Tuesday 31 March 2020

വ്യായാമദര്‍ശനം. 14. കാദര്‍ കൊച്ചി.

ദേഹലാഘവത്വം മെച്ചപ്പെടുത്താന്‍ ദിനചര്യയുടെ ഭാഗമായി ചെയ്യുന്ന അഭ്യാസങ്ങളാണ് വ്യായാമം. നടത്തം, ഓട്ടം, സൈക്ലിങ്ങ്, ജിംനേഷ്യം, കായികവിനോദങ്ങള്‍‍, ഹഠയോഗയിലെ പരിശീലനങ്ങള്‍ തുടങ്ങിയവയെല്ലാം വ്യായാമത്തില്‍ ഉള്‍പ്പെടും.

നിത്യവും പത്ത് മിനുട്ട് മുതല്‍ അറുപത് മിനുട്ടുവരെ നേരം വ്യായാമത്തില്‍ ഏര്‍പ്പെടാം. കഫപ്രകൃതിക്കാര്‍ക്ക് ചര്‍മ്മത്തില്‍ വെളിച്ചെണ്ണ പുരട്ടിയശേഷം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഗുണകരം. പേശികള്‍ നീട്ടിയും വലിച്ചും, സന്ധികള്‍ നിവര്‍ത്തിയും മടക്കിയും ഉള്ള വ്യായാമങ്ങള്‍ എല്ലാവിഭാഗം ആളുകള്‍ക്കും ഉതകും.

ദേഹം ഇളക്കിയുള്ള വ്യായാമങ്ങള്‍ പ്രത്യേകിച്ച് കൈകാലുകള്‍ ചലിപ്പിച്ചുകൊണ്ടുള്ള വ്യായാമമുറകള്‍, നട്ടെല്ല് ഭാഗത്തിലൂടെയുള്ള തിരുമ്മല്‍ എന്നിവ സിരകളിലൂടെയുള്ള രക്തസഞ്ചാരത്തെ ത്വരിതപ്പെടുത്തും. ഗാന്ധിജി നട്ടെല്ല് ഭാഗം ഉഴിഞ്ഞിരുന്നു. ദേഹം മുഴുവന്‍ ഉരസിയുള്ള തിരുമ്മലും വ്യായാമത്തിന്‍റെ ഫലം നല്‍കും. തിരുമ്മുമ്പോള്‍ കാല്‍പാദം മുതല്‍ നാഭി വരെയും കൈ മുതല്‍ തല വരെയും തുടര്‍ന്ന് ഹൃദയദിശയിലും തടവണം. വലതുകൈയ്യില്‍ നിന്ന് തുടങ്ങി ഇടതുകൈവെള്ള വരെ തിരുമ്മണം. ചര്‍മ്മത്തില്‍ എണ്ണ പുരട്ടി ഉരസി തിരുമ്മിയാല്‍ ലൈംഗിക ഹോര്‍മോണ്‍ തോത് വര്‍ദ്ധിക്കും. ശുക്ലം ശുദ്ധമാകും.

ശരീരത്തില്‍ ക്ഷീണിതമായ ഉഷ്ണവായുക്കള്‍ മേലോട്ടും ഇടത്തെ ദിശയിലും, ബലമുള്ള ശീതവായുക്കള്‍ കീഴോട്ട് വലത് ദിശയിലും സഞ്ചരിക്കുന്നു എന്നൊരു സങ്കല്‍പ്പം ഉണ്ട്. ക്ഷീണിതമായ ശക്തികള്‍ സഞ്ചരിക്കുന്ന ദിശയില്‍ ആദ്യം ഉഴിയണം. തുടര്‍ന്ന് വിപരീതദിശയില്‍ ഉഴിയണം. വ്യായാമം മൂലവും തിരുമ്മല്‍ മൂലവും സ്ഥൂലവും സൂക്ഷ്മവും ആയ അഴുക്കുകള്‍ പുറത്തോട്ട് നീങ്ങി ശുദ്ധി കൈവന്നാല്‍ ബ്രഹ്മചൈതന്യം മൂക്കിലൂടെയോ അല്ലെങ്കില്‍ ചര്‍മ്മം വഴിയോ നട്ടെല്ലിന് സമീപം ഉടനീളത്തിലുള്ള മുപ്പത്തിയൊന്ന് ജോഡി നാഡികേന്ദ്രങ്ങള്‍ വഴിയോ,  ശരീരത്തിലെ ഏഴ് ചക്രങ്ങള്‍ വഴിയോ, കൈവെള്ളയിലെ പ്രത്യേക കേന്ദ്രങ്ങള്‍ വഴിയോ ശരീരത്തില്‍ പ്രവേശിക്കും എന്നൊരു വിശ്വാസവും നിലവിലുണ്ട്.

ഉള്ളംകാല്‍, ഉള്ളംകൈ എന്നിവയിലെ വിവിധ സ്ഥാനങ്ങളില്‍‍ നിരവധി തവണ അമര്‍ത്തുന്നത് അതാത് വശത്തെ ഹോര്‍മോണ്‍ ഗ്രന്ഥികള്‍, അവയവങ്ങള്‍ എന്നിവ ഉത്തേജിതമാകാന്‍ സഹായിക്കും. ശ്വസനാവയവങ്ങള്‍, വൃക്കകള്‍ എന്നിവ സജീവമാകുന്നതിന് രണ്ട് ഉള്ളംകാലിന്‍റെയും, ഉള്ളംകൈയ്യുടേയും മദ്ധ്യഭാഗങ്ങളില്‍ ഉരസണം.

മനുഷ്യന്‍ വായുജീവിയാണ്. മനുഷ്യനെ വെള്ളത്തില്‍ അധികനേരം മുക്കിപിടിച്ചാല്‍ ചത്തുപോകും. മനുഷ്യന്‍ ആദ്യം അഭ്യസിക്കേണ്ടത് കുറഞ്ഞ നിരക്കില്‍ ശ്വസിക്കാനും കുറഞ്ഞ തോതിലുള്ള സാരാംഗ്നികള്‍, പ്രാണവായു എന്നിവ കൊണ്ട് ശരീരധര്‍മ്മം നിര്‍വ്വഹിക്കാനും ഉതകുന്ന വിദ്യകളാണ്.

മനുഷ്യനിലുള്ള ഒരു ജോഡി ശ്വസനാവയവത്തില്‍ ഏകദേശം അന്‍പത് കോടിയില്‍ അധികം വായു അറകളുണ്ട്. ശ്വാസകോശങ്ങളുടെ ആകെ പ്രതല വിസ്തീര്‍ണ്ണം ഏകദേശം 75m2 വരെ ആണ്. മരം കമഴ്ത്തിവെച്ച പോലെ ഇരുപത്തിമൂന്ന് ശാഖോപശാഖകള്‍ ആയി, തട്ടുതട്ടുകള്‍ എന്നപോലെയാണ് ശ്വസനചാലുകള്‍ വിന്യസിച്ചിരിക്കുന്നത്. ശരീരം ഒരു മിനുട്ട് പ്രവര്‍ത്തിക്കുന്നതിന് ഏകദേശം ഇരുന്നൂറ്റി അന്‍പത് മില്ലിയോളം ഓക്സിജന്‍ ആവശ്യമുണ്ട്. 

നിശ്വസിക്കുമ്പോള്‍ പരമാവധി അളവ് കാര്‍ബണ്‍ ഡയോക്‌സയിഡിനെ പുറത്തുകളയാനും ശ്വസിക്കുമ്പോള്‍ അന്തരീക്ഷവായു പരമാവധി അളവില്‍ അറകളില്‍ നിറയാനും കഴിഞ്ഞാല്‍ രക്തം കൂടുതല്‍ ശുദ്ധമാകും. ഇന്‍സുലിന്‍ പോലുള്ള ഉപാപചയ സാരാംഗ്നികളുടെ തോത് മിച്ചമായി കിട്ടും. വായുഅറകോശങ്ങള്‍ നശിക്കാതെയും ശ്വസനചാലുകള്‍ ചുരുങ്ങാതെയും സുസജ്ജമായി നിലകൊള്ളാന്‍ ജാഗ്രത പുലര്‍ത്തണം. അതിന്നായി വായുമലിനീകരണം ഒഴിവാക്കണം. ശ്വസന ആയാമം പരിശീലിക്കണം. ശ്വസനാവയവങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന ദ്രവ്യങ്ങള്‍ ഏതെല്ലാമാണ് എന്ന് അന്വേഷിച്ച് അറിഞ്ഞ് അവയെ ഉപയോഗപ്പെടുത്തണം.

ചുണ്ടിലൂടെ സാവധാനത്തില്‍ വായുവിനെ പുറത്തോട്ട് ഊതി പത്ത് സെക്കന്‍റ്‌ നേരം നിശ്വസിക്കുക. തുടര്‍ന്ന് അഞ്ച് സെക്കന്‍റ്‌ നേരം മൂക്കിലൂടെ വേഗത്തില്‍ ശ്വസിക്കണം. ശ്വസിച്ച് എടുത്ത വായുവിനെ നെഞ്ചില്‍ പത്ത് സെക്കന്‍റ് നേരം ഉള്‍കൊള്ളണം. തുടര്‍ന്ന് മൂക്കിലൂടെ സാധാരണ നിലയില്‍ നിശ്വസിക്കണം. ഈ ക്രമത്തില്‍ അഞ്ച് മിനുട്ടുനേരം വരെ ശ്വസനവ്യായാമം ചെയ്യണം. ഇതുമൂലം ശ്വസനനിരക്ക് കുറയും.

ആളുകളില്‍ ചിലര്‍ ഉഷ്ണവീര്യക്കാരാണ്. ഉഷ്ണദേഹപ്രകൃതിക്കാര്‍ മൂക്കിന്‍റെ വലതുദ്വാരം തുറയേണ്ട രീതിയിലും ശീതദേഹപ്രകൃതിക്കാര്‍ ഇടതുദ്വാരം കൂടുതലായി തുറയേണ്ട രീതിയിലും ശ്വസനവ്യായാമം കുറച്ചുനാള്‍ ചെയ്യണം. രണ്ട് ദ്വാരവും തുറന്ന് സാമാന്യനിലയില്‍ എത്താന്‍ മൂന്നു മാസം വരെ  പരിശീലിക്കേണ്ടതായി വരും. വലത് നാസികാദ്വാരത്തിലൂടെ വായു അധികമായി ശ്വസിക്കാന്‍ ഇടവന്നാല്‍ കഴുത്തിന് താഴെയുള്ള അവയവങ്ങളുടെ ആരോഗ്യനിലവാരം വര്‍ദ്ധിക്കും. അവിടങ്ങളില്‍ സ്വസ്ഥത അനുഭവപ്പെട്ട് കിട്ടും. ഇടത് നാസികാദ്വാരം തുറന്നാല്‍ കഴുത്ത്, ശിരസ്സ് ഭാഗങ്ങള്‍ക്ക് അയവ് അനുഭവപ്പെട്ട് കിട്ടും. മനസ്സില്‍ സംഘര്‍ഷം കുറയും. മൂക്കിന്‍റെ രണ്ട് ദ്വാരവും തുറന്നാല്‍ ശബ്ദം മെച്ചപ്പെടും. മൂക്ക് അടഞ്ഞാല്‍, ശ്വാസം വിടാന്‍ ബലം അധികം പ്രയോഗിക്കേണ്ടതായി വന്നാല്‍, വായില്‍‍‍ വ്രണങ്ങള്‍ രൂപപ്പെടും.

അന്തരീക്ഷത്തില്‍ മര്‍ദ്ദം കൂടിയാലും ശരീരത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡ്‌ തോത് കൂടിയാലും ദേഹത്തില്‍ താപം ഉയരും. ശ്വസനനിരക്ക് കൂടും. അശുദ്ധവായു പുറത്തുപോകാതെ വന്നാല്‍ ചുമ അനുഭവപ്പെടും. ഉഷ്ണം മൂലം കഫം ഉരുകി ശ്വാസനാളിയില്‍ തടസ്സപ്പെട്ടാലും ചുമ അനുഭവപ്പെടും.

അന്തരീക്ഷമര്‍ദ്ദം കുറഞ്ഞാല്‍ അകത്തെ വായു അധികമായി പുറത്ത് പോകും. നാഡീവ്യൂഹത്തില്‍ തകരാറ് ഉള്ളവര്‍ ആണെങ്കില്‍ ഈ ഘട്ടത്തില്‍ വായു കിട്ടാതെ പ്രയാസപ്പെടും. ശുദ്ധവായുവിന്‍റെ അപര്യാപ്തത ദീര്‍ഘിച്ചാല്‍ ദേഹത്തിലുള്ള കഫം ദുഷിക്കും. കഫമലത്തിന്‍റെ തോത് വര്‍ദ്ധിക്കും.

ശ്വാസകോശപ്രയാസങ്ങളുടെ തോത് ഇപ്പോള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സൂക്ഷ്മജീവികള്‍, അമ്ലത എന്നിവ കൂടാതെ ആര്‍സെനിക്, കരി, നൈട്രേറ്റ് എന്നിവ ഉള്‍പ്പെട്ട മലിനീകരണവും ഇതിന് കാരണമാകുന്നുണ്ട്. ശ്വാസനാളിയിലെ കരിയും മറ്റും ശുദ്ധിയാക്കാന്‍ വെളുത്തുള്ളി, കറിയുപ്പ് എന്നിവയെ ഔഷധമായി പ്രയോജനപ്പെടുത്തണം.

ചുമ, ദാഹം എന്നിവ അധികം അനുഭവപ്പെടുമ്പോഴും ആഹാരം കഴിച്ച ഉടനെയും വ്യായാമം പാടില്ല. കോപം വര്‍ദ്ധിച്ചിരിക്കുന്ന ഘട്ടത്തിലും വ്യായാമം ചെയ്യരുത്. മെലിഞ്ഞവര്‍, വൃദ്ധര്‍, കുട്ടികള്‍, പ്രാസംഗികര്‍‍, വിശന്നിരിക്കുന്നവര്‍ എല്ലാം വ്യായാമം ഒഴിവാക്കണം. രക്തത്തില്‍ ഗ്ലൂക്കോസ് തോത് സ്ഥിരമായി കുറഞ്ഞവരും ഇന്‍സുലിന്‍ പലതവണയായി കുത്തിവെക്കുന്നവരും രക്തപഞ്ചസാര മൂത്രത്തിലൂടെ അധികഅളവില്‍ നഷ്ടപ്പെടുന്നവരും കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുരുത്.

വാര്‍ദ്ധക്യം ക്ഷയകാലമാണ്. ഈ ഘട്ടത്തില്‍ ഓരോ കര്‍മ്മവും പ്രയോജനം ഉള്ളതാക്കണം. സന്ധികളിലെ ചലനം സുഗമമാക്കുന്ന വ്യായാമങ്ങള്‍ ആഴ്ചയില്‍ നാലുതവണ എന്ന തോതിലെങ്കിലും ചെയ്യണം. റോഡിലൂടെ നിത്യവും വെറുതെ ദീര്‍ഘദൂരം ഓടിയാല്‍ ഊര്‍ജ്ജം വെറുതെ നഷ്ടമാകും. നശിക്കാന്‍ വേണ്ടിയാണ് എന്ന ബോധം കോശങ്ങളില്‍‍ എത്തും. തുടര്‍ന്ന് കോശങ്ങള്‍ വേഗത്തില്‍ നശിക്കാന്‍ തുടങ്ങും. വാര്‍ദ്ധക്യഭവിഷത്തുകള്‍ വേഗത്തില്‍ ആകും.

വാര്‍ദ്ധക്യമായാല്‍ സാരാംഗ്നികളുടെ ക്ഷയം മൂലം ലാക്റ്റിക് അമ്ലത്തെ തിരികെ ഉപയോഗപ്പെടുത്താനുള്ള ശേഷി കുറയും. ഇതുമൂലം അമ്ലത വര്‍ദ്ധിക്കും. രക്തത്തിലെ ക്ഷാരനില കുറയും. ഇത്തരം ഘട്ടങ്ങളില്‍ ജലം ധാരാളം കുടിക്കണം. വ്യായാമം കുറയ്ക്കണം.

ദേഹവ്യായാമങ്ങളില്‍ എന്ന പോലെ മനോവ്യായാമങ്ങളിലും മുഴുകണം. മനോമലങ്ങളെ കളയുന്നതിനായി സഹനം ശീലിക്കണം. ത്യാഗം അനുഷ്ഠിക്കണം. പരോപകാരകര്‍മ്മങ്ങള്‍ ചെയ്യണം. അപരാധങ്ങള്‍ ചെയ്തുപോയാല്‍ താമസിയാതെ തന്നെ പ്രായശ്ചിത്തം ചെയ്യണം. അനുഭവത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍ക്കാന്‍ ശ്രമിക്കണം. ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകളും തൊഴിലില്‍ നിത്യവും അനുഷ്ഠിക്കേണ്ടതായ സൂത്രവാക്യങ്ങളും എഴുതി വെച്ച് അത് ആവര്‍ത്തിച്ച് വായിച്ചും ഉരുവിട്ടും ഓര്‍മ്മ പുതുക്കണം. ആവശ്യമില്ലാത്ത വിഷയങ്ങളേയും അവയുടെ പ്രയോക്താക്കളേയും അവഗണിക്കാന്‍ വേണ്ട സിദ്ധി നേടണം. ഇതുമൂലം മാനസികസംഘര്‍ഷം, വിഷാദം എന്നിവ കുറച്ചൊക്കെ കുറയും. അയവ്, ശ്രദ്ധ, ചിന്താശേഷി, ഇച്ഛാശക്തി എന്നിവ വര്‍ദ്ധിക്കും. സംതൃപ്തി അനുഭവപ്പെട്ടുകിട്ടും.


വ്യായാമം നല്‍കുന്ന പ്രയോജനങ്ങള്‍

ഉപാപചയം സജീവമാകുന്നു. പേശികളില്‍ രൂപംകൊള്ളുന്ന ലാക്റ്റിക് അമ്ലത്തില്‍ നിന്ന് കുറച്ച് അംശത്തെ ബാഹ്യപേശികളോടൊപ്പം ഹൃദയപേശികളും ഊര്‍ജ്ജമായി സ്വീകരിക്കുന്നുണ്ട്. മറ്റ് കൊഴുപ്പ് അമ്ലങ്ങളുടെ കൂടെ ഇത്തരം അമ്ലങ്ങളും കരളില്‍ എത്തിച്ചേരുമ്പോള്‍ കുറച്ച് അംശം ഗ്ലൂക്കോസായി പരിണമിക്കും. കുറച്ച് അംശം പരിണമിച്ച് കൊളസ്ട്രോള്‍ രൂപേണ പിത്തസഞ്ചി വഴിയും ചര്‍മ്മം വഴിയും പുറത്തുപോകും. കൊഴുപ്പ് അമ്ലങ്ങളെ പേശികള്‍ ഓക്സിജന്‍ സഹായത്താല്‍ ആഹാരമായി സ്വീകരിക്കുന്നത് പതിവാക്കുന്നത് മൂലം ഇന്‍സുലിന്‍ ഉപയോഗിച്ച് സ്വീകരിക്കേണ്ട ഗ്ലൂക്കോസിന്‍റെ ആവശ്യകത കുറയും. ഇതുമൂലം അന്നജാഹാരത്തിന്‍റെ ആവശ്യകത, കരളില്‍ വെച്ച് വിഘടിക്കേണ്ട ഗ്ലൈക്കൊജന്‍റെ തോത് എന്നിവ കുറയും. കൊഴുപ്പ് അമ്ലങ്ങളുടെ തോത് കുറയുന്നതിനാല്‍ കൊഴുപ്പിന്‍റെ സംഭരണ തോതും കുറയും. ഇന്‍സുലിന്‍റെ ആവശ്യകത, ഇന്‍സുലിന്‍ ഉത്തേജനം എന്നിവ കുറയുന്നതിനാല്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളുടെ അകാലത്തിലുള്ള ക്ഷയം കുറയുന്നു.

70 കിലോഗ്രാം ശരീരഭാരമുള്ള ഒരാളില്‍ ഏകദേശം 30 ലിറ്ററോളം ദ്രാവകാംശം ഉണ്ട്. പേശികള്‍ വലിച്ചും നീട്ടിയും നടത്തുന്ന വ്യായാമം ദ്രാവകങ്ങളുടെ സഞ്ചാരത്തെ സുഗമമാക്കും. ദേഹത്തിലെ ഓരോ ചാലുകളിലും നിശ്ചിത അളവില്‍ വായു നിലകൊണ്ടാല്‍ മാത്രമേ ദ്രാവകങ്ങള്‍ക്ക് അതാത് ചാലുകളിലൂടെ സുഗമമായി സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. ചാലുകളില്‍ തടസ്സം നേരിട്ടാല്‍ സമീപഭാഗങ്ങളില്‍ വേദന അനുഭവപ്പെടും. ശിരസ്സറകളില്‍ രൂപപ്പെട്ട അഴുക്കുകള്‍ കഴുത്തില്‍ അടിഞ്ഞുകൂടിയാല്‍ തലവേദന അനുഭവപ്പെടും. കഴുത്തില്‍ കഴലകളുടെ വലുപ്പം വര്‍ദ്ധിക്കും. കഴുത്തിലുള്ള അഴുക്കുകള്‍ സിരകളിലൂടെ യഥാവിധി പുറത്ത്പോകാനും കഴുത്തുഭാഗത്തെ കൊഴുപ്പുതോത് കുറയാനും കഴുത്ത്, കൈ എന്നിവ മുഖേനെ സംയുക്തമായി ചെയ്യുന്ന വ്യായാമങ്ങള്‍ സഹായിക്കും. ഇതുമൂലം ശ്വസനക്രിയകള്‍ സുഗമമാകും. ചുമല്‍ പേശികള്‍ക്ക് ലാഘവത്വം ലഭിക്കും.

പേശികളിലോട്ടുള്ള രക്തസഞ്ചാരം വര്‍ദ്ധിക്കുന്നതിനാല്‍ പേശികളുടെ ബലം വര്‍ദ്ധിക്കുന്നു.

ശ്വാസകോശധമനിയിലെ മര്‍ദ്ദം കുറയുമ്പോഴും ഹൃദയത്തില്‍ വലത് മേലറയിലെ മര്‍ദ്ദം കുറയുമ്പോഴും മഹാസിരകളിലെ രക്തസമ്മര്‍ദ്ദതോതും കുറയും. ഇതുമൂലം കൈകാലുകളിലെ സിരകളിലെ രക്തസമ്മര്‍ദ്ദതോത് കുറയുന്നു. സിരകളിലൂടെ തിരികെ ഒഴുകി എത്തുന്ന രക്തത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നതിനാല്‍ ഹൃദയത്തില്‍ നിന്ന് മസ്തിഷ്കത്തിലോട്ടും അന്നപഥത്തിലോട്ടും കൈകാലുകളിലോട്ടും ഉള്ള രക്തസഞ്ചാരം മെച്ചപ്പെടുന്നു. ഇതുമൂലം മനോബലം, ദഹനശക്തി, കായികശക്തി എന്നിവ വര്‍ദ്ധിക്കും.

അമ്ലങ്ങള്‍ മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നതുമൂലവും ദേഹദ്രാവകത്തിലെ അമ്ലത കുറയുന്നതുമൂലവും പേശികള്‍‍, ധമനികള്‍, ആശയങ്ങള്‍ എന്നിവയില്‍ വീക്കം രൂപംകൊള്ളുന്നത് കുറയുന്നു.

ശരീരത്തില്‍ ദുര്‍മേദസ്സ് രൂപംകൊള്ളുന്നതിനെ പ്രതിരോധിക്കുന്നു. 

ഉറക്കം, സന്തോഷം, സംതൃപ്തി എന്നിവ അനുഭവപ്പെട്ടുകിട്ടുന്നു.


No comments:

Post a Comment