Tuesday, 31 March 2020

യോഗദര്‍ശനം. 26. Kader Kochi.

ആദ്യകാലത്തുള്ള മനുഷ്യന്‍റെ അവസ്ഥ സങ്കല്‍പ്പിക്കുകയാണെങ്കില്‍ അത് ആഹാരം തേടിയുള്ള ജന്തുമൃഗാദികളില്‍ നിന്ന് ഏറെ വിഭിന്നം ഒന്നും ആകാന്‍ ഇടയില്ല. മൃഗങ്ങളാലോ മനുഷ്യരാലോ ആക്രമിക്കപ്പെടുന്നതോ ആഹരിക്കപ്പെടുന്നതോ ആയ അവസ്ഥ സര്‍വ്വസാധാരണമായിരുന്നിരിക്കണം. നിരവധി പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നപ്പോള്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കാനും കൂട്ടംകൂടി ജീവിക്കാനും കുടുംബമായി ജീവിക്കാനും അവര്‍ നിര്‍ബ്ബന്ധിതരായി.

ജീവിതത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം ആനന്ദമാണ് എന്നും എല്ലാ ജീവജാലങ്ങളും ആനന്ദം കാംക്ഷിക്കുന്നുണ്ട് എന്നും മനുഷ്യന്‍ സാവധാനത്തില്‍ തിരിച്ചറിഞ്ഞു. സമൂഹമായി ജീവിക്കേണ്ടതായി വന്നപ്പോള്‍ ഉടലെടുത്ത വിവിധ പ്രശ്നങ്ങളെ നേരിടുന്നതിനും രോഗങ്ങളെ പരിഹരിക്കുന്നതിനും സുഖവും സംതൃപ്തിയും അനുഭവിക്കുന്നതിനും അകാലത്തിലുള്ള മരണത്തെ പ്രതിരോധിക്കുന്നതിനും ചില സൂത്രവാക്യങ്ങള്‍ കണ്ടെത്തണമെന്നും, അവ അന്വേഷണം, വിവരശേഖരണം, പരീക്ഷണം, അനുഭവം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ വേണം രൂപപ്പെടുത്തേണ്ടത് എന്നും, അവ ഭൂരിപക്ഷം പേര്‍ക്കും പ്രയോജനകരവും വഴികാട്ടിയും ആകണമെന്നും പൂര്‍വ്വികര്‍ മനസ്സിലാക്കി. അതനുസരിച്ച് അവര്‍ പ്രപഞ്ചത്തെയും കാലത്തെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കൂടുതല്‍ നിരീക്ഷിക്കാനും പഠിക്കാനും തയ്യാറായി.

പ്രപഞ്ചോല്‍പത്തി സംബന്ധിച്ചും പ്രപഞ്ചഘടന സംബന്ധിച്ചും പൂര്‍വ്വികര്‍ വിവിധതരം അനുമാനങ്ങള്‍ ഉണ്ടാക്കി നോക്കി. ആദ്യവും അന്ത്യവും ഇല്ലാത്ത ഒന്നായി, കാലത്തിന് അതീതമായി നിലകൊള്ളുന്ന ഒന്നായി അവര്‍ പ്രകൃതിയെ സങ്കല്‍പ്പിച്ചു. പ്രകൃതിയുടെ സൃഷ്ടാവ് എന്ന സ്ഥാനം ചിലര്‍ പരാശക്തിക്ക് നല്‍കി.

ആദ്യഘട്ടത്തില്‍ പരാശക്തിയില്‍ നിന്ന് പരാശക്തിയംശവും ബ്രഹ്മാംശവും രൂപംകൊണ്ടു. ബ്രഹ്മാംശത്തില്‍ നിന്ന് സൂക്ഷ്മദ്രവ്യവും അത് പരിണമിച്ച് ചേതനയും സ്ഥൂലദ്രവ്യവും ബ്രഹ്മവും ഉണ്ടായി. ചേതന പരിണമിച്ചപ്പോള്‍ സൂക്ഷ്മചേതനകളും സ്ഥൂലചേതനകളും തിരികെ സൂക്ഷ്മദ്രവ്യങ്ങളും ഉടലെടുത്തു. പരാശക്തിയുടെ ഗുണമായ വിശ്വബോധത്തില്‍ നിന്ന് ബ്രഹ്മബോധം രൂപപ്പെട്ടു. ബ്രഹ്മബോധത്തിന്‍റെയും ചേതനയുടെയും ക്ഷേത്രമായി ഭൂതത്തെ കണക്കാക്കി. ഓരോ ഭൂതത്തിലും വിത്യസ്ത അളവില്‍ ബ്രഹ്മബോധവും ചേതനയും ഒളിഞ്ഞിരിപ്പുണ്ട്. ഭൂതത്തിന്‍റെയും ചേതനയുടെയും സ്ഥൂല ഉല്‍പന്നമാണ് ദൃശ്യപ്രപഞ്ചം. പ്രപഞ്ചത്തേയും അതിന് പുറത്ത് ഉള്ളതിനെയും കൂട്ടി മൊത്തത്തില്‍ പൂര്‍വ്വികര്‍ മഹാബ്രഹ്മം എന്ന് വിളിച്ചു.

ചേതനയും ബ്രഹ്മബോധവും സൂക്ഷ്മഭൂതവും പരസ്പരം ചേര്‍ന്നപ്പോള്‍‍‍‍, അത്തരം മാറ്റങ്ങള്‍ തുടര്‍ന്ന് വന്നപ്പോള്‍ ശബ്ദം, വായു, വൈദ്യുതി, പ്രകാശം, താപം, ജലം ക്രമത്തില്‍ മൂലകപദാര്‍ത്ഥങ്ങളും മനസ്സ്, ബുദ്ധി, ജീവശക്തി തുടങ്ങിയ പദാര്‍ത്ഥരഹിത ഏകകങ്ങളും ഉണ്ടായി. ശബ്ദം, വൈദ്യുതി എന്നിവയില്‍ നിന്ന് തരംഗങ്ങളും പ്രകാശത്തില്‍ നിന്ന് കണങ്ങളും ഉടലെടുത്തു. മൂലകങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ സ്ഥൂലപദാര്‍ത്ഥങ്ങളും സംയുക്തങ്ങളും ഉണ്ടായി. ഇവ പരസ്പരം വീണ്ടും സംയോജിച്ചപ്പോള്‍ രൂപങ്ങള്‍ ഉണ്ടായി. ചേതനയും പദാര്‍ത്ഥങ്ങളും പദാര്‍ത്ഥരഹിത ഘടകങ്ങളും ചേര്‍ന്നപ്പോള്‍ ജീവജാലങ്ങള്‍ ഉടലെടുത്തു. ചേതനയില്‍ നിന്ന് അഹന്ത രൂപപ്പെട്ടു. ജീവജാലരൂപീകരണത്തില്‍ പരാശക്തിയുടെ പ്രത്യേക ഗുണങ്ങള്‍ (പരമാത്മബോധാംശം) കലര്‍ന്നപ്പോള്‍ മനുഷ്യവര്‍ഗ്ഗം പിറവിയെടുത്തു. ഏകദേശം അറുപതില്‍ താഴെ എണ്ണം മൂലകങ്ങളെ മനുഷ്യശരീരത്തില്‍ നിന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പരാശക്തിയുടെ ലഘുപതിപ്പായും പ്രപഞ്ചത്തിലെ ഉത്തമമായ ജീവിയായും മനുഷ്യനെ പൂര്‍വ്വികര്‍ കണക്കാക്കി.

പ്രപഞ്ചം അസത്ത് ആണ്. പ്രപഞ്ചവും പ്രപഞ്ചത്തിലെ ശക്തികളും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ആരംഭം, സ്ഥിതി എന്നീ അവസ്ഥകള്‍ കൂടാതെ വിഘടനം, കൂടിച്ചേരല്‍‍‍ എന്നിങ്ങിനെയുള്ള രണ്ടുതരം പ്രതിഭാസങ്ങള്‍ കൂടി പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിലെ ചില ഭാഗങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ചില ഭാഗങ്ങള്‍ രൂപംകൊണ്ടേയിരിക്കുന്നു. പ്രപഞ്ചത്തില്‍ എന്നപോലെ മഹാബ്രഹ്മത്തിലും ചില ഭാഗം സങ്കോചിക്കുമ്പോള്‍  മറ്റൊരു ഭാഗം വികസിക്കുന്നതായും അവര്‍ സങ്കല്‍പ്പിച്ചുനോക്കി.

കാലത്തിന്‍റെ ഗുണവും പരിണാമമാണ്. വേനല്‍, വര്‍ഷം, മഞ്ഞ് എന്നിവയ്ക്കെന്നപോലെ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ജീവശക്തി, അറിവ് തുടങ്ങിയവയ്ക്കും പരിണാമമുണ്ട്. അത് വളരെ സാവധാനത്തില്‍ സംഭവിക്കുന്നതോ വേഗത്തില്‍ ഉള്ളതോ ആകാം. കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ പഴയ നിലയില്‍ തന്നെയുള്ള പദാര്‍ത്ഥങ്ങളേയും നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന പദാര്‍ത്ഥങ്ങളേയും അത്തരത്തിലുള്ള അറിവുകളെയും ചുറ്റുനിന്നും ഒരേസമയം കണ്ടെത്താന്‍ കഴിയും.

സൂക്ഷ്മഭൂതസിദ്ധാന്തം ആദ്യം അവതരിപ്പിച്ചത് ഭാരതിയര്‍ ആയിരുന്നു. ഗ്രീക്കുകാര്‍ അവതരിപ്പിച്ച ഭൂതസിദ്ധാന്തത്തില്‍ ആദ്യം ആകാശഭൂതം ഉള്‍പ്പെട്ടിരുന്നില്ല. അരിസ്റ്റോട്ടില്‍ ആയിരുന്നു പിന്നീട് അത് കൂട്ടിച്ചേര്‍ത്തത്. സൂക്ഷ്മഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ക്രമത്തില്‍ പരിണമിക്കുകയും അവ കൂടിച്ചേരുകയും, അതില്‍ പ്രപഞ്ചശക്തികള്‍ ചേരുകയും ചെയ്താല്‍ പുതിയ ജീവന്‍ ഉദയംകൊള്ളും. സാഹചര്യം പ്രതികൂലമായാല്‍ ചേര്‍ച്ച നടക്കുകയില്ല.

ഹിതകരമായ കൂടിച്ചേരലില്‍ നിന്ന് ദ്രവ്യവും അറിവും, അതില്‍ നിന്ന് കര്‍മ്മവും കര്‍മ്മഫലവും ഉണ്ടാകും. ദ്രവ്യം, അറിവ്, കര്‍മ്മം, കാലം എന്നീ നാലു സംഗതികള്‍ കൊണ്ടാണ് മനുഷ്യജീവിതവും നിര്‍വ്വഹിക്കപ്പെടുന്നത്. പരിണമിക്കുന്ന ദ്രവ്യവും പരിണമിക്കുന്ന കാലവും പരിണമിക്കുന്ന അറിവും ഇന്ദ്രിയങ്ങളോട് ചേരുമ്പോള്‍ പരിണമിക്കും. മനുഷ്യജീവിതം എന്നത് പരിണാമത്തില്‍ അധിഷ്ടിതമായ സംഗതിയാണ്. സാഹചര്യം, അറിവ്, ശരീരം, കാലം എന്നിവ മാറിമാറി വരുമ്പോള്‍ അത് മനസ്സില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കും. മനസ്സില്‍ അനുഭവപ്പെടുന്ന സംഘര്‍ഷത്തിന് കാരണം ഇത്തരം പരിണാമമാണ്.

സുഖം, ശാന്തി, ആനന്ദം എന്നിവ അനുഭവിക്കുന്നതിന് സ്ഥിരത കൈവരിക്കണമെന്നും അതോടൊപ്പം, ഇന്ദ്രിയവിഷയങ്ങളുടെ മേല്‍ കുറച്ച് അധീശത്വം നേടേണ്ടതുണ്ട് എന്നും, അതിന് ചില മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ് എന്നും പൂര്‍വ്വികര്‍ തീരുമാനിച്ചു.

ജനിച്ചത് നശിക്കും. ബീജത്തില്‍ നിന്ന്, അണുവില്‍ നിന്ന് രൂപപ്പെട്ട് വളര്‍ന്നത്‌ ഒടുവില്‍ വിഘടിച്ച് അണുവാകും. മണ്ണില്‍ നിന്ന് ഉണ്ടായത് വിഘടിച്ച് മണ്ണില്‍ ലയിക്കും. മഹാബ്രഹ്മത്തില്‍ നിന്ന്, ആകാശഭൂതത്തില്‍ നിന്ന് ഉണ്ടായത് പരിണമിച്ച്, കൂടിച്ചേര്‍ന്ന്, വിഘടിച്ച് ഒടുവില്‍ ആകാശഭൂതമായി “മഴതുള്ളി മഹാസമുദ്രത്തില്‍ കലരുംപോലെ” ആകാശാലയത്തില്‍ കലര്‍ന്ന് മഹാബ്രഹ്മത്തില്‍ അവസാനിക്കും.

വിഘടനം ആനന്ദത്തെ നല്‍കുകയില്ല. ആനന്ദമുള്ളത് ഹിതത്തില്‍, അച്ചടക്കത്തില്‍, ഇണക്കത്തില്‍, സഹകരണത്തില്‍, സമ്മേളനത്തില്‍, സംയോഗത്തില്‍, സമര്‍പ്പണത്തില്‍ ആണ്. പ്രപഞ്ചവിഷയങ്ങള്‍, കര്‍മ്മങ്ങള്‍ എന്നിവ മനുഷ്യന് ഹിതവും സൌമ്യവും ആകുമ്പോള്‍ സുഖം അനുഭവപ്പെടും. അത്തരത്തില്‍ ആകാത്തത് കൊണ്ടാണ് സുഖം അനുഭവപ്പെടാതെപോകുന്നത്. സുഖം എന്നത് ശാന്തിയും സംതൃപ്തിയുമാണ്. മനസ്സിന്‍റെയും ദേഹത്തിന്‍റെയും അയവും വേദനയില്ലായ്മയും ആണ്.

ആരോഗ്യവും രോഗങ്ങളും നൈസര്‍ഗ്ഗികമാണ്. "ആരോഗ്യം ഒരുതരം, രോഗങ്ങള്‍ പലതരം" എന്നൊരു ചൊല്ല് തന്നെയുണ്ട്. രോഗങ്ങളുടെ പരിഹാരം മുഴുവനും നൈസര്‍ഗ്ഗികമല്ല. അത് അന്വേഷിച്ച് സംഘടിപ്പിക്കണം.

ദോഷങ്ങള്‍, അജ്ഞത, അവിവേകം, ആപത്ത്, അഹങ്കാരം; ജീവശക്തിയുടെയും മനസ്സിന്‍റെയും ശരീരത്തിന്‍റെയും സാഹചര്യങ്ങളോടുള്ള തെറ്റായ പ്രതികരണം എന്നിവ നിമിത്തം ആരോഗ്യഘടകങ്ങള്‍ ക്രമരഹിതമാകും. അതുവഴിരോഗങ്ങള്‍ പിടിപെടും. സുഖം അനുഭവപ്പെടുന്നത് ഇല്ലാതാകും.

ജീവശക്തി വിഘടിക്കുന്നതും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നതുമാണ് പൂര്‍വ്വികരുടെ കാഴ്ചപ്പാടില്‍ മരണം. ജീവശക്തിയുടെ നാശത്തോട് കൂടി അതിനോടൊപ്പം നിലകൊണ്ടിരുന്ന ആന്തരികമനസ്സ് ഇല്ലാതാകും. തുടര്‍ന്ന് ബാഹ്യമനസ്സും ഇന്ദ്രിയങ്ങളും ശരീരവും നശിക്കും. മനസ്സ് നശിക്കാതിരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ജീവശക്തിയെ പ്രത്യേകമായി സംരക്ഷിക്കണം. പരിണാമവും നാശവും വിത്യസ്തമായ പ്രതിഭാസങ്ങളാണ്. 

ആനന്ദം അന്വേഷിക്കുന്നതും അതിന്നായി പരിശ്രമിക്കുന്നതും അത് അനുഭവിക്കുന്നതും ജീവശക്തി അല്ല. അഹന്തയും അല്ല. ആത്മാവും അല്ല. ആത്മാവിന് അതിന്‍റെ ആവശ്യവുമില്ല. ആനന്ദത്തെ അന്വേഷിക്കുന്നതും അനുഭവിക്കുന്നതും മനസ്സാണ്. മനസ്സിനെ നിയന്ത്രിക്കാനായാല്‍ ആഗ്രഹങ്ങളെയും നന്ദാന്വേഷണത്തേയും ജീവശക്തിയെയും അഹന്തയെയും നിയന്ത്രിക്കാനാകും എന്നും പൂര്‍വ്വികര്‍ ചിന്തിച്ചു.

ജീവശക്തിയുടെ വിഘടനത്തെ തുടര്‍ന്ന് പരാശക്തിയുടെ അംശമായ ആത്മബോധം മഹാബ്രഹ്മത്തില്‍ ലയിക്കും. സല്‍കര്‍മ്മം കൊണ്ട് ആന്തരികമനസ്സിന് അമരത്വം നേടാനായാല്‍, ജീവശക്തിയുടെ വിഘടനഘട്ടത്തില്‍ അത് ആത്മാവിനോടൊപ്പം ചേര്‍ന്ന് പരലോകം ലക്ഷ്യംവെച്ച് സഞ്ചരിക്കും. അല്ലെങ്കില്‍ സ്വതന്ത്രമായി  പ്രപഞ്ചത്തില്‍ തന്നെ നിലകൊള്ളുകയോ ചെയ്യും എന്നും മറ്റും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു.

ജീവിതകാലത്തിന്‍റെ ആരംഭത്തില്‍ തന്നെ അറിവ് നേടി, അഹങ്കാരം പോലുള്ള മനോമലങ്ങളെ ശോധിപ്പിച്ച് ശുദ്ധിവരുത്തി മനോവിഷയങ്ങളില്‍ സ്ഥിരത നേടാനായാല്‍, നാഡീവ്യൂഹാരോഗ്യവും ശരീരാരോഗ്യവും സംരക്ഷിച്ച് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിച്ച് അറിവിനെയും ശക്തിയെയും ഇരട്ടിപ്പിക്കാനായാല്‍, സ്ഥിരതയുള്ള പരിണാമമില്ലാത്ത പരാശക്തി അംശവുമായി ചേര്‍ന്ന് ദീര്‍ഘകാലം നിലകൊള്ളാന്‍ ഇടവരുത്തിയാല്‍, പരമാനന്ദം നേടാനാകുമെന്ന് പൂര്‍വ്വികര്‍ മനക്കണക്ക് കൂട്ടി. മനസ്സിനെന്ന പോലെ ശരീരത്തിനും അമരത്വം നേടാനായി അവര്‍ പഞ്ചലോഹങ്ങള്‍ മുതല്‍ മെര്‍ക്കുറി വരെയുള്ള ദ്രവ്യങ്ങളെ സംസ്ക്കരിച്ച് ഉപയോഗിച്ചുനോക്കി.

അവനവനെ തന്നെ സംരക്ഷിക്കുന്നതിനേയും ദയ, സ്നേഹം, സമത്വം, ഇണക്കം, വാത്സല്യം തുടങ്ങിയ മാനവികതയില്‍ ഊന്നിയ കര്‍മ്മങ്ങളില്‍ മുഴുകുന്നതിനേയും പൂര്‍വ്വികര്‍ ധര്‍മ്മം എന്നാണ്  വിളിച്ചത്. ആരോഗ്യം, വായു, ജലം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, രോഗപരിഹാരം, സ്നേഹം, സമാധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കേണ്ടത്, അവയില്‍ സ്വയംപര്യാപ്ത കൈവരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് എന്നും നിഷ്കര്‍ഷിച്ചു.

ആരോഗ്യസംരക്ഷണം, രോഗപരിഹാരം എന്നത് ജീവിതത്തിലെ മുഖ്യ അജണ്ടയായും, ജീവിതസാഹചര്യം പരിഷ്കരിക്കുക, പാപങ്ങള്‍ ചെയ്യാതിരിക്കുക, പുണ്യങ്ങള്‍ നിരന്തരം ചെയ്യുക എന്നത് അനുബന്ധ അജണ്ടയായും കണ്ട് ജീവിതത്തെ നയിക്കുന്നതാണ് ഉത്തമമായ കാര്യം എന്ന് പൂര്‍വ്വികര്‍ വിലയിരുത്തി.

ധര്‍മ്മം അനുഷ്ഠിക്കുന്നതിനും അറിവ്, സമ്പത്ത്, സ്നേഹം എന്നിവ സമ്പാദിക്കുന്നതിനും, വിവിധരീതിയില്‍ ആനന്ദം നേടുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട വിവിധ മാര്‍ഗ്ഗങ്ങളേയും അതിനുള്ള ശാസനകളേയും യോഗ (മാര്‍ഗ്ഗ, മീഡിയ, medica) എന്നാണ് പൂര്‍വ്വികര്‍ പൊതുവില്‍ വിളിച്ചിരുന്നത്.

ക്രിസ്തുവിന് പത്ത് നൂറ്റാണ്ട് മുന്‍പ് രചിച്ച അഥർവവേദസൂക്തങ്ങളിലും യോഗ സംബന്ധിച്ചുള്ള സൂചനകളുണ്ട്. യോഗ എന്നാല്‍ ചേര്‍ച്ച, ഹിതം, ഇണക്കം എന്നെല്ലാമായിരുന്നു അര്‍ത്ഥം. സമാനമായത്, ഇണക്കമുള്ളത്, അപൂര്‍ണതയുള്ളത് തമ്മില്‍ പരസ്പരം ചേരും. ഹോമിയോ എന്ന പദത്തിന് സാദൃശ്യം എന്നത് കൂടാതെ സൌമ്യം, ഹിതം, മാര്‍ഗ്ഗം, യോജിപ്പ്, ചേര്‍ച്ച, ക്രമം, സത്യം, അന്വേഷണം, മൃഗം, കുരങ്ങ്, മനുഷ്യന്‍ എന്നെല്ലാം അര്‍ത്ഥവ്യാപ്തി ഉണ്ടായിരുന്നു.

മനുഷ്യരില്‍ നിലകൊള്ളുന്ന പരമാത്മാവിന്‍റെ പ്രത്യേക അംശത്തേയും, ബ്രഹ്മത്തിന്‍റെ അംശമായ ബ്രഹ്മബോധാംശത്തെയും ആന്തരികമനസ്സ് സന്ധിക്കുമ്പോള്‍ അനുഭവിക്കുന്ന സുഖത്തെ പൂര്‍വ്വികര്‍ യഥാക്രമം പരമാനന്ദം എന്നും ബ്രഹ്മാനന്ദം എന്നും വിളിച്ചു. ഇവ രണ്ടും നേടാനുള്ള മാര്‍ഗ്ഗത്തെ പൂര്‍വ്വികര്‍ നിരവധി ഉപവിഭാഗങ്ങളായി തരംതിരിച്ചു. രാജയോഗ, കര്‍മ്മയോഗ, ഭക്തിയോഗ, ത്യാഗയോഗ, തന്ത്രയോഗ, മന്ത്രയോഗ, ഹഠയോഗ, കുണ്ഡലിനിയോഗ, വീരയോഗ, ശിവയോഗ, വാശിയോഗ തുടങ്ങിയ അറുപത്തിനാല് തരം അന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പൂര്‍വ്വികരുടെ ജീവിതം.

ജ്ഞാനയോഗ

ആനന്ദസാക്ഷാല്‍ക്കാരം എന്നത് മോക്ഷം ആണ്. ആനന്ദം ലഭിക്കുന്നതിനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ മുഖ്യയിനമാണ് ജ്ഞാനയോഗ. മനസ്സില്‍ സുഖവും സന്തോഷവും അനുഭവപ്പെടാന്‍ ജീവശക്തിയും മനസ്സും ശരീരവും പ്രകൃതിയും തമ്മില്‍ ചേര്‍ച്ച ഉണ്ടാകണം. അത്തരം ചേര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങള്‍ ഏതെല്ലാമെന്ന് അറിയണം. അത്തരം അറിവ് അന്വേഷിച്ച് സമ്പാദിക്കണം. അതിന് തടസ്സമായ കാര്യങ്ങളെ നീക്കണം.

പ്രപഞ്ചം, പരലോകം എന്നിവ ഉള്‍പ്പെട്ട മഹാബ്രഹ്മം, ബ്രഹ്മത്തിന്‍റെ ഗുണമായ ബ്രഹ്മബോധം എന്നിവയെ  അസത്ത് ആയും പരമാത്മാവ്‌, പരമാത്മാവിന്‍റെ അംശമായി മനുഷ്യനില്‍ നിലകൊള്ളുന്ന പരമാത്മബോധാംശം എന്നിവയെ സത്ത് ആയും പൂര്‍വ്വികര്‍ വിലയിരുത്തി. ഇന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന അറിവ് ബ്രഹ്മബോധത്തിന്‍റെ ഭാഗമാണ്. ആ നിലയ്ക്ക് അത്തരം അറിവ് സത്യം അല്ല. അറിവിനെ സ്വീകരിച്ച് മനസ്സില്‍ നിറച്ച്പരിണമിപ്പിച്ച് നന്‍മയാക്കി, ‘സ്ഥിരത’ വരുത്തി പ്രതിഷ്ടിച്ചാല്‍, പൂര്‍ണ്ണമാക്കിയാല്‍ അതിന് സത്തയായ പൂര്‍ണ്ണതയുള്ള ആനന്ദമൂര്‍ത്തിയായ പരമാത്മബോധാംശത്തെ തിരിച്ചറിയാനും പ്രാപിക്കാനാകുമെന്നും പൂര്‍വ്വികര്‍ സങ്കല്‍പ്പിച്ചു.

അസൂയ, അഹങ്കാരം, മോഹം, കോപം, ദ്രോഹചിന്ത, ഭയം തുടങ്ങിയ മനോമലങ്ങളെ കളഞ്ഞ് ആദ്യം മനസ്സിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കണം. ബാഹ്യഇന്ദ്രിയങ്ങള്‍ തുറന്ന് പരമാവധി പ്രപഞ്ച വിഷയപരിചയം നേടണം. ബ്രഹ്മബോധത്തിന്‍റെ അംശമായ അറിവുകളെ ശേഖരിച്ച്, നിയന്ത്രിച്ച്, പരോപകാര അറിവായി പരിണമിപ്പിക്കണം. ആവര്‍ത്തിച്ചുള്ള അഭ്യാസം വഴി അനുഭവപരിചയം നേടണം. അത്തരം അറിവില്‍ സ്ഥിരത നേടണം.

നന്‍മയേറിയതും സ്ഥിരതയുള്ളതുമായ അറിവുകള്‍ സംഘര്‍ഷത്തെ പ്രതിരോധിക്കും. ഉചിതമായ ആഹാരം കഴിച്ച് നാഡീവ്യൂഹത്തെയും ശരീരത്തേയും സംരക്ഷിക്കണം. ബാഹ്യഇന്ദ്രിയങ്ങളെ അടച്ചുവെച്ച് ആന്തരികഇന്ദ്രിയങ്ങളെ തുറക്കണം. അപ്പോള്‍ സംഘര്‍ഷം കുറേക്കൂടി ഇല്ലാതാകും. ശാന്തി അനുഭവപ്പെട്ടുകിട്ടും.

ജീവശക്തിയോട് ചേര്‍ന്നുനില്‍ക്കാന്‍ പ്രാപ്തി കൈവരിച്ച വിചാരമനസ്സ് കൂടുതല്‍ പക്വത നേടി പരമാത്മബോധാംശവുമായി ചേര്‍ച്ചയ്ക്ക് സജ്ജമായാല്‍ മനസ്സില്‍ ബ്രഹ്മബോധാംശം, പരമാത്മബോധാംശം എന്നിവ സംബന്ധിച്ച ചില സങ്കല്‍പങ്ങള്‍‍ പടിപടിയായി തെളിയും. ഇതിന്‍റെ ഓരോ ഘട്ടത്തിലും ആനന്ദം ലഭിക്കും.

ബ്രഹ്മബോധം എന്നത് ചുറ്റുമുള്ള സാഹചര്യത്തെയും അതിലെ ഘടകങ്ങളെയും കാലത്തെയും കുറിച്ചുള്ള അറിവാണ്. ഇന്ദ്രിയവിഷയങ്ങളെ കുറിച്ച്, സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി അറിയുമ്പോള്‍ മനസ്സില്‍ സംഘര്‍ഷം കുറയും. പരമാത്മാവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പരമാത്മാവിന് മാത്രം അറിയുന്ന ഒന്നാണ്. പരമാത്മാവിനെ കുറിച്ച് ഏതാനും കാര്യങ്ങള്‍ അറിയാനാകുമ്പോഴും സംഘര്‍ഷം കുറയും. സംഘര്‍ഷം ഇല്ലാത്ത അവസ്ഥ സംഘടിപ്പിക്കാന്‍ ഉതകുന്ന ഒരു മാര്‍ഗ്ഗമാണ് അറിവുസമ്പാദനം.

വിജ്ഞാനം, ജ്ഞാനം എന്നിങ്ങനെ അറിവ് രണ്ടുവിധത്തിലുണ്ട്. ദേഹത്തിന് അകത്തും പുറത്തും നിലകൊള്ളുന്ന സ്ഥൂലവിഷയങ്ങളെ കുറിച്ചുള്ള അറിവാണ് വിജ്ഞാനം. അവനവനിലെ ജീവശക്തി, അഹന്ത, ചിത്തം, ബാഹ്യമനസ്സ്, ഇന്ദ്രിയങ്ങള്‍, സാരാംഗ്നികള്‍  എന്നിവ അടക്കമുള്ള സൂക്ഷ്മസംഗതികളെ കുറിച്ചുള്ള അറിവാണ് ജ്ഞാനം.

മനുഷ്യനിലുള്ള ബോധത്തെയും പൂര്‍വ്വികര്‍ രണ്ട് വിഭാഗമായി തരംതിരിച്ചു. ഇന്ദ്രിയങ്ങള്‍, മസ്തിഷ്കം എന്നിവ വഴി രൂപംകൊണ്ട സ്ഥൂലബോധത്തിന് ബാഹ്യമനസ്സ്, ആന്തരികമനസ്സ് എന്നീ രണ്ട് തലങ്ങള്‍ ഉണ്ട്. ഇവ രണ്ടും അറിവിന്‍റെ സംഭരണകേന്ദ്രങ്ങളാണ്. ഉറങ്ങുമ്പോള്‍ മറയുന്നത് ബാഹ്യമനസ്സാണ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിഷയങ്ങള്‍, ഇന്ദ്രിയങ്ങള്‍ വഴി രൂപപ്പെടുന്ന ആഗ്രഹങ്ങള്‍‍ എന്നിവ ബാഹ്യമനസ്സിന്‍റെ ഭാഗങ്ങളും; ചിന്ത, നിഗമനം, ഇഷ്ടം, ബുദ്ധി, ഇച്ഛാശക്തി എന്നിവ ആന്തരികമനസ്സിന്‍റെ ഭാഗങ്ങളുമാണ്.

സൂക്ഷ്മബ്രഹ്മത്തിനെ പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മബോധതലം, പരമാത്മാംശത്തെ പ്രതിനിധാനം ചെയ്യുന്ന പരമാത്മബോധതലം എന്നിങ്ങനെ ജീവശക്തിയോടൊപ്പം നിലകൊള്ളുന്ന സൂക്ഷ്മബോധത്തിനും രണ്ടുഭാഗങ്ങള്‍ ഉണ്ട്.

ബാഹ്യമനസ്സില്‍ അറിവ് എത്തുന്നത് പുറത്തോട്ട് തുറന്നിരിക്കുന്ന പതിനൊന്ന് ഇന്ദ്രിയങ്ങള്‍ (കേള്‍വി, കാഴ്ച, രുചി, മണം, ലഘുസ്പര്‍ശം, ഗുരുസ്പര്‍ശം, താപം, വേദന, കമ്പനം, ശരീരസന്തുലനം, അവയവങ്ങളുടെ ചലനം) വഴിയാണ്. സ്ഥൂലപഞ്ചേന്ദ്രിയങ്ങള്‍, ഉറക്കത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും പ്രത്യേകം അവയവങ്ങള്‍ ഇല്ലാത്തതുമായ സൂക്ഷ്മപഞ്ചേന്ദ്രിയങ്ങള്‍, ബ്രഹ്മബോധത്തിലോട്ടും ആത്മബോധത്തിലോട്ടും തിരിഞ്ഞിരിക്കുന്ന അകം ഇന്ദ്രിയങ്ങള്‍ എന്നിങ്ങനെ ആയാണ് പൂര്‍വ്വികര്‍ ഇന്ദ്രിയങ്ങളെ തരംതിരിച്ചത്.

ചുറ്റുമുള്ള ദ്രവ്യവും ഊര്‍ജ്ജവും അറിവും എല്ലാം കൂടിചേര്‍ന്നതാണ് പ്രപഞ്ചം. പ്രപഞ്ചവും കാലവും ചേര്‍ന്നതാണ് പ്രകൃതി. ഇന്ദ്രിയങ്ങള്‍ വഴി എത്തുന്ന പ്രപഞ്ചവിഷയങ്ങളെ ബാഹ്യമനസ്സ് ഉള്‍കൊള്ളുമ്പോള്‍ അത് അയാളുടെ ധാരണയായി മാറും. ഇത്തരം ധാരണകളെ മനനം ചെയ്ത് വേണ്ടതും വേണ്ടാത്തതുമായി തരംതിരിക്കുന്നത് ആന്തരികമനസ്സിന്‍റെ ഭാഗമായ ബുദ്ധിയാണ്. ചെയ്യാന്‍ പോകുന്ന കര്‍മ്മത്തിന്‍റെ ഫലം നന്‍മയാകുമോ അല്ലയോ എന്ന് വിവേചിച്ചറിയുന്നതും ബുദ്ധിയാണ്. വിഷയങ്ങളെ കര്‍മ്മങ്ങളായി പരിണമിപ്പിക്കുന്നത് ഇച്ഛാശക്തിയാണ്. ബുദ്ധി അറിയാതെയും ഇച്ഛാശക്തി നേരിട്ട് പ്രവര്‍ത്തിച്ച് കര്‍മ്മങ്ങളെ സൃഷ്ടിക്കും. ബുദ്ധിയും ഇച്ഛാശക്തിയും മുന്‍ തലമുറയില്‍ ചെയ്ത സുകൃതം വഴി ലഭിക്കുന്ന ശേഷികളാണ്. പ്രകൃതി പരിണമിച്ച് അറിവ് ആയിത്തീരുന്നതുപോലെ, അറിവ് പരിണമിച്ചും തിരികെ ഇച്ഛാശക്തി, ബുദ്ധി, വിചാരം, വികാരം, ഇന്ദ്രിയങ്ങള്‍, ചേതനകള്‍,  ഭൂതങ്ങള്‍ എന്നി ക്രമത്തില്‍ പ്രകൃതിയായി മാറും.

മനുഷ്യരില്‍ ആകെയുള്ള കോശങ്ങളുടെ എണ്ണം ഏകദേശം 37.2 ട്രില്ല്യന്‍ ആണ്. ഇതിന്‍റെ 1.1 ഇരട്ടി എണ്ണം (ഏകദേശം മുപ്പത്തിയൊന്‍പത് ട്രില്ല്യന്‍) അന്യജീവികോശങ്ങളും ശരീരത്തില്‍ നിലകൊള്ളുന്നുണ്ട്. ഒരാളിലെ ജീവശക്തി എന്നതും അയാളിലെ മനസ്സ് എന്നതും അറിവ് എന്നതും ഇത്തരം ജീവികളുടെ ചേതനകളുടെ കൂടി ആകെതുകയാണോ എന്നതിന് തെളിവ് ഒന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ലാത്തതാണ്. ചില മനുഷ്യരുടെ കര്‍മ്മങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം സംശയം വര്‍ദ്ധിക്കുകതന്നെ ചെയ്യും.

ബാഹ്യ അറിവുകളെ വര്‍ദ്ധിപ്പിക്കുന്നതിന്, വിഷയപരിചയം നേടുന്നതിന് ഇന്ദ്രിയങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തണം. അകം ഇന്ദ്രിയങ്ങള്‍ തുറക്കുന്നതിനുള്ള മുഖ്യതടസ്സം മനോമലങ്ങള്‍, അഹന്ത എന്നിവയാണ്. മനോമലങ്ങള്‍ കളഞ്ഞാല്‍ മനസ്സിന്‍റെ വിസ്തൃതി വര്‍ദ്ധിക്കും. മനസ്സ് സ്വാതികം ആകും. ‘മനോസുഖം’ എന്താണ് എന്നത് അനുഭവപ്പെട്ടുകിട്ടും.

ധര്‍മ്മവും പുണ്യവും ചെയ്തിട്ടും സല്‍ഫലത്തില്‍ സന്ദേഹം ഉണ്ടാകുന്നത്, ദുഃഖം അനുഭവിക്കേണ്ടിവരുന്നത് ബുദ്ധിയെ വ്യാപിച്ച അഹന്ത മൂലമാണ്. അഹന്ത സജീവമാകാന്‍ കാരണം ദോഷങ്ങളോ മുജന്മപാപങ്ങളോ ആണ്.

ബാഹ്യ ഇന്ദ്രിയങ്ങള്‍ തുറന്നാല്‍ ബ്രഹ്മത്തിന്‍റെ ഒരു ഭാഗമായ പ്രപഞ്ചത്തെക്കുറിച്ച്, ജീവിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച്, വര്‍ത്തമാനകാലത്തെക്കുറിച്ച് സംഗതികള്‍ അറിയാനാകും. അകം ഇന്ദ്രിയങ്ങള്‍ തുറക്കാനായാല്‍ അഹന്ത, ആന്തരികബോധങ്ങള്‍, മുജന്മ പാപപുണ്യങ്ങള്‍ എന്നിവയെ പറ്റിയുള്ള ചില കാര്യങ്ങള്‍ അറിയാനാകും.

പരമാത്മാവിന് ബ്രഹ്മത്തെ അറിയുന്നതുപോലെ പരമാത്മാവിന്‍റെ ഗുണങ്ങളുള്ള പരമാത്മബോധാംശത്തിനും ബ്രഹ്മത്തിലെ സംഗതികളെ കുറിച്ചും ബോധം ഉണ്ടാകും. സ്ഥിരത നേടിയ ആന്തരികമനസ്സ് സജീവമായി അകം ഇന്ദ്രിയങ്ങളെ തുറപ്പിച്ച് പരമാത്മബോധാംശത്തെ പ്രാപിച്ചാല്‍, ബ്രഹ്മത്തെ കുറിച്ചും പരമാത്മാവിനെ കുറിച്ചും ഉള്ള കാര്യങ്ങള്‍ കൂടുതലായി ആന്തരികമനസ്സിന് അറിയാനാകും. ഓരോ വിഷയങ്ങളെയും ആഴത്തില്‍, പൂര്‍ണ്ണമായും ഹിതകരമായും രീതിയില്‍ അറിയുന്നതിലൂടെ മനസ്സ് സംഘര്‍ഷം ഇല്ലായ്മയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. ആ ഘട്ടത്തില്‍ കിട്ടുന്ന സംഘര്‍ഷരഹിതമായ അനുഭൂതിയാണ് ബ്രഹ്മാനന്ദം അഥവാ പരമാനന്ദം.

അകം ഇന്ദ്രിയങ്ങളെ തുറക്കാനും അവനവനിലെ ബ്രഹ്മബോധത്തെ കുറിച്ചും ആത്മബോധത്തെ കുറിച്ചും മറ്റും അറിയാനും ആനന്ദം അനുഭവിക്കാനും കൂടുതലായി താല്‍പര്യപ്പെടുന്നവര്‍ അറിവ് വര്‍ദ്ധിപ്പിക്കണം. മാനവിക ഗുണങ്ങളെ പോഷിപ്പിക്കണം.

ആളുകളില്‍ കുറെ പേര്‍ രജസ്, തമസ് മനോഗുണങ്ങള്‍ ഉള്ളവരാണ്. അവര്‍ മനോമലങ്ങളെ കളഞ്ഞ് ശുദ്ധിവരുത്തിയും, സ്വാതിക ആഹാരങ്ങള്‍ കഴിച്ചും, അറിവ് നേടിയും; ഓര്‍മ്മ, സഹനം, ഏകാഗ്രത എന്നിവയെ പോഷിപ്പിച്ചും മനസ്സിനെ സ്വാതികമാക്കണം.

സ്വന്തം ദേഹശേഷിയിലും മനോശേഷിയിലും കര്‍മ്മത്തിലും അര്‍ത്ഥത്തിലും ശ്രദ്ധിച്ച് അത് കൈമുതലാക്കി, അതിനെ നിയന്ത്രിച്ച്‌, മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി സമര്‍പ്പിച്ച് ആനന്ദവും മനസമാധാനവും അനുഭവിക്കുന്ന രീതിയാണ് രാജയോഗ.

ശരീരം, മനസ്സ് എന്നിവയെ ഹിതകരമായ നിലയില്‍ നിയന്ത്രിച്ചും പോഷിപ്പിച്ചും ഉയര്‍ച്ച നേടി ആത്മബോധത്തെ പ്രാപിച്ച് മോക്ഷം നേടുന്നതോടൊപ്പം, ചുറ്റും ഉള്ളതിനെയെല്ലാം വരുതിയിലാക്കി അര്‍ത്ഥം വര്‍ദ്ധിപ്പിച്ച് ഒപ്പം ഭൌതികസുഖവും അനുഭവിക്കുന്ന മനോനിയന്ത്രണരീതിയാണ് ഇത്. ഇതില്‍ സ്നേഹം, നന്മ എന്നിവ ഉണ്ടെങ്കിലും സമത്വം ഇല്ല. യുദ്ധം, തന്ത്രം എന്നിവ മുഖേനെ മറ്റുള്ളവരെ ചൂഷണം ചെയ്തോ കബളിപ്പിച്ചോ ഉള്ള അര്‍ത്ഥസമ്പാദനത്തെ രാജയോഗ നിരുത്സാഹപ്പെടുത്തുന്നില്ല. പാപകര്‍മ്മങ്ങളെ രാജയോഗ ആപേക്ഷികമായാണ് കാണുന്നത്.

യൗവ്വനത്തില്‍ രാജയോഗ അവലംബിച്ച് അര്‍ത്ഥവും കാമവും സമ്പാദിച്ച് ഭൌതികസുഖം അനുഭവിക്കുകയും, അതോടൊപ്പമോ പ്രായം പിന്നിടുമ്പോഴോ അല്ലെങ്കില്‍ ദേഹം ക്ഷയിക്കുമ്പോഴോ ത്യാഗമാര്‍ഗ്ഗം, പ്രായശ്ചിത്വം എന്നിവ പ്രത്യേകം അവലംബിച്ച് ആനന്ദം സമ്പാദിക്കുന്ന രീതിക്ക് മുന്‍ക്കാലങ്ങളില്‍ സ്വീകാര്യത ഏറെ കിട്ടിയിട്ടുണ്ട്.


കര്‍മ്മയോഗ

സൃഷ്ടി, സ്ഥിതി, സുഖം, സംഹാരം എന്നത് പരമാത്മാവിന്‍റെ ഗുണവിശേഷമാണ്. സൃഷ്ടികര്‍ത്താവായ പരമാത്മാവ്‌ മഹാകര്‍മ്മിഷ്ടനാണ്. ബ്രഹ്മം, പ്രപഞ്ചം, ചേതന എന്നിവ  മഹാകര്‍മ്മിഷ്ടന്‍റെ ഉല്‍പന്നമാണ്. പ്രപഞ്ചത്തിന്‍റെ ലഘുപതിപ്പാണ് ദ്രവ്യം. ദ്രവ്യത്തിന്‍റെയും ചേതനയുടെയും ഉല്‍പന്നമാണ് കര്‍മ്മം. ഓരോ കര്‍മ്മവും പരിണാമപ്രേരകമാണ്. ആ നിലയ്ക്ക് കര്‍മ്മം ഒരേസമയം പരിണാമമില്ലാത്ത മഹാകര്‍മ്മിഷ്ഠന്‍റെയും പരിണമിക്കുന്ന ബ്രഹ്മത്തിന്‍റെയും പതിപ്പാണ്. കര്‍മ്മത്തിലൂടെ ബ്രഹ്മത്തെയും മഹാകര്‍മ്മിഷ്ഠനെയും സന്ധിക്കാനുള്ള മാര്‍ഗ്ഗമാണ് കര്‍മ്മയോഗ.

പൂര്‍വ്വികരുടെ വിശ്വാസം അനുസരിച്ച് മഹാകര്‍മ്മിഷ്ടന്‍ കരുണാനിധിയാണ്. സല്‍കര്‍മ്മം ചെയ്താല്‍‍ കര്‍മ്മത്തിന്‍റെ നിരവധി ഇരട്ടി പ്രതിഫലം നല്‍കുന്നവനാണ്. കര്‍മ്മഫലം ഇരട്ടിക്കണമെങ്കില്‍ കര്‍മ്മത്തില്‍ യുക്തി വേണം. കര്‍മ്മം തനിക്കും മറ്റുള്ളവര്‍ക്കും ഗുണമുള്ളതാകണം. ധര്‍മ്മമാര്‍ഗ്ഗത്തില്‍ അതിഷ്ടിതമാകണം. ധര്‍മ്മം എന്നത് സ്നേഹം, ദയ, നീതി, സമത്വം, ഉത്സാഹം തുടങ്ങിയ മാനവികതയില്‍ ഊന്നിയ കര്‍ത്തവ്യനിര്‍വ്വഹണമാണ്. ധര്‍മ്മവും പുണ്യവും ഉള്‍പ്പെട്ടതാണ് സല്‍കര്‍മ്മം അഥവാ സദാചാരം.

കര്‍മ്മം ചെയ്യാതിരിക്കാന്‍ കാരണം അഹന്തയാണ്. അതിനാല്‍ അഹന്തയെ സജീവമാക്കുന്ന മനോമലങ്ങളെ ശോധിപ്പിക്കണം. ദോഷങ്ങളെ നിര്‍വ്വീര്യമാക്കണം. അതിനുള്ള സമാനമരുന്നുകള്‍ അന്വേഷിച്ച് പ്രയോജനപ്പെടുത്തണം. കര്‍മ്മഫലം ലഭിക്കാതിരിക്കാനുള്ള തടസ്സം കര്‍മ്മത്തിലെ യുക്തിയില്ലായ്മയോ മുജന്മപാപകര്‍മ്മങ്ങളോ ആണ്.

ധര്‍മ്മത്തില്‍ യുക്തിപൂര്‍വ്വം വ്യാപൃതനാകുന്നത് പോലെ പാപകര്‍മ്മങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കണം. പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. നന്മയില്‍ അതിഷ്ടമായ എല്ലാ കര്‍മ്മങ്ങളും പുണ്യമാണ്. ആത്മാവിനെ സ്പര്‍ശിക്കാനാകുന്ന  പ്രവൃത്തികളാണ് പുണ്യകര്‍മ്മങ്ങള്‍. മഹത്കര്‍മ്മങ്ങള്‍ ആരില്‍ നടക്കുന്നുവോ അയാളുടെ ആന്തരികമനസ്സ്, ജീവശക്തിയോടൊപ്പമുള്ള  ബ്രഹ്മബോധത്തിന്‍റെ കര്‍മ്മരീതികളെ കുറിച്ച് സൂക്ഷ്മമായി അറിയാന്‍ ഇടയാകും. അതുവഴി അയാള്‍ക്ക്‌ കര്‍മ്മവിജയവും സംതൃപ്തിയും നേടാന്‍ കഴിയും.

ഇന്ദ്രിയങ്ങള്‍ വഴി വരുന്ന വിഷയങ്ങളില്‍ ആവശ്യമായതിനെ മാത്രം തിരഞ്ഞെടുത്ത് കൈ കൊണ്ടും ദേഹം കൊണ്ടും അച്ചടക്കത്തോടെ പരമാവധി കര്‍മ്മങ്ങള്‍ ചെയ്യണം. നാക്കുകൊണ്ടുള്ള കര്‍മ്മങ്ങളെ നിയന്ത്രിക്കണം.

കര്‍മ്മം നല്‍കാത്ത അറിവ് വെറും സങ്കല്‍പ്പമോ അന്ധവിശ്വാസമോ ആചാരമോ ആണ്. അതുപോലെ തന്നെയാണ് ഫലം നല്‍കാത്ത കര്‍മ്മവും. ഒട്ടുംതന്നെ പ്രയോജനമില്ലാത്ത സങ്കല്‍പ്പങ്ങളേയും വിശ്വാസങ്ങളേയും, കര്‍മ്മങ്ങളെയും തിരസ്കരിക്കാനുള്ള ആര്‍ജ്ജവം വളര്‍ത്തിയെടുക്കണം. തീവ്രമായ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നതും അതില്‍ അതിഷ്ടിതമായ യുക്തിരഹിതമായ കര്‍മ്മങ്ങള്‍, പാഴുവേലകള്‍ എന്നിവ നിരന്തരം അനുഷ്ഠിക്കുന്നതും അവയെ മറ്റുള്ളവരില്‍ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിക്കുന്നതും ഒഴിവാക്കണം. അന്ധവിശ്വാസവും അലസതയും പാപവും പിശാചിന്‍റെ ഗുണങ്ങളായാണ് ഗണിച്ചുപോന്നിട്ടുള്ളത്.

ഓരോരുത്തരും അവനവനില്‍ നിക്ഷിപ്തമായ കര്‍മ്മം ഉത്സാഹത്തോടെയും ശ്രദ്ധയോടെയും യജ്ഞമായും തപസ്സായും ചെയ്യണം. ധര്‍മ്മപ്രമാണങ്ങള്‍ രൂപപ്പെടുത്താന്‍ ഉതകുംവിധം കര്‍മ്മങ്ങളെ പരിഷ്ക്കരിച്ചും കുറ്റമറ്റനിലയിലും ചെയ്യാന്‍ ഉത്സാഹിക്കണം. ലഭിക്കുന്ന ഓരോ നിമിഷവും കര്‍മ്മം ചെയ്യണം. സ്വാര്‍ത്ഥമോഹം ഇല്ലാതെയും സമര്‍പ്പണമായും ചെയ്യണം. അതുമൂലം കര്‍മ്മഫലം വേഗത്തില്‍ ലഭിക്കും. കര്‍മ്മഫലങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാക്കണം. പൂവിന്‍റെ സുഗന്ധം പൂവ് മാത്രമല്ല ആസ്വദിക്കുന്നത്. കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് ദോഷം ഉണ്ടായാലും വളരെയധികം പേര്‍ക്ക് ഗുണം ലഭിക്കുന്ന ഒന്നാണ് അതെങ്കില്‍ അത് പുണ്യകര്‍മ്മമാണ്.

സല്‍ക്കര്‍മ്മം തപസ്സായി ചെയ്താല്‍‍ സല്‍ഫലം എഴുപത് ഇരട്ടിയാകും. ആന്തരിക ഇന്ദ്രിയങ്ങള്‍ തുറക്കും. യോഗ നടക്കും. ആനന്ദവും സംതൃപ്തിയും അനുഭവപ്പെട്ടുകിട്ടും. തുടര്‍ന്നുള്ള കാലം ധര്‍മ്മവും പുണ്യവും ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍ ക്ലേശം അനുഭവപ്പെടുകയും ഇല്ല. പ്രായപരാധീനതകള്‍ മൂലം കര്‍മ്മം ചെയ്യാന്‍ കഴിയാതെ വന്നാല്‍ ദുഃഖം രൂപപ്പെടുകയുമില്ല. യൗവ്വനത്തില്‍ പുണ്യം അനുഷ്ഠിച്ചാല്‍‍ യൗവ്വനത്തില്‍ തന്നെ സുഖവും ആനന്ദവും ലഭിക്കുമാറാകും. വാര്‍ദ്ധക്യത്തില്‍ അത് ആനന്ദത്തോടൊപ്പം കീര്‍ത്തിയും അനുവദിക്കും. ഇവ തലമുറകള്‍ക്ക് കൂടി അനുഭവിക്കാനാകും.


ത്യാഗയോഗ

പ്രകൃതിയും സസ്യജാലങ്ങളും അവയുടെ കര്‍മ്മങ്ങള്‍ സമര്‍പ്പണം ആയാണ് ചെയ്തുപോരുന്നത്. മനുഷ്യന്‍ അനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ എല്ലാം പ്രകൃതിയുടെ അനുഗ്രഹങ്ങളാണ്. ആനന്ദസാക്ഷാല്‍ക്കാരരീതികളില്‍ ശ്രേഷ്ടമായത് ത്യാഗമാര്‍ഗ്ഗമാണ്.

തന്‍റെ ജീവശക്തിയും മനസ്സും ശരീരവും ഒഴിച്ച് ബാഹ്യമായി തന്നോട് ചേര്‍ന്നുള്ള വിഷയങ്ങളെ ത്യജിച്ചും തന്‍റെ കര്‍മ്മവും അര്‍ത്ഥവും കാമവും മറ്റുള്ളവര്‍ക്ക് നല്‍കി സുഖം അനുഭവിക്കുന്ന രീതിയാണിത്.

പുണ്യം, ദാനം, ബലി എന്നിവ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യ അത് മറ്റ് ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കര്‍മ്മങ്ങള്‍ ആയിത്തീരുമോ എന്ന് ശ്രദ്ധിക്കണം. അതിന് സാഹചര്യത്തെ അറിയണം. മനോമലങ്ങളെ വിസര്‍ജ്ജിപ്പിക്കണം. മനോമലങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ദ്രിയനിയന്ത്രണം, അച്ചടക്കം എന്നിവ പരിശീലിക്കണം. മനോമലങ്ങളെ മനസ്സില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ചുറ്റുമുള്ളവര്‍ ചെയ്യുന്ന കൊടുംദ്രോഹങ്ങളെ പോലും സഹിക്കാന്‍ വേണ്ട പ്രാപ്തി കൈവരും.

അവനവന് ആവശ്യമില്ലാത്തതിന്‍റെ അവകാശം ആവശ്യമുള്ള മറ്റൊരാള്‍ക്ക് നല്‍കുന്നതാണ് ദാനം. ആര്‍ക്കും ആവശ്യമില്ലാത്തത് ആണെങ്കില്‍ അത് ദൈവത്തിന് നല്‍കണം. ജലലേയമായത്  ആണെങ്കില്‍ അത് കടലില്‍ ഒഴുക്കണം. അല്ലാത്തത് ഭൂമിയില്‍ കുഴിച്ചുമൂടണം.

അവനവന് അത്യാവശ്യമായതിന്‍റെ അവകാശം സൌജന്യമായി മറ്റൊരാള്‍ക്ക് നല്‍കുന്നതാണ് ബലി. അത്തരം അവകാശം നിരവധി പേര്‍ക്ക് ഒന്നിച്ചുനല്‍കുന്നതാണ് മഹാബലി. ആവശ്യമില്ലാതെ ദാനം സ്വീകരിക്കുന്നതും അധര്‍മ്മികള്‍ക്ക് ബലി നല്‍കുന്നതും അപരാധമാണ്.

കര്‍മ്മഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവിക്കണമെന്ന ഉദ്ദേശം ഇല്ലാതെ ജ്ഞാന സമ്പാദനത്തിലും അതടിസ്ഥാനത്തില്‍  നിരന്തര കര്‍മ്മങ്ങളിലും ഏര്‍പ്പെടണം. ലഭിച്ച മോശം ഫലങ്ങള്‍ ദാനമായും, ലഭിച്ച സല്‍ഫലങ്ങളില്‍ കുറച്ചുഭാഗം ലഘുബലി, മഹാബലി എന്നീ മാര്‍ഗ്ഗേനെയും മറ്റുള്ളവര്‍ക്ക് നല്‍കണം. അത് സ്ഥിരമായ ആനന്ദത്തെ പ്രദാനം ചെയ്യും. മറ്റുള്ളവരുടെ കര്‍മ്മഫലം ശേഖരിച്ച്, സംഭരിച്ച്, അനുഭവിച്ച് ഒടുവില്‍ അതിന്‍റെ വിഹിതം ത്യജിക്കുന്നത് മൂലം ലഭിക്കുന്ന സുഖം അസ്ഥിരമാണ്.

പരമാത്മാവ്‌ നിത്യവും സത്യവുമാണ്, മഹാദാതാവുമാണ്.  ബലി നല്‍കുക വഴി, ബലികര്‍മ്മം അനുഷ്ടിക്കുക വഴി പരമാത്മാവിനെ ആ നിലയില്‍ അറിയാനാകുന്നു, സത്യത്തെ അറിയാനാകുന്നു. സത്യം അറിയുമ്പോള്‍, നിത്യമായത് അറിയുമ്പോള്‍ അനുഭവപ്പെട്ടുകിട്ടുന്ന സുഖമാണ് പരമാനന്ദം.

ഭൂതം, ബ്രഹ്മം എല്ലാം മായയാണ്, ഇല്ലായ്മയാണ്. സ്വന്തം പ്രയത്നം കൊണ്ട് ധര്‍മ്മമാര്‍ഗ്ഗത്തില്‍ നേടിയ ഫലത്തെ ത്യജിക്കണം. അത് മൂലവും വ്രതാനുഷ്ടാനം മൂലവും, ദാനം മൂലവും ഉളവാകുന്ന ഇല്ലായ്മ, ശൂന്യത അനുവദിക്കുന്ന സ്വാതന്ത്ര്യവും സുഖവുമാണ് ബ്രഹ്മാനന്ദം.
   

ഭക്തിയോഗ 

ഭക്തി എന്നത് ബഹുമാന ഭാവമാണ്. ഉപാധികള്‍ ഇല്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന കര്‍മ്മവും ഭക്തിയാണ്. അര്‍ത്ഥം, സ്നേഹം എന്നിവ നേടുന്നതിനും സംതൃപ്തി അനുഭവിക്കുന്നതിനും ഉതകുന്ന എളുപ്പവിദ്യയാണ്.

പരമാത്മാവിനോട്, അന്തരാത്മാവിനോട്, പ്രകൃതി ചേതനകളോട്, അതിന്‍റെ സാമ്യങ്ങളോട്, ഉയര്‍ന്ന ശക്തി കേന്ദ്രങ്ങളോട് പല തവണ ബഹുമാനപൂര്‍വ്വം അഭ്യര്‍ഥിക്കുമ്പോള്‍‍‍, അവയുടെ സമക്ഷം കൈത്തലം കൂട്ടിപിടിച്ച് സ്നേഹപൂര്‍വ്വം വണങ്ങുമ്പോള്‍, തല കുനിക്കുമ്പോള്‍, അര്‍ത്ഥവും കാമവും ഉള്ള ആളുകളെ ഹിതകരമായ നിലയില്‍ സേവിക്കുമ്പോള്‍, അവരോട് വിനയപൂര്‍വ്വം പെരുമാറുമ്പോള്‍ സുഖം അനുഭവിക്കാന്‍ വേണ്ടത് ലഭിക്കും എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുത്ത മാര്‍ഗ്ഗമാണ് ഇത്.

പ്രകൃതിനിയമങ്ങള്‍ അനുസരിച്ച് ധര്‍മ്മവും പുണ്യവും അനുഷ്ഠിച്ചാല്‍‍‍ തൃപ്തി ലഭിക്കും. അങ്ങിനെ ചെയ്യാതിരുന്നാല്‍, അതിന് സാധിക്കാതെ വന്നാല്‍ ഭയം, വെറുപ്പ്, കോപം, സന്ദേഹം തുടങ്ങിയ മനോമലങ്ങള്‍ മനസ്സില്‍ നിറയും. ദുഖവും അസംതൃപ്തിയും ഉടലെടുക്കും. മനോമലങ്ങളെ പുറത്ത് കളഞ്ഞ് മനസ്സിനെ ശുദ്ധമാക്കി, വിനീതനായി, കേട്ട് പരിചിതമായ ശക്തിരൂപങ്ങളെയൊ, അവയുടെ അനുഗ്രഹകഥകളെയോ മനസ്സില്‍ നിറച്ച് അവയെ സ്മരിച്ചോ സ്തുതിച്ചോ, ചുറ്റുള്ളവര്‍ ചെയ്യുന്ന രീതികള്‍ അനുകരിച്ചോ കര്‍മ്മങ്ങളില്‍ മുഴുകുന്നു. ശക്തികേന്ദ്രങ്ങളുടെ ദ്രോഹങ്ങളില്‍ നിന്ന് വിടുതല്‍ കിട്ടും എന്ന് സങ്കല്‍പ്പിക്കുന്നു. ഇതുവഴി ഒരുതരം സുരക്ഷിതത്വബോധം അനുഭവിക്കാനാകുന്നു.

പ്രപഞ്ചത്തിന്‍റെയും ബ്രഹ്മത്തിന്‍റെയും അതിന്‍റെ ഗുണങ്ങളുടെയും എല്ലാത്തിന്‍റെയും സൃഷ്ടാവ്, അധിപന്‍ എന്നത് പരമാത്മാവാണ്, പരമാത്മാവിന് പകരം പരമാത്മാവ് മാത്രം എന്ന് സങ്കല്‍പ്പിച്ച്, മേന്‍മയുള്ള രൂപങ്ങളും ഗുണങ്ങളും പരമാത്മാവിന് ചാര്‍ത്തിക്കൊടുത്ത്, പലതവണ മനസ്സിലും, ചുറ്റുമുള്ളവര്‍ കേള്‍ക്കെ തക്കയും  ചൊല്ലുന്നു. ഇത്തരം മഹാഗുണങ്ങളെ ചിലര്‍ ഇതര ലഘുചേതനകള്‍ക്ക് വീതംവെച്ച് കൊടുത്തശേഷം പ്രത്യേകമായി സന്ദര്‍ഭോചിതം ചൊല്ലുന്നു. ഇത്തരത്തില്‍ കാര്യങ്ങള്‍ സങ്കല്‍പ്പിച്ചും, കൂട്ടമായി ചൊല്ലിയും, ചുറ്റുമുള്ള മറ്റ് ആളുകളുമായി പങ്കുവെച്ചും സ്ഥാപിച്ചും ഇണങ്ങിയും തൃപ്തിവരുത്തുന്നു. അറിയാവുന്ന ഉത്തമ ഗുണങ്ങള്‍ മനസ്സില്‍ നിറച്ച് നിരന്തരം ജപിച്ചും സ്തുതിച്ചും, ഒടുവില്‍ ആവശ്യമായതിനെ യാചിച്ചും മറ്റുകാര്യങ്ങളെ മറക്കുന്നു. ഇതുമൂലമുണ്ടാകുന്ന മറവിയില്‍ ശാന്തി അനുഭവിക്കാനാകുന്നു. അത്തരം മറവിയില്‍ ആയുസ്സുകാലം കഴിച്ചുകൂട്ടുന്നു.
      
പല രീതിയില്‍ സംഘടിപ്പിച്ച അര്‍ത്ഥത്തിന്‍റെ ഒരു വിഹിതം വലിയ ശക്തിക്കോ ലഘു ചേതനക്കോ രാജാവിനോ രാജ്യത്തിനോ പ്രസ്ഥാനത്തിനോ ആദ്യമേ തന്നെ സമര്‍പ്പിക്കുന്നു. ബാക്കി കൈവശമുള്ള അര്‍ത്ഥങ്ങളും സ്ഥാനങ്ങളും ചുറ്റുമുള്ള മറ്റ് ചെറിയ ശക്തികള്‍ പിടിച്ചുപറിക്കുകയില്ല എന്ന് മനസ്സില്‍ ഉറപ്പാക്കുന്നു. ജീവശക്തിയുടെയും ശരീരത്തിന്‍റെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, രോഗങ്ങള്‍ എന്നിവ വലിയ ശക്തികള്‍ നോക്കികൊള്ളും എന്ന രീതിയില്‍ സങ്കല്‍പ്പിക്കുമ്പോള്‍ ഒരുതരം ശാന്തി അനുഭവിക്കാനാകുന്നു.

ഉത്തമഗുണങ്ങളായി വിലയിരുത്തിപോരുന്ന കാരുണ്യം, സ്നേഹം, ഉത്സാഹം, വീര്യം, സിദ്ധി എന്നിവയെ സങ്കല്‍പ്പിച്ച് അവയെ പ്രപഞ്ചശക്തികളിലും അവയുടെ മൂര്‍ത്തികളിലും ജന്തുക്കളിലും മരിച്ചുപോയ മനുഷ്യരിലും ചാര്‍ത്തിക്കൊടുക്കുന്നു. താളത്തോടെയും ഇമ്പത്തോടെയും കഥാവീഷ്ക്കാരത്തോടെയും അര്‍ത്ഥസന്നാഹത്തോടെയും അത് ചുറ്റും ഉള്ളവരുടെ സമക്ഷം അവതരിപ്പിക്കുന്നു. നിരന്തരം സങ്കല്‍പ്പിച്ചുപോന്ന ഇത്തരം ഗുണങ്ങള്‍ പ്രായം കടന്നുപോകുമ്പോള്‍ മനസ്സിന് കൂടുതല്‍ പരിചിതമാകുന്നു. അതുമൂലം ഇതുവരെ കൂടെ ഉണ്ടായിരുന്ന മറ്റ് പൂര്‍വ്വകാല യാഥാര്‍ത്ഥ്യങ്ങളെ മറക്കാനാകുന്നു.

ഉറക്കത്തില്‍ സംഘര്‍ഷം ഇല്ല. അതുപോലെ താല്‍ക്കാലികമായി സ്വയം സൃഷ്ടിച്ച മറവിയിലും മാനസികസംഘര്‍ഷം ഇല്ല. അവനവന് വേണ്ടതും ലഭിക്കേണ്ടതുമായ കാര്യങ്ങളെ മാത്രം ചിന്തിച്ച്, മനസ്സില്‍ നിറച്ച് മറ്റുകാര്യങ്ങളെ മറക്കുമ്പോള്‍, അന്വേഷിക്കാതെ ഇരിക്കുമ്പോള്‍, അറിയാതെ വരുമ്പോള്‍ സംഘര്‍ഷം കുറയുന്നു.

ശാരീരികപോരായ്മകള്‍ ഉള്ളപ്പോള്‍, ധര്‍മ്മം ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍‍ ശ്രേഷ്ടരായ ആളുകള്‍, അധികാരകേന്ദ്രങ്ങള്‍, സമാജങ്ങള്‍ എന്നിവയെ സേവിച്ചും സ്നേഹിച്ചും അവരിലുള്ള കഴിവുകളെ പുകഴ്ത്തിയും വണങ്ങിയും ചിരിച്ച് കാണിച്ചും സ്വന്തം ജീവിതാവശ്യങ്ങള്‍ നിറവേറ്റി തൃപ്തിവരുത്തുന്നതും ഭക്തിമാര്‍ഗ്ഗമാണ്.


ഹഠയോഗ  
 
മനോനിയന്ത്രണത്തോടൊപ്പം ശരീരനിയന്ത്രണവും ദേഹലാഘവത്വവും പേശിബലവും സ്വായത്തമാക്കാനുള്ള കായികപരിശീലനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഹഠയോഗ. ഇത്തരം പരിശീലനങ്ങള്‍ അഭ്യസിക്കുന്നത് മൂലം മനോമലങ്ങളും ഒപ്പം ദേഹമാലിന്യങ്ങളും പുറത്തുപോയിക്കിട്ടും. പടിപടിയായുള്ള കായികപരിശീലനങ്ങളിലൂടെ പേശിശക്തി നേടാമെന്നും അതോടൊപ്പം മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഒരുപോലെ നിയന്ത്രിക്കാമെന്നും, അതുമുഖേനെ ആന്തരികമനസ്സ്, ആത്മബോധം എന്നിവയുടെ ചേര്‍ച്ച സാദ്ധ്യമാക്കാമെന്നും ഹഠയോഗ അവകാശപ്പെടുന്നു. ഹഠയോഗയുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ അനുഷ്ഠിച്ചുപോരുന്ന വ്യായാമമുറകള്‍ പലതും പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വാത്മരാമന്‍ തയ്യാറാക്കിയ ഹഠയോഗപ്രദീപിക എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്താണ് എന്നൊരു പക്ഷമുണ്ട്.

മനസ്സിന്‍റെയും ദേഹത്തിന്‍റെയും ആരോഗ്യാവസ്ഥ ആനന്ദം നല്‍കും. വിശ്രമിക്കുമ്പോള്‍ ദേഹത്തിനും, ഉറങ്ങുമ്പോള്‍ ബോധമനസ്സിനും, ആഗ്രഹപൂര്‍ത്തീകരണം നടക്കുമ്പോള്‍ ബാഹ്യമനസ്സിനും താല്‍ക്കാലികമായ സുഖം ലഭിക്കും. സുഖം വേണ്ടവര്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യനിയമങ്ങള്‍ അന്വേഷിച്ചറിഞ്ഞ് പാലിക്കണം. ആഗ്രഹങ്ങളെ ലഘുവാക്കി ആഗ്രഹസഫലീകരണം നടത്തണം.

ആരോഗ്യവും മനുഷ്യനില്‍ നിലകൊള്ളുന്ന മാനവികതയും കുറെയൊക്കെ നൈസര്‍ഗ്ഗികമാണ്. അതിനെ തകര്‍ക്കുന്നതും തടസ്സപ്പെടുത്തുന്നതുമായ ഘടകങ്ങളെ തുരത്താന്‍ ഉതകുന്ന എല്ലാ ദര്‍ശനങ്ങള്‍ക്കും പദ്ധതികള്‍ക്കും എക്കാലത്തും പ്രസക്തിയുണ്ട്. ആശയങ്ങളോട് അസഹിഷ്ണുത പുലര്‍ത്തി വെറുതെ വിമര്‍ശിക്കുന്നത് വിഡ്ഢിത്വമാണ്, അല്‍പത്വമാണ്. ധര്‍മ്മനീതികളുടെയും പരിഷ്ക്കാര ആശയങ്ങളുടേയും അവയെ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍മ്മങ്ങളുടേയും ആചാരങ്ങളുടേയും ലക്ഷ്യം ആനന്ദാനുഭവമാണ്, മനുഷ്യനന്മയാണ്. ഏതിനം ആശയമായാലും അത് സാധാരണക്കാര്‍ക്ക് വര്‍ത്തമാനക്കാലത്തില്‍ സമാധാനപരമായി ജീവിക്കാന്‍ ഉതകുന്നതാകണം. പൂര്‍വ്വകാല  ദര്‍ശനങ്ങളോടൊപ്പം എഴുതിച്ചേര്‍ത്ത കഥകളേയും അനുവര്‍ത്തിച്ചുപോരുന്ന നിരവധി അനാചാരങ്ങളെയും മാറ്റിയാല്‍ തന്നെയും അതിലെ സാരാംശങ്ങള്‍ക്ക് നിലനില്‍ക്കാനാകും.

യോഗ ദര്‍ശനങ്ങളും യോഗ അഭ്യാസവും അഷ്ടാംഗയോഗയും വിത്യസ്തമാണ്. മാനസികസംഘര്‍ഷം കുറയ്ക്കാനുള്ള ഉപാധി എന്ന നിലയില്‍ യോഗദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അന്താരാഷ്ട്ര യോഗദിനം ജൂൺ 21ന് ആണ്. 2015 മുതലാണ് ഇത് ആചരിച്ചുപോരുന്നത്. മനസ്സും ശരീരവും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രപഞ്ചവും കാലവും തമ്മില്‍ വേണ്ടതായ സന്തുലിതാവസ്ഥയെയും അതുമൂലം ലഭിക്കാനിടയുള്ള ജീവിതസുഖത്തെയും സംതൃപ്തിയെയും ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു.

ദേഹബലം, സുഖം, ആയുസ്സുവര്‍ദ്ധന, ആനന്ദാനുഭവം, സമാധാനം, ശാന്തി, സംതൃപ്തി എന്നിവ എല്ലാം സംഘടിപ്പിക്കാന്‍ ഉചിതമായത് ആരോഗ്യമാര്‍ഗ്ഗമാണ്. അതിനെ വിവേചിച്ച് അറിയുന്നത് ബുദ്ധിയാണ്. വൈദ്യവിഷയവുമാണ്. 


No comments:

Post a Comment