ജീവശക്തി, മനസ്സ്, ഇന്ദ്രിയങ്ങള്‍ തുടങ്ങിയ സൂക്ഷ്മഘടകങ്ങളെയും ശരീരത്തിലെ സൂക്ഷ്മഭാഗത്തെയും ദോഷകരമായി ബാധിച്ച് മൃദുരോഗങ്ങള്‍ക്ക് കാരണമാക്കുന്ന ശക്തികളെ മയാസം എന്ന് വിശേഷിപ്പിച്ചത് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹാനിമാന്‍ ആണ്.
ദേഹബലങ്ങളേയും ദോഷശക്തികളേയും സൂചിപ്പിക്കാന്‍ ഭാരതീയ ആചാര്യന്‍മാര്‍ വാതം, പിത്തം, കഫം എന്നീ ഒരേയിനം നാമങ്ങള്‍ വളരെ പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. വാതം, പിത്തം, കഫം എന്നീ പേരുകള്‍ എന്നപോലെ ദോഷശക്തികളെ സാമുവല്‍ ഹാനിമാന്‍ സോറ, സിഫിലിസ്, സൈക്കോസിസ് എന്ന്
വിശേഷിപ്പിച്ചു.
മനുഷ്യന്‍റെ ഉല്‍പത്തി മുതലുള്ള ഒരു ദോഷശക്തീ വിശേഷം ഓരോ മനുഷ്യനിലും ജനിതകമായി നിലകൊള്ളുന്നുണ്ട് എന്നൊരു വിശ്വാസം പണ്ടേ നിലവിലുണ്ട്. അതിനെ ചിലര്‍ അഹന്ത എന്ന് വിളിച്ചു. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോന്നപ്പോള്‍ ദോഷശക്തീ വിശേഷത്തിനും പരിണാമം സംഭവിച്ചു. ദോഷത്തിന് അവാന്തരവിഭാഗങ്ങള്‍ ഉണ്ടായി. അതില്‍ ചിലത് നശിച്ചു ഇല്ലാതായി. സോറ, സിഫിലിസ്, സൈക്കോസിസ് എന്നിവ ആധുനികകാലത്തെ ദോഷങ്ങളാണ്. ഇവയ്ക്ക് യഥാക്രമം 17000, 13000, 6000 കൊല്ലത്തെ പഴക്കം മാത്രമാണുള്ളത് എന്നൊരു വാദവും ഉണ്ട്.
ജന്മനാ ശരീരത്തില്‍ നിലകൊള്ളുന്ന ദോഷങ്ങള്‍ കൂടാതെ ആര്‍ജിതമായി രൂപപ്പെടുന്ന ദോഷങ്ങളുമുണ്ട്. പ്രായം വര്‍ദ്ധിക്കുന്തോറും ഇവ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. മയാസങ്ങളെ അടക്കി ഒതുക്കി നിര്‍ത്തുന്നത് ജീവശക്തിയാണ്. മയാസം സുഷുപ്താവസ്ഥയില്‍ നിലകൊള്ളുമ്പോള്‍ ആരോഗ്യവും, സജീവമാകുമ്പോള്‍ ധാതുക്രമം, ശരീരപ്രവര്‍ത്തനങ്ങള്‍ എന്നിവ തകരാറിലായി മലങ്ങള്‍ വര്‍ദ്ധിച്ച്, രോഗവും അനുഭവപ്പെടും. മലങ്ങള്‍ ഏത് ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത് അതനുസരിച്ച് ആയിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രായം വര്‍ദ്ധിക്കുന്തോറും ശരീരത്തില്‍ അടിഞ്ഞുകൂടിയ മലങ്ങളില്‍ പരിണാമം നടക്കും. അന്തരീക്ഷം വഴിയുള്ള മാലിന്യങ്ങള്‍ ശരീരത്തില്‍ വര്‍ദ്ധിച്ചാല്‍ പ്രതികരണഫലമായി ആദ്യം തൊണ്ടയിലും നെഞ്ചിലും കഫമലം അധികരിക്കും. കഫത്തെ അലിയിപ്പിക്കാനും ചാലുകളെ ശുദ്ധിയാക്കാനും വേണ്ടി ജീവശക്തി ശരീരോഷ്മാവിനെ ഉയര്‍ത്തും. ചുമയെ സൃഷ്ടിക്കും. കഫത്തെ നെഞ്ചില്‍ നിന്ന് പുറംതള്ളുന്നതോ ശ്വാസനാളിയെ വികസിപ്പിച്ച് ശ്വസനം സുഗമമാക്കുന്നതോ ആയ പ്രക്രിയയാണ് ചുമ. കഫമലം ശ്വാസനാളിയിലൂടെയോ കുടല്‍ വഴിയോ പുറത്ത് പോകുന്നത് തടസ്സപ്പെട്ടാല്‍ ചര്‍മ്മത്തിലൂടെ വിസര്‍ജിപ്പിക്കും. അഞ്ചാംപനിയിലേത് പോലെയുള്ള തടിപ്പുകളെ രൂപപ്പെടുത്തും. വാതകരൂപത്തില്‍ എത്തിയ മാലിന്യങ്ങളെ പുറംതള്ളാനുള്ള ശേഷി ജീവശക്തിക്ക് നഷ്ടപ്പെട്ടാല്‍, അവ ശരീരത്തില്‍ കിടന്ന് പഴകിയാല്‍, കാലക്രമത്തില്‍ ദ്രാവക, ഖര മാലിന്യങ്ങളായി, വിഷമായി, ആര്‍ജിതദോഷങ്ങളായി
പരിണമിക്കും.
വാതകമാലിന്യങ്ങളെയാണ് ആദ്യകാലങ്ങളില്‍ മയാസം എന്ന് വിളിച്ചുപോന്നിരുന്നത്. Miasma എന്നാല്‍ അന്തരീക്ഷമാലിന്യം, ദുര്‍ഗന്ധവാതകം എന്നെല്ലാമായിരുന്നു അര്‍ത്ഥം. മയാസങ്ങള്‍ സജീവമായാല്‍ ജീവശക്തി ക്ഷീണിക്കും. ആദ്യഘട്ടത്തില്‍ മനോധാതു ദുര്‍ബലപ്പെടുന്നതുമൂലം യുക്തിയുടെ ആസ്ഥാനമായ ബോധമനസ്സില്‍ വികാരപ്രയാസങ്ങളും വിചാരപ്രയാസങ്ങളും അനുഭവപ്പെടും. മനസ്സിന്‍റെ സ്വാതികഗുണങ്ങള്‍ കുറയും. ഓര്‍മ്മയുടെ ആസ്ഥാനമായ ഉപബോധമനസ്സില്‍ ആഗ്രഹങ്ങള്‍ ജനിക്കും. ഭയം, മോഹം, കോപം, ദ്രോഹചിന്ത, വെറുപ്പ് തുടങ്ങിയ മനോമലങ്ങള്‍ വര്‍ദ്ധിക്കും. തുടര്‍ന്ന് ദേഹധാതുക്കളുടെ പ്രവര്‍ത്തനങ്ങളും തകരാറിലാകും.
ദേഹഭാഗങ്ങളെ ആധാരമാക്കി ബലങ്ങളെ ഊഹിക്കുന്ന രീതി ഭാരതിയചികിത്സാവിഭാഗത്തില്‍ നിലവിലുണ്ട്. ശിരസ്സും കഴുത്തും നെഞ്ചും കുടലും കഫബലത്തിന്‍റെ സ്ഥാനമാണ്. കഫബലത്തെ ക്ഷയിപ്പിക്കുന്ന മയാസം ഏകദേശം സോറദോഷമാണ്. ഉദരം ആണ് പിത്തബലത്തിന്‍റെ സ്ഥാനം. കരള്‍, പ്ലീഹ, അസ്ഥി, രക്തം എന്നീ ഭാഗങ്ങളെ ബാധിക്കുന്നത് സിഫിലിസ് മയാസമാണ്. അടിവയര്‍, കൈകാലുകള്‍ എന്നിവയാണ് വാതബലത്തിന്‍റെ കേന്ദ്രം. ഇവയെ ദുര്‍ബലപ്പെടുത്തുന്ന ദോഷമാണ് സൈക്കോസിസ്.
മയാസങ്ങളില്‍ പ്രമുഖന്‍ സോറയാണ്. ഈ ദോഷത്തിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമേ സിഫിലിസ്, സൈക്കോസിസ് എന്നീ മയാസങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നശീകരണസ്വഭാവം കൂടുതല്‍ സിഫിലിസ് ദോഷത്തിനും, കുറവ് സൈക്കോസിസ് ദോഷത്തിനും ആണ്. ആര്‍ജിത സോറ ചര്‍മ്മത്തിലൂടെയും, മേലഭാഗത്തുള്ള ദ്വാരങ്ങളിലൂടെയും; ആര്‍ജിത സിഫിലിസ്, ആര്‍ജിത സൈക്കോസിസ് എന്നീ ദോഷങ്ങള്‍ കീഴ്ഭാഗ ദ്വാരങ്ങളിലൂടെയും പ്രത്യേകമായി ദേഹത്തില്‍ എത്തിച്ചേരും. ദോഷങ്ങളെ സംബന്ധിച്ച് ഇതിലും വലിയ അര്‍ഥങ്ങളാണ് ഹാനിമാന്‍
സങ്കല്‍പ്പിച്ചത്.
ജന്തുവര്‍ഗ്ഗങ്ങള്‍ക്കുള്ള അത്ര വികസിതമായ ജീവശക്തിയും മനസ്സും സസ്യങ്ങള്‍ക്ക് ഇല്ല. മനുഷ്യന് വളരെ മുന്പേ തന്നെ സസ്യവര്‍ഗ്ഗം രൂപം കൊണ്ടിരുന്നതിനാല്‍ സസ്യങ്ങളില്‍ വികസിതമായ അഹന്തയും ഇല്ല. അഹന്തയുടെ പരിണാമരൂപങ്ങളായ മയാസങ്ങള്‍ സസ്യങ്ങളെ അധിക തോതില്‍ ബാധിക്കുകയില്ല. അതിനാല്‍ സസ്യാഹാരങ്ങള്‍ വഴി മയാസങ്ങള്‍ മനുഷ്യശരീരത്തില്‍ എത്തുകയില്ല. സസ്യങ്ങളില്‍ ചേര്‍ക്കപ്പെട്ട കളനാശിനികളും കീടനാശിനികളും ദേഹത്തില്‍ എത്തിയാല്‍ ആര്‍ജിത മയാസങ്ങളായി പരിണമിക്കും. ഇവ ജീവശക്തിയെ വേഗത്തില്‍ ദുര്‍ബലമാക്കും. മരുന്നുകളെ പ്രതിരോധിക്കും. മൃദുരോഗങ്ങളെ തീവ്രമാക്കും.
സോറ
ഗ്രീക്ക് ഭാഷയില്‍ Psora എന്നാല്‍ ചൊറിച്ചില്‍ എന്നാണര്‍ത്ഥം. ഹീബ്രു ഭാഷയില്‍ Tsorat എന്ന പദത്തിന് പോരായ്മ, വിടവ്, പാപം, കുറ്റം എന്നെല്ലാം അര്‍ത്ഥമുണ്ട്. ജീവശക്തിയെ സൂക്ഷ്മതലത്തില്‍ വെച്ച് നേരിട്ട് തന്നെ ബാധിക്കാന്‍ കെല്‍പ്പുള്ള സൂക്ഷ്മ ദോഷശക്തി ആയാണ് സാമുവല്‍ ഹാനിമാന്‍ സോറയെ വിഭാവനം ചെയ്തത്. ഇത് മനോധാതുവിനെ ബാധിച്ചാല്‍ ഇച്ഛാശക്തി, ബുദ്ധിശക്തി, സ്വാതികഗുണങ്ങള്‍ എന്നിവ കുറയും. അത്യാഗ്രഹം വിഷാദം എന്നിവ വര്‍ദ്ധിക്കും. ഉഷ്ണദേഹപ്രകൃതിക്കാരില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ശീതദേഹപ്രകൃതിക്കാരില്‍ ചൊറിച്ചിലിന്‍റെ കാഠിന്യം താരതമ്യേനെ കുറവായിരിക്കും.
കാറ്റ്, മഴ, മഞ്ഞ്, വെയില്‍ എന്നിവ അധികരിച്ചാല്‍ ഉറങ്ങിക്കിടന്ന സോറ സജീവമാകും. ഇതുമൂലം ചലനം വര്‍ദ്ധിച്ച ലക്ഷണങ്ങളോ കഫക്ഷയ ലക്ഷണങ്ങളോ അനുഭവപ്പെടും. ചലനം കൂടിയാല്‍ വായു ഓടി കളിക്കും. വിറയല്‍, വേദന, പരുപരുപ്പ് എന്നിവ പ്രകടമാകും. മുഖം, മൂക്ക് എന്നിവ വരളും. വരള്‍ച്ച മൂലം രസധാതു കുറഞ്ഞാല്‍ തലകറക്കം, തളര്‍ച്ച എന്നിവ അനുഭവപ്പെടും.
കഫം, രസധാതു എന്നിവ ക്ഷയിക്കുകയും ചൂട് കൂടുകയും ദേഹവരള്‍ച്ച തീവ്രമാകുകയും ചെയ്താല്‍ രക്തസ്രാവലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. സോറദോഷം മൂലമുള്ള പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നത് പൊതുവേ രാവിലെ സമയങ്ങളിലാണ്. സോറ, സൈക്കോസിസ് എന്നീ ദോഷങ്ങള്‍ ഒരേസമയം ബാധിച്ചാല്‍ ബീജങ്ങള്‍ വികൃതമാകും. തമസ് ഗുണക്കാരായ സന്താനങ്ങളുടെ ജന്‍മത്തിന് അത് ഇടവരുത്തും.
മനോരോഗങ്ങളില്‍ തൊണ്ണൂറ് ശതമാനവും സോറദോഷം മൂലം രൂപംകൊള്ളുന്നവയാണ്. സ്വാതികഗുണം ഉള്ളവരെ സോറ ബാധിച്ചാല്‍ ദുഃഖം, ആധി എന്നിവ അനുഭവപ്പെടും. നിര്‍ദ്ദേശിക്കുക, ആശ്വസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ പ്രയോഗങ്ങള്‍ വഴി സോറദോഷത്തെ കുറച്ചൊക്കെ ദുര്‍ബലമാക്കാനാകും.
ശുദ്ധി പുലര്‍ത്തിയാല്‍ സോറദോഷം അടങ്ങും. കഫബലം കുറഞ്ഞാല്‍ കഫ പ്രധാനമായ ആഹാരങ്ങള്‍ കഴിക്കണം. ശീതഗുണമുള്ള എണ്ണ (വെളിച്ചെണ്ണ) ദേഹത്തില്‍ പുരട്ടണം. വിറയല്‍, അപസ്മാരം, വലിവ് എന്നിവ തീവ്രമായ സന്ദര്‍ഭത്തില്‍ ആഹാരത്തില്‍ എരിവ് അടങ്ങിയ ദ്രവ്യങ്ങള്‍ ഒഴിവാക്കണം. ചലനം കുറയ്ക്കുന്നതിന് ഉഴുന്ന്, നെയ്യ്, പൊരിച്ച കായം, അന്നജദ്രവ്യങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സോറമയാസത്തെ നിര്‍വീര്യമാക്കാനായി കൈപ്പ്, ചവര്‍പ്പ്, എരിവ് ഇനത്തില്‍ ഉള്‍പ്പെട്ടതും ലക്ഷണസമാനവുമായ ഔഷധത്തെ സൂക്ഷ്മ അളവില്‍ പ്രയോജനപ്പെടുത്തണം.
സിഫിലിസ്
സോറ ഇതര ദോഷങ്ങള്‍ താരതമ്യേനെ സ്ഥൂലങ്ങളാണ്. സിഫിലിസ് മയാസം സജീവമായാല്‍ ഹിംസ, കോപം തുടങ്ങിയ മനോലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇന്ദ്രിയരോഗങ്ങള്‍, നാഡീരോഗങ്ങള്‍, അസ്ഥിവേദന, ഗ്രന്ഥിവീക്കം, ഉയര്‍ന്ന ശരീരോഷ്മാവ്, പോളം, വ്രണം എന്നിവ ഉടലെടുക്കും. പ്രയാസങ്ങള്‍ പൊതുവേ രാത്രിസമയങ്ങളില്‍ വര്‍ദ്ധിക്കും. ജന്‍മനാ തന്നെ ഇത് ബാധിച്ച കുട്ടികളില്‍ ശിരസ്സിന് വലുപ്പം കൂടുതലായി കാണപ്പെടും. സിഫിലിസ് ദോഷത്തെ അമര്‍ച്ച ചെയ്യാന്‍ എരിവ്, ഉപ്പ്, പുളി ഇനത്തില്‍പ്പെട്ട ലക്ഷണസമാന മരുന്ന് സൂക്ഷ്മ അളവില്‍ ഉപയോഗപ്പെടുത്തണം.
സൈക്കോസിസ്
ധ്രുവദേശത്തും ആനൂപ്ദേശത്തും വസിക്കുന്നവരെ കൂടുതലായി ബാധിക്കുന്ന മയാസമാണ് സൈക്കോസിസ്. ഇത് മനസ്സിനെ ബാധിക്കുമ്പോള്‍ അലസത, വിഡ്ഢിത്തം, സംശയം എന്നിവ വര്‍ദ്ധിക്കും. സ്വാതികം, രജസ് എന്നീ ഗുണങ്ങള്‍ കുറയും. തമസ് ഗുണം കൂടും. ദേഹത്തെ ബാധിക്കുമ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തനം സാവധാനത്തിലാകും. പേശികള്‍ ക്ഷയിക്കും. കൊഴുപ്പ്ധാതു, കഫം എന്നിവയുടെ തോത്
ദേഹത്തില്‍ കൂടും.
കഫം വര്‍ദ്ധിച്ച് സ്തംഭിച്ചാല്‍ തരിപ്പ് അനുഭവപ്പെടും. ചൂട് കുറയും. ചലനം കുറയും. മലബന്ധം, ഊരുസ്തംഭം, സ്തംഭവാതം, മൂത്രകല്ല്, അമിതവണ്ണം, അതിരക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ വര്‍ദ്ധന, വൃക്കസ്തംഭനം, ഹൃദയസ്തംഭനം, അര്‍ബ്ബുദം, പ്രമേഹം, സിരകളിലെ വീക്കം, അസ്ഥിസ്രാവം, കഫകെട്ട്, നീര്‍കെട്ട്, അതിവിയര്‍പ്പ്, കുരുക്കള്‍ എന്നിവയെല്ലാം സൈക്കോസിസ് ദോഷത്തിന്‍റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടും. ചിലരില്‍ വിയര്‍പ്പിന് മത്സ്യത്തിന്‍റെ ഗന്ധം അനുഭവപ്പെടും. ഇത് വാതബലത്തെ ക്ഷയിപ്പിക്കും. അതുമൂലം മറ്റ് ബലങ്ങള്‍ സജീവമാകും. പ്രയാസങ്ങള്‍ ശീതഋതുവിലും ഉച്ചയ്ക്ക് മൂന്നുമണിക്ക് ശേഷവും വര്‍ദ്ധിക്കും.
മധുരം, ഉപ്പ്, പുളി ഇനത്തില്‍പ്പെട്ട ലക്ഷണസമാനഔഷധം സൂക്ഷ്മഅളവില്‍ പ്രയോജനപ്പെടുത്തണം. കഫസ്തംഭനത്തില്‍ വെളിച്ചെണ്ണ ചൂടാക്കി പുരട്ടിയോ പുതപ്പിച്ചോ ആവി ഏല്‍പ്പിച്ചോ വിയര്‍പ്പിക്കണം. മെലിഞ്ഞവര്‍ ആണെങ്കില്‍ മധുരം, ഉപ്പ് എന്നീ രസങ്ങള്‍ അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ ഉപയോഗപ്പെടുത്തണം.
മയാസങ്ങള്‍ അതിസുക്ഷ്മങ്ങളാണ്. അവ ആദ്യം ബാധിക്കുന്നത് ജീവശക്തിയെയും മനോധാതുവിനെയും ആണ്. ചികിത്സയുടെ ലക്ഷ്യം വ്യാധിവിപരീതവും മയാസവിപരീതവും ആണ്. അത് സംഘടിപ്പിക്കുന്നതിന് ജീവശക്തിയുടെ പ്രതികരണശേഷി പ്രയോജനപ്പെടുത്തി ലക്ഷണസമാന ആശയത്തില്‍ മരുന്ന് പ്രയോഗിക്കുന്ന രീതിയാണ് ഹോമിയോപ്പതി.
പ്രതികരണശേഷി കുറഞ്ഞ സന്ദര്‍ഭം ആണെങ്കില്‍ മയാസങ്ങളെ പ്രത്യേകം അടക്കി നിര്‍ത്തുന്നതിന് മയാസവിപരീതം എന്നോണം ലക്ഷണസമാനമരുന്ന് സൂക്ഷ്മരൂപത്തില്‍ ആദ്യമേ പ്രയോഗിക്കണം.
ഒന്നിലേറെ മയാസങ്ങള്‍ ബാധിച്ച ഘട്ടത്തില്‍ സിഫിലിസ്, സൈക്കോസിസ്, സോറ എന്ന ക്രമത്തില്‍ അവയെ നിര്‍വ്വീര്യമാക്കണം. ഇതിനുതകുന്ന പൊതുവായ മരുന്നുകള്‍ കണ്ടെത്തി കരുതിവെയ്ക്കണം. ഇതിന്നായി യഥാക്രമം മെര്‍ക്കുറി, തൂജ, ഗന്ധകം എന്നീ മരുന്നുകളാണ് ഹാനിമാന്‍ നിര്‍ദ്ദേശിച്ചത്.
ചെറുപ്രായത്തില്‍, വര്‍ദ്ധിച്ചുനിലകൊള്ളുന്ന മയാസരോഗങ്ങളെ തിരിച്ചറിഞ്ഞ്, മയാസവിപരീതം എന്നോണം ലക്ഷണസമാന മരുന്ന് പ്രയോഗിക്കുന്നത് ഒരു നിലയില്‍ പ്രതിരോധചികിത്സ കൂടിയാണ്.
ഉറങ്ങി കിടക്കുന്ന മയാസങ്ങളെ പ്രകോപിപ്പിച്ച് രോഗങ്ങള്‍ക്ക് ഇടവരുത്തുന്നതില്‍ അഹിതങ്ങളായ സാഹചര്യം, ദേശം, കാലം എന്നിവ മൂലം രൂപപ്പെട്ട മാലിന്യങ്ങളും മനുഷ്യന്‍റെ പാപകര്‍മ്മങ്ങളും പങ്കുവഹിക്കുന്നുണ്ട്. പ്രതികൂലസാഹചര്യങ്ങളെയും ഘടകങ്ങളെയും തിരിച്ചറിഞ്ഞ് അവയെ ഹിതകരമാക്കി മയാസങ്ങളെ പ്രതിരോധിക്കണം.
മൂക്ക്, വായ, കീഴ്‌ദ്വാരങ്ങള്‍, ചര്‍മ്മ ദ്വാരങ്ങള്‍ എന്നിവ അടക്കമുള്ള ശരീരഭാഗങ്ങളില്‍ ശുദ്ധി പുലര്‍ത്തിയാല്‍ ആര്‍ജിതമയാസങ്ങളെ കുറെയൊക്കെ പ്രതിരോധിക്കാനും അവമൂലം ഉടലെടുക്കാനിടവന്ന പ്രയാസങ്ങളെ കുറച്ചൊക്കെ ലഘൂകരിക്കാനും സാധിക്കും.
പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ മയാസങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത് പോലെ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവ അടങ്ങി നിര്‍ദോഷമായി തീരാന്‍ ഇടയുണ്ട്. അതിനാല്‍ പുണ്യകര്‍മ്മങ്ങള്‍ സങ്കല്‍പ്പിക്കണം. അത് നിരന്തരം ചെയ്യണം. പുണ്യതീര്‍ത്ഥങ്ങളെയും സൂക്ഷ്മങ്ങളായ പുണ്യദ്രവ്യങ്ങളെയും പ്രയോജനപ്പെടുത്തണം.
No comments:
Post a Comment