസികാവാഹിനികള്‍, നാഡികള്‍ എന്നിവയിലോ എത്തി പ്രവര്‍ത്തിച്ചാല്‍ അവയില്‍ വീക്കം സംഭവിക്കും. അതിരക്തസമ്മര്‍ദ്ദം, ധമനീകാഠിന്യം, നാഡീക്ഷയം, കഴലകള്‍, മുഴകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അത് കാരണമാക്കും. കിഴങ്ങുകള്‍, നെയ്യ്, കറിയുപ്പ് എന്നിവ അധികതോതില്‍ കഴിക്കുന്നത് അമിതരക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഒഴിവാക്കണം.
ആഹാരദ്രവ്യങ്ങളുടെ കാര്യത്തില്‍ എന്നപോലെ പാചകകര്‍മ്മങ്ങളിലും ശുദ്ധി പുലര്‍ത്തണം. പാചകത്തിനും ആഹാരദ്രവ്യങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനും ശുദ്ധമായ പാത്രങ്ങള്‍ ഉപയോഗിക്കണം. പോഷകഗുണങ്ങള്‍ നഷ്ടപ്പെടാനോ വിഷഘടകങ്ങള്‍ രൂപംകൊള്ളാനോ ഇടയാകുന്ന രീതിയില്‍ പാചകം അരുത്. ആഹാരവിഭവങ്ങള്‍ അധികം കരിയാതെയുള്ള നിലയില്‍ പാചകം ചെയ്യണം.
കൊഴുപ്പ്, മാംസ്യം എന്നിവ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഉയര്‍ന്ന താപത്തില്‍ കരിയുമ്പോള്‍ ഉണ്ടാകുന്ന വിഷദ്രവ്യങ്ങള്‍ (Acrylamide, Nitrosamines, Heterocyclic amines, Polycyclic aromatic hydrocarbons) കാന്‍സര്‍, വിറവാതം, ഓര്‍മ്മക്ഷയം എന്നിവ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങളേക്കാള്‍ മുന്‍ഗണന കുറഞ്ഞ താപത്തില്‍ പുഴുങ്ങിയ ആഹാരങ്ങള്‍ക്ക് നല്‍കണം. വേവിച്ച ആഹാരം എട്ട് മണിക്കൂറിലധികം സൂക്ഷിച്ചുവെക്കരുത്.
വനസ്പതി, സ്റ്റീല്‍പാത്രങ്ങള്‍ എന്നിവയില്‍ നിക്കലിന്‍റെ അംശം കലര്‍ന്നിട്ടുണ്ട്. നിക്കല്‍ കലര്‍ന്ന ദ്രവ്യങ്ങള്‍ കാന്‍സര്‍കാരിയാണ്. അവ കാഴ്ചശേഷിയെ തകരാറില്‍ ആക്കും. പഴകിയ Teflon (ഫ്ലൂറിന്‍) പാത്രത്തില്‍ ആഹാരം ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്താല്‍ അതിലെ പ്ലാസ്റ്റിക് പാട ആഹാരത്തില്‍ കലരും. ഇതുമൂലം അര്‍ബ്ബുദസാദ്ധ്യത വര്‍ദ്ധിക്കും. അമ്ലം ഏറെയുള്ള വെളുത്തുള്ളി, തക്കാളി, ഉള്ളി തുടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ അലുമിനിയ പാത്രത്തില്‍ പാചകം ചെയ്യരുത്. അത് ഓര്‍മ്മക്കുറവ് പിടിപെടുന്നതിനോ വൃക്കതകരാറിനോ ഇടവരുത്തും. ഫ്ളൂറൈഡ് അടങ്ങിയ മരുന്നുകള്‍ (Fluoroquinolones), വെളുത്തുള്ളി എന്നിവ ദീര്‍ഘകാലം കഴിച്ചാലും ചിലരുടെ മസ്തിഷ്കത്തില്‍ അലൂമിനിയം ഘടകം ഊറും. ദേഹത്തില്‍ ഫ്ളൂറൈഡ് തോത് വര്‍ദ്ധിച്ചാല്‍ ഹോര്‍മോണ്‍ കലകള്‍ അകാലത്തില്‍ ക്ഷയിക്കും. പ്രമേഹം, തൈറോയിഡ് രോഗങ്ങള്‍, അണ്ഡാശയരോഗങ്ങള്‍ എന്നിവ ഉടലെടുക്കും.
പ്രഷര്‍കുക്കറില്‍ കുറഞ്ഞ അളവില്‍ മാത്രം ജലം ഒഴിച്ച് കപ്പ വേവിക്കരുത്. കട്ട് (Cyanide) കപ്പയില്‍ തന്നെ പറ്റി പിടിക്കും. Melamine കലര്‍ന്ന പ്ലാസ്റ്റിക്‌പ്ലേറ്റുകള്‍ പാചകത്തിനായി (മൈക്രോവേവ് ഓവന്‍) ഉപയോഗിക്കരുത്.
യാന്ത്രികമായും വെറുപ്പോടെയും പാചകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടരുത്. അങ്ങിനെ ചെയ്യുന്നത് പതിവാക്കുന്നതും അഹങ്കാരത്തോടെ ആഹാരം വിളമ്പുന്നതും അപരാധമാണ്. അപരാധങ്ങള്‍ പതിവാക്കിയാല്‍ വിട്ടുമാറാത്ത തലവേദന, വയറെരിച്ചില്‍, മനോരോഗം എന്നിവ പിടിപെടും. ആയുസ്സ് കുറയും.
ആഴ്ചയില്‍ ഒരു നേരമോ, പക്ഷത്തില്‍ ഒരു പകല്‍ മുഴുവനോ വ്രതം അനുഷ്ഠിക്കുന്നത് ദേഹത്തിലെ മാലിന്യങ്ങള്‍ പുറത്തുപോകാന്‍ സഹായിക്കും. പനിയുള്ള ഘട്ടത്തില്‍ ഒരുനേരം വ്രതം അനുഷ്ഠിക്കുന്നത് പനിയെ വേഗത്തില്‍ ശമിപ്പിക്കും. നടുവേദന, ഊരുസ്തംഭനം എന്നിവ അനുഭവപ്പെട്ട ഘട്ടത്തില്‍ എരിവുദ്രവ്യങ്ങള്‍ ഒഴിവാക്കിയാലും വ്രതം അനുഷ്ഠിച്ചാലും വേഗത്തില്‍ ആശ്വാസം ലഭിക്കും. കഠിനവ്രതം നിരവധി ദിവസം തുടര്‍ച്ചയായി അനുഷ്ഠിക്കരുത്. വേനല്‍ക്കാലത്ത് പന്ത്രണ്ട് മണിക്കൂറില്‍ അധികം നേരം വ്രതം പതിവാക്കുന്നവര്‍ അതിനിടയില്‍ ഒരു നേരമെങ്കിലും ജലം കുടിക്കുന്നത് പരിഗണിക്കണം. കൊല്ലത്തില്‍ ഒന്നിച്ച് വ്രതം അനുഷ്ഠിക്കാന്‍ പറ്റിയ സന്ദര്‍ഭം പൊതുവെ അഗ്നിമാന്ദ്യം അനുഭവപ്പെടാനിടയുള്ള വര്ഷഋതുവിലാണ്. ദുര്‍മേദസ്സ് ഉള്ളവര്‍ ശീതത്തിലും വ്രതം അനുഷ്ടിക്കണം. നിരാഹാരസമരം അവസാനിപ്പിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ജലമോ നേര്‍പ്പിച്ച അമ്ലപാനീയങ്ങളോ കുടിക്കണം. ലഘുവായ ആഹാരങ്ങള്‍ കഴിക്കണം.
ഓരോ മനുഷ്യനും ജന്മസഹജമായി തന്നെ ഓരോ ദേഹപ്രകൃതിയുണ്ട്. അത് തിരിച്ചറിയേണ്ടത് അവന്‍റെ ധര്‍മ്മമാണ്. ദേഹപ്രകൃതിക്ക് ഹിതകരമായ ആഹാരങ്ങള്‍ കഴിക്കണം. ഉഷ്ണപ്രകൃതിക്കാര്‍ ഉഷ്ണദ്രവ്യങ്ങള്‍ കഴിക്കണം. കേരളത്തിലെ ശീതപ്രകൃതിക്കാര്‍ ശീതയിനദ്രവ്യങ്ങളാണ് പൊതുവെ കഴിക്കേണ്ടത്.
ഓരോ ദേശത്തും ഓരോ സമൂഹത്തിലും അനുവര്‍ത്തിച്ചുപോരുന്ന ആഹാരസമ്പ്രദായങ്ങള്‍, ശീലങ്ങള്‍, നിയന്ത്രണങ്ങള്‍ പലതും മുന്‍തലമുറയുടെ അനുഭവത്തില്‍ നിന്ന് ഉള്‍തിരിഞ്ഞുവന്നവയാണ്. മുന്‍കാലങ്ങളില്‍, ശിശുവിന് വൈകല്യമുണ്ടാകാന്‍ ഇടവരുത്തും എന്ന വിശ്വാസത്താല്‍ ഗര്‍ഭകാലത്തിന്‍റെ ആദ്യപകുതിയില്‍ ഇഞ്ചി, കുരുമുളക്, ഉള്ളി എന്നിവയെ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്താന്‍ അനുവദിച്ചിരുന്നില്ല. കൈതച്ചക്ക, പപ്പായ എന്നിവ രക്തസ്രാവത്തിന് കാരണമാകുമെന്ന് കണക്കാക്കിയിരുന്നു. മുലയൂട്ടുന്ന ഘട്ടത്തില്‍ അമ്മമാര്‍ക്ക് പുളിയുള്ള ആഹാരങ്ങളെ നിഷേധിച്ചിരുന്നു. മൂത്രത്തില്‍ കല്ല് രൂപപ്പെടാതിരിക്കാന്‍ ഇലക്കറികള്‍ പാചകം ചെയ്യുമ്പോള്‍ പുളി അംശം ഉള്ളത് കൂടെ ചേര്‍ക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. "കഴുത്തില്‍ മുന്‍വശത്തുള്ള ഗ്രന്ഥികളില്‍ വീര്‍പ്പ് ഉള്ളവര്‍ കാരറ്റ്, കടുക്, കാബേജ്, വെണ്ടയ്ക്ക എന്നിവ പതിവായി കഴിക്കരുത്" എന്ന മുന്നറിയിപ്പ് ഇപ്പോഴും
നിലവില്‍ ഉണ്ട്.
പഴയ കാലത്തെ ആഹാര മുന്നറിയിപ്പുകള്‍
ആഹാരം പാചകം ചെയ്യുമ്പോള്‍ താഴെ സൂചിപ്പിക്കുന്ന ഇനങ്ങള്‍ കൂട്ടിക്കലര്‍ത്തി പാചകം ചെയ്യരുത്. പാചകം വെവ്വേറെ ആയാലും അവ ഒന്നിച്ച് കഴിക്കരുത്. ഇവയുടെ ദഹനദൈര്‍ഘ്യം വിത്യസ്തമാണ്.
ധാന്യം x മത്തങ്ങ.
ധാന്യം x പഴം.
ഗോതമ്പ് x ഉലുവ
ചെറുപയര്‍ x മുതിര.
ഉണക്കപയര്‍ x പച്ചപയര്‍.
മത്സ്യം x മാംസം.
വലിയ മത്സ്യം x ചെറിയ മത്സ്യം.
ഉഷ്ണദ്രവ്യം x ശീതദ്രവ്യം.
സസ്യാഹാരം x മാംസാഹാരം.
ശീതദേഹപ്രകൃതിക്കാര്‍ ഉഷ്ണദ്രവ്യങ്ങളെ കൂട്ടികലര്‍ത്തി ഉഷ്ണവീര്യത്തെ ഇരട്ടിപ്പിച്ച് കഴിക്കരുത്.
വേവിച്ച ഇറച്ചിയും മുഴുവന്‍ വേകാത്ത ഇറച്ചിയും ഒരേസമയം കഴിക്കരുത്.
ഗന്ധകം, ഫോസ്ഫറസ് എന്നിവ ഏറെ അളവില്‍ അടങ്ങിയ ആഹാരയിനങ്ങള്‍ ഒന്നിച്ച് അധികം അളവില്‍
കഴിക്കരുത്.
പയര്‍, മുതിര എന്നിവ പാലില്‍ വേവിച്ച് മധുരം ചേര്‍ത്ത് പായസം തയ്യാറാക്കി അധികം കുടിക്കരുത്.
മത്തങ്ങ വേവിച്ച് പാലുമായി കലര്‍ത്തി കഴിക്കരുത്. മത്തങ്ങക്കറി കഴിച്ച ദിവസം പാല്‍ കുടിക്കരുത്. പാല്‍ വയറിളക്കുന്നതും മത്തങ്ങ മൂത്രം കളയുന്നതും ആണ്. തണുപ്പ് ഇരട്ടിച്ച് വയറിളക്കം നടക്കും.
കോഴിയിറച്ചിയും മോരും ഒന്നിച്ചു കഴിക്കരുത്. ശരീരത്തില്‍ കഴപ്പ് അനുഭവപ്പെടും.
കോഴിയിറച്ചിയും മാട്ടിറച്ചിയും ഇടകലര്‍ത്തി കഴിക്കരുത്.
പോത്തിറച്ചിയും ഉഴുന്നുവിഭവങ്ങളും ഒന്നിച്ചുകഴിക്കരുത്.
ഓട്ടുപാത്രത്തില്‍ നെയ്യ്, പാല്‍ എന്നിവ സൂക്ഷിക്കരുത്. പാല്‍ ഗുരുവും തണുപ്പും ആണ്. പാലും മാംസവും ഒന്നിച്ചുകഴിക്കരുത്. പാലില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കഴിക്കരുത്. നെയ്യ് അധികം അളവില്‍ കഴിച്ചഘട്ടത്തില്‍ ശിരസ്സിലെയും കൈകാല്‍ ഭാഗത്തെയും ധമനികളില്‍ നിന്ന് രക്തം കുടല്‍ഭാഗത്തോട്ട് നീങ്ങും. ഇതുമൂലം ചര്‍മ്മഭാഗങ്ങള്‍ തണുക്കും. ചര്‍മ്മം തണുത്ത ഘട്ടത്തില്‍ വ്യായാമങ്ങള്‍ ചെയ്യരുത്. വെയില്‍ അധികം കൊള്ളരുത്. ഈ ഘട്ടത്തില്‍ തണുത്ത ജലവും
കുടിക്കരുത്.
തേന്‍, നെയ്യ് എന്നിവ 1:1 അനുപാതത്തില്‍ കലര്‍ത്തി കഴിക്കുന്നത് ഒഴിവാക്കണം.
ജലം, ഉപ്പ്
എന്നിവയുമായി നെയ്യ് കലര്‍ത്തി ഉപയോഗിക്കരുത്.
പച്ചതക്കാളിയും പഴുത്തതക്കാളിയും ഒന്നിച്ചുകഴിക്കരുത്.
പച്ചമാങ്ങയും പഴുത്തമാങ്ങയും കൂട്ടികലര്‍ത്തി കഴിക്കരുത്.
കാറിയ എണ്ണ, പൊരിക്കാന്‍ ഉപയോഗിച്ച് ബാക്കിവന്ന എണ്ണ എന്നിവ വീണ്ടും ആഹാരാവശ്യത്തിനായി ഉപയോഗിക്കരുത്.
ചൂടാറിപ്പോയ ചായ വീണ്ടും ചൂടാക്കി കുടിക്കരുത്.
പൊരിച്ചയിനങ്ങള്‍ തണുത്തുപോയാല്‍ വീണ്ടും ചൂടാക്കി കഴിക്കരുത്.
പുളിയും മധുരവും കലര്‍ത്തി തയ്യാറാക്കിയ പാനീയങ്ങള്‍ പതിവായി കുടിക്കരുത്.
കഠിന ഉഷ്ണദ്രവ്യങ്ങളായ മദ്യം, വിനാഗിരി, ഉപ്പ്, കുരുമുളക്, കടുക്, വെളുത്തുള്ളി, മാംസം എന്നിവ വേനല്‍ക്കാലത്ത് അധികതോതില്‍ ഉപയോഗിക്കരുത്. മാങ്ങ, ജീരകം, ഇഞ്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ലഘുവായ അളവിലാകാം. ഇവയെല്ലാം ശീത ഋതുക്കളില്‍
കഴിക്കാം.
നേന്ത്രപ്പഴം, കൈതച്ചക്ക, പപ്പായ എന്നിവയില്‍ കാന്‍സര്‍വിരുദ്ധഘടകമായ Bromelain അടങ്ങിയിട്ടുണ്ട്. കൈതച്ചക്കയിലെ മാംസ്യാംശം ചില ആളുകളില്‍ കാന്‍സറിന് കാരണമാക്കുന്നതായി സംശയിച്ചിട്ടുണ്ട്. കൈതച്ചക്ക, ചക്ക, കൂണ്‍, ഉഴുന്ന്, നാരങ്ങ, തക്കാളി എന്നിവ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്ത് കഴിക്കരുത്.
അവനവനിലുള്ള ധാതുക്കളെ പരസ്പരം കലഹിക്കാന്‍ (Auto immune disorder) പ്രേരിപ്പിക്കുന്ന വിരുദ്ധയിനം ആഹാരങ്ങള്‍ കഴിക്കരുത്.
വിരുദ്ധാഹാരം പാചകം ചെയ്ത് വിളമ്പുന്നതും വിരുദ്ധാഹാരം കഴിക്കുന്നതും, വിശക്കാതെ ഉണ്ണുന്നതും, വിശന്നിട്ട് ഉണ്ണാത്തതും പാപമായി കണക്കാക്കിയിട്ടുണ്ട്.
ആഹാരയിനങ്ങള്‍
|
വിരുദ്ധപദാര്‍ത്ഥങ്ങള്‍
|
ഇറച്ചി
|
തേന്‍,
പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം, എള്ള്, ശര്‍ക്കര.
|
പാല്‍
|
തൈര്, മത്സ്യം, മാംസം, തേന്‍, മുരിങ്ങ, മാങ്ങ, നേന്ത്രപ്പഴം, ചക്ക, തേങ്ങ, മാതളം, നെല്ലിക്ക, ബീന്‍സ്, ഉഴുന്ന്, കൂണ്‍, മുളപ്പിച്ച ധാന്യം, മൈദ, വൈന്‍, മുളക്,
അമ്ലങ്ങള്‍, പുളി, ഉപ്പ്. |
തൈര്
|
നേന്ത്രപ്പഴം.
|
മോര്
|
മുതിര,
കോഴി.
|
തേന്‍
|
പാല്‍,
ചൂടോടെയുള്ള ആഹാരങ്ങള്‍, എണ്ണ.
|
പോത്തിറച്ചി
|
കോഴി,
ഉഴുന്ന്, പപ്പടം, ശര്‍ക്കര.
|
മത്സ്യം
|
പാല്‍,
തേന്‍.
|
ആട്ടിറച്ചി
|
തേന്‍,
പാല്‍, മത്സ്യം, ഉഴുന്ന്, എള്ള്.
|
നെയ്യ്
|
ജലം.
|
വെണ്ണ
|
ചേമ്പ്.
|
കോഴി
|
തൈര്,
മോര്.
|
കൂണ്‍
|
ചെമ്മീന്‍,
നെയ്യ്, മത്സ്യം, മാംസം.
|
കൈതച്ചക്ക
|
ഉഴുന്ന്,
ശര്‍ക്കര, തേന്‍.
|
ഗോതമ്പ്
|
എള്ള്,
ഉലുവ.
|
ചക്ക
|
മാങ്ങ.
|
പഞ്ചസാര
|
മത്സ്യം.
|
നേന്ത്രപ്പഴം
|
പാല്‍,
ഉഴുന്ന്, തൈര്.
|
ഈന്തപ്പഴം
|
നേന്ത്രപ്പഴം.
|
ശര്‍ക്കര
|
മുള്ളങ്കി.
|
എള്ള്
|
ചീര.
|
കടുക്
|
മാംസം.
|
മദ്യം
|
ചൂടുള്ള
ജലം, പാല്‍ കലര്‍ത്തിയ ചായ.
|
എരിവ്
|
പാല്‍.
|
വാര്‍ദ്ധക്യത്തില്‍ രസായനഗുണമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തേങ്ങാപ്പാല്‍, പശുവിന്‍പ്പാല്‍, ശര്‍ക്കര, കദളിപ്പഴം, ഈന്തപ്പഴം, നിലപ്പനകിഴങ്ങ് (മുസലി), നിലംപരണ്ട, ചേര്‍ച്ചയുള്ള ആഹാരയിനങ്ങള്‍ എന്നിവ രസായനഗുണമുള്ളവയാണ്.
ചേര്‍ച്ചയുള്ള ആഹാര പദാര്‍ത്ഥങ്ങള്‍
ചോറ്
|
ഇഞ്ചി.
|
പയര്‍
|
മുളക്.
|
നാരങ്ങ
|
ശര്‍ക്കര.
|
തൈര്
|
നെല്ലിക്ക.
|
ആഹാരത്തെ നിന്ദിക്കരുത്. കഴിക്കുന്ന അന്നത്തെയും കഴിക്കാനുള്ള അന്നത്തെയും വന്ദിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍പും ശേഷവും നന്ദി പ്രാര്‍ത്ഥന ചൊല്ലണം. കൃഷിചെയ്തവരോട്, ആഹാരം അനുവദിച്ചവരോട്, പാചകം ചെയ്തവരോട്, വിളമ്പിയവരോട് എല്ലാം നന്ദി സൂചകമായി പറയുന്ന വാക്കുകളും രസായനഫലം നല്‍കും.
ആഹാരം എങ്ങിനെയാണോ അങ്ങിനെയായിരിക്കും ഒരാളുടെ ശരീരം. മനോശേഷികള്‍ രൂപപ്പെടുന്നതിലും കഴിക്കുന്ന ആഹാരം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തില്‍ മാത്രമല്ല രോഗശമനത്തിലും ആഹാര മര്യാദകള്‍ക്കായിരുന്നു പൌരാണികര്‍ മുഖ്യപരിഗണന നല്‍കിയിരുന്നത്. “ആഹാരമാണ് ഔഷധം” (Let food be thy medicine and medicine be thy food) എന്ന ഹിപ്പോക്രാറ്റസ് (ബി.സി 460- 370) വചനങ്ങള്‍ ഇക്കാലത്തും പ്രസക്തമാണ്.
No comments:
Post a Comment