Tuesday 31 March 2020

ഋതുചര്യദര്‍ശനം. 16. കാദര്‍ കൊച്ചി.

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ഋതുക്കള്‍. ഋതുക്കള്‍ മാറുന്നത് അനുസരിച്ച് ജീവിതകര്‍മ്മങ്ങളില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള വിവരണമാണ് ഋതുചര്യ.

ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ഋതുക്കള്‍ ചേര്‍ന്നതാണ് ഉത്തരായനം. ഈ ഘട്ടത്തില്‍ ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തില്‍ സസ്യങ്ങളില്‍ സൂര്യപ്രകാശം മൂലമുള്ള ബലം വര്‍ദ്ധിക്കും. അന്തരീക്ഷത്തിന് ചൂട് കൂടും. സൂര്യന്‍ ജലാംശത്തെ വലിച്ചെടുക്കും. കാറ്റ് രൂക്ഷതയോട് കൂടി വീശിയാല്‍ ചൂട് ഇരട്ടിച്ച് വരള്‍ച്ച ഉണ്ടാകും. സസ്യങ്ങളില്‍ കയ്പ്പ്, ചവര്‍പ്പ്, എരിവ് എന്നീ രസങ്ങള്‍ അഭിവൃദ്ധിപ്പെടും. മധുരാംശം കുറയും. ഇവിടം വസിച്ചുപോരുന്ന മനുഷ്യന്‍റെ ബലം കുറയും. വെയില്‍ അധികം ഏല്‍ക്കുന്നതുമൂലം മൂത്രം, മലം എന്നിവയുടെ തോത് കുറയും. ശിരസ്സറകളില്‍ കഫം ഉരുകി ഉറയ്ക്കും. ഛര്‍ദ്ദി, ക്കാനം എന്നിവ അനുഭവപ്പെടും. മുഖം കറുക്കും. 

വസന്തത്തില്‍ കഫം വര്‍ദ്ധിച്ചത് മൂലം ഉണ്ടായ ഛര്‍ദ്ദി പരിഹരിക്കുന്നതിന് ഇഞ്ചി ചേര്‍ത്ത് തയാറാക്കിയ കറികള്‍ കഴിക്കാം. കരിമുഖം വന്നാല്‍ നെയ്യും പഴവും കുറച്ചുനാള്‍ കഴിക്കണം. നാക്ക്‌ വടിക്കണം. വെളിച്ചെണ്ണയില്‍ ഇത്തിരി ഉപ്പ്‌ ചേര്‍ത്ത് മുഖത്ത് ഉരസി തേച്ചാലും കഞ്ഞിവെള്ളം കൊണ്ട് പതിവായി കഴുകിയാലും കരിമുഖം മാറികിട്ടും. മൂലക്കുരു പൊട്ടി ചോര പോയാലും കരിമുഖം മാറും. സ്ഥിരമായ കരിമുഖത്തിന് കാരണം തുരുമ്പ് നിക്ഷേപമാണ്.

ഉഷ്ണ ഋതുക്കളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ നേരിടാന്‍ മധുരദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തണം. ഉഷ്ണം വര്‍ദ്ധിപ്പിക്കുന്ന ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ അധികം കഴിക്കരുത്‌. വെയില്‍ ഏറ്റതുമൂലമുള്ള ക്ഷീണം കുറയ്ക്കാനായി ഉച്ചയ്ക്ക് ശേഷം ഉഷ്ണപാനീയങ്ങളായ ചായ, മോര് എന്നിവ നേര്‍പ്പിച്ച് കുടിക്കാം. വേനലില്‍ സ്വീകരിക്കുന്ന ജീവിതശൈലി തന്നെ മഴക്കാലത്തും മഞ്ഞുകാലത്തും പിന്തുടരരുത്.

വര്‍ഷം, ശരത്, ഹേമന്തം എന്നീ ഋതുക്കള്‍ ചേര്‍ന്നതാണ് ദക്ഷിണായനം. വര്‍ഷം കഴിഞ്ഞാല്‍ സൂര്യന്‍ തെക്കോട്ട്‌ നീങ്ങുന്നതായി തോന്നും. പടിഞ്ഞാറന്‍കാറ്റ് കുറയും. സൂര്യബലം ക്ഷയിച്ച് വരുന്നതായും ചന്ദ്രശക്തി വര്‍ദ്ധിച്ച് വരുന്നതായും തോന്നും. അന്തരീക്ഷത്തില്‍ ശീതം അനുഭവപ്പെടും. ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തിലുള്ള മനുഷ്യന് ബലം വര്‍ദ്ധിക്കും. മലം, മൂത്രം എന്നിവയുടെ തോത് കൂടും. ശീതം വര്‍ദ്ധിച്ചാല്‍ മലം, മൂത്രം എന്നിവ സ്തംഭിക്കും. ഇവയെ ശോധിപ്പിക്കുന്ന ദ്രവ്യങ്ങള്‍ മഴക്കാലത്തും, മഞ്ഞുകാലത്തും കഴിക്കാം. വിരേചനം അധികമായാല്‍ ചൂടുള്ള കഞ്ഞി, മോര്, പുളിരസമുള്ള ദ്രവ്യങ്ങള്‍ എന്നിവ ലഘുവായ തോതില്‍ പ്രയോജനപ്പെടുത്തണം. ദുര്‍മേദസ്സ് ഉള്ളവര്‍ ദക്ഷിണായനകാലത്ത് ആഹാരത്തിന്‍റെ അളവ് കുറയ്ക്കണം. കിഴങ്ങിനങ്ങളും കൊഴുപ്പും നിയന്ത്രിക്കണം.
 
ഋതുമാറ്റങ്ങള്‍ക്ക് അനുസരിച്ച് സസ്യങ്ങളില്‍ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ ഭൂതാംശങ്ങളുടെ തോത് വിത്യാസപ്പെടും. അതുമൂലം സസ്യഭാഗങ്ങളുടെ ഗുണത്തിലും രുചിയിലും മാറ്റം അനുഭവപ്പെടും. ഉഷ്ണമേഖലാപ്രദേശങ്ങളിലെ സസ്യങ്ങളില്‍ ശിശിരം മുതലുള്ള ഋതുക്കളില്‍ യഥാക്രമം കയ്പ്പ് ചവര്‍പ്പ്, എരിവ്, പുളി, ഉപ്പ്, മധുരം എന്നീ രസങ്ങള്‍ കൂടുതായി രൂപപ്പെടുന്നുണ്ട് എന്നൊരു നിഗമനം ഉണ്ട്. ഇവിടം വസിച്ചുപോരുന്ന ജീവികളില്‍ നിന്ന് ഓരോ ഋതുവിന്‍റെ അന്ത്യത്തിലും യഥാക്രമം മധുരം, കയ്പ്പ്, ചവര്‍പ്പ്, എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള മലങ്ങള്‍ നൈസര്‍ഗ്ഗികമായി വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യും. അത്തരത്തിലുള്ള മലവിസര്‍ജ്ജനം നടക്കാതെവരുമ്പോഴാണ് ഋതുസഹജരോഗങ്ങള്‍ ഉടലെടുക്കുന്നത്. പ്രകൃതിയുടെ ഇത്തരം സംവിധാനത്തെയും ദേശപ്രകൃതിയെയും ദേഹപ്രകൃതിയെയും പ്രായപ്രകൃതിയെയും ആധാരമാക്കി ആരോഗ്യത്തിന് അനുകൂലമായ നിലയില്‍ ആഹാരങ്ങളേയും ആചാരങ്ങളേയും ക്രമീകരിക്കേണ്ടത് ഓരോരുത്തരുടെയും ധര്‍മ്മമാണ്.

ഓരോ ഋതുവിനെയും ഭക്തിപൂര്‍വ്വം വരവേല്‍ക്കണം. ആദ്യത്തെ പതിനഞ്ച് ദിവസം അതാത് ഋതുക്കള്‍ക്ക് ഹിതകരവും ലഘുവായുള്ളതും ആയ ഭക്ഷണയിനങ്ങളും, അടുത്ത മുപ്പത് ദിവസം ഗുരുവായ ഭക്ഷണയിനങ്ങളും കഴിക്കണം. അവസാനത്തെ പതിനഞ്ച് ദിവസങ്ങളില്‍ നൈസര്‍ഗ്ഗികമായി വിസര്‍ജിക്കപ്പെടാന്‍ ഇടയുള്ള മാലിന്യങ്ങളെ തിരിച്ചറിയണം. അത് ആധാരമാക്കി ബന്ധപ്പെട്ട ബാഹ്യദ്വാരങ്ങളെ ശുദ്ധിയാക്കാനും വിസര്‍ജനം സജീവമാകാനും ഉതകുന്ന ദ്രവ്യങ്ങള്‍ ഉപയോഗിക്കണം. മുന്‍ഋതുവിലെ ആഹാരങ്ങളെ തിരസ്ക്കരിക്കുകയും വര്‍ത്തമാനകാല ആഹാരനിയമങ്ങളെ അനുസരിക്കുകയും ചെയ്യണം.

വസന്തചര്യ

മീനമാസത്തിലെ വെളുത്ത പ്രതിപദം മുതല്‍ ഇടവത്തിലെ കറുത്തവാവ് വരെയാണ് വസന്തം. ഉത്തരാര്‍ദ്ധഗോളത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സസ്യങ്ങളില്‍ സൂര്യശക്തി വര്‍ദ്ധിക്കും. ശീതകാലത്ത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ കഫം വസന്തത്തില്‍ സൂര്യരശ്മി ഏറ്റത് മൂലം ഉരുകും. അത് കഫനാളികളില്‍ എത്തിയാല്‍ ശ്വാസതടസ്സം ഉണ്ടാക്കും. കഫം കൂടിയാല്‍ ഛര്‍ദ്ദി നടക്കും. ഈ ഘട്ടത്തില്‍ കഫത്തെ ഛര്‍ദ്ദിപ്പിക്കുന്ന കയ്പ്പുദ്രവ്യങ്ങള്‍ കഴിക്കണം. എരിവുദ്രവ്യങ്ങളും കഴിക്കാം. ചവര്‍പ്പുദ്രവ്യങ്ങള്‍ കഴിച്ചാല്‍ കഫം ഉറക്കും. ആ നിലയ്ക്ക് ഈ ഋതുവില്‍ കട്ടന്‍ചായ അധികം കുടിക്കുന്നതും കഷായം കുടിക്കുന്നതും ഒഴിവാക്കണം. വെയില്‍ അധികം കൊള്ളരുത്. ചൂട് വര്‍ദ്ധിച്ചതുമൂലം കഫം ഉണങ്ങിപോയാല്‍ അത് കഫനാളികളില്‍ പറ്റിപിടിക്കും, കാസത്തിന് കാരണമാകും.

കുംഭമാസത്തില്‍ ചന്ദ്രബലം കൂടുന്നതിനാല്‍ ചെടികളില്‍ ഔഷധഗുണം വര്‍ദ്ധിക്കും. ഈ മാസത്തില്‍ വിളയുന്ന റാബി വിളകള്‍ക്ക് (ഗോതമ്പ്, ബാര്‍ലി, മുണ്ടകന്‍അരി, കടല, ആല്‍ഫാല്‍ഫ, എള്ള്, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി) ഗുരുത്വഗുണങ്ങള്‍ കൂടും. ദുര്‍മേദസ്സ്‌ ഉള്ളവര്‍ ഇവയുടെ അളവ് കുറയ്ക്കണം. ഒരു കൊല്ലത്തിലധികം പഴക്കമുള്ള അരി, ഗോതമ്പ് എന്നിവ കഴിക്കാം. കഫവര്‍ദ്ധകങ്ങളായ മധുരം, പുളി എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍, ഗുരു ആഹാരങ്ങള്‍ എന്നിവ കുറയ്ക്കണം. തൈര് ഒഴിവാക്കണം. പോത്തിറച്ചി, കോഴിയിറച്ചി എന്നിവ വസന്തത്തില്‍ ഹിതകരമാണ്. പഴങ്ങള്‍ കഴിക്കാം.

വസന്തത്തില്‍ വ്യായാമം ചെയ്യണം. ഉഷ്ണം കഫശമിനിയാണ്. വസന്താരംഭത്തില്‍ ഇളം ചൂടുള്ള വെള്ളം (നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ്) കൊണ്ട് ചര്‍മ്മം തിരുമ്മി കുളിക്കാം. ചന്ദനം ദേഹത്ത് പൂശാം. മുഖത്ത് ആവി കൊള്ളാം. ജലത്തില്‍ ഇത്തിരി വെളിച്ചെണ്ണ കലര്‍ത്തി കവിള്‍ കുലുക്കി കഴുകാം. കണ്‍മഷി ഉപയോഗിക്കാം. പകല്‍സമയത്ത് ഉറങ്ങരുത്.


ഗ്രീഷ്മചര്യ

ഇടവമാസത്തിലെ വെളുത്ത പ്രതിപദം മുതല്‍ കര്‍ക്കിടകത്തിലെ കറുത്തവാവ് വരെയാണ് ഗ്രീഷ്മം. വേനലില്‍ അന്തരീക്ഷോഷ്മാവ് കൂടും. കാറ്റിന്‍റെ രൂക്ഷതയും കൂടും. ചന്ദ്രന്‍റെ ബലം കുറയുന്നതായി അനുഭവപ്പെടും. സസ്യങ്ങളില്‍ എരിവ്, ചവര്‍പ്പ് എന്നീ രസങ്ങള്‍ കൂടും. മനുഷ്യരില്‍ ജലത്തിന്‍റെ തോത് കുറയും. ഈ ഘട്ടത്തില്‍ ഉപ്പ്, പുളി രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ ഒഴിവാക്കണം. എരിവുദ്രവ്യങ്ങള്‍ ലഘുവായ തോതില്‍ കഴിക്കാം.

മനുഷ്യരില്‍ ബലം കുറയുന്നതിനാല്‍ മധുരമുള്ള ദ്രവ്യങ്ങള്‍, ചോറ്, പഴം, സര്‍ബത്ത്, ഫ്രൂട്ട്ജ്യൂസ്, ഐസ്ക്രീം, അരി പൊടിച്ചതും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കിയ പലഹാരം, നെയ്യ്, പാല്‍പ്പായസം, കഞ്ഞി, തൈര്, സൂപ്പ് എന്നിവ കഴിക്കാം. ജലം ധാരാളം കുടിക്കണം.

കുടല്‍ ഉണങ്ങുന്നത് കൊണ്ട് മലബന്ധം സ്വാഭാവികമായി തന്നെ അനുഭവപ്പെടാം. വേനലില്‍ വയറിളക്കരുത്. ദേഹത്തിലുള്ള കൊഴുപ്പ് കുറയും. സാരാംഗ്നികളുടെ തോതും കുറയും. കൊഴുപ്പ് ഏറെയുള്ള ഇറച്ചി, മത്സ്യം എന്നിവ കഴിക്കാം. വരണ്ടപ്രദേശത്ത് വസിച്ചുപോരുന്ന മൃഗങ്ങളുടെ പാലും നെയ്യും അവയുടെ മാംസവും കഴിക്കാം. ഇവമൂലം ദേഹത്തിന് ബലം അനുഭവപ്പെട്ടുകിട്ടും.

വേനലില്‍ വ്യായാമം ചെയ്യുന്നതും ദേഹം തിരുമ്മുന്നതും ഒഴിവാക്കണം. ദേഹത്ത് വെളിച്ചെണ്ണയ്ക്ക് പകരം നല്ലെണ്ണ പുരട്ടണം. മൈഥുനം ഉപേക്ഷിക്കണം. ഉഷ്ണപ്രകൃതിക്കാര്‍ മദ്യം കുടിക്കരുത്. കാപ്പി, ചായ എന്നിവ കുടിക്കുന്ന തവണ കുറയ്ക്കണം. കഫപ്രകൃതിക്കാര്‍ മദ്യയിനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കുടിക്കണം. പുഷ്പങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാല ധരിക്കാം. മെലിഞ്ഞവര്‍ക്ക് പകല്‍സമയങ്ങളില്‍ അര്‍ദ്ധമയക്കം ആകാം.

വര്‍ഷചര്യ

കര്‍ക്കിടകമാസത്തിലെ വെളുത്ത പ്രതിപദം മുതല്‍ കന്നിയിലെ കറുത്തവാവ് വരെയാണ് വര്‍ഷം. വര്‍ഷത്തില്‍ അന്തരീക്ഷോഷ്മാവും അതോടൊപ്പം ശരീരോഷ്മാവും കുറയും. മൂത്രത്തിന്‍റെ അളവ് കൂടും. ശരീരത്തില്‍ ജലത്തിന്‍റെ തോത് കൂടിയതുകൊണ്ട് പിത്തബലം കുറയും. വേനലില്‍ വരണ്ടുപോയ ദഹനാംഗ്നികള്‍ വര്‍ഷത്തിലെ ശീതം മൂലം വീണ്ടും ക്ഷയിക്കും. ആമാശയത്തില്‍ അമ്ലത കുറഞ്ഞതുകൊണ്ട് ദഹനശക്തി കുറയും. ഗ്നിമാന്ദ്യം, വയറിളക്കം എന്നിവ അനുഭവപ്പെടാം. വ്രതം എടുക്കുവാന്‍ പറ്റിയ ഋതുവാണ്.

പുഴയില്‍ ആണെങ്കില്‍ ചെളിയുടെ അംശം വര്‍ദ്ധിക്കുംജലം അമ്ലമയം ആകും. അതിനാല്‍ പുഴവെള്ളം തിളപ്പിച്ച ശേഷമാണ് കുടിക്കേണ്ടത്. തണുത്ത ജലം അധികം കുടിക്കരുത്. പഴകിയ യവംപഴകിയ ഗോതമ്പ്ചുവന്ന നെല്ലിന്‍റെ അരി, ഉഴുന്ന് എന്നിവ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി തേന്‍ ഉപയോഗിക്കാം. ഉപ്പ്, മുളക്, തേങ്ങ എന്നിവ കലര്‍ത്തി തയ്യാറാക്കിയ ചമ്മന്തി കഴിക്കാം. വയര്‍ ഇളകുന്ന ദ്രവ്യങ്ങള്‍ കഴിക്കാം. ദേഹത്ത് എണ്ണയ്ക്ക് പകരം വെളിച്ചെണ്ണ പുരട്ടാം. ചര്‍മ്മം തിരുമ്മി കുളിക്കണം.

സൂര്യബലം കുറയുമ്പോള്‍ കാറ്റും കുറയും. അതുമൂലം ശരീരത്തിലെ വായുക്കള്‍ കോപിക്കുംകോപിച്ച വായുക്കള്‍ മറ്റു ദേഹഭാഗങ്ങളിലോട്ട് നീങ്ങിയാല്‍ വിറയല്‍, സന്ധിവേദന എന്നിവ അനുഭവപ്പെടും. ഈ ഘട്ടത്തില്‍ ജാംഗലദേശത്തുള്ള ജന്തുക്കളുടെ മാംസം പുളി, ഉപ്പ്, കൊഴുപ്പ് എന്നിവ ചേര്‍ത്ത് പാചകം ചെയ്ത് തയ്യാറാക്കിയ സൂപ്പ്, കോഴിസൂപ്പ് എന്നിവ കഴിക്കാം. ആനൂപ് ദേശത്തെ ജന്തുക്കളുടെ മാംസം, മത്സ്യം, ഐസ്ക്രീം, ശീതദ്രവ്യങ്ങള്‍, തൈര്‍ എന്നിവ ഒഴിവാക്കണം. പുളി, കയ്പ്പ്, ചവര്‍പ്പ് രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങളും കുറയ്ക്കണം.

വര്‍ഷഋതുവില്‍ ശീതദേഹപ്രകൃതിക്കാര്‍ ശീത ആഹാരങ്ങള്‍, പഴങ്ങള്‍ എന്നിവ അധികം കഴിച്ചാല്‍ ശീതം അധികരിച്ച് രക്തം ഘനീഭവിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ധാന്യാഹാരങ്ങള്‍ കഴിച്ചോ ഉപവസിച്ചോ വ്രതം അനുഷ്ടിച്ചോ വര്‍ഷഋതുവിലെ തണുപ്പിനെ പ്രതിരോധിക്കണം.

കഞ്ഞി ഉഷ്ണവും ചോറ് താരതമ്യേനെ ശീതവുമാണ്. കര്‍ക്കിടകത്തില്‍ ഔഷധചെടികള്‍ വേഗത്തില്‍ വളരും. അനുയോജ്യമായ ഇനങ്ങള്‍ ശേഖരിച്ച് ഔഷധകഞ്ഞി തയ്യാറാക്കി കുടിച്ചാല്‍ ഇക്കാലത്ത് പിടിപെടുന്ന ശീതവാതരോഗങ്ങളുടെ തീവ്രതയെ കുറയ്ക്കാനാകും. വ്യായാമം, മൈഥുനം, ശരീരായാസം, പകലുറക്കം എന്നിവ പാടില്ല. കനം അധികമില്ലാത്ത വസ്ത്രം ധരിക്കണം. കിഴക്കന്‍ കാറ്റ് ഏല്‍ക്കരുത്. വെയില്‍ കൊള്ളരുത്. തണുപ്പുതട്ടുംവിധം തറയില്‍ കിടന്നുറങ്ങരുത്.   


ശരത്ചര്യ

കന്നിമാസത്തിലെ വെളുത്ത പ്രതിപദം മുതല്‍ വൃശ്ചികത്തിലെ കറുത്തവാവ് വരെയാണ് ശരത്കാലം. ശരത്ഋതുവില്‍ ആകാശം തെളിയും, വെളുത്ത മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തിലെ മഴവെള്ളത്തിന് ഉഷ്ണഗുണമാണ്. അത് വാതം, കഫം എന്നീ ദോഷങ്ങളെ പരിഹരിക്കും. അശ്വിനിമാസത്തിലെ ചോതിനാളില്‍ ലഭിക്കുന്ന മഴവെള്ളം അമൃതിന്‍റഫലം നല്‍കുമെന്നായിരുന്നു പഴയ വിശ്വാസം.

കറിയുപ്പിന്‍റെ ഉപയോഗം കൂടിയാല്‍ രക്തദൂഷ്യം കൂടും. നെഞ്ചെരിച്ചില്‍ അനുഭവപ്പെടും. ആന്തരികരക്തസ്രാവം ഉണ്ടാകും. ദേഹം അതിനോട് അമിതമായി പ്രതികരിച്ചാല്‍ സിരകളില്‍ രക്തകട്ടകള്‍ രൂപംകൊള്ളും. മത്സ്യത്തില്‍ ഉപ്പിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. നീര്‍കെട്ട് ഉള്ളവര്‍ കടല്‍മത്സ്യം, കറിയുപ്പ് എന്നിവ ഉപയോഗിക്കുന്നത് കുറയ്ക്കണം. തേങ്ങ, മല്ലി, മാങ്ങ, മഞ്ഞള്‍ എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ മത്സ്യക്കറിയുടെ ചാര്‍ ഉപയോഗിച്ചാല്‍ ശരീരത്തിന് വേണ്ടതായ ഒമേഗ അടക്കമുള്ള കൊഴുപ്പമ്ലങ്ങള്‍ ലഭിക്കും.

അന്തരീക്ഷഊഷ്മാവ് വര്‍ദ്ധിക്കുന്നതനുസരിച്ച് ശരീരത്തിലെ ചാലുകള്‍ വരണ്ട് ക്ഷീണിക്കും. പ്രതികരണഫലമായി വിയര്‍പ്പുതോത് കൂടും. ജലദോഷം പിടിപെടും. ക്ഷീണം അനുഭവപ്പെടും. ചായ ചെറിയ ചൂടോടെ കുടിച്ചാല്‍ വെയില്‍ മൂലമൂള്ള ക്ഷീണം കുറയും.

ദേഹത്തില്‍ പിത്തം ഇരട്ടിക്കും. മഴ തുടര്‍ച്ചയായി പെയ്തതുമൂലം അന്തരീക്ഷഊഷ്മാവ് കുറഞ്ഞാല്‍ പിത്തം കുറഞ്ഞ് കോപിക്കും. മധുരമുള്ളതും ലഘുവും ശീതവുമായ അന്നപാനീയങ്ങള്‍ വിശപ്പ്‌ അനുസരിച്ച് കഴിക്കാം.

ചുവന്ന നെല്ലിന്‍റെ അരി, യവംഗോതമ്പ്, ചെറുപയര്‍‍; കയ്പ്പ്, ചവര്‍പ്പ്, മധുരം എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍, ശീതദ്രവ്യങ്ങള്‍, നെയ്യ്, മാംസം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചിങ്ങമാസത്തില്‍ വിളയുന്ന വിരിപ്പ് അരിക്ക് മകരത്തില്‍ വിളയുന്ന മുണ്ടകന്‍ അരിയേക്കാള്‍ ഗുരുത്വം കുറവാണ്. അതിനാല്‍ അതുകൊണ്ട് തയ്യാറാക്കിയ ചോറ് വയര്‍നിറയെ കഴിക്കാം. അരിയില്‍ അടങ്ങിയ സിലിക്ക, ഫോസ്ഫറസ്, ആര്‍സെനിക് അംശങ്ങള്‍ പോകും വിധം കാടി കഴുകി കളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്.

മലം, മൂത്രം എന്നിവയെ വര്‍ദ്ധിപ്പിക്കുന്ന ദ്രവ്യങ്ങള്‍ കഴിക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഇത്തിരി നെയ്യ് ചേര്‍ത്ത് കഴിച്ചാല്‍ മലശോധന എളുപ്പമായി കിട്ടും. സ്ത്രീകള്‍ക്ക് ദോഷരക്തത്തെ പുറത്ത് ളയാന്‍ വേണ്ട മരുന്നുകള്‍ ഈ ഋതുവില്‍ പ്രത്യേകമായി കഴിക്കാം. രക്തമോക്ഷം, രക്തദാനം എന്നിവയ്ക്ക് പറ്റിയ ഋതുവാണ്. ആകാശം കൂടുതല്‍ തെളിഞ്ഞാല്‍ ഉലുവ, കൈപ്പക്ക, കയ്പ്പുരസമുള്ള ദ്രവ്യങ്ങള്‍ എന്നിവ കഴിക്കാം.

പുളി, ഉപ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ദ്രവ്യങ്ങള്‍ കുറക്കണം. മദ്യം, തൈര്, ആനൂപ്‌ ദേശത്തിലെ മൃഗങ്ങളുടെ മാംസം എന്നിവയും ഗുണകരമല്ല. വെയില്‍ അധികം കൊള്ളരുത്. കിഴക്കന്‍ക്കാറ്റ്‍‍‍, പകലുറക്കം എന്നിവയും ഒഴിവാക്കണം. ചര്‍മ്മത്തില്‍ വെളിച്ചെണ്ണയ്ക്ക് പകരമായി നല്ലെണ്ണ പുരട്ടണം. നീന്തല്‍, മുങ്ങിക്കുളി എന്നിവ ഹിതകരമാണ്. പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ മാല ധരിക്കാം.

ദേഹത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡ്‌ തോത് കൂടിയതുമൂലം ഉഷ്ണം കൂടിയാല്‍ വിയര്‍പ്പ്, മൂക്ക് ചൊറിച്ചില്‍, ജ്വരം, വായില്‍ പോളം എന്നിവ പിടിപെടാം. ഇക്കാലത്ത് ചുവന്ന ചീര, തക്കാളി, ചേന എന്നിവ അധികം കഴിക്കരുത്. ഒക്സാലിക് അമ്ലം അധികം അടങ്ങിയ ആഹാരങ്ങള്‍ പതിവായി കഴിച്ചാല്‍ കാര്‍ബണ്‍ ഡയോക്‌സയിഡ്‌ തോത് നാല് ഇരട്ടിയോളം വര്‍ദ്ധിക്കും. അത് ചുമ, കാസം, കഫകെട്ട് എന്നിവയ്ക്ക് കാരണമാകും. 

വേനല്‍, ശരത് എന്നീ ഋതുക്കള്‍ പിന്നിട്ട് വരുന്ന ഋതുസന്ധ്യയില്‍ മത്സ്യം, മാംസം എന്നിവയെ ഒഴിവാക്കണം. കഷ്ടപ്പാട് കാലത്തും അസ്ഥിഭംഗം സംഭവിച്ച സന്ദര്‍ഭങ്ങളിലും വ്രണം രൂപപ്പെട്ട വേളയിലും ഇറച്ചി, മത്സ്യം എന്നിവ അധികം കഴിക്കരുത്.

ഹേമന്തചര്യ

വൃശ്ചികത്തിലെ വെളുത്ത പ്രതിപദം മുതല്‍ മകരത്തിലെ കറുത്തവാവ് വരെയാണ് ഹേമന്തം. ഉത്തരാര്‍ദ്ധഗോളത്തിലെ പ്രദേശങ്ങളില്‍ സൂര്യബലം, കാറ്റ് എന്നിവ കുറയും. ചന്ദ്രശക്തി വര്‍ദ്ധിക്കുന്നതിനാല്‍ സസ്യങ്ങളില്‍ ഔഷധശക്തി വര്‍ദ്ധിക്കും. ശരീരത്തില്‍ വാതബലം കുറഞ്ഞ് കോപിക്കും. അത്തരം ഘട്ടത്തില്‍ നെയ്യും അമ്ലലവണരസങ്ങള്‍ ഉള്ള ദ്രവ്യങ്ങളും കൊഴുപ്പുള്ള മത്സ്യങ്ങളും ആനുപ് ദേശത്തെ ജീവികളുടെ മാംസങ്ങളും ഉപയോഗിക്കണം. പാല്‍ കുറുക്കി പഞ്ചസാര ചേര്‍ത്ത് കുടിക്കാം. കുത്തരി കൊണ്ട് ഉണ്ടാക്കിയ ചോറ് തിന്നാം. വെണ്ണ കഴിക്കാം.

ദുര്‍മേദസ്സ് ഉള്ളവരോ വാതബലം കുറഞ്ഞവരോ ആണെങ്കില്‍ മധുരദ്രവ്യങ്ങള്‍ കുറയ്ക്കണം. എരിവുരസമുള്ള ദ്രവ്യങ്ങള്‍ ഉപയോഗിക്കാം. ചര്‍മ്മത്തില്‍ വെളിച്ചെണ്ണ തേച്ച് തിരുമ്മി ചൂടുജലത്തില്‍ കുളിക്കണം. ശീതകാലത്ത് ജലം അധികം കുടിക്കരുത്. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ വസ്ത്രം ധരിക്കണം.

ശിശിരചര്യ

മകരത്തിലെ വെളുത്ത പ്രതിപദം മുതല്‍ മീനത്തിലെ കറുത്തവാവ് വരെയാണ് ശിശിരം. ശിശിരത്തില്‍ നെല്ലി, കൊന്ന, റബ്ബര്‍‍, താന്നി തുടങ്ങിയ ചിലയിനം മരങ്ങളില്‍ നിന്ന് ഇലകള്‍ പൊഴിയും. സസ്യങ്ങളുടെ ആഹാരാവശ്യം കുറഞ്ഞതുമൂലമോ ഇലകളുടെ ധര്‍മ്മം ക്ഷയിച്ചതുമൂലമോ ആണ് ഇലകള്‍ കൊഴിയുന്നത്. ശിശിരത്തില്‍ ഗന്ധക മഴ പെയ്താല്‍ സസ്യങ്ങള്‍ നശിക്കും. ചില സ്ഥലങ്ങളില്‍ ആലിപ്പഴം വര്‍ഷിക്കും.

ചന്ദ്രബലം വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ വാതബലം ക്ഷയിക്കും. സ്തംഭിക്കും. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. വാതബലം കുറഞ്ഞ് സ്തംഭിച്ച ഘട്ടത്തില്‍ കയ്പ്പ്, ചവര്‍പ്പ്, എരിവ് രസങ്ങള്‍ അടങ്ങിയ ആഹാരങ്ങളെ ഉപയോഗപ്പെടുത്തണം. വാതബലം കുറഞ്ഞ്‌ കോപിച്ച ഘട്ടത്തില്‍ ചലനം വര്‍ദ്ധിക്കും. അപസ്മാരം, വിറയല്‍, തലവേദന, ആസ്തമ എന്നിവ അനുഭവപ്പെടും. ഈ ഘട്ടത്തില്‍ താല്‍ക്കാലികമായി മധുരദ്രവ്യങ്ങള്‍ കഴിക്കണം. ഇക്കൂട്ടര്‍ എരിവുദ്രവ്യങ്ങള്‍ പതിവായി കുറച്ചുനാള്‍ ഉപയോഗിക്കുകയും ചെയ്യണം.

ഹേമന്തത്തില്‍ അനുഭവപ്പെട്ടുപോന്ന വാതവേദനയുടെ തീവ്രത ശിശിരത്തില്‍ വാതബലം സ്തംഭിക്കുന്നത് മൂലം കുറയും. ദേഹത്തിന് പുറത്ത് തണുപ്പും അകത്ത് ചൂടും അധികരിക്കുന്നതുമൂലം ആന്തരികഅവയവങ്ങള്‍ ക്ഷീണിക്കും. ആന്തരികഭിത്തികളും ചര്‍മ്മവും വിണ്ടുകീറാന്‍ ഇടവരും. ഉഷ്ണദേഹപ്രകൃതിക്കാരില്‍ ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളില്‍ വ്രണങ്ങള്‍ ഉടലെടുക്കും. അതിനാല്‍ ശീതകാലത്ത് രാവിലെ ആഹാരം കഴിക്കാതെ ഇരിക്കരുത്.

ഹേമന്തകാലത്തിന്‍റെ അന്ത്യത്തിലും ശിശിരത്തിന്‍റെ ആരംഭത്തിലും ദേഹത്തില്‍ ജലത്തിന്‍റെ തോത് വര്‍ദ്ധിക്കും അതുമൂലം ദേഹത്തില്‍ ബലം അനുഭവപ്പെട്ടുകിട്ടും. ശീതകാലത്ത് ശരീരത്തിന് പുറത്ത്  തണുപ്പ് കൂടുമെങ്കിലും അകത്ത് അഗ്നി കൂടും. ദഹനശക്തി വര്‍ദ്ധിക്കും. ആന്തരികചൂട് അധികമാകുന്ന ഘട്ടത്തില്‍ ആഹാരം കഴിക്കാതിരുന്നാല്‍, അതോടൊപ്പം വിഷഘടകങ്ങള്‍ അധികരിച്ചാല്‍‍, പ്രാണവായു കുറഞ്ഞാല്‍, ദേഹത്തില്‍ വീക്കം ഉടലെടുക്കും. ദുര്‍നീര്‍ വര്‍ദ്ധിക്കും, ക്ഷയിക്കും. ക്ഷയിച്ച ഭാഗത്തുക്കൂടെ വായു വേഗത്തില്‍ സഞ്ചരിച്ചാല്‍ വിറയല്‍, വേദന എന്നിവ അനുഭവപ്പെടും.

പകല്‍ സമയത്ത് അന്തരീക്ഷവായു ചൂടായാല്‍ ദേഹതാപം ഉയരും. രാത്രി സമയത്ത് ഉഷ്ണദേഹപ്രകൃതിക്കാരില്‍ ആനുപാതികമായി ദേഹതാപം കുറയുകയില്ല. അത്തരം ഘട്ടത്തില്‍ ഉഷ്ണദേഹപ്രകൃതിക്കാര്‍ ഉപ്പ് അധികം അളവില്‍ ഉപയോഗിക്കരുത്. അരച്ചുണ്ടാക്കിയ വിഭവങ്ങള്‍, പഴക്കം അധികം ഇല്ലാത്ത ധാന്യങ്ങള്‍, ഉഴുന്ന്, എള്ള്, മാംസം എന്നിവയെ ഉപയോഗിക്കാം.

ശിശിരത്തില്‍ ശീതദേഹപ്രകൃതിക്കാര്‍ക്ക് ചര്‍മ്മത്തില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടും. രാത്രിയില്‍ ഉറച്ചുപോയ കഫം പകല്‍ സമയങ്ങളില്‍ ഉരുകും. അതിനാല്‍ കഫപ്രകൃതിക്കാര്‍ വെയില്‍ അധികം കൊള്ളരുത്. പകല്‍ സമയത്തെ ആഹാരത്തില്‍ ഉപ്പ് അധികം ചേര്‍ക്കരുത്. രസായനം, മാംസസൂപ്പ് എന്നിവ രാത്രിയില്‍ കഴിക്കാം. ചര്‍മ്മത്തില്‍ എണ്ണ പുരട്ടണം. വ്യായാമം, മസാജ് എന്നിവ ഹിതകരമാണ്.

ഗ്രീഷ്മത്തില്‍ വിയര്‍പ്പ് അധികരിച്ചും വര്‍ഷത്തില്‍ മൂത്രം അധികരിച്ചും ജലം കുറയുന്നതിനാല്‍ ദേഹബലം വളരെ കുറയും. വസന്തം, ശരത്, ഹേമന്തം എന്നീ ഋതുക്കളില്‍ ബലം മദ്ധ്യമം ആകും. ശിശിരത്തിലാണ് ദേഹബലം ഏറ്റവും കുടുതല്‍ വര്‍ദ്ധിച്ചുകിട്ടുന്നത്. ദുര്‍മേദസ്സ് ഉള്ളവര്‍ വര്‍ഷത്തില്‍ എന്നപോലെ ശിശിരത്തിലും വ്രതം അനുഷ്ഠിക്കണം.

ദേഹപ്രകൃതി, പ്രായം, രോഗാവസ്ഥകള്‍, സാഹചര്യങ്ങള്‍, ഋതുക്കള്‍ എന്നിവയ്ക്ക് അനുസൃതമായി ജീവിക്കണം. ശുഭകാലം നോക്കി പരിശ്രമിക്കണം. അശുഭകാലത്ത് വിശ്രമിക്കണം. ഋതുകാലം നോക്കിയും പക്കം നോക്കിയും  ആഹരിക്കണം. ഋതു അന്ത്യത്തില്‍ ശോധിപ്പിക്കണം. രോഗകാരണങ്ങള്‍ക്ക് വിപരീതമെന്നോണം പഥ്യം പാലിക്കണം. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് യുക്തിസഹജമായ മരുന്ന് കഴിക്കണം. ഏത് ദേശത്ത്‌ ചെന്നാലും ദേഹപ്രകൃതിക്കും കാലപ്രകൃതിക്കും ഹിതമായ ആഹാരങ്ങള്‍ക്ക് തന്നെ മുന്‍ഗണന നല്‍കണം. ഋതുചര്യയാണ് രോഗപ്രതിരോധം.

No comments:

Post a Comment