ഭാരതത്തിലെ തനത് ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദം. മറ്റ് പൌരാണിക വൈദ്യസമ്പ്രദായങ്ങളിലേതുപോലെ ആയുര്‍വേദത്തിന്‍റെയും ഉപജ്ഞാതാവ് ഈശ്വരന്‍ എന്നാണ് സങ്കല്‍പ്പം. ബ്രഹ്മാവ് വരുണനും വരുണന്‍ ഇന്ദ്രനും, ഇന്ദ്രന്‍ മഹര്‍ഷിമാര്‍ക്കും വൈദ്യം പറഞ്ഞുകൊടുത്തു. കാലാകാലങ്ങളിലെ മഹര്‍ഷിമാരും ഗുരുക്കന്മാരും രാജാക്കന്‍മാരും അതിനെ പരിഷ്ക്കരിച്ച് കലോചിതവും ദേശോചിതവും ആക്കി. ശുശ്രുതന്‍, ചരകന്‍, അഗ്നിവേശന്‍, ഭേളന്‍, വാഗ്ഭടന്‍, മാധവാചാര്യര്‍, ഭാവമിശ്രന്‍ എന്നിവരാണ് ഇതിനെ ഇന്നത്തെ രൂപത്തിലാക്കി പരിഷ്ക്കരിച്ചത്.
ത്രിദോഷസിദ്ധാന്തം ആയൂര്‍വേദ ചികിത്സാസമ്പ്രദായത്തിന്‍റെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നാണ്. സംരക്ഷിക്കുന്ന ബലങ്ങളേയും രോഗങ്ങള്‍ ഉണ്ടാക്കുന്ന ദോഷങ്ങളേയും ചരകനും മറ്റും വിശദീകരിച്ചത് വാതം, പിത്തം, കഫം എന്നീ ഒരേ പദങ്ങള്‍ കൊണ്ടാണ്. സപ്തധാതുക്കള്‍ തമ്മിലും ധാതുക്കള്‍, മലങ്ങള്‍ എന്നിവ തമ്മിലും വേണ്ട ക്രമം നിലനിര്‍ത്തുന്നതും അവയുടെയെല്ലാം സ്വധര്‍മ്മങ്ങള്‍ നിര്‍വഹിപ്പിക്കുന്നതും എല്ലാം ഈ ബലങ്ങളാണ്. ഇത്തരം ബലങ്ങളുടെ സാമ്യമാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനം. സാമുവല്‍ ഹാനിമാന്‍ (1755- 1843, ജര്‍മ്മനി) ജീവശക്തി എന്ന് വിശേഷിപ്പിച്ചത് ഏകദേശം ഈ ബലങ്ങളുടെ സംയുക്തത്തെയാണ് എന്ന് പറയാം.
പ്രപഞ്ചത്തിന് നിശ്ചിതമായ സ്വഭാവങ്ങളും ക്രമവും കര്‍മ്മങ്ങളും ഉണ്ട്. പ്രപഞ്ചവും കാലവും ചേര്‍ന്നതിനെയാണ് പ്രകൃതി എന്ന് വിളിക്കുന്നത്. പ്രകൃതി ശാശ്വതമായ ചില നിയമങ്ങളെ സ്വയം അനുസരിക്കുന്നുണ്ട്. അതുകൊണ്ടാണ് അധികം മാറ്റം ഇല്ലാതെ നിലനില്‍ക്കുന്നത്.
മനുഷ്യന് സ്വതസിദ്ധമായ രൂപവും സ്വഭാവവും ഉണ്ട്. കൂടാതെ ഉഷ്ണമോ ശീതമോ ആയ വീര്യവും ഉണ്ട്. ഋതുക്കളോടും കാലത്തോടും ചേരുമ്പോള്‍ പരിണമിക്കുന്ന രീതിയിലാണ് മനുഷ്യന്‍റെ പ്രകൃതി. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും സുഖം, ദീര്‍ഘായുസ്സ് എന്നിവ അനുഭവിക്കുന്നതിനും മനുഷ്യന്‍ പ്രകൃതിയുമായി ഇണങ്ങണം. മഹാപ്രകൃതിയുടെ നിയമങ്ങളെ തിരിച്ചറിഞ്ഞ് അനുസരിക്കണം.
ശരീരം പല രീതിയില്‍ നിത്യേനെ നശിച്ചുകൊണ്ടിരിക്കുന്നു. ശരീരം മറ്റുരീതിയില്‍ നിത്യേനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ വേഗം ക്ഷയിക്കും. ശരീരം വളരുന്നതും നിലനില്‍ക്കുന്നതും ആഹാരത്തില്‍ നിന്നു രൂപംകൊണ്ട പോഷകഘടകങ്ങള്‍ മൂലമാണ്. വായുവും ജലവും, അന്നവും, ഇന്ദ്രിയവിഷയങ്ങളും എല്ലാം ആഹാരങ്ങളില്‍ ഉള്‍പ്പെടും. ഭൂമിയില്‍ നിന്ന് മരത്തെ പിഴുതു മാറ്റപ്പെട്ടാല്‍ അതിന്‍റെ ഇലകള്‍ വേഗം ഉണങ്ങി കൊഴിയും. അതുപോലെ പ്രകൃതിയെ അനുസരിക്കാതിരുന്നാല്‍, പ്രകൃതിയുമായി ഇണങ്ങാതിരുന്നാല്‍, മനുഷ്യന്‍ വേഗം ദുര്‍ബലന്‍ ആകും. പ്രകൃതി (ദേശകാല) നിയമങ്ങളെ അനുസരിക്കാത്തതുമൂലമാണ് വ്യാധികളും അകാലവാര്‍ദ്ധക്യവും എളുപ്പം പിടിപെടുന്നത്.
മനുഷ്യപ്രകൃതിയെ ഭാരതീയചികിത്സകര്‍ ബലത്തിന്‍റെ അടിസ്ഥാനത്തില്‍ വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നു വിഭാഗമായി തരംതിരിച്ചു. ആകാശഭൂതം, വായുഭൂതം എന്നിവ ചേര്‍ന്ന വാതബലം പ്രേരകധര്‍മ്മവും വായുഭൂതം, അഗ്നിഭൂതം എന്നിവ ചേര്‍ന്ന പിത്തബലം പരിണാമധര്‍മ്മവും ജലഭൂതം, ഭൂമിഭൂതം എന്നിവ ചേര്‍ന്ന കഫബലം ഉല്‍പാദനധര്‍മ്മവും നിര്‍വ്വഹിക്കുന്നതായി സങ്കല്‍പ്പിച്ചു. സ്വാതികവും കഫപ്രധാനവുമായ മനോപ്രകൃതിയോടും വാതം, പിത്തം, കഫം എന്നീ ബലങ്ങള്‍ സമം ആയ ദേഹപ്രകൃതിയോടും കൂടിയ ആളെ ഉത്തമവ്യക്തിയായും അവര്‍
കണക്കാക്കി.
വാതപ്രകൃതി
വരണ്ട മുടി, വരണ്ട ചര്‍മ്മം, വരണ്ട ശബ്ദം എന്നിവ വാതസഹജമായ ലക്ഷണങ്ങളാണ്. സ്ത്രീകളില്‍ സ്വരം പുരുഷസമാനമാകും. നാക്ക് കീറിയതോ കറുത്തതോ ആയിരിക്കും. ചര്‍മ്മം തണുത്തിരിക്കും. കൈനാഡിയുടെ ചലനത്തിന് വേഗത കൂടും. വാതപ്രകൃതിക്കാര്‍ക്ക് ബുദ്ധി, ഓര്‍മ്മശക്തി എന്നിവ താരതമ്യേനെ കുറയും. സംഭാഷണചാതുര്യം, കോപം, ശ്രദ്ധ, മോഷണപ്രവണത എന്നിവ കൂടും. ഇവര്‍ വേഗത്തില്‍ നടക്കുന്നവരോ മെലിഞ്ഞ ദേഹപ്രകൃതിക്കാരോ ആയിരിക്കും. ജംഗലദേശത്ത് വസിക്കുന്നവര്‍ പൊതുവേ വാതപ്രകൃതിക്കാരാണ്.
വാതപ്രകൃതിക്കാരുടെ വീര്യം താരതമ്യേനെ ശീതമാണ്. ഉദരത്തിന്‍റെ കീഴറ്റത്തുള്ള നാഭിഭാഗമാണ് വാതബലത്തിന്‍റെ മുഖ്യകേന്ദ്രം. ഉഷ്ണ ആഹാരങ്ങള്‍ വാതബലത്തെ വര്‍ദ്ധിപ്പിക്കും. വാതബലം അധികരിച്ചാല്‍ മധുരം, ഉപ്പ്, പുളി അടങ്ങിയ ദ്രവ്യങ്ങളോട് ഇഷ്ടം കൂടും. ഇവര്‍ മരം കയറുന്നതായോ പറക്കുന്നതയോ ഉള്ള സ്വപനങ്ങള്‍ പതിവായി കാണും. വായുവിനെ നിയന്ത്രിക്കുന്നത് വാതബലമാണ്. രൂക്ഷത, ലാഘവത്വം, കാഠിന്യം, ശൈത്യം, സൂക്ഷ്മത, ചലനം എന്നിങ്ങിനെ അഞ്ച് ഗുണങ്ങള്‍ വാതബലത്തിനുണ്ട്. അതടിസ്ഥാനത്തില്‍ ശരീരത്തിലുള്ള വായുവിനെ പ്രാണന്, ഉദാനന്‍, വ്യാനന്‍ സമാനന്‍, അപാനന്‍ വിഭജിച്ചിട്ടുണ്ട്.
പ്രാണവായു
മൂക്ക് വഴി സഞ്ചരിക്കുന്നു. ശ്വാസം അകത്തോട്ട് വലിക്കാനും ഭക്ഷണം ഇറക്കാനും സഹായിക്കുന്നു. ഇത് കോപിച്ചാല്‍ വലിവ്, എക്കിട്ടം എന്നിവ അനുഭവപ്പെടും.
ഉദാനവായു
ശ്വാസനാളി വഴി പുറത്തോട്ട് സഞ്ചരിക്കുന്നു. പാടുന്നതിനും സംസാരിക്കുന്നതിനും ഇത് സഹായിക്കുന്നു.
വ്യാനവായു
ഹൃദയം കേന്ദ്രീകരിച്ച് ശരീരം മുഴവന്‍ സഞ്ചരിക്കുന്നു. സാരാംഗികളെ പ്രവര്‍ത്തിപ്പിച്ച് ശരീരത്തെ ഉണര്‍ത്തുന്നു. രക്തം, വിയര്‍പ്പ് എന്നിവയുടെ കര്‍മ്മത്തെ ചെയ്യിപ്പിക്കുന്നു. ക്ഷയിച്ചാല്‍ ആദ്യഘട്ടത്തില്‍ കോപിച്ച് വിറവാതം (Hyperkinetic Parkinsonism) ഉണ്ടാകാം. ക്ഷയം പഴകിയാല്‍ സ്തംഭവാതം (Bradykinesia), ഹൃദയസ്തംഭനം എന്നിവ ഉടലെടുക്കാം.
സമാനവായു
വയര്‍ വഴി സഞ്ചരിക്കുന്നു. ദഹനം, ആഗീരണം എന്നിവയെ പോഷിപ്പിക്കുന്നു. കിട്ടം രൂപപ്പെടാന്‍ സഹായിക്കുന്നു. ഇത് ക്ഷയിച്ചാല്‍ ഗുന്മന്‍, ഗ്രഹണി, വയര്‍വേദന എന്നിവ
അനുഭവപ്പെടും.
അപാനവായു
മലം, മൂത്രം, ശുക്ലം, ആര്‍ത്തവം എന്നിവയുടെ ചലനത്തെ സഹായിക്കുന്നു. അരക്കെട്ട്, തുട, ലിംഗം എന്നീ ഭാഗങ്ങള്‍ക്ക് ബലം നല്‍കുന്നു. ക്ഷയിക്കുമ്പോള്‍ മലബന്ധം, മൂലക്കുരു, മൂത്രദ്വാരരോഗങ്ങള്‍, ശുക്ലദോഷം എന്നിവ പിടിപെടും. ഉരുളക്കിഴങ്ങ് അപാനവായുവിനെ വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടാണ് കീഴുവായു മൂലമുള്ള പ്രയാസങ്ങള്‍ (Irritable bowel syndrome) ഉടലെടുക്കുന്നത്.
വാതബലത്തെ
വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍
എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍, ലഘു ഇനത്തില്‍പ്പെട്ട ആഹാരം, വരണ്ട ധാന്യങ്ങള്‍, വ്രതം, വ്യായാമം; ഗ്രീഷ്മം, വര്‍ഷം, ഹേമന്തം, ശിശിരം എന്നീ
ഋതുക്കള്‍; രാത്രിനേരം.
വാതബലത്തെ
കുറയ്ക്കുന്ന ഇനങ്ങള്‍
ഉപ്പ്, പുളി എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ ഗ്രീഷ്മത്തില്‍ അധികം അളവില്‍ ഉപയോഗിച്ചതുമൂലം ശരീരത്തില്‍ ഉഷ്ണം ഇരട്ടിച്ചാല്‍ വാതബലം ക്ഷയിക്കും. ശീതം കൂടിയാലും വാതം ക്ഷയിക്കും. ശിശിരത്തില്‍ മധുര ഉപയോഗം മൂലം ശീതം ഇരട്ടിച്ചാല്‍ വാതബലം ക്ഷയിച്ച് കോപിക്കും. കോപിച്ച വാതം വായുവിന്‍റെ ചലനത്തെ വേഗത്തില്‍ ആക്കും. അത് വേദന, ക്ഷീണം, അപസ്മാരം എന്നിവയ്ക്ക് കാരണമാകും. കോപിച്ച് വര്‍ദ്ധിച്ച വാതം ഉഷ്ണത്തില്‍, ഗ്രീഷ്മത്തില്‍ ശരീരത്തിന്‍റെ മേല്‍സന്ധികളിലോട്ടും ശീതത്തില്‍, വര്‍ഷത്തില്‍ കീഴ്‌സന്ധികളിലോട്ടും വ്യാപിക്കും.
പിത്തപ്രകൃതി
പിത്തപ്രകൃതിക്കാരുടെ വീര്യം ഉഷ്ണമാണ്. പിത്തബലം മുഖ്യമായും നെഞ്ചിന് കീഴ്‌ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരണാശക്തി, ബുദ്ധി, ഇഷ്ടം നടപ്പാക്കാനുള്ള ശേഷി, അഭിമാനം, കാഴ്ചശക്തി, ചര്‍മ്മത്തിലെ ശോഭ, രക്തത്തിലെ ചുട്, അന്നങ്ങളുടെ ദഹനം എന്നിവയുടെയെല്ലാം ആധാരം പിത്തബലമാണ്.
ആഹാരത്തോടുള്ള ആര്‍ത്തി, അമിതമായ ദാഹം, മദ്യത്തോട് താല്‍പര്യം, മധുരം, ചവര്‍പ്പ്, കയ്പ്പ് എന്നീ രസങ്ങളുള്ള ആഹാരദ്രവ്യങ്ങളോട് ഇഷ്ടം, ആഭരണത്തോട് കൊതി, കഷണ്ടി, അകാല നര, വര്‍ദ്ധിച്ച പുരുഷശേഷി, ശുക്ലം ഇല്ലായ്മ, സൌന്ദര്യം എന്നിവ പിത്തവീര്യക്കാരുടെ സഹജലക്ഷണങ്ങളാണ്.
മുടികളുടെ എണ്ണം ഇവരില്‍ കുറവായിരിക്കും. മുടിക്ക് ചുവപ്പുനിറം കാണപ്പെടും. ചര്‍മ്മം വഴുവഴുപ്പുള്ളതോ ചൂടുള്ളതോ ആയിരിക്കും. ശബ്ദം കുയിലിന്‍റേത് പോലെ മധുരമായിരിക്കും.
നാക്ക് ചുവന്നതോ നീല നിറം കലര്‍ന്നതോ ആയിരിക്കും. ഇവര്‍ ഉത്സാഹശീലരും കോപിഷ്ടരും സ്തുതിവാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരും അഹങ്കാരികളും ആയിരിക്കും. തീയ്യ്, ഇടിമിന്നല്‍ എന്നിവയെ ഇവര്‍ സ്വപനം കാണും. രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ ജനിക്കുന്നവര്‍ പൊതുവേ പിത്തപ്രകൃതിക്കാരും രജസ് ഗുണമുള്ളവരും ധീരന്‍മാരും
ആണ്.
വര്‍ഷഋതുവില്‍ പിത്തബലം സ്വാഭാവികമായി കുറയും. ശിശിരത്തില്‍ പിത്തബലം കുറയുകയും കഫബലം കൂടുകയും
ചെയ്‌താല്‍ ദേഹം പുഷ്ടിക്കും.
പിത്തത്തെ
വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങള്‍
ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍, കായം, വെളുത്തുള്ളി, ചുക്ക്, കടുക്ക, അമൃത്, ആടലോടകം, വേപ്പ്, വരണ്ട ധാന്യങ്ങള്‍, നെല്ലിക്ക, വര്‍ഷകാലത്തെ തൈര്, വെണ്ണ, താറാവ്, മദ്യം, എണ്ണ, അമ്ല ആഹാരങ്ങള്‍, ക്ഷാരാംശം അധികമുള്ള ദ്രവ്യങ്ങള്‍, സ്വര്‍ണ്ണ ആഭരണങ്ങള്‍, ശരത് ഋതു, ഉച്ചസമയത്തെ വെയില്‍.
കഫപ്രകൃതി
കഫപ്രകൃതിക്കാരുടെ വീര്യം ശീതമാണ്. നെഞ്ചിന് മേല്‍ഭാഗത്ത് കഴുത്തിലും ശിരസ്സിലും ആണ് കഫബലത്തിന്‍റെ മുഖ്യസ്ഥാനം. ആമാശയം, നാക്ക്, സന്ധികള്‍, ഹൃദയം എന്നി ഭാഗങ്ങളില്‍ വഴുവഴുപ്പ് നിലനിര്‍ത്തുന്നതിലും കഫബലം പങ്കുവഹിക്കുന്നു. ആനൂപ് ദേശത്ത് ഉള്ളവര്‍ പൊതുവേ കഫപ്രകൃതിക്കാര്‍ ആയിരിക്കും. സത്യം, സ്നേഹം, മര്യാദ എന്നിവയില്‍ ഇക്കൂട്ടര്‍ ശ്രദ്ധ പുലര്‍ത്തും.
വെളുത്ത നാക്ക്, കനത്ത ശബ്ദം, കൈനാഡിയില്‍ സാവധാനത്തിലുള്ള ചലനം, നീണ്ടതും കറുത്തതുമായ മുടി, വിരിഞ്ഞ മാറിടം, തണുത്ത ചര്‍മ്മം, വേദനയില്ലായ്മ, ഓര്‍മ്മക്കുറവ്, ദേഹബലം, സഹനശീലം, കുറഞ്ഞ വിശപ്പ്, മുഴുത്ത സന്ധികള്‍, മുഴുത്ത പേശികള്‍, ഉയര്‍ന്ന രോഗപ്രതിരോധശക്തി എന്നിവ കഫപ്രകൃതിക്കാരുടെ ലക്ഷണങ്ങളാണ്. ഔദാര്യം, സത്യനിഷ്ഠ, ഭക്തി, ദീര്‍ഘവീക്ഷണം, ബുദ്ധി, സ്നേഹം, സംഗീതതാല്‍പര്യം എന്നിവയും ഇവരുടെ ഗുണങ്ങളാണ്.
മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ അധികം ഉപയോഗിച്ചാല്‍ കഫബലം കൂടും. ഉറക്കം അധികം ആകും. ശരീരഭാരം വര്‍ദ്ധിക്കും. തലവേദന അനുഭവപ്പെടും. വാതദോഷത്തെ ലഘൂകരിക്കും. ദേഹത്ത് എണ്ണ പതിവായി തേച്ചാല്‍ കഫബലം മെച്ചപ്പെടും. കഫബലം കൂടിയാല്‍ എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളോട് ഇഷ്ടം കൂടും. കഫം വര്‍ദ്ധിച്ച ഘട്ടത്തില്‍ കഫത്തിന് മധുരവും ദുഷിച്ചാല്‍ ഉപ്പ് രസവും അനുഭവപ്പെടും. തടാകം, നദികള്‍, താമര, പക്ഷികള്‍ എന്നിവ ഇവരുടെ സ്വപ്നവിഷയങ്ങള്‍ ആണ്.
വേനല്‍ക്കാലത്തും വാര്‍ദ്ധക്യത്തിലും കഫബലം ക്ഷയിക്കും. ഇതിന് ആനുപാതികമായി വാതബലം വര്‍ദ്ധിക്കും. കഫബലക്കാരെ ആണ് കഫദോഷം ബാധിക്കുന്നത്. കഫബലം കുറഞ്ഞാല്‍ ഉറക്കം. കാഴ്ചശേഷി എന്നിവ കുറയും. കഫഗുണം കുറഞ്ഞാല്‍ മധുരയിനങ്ങളും കഫഗുണം കൂടിയാല്‍ എരിവ് ദ്രവ്യങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
കഫത്തെ
വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങള്‍
ജലം, മധുരദ്രവ്യങ്ങള്‍, ഉപ്പ്, പാല്‍, പുളിച്ച തൈര്, നെയ്യ്, മത്സ്യം, കോഴി മാംസം,
എള്ള്, കുമ്പളങ്ങ, കറിവേപ്പില, നല്ലെണ്ണതേപ്പ്, പകലുറക്കം, വസന്തം, വെയില്‍.
ദോഷങ്ങള്‍
വാതം, പിത്തം, കഫം എന്നീ മൂന്ന് ബലങ്ങളുടെയും സമസ്ഥിതിയാണ് ആരോഗ്യത്തിന് നിദാനം. ഈ ബലങ്ങളുടെ സൌമ്യാവസ്ഥ തെറ്റുന്നതാണ് രോഗത്തിന് വഴിവെക്കുന്നത് എന്നാണ് ഭാരതിയ ചികിത്സാരീതിയുടെ അടിസ്ഥാനം. ഇത്തരം ബലങ്ങള്‍ വര്‍ദ്ധിക്കുന്നതും കുറയുന്നതും രോഗങ്ങള്‍ക്ക് കാരണമാകും. ആരോഗ്യപ്രകൃതിയെയും രോഗപ്രകൃതിയേയും വിവരിക്കാന്‍ ഭാരതിയ പണ്ഡിതന്മാര്‍ ഒരേ പദം തന്നെയാണ് ഉപയോഗപ്പെടുത്തിയത്. പ്രയാസങ്ങള്‍ക്ക് കാരണമാക്കുന്ന ശക്തികളെ മൂന്നിനമായി വിഭജിച്ചു.
വാതദോഷം
വാതപ്രകൃതിക്കാരെയാണ് വാതദോഷം എളുപ്പം പിടിക്കുന്നത്. കഫബലവും പിത്തബലവും സജീവമായ ഘട്ടങ്ങളില്‍ വാതദോഷം
അടങ്ങും.
വാതദോഷത്തിന്‍റെ
ലക്ഷണങ്ങള്‍
മനസ്സിന്‍റെ ചാഞ്ചല്യം, ഉറക്കം വരായ്ക, കുറഞ്ഞ ഇന്ദ്രിയക്ഷമത, തിമിരം, ചര്‍മ്മത്തില്‍ കരിവാളിപ്പ്, താരന്‍, പല്ല് ഇളക്കം, നാക്കില്‍ ചവര്‍പ്പ് രസം, ഒച്ചയടപ്പ്, എക്കിള്‍, വയറിളക്കം, വയറുവേദന, വൃഷ്ണവേദന, തളര്‍വാതം, വിറയല്‍, പേശിപിടുത്തം, പേശികളില്‍ വഴക്കമില്ലായ്മ, പേശിവേദന, തരിപ്പ്, നഖത്തില്‍ വിണ്ടുകീറല്‍, ദേഹത്തില്‍ തണുപ്പ്.
വാതദോഷം സജീവമായാല്‍ പിത്തദോഷവും സജീവമാകും. കഫബലം കുറയും. തണുത്ത ജലം, വര്‍ഷം, മഞ്ഞ്, ദീര്‍ഘയാത്ര, പ്രസംഗം, ഉറക്കമില്ലായ്മ, ദുഃഖം, മൈഥുനം എന്നിവ വാതദോഷത്തെ സജീവമാക്കും. ഇതുമൂലം സഹജമായുള്ള വാതഗുണം കുറയും.
വാതദോഷം എന്നത് ഒരുതരത്തില്‍ വായുദോഷം കൂടിയാണ്. കാര്‍ബണ്‍ ഡയോക്‌സയിഡ്, ഹൈഡ്രജന്‍ തുടങ്ങിയ ഉഷ്ണവാതകങ്ങള്‍ ശുദ്ധികരിക്കപ്പെടുന്നത് കഴലകള്‍, പ്ലീഹ, കരള്‍ തുടങ്ങിയ ഭാഗങ്ങളില്‍ വെച്ചാണ്. അവിടെനിന്ന് വൃക്കയില്‍ എത്തി മൂത്രമാര്‍ഗ്ഗേനെയും അന്നപഥം, ശ്വാസകോശങ്ങള്‍ എന്നിവയില്‍ എത്തി വാതകരൂപേണയും പുറത്തുപോകും. ഇത്തരം വായുക്കള്‍ പുറത്തുപോകുന്നത് തടസ്സപ്പെട്ടാല്‍ ശരീരത്തില്‍ പലയിടങ്ങളില്‍ ഓടിനടന്ന് പ്രയാസങ്ങള്‍ സൃഷ്ടിക്കും. വേദനയ്ക്കും വരള്‍ച്ചയ്ക്കും കാരണമാകും.
വെയില്‍ കൊള്ളല്‍, വിയര്‍ക്കല്‍, തിരുമ്മല്‍, ചൂട് ജലത്തിലെ കുളി, വിശ്രമം, ഉറക്കം, നസ്യം, വസ്തിപ്രയോഗങ്ങള്‍ എന്നിവ വാതദോഷത്തെ കുറയ്ക്കും. ചൂട് ഏല്‍പ്പിച്ചാല്‍, തൈലം ചൂടാക്കി പുരട്ടിയാല്‍ വാതദോഷം മൂലം ഉടലെടുത്ത പരുപരുപ്പ്, വേദന എന്നിവ
കുറയും.
വാതദോഷം വര്‍ദ്ധിച്ചതുമൂലം ഉടലെടുത്ത രോഗലക്ഷണങ്ങള്‍ ലഘു ആണെങ്കില്‍ വാതപ്രേരകമായ എരിവുദ്രവ്യങ്ങള്‍ (തഥര്‍ത്ഥകാരി) ലക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കണം. വാതബലം അധികം കുറഞ്ഞത് മൂലമുള്ള കോപഘട്ടത്തിലും വാതദോഷം വര്‍ദ്ധിച്ചതുമൂലമുള്ള കഠിനഘട്ടത്തിലും വിപരീതചികിത്സ ചെയ്യണം. വാതബലം കുറഞ്ഞതുമൂലം ഉടലെടുക്കുന്ന സഹജപ്രയാസങ്ങളില്‍ വാതപ്രേരകമായ എരിവുദ്രവ്യങ്ങളെ ഉപയോഗിക്കണം.
വാതദോഷത്തെ കുറയ്ക്കുന്ന ഇനങ്ങള്‍
മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍, ഗുരു ആഹാരങ്ങള്‍, മൂത്രത്തെ കളയുന്ന ദ്രവ്യങ്ങള്‍, വിരേചനദ്രവ്യങ്ങള്‍, മുതിര, കടുക്ക, കാപ്പി, ഉഴുന്ന്, ഗോതമ്പ്, അവല്‍, എണ്ണ, കൊഴുപ്പ്, നെയ്യ്, പഴുത്ത മാങ്ങ, വഴുതനങ്ങ, ആല്‍ഫാല്‍ഫ, തിലപുഷ്പി, വെളുത്തുള്ളി, ചിറ്റഅമൃത്, കടുകുരോഹിണി, തഴുതാമ, മഞ്ഞള്‍, കിരിയാത്ത്, ഇരട്ടിമധുരം, ചുക്ക്, അരിഷ്ടം, കുറുന്തോട്ടി, ദശമൂലം, ആവണക്ക്, കോവല്‍, ശതാവരി, അടപതിയന്‍, ഞെരിഞ്ഞില്‍, നറുനണ്ടി, അതിവിഷം, മദ്യം, ആട്ടിന്‍സൂപ്പ്, കോഴിഇറച്ചി,
തേന്‍.
വായുഗുളിക ഗണവും (ഏലം, കറുവ, ചുക്ക്, കുരുമുളക്, വത്സനാഭി, കസ്തൂരി, ജാതിക്ക, പച്ചകര്‍പ്പൂരം, വയമ്പ്, ജീരകം, കരിംജീരകം, ഗ്രാമ്പൂ, ചതകുപ്പ (Dill), ചിറ്റരത്ത, അയമോദകം, ഇരട്ടിമധുരം, വാല്‍മുളക് എന്നിവ) എക്കിള്‍ അടക്കം ഉള്ള ലഘുവായ വാതപ്രയാസങ്ങളെ കുറയ്ക്കും.
പിത്തദോഷം
പിത്തപ്രകൃതിക്കാരെ പിത്തദോഷം എളുപ്പം പിടിക്കും. വാതബലം, കഫബലം എന്നിവ വര്‍ദ്ധിച്ചാല്‍ പിത്തദോഷം അടങ്ങും. പിത്തദോഷം പഴകി സജീവമായാല്‍ വാതദോഷവും സജീവമാകും. കഫബലം കുറയും.
പിത്തദോഷ
വര്‍ദ്ധന ലക്ഷണങ്ങള്‍
കോപം, തലകറക്കം, വായയില്‍ കയ്പ്പുരസം, വായ്നാറ്റം, വായപഴുപ്പ്, കണ്ണ്ചുവപ്പ്, കണ്ണില്‍ മഞ്ഞപ്പ്, പുകച്ചില്‍, നെഞ്ചെരിച്ചില്‍, അമ്ലത, ഛര്‍ദ്ദി, പിത്തസഞ്ചിയില്‍ കല്ല്, മലദ്വാരത്തില്‍ പഴുപ്പ്, ലിംഗത്തില്‍ വീക്കം, വിയര്‍പ്പിന് ദുര്‍ഗന്ധം, ദേഹത്തില്‍ ചൂട്, പോളം, മുടികൊഴിച്ചില്‍, നര, രക്തസ്രാവം, മഞ്ഞപിത്തം, പച്ചയോ മഞ്ഞയോ നിറത്തോട് കൂടിയ മൂത്രം.
സാമാന്യഅവസ്ഥയില്‍ മുത്രത്തിന് അമ്ലഗുണമാണ്. മൂത്രവിസര്‍ജനതോത് കുറഞ്ഞതുമൂലം ദേഹദ്രാവകങ്ങളില്‍ അമ്ലത കൂടിയാല്‍ വരള്‍ച്ച നടക്കും. ഉഷ്ണകൃമികള്‍ വര്‍ദ്ധിക്കും, അമ്ലത ദീര്‍ഘിച്ച് നിലകൊണ്ടാല്‍ അവയവങ്ങള്‍ ഉണങ്ങി ചുരുങ്ങും. ചര്‍മ്മം വിണ്ടുകീറും. ഉഷ്ണം അധികരിച്ചാല്‍ പഴുപ്പ്, വ്രണം എന്നിവ രൂപപ്പെടും.
ജ്വരം, ഗൌട്ട്, വ്രണം തുടങ്ങിയ തീവ്ര പിത്തദോഷരോഗങ്ങളില്‍ അമ്ലത കൂടുതലുള്ള ആഹാരങ്ങളെ ഒഴിവാക്കണം. വിപരീതശമനമരുന്ന് എന്നോണം ലഘുവും ക്ഷാരവിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ ഇനങ്ങള്‍ (ഉള്ളി, തേങ്ങ, ഗ്രീന്‍ ടി, ബ്ലാക്ക് ടി, അപ്പക്കാരം ചേര്‍ത്ത് തയ്യാറാക്കിയ ധാന്യവിഭവങ്ങള്‍, ചുട്ട പപ്പടം) ഉപയോഗിക്കാം. ക്ഷാരയിനങ്ങള്‍ വയറ്റില്‍ എത്തിയാല്‍ ചിലഘട്ടത്തില്‍ അമ്ലമാകും. മില്‍ക്ക് ടി വയറ്റില്‍ ചെല്ലുമ്പോള്‍ അമ്ലം ആകും. പിത്തദോഷം മൂലം കഫം ക്ഷയിച്ച ഘട്ടത്തില്‍ മധുരം അടങ്ങിയ ദ്രവ്യങ്ങള്‍ കഴിക്കണം. പിത്തബലം കുറഞ്ഞാല്‍ പുളി, ഉപ്പ്, എരിവ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്‍ ഉപയോഗപ്പെടുത്തണം.
പിത്തദോഷത്തെ
കുറയ്ക്കുന്ന ഇനങ്ങള്‍
പടവലം, കുമ്പളം, ചുരക്ക, കുമ്മട്ടി, വിരേചനദ്രവ്യങ്ങള്‍, കടുക്ക, ആവണക്ക്,കടുകുരോഹിണി, ഉഴുന്ന്, കടല, ചന്ദനം, താമര, വേപ്പില, തണുത്ത ജലം, പാല്‍, തൈര്, കോഴിമാംസം, ഉദ്യാനത്തിലൂടെ ഉള്ള നടത്തം, ആലിംഗനം, നിലാവ്, കാറ്റ്, തണുത്ത അന്തരീക്ഷം, കുളി, രക്തമോക്ഷം, സംഗീതം, അത്തര്‍, വെള്ളി ആഭരണങ്ങള്‍.
കഫദോഷം
കഫപ്രകൃതിക്കാരെ കഫദോഷം എളുപ്പം ബാധിക്കും. കഫദോഷം സജീവമായാല്‍ അത് കഫബലത്തെ സ്തംഭിപ്പിക്കും.
വാതം, പിത്തം എന്നീ ബലങ്ങള്‍ വര്‍ദ്ധിച്ചാല്‍ കഫദോഷം കുറയും.
കഫദോഷ
ലക്ഷണങ്ങള്‍
ഉറക്കം, മന്ദത, മടി, വെളുപ്പ് അധികരിച്ച കണ്ണ്, വിശപ്പില്ലായ്മ, ഉമിനീരിന് മധുരം, ഉമിനീര്‍ വര്‍ദ്ധന, ഗോയിറ്റര്‍, നെഞ്ചില്‍ കഫം, മലത്തിന്‍റെ അളവില്‍ വര്‍ദ്ധന, ധമനീകാഠിന്യം, ദുര്‍മേദസ്സ്, ചൊറിച്ചില്‍, പശപ്പുള്ള വിയര്‍പ്പ്, തണുത്ത ചര്‍മ്മം, ദേഹകനം, വെളുത്ത നിറത്തിലുള്ള
മൂത്രം.
കഫദോഷത്തെ
കുറയ്ക്കുന്ന ഇനങ്ങള്‍
എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍, വരണ്ട ധാന്യങ്ങള്‍, കയ്പ്പക്ക, കടല, ഏലം, ജീരകം, അയമോദകം, വെളുത്ത കടുക്, സുഗന്ധവ്യഞ്ജനങ്ങള്‍, കായം, മുളക്, ഇഞ്ചി, കിരിയാത്ത്, കടലാടി, അതിവിഷം, കടുക്ക, കുടകപ്പാല, വേങ്ങ, നീര്‍മരുത്, ഛര്‍ദ്ദിയെ ദ്രവ്യങ്ങള്‍, വിഴാലരി, തേന്‍, മദ്യം, വറ്റിച്ച ജലം, ഇന്തുപ്പ്, കണ്ണെഴുത്ത്‍, ചെമ്പ് ആഭരണങ്ങള്‍, വെറ്റിലമുറുക്ക്, പുകവലി, മൈഥുനം, വ്യായാമം, ഗുസ്തി, നീന്തല്‍, നടത്തം, ഓയില്‍ മസാജ്, ഉറക്കം ഒഴിക്കല്‍, ആവികൊള്ളല്‍, വെയില്‍, ഉപവാസം, വര്‍ഷഋതു.
കഫദോഷം സജീവമായുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ബുദ്ധിവികാസം കുറയും. ഇത്തരം കുട്ടികളുടെ എണ്ണം ഇപ്പോള്‍ കൂടി വരുന്നുണ്ട്. ഇത്തരക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷണസമാന ആശയത്തില്‍ കയ്പ്പ്, എരിവ്, ചവര്‍പ്പ് രസങ്ങള്‍ അടങ്ങിയ ഔഷധദ്രവ്യങ്ങളെ (Curcuma longa) നേര്‍പ്പിച്ച് സൂക്ഷ്മത വരുത്തി
നല്‍കിനോക്കണം.
ആരോഗ്യമുള്ള അവസ്ഥയില്‍ മനുഷ്യനെ ഒരു ദോഷവും ബാധിക്കുകയില്ല. അതിനാല്‍ എപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കണം. പ്രതികരണശേഷി ഉള്ളപ്പോള്‍ ഏതിനം രോഗം ബാധിച്ചാലും അതിന്‍റെ മൃദുഅവസ്ഥയില്‍ രോഗലക്ഷണങ്ങളെ ആധാരമാക്കി സമാനമരുന്ന് ലഘുഅളവില്‍ പ്രയോജനപ്പെടുത്തണം. സ്ഥിരരോഗങ്ങളില്‍ ദോഷങ്ങളെ പ്രത്യേകം ശമിപ്പിക്കണം. അതിന്നായി സമാനഔഷധങ്ങളെ കൂടുതല്‍ ലഘുവാക്കി പ്രയോഗിക്കണം. ലക്ഷണങ്ങള്‍ കഠിനമാണെങ്കില്‍ ലക്ഷണവിപരീതരീതിയിലും അധികം അളവിലും മരുന്ന് നല്‍കണം. ജീവശക്തിയുടെ പ്രതികരണശേഷി നഷ്ടപ്പെട്ട അവസ്ഥയാണെങ്കില്‍ വിരുദ്ധരീതികളും
പരിഗണിക്കണം.
No comments:
Post a Comment