ആരോഗ്യനിര്വ്വഹണം, രോഗപ്രതിരോധം, രോഗനിര്‍ണ്ണയം, രോഗനിര്‍ഹരണം, വാര്ദ്ധക്യപ്രതിരോധം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് വൈദ്യം. ആഹാരൌഷധങ്ങളുടെ സുഖാവഹമായ പ്രയോഗങ്ങള്‍ കൊണ്ട് രോഗങ്ങളും അതിന്‍റെ കാരണങ്ങളും പരിഹരിച്ച് സ്വസ്ഥത നേടിതരുന്ന വിഭാഗമാണ് ഇത്.
എല്ലാ ജീവികളെയും പോലെ മനുഷ്യനും സുഖം കാംക്ഷിക്കുന്നു. സുഖം അനുഭവിക്കുന്നതിനുള്ള ഘടകങ്ങള്‍ അന്വേഷിച്ച് സംഘടിപ്പിക്കാനും അതിലുള്ള തടസ്സങ്ങള്‍ കണ്ടെത്തി ദൂരീകരിക്കാനും മനുഷ്യന്‍ അവന്‍റെ ആരംഭകാലം മുതല്‍ പരിശ്രമിച്ചുപോന്നിട്ടുണ്ട്. പ്രകൃതി വളരെ പണ്ട് മുതല്‍ ഇവിടെയുണ്ട്. പ്രകൃതിയുടെ നിലനില്‍പ്പിന് വേണ്ടി പ്രകൃതി ചില നിയമങ്ങള്‍ സ്വയം അനുസരിച്ചുപോരുന്നുണ്ട്. അതുപോലെ ആരോഗ്യം അനുഭവിക്കണമെങ്കില്‍, രോഗങ്ങള്‍ പിടിപെടാതെ ഇരിക്കണമെങ്കില്‍ ചില നിയമങ്ങള്‍ അനുസരിക്കാ'ന്‍ മനുഷ്യന്‍ തയ്യാറാകണം. പിടിപ്പെട്ട രോഗങ്ങള്‍ ഉടന്‍ പരിഹരിച്ചുകിട്ടുന്നതിന് പ്രകൃതിയെ നിരീക്ഷിച്ച് ചില പരിഹാരാശയങ്ങള്‍ കണ്ടെത്തണം. ആശയങ്ങള്‍ യുക്തിക്ക് നിരക്കുന്നത്, നിരവധിപേര്‍ക്ക് പ്രയോജനം ഉണ്ടാകുന്നത്, ദീര്‍ഘകാലം നിലനില്‍ക്കുന്നത്, ശാസ്ത്രതത്വങ്ങളെ കലോചിതമായി ഉള്‍കൊള്ളുന്നത് എല്ലാം ആകണം.
മനുഷ്യന്‍റെ സൃഷ്ടാവും സംരക്ഷകനും സംഹാരകനും പ്രകൃതിയാണ് എന്ന കാഴ്ചപ്പാടിന് പഴക്കം ഏറെയുണ്ട്. മനുഷ്യശരീരത്തെ പ്രകൃതി നിയന്ത്രിക്കുന്നത് നിരവധി രീതിയിലാണ്. മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ദുരിതങ്ങള്‍ പരിഹരിക്കാന്‍ നിരവധി യുക്തികള്‍, ഉപായങ്ങള്‍, പരിഹാരഘടകങ്ങള് അനുവദിച്ചുതന്നിട്ടുണ്ട്. അവ ഇന്ദ്രിയഗോചരമായതും സൂക്ഷ്മമായതും ഉണ്ട്. അവ ഏതെല്ലാമാണ് എന്ന് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ വേണ്ടത് കുറച്ച് ഉത്സാഹവും ഒരുക്കവും വിവേകവുമാണ്. അത്തരം വിവേകത്തിന്‍റെ ഉല്‍പന്നമാണ് വൈദ്യം.
ധാതുക്കള്‍, മലങ്ങള്‍ എന്നിവ തമ്മിലുള്ള ചേര്‍ച്ചയിലെ (Homeostasis) തകരാറുകള്‍ പരിഹരിച്ചുള്ള ആരോഗ്യസംരക്ഷണമാണ് വൈദ്യത്തിന്‍റെ പ്രഥമവിഷയം. ആരോഗ്യസംരക്ഷണത്തിന്‍റെ അടിസ്ഥാനം അറിവ്, ആഹാരം, ശുദ്ധി എന്നിവയാണ്. Cure എന്നാല്‍ ശുദ്ധിശുശ്രൂഷ എന്നാണ് അര്‍ത്ഥം. ശരീരത്തെയും മനസ്സിനെയും ശുദ്ധിവരുത്തി അവനവനെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും ധര്‍മ്മമാണ്. വിഷങ്ങള്‍, മാലിന്യങ്ങള്‍, മലങ്ങള്‍ എന്നിവയെ യഥാസമയം നിര്‍മാര്‍ജനം ചെയ്തും നിര്‍വ്വീര്യമാക്കിയും സപ്തധാതുക്കളിലേയും മനസ്സിലേയും ശുദ്ധി സാദ്ധ്യമാക്കണം. അശുദ്ധിയുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. അശുദ്ധിയില്ലാത്ത ബലാവസ്ഥയാണ് ആരോഗ്യം.
രോഗങ്ങള്‍ പിടിപെടുമ്പോള്‍ രോഗലക്ഷണങ്ങള്‍ക്ക് വിപരീതമായ അവസ്ഥ സൃഷ്ടിക്കലാണ് ചികിത്സയുടെ പരമലക്ഷ്യം. രോഗത്തിന്‍റെ ഉപദ്രവലക്ഷണങ്ങള്‍, സാമാന്യലക്ഷണങ്ങള്‍, കാരണങ്ങള്‍ എന്നിവയെ നിര്‍മാര്‍ജനം ചെയ്യുക, ദോഷങ്ങളെ നിര്‍വീര്യമാക്കുക, ബലങ്ങളെ സമീകരിക്കുക, മനശാന്തി വരുത്തുക, ശരീരത്തിന് ലാഘവത്വം സംഘടിപ്പിക്കുക, ദേഹത്തെ പോഷിപ്പിക്കുക, ദേഹപ്രകൃതിക്ക് അനുസരിച്ച് ധാതുസാമ്യം വരുത്തുക, ആരോഗ്യനിലവാരം ഉയര്‍ത്തുക, അകാലവാര്‍ദ്ധക്യം തടയുക, ദൂഷ്യഭാഗങ്ങളെ ആവശ്യമെങ്കില്‍ ശസ്ത്രക്രിയ മുഖേനെ നീക്കം ചെയ്യുക എന്നിവയാണ് ചികിത്സയിലെ വിവിധ വിഷയങ്ങള്‍.
പ്രപഞ്ചകാര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഇന്ദ്രിയങ്ങള്‍ മുഖേനെ മനസ്സില്‍ എത്തിയാല്‍ ധാരണ രൂപപ്പെടുകയും, അതിനെ തുടര്‍ന്നുണ്ടാകുന്ന അനുമാനങ്ങളും അനുഭവങ്ങളും നിഗമനങ്ങളും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ അത്തരം അറിവുകളെയും ആശയങ്ങളെയും വിശ്വാസം എന്ന് പറയാം. ധാരണയയേയും അതിനെത്തുടര്‍ന്നുണ്ടായ അനുഭവത്തേയും അടിസ്ഥാനപ്പെടുത്തി മറ്റുള്ളവരെ യുക്തിപൂര്‍വ്വം ബോദ്ധ്യപ്പെടുത്താന്‍ കഴിയുന്ന ആശയങ്ങളെയാണ് ശാസ്ത്രമെന്ന് വിളിക്കുന്നത്. കല എന്നത് സന്തോഷം നല്‍കുന്ന അഭ്യാസങ്ങളാണ്. ചികിത്സ ഒരേസമയം വിശ്വാസവും ശാസ്ത്രവും കലയും ആണ്.
ചികിത്സ ഭാവനാപരമാകരുത്, വസ്തുതാപരമായിരിക്കണം. ചികിത്സ പഠിക്കുന്നത്, പഠിപ്പിക്കുന്നത്, ചെയ്യുന്നത് അനുഭവങ്ങളില്‍ ഊന്നിയാകണം. അപൂര്‍വ്വം ചില പ്രയോഗരീതികള്‍ വിശദീകരിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ല എന്ന് വരാം. അത്തരം ഒറ്റപ്പെട്ട സംഗതികള്‍ വിശ്വാസത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നു എന്നതുകൊണ്ട് മാത്രം അതിനെ നിരാകരിക്കേണ്ട കാര്യവുമില്ല. വിശ്വാസത്തെ ഒറ്റപ്പെട്ട നിലയില്‍ സ്വീകരിച്ചു എന്നതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഉടലെടുക്കുകയുമില്ല. ചികിത്സ കലാപരമാകണം. പലപ്പോഴും അത്തരത്തില്‍ ആകാത്തതുകൊണ്ടാണ് ചികിത്സകനും രോഗിക്കും ചികിത്സയ്ക്ക് ശേഷവും അതൃപ്തി ഉണ്ടാകുന്നത്.
വിവിധതരത്തിലുള്ള മലങ്ങളും മാലിന്യങ്ങളുമാണ് രോഗങ്ങള്‍ക്ക് നിദാനം എന്ന നിഗമനത്തില്‍ ഊന്നി, നൈസര്‍ഗ്ഗികമായ രോഗശമനശക്തിയെ പോഷിപ്പിച്ചുള്ള രീതികളാണ് വൈദ്യത്തിന്‍റെ ആരംഭത്തില്‍ തുടര്‍ന്നുപോന്നിരുന്നത്. ആദ്യകാലങ്ങളില്‍ യുക്തിയേക്കാള്‍ ഏറെ വിശ്വാസത്തിനും കീഴുവഴക്കങ്ങൾക്കുമാണ് മുന്‍തൂക്കം നല്‍കിയിരുന്നത്.
മഞ്ഞനിറമുള്ള ദ്രവ്യങ്ങള്‍ മഞ്ഞപ്പിത്തത്തെ പരിഹരിക്കുമെന്നും സമാനമായ ആകൃതിയിലുള്ള ആഹാരദ്രവ്യങ്ങള്‍ അവയവങ്ങളെ സംരക്ഷിക്കുമെന്നും പഴയകാലത്ത് പ്രബലമായി വിശ്വസിച്ചുപോന്നിരുന്നു. വെളുത്ത ദ്രാവകം (കഫം), ചുവന്ന ദ്രാവകം (ധമനീരക്തം), മഞ്ഞദ്രാവകം (കരള്‍പിത്തം) കറുത്ത ദ്രാവകം (സിരാരക്തം) എന്നീ നാലുതരം ദേഹദ്രാവകങ്ങള്‍ (Humor) ശരീരത്തില്‍ നിലകൊള്ളുന്നുണ്ട് എന്നും, ഇവയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് രോഗമെന്നും സങ്കല്‍പ്പിച്ച്, അത് ആധാരമാക്കിയായിരുന്നു ഗ്രീക്കുവൈദ്യവും പിന്നീട് ഗാലന്‍ (തുര്‍ക്കി) വൈദ്യവും നിലകൊണ്ടിരുന്നത്. ദേഹദ്രാവകം (Humor) അധികരിക്കുന്ന ഘട്ടത്തില്‍ ഛര്‍ദ്ദിപ്പിച്ചോ വയറിളക്കിയോ മൂത്രം കളഞ്ഞോ വിയര്‍പ്പിച്ചോ രക്തം കളഞ്ഞോ ആണ് രോഗങ്ങളെ പരിഹരിച്ചുപോന്നത്. ആധുനികകാലത്തെ ഹോര്‍മോണ്‍ ആശയം പഴയ കാലത്തെ Humor ല്‍ നിന്നുള്ള മൊഴിമാറ്റമാണ്.
ചികിത്സയെ ആശ്വാസചികിത്സ, ആഹാരചികിത്സ, ഒറ്റമൂലിചികിത്സ, മിശ്രിതചികിത്സ, ശസ്ത്രചികിത്സ എന്നിങ്ങനെ തരംത്തിരിച്ചിരുന്നു. ഇത് പൌരാണിക ഇന്ത്യയില്‍ നിലനിന്നിരുന്ന വിപരീതചികില്‍സയുടെ പരിഷ്ക്കാരം ആയിരുന്നു എന്നും പറയാം. ഗ്രീക്ക് വൈദ്യത്തിന്‍റെ തുടര്‍ച്ചയാണ് യുനാനിവൈദ്യം.
പ്രാചീനവൈദ്യം, ചീനവൈദ്യം, സിദ്ധവൈദ്യം തുടങ്ങിയ പൌരസ്ത്യയിനം പൌരാണിക വൈദ്യസമ്പ്രദായങ്ങള്‍ ശരീരത്തിന്‍റെ പ്രതികരണബലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ലക്ഷണസമാന രീതിക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. അവര്‍ രോഗങ്ങളെ ഭൌതികം എന്നും സൂക്ഷ്മ ഭൌതികം എന്നും തരംതിരിച്ച് ചികിത്സിച്ചു.
"സത്യസന്ധവും പരമ്പരാഗതവുമായ ചികിത്സ" എന്നാണ് Orthodox medicine എന്നതിന്‍റെ അര്‍ത്ഥം. വിഷം കുടിപ്പിക്കുക, വയര്‍ ഇളക്കികളയുക, വട്ടംകറക്കുക, രക്തത്തെ ഊറ്റികളയുക തുടങ്ങിയവയായിരുന്നു യൂറോപ്പിലെ ആദ്യകാല ചികിത്സാരീതികള്‍. ചികിത്സാവിധികള്‍ മുറതെറ്റിക്കാതെ ചെയ്യണമെന്ന് നിര്‍ബന്ധം ആഴത്തില്‍ നിലനിന്നിരുന്നു പരമ്പരാഗതചികിത്സയിലേയും ഗാലന്‍ നിര്‍ദേശിച്ചിരുന്ന മിശ്രിതചികിത്സയിലേയും യുക്തിയില്ലായ്മയെ ചോദ്യംചെയ്ത പരിഷ്കരണവാദികളായ ചികിത്സകരെ നാടുകടത്തുകയോ ദേഹം പൊള്ളിക്കുകയോ കൊന്നുകളയുകയോ ചെയ്ത ചരിത്രം ഉണ്ടായിട്ടുണ്ട്.
അനുഭവത്തില്‍ അധിഷ്ഠിതമായ യുക്തിചികിത്സ പിന്നീട് സാവകാശത്തിലാണ് രൂപപ്പെട്ടത്. വിശ്വാസചികിത്സ, സാന്ത്വനചികിത്സ, ആഹാരചികിത്സ, ഒറ്റമൂലിചികിത്സ, മിശ്രിതചികിത്സ, രാസചികിത്സ, ശസ്ത്രചികിത്സ എന്ന നിലയിലും ചികിത്സ മുന്നേറി. പഥ്യാഹാരചികിത്സ, ഒറ്റമൂലിചികിത്സ എന്നിവയെ രോഗാരംഭത്തിലാണ് പ്രയോജനപ്പെടുത്തിയിരുന്നത്.
‘ശരീരം’ എന്നാല്‍ എപ്പോഴും നശിക്കുന്ന നിലയില്‍ പരിണമിക്കുന്നത് എന്നാണ് അര്‍ത്ഥം. വളര്‍ച്ചയുടെ ഘട്ടത്തില്‍ ക്ഷയിക്കുന്നതും ക്ഷയഘട്ടത്തില്‍ നശിക്കാതെ വളരുന്നതും രോഗങ്ങള്‍ക്ക് കാരണമാകും. കാടിന് തീ പിടിച്ചാല്‍ അത് വേഗത്തില്‍ വ്യാപിക്കും. ചെളിക്കുഴിയില്‍ വീണുപോയാല്‍ ആഴ്ന്നിറങ്ങും. അതുപോലെ രോഗങ്ങള്‍ പിടിപെട്ടാല്‍ ശരീരവും മനസ്സും നാശത്തിലോട്ട് സവധാനത്തിലായാലും നീങ്ങും. അതുകൊണ്ട് രോഗങ്ങള്‍ പിടിപെട്ടാല്‍ എത്രയും വേഗത്തില്‍ യുക്തിപൂര്‍വ്വമായി അതിനെ പരിഹരിക്കേണ്ടതുണ്ട്. പരിഹാരരീതികള്‍ വൈദ്യവിഭാഗവും സമൂഹവും മെച്ചപ്പെടുത്തി ഒരുക്കിവെയ്ക്കണം. ഒരുക്കിവെച്ചത് എത്രത്തോളമെന്ന് ഓരോ വൈദ്യതലമുറയും പരിശോധിക്കണം. ആദ്യം കാര്യവും തുടര്‍ന്ന് കാരണവും പരിഹരിക്കണം.
സദാസമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ശരീരം. ഒരുവശത്ത് ശരീരനിര്‍മ്മാണം നടക്കുമ്പോള്‍ മറുവശത്ത് നാശം നടക്കുന്നു. ഇതിലെ പോരായ്മകള്‍ യഥാസമയം പരിഹരിച്ച് മനുഷ്യനെ സമ്പൂര്‍ണ്ണ ആരോഗ്യവാനാക്കാന്‍ സഹായിക്കുന്ന പരിശ്രമങ്ങളാണ് വൈദ്യവൃത്തിയുടെ (Medical practice) കാതല്‍. പ്രാക്ടീസ് എന്ന പദത്തിന് പരിശ്രമം, അഭ്യാസം, അനുഭവം എന്നെല്ലാം അര്‍ത്ഥമുണ്ട്.
ആത്മാവ്, അഹന്ത, ജീവശക്തി, മനസ്സ്, അകം ഇന്ദ്രിയങ്ങള്‍, ബാഹ്യ ഇന്ദ്രിയങ്ങള്‍, ദേഹധാതുക്കള്‍, ധാതുമലങ്ങള്‍ എന്നിവയെ എല്ലാം സമഗ്രമായി കണ്ട്, സൂക്ഷ്മമായ ഭാഗത്തെയും സ്ഥൂലമായ ഭാഗത്തെയും സംയുക്തമായി പരിഗണിച്ച്, പ്രകൃതിദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തി വ്യക്തിയുടെ ദുരിതങ്ങള്‍ പരിഹരിക്കുന്ന രീതിയെയാണ് Holistic treatment അഥവാ സമഗ്രചികിത്സ എന്ന് വിളിച്ചുപോരുന്നത്. ‘ഹോളിസ്റ്റിക്’ എന്നാല്‍ സമ്പൂര്‍ണമായത് എന്നാണര്‍ത്ഥം.
മനുഷ്യന്, ജീവിതസാഹചര്യങ്ങള്‍, ആരോഗ്യസംരക്ഷണം, രോഗലക്ഷണങ്ങള്‍, ഉപദ്രവലക്ഷണങ്ങള്‍, രോഗകാരണങ്ങള്‍, രോഗപ്രതിരോധം, ഉപദ്രവങ്ങളുടെ പരിഹാരം, രോഗലക്ഷണങ്ങളുടെ പരിഹാരം, രോഗകാരണനിവാരണം, സുഖം, ദീര്‍ഘായുസ്സ് തുടങ്ങിയവയെല്ലാം സമഗ്രചികിത്സയുടെ വിഷയങ്ങളാണ്.
മനുഷ്യശരീരം ഒരു വ്യവസ്ഥാപിത യന്ത്രം പോലെ പരസ്പരപൂരകമാണ്. ദേഹം ഭൌതികമാണ്. ഭാഗികമായി ഭൌതികവും ഭാഗികമായി സൂക്ഷ്മസ്വഭാവവും കലര്‍ന്നതാണ് മനസ്സ്. അതിസൂക്ഷ്മമായ ഒന്നാണ് ജീവശക്തി. ആത്മാവ് എങ്ങിനെയാണ് എന്നത് സങ്കല്‍പ്പത്തിനും അപ്പുറം സൂക്ഷ്മമായ കാര്യമാണ്.
രോഗം ബാധിച്ച മനസ്സില്‍ നിന്നും ദേഹധാതുക്കളില്‍ നിന്നും നിരവധി ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ഒറ്റയ്ക്ക്, ഒന്നിന് പുറകെ ഒന്നായി ചികില്‍സിച്ചാല്‍ സുഖം അനുഭവപ്പെട്ടുകിട്ടാന്‍ കാലതാമസം ഉണ്ടാകും. അത്തരം ഒരു തിരിച്ചറിവാകണം ചികിത്സയെ സമഗ്രരീതിയില്‍ ആസൂത്രണം ചെയ്യാന്‍ പൂര്‍വ്വികരെ പ്രേരിപ്പിച്ചത്. യുക്തിവ്യപാശ്രയചികിത്സ, സത്വാവജയചികിത്സ, ദൈവവ്യപാശ്രയചികിത്സ എന്നിവ ചേര്‍ന്നതാണ് പഴയകാലത്തെ സമഗ്രചികിത്സ.
യുക്തിവ്യപാശ്രയം
ചികിത്സ എന്നത് പരിഹാരമാര്‍ഗ്ഗങ്ങളും പ്രയോഗക്രമങ്ങളും ഉള്‍പ്പെട്ടതാണ്. രോഗപരിഹാരത്തിന് ചില ആശയങ്ങള്‍ വേണം. അതില്‍ യുക്തിസഹജമായ ചില ഫോര്‍മുലകള്‍ ഉള്‍പ്പെട്ടിരിക്കണം. ഓരോ രോഗങ്ങള്‍ക്കും ഒന്നിലധികം പരിഹാരമാര്‍ഗ്ഗങ്ങള്‍ പ്രകൃതി കാണിച്ചുതരുന്നുണ്ട്. അതില്‍ ഏറ്റവും ഉചിതമായത്, യുക്തിസഹജമായത് കണ്ടെത്തി അത് സന്ദര്‍ഭോചിതമായി പ്രയോഗിക്കാന്‍ കഴിയണം. നീണ്ട അന്വേഷണത്തിന്‍റെയും നിരന്തരമായ അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ആശയങ്ങളേയും പ്രയോജനപ്പെട്ട ദ്രവ്യങ്ങളേയും ഉപയോഗപ്പെടുത്തിയുള്ള രോഗനിവാരണരീതിയാണ് യുക്തിവ്യപാശ്രയ ചികിത്സ.
യുക്തിചികിത്സയില്‍ ശോധന, ശമനം എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്. മനസ്സ്, സപ്തധാതുക്കള്‍, മലങ്ങള്‍ എന്നിവ തമ്മില്‍ വൈഷമ്യമുണ്ടായാല്‍ അവയെ സൌമ്യമാക്കണം. ധാതുക്കള്‍ കുറഞ്ഞാല്‍ പോഷിപ്പിക്കണം. അധികമായാല്‍ ലംഘനം ചെയ്യണം. ദോഷങ്ങള്‍ വര്‍ദ്ധിച്ചാല്‍, ബലങ്ങള്‍ കുറഞ്ഞ് കോപിച്ചാല്‍ അവയെ ശമിപ്പിക്കണം. രോഗലക്ഷണങ്ങളുടെ സ്വഭാവം, കാഠിന്യം, വീര്യം, പഴക്കം; ആളുടെ പ്രായം, ദേഹപ്രകൃതി, ദഹനബലം, ദോഷങ്ങള്‍; സാഹചര്യങ്ങള്‍, ഋതുക്കള്‍ എന്നിവയെല്ലാം ചികിത്സയില്‍ പരിഗണിക്കണം. അതനുസരിച്ച് ലംഘനം, ശോധന, ശമനം എന്നിവയില്‍ ഉചിതമായതിനെ അവലംബിക്കണം.
ആളുകളെ പൊതുവെ ബലവാന്, ദുര്ബലന് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ചികിത്സാലക്ഷ്യം രോഗവിപരീതമാണ്. രോഗി ബലവാനെങ്കില്‍ രോഗകാരണമായ മാലിന്യങ്ങളെ ശോധിപ്പിക്കണം. രോഗി ദുര്‍ബലനെങ്കില്‍ മാലിന്യങ്ങളെ നിര്‍വ്വീര്യമാക്കി ലക്ഷണങ്ങളെ ശമിപ്പിക്കണം. സാന്ത്വനം കൊണ്ടോ, പഥ്യാഹാരം കൊണ്ടോ, സമാനാശയത്തിലുള്ള ഒറ്റമൂലി മരുന്നുകൊണ്ടോ വിപരീതമരുന്നുകള്‍ കൊണ്ടോ രോഗസന്ദര്‍ഭം അനുസരിച്ച് ശമനചികിത്സ ചെയ്യണം.
രോഗത്തിന്‍റെ മൃദു അവസ്ഥയിലും പ്രതികരണസ്വഭാവം അധികമുള്ള ഘട്ടത്തിലും സമാനരീതി അവലംബിച്ചുകൊണ്ട് വിപരീതാവസ്ഥ സംഘടിപ്പിക്കണം. രോഗം തീവ്രമാണെങ്കില്‍ നേരിട്ട് വിപരീതചികിത്സ ചെയ്യാം. പ്രതികരണശേഷി വളരെ കുറഞ്ഞ ഘട്ടത്തില്‍ മാത്രമാണ് വിരുദ്ധ(Allo)ചികിത്സ ചെയ്യേണ്ടത്.
ലംഘനചികിത്സ
ശരീരത്തിലെ വിവിധ ധാതുക്കള്‍ തമ്മിലുള്ള ക്രമം വിത്യാസപ്പെട്ടാലും രോഗലക്ഷണങ്ങള്‍ രൂപപ്പെടും. ധാതുവൈഷമ്യത്തിന് കാരണം ധാതുവര്‍ദ്ധനവോ ധാതുകുറവോ ആകാം. പ്രയാസങ്ങള്‍ രൂപപ്പെട്ടത് ദേഹധാതുക്കള്‍ അമിതമായതുമൂലം ആണെങ്കില്‍ ലംഘന ചികിത്സകള്‍ ചെയ്യണം. ശരീരത്തിന്‍റെ ഭാരം അധികരിച്ച ഘട്ടമാണെങ്കില്‍ ശോധനചികിത്സയോടൊപ്പം ലംഘനചികിത്സയും ചെയ്യാം.
വ്രതം, ദാഹനിയന്ത്രണം, ലഘു ആഹാരം, ദഹനത്തെ സഹായിക്കുന്ന ദ്രവ്യങ്ങളുടെ ഉപയോഗം, ഉറക്കം, കുളി, കാറ്റുകൊള്ളല്, വെയില് കൊള്ളല്‍, നിലാവെളിച്ചം ഏല്‍ക്കല്‍, വ്യായാമം, വെളിച്ചെണ്ണ പുരട്ടി വിയര്‍ക്കല്‍, ധാരകോരല്‍, മസാജ്, മരുന്നുലേപനം, ശോധനക്രിയകള്‍ എന്നിവയെല്ലാം ലംഘനരീതികളാണ്.
തല, കണ്ണ്, കഴുത്ത് എന്നീ ഭാഗങ്ങളിലെ രോഗങ്ങള്‍, വിദ്രധി, പ്ലീഹരോഗങ്ങള്‍, ഊരുസ്തംഭം, ദുര്‍മേദസ്, പ്രമേഹം, കുഷ്ടം, ആമവാതം, പോളം എന്നിവയിലെല്ലാം ലംഘനരീതികള്‍ അവലംബിക്കാം. ലംഘനത്തിന് പറ്റിയ ഋതു ശിശിരമാണ്. ദേഹബലം പൊതുവേ കുറഞ്ഞ വര്‍ഷത്തില്‍ ലംഘനം നടത്തിയാല്‍ ക്ഷീണത്തിന്‍റെ തീവ്രത കൂടും.
ശോധനചികിത്സ
ശരീരത്തിലെ വിവിധ ധാതുക്കളില്‍ നിലകൊള്ളുന്ന മാലിന്യങ്ങൾ, പാകപരിണാമം പൂർത്തിയാക്കാൻ കഴിയാതെ വന്ന പോഷകഘടകങ്ങൾ, രോഗാണുക്കൾ, വിഷഘടകങ്ങൾ തുടങ്ങിയവയെ പ്രത്യേക തരത്തിൽ രൂപാന്തരപ്പെടുത്തി ശരീരത്തിൽ നിന്ന് പുറംതള്ളുന്ന വിധികളാണ് മൂത്രംകളയല്, വിരേചനം, വമനം, സ്വേദനം, നസ്യം, രക്തമോക്ഷം തുടങ്ങിയ ശോധനക്രിയകള്‍.
ദേഹധാതുക്കളും രോഗകാരികളായ മാലിന്യങ്ങളും തമ്മിൽ ദൃഢമായി ബന്ധിക്കപ്പെട്ട നിലയില്‍ ആയിരിക്കും രോഗാവസ്ഥയില്‍ നിലകൊള്ളുന്നത്. ഇവയെ ദഹിപ്പിച്ച് വേര്‍പെടുത്തി ശോധനായോഗ്യമാക്കി തീർക്കുന്ന ക്രിയാക്രമങ്ങളാണ് പൂർവ്വകർമ്മങ്ങൾ. ശോധനയ്ക്ക് മുന്നോടിയായി ചെയ്തുപോരുന്ന ഇത്തരം കർമ്മങ്ങള്‍ കേരളത്തിലെ ചികിത്സകര്‍ വികസിപ്പിച്ചെടുത്തതാണ്. ഇവ രണ്ട് വിധത്തിലാണ്.
സ്നേഹനം
കൊഴുപ്പ് രൂപത്തിലുള്ള ദ്രവ്യങ്ങള്‍ പുറമേ പുരട്ടിയും അകത്ത് കഴിപ്പിച്ചും ശരീരത്തെ സ്‌നേഹപൂരിതമാക്കുന്ന പ്രക്രിയയാണിത്. ഇതുമൂലം ധാതുക്കളിലേയും, ദേഹദ്രാവകത്തിലേയും മാലിന്യബന്ധനങ്ങള്‍ ശിഥിലമായി കിട്ടുന്നു.
സ്വേദനം
സ്‌നേഹനകർമ്മത്തിന് ശേഷം രോഗിയെ അനുയോജ്യമായ സ്വേദനക്രിയ കൊണ്ട് വിയർപ്പിക്കുന്നു. രോഗകാരികളായ മാലിന്യങ്ങളെ വിസർജിപ്പിക്കുവാന്‍ ഉതകുംവിധം ചര്‍മ്മത്തിലൂടെയുള്ള സഞ്ചാരപഥത്തെ സുഗമമാക്കുന്ന ക്രിയകള്‍ ചെയ്യുന്നു.
ശോധന രീതികള്‍
ബലങ്ങള്‍ക്കും ദോഷങ്ങള്‍ക്കും പൂര്‍വ്വികര്‍ ഒരു മൂലസ്ഥാനം നിര്‍ണ്ണയിച്ചിരുന്നു. ശരീരത്തിന്‍റെ മേലറ്റം കഫസ്ഥാനവും മദ്ധ്യഭാഗം പിത്തസ്ഥാനവും ഉദരത്തിന്‍റെ കീഴ്‌ഭാഗം വാതസ്ഥാനവും ആയി അവര്‍ തരംതിരിച്ചു. ശരീരത്തിന്‍റെ മേല്‍ഭാഗത്ത് കഫഗുണവും മദ്ധ്യഭാഗത്ത് പിത്തഗുണവും കീഴുഭാഗത്ത് വാതഗുണ പ്രധാനവുമായ മലങ്ങള്‍ സംഭരിക്കുന്നതായും കണക്കാക്കി. അവിടെ നിന്നും അത് യഥാസമയം പുറംതള്ളപ്പെടുകയോ അല്ലെങ്കില്‍ വിപാകം വന്ന് മലമായോ വിഷമായോ പരിണമിക്കുകയും ചെയ്യും. മലങ്ങള്‍ പാകമാകാതെയോ പാകമായോ അന്യഭാഗങ്ങളില്‍ എത്തപ്പെടുമ്പോളാണ് തീവ്രമായ രോഗലക്ഷണങ്ങള്‍ ഉളവാകുന്നത്.
നവമലങ്ങളും ആര്‍ജിതദോഷങ്ങളും പ്രാഥമികമായി രൂപപ്പെടുന്നത് അന്നപഥത്തിലോ ശ്വാസകോശത്തിലോ ചര്‍മ്മത്തിലോ സ്വകാര്യഭാഗങ്ങളിലോ ആണ്. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വര്‍ദ്ധിച്ചുനിലകൊള്ളുന്ന മലങ്ങളും അവയുടെ സ്ഥാനവും തിരിച്ചറിയണം. അതനുസരിച്ചുള്ള ശോധനക്രിയകള്‍ ചെയ്യണം. കഫസ്ഥാനത്ത് ഉടലെടുക്കുന്ന രോഗത്തില്‍ ഛര്‍ദ്ദിപ്പിക്കണം. പിത്തസ്ഥാനരോഗത്തില്‍ വയറിളക്കണം. വാതസ്ഥാന രോഗത്തില്‍ മൂത്രം കളയുകയും വെളിച്ചെണ്ണ, ചൂടാക്കിയ തൈലം എന്നിവയില്‍ ഏതെങ്കിലും ചര്‍മ്മത്തില്‍ പുരട്ടി വിയര്‍പ്പിക്കുകയും ചെയ്യണം.
പിത്തമലം വര്‍ദ്ധിച്ച് കീഴോട്ട് സമ്മര്‍ദ്ദം ചെലുത്തിയാല്‍ താഴെ നിലകൊണ്ടിരുന്ന വാതമലങ്ങള്‍ കീഴോട്ട് നീങ്ങി കാലില്‍, കീഴ് സന്ധികളില്‍ എത്തും. പിത്തമലം മുകളിലോട്ട് നീങ്ങിയാല്‍ മുകളില്‍ നിലകൊണ്ടിരുന്ന കഫമലം കഴുത്ത് സന്ധികളിലോട്ടും ശിരസ്സിലോട്ടും വ്യാപിക്കും. വാതമലം ചലിച്ച് മേലോട്ട് നീങ്ങിയാല്‍ പിത്തമലവും, കഫമലവും ഒരുമിച്ച് കഴുത്ത്, ശിരസ്സ്, കൈ എന്നീ ഭാഗങ്ങളിലോട്ട് വ്യാപിക്കും. കഫമലം കീഴോട്ട് സമ്മര്‍ദ്ദം ചെലുത്തിയാല്‍ പിത്തമലം അടിവയര്‍ ഭാഗത്തും വാതമലം കീഴ് സന്ധികളിലും എത്തും. ഇത്തരം ഭവിഷത്ത് പ്രയാസങ്ങളില്‍ ശോധനചികിത്സയ്ക്ക് മുന്നോടിയായി വിപരീതതത്വത്തില്‍ ശമനചികിത്സ ചെയ്യണം.
ശിശുക്കള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍ തുടങ്ങിയ ദുര്‍ബലരുടെ രോഗങ്ങള്‍, പഴകിയ മൃദുരോഗങ്ങള്‍, വിഷബാധ എന്നീ അവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഘട്ടങ്ങളിലും ശോധനക്രിയകള്‍ ചെയ്യാം. ജീവിതശൈലീരോഗങ്ങള്‍ പിടിപെട്ടാലും ശോധനചികിത്സ ചെയ്യണം. ശോധനമരുന്നുകള്‍ മാലിന്യസ്ഥാനത്ത് നേരിട്ട് പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍ ലഘുവായ അളവില്‍ മതിയാകും. മലങ്ങളെ വിദൂരഭാഗത്തുള്ള ദ്വാരങ്ങള്‍ വഴി വിസർജിപ്പിക്കുന്നതിന് ഔഷധങ്ങള്‍ അധികം അളവില്‍ പ്രയോഗിക്കേണ്ടതായി വരും.
മൂത്രം, മലം, വിയര്‍പ്പ് തുടങ്ങിയ അശുദ്ധപദാര്‍ത്ഥങ്ങള്‍ക്ക് സമാനമായ ദ്രവ്യങ്ങള്‍ പ്രയോഗിച്ചാല്‍ അവയുടെ വിസര്‍ജനം നടക്കുന്നതോടൊപ്പം അവയ്ക്ക് സമാനമായ മറ്റ് ആന്തരികമലങ്ങള്, വിഷങ്ങള്‍ എന്നിവ കൂടി പുറംതള്ളപ്പെട്ടുകിട്ടും. മാലിന്യങ്ങളുടെ സ്വസ്ഥാനത്ത് മരുന്നിന് നേരിട്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്ന ഘട്ടത്തില്‍ അനുബന്ധഭാഗങ്ങളെ ഉത്തേജിപ്പിച്ച് (Reflex) ആ രീതിയിലും ശോധിപ്പിക്കണം.
മലം അധികരിച്ചും പരിണമിക്കാതെയും സ്വസ്ഥാനത്ത് നിലകൊള്ളുന്ന ഘട്ടത്തില്‍ അത് കുറച്ച് ബലത്തെ പ്രദാനം ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ച മലം അന്യധാതുവില്‍ എത്തിയാല്‍ അവിടത്തെ ബലം കുറയും. അന്യധാതുവില്‍ എത്തിയ മലത്തിന് പരിണാമം ഒന്നും സംഭവിച്ചില്ലായെങ്കില്‍ അവ എവിടെ നിന്നാണോ വന്നത് അവിടേക്ക് തിരിച്ചുവിടണം. തുടര്‍ന്ന് അവിടെ നിന്ന് പുറംതള്ളണം.
ശരീരം സ്വയം തന്നെ ഓരോയിനം ദേഹമലങ്ങളേയും വെവ്വേറെ ദ്വാരങ്ങളിലൂടെ ഓരോ ഋതുവിലും പുറത്തുകളയുന്നുണ്ട്. ശിരസ്സ്, കഴുത്ത്, നെഞ്ച്, കുടല്‍ എന്നീ ഭാഗങ്ങളിലെ കഫമലം വര്‍ദ്ധിച്ച് അത് ചര്‍മ്മത്തില്‍ എത്തിയാല്‍ കുരുവായോ മൊരി ആയോ വിയര്‍പ്പ് ആയോ വിസര്‍ജിക്കപ്പെടും. ചര്‍മ്മത്തില്‍ എത്തിയ മലം വേര്‍പെട്ട് ഇളകിപോകാനും കുരു, ചിതമ്പല്‍ എന്നിവ വേഗത്തില്‍ പാകമാകാനും ചര്‍മ്മത്തില്‍ വെളിച്ചെണ്ണയോ ചൂടാക്കിയ എണ്ണയോ പുരട്ടാം. ഇതിന് പറ്റിയത് മാര്‍ച്ച് (വസന്ത ഋതു) മാസമാണ്. വര്‍ദ്ധിച്ച കഫമലം ചര്‍മ്മത്തിലൂടെ പുറത്തുപോകാതെ പരിണമിച്ച് രക്തത്തില്‍ തന്നെ നിലകൊണ്ടാല്‍ കൊളസ്ട്രോള്‍ തോത് വര്‍ദ്ധിക്കും. അത്തരം സംയുക്തങ്ങള്‍ ധമനികളില്‍ ഉറച്ചാല്‍ രക്തസഞ്ചാരം തടസ്സപ്പെടും. കഫമലങ്ങളെ യഥാസമയം പുറത്തുകളഞ്ഞാല്‍ കൊളസ്ട്രോള്‍ വര്‍ധന, അര്‍ബ്ബുദം, പിത്തസഞ്ചിയിലെ കല്ലുകള്‍ എന്നിവ രൂപപ്പെടുകയില്ല.
അധികരിച്ച പിത്തമലത്തെ വയറിളക്കി കളയാന്‍ നല്ലത് വര്‍ഷഋതുവാണ്. ക്ഷാരയിനത്തില്‍ പ്പെട്ട സസ്യാഹാരം മാത്രം കഴിക്കുന്ന ശീലം ഉള്ളവരില്‍, വര്‍ഷഋതുവില്‍ മൂത്രം കൂടുതല്‍ അളവില്‍ പോകാനിടയായാല്‍ രക്തത്തിന്‍റെ ആല്‍ക്കലി സ്വഭാവം വര്‍ദ്ധിക്കും. ഇത് ക്ലോട്ടിംഗ് പ്രക്രിയയെ വേഗത്തില്‍ ആക്കും. രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തും. ഉപ്പൂറ്റിവേദന, കൈതളര്ച്ച, തലകറക്കം, പേശിപിടുത്തം എന്നിവ അനുഭവപ്പെടും. വാതമലം ശരത്ഋതുവില്‍ മൂത്രരൂപേണ സാമാന്യഅളവില്‍ പുറത്തുപോയില്ലായെങ്കില്‍ അത് ആശയങ്ങളില്‍, സന്ധികളില്‍ സംഭരിക്കപ്പെടും. ഉഷ്ണരോഗലക്ഷണങ്ങള്‍ക്ക് കാരണമാകും.
വിരേചനം
മൂത്രശോധനാക്രിയകള്‍ നടത്തിയ ശേഷമാണ് വിരേചനം ചെയ്യേണ്ടത്. നാം കഴിക്കുന്ന ആഹാരം അന്നപഥത്തിന്‍റെ ആദ്യപകുതിയില്‍ വെച്ച് വിവിധ സാരാംഗ്നികളുടെ സഹായത്താല്‍ ദഹിക്കും. അതിനെതുടര്‍ന്ന് ഉണ്ടാകുന്ന കിട്ടം കീഴോട്ട് നീങ്ങും. ഇതും, ഉപാപചയത്തെ തുടര്‍ന്ന് തിരികെ അന്നപഥത്തില്‍ എത്തിച്ചേരുന്ന മലവും കുടലില്‍ കെട്ടിക്കിടന്ന് വീണ്ടും ദഹിക്കാന്‍ ഇടയാകരുത്. അങ്ങിനെ പതിവായാല്‍ അന്നജമലം, മാംസമലം, കൊഴുപ്പ്മലം എന്നിവയുടെ തോത് രക്തത്തില്‍ കൂടും.
കുടലില്‍ വര്‍ദ്ധിച്ചുനിലകൊള്ളുന്ന മലങ്ങളെ ആദ്യം നെയ്യ് ഉപയോഗിച്ച് മൃദുവാക്കണം. ഇതിനുപറ്റിയ സമയം ജൂലൈ മാസമാണ്. ആവശ്യത്തിന് ജലം കുടിച്ച് ശരീരത്തിലെ ജലാംശം നികത്തണം. തുടര്‍ന്ന് വയറിളകി പോകുന്നതിന് ഉതകുന്ന ദ്രവ്യം കഴിക്കണം. സുന്നാമുക്കി ഇല 12 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ടുവെച്ച് പിഴിഞ്ഞ് അതിന്‍റെ സത്ത് എടുത്ത് കഴിച്ചാല്‍, ആവണക്ക് എണ്ണ കഴിച്ചാല്‍ വയറിളകും. പഴജ്യൂസുകളില്‍ പാല്‍ ചേര്‍ത്ത് ശീതത്തെ ഇരട്ടിപ്പിച്ച് കഴിച്ചാലും വയറിളകും. രക്തധാതു ദുഷിച്ച ഘട്ടത്തിലും വിരേചനമരുന്നുകള്‍ കഴിക്കണം.
വമനം
ആഹാരത്തില്‍ പശുവിന്‍നെയ്യ് ചേര്‍ത്ത് കഴിച്ചും ചര്‍മ്മത്തില്‍ എണ്ണ പുരട്ടിയും ശരീരത്തിലെ കൊഴുപ്പുമലങ്ങളെ ആദ്യം അലിയിപ്പിച്ച് പാകപ്പെടുത്തണം. വിരേചനത്തിന് ശേഷമാണ് വമനം ചെയ്യേണ്ടത്. വിരേചനവും വമനവും ഒന്നിച്ച് ചെയ്യാന്‍ പാടില്ല. ഒരു വമനം കഴിഞ്ഞ ഉടനെ വീണ്ടും വമനം പാടില്ല. വമനത്തെ തുടര്‍ന്ന് ഗുരുവായ ആഹാരങ്ങള്‍ കഴിക്കരുത്. ഇവയെല്ലാം മുറ പോലെ ചെയ്യണം.
സ്വേദനം
ചര്‍മ്മത്തില്‍ കഫമലം എത്തുമ്പോഴും കൊഴുപ്പുധാതു ക്ഷയിക്കുമ്പോഴും വിയര്‍പ്പ് സജീവമാകും. ഗ്രീഷ്മത്തില്‍ സാധാരണഗതിയില്‍ തന്നെ വിയര്‍പ്പ് തോത് കൂടും. ചിലരില്‍ വിയര്‍പ്പുഗ്രന്ഥികളുടെ മാന്ദ്യം മൂലം വിയര്‍പ്പ് പൂര്‍ണമായി നടന്നില്ല എന്നുവരാം. അക്കുട്ടര്‍ വേനല്‍ അവസാനത്തില്‍ വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പ്, എരിവ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം. വിസര്‍ജിക്കാതെ ബാക്കി വന്ന മലങ്ങളെ വര്‍ഷാരംഭത്തില്‍ മൂത്രം, മലം എന്നീ മാര്‍ഗ്ഗേണ കളയണം.
വര്‍ഷഋതുവില്‍ നൈസര്‍ഗികമായി വയറിളകാത്തവര്‍ ആണെങ്കില്‍ വര്‍ഷാന്ത്യത്തില്‍ വിരേചനമരുന്ന് കഴിച്ച് വയറിളക്കണം. ഛര്‍ദ്ദിപ്പിക്കുകയും ആകാം. വര്‍ഷാരംഭത്തില്‍ കുടിച്ച ജലം ദേഹത്തിന് അഹിതമായാല്‍ അത് കുടല്‍ വഴിയോ മൂത്രം വഴിയോ പോയില്ലെങ്കില്‍, ശിരസ്സറയിലോ നെഞ്ചറയിലോ, ഉദരറയിലോ ഹൃദയറയിലോ കയറിപ്പറ്റി രോഗലക്ഷണങ്ങളെ സൃഷ്ടിക്കും. ഈ ഘട്ടത്തില്‍ ശരീരം താപത്തെ സ്വയം വര്‍ദ്ധിപ്പിച്ചോ ബാഹ്യധമനികളിലൂടെയുള്ള രക്തസഞ്ചാരത്തെ ത്വരിതപ്പെടുത്തിയോ മാലിന്യങ്ങളെ സ്തരങ്ങളിലും ബാഹ്യദ്വാരങ്ങളിലും എത്തിച്ച് വിസര്‍ജിപ്പിക്കും. ഇത് ജ്വരത്തിന് കാരണമാകും.
രക്തധാതു ക്ഷയിച്ചാല്‍ പിത്തമലം കൂടും. അത് മലം, മൂത്രം എന്നിവ വഴി പോകാതെ ചര്‍മ്മത്തില്‍ എത്തിയാല്‍ തടിപ്പ്, തിണര്‍പ്പ് എന്നിവ രൂപപ്പെടും. അമ്ലത കൂടിയ പിത്തമലം ചര്‍മ്മത്തിലോ മൂക്കസ്സ്തരങ്ങളിലോ എത്തിയാല്‍ രക്തസ്രാവത്തിന് വഴിവെക്കും. രക്തസ്രാവലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം പിത്തവിഷത്തെ വിരേചിപ്പിച്ച് കളയണം. മൂത്രവും കളയണം. മൂത്രം അധികം പോകാത്തവരാണെങ്കില്‍ അവരെ ഛര്‍ദ്ദിപ്പിച്ചാല്‍ ആമാശയം വഴി കുറച്ചു അമ്ലം പുറത്തുപോയിക്കിട്ടും. ഈ ഘട്ടത്തില്‍- അമ്ലഗുണം അധികമുള്ള മദ്യം, ഉപ്പ്, മാംസാഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ഫ്രൂട്ട്സ് പോലുള്ള ക്ഷാരദ്രവ്യങ്ങള്‍ കഴിച്ച് ആമാശയത്തിലെ അമ്ലതയെ ലഘുവാക്കണം.
അമ്ലങ്ങള്‍ ആമാശയം വഴിയും മൂത്രം വഴിയും വിസര്‍ജിച്ച് പുറത്തുപോകുന്നത് തടസ്സപ്പെട്ടാല്‍ രക്തത്തിലെ ക്ഷാരനില കുറയും. അധികരിച്ച അമ്ലഘടകങ്ങളെ ഉള്‍കൊള്ളാനായി ശിരസ്സില്‍, നെഞ്ചില്‍, ഉദരത്തില്‍ യഥാക്രമം കഫകെട്ട്, പ്ലുരസി, മഹോദരം എന്നിവയെ ജീവശക്തി രൂപപ്പെടുത്തും. ഇത്തരം പ്രക്രിയകള്‍ വളരെ സാവധാനത്തിലായാല്‍ അത് ചിലരില്‍ ദുര്‍മേദസ്സ് രൂപപ്പെടാന്‍ ഇടവരുത്തും.
ശരത്ഋതുവില്‍ മൂത്രം സാമാന്യഅളവില്‍ പോയില്ലായെങ്കില്‍ പിത്തമലം ചര്‍മ്മത്തിലോ സന്ധികളിലോ ആശയങ്ങളിലോ സംഭരിക്കപ്പെടും. ഇത്തരക്കാര്‍ ആദ്യം മൂത്രത്തെ വര്‍ദ്ധിക്കുന്ന മരുന്ന് കഴിച്ച് മൂത്രത്തെ കളയണം. ഗ്രീഷ്മത്തിലേത് പോലെ ശരത്ഋതുവിന്‍റെ ഒടുവിലും വിയര്‍പ്പിക്കണം.
ശോധനക്രിയകള്‍ പൂര്‍ത്തിയായാല്‍ കുറച്ച് വിശ്രമിക്കണം. അതിനുശേഷം ആദ്യഘട്ടത്തില്‍ ലഘുവായ ആഹാരം കഴിക്കണം. ആദ്യം പൊടിയരി കഞ്ഞി, തുടര്‍ന്ന് ചോറ്, മാംസവിഭവങ്ങള്‍, കൊഴുപ്പ് അടങ്ങിയത് എന്നീ ക്രമത്തില്‍ ഘട്ടംഘട്ടമായി ആഹാരത്തിന്‍റെ ഗുരുത്വം വര്‍ദ്ധിപ്പിക്കണം.
ആരോഗ്യാവസ്ഥയില്‍ ഓരോ ഋതുവിലും നൈസര്‍ഗ്ഗികമായി തന്നെ ഓരോയിനം ശോധന ഉണ്ടാകുന്നുണ്ട്. അതിനാല്‍ പ്രത്യേകിച്ചുള്ള ശോധനചികിത്സയുടെ ആവശ്യമില്ല. മരുന്നുകളെ ഉപയോഗപ്പെടുത്താതെ ചര്‍മ്മഭാഗത്തെ ഉരസിയോ ചൂടുപിടിച്ചോ പേശികളെ തടവിയോ ദേഹത്തിലെ ചാലുകളെയും ദ്വാരങ്ങളെയും തുറപ്പിച്ച് അഴുക്കുകളെ നീക്കംചെയ്യുന്നതും ശോധനചികിത്സതന്നെയാണ്.
ഋതുവ്യതിയാനങ്ങള്, ആഹാരരീതികളിലെ മാറ്റങ്ങള്‍, രോഗങ്ങള്‍ എന്നിവ നിമിത്തമെല്ലാം ദേഹത്തില്‍ മാലിന്യത്തിന്‍റെ തോത് വര്‍ദ്ധിക്കും. ദേഹത്തില്‍ രൂപപ്പെട്ട മലങ്ങളേയും ഋതു അന്ത്യത്തില്‍ പുറത്ത് പോകേണ്ടിയിരുന്ന മലങ്ങളേയും ഔഷധങ്ങള്‍ പ്രയോജനപ്പെടുത്തി അതാത് ശോധനാചാലുകളിലൂടെ പുറത്തുകളഞ്ഞ് വിസര്‍ജനം പൂര്‍ണ്ണമാക്കുന്ന നടപടികള്‍ ഇപ്പോള്‍ സുഖചികിത്സ എന്ന പേരില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തിപോരുന്നുണ്ട്. എല്ലാത്തരം ശോധനാക്രിയകളും കൊല്ലത്തില്‍ ഒരിക്കലെന്നോണം ഒന്നിച്ച് ചെയ്യുവാന്‍ പറ്റിയത് വര്‍ഷഋതുവിലാണ്.
ശമനചികിത്സ
രോഗങ്ങളെ ബാഹ്യരോഗങ്ങള്, ആന്തരികരോഗങ്ങള് എന്നിങ്ങനെയും തരംതിരിക്കാം. ബാഹ്യരോഗങ്ങളുടെ പ്രഥമഘട്ടം, മനോധാതുവിനെയോ ജീവശക്തിയെയോ ബാധിക്കാത്ത ആഗന്തുകരോഗങ്ങളുടെ പ്രഥമഘട്ടം എന്നീ സന്ദര്‍ഭങ്ങളില്‍ പഥ്യങ്ങള്‍ മാത്രം പാലിച്ചാലും രോഗത്തില്‍ നിന്ന് ആശ്വാസം കിട്ടും. ദുര്‍ബലരില്‍ രോഗകാരികളായ മാലിന്യങ്ങളേയും വിഷങ്ങളേയും ആഹാരങ്ങള്‍, ഔഷധങ്ങള്‍ എന്നിവ മുഖേനെ പചിപ്പിച്ച് നിർവ്വീര്യമാക്കി രോഗശമനം സാദ്ധ്യമാക്കുന്ന വിധികളാണ് ശമനക്രിയകള്‍.
ഒരാളില്‍ നൈസര്‍ഗികമായുള്ള രോഗപ്രതിരോധശക്തി, മനോബലം, ദേഹബലം എന്നിവ കുറയുന്നതിന് ആനുപാതികമായി രോഗത്തിന്‍റെ തീവ്രത കൂടും. അത്തരം ഘട്ടത്തില്‍ ശമനചികിത്സ ചെയ്യണം. ശമനചികിത്സയ്ക്ക് രോഗത്തിന്‍റെ വീര്യവും (ഉഷ്ണം, ശീതം) ആധാരമാക്കാം. ഇതിന്‍റെ അന്തിമലക്ഷ്യം ലക്ഷണവിപരീതവും ദോഷവിപരീതവുമാണ്.
രോഗസമാനം, രോഗവിപരീതം, ഹേതുവിപരീതം, രോഗവിരുദ്ധം എന്നിങ്ങനെ ശമനചികിത്സ നാലുതരത്തിലുണ്ട്. രോഗത്തിന്‍റെ സ്വഭാവം, കാഠിന്യം, രോഗപഴക്കം, രോഗിയുടെ പ്രതികരണബലം എന്നിവ അടിസ്ഥാനമാക്കിയാണ് ശമനരീതികള്‍ തിരഞ്ഞെടുക്കുന്നത്.
ഒരേയിനം രോഗലക്ഷണങ്ങളില്‍ തന്നെ നാലുരീതിയില്‍ ചികിത്സ സാദ്ധ്യമാണ്. "അമിതവിശപ്പ്’ എന്ന ലക്ഷണത്തെ ഉദാഹരണമായി പരിശോധിക്കാം.
1. ആഹാരം ദീര്‍ഘസമയം കഴിക്കാഞ്ഞതുമൂലം ഉടലെടുത്ത വിശപ്പില്‍ വയര്‍ നിറയുന്ന നിലയില്‍ ആഹാരം കഴിക്കുക.
2. വിശപ്പ് അധികരിപ്പിക്കുന്ന സമാനമരുന്നുകളില്‍ ഒന്നായ ഉപ്പുരസമുള്ള ദ്രവ്യം കുറഞ്ഞ അളവില്‍ കഴിക്കുക.
3. വിശപ്പിനെ നശിപ്പിക്കുന്നതോ, ഓക്കാനം ഉണ്ടാക്കുന്നതോ ആയ കയ്പ്പ് ദ്രവ്യങ്ങള്‍ വിപരീതമരുന്ന് എന്ന നിലയില്‍ കഴിക്കുക.
4. വിരുദ്ധചികിത്സ എന്നനിലയില്‍ പാട്ട് ശ്രവിച്ചോ, അരോചകമായ നിലയില്‍ ഭക്ഷണം കഴിക്കുന്നത് വീക്ഷിച്ചോ കായിക പ്രവൃത്തികളില്‍ മുഴുകിയോ ആഹാരത്തിനോടുള്ള ശ്രദ്ധ അകറ്റുക.
സമാനചികിത്സ
സൂക്ഷ്മങ്ങളായ മാലിന്യങ്ങള്‍ മൂലമോ, ദോഷങ്ങള്‍ മൂലമോ രൂപപ്പെട്ട രോഗങ്ങളില്‍ രോഗലക്ഷണങ്ങളെ ആധാരമാക്കി സമാനമായ മറ്റൊരു സൂക്ഷ്മദ്രവ്യം മുഖേനെ രോഗത്തെ പരിഹരിക്കുന്നത് സമാനചികിത്സയാണ്. പൂര്‍ണ്ണ രോഗലക്ഷണങ്ങളുള്ള അവസ്ഥയില്‍, രോഗത്തിന്‍റെ മൃദുഅവസ്ഥയില്‍ എല്ലാം സമാനചികിത്സ ഫലപ്രദമാണ്. ഹോമിയോപ്പതി ഒരു സമാനചികിത്സാരീതിയാണ്.
വിപരീതചികിത്സ
സമാനമരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങളെ പരിഹരിക്കാന്‍ കഴിയാതെ വന്നാലും ലക്ഷണങ്ങള്‍ തീവ്രമായാലും വിപരീതയിനത്തില്‍പ്പെട്ട മരുന്ന് നല്‍കി നിയന്ത്രിക്കണം.
തീവ്രമായ കുളിരുപനിയില്‍ ഉഷ്ണമുണ്ടാക്കുന്ന എരിവുരസമുള്ള ദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് വിപരീതരീതിയാണ്. വ്രണം, പഴുപ്പ് എന്നിവ ഉഷ്ണരോഗങ്ങളുടെ അന്ത്യഘട്ടത്തില്‍ ഉടലെടുക്കുന്ന മാറ്റങ്ങളാണ്. ഇവയെ നിയന്ത്രണവിധേയമാക്കാന്‍ വിപരീതഗുണമുള്ള മധുരദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തണം.
ദേഹതാപം കൂടിയാല്‍ തലവേദന,പുറംകഴപ്പ്, ഛര്‍ദ്ദി, ചുമ എന്നിവ അനുഭവപ്പെടും. ഇതിനുള്ള വിപരീതചികിത്സ വിരേചനമാണ്. കുടല്‍ഭാഗത്തെ ആരോഗ്യനില സാമാന്യതോതില്‍ ആയതിനാല്‍ പ്രതികരണശക്തിയും സാധാരണ തോതില്‍ ആയിരിക്കും. അവിടെ ഔഷധങ്ങളുടെ പ്രവര്‍ത്തനം രൂപപ്പെടുന്നതിന് മരുന്ന് അധികം അളവില്‍ പ്രയോഗിക്കണം. അത് പാര്‍ശ്വഫലങ്ങള്‍ ഉടലെടുക്കാന്‍ ഇടവരുത്തും. മരുന്നിന്‍റെ ദ്വിതിയപ്രവര്‍ത്തനം മൂലം മലബന്ധം രൂപപ്പെടുകയും ചെയ്യും.
തലവേദന, പുറംകഴപ്പ് എന്നിവ ഉഷ്ണയിനത്തില്‍ പ്പെട്ട പ്രയാസങ്ങളാണ്. അതിന്‍റെ തീവ്രഘട്ടത്തില്‍ ഉപ്പ്, പുളി, എരിവ് രസങ്ങളുള്ള ഉഷ്ണദ്രവ്യങ്ങള്‍ അധികം കഴിക്കുന്നത് ഒഴിവാക്കണം. അടിവയര്‍ ഭാഗത്ത് ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലും തീവ്ര മഞ്ഞപ്പിത്തത്തിലും വയര്‍ഭാഗത്ത് നനഞ്ഞ തുണി വെച്ചാല്‍ ആശ്വാസം ലഭിക്കും.
നട്ടെല്ലുപിടുത്തം ശീതയിനത്തില്‍ ഉള്‍പ്പെട്ട പ്രയാസമാണ്. അതിന്‍റെ തീവ്രഘട്ടത്തില്‍ ഉപ്പ്, എരിവ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ ഉപയോഗപ്പെടുത്തി വിയര്‍പ്പിക്കുന്നത് വിപരീതരീതിയാണ്. ഇത്തരം അവസ്ഥയില്‍ ആവണക്കെണ്ണ (ഉഷ്ണം) കഴിക്കുന്നതും വിപരീതരീതിയാണ്. ശീതം അധികരിച്ച് നിലകൊണ്ടാല്‍ അടിവയര്‍ നിറയും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം വര്‍ദ്ധിക്കും. ഓവറിയില്‍ സിസ്റ്റ് രൂപംകൊള്ളും. മൂത്രം വിസര്‍ജിക്കുന്നതിന്‍റെ തവണ വര്‍ദ്ധിക്കും. വയറിളക്കം സംഭവിക്കും. ഇത്തരം ഘട്ടത്തില്‍ സ്തംഭനമരുന്ന് നല്‍കുന്നതും, കുടലിന്റെ ചലനം മേലോട്ടാക്കുന്ന ഉഷ്ണമരുന്നുകള്‍ പ്രയോഗിക്കുന്നതും വിപരീതരീതിയാണ്.
ഐസ്ക്രീം കഴിച്ചതുമൂലം വയറുവേദന കഠിനമായി അനുഭവപ്പെട്ടാല്‍ ചൂടുജലം കുടിക്കാം. ആഹാരം കഴിക്കുന്നതിന് മുന്നോടിയായി ഇത്തിരി ചൂടുജലം കുടിക്കുന്നത് ആമാശയത്തിന്‍റെ അറ്റത്തുള്ള വാല്‍വ് തുറക്കാന്‍ സഹായിക്കും. വിശപ്പ് അനുഭവപ്പെട്ടുകിട്ടും.
ബാഹ്യമായുള്ള ചികിത്സാപ്രയോഗത്തില്‍ വിപരീത തത്വം അനുവര്‍ത്തിക്കണം. ഉഷ്ണയിനത്തില്‍ പ്പെട്ട രോഗലക്ഷണങ്ങള്‍ക്ക് ബാഹ്യചികിത്സ ചെയ്യുമ്പോള്‍ ശീതം പ്രയോഗിക്കണം.
രോഗങ്ങളുടെ തീവ്രഅവസ്ഥയില്, ബാഹ്യഭാഗത്തെ രോഗങ്ങളില്‍, കുട്ടികളുടെ മൂലഭാഗത്തെ രോഗങ്ങളില്‍, വൃദ്ധരുടെ ശിരോരോഗങ്ങളില്‍ എല്ലാം ആവശ്യമെങ്കില്‍ വിപരീതരീതി താല്‍ക്കാലികമായി അവലംബിക്കാം. ഒന്നിലധികം ധാതുക്കള്‍ മലിനപ്പെട്ട് രോഗം പഴകി ഗുരുതരമായാല്‍ വിപരീതമായ ആശയത്തില്‍ കൂട്ടുമരുന്നുകള്‍ നല്‍കാം.
ആന്തരികരോഗങ്ങളുടെ മൃദു അവസ്ഥയില്‍ വിപരീതാശയത്തില്‍ ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവയുടെ അളവ് ക്രമത്തില്‍ വര്‍ദ്ധിപ്പിക്കാത്തപക്ഷം ലക്ഷണങ്ങള്‍ ആവര്‍ത്തിക്കും. അളവ് നിരന്തരം വര്‍ദ്ധിപ്പിക്കുന്നത് പാര്‍ശ്വഫലങ്ങളെ സൃഷ്ടിക്കും. അവയവങ്ങളെ ക്ഷീണിപ്പിക്കും.
ഉഷ്ണം വര്‍ദ്ധിച്ചതുമൂലം ചൊറി പഴുത്ത് തീവ്രമായ ഘട്ടത്തില്‍ ശീതം പ്രയോഗിച്ചാല്‍, ലേപനങ്ങള്‍ പുരട്ടി ചര്‍മ്മദ്വാരങ്ങളെ തടസ്സപ്പെടുത്തിയാല്‍ അപ്പന്‍ഡിക്സ് വീക്കം, കഴലരോഗങ്ങള് എന്നിവ ഉടലെടുക്കും. നിരവധി രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ഒരു ലക്ഷണത്തെ ഭേദമാക്കിയതുകൊണ്ട് മാത്രം രോഗിക്ക് സുഖം അനുഭവപ്പെട്ടുകിട്ടുകയില്ല. രോഗലക്ഷണങ്ങള്‍ എണ്ണത്തില്‍ കുറവും, അവ അവ്യക്തതയോട് കൂടി തുടരുകയും ചെയ്യുന്ന ഘട്ടത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉളവാകാന്‍ ഇടവരുത്തുമെങ്കിലും വിപരീതചികിത്സ ചെയ്യുന്നത് യുക്തിയാണ്.
ഹേതുവിപരീതചികിത്സ
ധാതുദൂഷ്യത്തിന് കാരണം ബാഹ്യമാലിന്യങ്ങളോ, ദേഹമലങ്ങളോ ദോഷങ്ങളോ ആണ്. രോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ രോഗകാരണങ്ങള്‍ പരിഹരിക്കപ്പെടണം. രോഗകാരണം എന്നത് ഉഷ്ണം അല്ലെങ്കില്‍ ശീതം എന്ന് പൊതുവില്‍ കണക്കാക്കണം. തീവ്ര അവസ്ഥയില്‍ രോഗകാരണത്തെ വിപരീത രീതിയില്‍ നിര്‍വ്വീര്യമാക്കണം. ഇതോടൊപ്പം കാലം (സൂര്യന്, നക്ഷത്രങ്ങള്‍, ചന്ദ്രന്, കാറ്റ്, അന്തരീക്ഷം എന്നിവയുടെ നില), സാഹചര്യം എന്നിവ നോക്കി ആഹാരം, വിഹാരം എന്നിവയെ ക്രമീകരിക്കണം.
വിരുദ്ധചികിത്സ
രോഗബാധിതഭാഗവുമായി നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യഭാഗങ്ങളെ മരുന്ന് മുഖേനെ പ്രവര്‍ത്തിപ്പിച്ചോ മറ്റുനിലയില്‍ ഉത്തേജിപ്പിച്ചോ രോഗത്തെ പരിഹരിക്കുന്ന രീതിയാണിത്. ഒന്നോ രണ്ടോ രോഗലക്ഷണത്തെ മാത്രം ലക്ഷ്യംവെച്ചും, രോഗബാധയില്ലാത്ത അവയവങ്ങളില്‍ മരുന്നുകള്‍ അധികം അളവില്‍ പ്രയോഗിച്ചും താല്‍ക്കാലികമായി രോഗശമനം ഉണ്ടാക്കുന്ന ഒരുതരം സാന്ത്വനചികിത്സാരീതിയാണ് ഇത്.
രോഗബാധിതഭാഗവുമായി നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യഭാഗങ്ങളില്‍ രോഗത്തെ കൃത്രിമമായി സൃഷ്ടിച്ചോ, ദേഹദ്രാവകത്തെ അധികമായി പുറത്തുകളഞ്ഞോ, രോഗലക്ഷണങ്ങളെ പരിഹരിക്കുന്ന വിരുദ്ധരീതി പണ്ടുകാലം മുതല്‍ തന്നെ തുടര്‍ന്നുപോരുന്നുവയാണ്. ഗാലന്‍റെ (എ ഡി.129 - 216) കാലം മുതല്‍ ചികിത്സയെ സാന്ത്വനചികിത്സ, ആഹാരചികിത്സ, ഒറ്റമൂലിചികിത്സ, വിപരീതചികിത്സ, വിരുദ്ധചികിത്സ എന്നീ രീതിയില്‍ തരംതിരിച്ചിരുന്നു.
പല്ലുവേദനയില്‍ ശാന്തിമന്ത്രം കേള്‍പ്പിക്കുന്നത്, വൃക്കസ്തംഭനത്തില്‍ കുടല്‍വഴിയോ ചര്മ്മംവഴിയോ, രക്തംവഴിയോ മാലിന്യങ്ങളെ കളയുന്നത്, തീവ്രമായ കാല്‍മുട്ടുവേദനയില്‍ ഉറങ്ങാനുള്ള മരുന്ന് നല്‍കുന്നത്, കാന്‍സര്‍ രോഗത്തില്‍ പാട്ടുകച്ചേരി ഉറക്കെ കേള്‍പ്പിക്കുന്നത് എല്ലാം വിപരീത (സാന്ത്വന - Palliation) രീതികളാണ്.
സമാനപ്രയോഗത്തിലുള്ള ഒറ്റമൂലിമരുന്നുകളും വിപരീതരീതിയിലുള്ള മറ്റു മരുന്നുകളും പ്രയോജനപ്പെടാത്ത അവസ്ഥയിലും, ശരീരത്തിന്‍റെ പ്രതികരണശക്തി നഷ്ടപ്പെട്ട ഘട്ടത്തിലും മാത്രമാണ് മരുന്നിന്‍റെ പ്രാഥമികപ്രവര്‍ത്തനം പ്രയോജനപ്പെടുത്തി വിരുദ്ധരീതി ഉപയോഗപ്പെടുത്തേണ്ടത്. ഇത്തരം സന്ദര്‍ഭത്തില്‍ ഔഷധേതര രീതികള്‍, ശസ്ത്രക്രിയകള്‍ എന്നിവയും ആവശ്യമെങ്കില്‍ പരിഗണിക്കണം. കാലില്‍ വ്രണം പഴുത്ത് ദുര്‍ഗന്ധം അനുഭവപ്പെടുമ്പോള്‍ അത്തര്‍ മണപ്പിക്കുന്നത്, കാന്‍സര്‍ വ്യാപനഘട്ടത്തില്‍ ലളിതഗാനം കേള്‍പ്പിക്കുന്നത് ചിലരില്‍ താല്‍ക്കാലികമായ ആശ്വാസത്തിന് ഇടവരുത്തും. പഥ്യാഹാരചികിത്സ, സാന്ത്വനചികിത്സ എന്നിവ എല്ലാ വൈദ്യസമ്പ്രദായങ്ങളും അവലംബിച്ചുപോന്നിരുന്ന അനുബന്ധരീതികളാണ്.
ഔഷധങ്ങള്‍ക്ക് ശരീരകലകളോട് പ്രത്യേക മമതയുണ്ട് എന്ന് Thomas Sydenham (മോഡേണ്‍ ഹിപ്പോക്രറ്റസ്, 1624 - 1689, ഇംഗ്ലണ്ട്) അഭിപ്രായപ്പെടുകയുണ്ടായി. അസ്ഥി, വൃക്ക, ഹൃദയം, കുടല്‍, മസ്തിഷ്കം എന്നിവയെല്ലാം വിത്യസ്തമായ കലകള്‍ ആയിരുന്നിട്ടും അവയില്‍ രോഗം പിടിപെടുമ്പോള്‍ ഒരേതരം മരുന്നുകള്‍ നിര്‍ദേശിക്കുന്നത്, രോഗം ബാധിച്ച ഭാഗത്തും രോഗം ബാധിക്കാത്ത ഭാഗങ്ങളിലും ആരോഗ്യദ്രാവകങ്ങളിലും ഒരേപോലെ എത്തിച്ചേര്‍ന്ന് വ്യാപിക്കുന്ന നിലയില്‍ മരുന്നുകള്‍ പ്രയോഗിക്കുന്നത് എല്ലാം വിരുദ്ധരീതിയാണ്.
തീവ്രമായ വ്രണാവസ്ഥയില്‍ സംഗീതം കേള്‍പ്പിക്കുന്നത്, ചര്‍മ്മരോഗത്തില്‍ വിരേചനമരുന്ന് നല്‍കുന്നത്, അസ്ഥിക്ഷയത്തിന് പരിഹാരമെന്നോണം പേശിദൃഡതക്കുള്ള മരുന്ന് പ്രയോഗിക്കുന്നത്, Ectoderm ല്‍ നിന്ന് ഉത്ഭവിച്ച രോഗയിനങ്ങള്‍ക്കും Endoderm ല്‍ നിന്ന് ഉത്ഭവിച്ച രോഗമാറ്റങ്ങള്‍ക്കും ഒരേഗണം മരുന്ന് നല്‍കുന്നത് എല്ലാം വിരുദ്ധചികിത്സയാണ്.
വിഷം, മാലിന്യങ്ങള്‍ എന്നിവ ദേഹത്തില്‍ എവിടെയാണ് നിലകൊള്ളുന്നത് അതിന്‍റെ സമീപത്തുള്ള ദ്വാരത്തിലൂടെ തന്നെ അവയെ പുറംതള്ളണം. വിപരീതദിശയിലോ, വിരുദ്ധദിശയിലോ നിലകൊള്ളുന്ന ദ്വാരത്തിലൂടെ പുറംതള്ളാന്‍ ശ്രമിച്ചാല്‍ അവ ദേഹത്തിന്‍റെ മറ്റുഭാഗങ്ങളെ കൂടി മലിനമാക്കും. നെഞ്ചില്‍ നിലകൊള്ളുന്ന മലിനകഫത്തെ വയറിളക്കി പുറംതള്ളാന്‍ ശ്രമിച്ചാല്‍ നെഞ്ചിന്‍റെ കീഴുഭാഗത്തുള്ള അവയവങ്ങള്‍ കൂടി മലിനപ്പെടാന്‍ ഇടയാകും. മൂത്രത്തെ വിയര്‍പ്പിലൂടെ കളയാന്‍ ശ്രമിച്ചാല്‍ ദേഹം മുഴുവന്‍ മൂത്രം വ്യാപിക്കുന്ന അവസ്ഥ കൈവരും. ദേഹഭാരം വര്‍ദ്ധിക്കും. വിയര്‍പ്പ് മാലിന്യങ്ങളെ മൂത്രം വഴി കളയുന്നത് വൃക്കകളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും. ശരീരദ്രാവകങ്ങളില്‍ താല്‍ക്കാലികമായ ചില ഭൌതികമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കും. രോഗം ഭേദമായതായുള്ള ഒരു മിഥ്യാധാരണ താല്‍ക്കാലികമായി രൂപപ്പെടുത്താന്‍ ഇത് ഏറെ സഹായകമാണ്.
വിരുദ്ധരീതിയില്‍ പ്രയോഗിച്ച ഔഷധങ്ങള്‍ ആരോഗ്യഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആരോഗ്യത്തോടെ നിലകൊണ്ട് പോന്നിരുന്ന അവയവങ്ങളുടേയും, ദ്രാവകങ്ങളുടേയും മേന്മ കാലക്രമത്തില്‍ കുറയും. രോഗബാധിതമായ ഭാഗം ചികിത്സയ്ക്ക് ശേഷവും അതേപടി തന്നെ നിലകൊള്ളും. ധാതുബലം, ഇന്ദ്രിയബലം, മനോബലം, ജീവശക്തി എന്നിവ മുന്‍ കാലത്തേക്കാളും ഉപരിയായി ക്ഷീണിക്കും.
ശരീരത്തില്‍ കുറേ രോഗങ്ങളെ നിലനിര്‍ത്തികൊണ്ട് ഒരുലക്ഷണത്തെ മാത്രമായി പരിഹരിക്കുന്ന രീതിയും, എല്ലായിനം രോഗങ്ങളേയും ഒന്നിച്ച് ചികിത്സിക്കുന്നതായുള്ള മിഥ്യാവാദങ്ങളും ഒരുതരത്തില്‍ അധര്‍മ്മമാണ്. ചികിത്സയ്ക്ക് രോഗലക്ഷണങ്ങളെ ആധാരമാക്കാതെ രോഗവുമായി നേരിട്ട് ബന്ധമില്ലാത്ത യന്ത്രസൂചനകളെയോ രക്തഘടകങ്ങളുടെ തോതിനെയോ മാത്രം അവലംബിക്കുന്ന രീതിക്ക് ചിലയിടങ്ങളില്‍ ഇപ്പോഴും ഏറെ പ്രചാരം അനുവദിക്കുന്നുണ്ട്.
കണ്ണില്‍ വിഷമെത്തിയാലും നയനാവയവഭാഗങ്ങള്‍ ക്ഷീണിച്ചാലും ദൃഷ്ടിനാഡി ക്ഷയിച്ചാലും തിമിരം ബാധിച്ചാലും എല്ലാം കാഴ്ചയ്ക്ക് പ്രയാസം അനുഭവപ്പെടും. ഇവയുടെയെല്ലാം ചികിത്സ വിത്യസ്തമാകേണ്ടതുണ്ട്, പൂര്ണ്ണമാകേണ്ടതുമുണ്ട്. ഇത്തരം ഘട്ടത്തില്‍ കണ്ണിന് വെളിയില്‍ കണ്ണട വെച്ചോ പ്രകാശം ഏല്‍പ്പിച്ചോ കത്തി വെച്ചോ മാത്രം ചികിത്സ ആചരിച്ച് അവസാനിപ്പിച്ചുപോരുന്ന രീതികളോടുള്ള ഭ്രമം ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്.
വിരുദ്ധരീതി പ്രകാരമുള്ള മരുന്നുപ്രയോഗങ്ങള്‍ക്ക് അത് അര്‍ഹിക്കുന്നതില്‍ അധികമായി അംഗീകാരം നല്‍കിയതാണ് ഔഷധജന്യരോഗങ്ങള്‍ ജനസമൂഹത്തില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. ഇതുമൂലമുള്ള ദൂഷ്യഫലങ്ങള്‍ അധികമായി അനുഭവിക്കാന്‍ ഇടവന്നതാണ് ഇതര സമ്പ്രദായങ്ങളെ അന്വേഷിക്കാനും നിരീക്ഷിക്കാനും ആശ്രയിക്കാനും ആളുകളെ നിര്‍ബ്ബന്ധിതരാക്കിയത്. വൈദ്യയിതരമാര്‍ഗ്ഗങ്ങള്‍ ചില ഘട്ടങ്ങളില്‍ തളരാനും ഇത് കാരണമാക്കി.
സത്വാവജയം
സത്വാവജയം എന്നത് മനോനിയന്ത്രണമാര്‍ഗ്ഗമാണ്. ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ നിയന്ത്രിച്ചും സ്വാതികഗുണങ്ങള്‍ പരിശീലിച്ചും പുണ്യകര്‍മ്മങ്ങള്‍ അനുഷ്ടിച്ചും രോഗശമനം നേടുന്ന സ്വയം ചികിത്സാരീതിയാണ്.
മനോരോഗങ്ങളില്‍ എണ്‍പത് ശതമാനവും സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. മനഃപ്രയാസങ്ങള്‍ക്ക് കാരണം രജസ്, തമസ് എന്നീ ഗുണങ്ങളാണ്. ചാപല്യം, കുസൃതി എന്നിവ രജോഗുണങ്ങളാണ്. വിഡ്ഢിത്തം തമോഗുണത്തില്‍ ഉള്‍പ്പെടും. രജസ്, തമസ് എന്നീ ഗുണങ്ങള്‍ വര്‍ദ്ധിച്ചാല്‍ അത് പാപപ്രവൃത്തിയില്‍ പര്യവസാനിക്കും. പാപങ്ങള്‍ക്ക് കാരണം അഹന്തയും ദോഷങ്ങളും അജ്ഞതയും അബദ്ധവും മനോമലങ്ങളും ആണ്. അത് തടയാനായി ജ്ഞാനം, വിജ്ഞാനം, ഓര്‍മ്മ, സഹനം, ധൈര്യം, ശ്രദ്ധ, കരുണ, ഇന്ദ്രിയനിയന്ത്രണം, ആഗ്രഹനിയന്ത്രണം, സങ്കല്പ്പനിയന്ത്രണം എന്നീ ശേഷികളെ പരിപോഷിപ്പിക്കണം.
ജ്ഞാനം എന്നത് അവനവനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ഉള്ള സൂക്ഷ്മമായ അറിവാണ്. വിജ്ഞാനം എന്നത് സ്ഥൂലപ്രപഞ്ചത്തെ കുറിച്ചുള്ള അറിവോ പ്രായോഗിക അറിവോ ആണ്. ജീവിതവിഷയങ്ങളെ ലഘുവാക്കുവാന്‍ കഴിയുന്നവനാണ് ജ്ഞാനി. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, പ്രയാസങ്ങള്‍ ആവര്‍ത്തിച്ച് അനുഭവപ്പെട്ടാല്‍ ജ്ഞാനികളുടെ ഉപദേശം തേടണം. അതിന് ചെറിയ ഒരു ദക്ഷിണ കൊടുക്കുകയും ചെയ്യണം. ഇക്കാലത്ത് ജ്ഞാനികളെയും വിജ്ഞാനികളെയും നാട്യക്കാരേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. ഇക്കാലത്ത് എല്ലാവരും തന്നെ വിദഗ്ദ്ധജ്ഞാനികളാണ്.
അറിവുകള്‍ ഉപകാരപ്പെടുംവിധം അടുക്കിവെയ്ക്കാനുള്ള ശേഷിയാണ് ഓര്‍മ്മ. ശരിയായ സംഗതികളോട് ചേര്‍ന്ന് നില്‍ക്കാനും അപവാദം, കീര്ത്തികേട്, ദുഃഖം, വേദന എന്നിവ സഹിക്കാനുള്ള ബലമാണ് ധൈര്യം. ഇത്തരം ശേഷികള്‍ സ്വായത്തമാക്കാനായാല്‍ മോഹം, ഭയം, വെറുപ്പ്, കോപം, പക, അസൂയ തുടങ്ങിയ മനോമലങ്ങളെ അതിജീവിക്കാനാകും. മനോമലങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. അതിനുള്ള ആര്‍ജവം സ്വയം നേടണം. മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന കര്‍മ്മങ്ങളില്‍ മുഴുകുന്നതാണ് സദാചാരം. അതുമൂലം രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും.
വ്രതം, മൌനം, സഹനം, അശ്രദ്ധ, ധ്യാനം എന്നിവയും മനോനിയന്ത്രണരീതികളാണ്. അഷ്ടാംഗയോഗസൂത്രങ്ങള്‍ നിര്‍ദേശിച്ച യമ - നിയമങ്ങള്‍ പാലിച്ചാലും മനോബലം വര്‍ദ്ധിക്കും. മനോസുഖം, മനോബലം, ജീവശക്തി എന്നിവ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളിലെ ഏറ്റവും ലളിതമായ ഇനമാണ് സത്വാവജയം.
ദൈവവ്യപാശ്രയം
ആഹാരക്കുറവ്, അശുദ്ധി, മലങ്ങള്‍, ദോഷങ്ങള്‍ എന്നിവ മൂലമാണ് പൊതുവേ രോഗങ്ങള്‍ ഉടലെടുക്കുന്നത്. അന്തരീക്ഷവ്യതിയാനം, പ്രകൃതിയുടെ വികൃതികള്‍, മുന്ജന്മപാപം എന്നിവ നിമിത്തവും ധാതുക്രമം തകരാറിലായി പ്രയാസങ്ങള്‍ അനുഭവപ്പെടും. പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ രോഗങ്ങള്‍ ഉടലെടുക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍, ആള്‍ക്ക് ക്ലേശം അധികം വരുത്താതെ ആശ്വാസം നേടാനാകുന്ന രീതിയാണ് ദൈവവ്യപാശ്രയം.
കുറച്ചുപേര്‍ കൂടിച്ചേര്‍ന്ന് പരിശ്രമിച്ചാല്‍ കുറച്ച് പ്രയാസങ്ങളെ പരിഹരിക്കാന്‍ കഴിയും. കുറെ അധികം പേര്‍ ഒത്തൊരുമിച്ചാലും, അര്‍ത്ഥം കുറെ ചിലവഴിച്ചാലും ചില പ്രയാസങ്ങളെ പരിഹരിക്കാന്‍ കഴിയുകയില്ല. അത്തരം അനിശ്ചിതത്വഘട്ടത്തില്‍ ദൈവവ്യപാശ്രയരീതി സ്വീകരിക്കണം.
വ്രതാനുഷ്ഠാനം, കുമ്പസാരം, പ്രായശ്ചിത്തം, ത്യാഗം, ദാനം, ബലി, ശുഭാശംസിക്കല്, ഉഴിഞ്ഞുകളയല്‍, മന്ത്രം, പൂജ, ഹോമം, ജപം, പ്രാര്‍ത്ഥന, മുങ്ങികുളി, തീര്‍ത്ഥാടനം, സ്വാതികരും സിദ്ധന്‍മാരുമായ ആളുകളുടെ കരസ്പര്‍ശം, ദര്‍ശനം, സ്വാന്തനം, ജ്ഞാനോപദേശം, പ്രാര്‍ത്ഥന; ലഘു വോള്‍ട്ടേജജില്‍ ഉള്ള വൈദുതിപ്രയോഗം, ഉഷ്ണ നീരുറവയില്‍ നിന്ന് ശേഖരിച്ച ജലം, ഉഷ്ണ വാതകം കലര്‍ത്തിയോ ഊതിയോ തയ്യാറാക്കിയ ജലം ഉപയോഗപ്പെടുത്തിയുള്ള പ്രയോഗങ്ങള്‍, ശരണം വിളി എന്നിവയെല്ലാം ഈ ഇനത്തില്‍പ്പെടും. ഇതില്‍ പലതും ആളുകള്‍ക്ക് സ്വയം സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്.
സസ്യങ്ങള്‍, ജന്തുജാലങ്ങള്‍, ഖനീജങ്ങള്‍ എന്നിവയിലുള്ള സൂക്ഷ്മ പുണ്യഘടകങ്ങളെ ശേഖരിച്ച് അവയെ സംസ്ക്കരിച്ച് അതിസൂക്ഷ്മ ഘടകങ്ങളാക്കി ദുര്‍ബലരായ രോഗികള്‍ക്ക് നല്‍കുന്നത് ദൈവവ്യപാശ്രയ ചികിത്സയാണ്. ഹോമിയോപ്പതിവിഭാഗത്തില്‍ മരുന്നുകളെ വളരെ സൂക്ഷ്മമായ അളവില്‍ സംസ്കരിച്ച് ചെയ്തുപോരുന്ന ചില പ്രയോഗങ്ങളും ദൈവവ്യപാശ്രയ ചികിത്സയില്‍ ഉള്‍പ്പെടും.
സ്വാതികനായ ചികിത്സകന്‍ തന്‍റെ ഇടതുകൈകൊണ്ട് മൃദുവായി രോഗിയുടെ ഇടതുകയ്യില്‍ നിന്ന് പുറത്തോട്ട് ദോഷബലത്തെ ഉഴിഞ്ഞ് കളയുന്നത്, ചികിത്സകന് സ്വന്തം വലതുകയ്യിലൂടെ ദോഷബലത്തെ ഏറ്റെടുക്കുന്നത്, ശക്തനായ ചികിത്സകന് സ്വന്തം വലതുകൈകൊണ്ട് രോഗബാധിത ഭാഗത്ത് ജീവശക്തി നല്‍കുന്നത്, രോഗിയുടെ സൌഖ്യത്തിന് വേണ്ടി നാട്യമല്ലാത്ത നിലയില്‍ പ്രത്യേക മുഹൂര്‍ത്ത്വത്തില്‍ ധ്യാനപ്രാര്‍ത്ഥന ചെയ്യുന്നത്, ദോഷനിര്വ്വീര്യത്തിനായി നിഗൂഡമായ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്നത് എന്നിവയും ദൈവവ്യപാശ്രയ രീതികളാണ്.
ഹാനിമാന്‍ വിഭാവനം ചെയ്ത സോറദോഷം എന്നത് മനസ്സിനെ സംബന്ധിച്ചിടത്തോളം സ്വാതികഗുണത്തെ ക്ഷയിപ്പിക്കുന്ന ദോഷശക്തിയാണ്. സിഫിലിസ്, സൈക്കോസിസ് എന്നീ ദോഷങ്ങള്‍ യഥാക്രമം രജസ്, തമസ് എന്നീ ഗുണങ്ങളെ വര്‍ദ്ധിപ്പിക്കും. ഒരാളുടെ സ്വാതികഗുണം കുടിയതുമൂലമുള്ള പ്രയാസങ്ങളെ മാത്രമാണ് ഭിഷ്വഗരന് ഉഴിഞ്ഞ് കളഞ്ഞും സ്വീകരിച്ചും പരിണമിപ്പിക്കാന്‍ കഴിയുന്നത്. ദോഷങ്ങള്‍ മൂലമുള്ള പ്രയാസങ്ങളെ, പ്രത്യേകിച്ച് രജസ്, തമസ് ഗുണങ്ങളെ ഭിഷ്വഗരന് ഉഴിഞ്ഞ് സ്വീകരിക്കാന്‍ കഴിയുകയില്ല. ഒരാളില്‍ അധികമുള്ള സ്വാതികഗുണങ്ങള്‍ ബലി, മഹാബലി എന്നിവ മുഖേനെ മറ്റൊരാള്‍ക്ക് നല്‍കാനാകും. ഒരാളിലുള്ള തമസ്, രജസ് എന്നീ ഗുണങ്ങളെ ദൈവത്തിന് ദാനം ചെയ്യണം.
പത്ത് ശതമാനം രോഗങ്ങള്‍ക്ക് കാരണം മുന്‍ജന്മദോഷം (അഹന്ത, ജനിതകരോഗങ്ങള്‍) എന്നാണ് സങ്കല്‍പ്പം. ചിലര്‍ അതിനെ ശാപം, വിധി എന്നും മറ്റും പറയും. മുന്‍ജന്മപാപങ്ങള്‍, അബദ്ധത്തില്‍ ചെയ്തുപോയ മഹാപാപങ്ങള്‍ എന്നിവ മൂലമുള്ള പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. ദൈവവ്യപാശ്രയരീതികള്‍ അവലംബിക്കണം. കരുണ, സ്നേഹം, ഇച്ഛാശക്തി, ബുദ്ധി, ഓര്‍മ്മ, സഹനം, ധൈര്യം എന്നീ മനോഗുണങ്ങളെ പോഷിപ്പിച്ചും ആത്മവീര്യം വര്‍ദ്ധിപ്പിച്ചും മര്യാദ അനുഷ്ഠിച്ചും പ്രായശ്ചിത്വം ചെയ്തുമാണ് പൂര്‍വ്വികര്‍ മുന്‍ജന്മദോഷങ്ങളെ നേരിട്ടുപോന്നിരുന്നത്.
ഈശ്വരഗുണങ്ങളായ കരുണ, സ്നേഹം എന്നിവയെ സ്വായത്തമാക്കുന്നതോടൊപ്പം സത്യവിശ്വാസം, വിനയം, സമര്‍പ്പണം എന്നിവ കൂടി പുലര്‍ത്തിയാല്‍ ജീവശക്തി മെച്ചപ്പെടും. രോഗാണുക്കള്‍ക്ക് എതിരെ വേണ്ടതായ പ്രതിരോധശക്തി വര്‍ദ്ധിക്കും. മൂര്‍ഖകര്‍മ്മങ്ങളും മനോമലങ്ങളും നാട്യകര്‍മ്മങ്ങളും സാര്‍ത്ഥകര്‍മ്മങ്ങളും പ്രതിരോധശക്തിയെ തളര്‍ത്തും.
ആഹാരമായാലും ഔഷധങ്ങളായാലും നന്നായി ദഹിച്ചും പരിണമിച്ചും അതിസൂക്ഷ്മങ്ങളാകുമ്പോള്‍ മാത്രമാണ് അതിന് ഇന്ദ്രിയങ്ങളിലും മനസ്സിലും ജീവശക്തിയിലും പ്രവര്‍ത്തിക്കാനാകുന്നത്. മധുരം, ചവര്‍പ്പ്, ഉപ്പ്, പുളി, എരിവ് കയ്പ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങളില്‍ ഭൌതികഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ മധുരമുള്ളവയിലും, കുറവ് കയ്പ്പ് ഇനങ്ങളിലുമാണ്.
സ്ഥായിയായ ആധിക്ക് കാരണം ദോഷങ്ങള്‍ എന്നാണ് സങ്കല്‍പ്പം. ദോഷശക്തി മൂലം ജീവശക്തി ക്ഷീണിച്ചാല്‍ അതിന്‍റെ സൂക്ഷ്മസ്വഭാവം കുറെ നഷ്ടപ്പെടും. ജീവശക്തി, മനസ്സ് എന്നിവയ്ക്ക് ഭാഗികമായി ഭൌതികഗുണം കൈവരും. സൂക്ഷ്മരൂപം വരുത്തിയ ചില മരുന്നുകള്‍ക്ക് ഈ ഘട്ടത്തില്‍ ഇവയില്‍ നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. ഇത്തരം സൂക്ഷ്മമരുന്നുകളെ ഗുണപരമായി പ്രയോഗിക്കാനായാല്‍ ദോഷശക്തികളെ നേരിട്ട് നേരിടാനും നിയന്ത്രിക്കാനും അതുവഴി പല നിജരോഗങ്ങളെ പരിഹരിക്കാനും കഴിയും.
സ്ഥൂലമായതും ഭൌതികഗുണം അധികമുള്ളതുമായ ഒന്നിന്, അതിസൂക്ഷ്മമായ ഒന്നിനെ പ്രാപിക്കാന്‍ സാധിക്കുകയില്ല. ഭൌതികഗുണങ്ങളുള്ള മരുന്ന് ഭൌതിക ശരീരത്തിലും, ഭാഗികമായി ഭൌതികഗുണമുള്ളതും സൂക്ഷ്മമാക്കിയതുമായ മരുന്ന് ഭാഗികമായി ഭൌതികഗുണമുള്ള ബാഹ്യമനസ്സിലും പ്രവര്‍ത്തിക്കും. അതിസൂക്ഷ്മമായ ആന്തരികമനസ്സിലും ജീവശക്തിയിലും പ്രവര്‍ത്തിക്കാന്‍ അതിസൂക്ഷ്മങ്ങളായ ദ്രവ്യങ്ങള്‍ വേണ്ടതുണ്ട്.
പള്‍സാറ്റില, ആര്‍സെനിക്, അതിവിഷം, ഹെലിബോറസ്, സ്ട്രാമോണിയം തുടങ്ങിയ ഔഷധങ്ങളുടെ സൂക്ഷ്മരൂപങ്ങള്‍ക്ക് മനോതലത്തിലും ജീവശക്തിയിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട് എന്നകാര്യം വളരെക്കാലം മുന്‍പേ തന്നെ മനസ്സിലാക്കിപ്പോന്നിട്ടുണ്ട്.
ശോധന, ശമനം എന്നീ യുക്തിമാര്‍ഗ്ഗങ്ങള്‍ യഥോചിതം സ്വീകരിച്ച് ചികിത്സിച്ചാലും രോഗങ്ങളില്‍ മുപ്പത് ശതമാനം സാവധാനത്തില്‍ മാത്രമേ മാറുകയുള്ളൂ. പത്ത് ശതമാനം രോഗങ്ങള്‍ ഒരിക്കലും ഭേദമാകാതെയും വരാം. ഇത്തരം ഘട്ടങ്ങളില്‍ ദൈവവ്യപാശ്രയം, സത്വാവജയം ഉള്‍പ്പെടെയുള്ള രീതികള്‍ക്ക് പ്രസക്തിയുണ്ട്. വൈദ്യവൃത്തിയില്‍ അപൂര്‍വ്വമായാലും സന്ദര്‍ഭോചിതം ദൈവവ്യപാശ്രയരീതികള്‍ പ്രയോജനപ്പെടുത്തണം. അതുമൂലം ചികിത്സകന് തൊഴില്‍വിജയം ഉറപ്പാക്കാനാകും.
വിരുദ്ധരീതികളെ മാത്രം അവലംബിക്കുന്നതുപോലെ, അതിനെ മാത്രം നിര്‍ദ്ദേശിക്കുന്നതുപോലെ, കഠിനരോഗങ്ങളുടെ പരിഹാരത്തിന് ദൈവവ്യപാശ്രയരീതിയെ മാത്രമായി ആശ്രയിപ്പിക്കുന്നത് ഒരുതരത്തില്‍ ധിക്കാരമാണ്. ഇല്ലാത്ത ഗുണവും, നടപ്പാകാന്‍ ഇടയില്ലാത്ത ഫലവും കപടമായി അവകാശപ്പെട്ട് നിരാശ്രയരായ രോഗികളെ വഞ്ചിച്ചാല്‍ അവരും കൂട്ടാളികളും അവരുടെ മുന്‍തലമുറയും ജീവിതശൈലീരോഗങ്ങള്‍ക്ക് അടിമപ്പെടും, പിന്തലമുറ വൈകാതെ തന്നെ അന്യംനിന്നുപോകും എന്നെല്ലാം വിശ്വസിച്ചും വിശ്വസിപ്പിച്ചും ചികിത്സയെ ധര്‍മ്മാതിഷ്ടിതമാക്കാന്‍ സമഗ്രമാക്കാന്‍ പൂര്‍വ്വികര്‍ പരിശ്രമിച്ചിരുന്നു.
No comments:
Post a Comment